കനം, വി. ജയദേവ് എഴുതിയ കഥ

By Vaakkulsavam Literary FestFirst Published Feb 15, 2021, 7:02 PM IST
Highlights

വാക്കുല്‍സവത്തില്‍ ഇന്ന് വി ജയദേവ് എഴുതിയ കഥ

ഫിക്ഷന്‍ തോറ്റുപോവുന്ന ഇന്ത്യന്‍ ജീവിതങ്ങളിലേക്ക് മാധ്യമപ്രവര്‍ത്തകനെന്ന ഭാരവുമായി എടുത്തെറിയപ്പെട്ട ഒരെഴുത്തുകാരന്‍ പങ്കുവെയ്ക്കുന്ന അന്തംവിട്ട അനുഭവങ്ങളാണ് വി ജയദേവിന്റെ എഴുത്തുകള്‍. നാമറിയുന്ന അനുഭവങ്ങള്‍. അതിന്റെ ഉള്ളകങ്ങളില്‍ നമുക്ക് സങ്കല്‍പ്പിക്കാനാവാതെ പുകയുന്ന തീ. റിപ്പോര്‍ട്ടുകള്‍ കൊണ്ട് മൂടിവെയ്ക്കാനാവാത്ത അകമുറിവുകളുടെ സിംഫണി. മനുഷ്യര്‍ക്കിടയില്‍ നിരന്തരം ചെന്നുപെടേണ്ട ഒരാള്‍ അതിന്റെ ആളനക്കങ്ങള്‍ക്കൊപ്പം ഉള്ളാലേ അനുഭവിക്കുന്ന അതികഠിനമായ ഏകാന്തതയുടെ കാവല്‍പ്പുരകള്‍.  യുക്തിയുടെ ഒരിഴ കൊണ്ടും വിശദീകരിക്കാനാവാത്ത ഇന്ത്യന്‍ അനുഭവങ്ങളുടെ ഉടല്‍, കവിതയും കഥയും നോവലും കൊണ്ട് തുന്നി വെയ്ക്കുമ്പോഴും, നിരന്തരം ചോരവാര്‍ക്കുന്നത് ജയദേവിനെ വായിക്കുമ്പോള്‍ തൊട്ടറിയാനാവും. 

എളുപ്പപ്പണിയല്ല അത്. സ്വയം തോലുരിയുന്നത് പോലെ വേദനാഭരിതം. ഭാഷയുടെ വാര്‍പ്പുകളില്‍ കുടുക്കിയിട്ടാലും വഴുതുന്ന അനുഭവങ്ങളുടെ കുതറല്‍. ആഖ്യാനത്തിന്റെ തീവണ്ടികളില്‍ ഇരിപ്പുറക്കാത്ത ഉന്‍മാദങ്ങളും ആനന്ദങ്ങളും സങ്കടങ്ങളും വിസ്മയങ്ങളും. വാക്കുമതിയാവില്ല, പച്ചജീവിതങ്ങള്‍ അകമേ വഹിക്കുന്ന ഇരുതലമുനകളെ മെരുക്കിയെടുക്കാന്‍. ഈ പ്രതിസന്ധിയെ മറികടക്കാനുള്ള നിരന്തര ശ്രമങ്ങളാണ്, അനുഭവങ്ങളുടെ പകര്‍പ്പെഴുത്തുകളോ കൗതുകങ്ങളുടെ സമാഹാരമോ ആയൊതുങ്ങുന്നതില്‍നിന്നും ജയദേവിന്റെ കഥകളെ അടര്‍ത്തിമാറ്റുന്നത്. 

Latest Videos

 



 

വൈകുന്നേരം ഈവനിങ് ഷെഡ്യൂള്‍ അയക്കുന്നതിനു തൊട്ടുമുമ്പു ഇടയാടി ഏജന്റ് വിളിച്ചില്ല എങ്കിലേ എന്തെങ്കിലും അത്ഭുതത്തിനു വകയുണ്ടായിരുന്നുള്ളൂ. 

അന്നും ബ്യൂറോ ചീഫിന്റെ ലാന്‍ഡ് ലൈനില്‍ കൃത്യ സമയത്തു മണി മുഴങ്ങി. എടയാടിയാണ് ഏട്ടാ.. കൃത്യം വാക്കുകളാണ്. ഒരു രണ്ടിഞ്ച് ചരമംണ്ട്, ഒന്ന് നേരത്തേ കണക്കിപ്പെട്ത്യക്ക്. ബാലഗോപാല്‍ ചോദിച്ചു: എന്താടോ. ഇതും പതിവ് പോലെ വൈകോ?

ഇല്ലേട്ടാ.. കൊറച്ച് ദുരേണ്. ഒരു ട്രഷറി മുന്‍ ഉദ്യോഗസ്ഥനാണ്. ഫോണില് നോക്ക്ംണ്ട്. വൈകൂലാ. മാവ് വെട്ടണേന്റ മണം വെരണിണ്ട്. എടയാടിക്ക് ഏതു മരണവും ഒരു സാധാരണ വാര്‍ത്ത പോലെ പതിവുകള്‍ മാത്രമാണ്. 

എടയാടി ഏജന്റ് കുഞ്ഞിക്കണാരാട്ടന്‍ അറിയാതെ എടയാടിയില്‍ ഒരു മാവും വെട്ടിപ്പോവാറില്ല. ഒരു റീത്തും വാടിപ്പോകാറുമില്ല. അതുകൊണ്ട് ബാലഗോപാലിനും പ്രത്യേകിച്ച് ഒന്നും തോന്നിയതുമില്ല. മരണ വാര്‍ത്ത ഏജന്റ് തന്നെ വിളിച്ചുപറയണമെന്നു നിര്‍ബന്ധമാക്കിയതില്‍ പിന്നെയാണ്. എടയാടിക്ക് തെല്ലും പിഴയ്ക്കില്ല.

വൈകുന്നേരത്തെ വാര്‍ത്താപ്പട്ടിക തയാറാക്കുന്നതിനു മുമ്പ് സ്ഥലം റിസര്‍വ് ചെയ്യാനുള്ള ഒരു ഏര്‍പ്പാടൊക്കെ ഉണ്ടായിരുന്നു മുമ്പ്. അതിന്റെ ബാക്കി നില്‍ക്കുന്ന ഏര്‍പ്പാടുകളാണ് ഇതൊക്കെ. എന്നും ആ സമയത്ത് എടയാടി വിളിക്കും. കൃത്യം കണക്കാണു സ്ഥലത്തിന്. രണ്ടിഞ്ച് മരണം, നാലിഞ്ച് പിടിച്ചുപറി. കൊലപാതകം വല്ലതുമാണെങ്കില്‍ കുറച്ചുകൂടും. എന്നാല്‍ കുരുത്തത്തിന് എടയാടിയില്‍ ഇതുവരെ അതുണ്ടായിട്ടില്ല. 

പത്തുമണിക്കു ബ്യൂറോ അടക്കുന്നതിനു തൊട്ടുമുമ്പേ വിളിയുണ്ടാവൂ. അന്നും അതുപോലെത്തന്നെയായിരുന്നു. എടയാടിയാണ് ഏട്ടാ. പറയട്ടെ, നോട്ടാക്വോ ?

പറ.

എടയാടി രണ്ടു കുത്ത്. പത്രത്തില്‍ അച്ചു നിരത്തുന്ന അതുപോലെയാണു ഫോണിലൂടെ വാര്‍ത്ത വായന. അന്നൊക്കെ സ്ഥലപ്പേര് കഴിഞ്ഞാല്‍ ഒരു കോളന്‍ അഥവാ ഭിത്തിക ഇടണമെന്നൊക്കെ നിര്‍ബന്ധമുണ്ടായിരുന്നു. വാര്‍ത്തയ്ക്കു ശേഷം വരയും കുറിയും. അതെല്ലാം പാലിച്ചേ കുഞ്ഞിക്കണാരാട്ടന്‍ പറയുകയുമുള്ളൂ. 

എടയാടി രണ്ടു കുത്ത്. എഴുത്തുകാരനും ട്രഷറി മുന്‍ ജീവനക്കാരനുമായ മുപ്പത്തടം കുന്നേല്‍ എല്‍ദോ ഔത അന്തരിച്ചു. എണ്‍പത്തിയാറു വയസായിരുന്നു. പത്തോളം അപസര്‍പ്പക നോവലുകള്‍ രചിച്ചിരുന്നു. അവിവാഹിതനാണ്. എട്ടു മക്കളുണ്ട്. അടക്കം മുപ്പത്തടം പള്ളി സെമിത്തേരിയില്‍. ദിനോസറിന്റെ കുട്ടി, മേഘമരണദുത്, എലിയന്തോറയിലെ കൂട്ടമരണം, വില്ലടിച്ചാന്‍ പാട്ടിന്റെ മണം തുടങ്ങിയവയാണു പ്രധാന കൃതികള്‍. എല്‍ദോ ഔതയുടെ മരണം അപസര്‍പ്പകസാഹിത്യത്തിനു നികത്താനാവാത്ത വിടവാണെന്നു മുപ്പത്തടം പഞ്ചായത്ത് അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. വരേം കുറീം. 

ഏട്ടാ, പിന്നെന്തൊക്ക ? വാര്‍ത്ത വിളിച്ചുപറഞ്ഞുകഴിഞ്ഞാല്‍ എടയാടിയുടെ സ്ഥിരം കുശലാന്വേഷണമാണ്. അതിന് മറുപടിയൊന്നും പ്രതീക്ഷിക്കുന്നില്ല. എന്തു പറഞ്ഞാലും ഒന്നും പറഞ്ഞില്ലെങ്കിലും, എന്നാ ചിയേസേട്ടാ.. എന്ന ഒച്ചയോടെ ഫോണ്‍ കട്ടാവും.

ബാലഗോപാല്‍ അപ്പോള്‍ വന്ന ചരമ വാര്‍ത്തയിലേക്കു നോക്കി. അതില്‍ കാര്യമായി എഡിറ്റ് ചെയ്യാനൊന്നുമില്ല. രണ്ടുവര വരച്ച് ടെലിപ്രിന്റര്‍ റൂമിലേക്ക് കൊടുക്കുകയേ വേണ്ടൂ. ടെലിപ്രിന്റര്‍ ഓപ്പറേറ്റര്‍ ഫിലിപ്പാട്ടന് അത് ഒരു സെക്കന്‍ഡിന്റെ വിരലോട്ടം മാത്രമേയുണ്ടായിരുന്നുള്ളൂ.

ഓഫിസ് പൂട്ടാന്നേരം ഫിലിപ്പാട്ടന്‍ പറഞ്ഞു. അങ്ങന എല്‍ദോ ഔത പോയി. ഇനിയാരേണ് വായിച്ച് പേടിക്കാന്ള്ളത്. 

ഭയങ്കര പേടിപ്പിക്കാലാര്‌ന്നോ ? 

പിന്നല്ല്‌തെ. മുള്ളിമുള്ളി രാത്രി വെളുത്തോവും.

ബാലഗോപാല്‍ വിചാരിച്ചു. എല്‍ദോയെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല.

 

.............................

Read more: വി. ജയദേവ് എഴുതിയ കഥ, അനിമല്‍ പ്ലാനറ്റ്
.............................

 


2. 

മാദമാതയുടെ മുലകള്‍ക്ക് ഒരു മാടപ്രാവിന്റെ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അതിന്റെ മുലഞെട്ടുകള്‍ വെടിയുണ്ട നിറഞ്ഞു വലിഞ്ഞുമുറുകി നില്‍ക്കുന്ന ഒരു കാഞ്ചിയെ ഓര്‍മിപ്പിച്ചു.

ലോകത്തെ ഏതു രഹസ്യവും ചോര്‍ത്താന്‍ കഴിയുന്ന ഒരാളേ ഉണ്ടായിരുന്നുള്ളൂ. അതു മാദമാതയായിരുന്നു. ഏതു വെള്ളികെട്ടിയ രഹസ്യവും അവളുടെ നഗ്‌നതയ്ക്കു മുന്നില്‍ അഴിഞ്ഞുപോകുമായിരുന്നു. മാദമാത കാഞ്ചി വലിച്ച ലോകയുദ്ധങ്ങളെത്ര. കൊന്നൊടുക്കിയ വിപ്ലവങ്ങളെത്ര. 

പട്ടാള ജനറലുമാര്‍ അവള്‍ക്കു വേണ്ടി കാത്തുകിടന്നു. ഏകാധിപതികള്‍ അവളെ ഓര്‍ത്ത് രാത്രികളെ വെളുപ്പിച്ചു. സ്വേച്ഛാധിപതികള്‍ അവരുടെ രാജ്യങ്ങളിലെ വിപ്ലവകാരികളുടെ തലയറുത്തു സ്വര്‍ണത്തളികകളിലാക്കി അവള്‍ക്കു കാണിക്കവച്ചു.

അവളുടെ ഒരു ഇമയനക്കം മതിയായിരുന്നു പതിനായിരങ്ങള്‍ വെന്തുനീറി മരിക്കാന്‍. മാദമാത ഒന്നു വിയര്‍ത്താല്‍ ലോകത്തിലെ ഏതു രഹസ്യവും അവളുടെ നാവിന്‍തുമ്പിലാവും. അവളെ ഉപയോഗിച്ചു കൊട്ടാരവിപ്ലവങ്ങളില്‍ അധികാരങ്ങള്‍ കടപുഴക്കപ്പെട്ടിരുന്നു. മെഴുകു റിപ്പബ്ലിക്കുകളില്‍ എന്തും കാല്‍ക്കീഴിലാക്കപ്പെട്ടിരുന്നു. 

കേണല്‍ കോണ്‍സ്ലാറ്റിനോ മാദമാതയുടെ മുലക്കണ്ണുകള്‍ക്കു ചുറ്റും കാടുപിടിച്ചുകിടന്ന മുന്തിരിത്തോട്ടങ്ങളിലൂടെ ഉലാത്തുകയായിരുന്നു. വിളഞ്ഞുപഴുത്തു കുലകുലയായിക്കിടക്കുന്ന സമൃദ്ധിയിലൂടെ നാവു ചുഴറ്റിക്കൊണ്ട്. മാദമാതയുടെ ഒരു ഉടലനക്കം മതിയായിരുന്നു കേണല്‍ കോണ്‍സ്ലാറ്റിനോയുടെ ഭാവി നിശ്ചയിക്കപ്പെടുവാന്‍. മാദമാതയുടെ വിരലുകള്‍ കാട്ടുതീ കത്തിച്ചു അയാളുടെ ഓരോ കോശത്തിലും. അയാളുടെ രാജ്യത്ത് അതീവ രഹസ്യമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ആയുധ ഫാക്ടറി സമുച്ചയത്തെപ്പറ്റിയുള്ള ഓരോ ചോദ്യത്തെയും കോണ്‍സ്ലാറ്റിനോ നാവുകൊണ്ടു തഴഞ്ഞു മാറ്റിക്കൊണ്ടിരുന്നു. മാദമാതയുടെ നഖക്കൂര്‍പ്പുകള്‍ കോണ്‍സ്ലാറ്റിനോയുടെ മൂക്കില്‍ നിന്നു ചുണ്ടുകള്‍, കീഴ്ത്താടി വഴി താഴേക്കു ഊര്‍ന്നുകൊണ്ടിരുന്നു. ഓരോ ഇടത്തും കോണ്‍സ്ലാറ്റിനോ ഉമിനീര്‍ കുടിക്കുന്നുണ്ടായിരുന്നു. 

നെഞ്ചില്‍ കാടുപിടിച്ചുകിടക്കുന്ന നരച്ച കാടുകള്‍ക്കിടയിലൂടെ നഖക്കൂര്‍പ്പ് പിന്നെയും താഴേക്കുതിര്‍ന്നു. അവിടെ ഓരോ കോശത്തിലും കോണ്‍സ്ലാറ്റിനോ ഞെരിപിരി അനുഭവിച്ചു. പൊക്കിള്‍ച്ചുഴിയിലെത്തിയ നഖക്കൂര്‍പ്പ് അവിടെ നക്ഷത്രങ്ങള്‍ വിരിയിച്ചുതുടങ്ങിയിരുന്നു. സൂക്ഷിക്കാവുന്ന ഒരു രഹസ്യവും ഇനി പറ്റില്ലെന്നു കോണ്‍സ്ലാറ്റിനോ തിരിച്ചറിഞ്ഞു. പൊക്കിള്‍ക്കുഴിക്കു താഴെയുള്ള നരപ്പിലേക്ക് നഖക്കൂര്‍പ്പ് വീണില്ല, ഒരു മുന്തിരിത്തോട്ടമൊന്നാകെ അതിന്റെ ചോരച്ചാറു വിയര്‍ത്തു. അജ്ഞാത ഫാക്ടറിയെക്കുറിച്ചു ഇനിയൊന്നും മാദമാതയ്ക്ക് അറിയാന്‍ ബാക്കിയില്ലായിരുന്നു.

ന്യൂസ് ഡെസ്‌കിലെ കോപ്പി എഡിറ്റര്‍ അലോഷ്യസ് മാദമാതയെ ഓര്‍ത്തു. 

എഴുത്തുകാരനും ട്രഷറി മുന്‍ ജീവനക്കാരനുമായ മുപ്പത്തടം കുന്നേല്‍ എല്‍ദോ ഔതയുടെ ചരമ വാര്‍ത്ത എങ്ങനെയോ വഴി തെറ്റി അലോഷ്യസിന്റെ മുന്നിലെത്തിയിരുന്നു. സാധാരണ അടിയന്തിര ശ്രദ്ധ ആവശ്യമുള്ള വാര്‍ത്ത മാത്രമായിരുന്നു അലോഷ്യസിന്റെ മുന്നിലെത്തുമായിരുന്നത്. ആരാലും ശ്രദ്ധിക്കപ്പെടാത്തതു കൊണ്ടു മാത്രമായിരിക്കില്ല എല്‍ദോയുടെ വാര്‍ത്ത തന്റെ മുന്നിലെത്തിയിരിക്കുക എന്ന് അയാള്‍ ഓര്‍ത്തു. മറ്റെന്തുകൊണ്ടായിരിക്കണം. 

മലയാളത്തില്‍ ആദ്യമായി മാദമാതയെ പരിചയപ്പെടുത്തിയതു എല്‍ദോ ഔതയായിരുന്നെന്ന് എത്ര പേര്‍ക്കറിയാം. അലോഷ്യസ് സീറ്റിലേക്കു ചാരി അടുത്തിരുന്ന മേരി ചാക്കോയോടു പറഞ്ഞു. 

ഞാനും ആദ്യമായി കേള്‍ക്കുകയാണു എല്‍ദോയെ. മേരി ചാക്കോ അത്ഭുതപ്പെട്ടു.

നിങ്ങളുടെയൊക്കെ മുമ്പുള്ള തലമുറകളെ കഥ കേള്‍പ്പിച്ചത് എല്‍ദോയായിരുന്നു. അലോഷ്യസ് പറഞ്ഞു.

 

........................

Read more:

........................

 

3.

തനിക്കു ചുറ്റുമുള്ള ശത്രുക്കളുടെ എണ്ണം ഡിറ്റക്ടീവ് ലാല്‍ രഞ്ചന്‍ കൃത്യമായി എണ്ണിയെടുത്തു. കെട്ടിടത്തിന്റെ ആറു മൂലകളില്‍ ഓരോന്നിലും അയാള്‍ ശത്രുവിന്റെ തോക്കിന്‍മുന കണ്ടു. ഡിറ്റക്ടീവ് ലാല്‍ രഞ്ചന്‍ കഴുത്തൊന്നു വെട്ടിച്ചു. ഇടത്തേക്കും വലത്തേക്കും. തന്റെ തോക്കില്‍ ഒരു വെടിയുണ്ട മാത്രമേ ശേഷിക്കുന്നുള്ളൂ എന്ന് അയാള്‍ക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. അല്ലെങ്കിലും ഒരാവശ്യത്തിനും ഒന്നിലധികം വെടിയുണ്ട ചെലവഴിക്കുന്ന ശീലം അയാള്‍ക്കില്ല. വെടിയുണ്ടയുടെ കാര്യത്തിലെ പിശുക്കല്ല പ്രധാനം. അനാവശ്യമായി ഒരു പ്രാവശ്യം പോലും കാഞ്ചി വലിക്കാന്‍ അയാള്‍ ഇഷ്ടപ്പെടുന്നില്ല, അതുതന്നെ.

ഓപ്പറേഷന്‍ ഹെക്‌സഗണ്‍ എന്ന പോരാട്ടത്തിനിടയില്‍ ഡിറ്റക്ടീവ് ലാല്‍ രഞ്ചന്‍ അല്‍പ്പം സമയം നീട്ടിയെടുത്തു. ശത്രുക്കള്‍ നോക്കിയിരുന്നു കണ്ണുകഴച്ചു പിന്മാറാന്‍ ഒരു അവസരം ഒരുക്കിയില്ലെന്നു വേണ്ട. തന്റെ ബുള്ളറ്റ് പ്രൂഫ് കോട്ടിന്റെ ഉള്‍പ്പോക്കറ്റില്‍ നിന്ന് ഒരു നുള്ള് മോഷെ രവാനാ മൂക്കുപ്പൊടിയെടുത്ത് ഉള്ളംകൈയില്‍ വച്ചു. ഏതു നിര്‍ണായക ഏറ്റുമുട്ടലിനും മുന്നേ മോഷെ രവാനയുടെ പുകയിലമണം ലാല്‍ രഞ്ചന്റെ സിരകളില്‍ ചോരയോട്ടം കൂട്ടും. ക്യൂബയിലെ മുന്തിയ പുകയില വളരുന്ന താഴ്വാരങ്ങളില്‍ നിന്ന് ഏറ്റവും കിളുന്തു പുകയിലമുകുളങ്ങള്‍ ഉണക്കിപ്പൊടിച്ചുണ്ടാക്കുന്നതാണത് മോഷെ രവാന. വര്‍ഷത്തില്‍ ആകെയുണ്ടാക്കുന്നതു അഞ്ചോ പത്തോ കിലോഗ്രാം മാത്രമാണ്. അതില്‍ നിന്നു കാല്‍കിലോ രഞ്ചനുള്ളതാണ്. അത് കൃത്യമായി എത്തുകയും ചെയ്യും.

മോഷെ രവാനയുടെ ആസാദ്യകരമായ മണം ആകാശത്തില്‍ ഉയര്‍ന്നു. ലാല്‍ രഞ്ചന്റെ ഉള്ളം കൈയില്‍ നിന്ന് അത് ഏതു മനുഷ്യന്റെയും കാമനകളെ ഉണര്‍ത്തി അത് പരക്കുകയാണ്. തോക്കിന്‍കുഴലുകള്‍ക്കു പിന്നില്‍ തലയനക്കം ലാല്‍ രഞ്ചന്‍ കാണാതെ കാണുന്നുണ്ട്. അപ്പോള്‍ കൃത്യമായി എണ്ണി. ഒന്ന്..രണ്ട്...മൂന്ന്...

ആകെ ആറു മൂലകളിലുമായി ആറു തലകള്‍. മോഷെ രവാനയുടെ മണം ഇപ്പോള്‍ ആറു മൂലകളിലുമെത്തിക്കഴിഞ്ഞിട്ടുണ്ട്. ലാല്‍ രഞ്ചന്റെ വലതു കൈ ബെല്‍റ്റിലമര്‍ന്നിരിക്കുന്ന പിസ്റ്റളില്‍ തലോടി. ഒരേയൊരു വെടിയുണ്ട. ആറു പേര്‍. 

ആറു മൂലകളിലേക്കും അടിച്ചുകയറ്റുന്ന കാരം ബോര്‍ഡ് സ്‌ട്രൈക്കറാണു ലാല്‍ രഞ്ചന്റെ മനസില്‍ അപ്പോള്‍ ഉണ്ടായിരുന്നത്. കൃത്യമായ ആംഗിള്‍ നോക്കി അയാള്‍ വെടിയുതിര്‍ത്തു. മോഷെ രവാനയുടെ മണത്തില്‍ ഓരോ തുമ്മലിലും ഓരോ തല വീണു. ആറു നിലവിളിയൊച്ചകള്‍ അയാള്‍ എണ്ണി. 

ഓപ്പറേഷന്‍ ഹെക്‌സഗണ്‍ സക്‌സസ്. ഡിറ്റക്ടീവ് ലാല്‍ രഞ്ചന്‍ തന്റെ മേധാവിക്കു സന്ദേശം അയച്ചു.

വിസ്മയം കൊണ്ട് ഒരു ഭാഷയുടെ വായ തുറപ്പിച്ചു നിര്‍ത്തിയ എല്‍ദോ ഔതയുടെ ചരമ വാര്‍ത്തയില്‍ അലോഷ്യസ് ഒരു വാചകം കൂടി എഴുതിച്ചേര്‍ത്തു. ഒരു തലമുറയെ അക്ഷരം കൂട്ടിവായിക്കാന്‍ പ്രേരിപ്പിച്ചിരുന്ന ഭാവനയായിരുന്നു എല്‍ദോ.

 

............................

Read more:

............................

 

4. 

ദിനോസര്‍ എന്നു കേട്ടിട്ടുണ്ടോ? അലോഷ്യസ് മേരി ചാക്കോയോടു ചോദിച്ചു.

ഉണ്ടു സാര്‍. നമ്മുടെ ജുറാസിക് പാര്‍ക്ക് ..സ്പില്‍ബെര്‍ഗിന്റെ..

അതേയതേ, അലോഷ്യസ് തലയാട്ടി. എന്നാല്‍ മലയാളത്തില്‍ ആദ്യമായി ദിനോസര്‍ എന്ന വാക്ക് അച്ചടിച്ചത് എന്നാണെന്ന് അറിയാന്‍ വഴിയില്ല.

ദിനോസര്‍ എന്ന വാക്ക് റിച്ചാര്‍ഡ് ഓവന്‍ ഉണ്ടാക്കുന്നതു തന്നെ 1841 ലായിരുന്നു. ഭയങ്കരനായ പല്ലി എന്ന അര്‍ഥത്തില്‍.. 

അതെയതെ. പിന്നേയും നൂറു കൊല്ലം കഴിഞ്ഞാണ് അതു മലയാളത്തില്‍ അച്ചടി മഷി പുരണ്ടത്. അലോഷ്യസ് പറഞ്ഞു.

അതിനു മുമ്പില്ല? 

മലയാളി അങ്ങനെയൊരു വാക്കു കേട്ടിട്ടുകൂടി ഉണ്ടായിരുന്നില്ല. പൂമേനി മാസികയില്‍ ദിനോസറിന്റെ കുട്ടി അച്ചടിച്ചുവരുന്നതോടെയാണു ദിനോസര്‍ എന്ന വാക്ക് ആദ്യമായി മലയാളത്തില്‍ അച്ചടിക്കുന്നത്. അലോഷ്യസ് പറഞ്ഞു.

ദിനോസറിന്റെ കുട്ടി?  മേരി ചാക്കോയുടെ പുരികങ്ങള്‍ വളഞ്ഞു.

അതേ. എല്‍ദോ ഔതയുടെ അപസര്‍പ്പക നോവലായിരുന്നു അത്. ഒരു പക്ഷെ, കൃത്യമായും ആ ഗണത്തില്‍ പെട്ട ആദ്യ നോവല്‍. അതുവരെ ഡിറ്റക്ടീവ് കഥകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ മലയാളത്തില്‍. 

മേരി ചാക്കോ ഒബിച്വുറി ഡെസ്‌കിലേക്കു വേണ്ടി എല്‍ദോ ഔതയുടെ പടം ആര്‍ക്കൈവില്‍ പരതി. എന്നാല്‍ അപസര്‍പ്പക എഴുത്തുകാരനായ ഒരാളുടെ പടം കണ്ടുപിടിക്കേണ്ടിവന്നില്ല. അങ്ങനെ ഒരു പടം ഉണ്ടായിരുന്നില്ല.

പടത്തെക്കുറിച്ചു ബേജാറാവേണ്ട. അലോഷ്യസ് പറഞ്ഞു. എടയാടി കുഞ്ഞിക്കണാരാട്ടന്‍ ബസ് വഴി കൊടുത്തയച്ചിട്ട്ണ്ട്. അത് ചിലപ്പോള്‍ ആദ്യത്തെയും അവസാനത്തെയും പടമായിരിക്കും, എല്‍ദോ ഔതയുടെ. 

 

.........................

Read more: ഇടവേളകളില്‍ സംഭവിക്കുന്നത്; ജേക്കബ് ഏബ്രഹാം എഴുതിയ കഥ

.........................

 

5. 

അതുപോലൊരു രാത്രിയിലൂടെ ആരും കടന്നുപോയിട്ടുണ്ടാകില്ല. അത്രയും ഭയാനകമായിരുന്നു അത്. കൂരാക്കൂറ്റിരുട്ടായിരുന്നു. ചീവീടുകളുടെ കാതുപൊട്ടിക്കുന്ന ശബ്ദം. മലയുടെ താഴ്വാരങ്ങളില്‍ നിന്നു കുറുനരിക്കൂട്ടങ്ങള്‍ ഓലിയിട്ടു. കുട്ടിക്കാനത്തേക്കുള്ള റോഡിലൂടെ രണ്ടു പ്രകാശരശ്മികള്‍ മല കയറുകയായിരുന്നു. അതില്‍ നിന്നു കുത്തിയൊഴുകുന്ന പ്രകാശത്തില്‍ ഹെയര്‍പ്പിന്‍ വളവുകള്‍ ജീവനുള്ളതുപോലെ പുളഞ്ഞു. 

കാറ് അവിടെ വരെ എത്തുമോ? പ്രസാദ് ചോദിച്ചു. 

പേടിക്കാതിരി സാറേ, യെവന്‍ പയറുപയറു പോലെ പോകും. ഡ്രൈവര്‍ പിന്നോട്ടു നോക്കാതെ പറഞ്ഞു.

റോഡില്‍ നിന്നു പ്രതിഫലിക്കുന്ന വെളിച്ചത്തില്‍ ഇടയ്ക്കു മാത്രം ഡ്രൈവറുടെ മുഖം വെട്ടമാണ്ടു. ബാക്കി സമയങ്ങളില്‍ അയാള്‍ക്ക് ഒരു തലയേ ഇല്ലെന്നു തോന്നിപ്പിച്ചിരുന്നു. തണുപ്പുകാലമായിട്ടും പ്രസാദിന്റെ നെറ്റി വിയര്‍ത്തു. എങ്ങോട്ടാണ് ഈ പോകുന്നത്. 

എന്തെങ്കിലും പറഞ്ഞോ, സാറേ ? ഡ്രൈവര്‍ തിരിഞ്ഞുനോക്കി. അയാളുടെ ദേഹത്ത് അപ്പോള്‍ തലയില്ലായിരുന്നു. പ്രസാദിന്റെ ഞരമ്പുകളിലൂടെ ഒരു വൈദ്യുതിപ്പിണര്‍ പാഞ്ഞുപോയി. അയാള്‍ പേടിയോടെ റോഡിലേക്കു നോക്കി. ഒരു കൂട്ടം ചെന്നായ്ക്കള്‍ റോഡിനു കുറുകെ കൂടിയിരിക്കുകയാണ്. അവ എന്തോ ഒന്നിനെ വളഞ്ഞിട്ടു പിടിക്കുകയായിരുന്നു.

എന്തിനെയാണ് അവര്‍ വേട്ടയാടുന്നത്? പ്രസാദ് അറിയാതെ ചോദിച്ചു. 

അവര്‍ ചോര മണക്കുകയാണ്. ആരുടെയോ ചോരയുടെ മണം അവയ്ക്കു കിട്ടിയിട്ടുണ്ട്. ഡ്രൈവറുടെ ഉടല്‍ പറഞ്ഞു. ശബ്ദം കേട്ട ഭാഗത്തേക്കു പ്രസാദ് നോക്കിയതേയില്ല.

അവ ഒരു കാട്ടുപല്ലിയെ വളഞ്ഞിരിക്കുകയാണെന്നു പിന്നീടു പ്രസാദ് കണ്ടു. ഒരു പല്ലിയെ വളഞ്ഞിട്ടുപിടിക്കാന്‍ മാത്രം മൃഗങ്ങള്‍ കാട്ടില്‍ കുറഞ്ഞുപോയോ എന്ന് അയാള്‍ വിചാരിച്ചു.

ഡ്രൈവര്‍ കാറിന്റെ വേഗം നന്നായി കുറച്ചു. ചെന്നായ്ക്കൂട്ടത്തെ ഇടിച്ചുകയറാന്‍ ഏതായാലും സാധ്യമല്ലെന്നിരിക്കെ. 

ഹെഡ് ലൈറ്റിന്റെ വെട്ടത്തില്‍ പ്രസാദ് നോക്കിനില്‍ക്കെ ചെന്നായ്ക്കൂട്ടത്തിനു നടുവില്‍ മുറിവേറ്റു കിടക്കുകയാണെന്നു തോന്നിച്ചിരുന്ന പല്ലി ഒന്നു പിടഞ്ഞു. കാണെക്കാണെ അത് ഒരു പൂച്ചക്കുട്ടിയോളമായി. പിന്നീട് അത് ഒരു പശുക്കുട്ടിയോളം വളര്‍ന്നു. പ്രസാദിന്റെ പേടിയെ കാറിന്റെ മച്ച് മുട്ടിച്ചുകൊണ്ട് അതു വീണ്ടും വളരുകയായിരുന്നു. ഇപ്പോഴത് അംബാസഡര്‍ കാറിനെക്കാളും വലിപ്പമായി.

അതു മുന്‍കാലുകളില്‍ എഴുന്നേറ്റുനിന്നു. പിളര്‍ന്ന വായില്‍ നിന്നു നാവു പുറത്തേക്കു ചലിച്ചു. അതു ചെന്നായ്ക്കൂട്ടത്തെ മുഴുവനായും വിഴുങ്ങിയേക്കുമെന്നു പ്രസാദിനു തോന്നി. തന്റെ മുന്നിലെ ഇരുട്ടിലേക്കു വളര്‍ന്നു നില്‍ക്കുന്ന ജീവി ചരിത്രാതീത കാലത്തുനിന്നുള്ള ദിനോസറാണെന്ന് അപ്പോള്‍ പ്രസാദ് അറിഞ്ഞില്ല.

അതിന്റെ കണ്ണുകളില്‍ നിന്നു ലേസര്‍ പുഞ്ജം പോലുള്ള ഒരു പ്രകാശം പ്രസാദിനു നേരെ തിരിഞ്ഞു. ചെന്നായ്ക്കൂട്ടമല്ല, അതിന്റെ ലക്ഷ്യമെന്നു തോന്നിപ്പിച്ച്. വേഗം കാറെടുക്ക്, പ്രസാദ് അലറി. ഡ്രൈവര്‍ മരിച്ചതുപോലെ മുന്‍സീറ്റിലിരുന്നു. ദിനോസര്‍ വളരെപ്പതുക്കെ പ്രസാദിനു നേരെ നടന്നു. 

കോട്ടയത്തെ നാട്ടകത്തു നിന്നു കല്ലച്ചില്‍ അച്ചടിച്ചെടുക്കുന്ന പൂമേനി മാസികയില്‍ ഓരോ ചതഞ്ഞ അക്ഷരവും പെറുക്കിക്കൂട്ടിയെടുത്തു കേരളം പേടിപ്പനി പിടിച്ചുകിടക്കുകയായിരുന്നു. അടുത്ത ലക്കത്തില്‍ തുടരും എന്നു കാണുന്നിടത്തുവച്ചു നിര്‍ത്തി അടുത്ത ഒരു മാസത്തോളം പേടി പനിച്ചുകിടക്കുമായിരുന്നു അലോഷ്യസിന്റെ കുട്ടിക്കാലം. 

 

.........................

Read more: അരുത്, നിലാവര്‍ന്നീസ വിവാഹിതയാവുകയാണ്, മിനി പി.സി എഴുതിയ കഥ
.........................

 

6.

എലിയന്തോറയിലെ കൂട്ടമരണത്തിലാണു മലയാളം ആദ്യമായി ഒരു കൂട്ടമരണത്തിനു ദൃക്‌സാക്ഷികളായിത്തീര്‍ന്നത്. 

തൊള്ളായിരത്തിഇരുപത്തിനാലിലെ വെള്ളപ്പൊക്കം കണ്ട തലമുറകള്‍ കടന്നുപോയതിനു ശേഷമുള്ള ഒരു തലമുറയും എവിടെയെങ്കിലുമുള്ള കൂട്ടമരണം നേരിട്ടുകണ്ടിരുന്നില്ല. ഹിരോഷിമയിലൊക്കെ നടന്നതു ഒന്നോ രണ്ടോ പടങ്ങളില്‍ ഒതുങ്ങിയിരുന്നു. അതുതന്നെ കാണാന്‍ അവസരം കിട്ടിയവര്‍ ചുരുക്കമായിരുന്നു. 

എലിയന്തോറ നഗരത്തില്‍ ഒന്നിനു പിന്നാലെ ഒന്നായി മരണങ്ങള്‍ നടന്നടുക്കുകയായിരുന്നു. ആരാണു കൊലയാളി എന്നതു സംബന്ധിച്ച് കടുത്ത ആശയക്കുഴപ്പമായിരുന്നു. കൂടെക്കിടക്കുന്ന ഭര്‍ത്താവോ ഭാര്യയോ വരെയാവാം കൊലയാളി എന്ന നിലയിലേക്കായിരുന്നു പേടി വളര്‍ന്നിരുന്നത്. ആരും ആരെയും വിശ്വാസത്തിലെടുക്കാതായി. ഒന്നിനെയും വിശ്വസിക്കാതെയായി. എന്നിട്ടും, തണുത്ത കാലടികളുമായി മരണം നടന്നെത്തി. ഏകാന്തരാവുകളില്‍ മാത്രമല്ല, പട്ടാപ്പകലില്‍ വരെ. 

തങ്ങളും ഒരു എലിയന്തോറയിലാണെന്നു കോട്ടയത്തെയും മാങ്ങാനത്തെയും ആലുവയിലേയും കോഴിക്കോട്ടെയും ആളുകള്‍ ഭയന്നു. ദേശപോഷിണി മാസികയില്‍ എലിയന്തോറയിലെ കൂട്ടമരണം അച്ചടിച്ചുവന്നപ്പോള്‍ ആദ്യം എഴുത്തുകാരന്റെ പേര് കൊടുത്തിരുന്നില്ല. അതു പത്രാധിപരുടെ ഒരു സസ്‌പെന്‍സ് ആയിരുന്നു. എഴുത്തിലെ ഭീകരത കൊണ്ട് എല്‍ദോ ഔതയെ വായനക്കാര്‍ തിരിച്ചറിയുകയായിരുന്നു. വായനക്കാരുടെ കത്തുകള്‍ കൊണ്ടു ദേശപോഷിണി ഓഫിസ് നിറഞ്ഞു. അഞ്ചാം ലക്കം മുതലായിരുന്നു എഴുത്തുകാരന്റെ പേര് അച്ചടിക്കാന്‍ പത്രാധിപര്‍ നിര്‍ബന്ധിതനായിത്തീര്‍ന്നത്. 

ഓരോ ലക്കത്തിന്റെയും അടുത്ത ലക്കം തുടര്‍ന്നച്ചടിക്കാന്‍ ആലുവയിലെ കോറിയോ പ്രസിലെത്തുമായിരുന്ന കൈയെഴുത്തുപ്രതി നേരത്തേ വായിക്കാനും തിക്കും തിരക്കുമുണ്ടായി. മലയാളത്തില്‍ ഏതെങ്കിലും മാസിക അതീവ രഹസ്യമായി അച്ചടിച്ചിരുന്നെങ്കില്‍ അതു ദേശപോഷിണി മാസിക മാത്രമായിരുന്നു. അത്രയും ബന്തവസ്ത് മറ്റൊരു പ്രസിനുമുണ്ടായിരുന്നില്ല. ഓറിയന്റല്‍ ബാങ്കില്‍ ആ കൈയെഴുത്തുപ്രതി സൂക്ഷിക്കാന്‍ മാത്രമായി രാജ്യത്തു തന്നെ അന്നാണ് ആദ്യമായി ബാങ്കുകളില്‍ ലോക്കര്‍ സംവിധാനം വന്നത്. 

കോറിയോ പ്രസിലെ അച്ചുജീവനക്കാരെ കടുത്ത പരിശോധനയ്ക്കു ശേഷമായിരുന്നു ഓരോ ദിവസവും പുറത്തേക്കു വിട്ടിരുന്നത്, മാസിക അച്ചടിക്കുന്ന ആഴ്ചയില്‍. എല്ലാവരെയും തുണിയഴിച്ചു പരിശോധിക്കുമായിരുന്നു. മുണ്ടില്‍ നോവല്‍ ഭാഗത്തിന്റെ പ്രിന്റ് അടിച്ചിട്ടുണ്ടോ എന്നു നോക്കാനായിരുന്നു അത്. 

ഏഴാമത്തെ ലക്കത്തില്‍ ഡിറ്റക്ടീവ് ലാല്‍ രഞ്ചന്‍ രംഗപ്രവേശം ചെയ്തതോടെ വായനക്കാര്‍ക്ക് ഇനിയും ഒരു മാസം കാത്തിരിക്കാന്‍ വയ്യ എന്ന സ്ഥിതിയിലായി. അന്നു ശബ്ദം രേഖപ്പെടുത്താന്‍ സംവിധാനമില്ലാത്തതില്‍ ഏറ്റവും ദുഃഖിച്ചതു കോറിയ പ്രസ് ഉടമ തോമ ഇട്ടൂപ്പായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ മുഴുവന്‍ നോവലും ഓഡിയോ നോവലായി അന്നു പുറത്തിറങ്ങുമായിരുന്നു. അതിനുള്ള ശബ്ദരേഖ വരെ സ്‌പെഷന്‍ ഇഫക്‌റ്റോടു കൂടി തോമ ഇട്ടൂപ്പ് ആലോചിച്ചുവച്ചിരുന്നു. എന്നാല്‍ എലിയന്തോറയിലെ കൂട്ടമരണം ഖണ്ഡശഃ സംഭവിക്കണമെന്നായിരുന്നു. രണ്ടരക്കൊല്ലം കൊണ്ടായിരുന്നു എലിയന്തോറയിലെ കൂട്ടമരണം ദേശപോഷിണിയില്‍ സംഭവിച്ചു തീര്‍ന്നത്.

സാധ്യതകള്‍ എന്നൊരു അവസ്ഥ മലയാളി വായനക്കാരെ അനുഭവിപ്പിച്ചതു ഡിറ്റക്ടീവ് ലാല്‍ രഞ്ചനായിരുന്നു. അമ്മയെത്തല്ലിയാലും രണ്ടു പക്ഷമേയുള്ളൂ എന്ന അവസ്ഥയിലായിരുന്ന ഭാഷയായിരുന്നു. രണ്ടല്ല, എന്തിനും അനവധി സാധ്യതകളുണ്ടെന്നു ഡിറ്റക്ടീവ് ലാല്‍ രഞ്ചന്‍ വിശകലനം ചെയ്തു. എന്തു സംഭവത്തിലും അങ്ങനെ അനന്തസാധ്യതകളുണ്ടെന്നു മലയാളിയെ അനുഭവിപ്പിക്കുകയായിരുന്നു ലാല്‍ രഞ്ചന്‍. 

എലിയന്തോറയിലെ കൂട്ടമരണം പത്തു ലക്കം കഴിഞ്ഞതോടെ ആരെയും കൊലയാളിയാണെന്നു സംശയിക്കാന്‍ സാധിക്കുമായിരുന്നു. വഴിവക്കിലും കുഞ്ഞപ്പാട്ടന്റെ അനാദിക്കടയിലും ബാര്‍ബര്‍ ഷാപ്പിലും ചാരായക്കോപ്പയ്ക്കു മുകളിലൂടെയും ഭാഷ തര്‍ക്കിച്ചത് അതായിരുന്നു. തന്റെ വാക്കുകളുടെ മാന്ത്രികനൂലുകളീലൂടെ മലയാളിയെ എല്‍ദോ ഔത ത്രസിപ്പിച്ചുനിര്‍ത്തി. 

ഈ ഒരൊറ്റ പാരഗ്രാഫ് മതിയാവുമായിരുന്നു അതിന്. അലോഷ്യസ് മേരി ചാക്കോയോടു പറഞ്ഞു.

എലിയന്തോറയില്‍ അന്നു സൂര്യന്‍ അസ്തമിക്കുകയായിരുന്നു. ഓരോ അസ്തമയവും അതേത്തുടര്‍ന്നു വരുന്ന ഇരുട്ടും പട്ടണത്തിന്റെ ഞരമ്പുകളില്‍ പേടിയുടെ ലഹരി കുത്തിവച്ചു തുടങ്ങിയിരുന്നു. നാളെ രാവിലെ ഉണരില്ല എന്നു വിചാരിച്ചുതന്നെയായിരുന്നു ഓരോരുത്തരും ഉറങ്ങാന്‍ കിടന്നിരുന്നത്. എന്നാല്‍ ആരും ഉറങ്ങിയിരുന്നില്ല. അര്‍ധ രാത്രി കഴിയുമ്പോള്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവരിലേക്ക് പൂച്ചക്കാലുകളുമായി മരണം നടന്നെത്തുകയായിരുന്നു. രാവിലെ ഉറക്കമുണര്‍ന്നെഴുന്നേല്‍ക്കുന്ന ആരും എലിയന്തോറ ഉണ്ണീശോ പള്ളിക്കു നേരെ നോക്കി കുരിശുവരച്ചു. ഉറക്കമെഴുന്നേറ്റ ആരും പിന്നീടു ചോദിച്ചത്, ആരെയാണ് ഇന്നലെ എന്നായിരുന്നു. ഏറ്റവും കടുത്തതായ വാര്‍ത്ത കേള്‍ക്കാനെന്നവണ്ണം അവരുടെ ഓരോ രോമകൂപവും വിറങ്ങലിച്ചുനിന്നു. 

മേരി ചാക്കോയുടെ ശരീരത്തുകൂടി ഒരു വൈദ്യുത ട്രെയിന്‍ കടന്നുപോകുന്നത് അലോഷ്യസ് അറിഞ്ഞു.

നിന്നെ പേടിപ്പിച്ചോ ഞാന്‍? അലോഷ്യസ് ചോദിച്ചു. അന്നു കേരളം പേടിച്ചതിന്റെ ലക്ഷത്തിലൊരംശം മാത്രമേ അതാവുന്നുള്ളൂ എങ്കിലും. 

അലോഷ്യസ് കണ്ണടയെടുത്ത് അതിന്റെ ചില്ലുകള്‍ അമര്‍ത്തിത്തുടച്ചു. അതില്‍ പേടി വിയര്‍ത്തുകിടന്നിരുന്നു.

 

................................

Read more: ഖോഖോ, ലാസര്‍ ഷൈന്‍ എഴുതിയ കഥ
................................

 

7.

വില്ലടിച്ചാന്‍ പാട്ടിന്റെ മണം എന്നു വായിക്കുമ്പോള്‍ തന്നെ ഒരു പേടിയുടെ മണം വന്നു മൂക്കിലടിക്കുന്നുണ്ടെന്നു അലോഷ്യസിനു തോന്നി. കുന്നംകുളത്തെ കൊളംബിയര്‍ പ്രസിലെ കല്ലച്ചടി പ്രസിലാണ് അതു വെളിച്ചം കണ്ടിരുന്നത്. മലയാളത്തില്‍ ആദ്യത്തെ ഭീകരനോവല്‍ത്രയം ആയിരുന്നു അത്. ഒരു നോവല്‍ മൂന്നു പുസ്തകങ്ങളിലായി എഴുതപ്പെടുന്നതു കേട്ടുകേള്‍വിയില്ലാതിരുന്ന കാലമായിരുന്നു. വില്ലടിച്ചാന്‍ പാട്ടിന്റെ മണത്രയത്തിലെ ആദ്യപുസ്തകമായ 'മാലന്‍കുന്നിലെ മരണവ്യാപാരി' എന്ന കഥയില്‍ തന്നെ മലയാളം അന്നു പേടിച്ചു തലകുത്തിവീണു.

തന്റെ പ്രദേശത്ത് എത്തുന്ന ഏത് അപരിചിതനും ഒരു മരണത്തിന്റെ വ്യാപാരിയാണെന്ന് ആരെക്കൊണ്ടും സംശയിപ്പിക്കുന്ന കഥയായിരുന്നു അത്. ഒരു പുസ്തകത്തെ മുഴുവന്‍ പേടിച്ചു വായിച്ചുകഴിയുമ്പോഴാണു അത് ഒരു പുസ്തകത്തില്‍ തീരുന്നില്ല എന്നു മലയാളി അറിയുന്നത്. അത് നാളതുവരെ ഇല്ലാതിരുന്ന ഒരു അനുഭവമായിരുന്നു. തുടരന്‍ നോവലുകളെന്ന പോലെ തുടരന്‍ നോവല്‍ പുസ്തകങ്ങള്‍. കുന്നംകുളത്തെ കൊളംബിയര്‍ ഷീറ്റ് പ്രസിനു കുറെക്കാലത്തേക്കു വിശ്രമമില്ലായിരുന്നു എന്ന് എവിടെയോ വായിച്ച് അലോഷ്യസ് ആലോചനകളിലേക്കു വീണുപോയിട്ടുണ്ടായിരുന്നു. 

'മാലന്‍കുന്നിലെ മരണവ്യാപാരി'ക്കു ശേഷം 'പട്ടണത്തിലെ ചെകുത്താന്‍' എന്ന രണ്ടാം ഭാഗം നോവലിറങ്ങിയപ്പോള്‍ അതു വായനശാലകളിലേക്ക് എത്താന്‍ ആരും കാത്തുനിന്നിരുന്നില്ല. ഒരു പക്ഷെ, രാമായണത്തിനും ഭാഗവതത്തിനും ശേഷം സാധാരണക്കാരന്‍ പണം കൊടുത്തു വാങ്ങിയ ഏക ഭക്ത്യേതര പുസ്തകം അതായിരുന്നിരിക്കണം. വില കൂടിയ വാസനലേപനം ഉപയോഗിച്ചു സുന്ദരികളെ പ്രലോഭിപ്പിച്ചു വീഴിക്കാന്‍ മാത്രം അരോഗദൃഢാത്രനായ ഒരു ചെകുത്താന്‍ മലയാളിയുടെ ഏതു ഭാവനയ്ക്കും അപ്പുറത്തായിരുന്നു. വാലിട്ടുകണ്ണെഴുതി നാലുകൂട്ടി മുറുക്കി വെള്ളച്ചേലയുടുത്ത യക്ഷിയുടെ സൗന്ദര്യം മലയാളിക്കു വിചാരിക്കാന്‍ പറ്റുന്നുണ്ടായിട്ടും. പട്ടണത്തിലെ ചെകുത്താന്‍ അന്നത്തെ സ്ത്രീപുരുഷ ബന്ധങ്ങളുടെ തുറന്നെഴുത്തുകൂടിയായിരുന്നു.

'ഭയത്തിന്റെ ചിറകു വച്ച മാലാഖ' എന്ന മൂന്നാം ഭാഗം കൂടി പുറത്തിറങ്ങിയതോടെ മലയാളിക്ക് ഇനിയൊട്ടും കൂടുതല്‍ പേടിക്കാനാവില്ലെന്ന വെളിപ്പെടുത്തലായിരുന്നു. ഇനിയും പേടിച്ചാല്‍ മലയാളി പേടിച്ചുമരിച്ചുപോകുമായിരുന്നു. 

സാധാരണ ഡിറ്റക്ടീവ് കഥകളില്‍ നിന്നു എല്‍ദോ ഔത പുതിയൊരു വായനരീതിക്കാണു മലയാളത്തില്‍ തുടക്കമിട്ടതെന്നു 'അപസര്‍പ്പകം- ഒരു വിലയിരുത്തല്‍' എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു അന്നത്തെ എണ്ണപ്പെട്ട സാഹിത്യകാരനായ ചീര്‍ക്കോത്ത് കമ്മാരന്‍ പ്രസംഗിക്കുന്നുണ്ടായിരുന്ന ചെറിയ ഒരോര്‍മ അലോഷ്യസിന് ഇന്നുമുണ്ട്. കഥ പറച്ചിലിലെ യൂറോപ്യന്‍ മാതൃകകളെ സ്ഥിരമായി അനുകരിക്കപ്പെടുന്നതില്‍ നിന്നും അവയ്‌ക്കൊക്കെയും നാടന്‍ മാതൃക സൃഷ്ടിച്ചു ഭാഷയെ രക്ഷിക്കുകയായിരുന്നു എല്‍ദോയെന്നു വാസവന്‍ കോഴിക്കോടും ചൂണ്ടിക്കാട്ടിയിരുന്നു. 

'ഡിറ്റക്ടീവ് ലാല്‍ രഞ്ചന്‍ മലയാളിയോടു ചെയ്തതെന്ത്' എന്നൊരു പഠനം കേരളഭാഷാ മാസികയില്‍ വായിച്ചിരുന്നു അലോഷ്യസ്. പ്രശസ്ത നിരൂപകന്‍ റൊസാരിയോ ബാലകൃഷ്ണനായിരുന്നു അത് എഴുതിയിരുന്നത്. ഏതെങ്കിലും ദുരൂഹതയെ അനാവരണം ചെയ്ത് അതിന്റെ പിന്നിലെ സത്യം കണ്ടുപിടിക്കുക മാത്രമായിരുന്നില്ല ഡിറ്റക്ടീവ് ലാല്‍ രഞ്ചന്‍ ചെയ്തിരുന്നത്. ദുരൂഹതയെ അനുഭവിക്കാന്‍ മലയാളിക്ക് ഏതറ്റം വരെ പോകാന്‍ സാധിക്കുമെന്നതിന്റെ അളവുകോല്‍ നിശ്ചയിക്കുകയായിരുന്നു ലാല്‍ രഞ്ചന്‍. 

 

................................

Read more: തൊറേക്കടവ്, നിധീഷ് ജി എഴുതിയ കഥ
................................

 

8. 

വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു കുറെക്കാലത്തിനു ശേഷം എല്‍ദോ ഔത ലോകത്തേക്ക് ഒരിക്കല്‍ക്കൂടി തിരിച്ചുവന്നിരുന്നത്. അത് അലോഷ്യസ് ചെയ്ത ഒരു വാരാന്തപ്പതിപ്പ് ഫീച്ചറിലൂടെയായിരുന്നു. 'പേടിയുടെ വിരലടയാളം' എന്നായിരുന്നു ആ ഫീച്ചറിനു സണ്‍ഡേ ഡെസ്‌ക് കൊടുത്തിരുന്ന തലവാചകം.

ആ അഭിമുഖത്തില്‍ രണ്ടു കാര്യങ്ങളാണ് എല്‍ദോ അലോഷ്യസിനോടു വെളിപ്പെടുത്തിയിരുന്നത്. തന്റെ രഹസ്യങ്ങളായി സൂക്ഷിക്കുകയായിരുന്നു അവ. എന്നാല്‍ അതിലൊന്നുമാത്രമാണു പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കപ്പെട്ടിരുന്നുള്ളൂ. മറ്റേത്, എല്‍ദോ അലോഷ്യസിനോടു പറഞ്ഞു, പിന്നീട് ഞാന്‍ മരിച്ചുകഴിയുകയാണെങ്കില്‍ അന്നു ഭാഷ ബാക്കിയുണ്ടെങ്കില്‍ വേണമെങ്കില്‍ പ്രസിദ്ധീകരിക്കാം. പക്ഷെ, അപ്പോഴേക്കും അതിന് ഒരു പ്രാധാന്യവുമുണ്ടായിരിക്കില്ല. കാലം മാറിയിട്ടുണ്ടായിരിക്കും അപ്പോഴേക്കും. മലയാളിയും മാറിയിട്ടുണ്ടായിരിക്കും വല്ലാതെ. 

ആ സമയത്തു മുന്‍കാലങ്ങളിലെ ആരും വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടുപോവുമെന്നു പറഞ്ഞ് എല്‍ദോ അലോഷ്യസിനെ നോക്കി നിശബ്ദമായി ചിരിച്ചു. സംസാരം പിന്നീടു നഷ്ടപ്പെട്ടുപോവുന്നതിന്റെ ആദ്യകാല സൂചനകളായിരുന്നു അത്. 

ഒരു പക്ഷെ അലോഷ്യസുമായുള്ള അഭിമുഖം കഴിഞ്ഞതിനു ശേഷം പിന്നീട് എല്‍ദോ അധികമൊന്നും ആരോടും സംസാരിച്ചിരുന്നില്ല. ഈ അഭിമുഖം തന്നെ വേണ്ടെന്നായിരുന്നു ആദ്യമേ പറഞ്ഞിരുന്നത്. പുതിയ ഭാഷയോട് തനിക്കൊന്നും പറയാനില്ലെന്നായിരുന്നു വാദം. അലോഷ്യസ് ഏറെ നിര്‍ബന്ധിച്ചതിനു ശേഷമാണു സംസാരിക്കാന്‍ തുടങ്ങിയതു തന്നെ. 

എന്നാല്‍ പോയ കാലത്തെപ്പറ്റി അധികമൊന്നും പറയാനില്ല എന്നായിരുന്നു നിലപാട്. ആ കാലത്തെപ്പറ്റി പറയാനുള്ളതെല്ലാം താന്‍ എഴുതിക്കഴിഞ്ഞെന്നും. 'എലിയന്തോറയിലെ കൂട്ടമരണം', 'വില്ലടിച്ചാന്‍ പാട്ടിന്റെ മണം' തുടങ്ങിയവയില്‍ താന്‍ പുതിയതായ എന്തോ സൃഷ്ടിച്ചെന്ന അലോഷ്യസിന്റെ നിരീക്ഷണവും എല്‍ദോ തള്ളിക്കളഞ്ഞിരുന്നു. അപസര്‍പ്പകം എന്നൊരു സാധനം മലയാളത്തിന് ഇല്ലായിരുന്നു. മലയാളിയുടെ വിസ്മയം കൊട്ടാരത്തില്‍ ശങ്കുണ്ണിക്ക് അപ്പുറം പോകുമായിരുന്നില്ല. അതിനെ ഒന്നു പുതിയ സ്ഥലത്തേക്കു മേയാന്‍ വിട്ടു. അത്രേ ചെയ്തുള്ളൂ. എല്‍ദോ പറഞ്ഞു.

അങ്ങനെയല്ല, അലോഷ്യസ് പറഞ്ഞു. മലയാളിയുടെ പേടിയെ ഭ്രാന്തിന്റെ വക്കോളമെത്തിച്ചു എന്നതല്ല എല്‍ദോയുടെ സംഭാവന. എല്‍ദോ എല്ലാം മൂളിക്കേട്ടുകൊണ്ടിരുന്നു. മറിച്ച്, മലയാളിക്ക് ഏതു വരെ പേടിക്കാം എന്നതിന്റെ ഉയര്‍ന്ന പരിധി നിശ്ചയിക്കുകയായിരുന്നു എല്‍ദോ. അലോഷ്യസ് പറഞ്ഞു. എല്‍ദോ അതിന്റെ ക്രെഡിറ്റൊന്നും സ്വയം എടുത്തില്ല. എനിക്കറിയാവുന്നതു പോലെ നോക്കി, അത്രേള്ളൂ.

അത്രയല്ല, അലോഷ്യസ് പറഞ്ഞു. അതിനുമപ്പുറത്തു തന്നെയാണ്. ഭാഷയുടെ കഥപറച്ചില്‍ പാരമ്പര്യഘടനയിലാണ് എല്‍ദോ കത്തിവച്ചത്. ലാല്‍ രഞ്ചനെക്കൊണ്ടു തോക്കിന്‍കുഴല്‍ മുട്ടിച്ചത്. മോഷെ രവാനാ മൂക്കുപ്പൊടിയുടെ മണത്തെ മലയാളത്തില്‍ മുഴുവന്‍ മണപ്പിച്ചത്. എല്‍ദോയുടെ തൊണ്ടയില്‍ നിന്നൊരു ചൂളം വിളിയായിരുന്നു മറുപടി. കാസത്തിന്റേതാണ്. എല്‍ദോ പറഞ്ഞു.

എല്‍ദോ ഔത എന്തോ ഒളിക്കുന്നുണ്ട്, അലോഷ്യസ് പറഞ്ഞു. ഇത്രയുമെഴുതിയിട്ടും മലയാളിയോടു പറയാതെ എന്തോ ബാക്കിവച്ചിട്ടുണ്ട്. ഏതു നോവലിലും അതു ബാക്കിനിര്‍ത്തിയിട്ടുണ്ട്. എന്താണത് ?

അങ്ങനെ തോന്നിയോ ? എല്‍ദോ ചോദിച്ചു. 

ഉവ്വ്, ദിനോസറിന്റെ കുട്ടിയില്‍ അതുണ്ട്. എലിയന്തോറയിലെ കൂട്ടമരണത്തില്‍ രേഖപ്പെടുത്താതെ പോയ ഒരു മരണമുണ്ട്. എന്താണ് എല്ലാത്തിലും എന്തോ ഒന്നു ബാക്കിവയ്ക്കുന്നത് ?

അങ്ങനെ തോന്നിയെങ്കില്‍ നിങ്ങളത് ഉള്ളില്‍ക്കൊണ്ടു വായിച്ചു എന്നാണര്‍ഥം. ഞാന്‍ ഓരോന്നിലും എനിക്കു വേണ്ടി ഒരു പേടി ഒളിച്ചുവയ്ക്കുന്നുണ്ട്. എല്ലാം എഴുതിക്കഴിഞ്ഞതിനു ശേഷം എനിക്ക് ഒരു ഏകാന്തത ഉണ്ടാവുമല്ലോ. ആര്‍ക്കുമുണ്ടാവും. എനിക്കും ഉണ്ടാവും. ആ കാലത്ത് ഓര്‍ത്തു പേടിക്കാനാണത്. എല്‍ദോ പറഞ്ഞു.

അതു മാത്രമല്ല, അലോഷ്യസ് പറഞ്ഞു. എന്തോ ബാക്കി വച്ചിട്ടുണ്ട്. ഇതുവരെ എഴുതാത്തതായി? എന്തോ എനിക്കങ്ങനെ തോന്നുന്നുണ്ട്. എന്നെങ്കിലും നേരില്‍ കാണുകയാണെങ്കില്‍ ചോദിക്കണമെന്നു വച്ചു കാത്തുവച്ചതാണ്. ഉണ്ടോ, എഴുതാത്തതായിട്ട്, എഴുതാനിരിക്കുന്നതായിട്ട് ?

എല്‍ദോ കുറച്ചുനേരം കണ്ണുകളടച്ചു. ഉറങ്ങിപ്പോയിക്കാണുമോ എന്നോര്‍ത്ത് അലോഷ്യസ് കാത്തു. പിന്നീടു പതുക്കെപ്പതുക്കെ കണ്ണുകള്‍ തുറന്നുവന്നു. ആദ്യമായിട്ട് അലോഷ്യസിനെ കാണുന്നതുപോലെ അയാളെ നോക്കി. ഉവ്വോ ?

ഉവ്വ്, അലോഷ്യസ് പറഞ്ഞു.

രണ്ട് കാര്യങ്ങളുണ്ട് ഇതുവരെ ആരോടും പറയാത്തതായിട്ട്. അതിലൊന്നേ ഇപ്പോ കുഞ്ഞ് പൊറത്ത് പറയാവൂ. മറ്റേത്, ഞാമ്മരിച്ചേന് ശേഷം അന്ന് വേണെങ്കില്‍, വേണമെങ്കില്‍ മാത്രം പൊറത്താക്കിയാല്‍ മതി.

അതേറ്റു, അലോഷ്യസ് പറഞ്ഞു.

താനിതുവരെ എഴുതാത്ത, എന്നാല്‍ മനസില്‍ എഴുതിക്കഴിഞ്ഞ ഒരു നോവല്‍പഞ്ചകത്തെപ്പറ്റിയായിരുന്നു എല്‍ദോയ്ക്കു പറയാനുണ്ടായിരുന്നത്. 'അസ്ഥിപഞ്ജരത്തിന്റെ വിരലടയാളം' എന്ന നോവല്‍ എഴുതാതെ ബാക്കിനിര്‍ത്തിയിരിക്കുകയാണ്.

അതെന്തായിരുന്നു പിന്നെ ?

ആയിട്ടില്ല എന്നു തോന്നി. മലയാളിക്ക് അത്രയും പേടിക്കാനാവില്ല. 

അതെന്നാണിനി പിന്നെ ?

അതൊരിക്കലും ഉണ്ടാവില്ല. മലയാളി അത്രയും പേടിയില്‍ ഒരിക്കലും പിടിച്ചുനില്‍ക്കാന്‍ ആവില്ല. 

 

..................................

Read more: ചന്ദ്രമതി എഴുതിയ കഥ, ചവുണ്ട മുണ്ട് 
..................................


9.

മലയാളിക്കു കേരളം വിട്ടൊരു സാങ്കല്‍പ്പിക ദേശം- അതായിരുന്നു ഡിറ്റക്ടീവ് ലാല്‍ രഞ്ചന്റെ ഏര്‍ലാദോ. എല്‍ദോയുടെ സ്വന്തം തട്ടകമായും അതിനെ മലയാളി കണ്ടു. എല്‍ദോയും ഏര്‍ലാദോയും തമ്മില്‍ അത്രയ്ക്ക് തിരിച്ചറിയാന്‍ പറ്റാത്ത സാമ്യതകളുണ്ടായിരുന്നു. എല്‍ദോ അല്ല, ലാല്‍ രഞ്ചന്‍ തന്നെ സ്വന്തം നിലയില്‍ തന്റെ കഥകള്‍ സൃഷ്ടിക്കുകയായിരുന്നു എന്നും വായിക്കുന്നവരുണ്ടായിരുന്നു. അലോഷ്യസ് മേരി ചാക്കോയോടു പറഞ്ഞു.

ഏര്‍ലാദോയെപ്പറ്റി എല്‍ദോയുടെ അല്ല ലാല്‍ രഞ്ചന്റെ അടുക്കലായിരുന്നു കഥകള്‍ കൂടുതല്‍ എന്നു വായിച്ചവരുമുണ്ടായിരുന്നു. ലാല്‍ രഞ്ചന്‍ എഴുതുന്ന ഏര്‍ലാദോ കഥകളില്‍ എല്‍ദോ ആയിരുന്നു ഡിറ്റക്ടീവ്. 'ഏര്‍ലാദോയിലെ സൂര്യോദയം' തുടങ്ങിയ കഥകള്‍ ലാല്‍ രഞ്ചനോടൊപ്പം വായനക്കാരും വിചാരിച്ച കഥകളായിരുന്നു. അതില്‍ എല്‍ദോ എന്ന കുറ്റാന്വേഷകന്‍ പല വിചാരങ്ങളിലും ലാല്‍ രഞ്ചനു തന്നെ ഒരു വെല്ലുവിളിയായി വരുന്നുമുണ്ട്.

എന്തിനാണു മലയാളിക്കൊരു സ്വന്തം ഭാവനാരാജ്യം. ആരും ചോദിച്ചു പോകുന്ന ചോദ്യമായിരുന്നു അത്. ഭാഷയുടെ വക്രീകരണങ്ങളെ മറികടക്കാനാണ് അതെന്നു 'ശിലമോന്റെ അന്തഃപുരം' എന്ന കഥയില്‍ ലാല്‍ രഞ്ചന്‍ തന്നെ മറുപടി പറയുന്നുണ്ട് അതിന്. 

'ഏര്‍ലാദോയിലേക്കുള്ള വണ്ടി' എന്ന പില്‍ക്കാലത്തെ ചെറുകഥയില്‍ കഥാകൃത്ത് സി. ഗീതാനന്ദന്‍ എല്‍ദോയെ ഭാഷാപരമായി മറികടക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഏര്‍ലാദോയിലേക്കു പോകുന്ന അവസാനത്തെ ബസും പോയിക്കഴിഞ്ഞ ശേഷവും കാത്തുനില്‍ക്കുന്ന രണ്ടു പേരെക്കുറിച്ചുള്ളതായിരുന്നു കഥ. 

അതിലൊന്ന് എല്‍ദോ എന്ന കഥാപാത്രമായിരുന്നു. മറ്റൊന്നു കഥാകൃത്തു തന്നെയും. ഭാവനയെ രണ്ടു കാലത്തില്‍ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത് എന്നു പരിശോധിക്കുകയായിരുന്നു സി. ഗീതാനന്ദന്‍ ചെയ്തിരുന്നത്. എന്നാല്‍, ആ കഥ വായിച്ച ഭൂരിപക്ഷം പേര്‍ക്കും എല്‍ദോ ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമായിരുന്നു. എല്‍ദോ അത്രമാത്രം ഭാഷയില്‍ നിന്ന് അന്ന് ഒറ്റപ്പെട്ടിരുന്നു.

 

..................................

Read more : മരിച്ചവരെക്കുറിച്ച് പറയുമ്പോള്‍ അയാള്‍ , പ്രദീപ് ഭാസ്‌കര്‍ എഴുതിയ കഥ
..................................

 

10. 

ഈ ചരമ വാര്‍ത്തയില്‍ ഒരു വസ്തുതാപരമായ തെറ്റുണ്ട്, അലോഷ്യസ്. മേരി ചാക്കോ പറഞ്ഞു.

സാധാരണ കുഞ്ഞിക്കണാരാട്ടന് ഒരു തെറ്റു സംഭവിക്കാറുള്ളതാണ്. ഏതു വാര്‍ത്തയിലും. അലോഷ്യസ് ചിരിക്കാന്‍ മറന്നു പോയിരുന്നു.

അവിവാഹിതനാണ്. എന്നാല്‍ എട്ടു മക്കളുണ്ടെന്നും പറയുന്നു. പൊരുത്തക്കേടില്ലാതില്ല.

അതില്‍ പൊരുത്തക്കേടില്ല, എല്‍ദോ ഔതയെക്കുറിച്ചുള്ളതാവുമ്പോള്‍. അലോഷ്യസ് പറഞ്ഞു.

അതെന്ത്? മേരി ചാക്കോയുടെ പുരികങ്ങള്‍ വീണ്ടും വളഞ്ഞു.

എല്‍ദോ ഒരിക്കലും പറയരുത് എന്നു പറഞ്ഞ രണ്ടാമത്തെ ആ രഹസ്യമായിരുന്നു അത്. തനിക്ക് പലരിലായി എട്ടു മക്കളുണ്ട് എന്നത്. 

വൗ...മേരി ചാക്കോ വിസ്മയിച്ചു. ഇനി നാളെ ഇതിനു തിരുത്തുമായി വരുമായിരിക്കുമോ ആരെങ്കിലും ?

അതും പറഞ്ഞു എല്‍ദോ അന്ന്. ആരും അവകാശം ഉന്നയിക്കില്ല. ഞാന്‍ ആര്‍ക്കും അവകാശമില്ലാത്തവനായാവും ഭൂമിയില്‍ നിന്നു മടങ്ങുന്നത്.

അതില്‍ അത്ഭുതമില്ല. അലോഷ്യസ് തന്നോടുതന്നെ പറഞ്ഞു. ആരുടെയൊക്കെ കൂടെക്കിടന്നിട്ടുണ്ട് ആ ഒറ്റയാന്‍. പേടിയിലും ഭാവനയിലും ഒരു വിലക്കുമില്ലായിരുന്നു.

 

......................................

Read more: മേയറെ പേടിപ്പിച്ചാല്‍ മതി, കരുണാകരന്‍ എഴുതിയ കഥ 
......................................

 

11.

കുഞ്ഞിക്കണാരാട്ടന്റേതായി എത്തിയ ആ ചരമവാര്‍ത്ത അലോഷ്യസ് മൂച്ചൂടും തിരുത്തി. ഇന്‍ട്രോ ഇങ്ങനെ ആയിരുന്നു. 

എടയാടി : മലയാളത്തെ എക്കാലത്തും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന ഡിറ്റക്ടീവ് ലാല്‍ രഞ്ചന്‍ എന്ന എല്‍ദോ ഔത ( 86 ) അന്തരിച്ചു. 

ഡിറ്റക്ടീവ് ലാല്‍ രഞ്ചന്‍ നിര്യാതനായി എന്ന തലക്കെട്ടില്‍ ചരമ വാര്‍ത്ത കമ്പോസിങ് മുറിയിലേക്കു വിട്ടു. 

click me!