വണ്ടര്‍ വുമണ്‍, കെ വി പ്രവീണ്‍ എഴുതിയ കഥ

By Vaakkulsavam Literary Fest  |  First Published Feb 23, 2021, 5:10 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് കെ വി പ്രവീണ്‍ എഴുതിയ കഥ


ആര്‍ക്കും എവിടെനിന്നും കാണാവുന്ന കണ്ണാടിവീടുകളില്‍ താമസിക്കുന്ന മനുഷ്യര്‍, അതിനുള്ളിലും സ്വകാര്യമെന്നുകരുതി കൊണ്ടുനടക്കാന്‍ ശ്രമിക്കുന്ന ജീവിതത്തിലേക്ക് തുറന്നുവെച്ച സര്‍വെയിലന്‍സ് ക്യാമറാ ദൃശ്യങ്ങളാണ് കെ. വി പ്രവീണിന്റെ കഥകള്‍. സദാ നിരീക്ഷണത്തില്‍ കഴിയുമ്പോഴും അതൊന്നും ഗൗനിക്കാതെ, സ്വകാര്യതയുടെ ആഘോഷങ്ങളില്‍ തിമിര്‍ക്കുന്ന മനുഷ്യരുടെ പല മാതിരി വേവലാതികളാണ് അതില്‍. നവസാങ്കേതികതയും ഉദാരവല്‍കരണ നയങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തിയ ആഗോളവല്‍ക്കരണാനന്തര ജീവിതത്തിന്റെ സങ്കീര്‍ണ്ണമായ സ്വത്വപ്രതിസന്ധികള്‍ നമുക്കതില്‍ വായിച്ചെടുക്കാം. ഒരു സംഭാഷണത്തില്‍ പ്രവീണ്‍ പറയുന്നത് പോലെ, 'അധികാരം, ഓര്‍മ്മ, ടെക്‌നോളജി എന്നീ മൂന്ന് ബിന്ദുക്കളെ യോജിപ്പിക്കുന്ന ഒരു ത്രികോണം' തന്നെയാണ് ആ ജീവിതം. അതിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയും വായിക്കുകയും ചെയ്യുന്നൊരാള്‍ സഹജീവികളോട് പറയുന്ന അടക്കംപറച്ചിലായി പ്രവീണിന്റെ രചനാലോകത്തെ വായിച്ചെടുക്കാം. 

ജീവിതമെന്ന് നാം വിളിക്കുന്ന ഇടത്തിനുവെളിയില്‍ മറ്റൊരു അപരജീവിതം രഹസ്യമായും പരസ്യമായും സൂക്ഷിക്കാന്‍ തത്രപ്പെടുന്നവരുടെ കാലവും ദേശവുമാണ് പ്രവീണിന്റെ കഥകളില്‍. അതില്‍ കുടുംബങ്ങളുണ്ട്. അതിനകത്ത് മനുഷ്യര്‍ കഴിയുന്ന രഹസ്യവും പരസ്യവുമായ ജീവിതങ്ങളും അതുണ്ടാക്കുന്ന സംഘര്‍ഷങ്ങളുമുണ്ട്. ഭൂമിയുടെ ഭാഷ മനസ്സിലാവാതെ അന്യഗ്രഹജീവികള്‍ക്കൊപ്പം പലായനം ചെയ്യാന്‍ വിധിക്കപ്പെടുന്ന കുട്ടികളുണ്ട്. ഏകാന്തത കൊണ്ട് വിഭജിക്കപ്പെട്ട അവരുടെ മനസ്സുകളെ ചലിപ്പിക്കുന്ന ബിന്ദുവാണ് ഇവിടെ സാങ്കേതികത. ഇതെല്ലാം ചേരുന്നൊരു വ്യവസ്ഥ പുതിയ കാലവും. അവിടെ ഓര്‍മ്മകള്‍, നമുക്ക് പരിചയമുള്ള വൈകാരികതയുടെ ആവാസവ്യവസ്ഥയല്ല.  അധികാരം ഏറ്റവും സൂക്ഷ്മാര്‍ത്ഥത്തില്‍ മാത്രം വിനിമയം ചെയ്യപ്പെടുന്ന ഒരിടവും. ഈ ലോകത്തെ പകര്‍ത്താന്‍ പ്രവീണ്‍ പോവുന്നത് ഭ്രമാത്മകതയുടെ ആഖ്യാന വഴികളിലേക്കല്ല. മറിച്ച്, റിയലിസ്റ്റിക്കായ, ലളിതമെന്ന പ്രതീതി ജനിപ്പിക്കുമ്പോഴും വഴുക്കുന്ന, സങ്കീര്‍ണ്ണമായ അടരുകളെ അകമേ കൊണ്ടുനടക്കുന്ന ആഖ്യാന സാധ്യതകളിലേക്കാണ്. എന്നാല്‍, അത് നമുക്ക് സുപരിചിതമായ, അനായാസത കൊണ്ട് വലനെയ്ത ആഖ്യാനമല്ല. ഒരു നിമിഷം, നമ്മള്‍ ചവിട്ടി നില്‍ക്കുന്നത് ഏത് പ്രതീതി ലോകത്തിലേക്കാണെന്ന അമ്പരപ്പ് ബാക്കിയാക്കുന്ന ഒരു മിന്നലലയാണ്. 

Latest Videos

 

 

മാലാഖമാര്‍ മൂന്നു പേരുമുണ്ടായിരുന്നു. കാമറോണ്‍ ഡിയസും, ഡ്രൂ ബാരിമോറും, ലൂസി ലൂവും. സൗന്ദര്യവും, ബുദ്ധിയും, മെയ്വഴക്കവും തികഞ്ഞ ഹോളിവുഡ് നായികമാര്‍. സ്പീക്കര്‍ ഫോണിലൂടെ മാത്രം കേള്‍ക്കുന്ന ചാര്‍ലിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, മാലാഖമാര്‍ ക്രീപി തിന്മാരന്‍ തട്ടിക്കൊണ്ടു പോയ എറികിനെ കണ്ടെത്തുകയും, വില്ലന്മാരെ കൊലപ്പെടുത്തുകയും ചെയ്തു. പശ്ചാത്തലത്തില്‍ മനോഹരമായ ഗോഥിക് കെട്ടിടങ്ങളും, നീലയും പച്ചയും കലര്‍ന്ന കടലും, കണ്ണഞ്ചിപ്പിക്കുന്ന രാത്രി നഗരങ്ങളും മാറി മാറി വന്ന് ഒടുക്കം ഹെലികോപ്റ്റര്‍ പൊട്ടിത്തെറിച്ചപ്പോള്‍ സ്വപ്നത്തിന്റെ ക്ലൈമാക്‌സായി. അവസാനം ചാര്‍ലി മാലാഖമാര്ക്കു  മുന്നില്‍ പ്രത്യക്ഷപ്പെടാതിരുന്നത് പക്ഷെ ശരിയായില്ല. ഒന്നുമില്ലെങ്കിലും അയാള്‍ക്കു വേണ്ടി ജീവന്‍ പണയം വെച്ചവരല്ലേ? എങ്കിലും ചാര്‍ലിക്കു വേണ്ടതെന്തെന്ന് മാലാഖമാര്‍ക്ക്  അറിയാം. ഒരിക്കലും അയാളെ കണ്ടിട്ടില്ലെങ്കിലും. 

എന്റെയും മെര്‍ലിന്റെയും കാര്യത്തില്‍ തിരിച്ചായിരുന്നു. ബാബേല്‍ ഗോപുരത്തിലായിരുന്നു ഞങ്ങളുടെ താമസം. എന്റെ ഭാഷ അവള്‍ക്കും അവളുടെ ഭാഷ എനിക്കും പിടി കിട്ടിയില്ല. അവള്‍ എന്നെ വിട്ട് പോയതും അതുകൊണ്ടൊക്കെ തന്നെ. അവളെ ഏതോ ആക്ഷന്‍ ഹീറോയിന്‍ ആക്കാന്‍ നോക്കുന്നെന്നായിരുന്നു ഒരു പരാതി-- കിടപ്പു മുറിയില്‍ സിഗരറ്റു കടിച്ചു പിടിക്കാനും, ചാട്ടവാറ് ചുഴറ്റാനും, ലെതര്‍ ബൂട്‌സിടാനും ഒക്കെ പറഞ്ഞെന്ന്... 

'female of the species is more deadly than the male' എന്ന ബെഡ് റൂം പോസ്റ്ററില്‍ നിന്ന് കാട്ടുപൂച്ച അതിന്റെ  ലേസര്‍ കണ്ണുകള്‍ കൊണ്ട് എന്നെ നോക്കി. 

ഒരു കാരണവശാലും തന്നെ അന്വേഷിച്ച് വരരുതെന്ന് കുറിപ്പെഴുതി വെച്ച് മെര്‍ലിന്‍ പോയതിനു തലേ രാത്രിയില്‍ ഏകദേശം മൂന്നു മണിക്ക് ഞാന്‍ വെളളം കുടിക്കാന്‍ എഴുന്നേറ്റപ്പോള്‍ അവള്‍ കിടക്കയിലില്ലായിരുന്നു. തന്റെ  വെളുത്ത, നീളന്‍ നിശാവസ്ത്രത്തില്‍, കാറ്റിലിളകുന്ന മുടിയുമായി ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്നു. ഞാന്‍ കണ്ണുകള്‍ തിരുമ്മി എഴുന്നേറ്റതും അവള്‍ അകത്തേക്ക് വന്നു. ഇരുപതാം നിലയിലുളള ഞങ്ങളുടെ ഫ്‌ളാറ്റിനു നേരെ എതിര്‍ വശത്തുളള ബില്‍ഡിംഗിലേക്ക് അവള്‍ വിരല്‍ ചൂണ്ടി. ഞാന്‍ നോക്കിയെങ്കിലും ആരെയും കണ്ടില്ല. പക്ഷെ, ആ ഫ്‌ളാറ്റിലെ മുറിക്കുളളില്‍ ആരോ ഉറങ്ങാതിരിപ്പുണ്ടെന്ന് സൂചിപ്പിച്ചു കൊണ്ട് വെളിച്ചമുണ്ടായിരുന്നു. 

''അവിടെ ഒരു സ്ത്രീ ഉണ്ട്. പത്തമ്പതു വയസ്സായിക്കാണും. കഴിഞ്ഞ രണ്ടാഴ്ച്ചയായി മിക്ക ദിവസങ്ങളിലും രാത്രി അവരുടെ ബാല്‍ക്കണിയില്‍ വന്നു താഴേക്കു നോക്കിക്കൊണ്ട് കുറേ നേരം നില്‍ക്കും. എന്തോ തീരുമാനമെടുക്കാന്‍ ധൈര്യമില്ലാത്തതു പോലെ...'' മെര്‍ലിന്‍ പറഞ്ഞു.
അവള്‍ പാതി ഉറക്കത്തിലായിരുന്നെന്ന് എനിക്കു തോന്നി. മറ്റു പല കാര്യങ്ങളിലുമെന്നതു പോലെ,അവളുടെ അസമയത്തുളള ബാല്‍ക്ക ണിയിലെ നില്‍പ്പിനെക്കുറിച്ചോ അപ്പുറത്തെ ഫ്‌ളാറ്റിലെ സ്ത്രീയെക്കുറിച്ചോ ഞാന്‍ കൂടുതലൊന്നും ചോദിച്ചുമില്ല. 

...

ഓഫീസില്‍ എത്തിയപ്പോള്‍ പുതുതായി ജോയിന്‍ ചെയ്ത പ്രോജക്റ്റ് മാനേജരെക്കുറിച്ചുളള വാര്‍ത്തകള്‍ കോഫി മെഷീനു ചുറ്റും ചിതറി വീഴുകയായിരുന്നു. സ്റ്റാമ്പുകളും കോയിനുകളും പോലെ മനുഷ്യരെ ശേഖരിക്കലാണ് തന്റെ ഹോബിയെന്ന് അവകാശപ്പെടുന്ന ഡാറ്റാ അനലിസ്റ്റ് അവാന്തിക പെട്ടെന്ന് തന്നെ എനിക്കു വേണ്ടി കഥാസംഗ്രഹം നടത്തി. 

''ഓകെ...ആദ്യം പേരില്‍ നിന്നു തന്നെ തുടങ്ങാം. ഗീത രമേഷ്. ഇന്‍ഫോസിസിലായിരുന്നു കുറേക്കാലം. എ സ്റ്റാര്‍ പെര്‍ഫോമര്‍. ഓഫീസിലെ ഇംഗ്ലീഷൊന്നും നോക്കണ്ട. നല്ല മണി മണി പോലെ മലയാളം പറയും... പിന്നെ, കഴിഞ്ഞ ഒരു വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയാണ്. എന്തൊക്കെയോ മേജര്‍ പ്രോബ്ലംസ്. ഒരു ആറു വയസ്സുകാരി മോളും ഉണ്ട്. കണ്ടിടത്തോളം ആള്‍ ഇത്തിരി മുറ്റാണ്. മുമ്പ് ജോലി ചെയ്തിടത്ത് ഹരാസ്‌മെന്റിനു പരാതി നല്‍കി ബോസിന്റെ ജോലി വരെ തെറിപ്പിച്ചിട്ടുണ്ട്. അതു കൊണ്ട് നോക്കിയും കണ്ടും നിന്നാല്‍ എല്ലാവര്‍ക്കും  കൊളളാം...റിപ്പോര്‍ട്ടിംഗ് ലൈവ് ഫ്രം ദ ഐ ടി കോറിഡോര്‍...''-അവാന്തിക ഞങ്ങളുടെ അഭിനന്ദനം പ്രതീക്ഷിച്ചെന്നോണം തല കുനിച്ചു. ഞാന്‍ അവളുടെ ചുമലില്‍ തട്ടി.

അല്പം മാറിയുളള ചെറിയ കോണ്‍ഫ്രന്‍സ്  റൂമില്‍ ഗീത, നെറ്റിയിലേക്കുയര്‍ത്തിയ സണ്‍ഗ്ലാസും, ജീന്‍സും, കഴുത്തില്‍ ഉണങ്ങിയ മുന്തിരിങ്ങ പോലുളള എന്തോ കോര്‍ത്തുണ്ടാക്കിയ മാലയും ഒക്കെയായി ഹീല്‍സിട്ട കാലുകള്‍ ഒന്നിനു മേല്‍ മറ്റൊന്ന് കയറ്റി വച്ച്, ഫോണില്‍ കണ്ണും നട്ട് ഇരിപ്പുണ്ടായിരുന്നു. ആ ഇരുപ്പില്‍ നിന്ന് അവള്‍ക്ക് ഏറിയാല്‍ എന്നെക്കാള്‍ രണ്ടു വര്‍ഷം കൂടുതല്‍ പ്രായമേ ഉണ്ടാവുകയുളളൂ എന്ന് ഞാന്‍ ഊഹിച്ചു. 

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ സീനിയര്‍ മാനേജര്‍ രാമമൂര്‍ത്തി  വന്ന് ഗീതയെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഔപചാരികമായി പരിചയപ്പെടുത്തി. കോഫി മഗുകളുമായി ചുറ്റും നിന്ന്, ഇതിനകം ഞങ്ങള്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ഗീതയില്‍ നിന്ന് ആദ്യം കേള്‍ക്കുന്നതു പോലെ അഭിനയിച്ച്, ഞങ്ങള്‍ അവളെ ആവശ്യത്തില്‍ കൂടുതല്‍ ആവേശത്തോടെ സ്വാഗതം ചെയ്തു. ഇതു പോലുളള ചടങ്ങുകളിലൊന്നും തനിക്ക് താല്‍പര്യം ഇല്ലെന്ന മുഖഭാവത്തില്‍ ഗീത നിന്നു.  അവള്‍ ജോലിയുടെ സ്വഭാവത്തെക്കുറിച്ച് ഒരു ചോദ്യം തികഞ്ഞ ആത്മവിശ്വാസത്തോടെ ഞങ്ങളെ എല്ലാവരെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു. നായികാസ്വഭാവമുളള സ്ത്രീകളോടു തോന്നാറുളള ആ വികാരം പതുക്കെ എന്റെ ഉളളില്‍ തിരയടിച്ചു തുടങ്ങി.

''ഇന്ന് ജോലിക്കു ചേര്‍ന്ന എംപ്ലോയിയോട് പറയാന്‍ പാടില്ലാത്തതാണ്. എന്നാലും പറയാം,'' ഗീതയുടെ കാര്യമാത്ര പ്രസക്തമായ ചോദ്യത്തിന് അനാവശ്യമായ തമാശ ചാലിച്ച് ഞാന്‍ മറുപടി പറഞ്ഞു തുടങ്ങി. ''ഔട്ട് സോഴ്‌സിംഗ് പച്ചപിടിച്ചതോണ്ട് നമുക്കിവിടെ ഭാരിച്ച പണികളൊന്നുമില്ല. ശമ്പളം മാത്രം വാങ്ങിച്ചാല്‍ മതി! പിന്നെ, എപ്പോഴാ നമ്മളെയൊക്കെ തായ്വാനിലേക്കും ചൈനയിലേക്കും പറഞ്ഞു വിടുന്നതെന്നൊന്നും പറയാന്‍ പറ്റില്ല. ജോലി മുഴുവന്‍ അങ്ങോട്ട് പോവുകയല്ലേ? അവിടെ എല്ലാ വീട്ടിലും കമ്പ്യൂട്ടറും സെല്‍ഫോണും ഉണ്ടാക്കുന്നെന്ന്. എന്താ എഫിഷ്യന്‍സി? എത്രയാ പ്രൊഡക്ഷന്‍ കോസ്റ്റ് ലാഭം! അല്ല, മാനേജ്‌മെന്റിനെയും പറഞ്ഞിട്ട് കാര്യമില്ല...''

ഗീതയുടെ മുഖത്ത് ഉണ്ടായിരുന്ന ചെറു ചിരി മാഞ്ഞു.

''അങ്ങനെയൊക്കെ പറയാം. പക്ഷെ അവിടുത്തെ ജീവനക്കാരുടെ കാര്യമൊക്കെ വലിയ കഷ്ടമാ. പതിനെട്ടു മണിക്കൂര്‍ ഒക്കെ ദിവസം പണിയെടുക്കണം. നിങ്ങള്‍ പറഞ്ഞ തായ്വാനിലെ കമ്പനിയില്‍ മാത്രം ഇതിനിടെ പതിനെട്ട് ഐ ടി ജീവനക്കാരാ ബില്‍ഡിംഗിന്റെ മോളില്‍ നിന്ന് താഴേക്ക് ചാടി മരിച്ചത്. മോശപ്പെട്ട ജോലി സാഹചര്യങ്ങള്‍ കാരണം. അതില്‍ കുറേ പെണ്ണുങ്ങളും..''

ഞങ്ങളില്‍ ചിലര്‍ക്ക്  അറിയുമായിരുന്നെങ്കിലും സൗകര്യപൂര്‍വ്വം അവഗണിച്ചിരുന്ന ആ വിഷയം പൊന്തി വന്നതോടെ സ്വാഗത യോഗത്തില്‍ കല്ലു കടിച്ചു. പതുക്കെപ്പതുക്കെ ഞങ്ങള്‍ ഓരോരുത്തരും ക്യുബിക്കിളുകളിലേക്ക് പിരിഞ്ഞു പോയി.

...

ഗീത മുറ്റ് മാത്രമല്ല, മറ്റ് പലതുമാണെന്ന തോന്നലില്‍ ഞാന്‍ തുടര്‍ന്നുളള സൗഹൃദശ്രമങ്ങള്‍ ഉപേക്ഷിച്ചതായിരുന്നു. പക്ഷെ ഒരു ദിവസം രാത്രി ബാഗും ബാന്‍ഡേജും ഒക്കെയായി ഓഫീസില്‍ നിന്നു പുറത്തേക്കിറങ്ങുമ്പോള്‍ ഗീത അവളുടെ സീറ്റിലിരുന്ന് കണ്ണു തുടക്കുന്നത് കണ്ടു. ഒറ്റയ്ക്ക് കരയാന്‍ വിടുന്നതല്ലേ ഉചിതം എങ്കിലും അത് മനുഷ്യപ്പറ്റായി വ്യാഖ്യാനിക്കപ്പെടുമോ, സൗഹൃദം സ്ഥാപിക്കാന്‍ ഇതൊരു നല്ല അവസരമല്ലേ എന്നൊക്കെ ഒരേ സമയം ആലോചിച്ച് കൊണ്ട് ഞാന്‍ പതുക്കെ ചില്ലു വാതില്‍ തളളിത്തുറന്ന് അവളുടെ ക്യാബിനിലേക്ക് പ്രവേശിച്ചു. 

''ഈസ് എവരിതിംഗ് ആള്‍റൈറ്റ് ഗീത?''

ഗീത ഒട്ടും പരിഭ്രമമില്ലാതെ, സമയമെടുത്ത് മുഖം വീണ്ടും തുടച്ച ശേഷം കര്‍ചീഫ് ഹാന്‍ഡ ്ബാഗില്‍ തിരുകി എന്റെ കണ്ണുകളിലേക്കു തന്നെ നോക്കിയിട്ട് ചോദിച്ചു: ''സെല്‍ഫ് ഡിഫന്‍സ് ആയിട്ട് ഒരാളെ കൊലപ്പെടുത്തിയാല്‍ വലിയ ശിക്ഷയൊന്നും കിട്ടില്ല. അല്ലേ?'' 

കണ്ടു കൊണ്ടിരുന്ന റൊമാന്റിക് സിനിമ ഇടക്കുവച്ച് പ്രേതകഥയായതുപോലെ ഞാന്‍ ഒന്ന് പകച്ചു. പിന്നെ, ഇതൊരു വെല്ലുവിളിയാണെന്ന മട്ടില്‍ തമാശയിലേക്ക് തിരിഞ്ഞു.

''അയ്യോ എന്നെ കൊല്ലുകയൊന്നും വേണ്ട, ഞാനിപ്പോള്‍ ജോലിയൊക്കെ നന്നായി ചെയ്യുന്നുണ്ട്! സംശയമുണ്ടെങ്കില്‍ കസ്റ്റമറോട് ചോദിച്ചു നോക്കാം.''

''എനിക്കറിയാം. ഒരു ആറു വയസ്സുകാരിയുടെ സുരക്ഷ കൂടി കണക്കിലെടുത്താണെന്നു വരുമ്പോള്‍ ഒരു തെറ്റും പറയാനാവില്ല. നിയമത്തിനായാലും ലോകത്തിനായാലും.''

ഗീത എന്റെ മുഖത്തു നിന്നും കണ്ണുകളെടുത്ത് പുറത്തേക്ക് നോക്കി. എന്നോട് അഭിപ്രായം ചോദിക്കുകയായിരുന്നില്ല, മറിച്ച് അറിയാമായിരുന്ന ഉത്തരം സ്വയം ഉറപ്പു വരുത്തുകയായിരുന്നു അവളെന്ന് എനിക്കു തോന്നി.

ഇതൊരു തമാശയാണെന്ന സാധ്യത ഇനിയും നഷ്ടപ്പെട്ടിട്ടില്ലെന്ന് വിശ്വസിച്ചു കൊണ്ട് ഗീത കൊലപ്പെടുത്താന്‍ സാധ്യതയുള്ളവരുടെ ഒരു ലിസ്റ്റ് ഞാന്‍ സങ്കല്‍പിക്കാന്‍ ശ്രമിച്ചു.

''അല്ല, ഈ കൊലപാതകം എന്നൊക്കെ പറയുന്നത് എക്‌സ്ട്രീം കേസല്ലെ? നമുക്ക് സംസാരിച്ച്ഒരു ഒത്തുതീര്‍പ്പില്‍ എത്തിയാല്‍ പോരേ? എന്തിനും പരിഹാരമുണ്ടെന്നാണല്ലോ..''

ഇപ്പോള്‍ ഗീത എന്നെ നോക്കി ഒരു തമാശ കേട്ടതു പോലെ ചിരിക്കാന്‍ തുടങ്ങി. 

''ഗ്രോ അപ്പ് മാന്‍...ഗ്രോ അപ്പ്.'' 

അവളുടെ ചിരി ഞങ്ങളൊഴിച്ച് മറ്റാരും ഇല്ലാത്ത ഓഫീസിനുളളില്‍ പിന്നെയും കുറേ നേരം മുഴങ്ങി. ജീവിതത്തില്‍ ഇതു വരെ ഒരടിപിടിയില്‍ പോലും പങ്കുചേര്‍ന്നിട്ടില്ലാത്ത ഞാന്‍ പരുങ്ങി. മനുഷ്യസ്‌നേഹിയായി ഗീതയുടെ കാബിനിലേക്ക് കടന്നുവരാന്‍ തോന്നിയ നിമിഷത്തെ പഴിച്ചു. 

അന്നു രാത്രി ഗീത എന്റെ ഉറക്കത്തില്‍ വന്നു. അവളുടെ കൈത്തലത്തില്‍ കൃത്യമായി ഒതുങ്ങുന്ന ഒരു കൈത്തോക്കുമായി. കാഞ്ചി വലിക്കാനായി പ്രത്യേകം നിര്‍മ്മിക്കപ്പെട്ട അവളുടെ വിരലുകള്‍ പല തവണ നിറയൊഴിച്ചു. ഒന്നു പോലും ലക്ഷ്യം തെറ്റിയില്ല. എല്ലാം എന്റെ ഹൃദയം തുളച്ചു കൊണ്ട് പുറത്തു കടന്നു...

...

ആദ്യത്തെ ഏറ്റുമുട്ടലില്‍ തന്നെ എന്നെ വെടിവച്ചിട്ട, കൊലപാതകത്തിന് പദ്ധതിയിട്ട് നടക്കുന്ന ഗീതയില്‍നിന്ന് പരമാവധി മാറി നടക്കുന്നതിനു പകരം പക്ഷെ, എന്റെ മനസ്സ് മരണാഭിനിവേശം പോലെ അവളിലേക്ക് കൂടുതല്‍ കൂടുതല്‍ ചാഞ്ഞുകൊണ്ടിരുന്നു. അല്ലെങ്കിലും, എന്നെ നിയന്ത്രിക്കുകയും ഇടക്ക് ഉപദ്രവിക്കുകയും, വേണ്ടി വന്നാല്‍ രക്ഷിക്കുകയും ഒക്കെ ചെയ്യുന്ന പെണ്ണുങ്ങളെയാണല്ലോ എന്റെ വിചിത്ര മനസ്സ് എപ്പോഴും സ്വപ്നംകാണാറ്...

മറ്റൊരു ദിവസം വൈകുന്നേരം ഞാന്‍ ഹംഗര്‍ ഗെയിംസിന്റെ രണ്ടാം ഭാഗം കളിച്ചു കൊണ്ട് ഫ്‌ളാറ്റില്‍ ഇരിക്കുമ്പോള്‍ ഗീതയുടെഫോണ്‍വന്നു. ആരില്‍ നിന്നോ എന്റെ നമ്പര്‍ ഗീത കൈവശപ്പെടുത്തിയെന്ന വെളിപാടില്‍ തന്നെ ത്രില്ലടിച്ച ഞാന്‍ ഫോണുമായി ചാടിയെഴുന്നേറ്റു.
 
''ബീച്ചിനടുത്തുളള ബസ് സ്‌റ്റോപ്പ് വരെ ഒന്നുവരാമോ? എന്റെ വണ്ടി ബ്രേക്ക് ഡൌണായിപ്പോയി'' അവള്‍ കടലിന്റെ ശബ്ദത്തില്‍ പറഞ്ഞു. 

ഞാന്‍ സ്‌കൂട്ടറില്‍ സ്ഥലത്തെത്തുമ്പോഴേക്കും ഇരുട്ട് വീഴാന്‍ തുടങ്ങിയിരുന്നു. 

കടല്‍ക്കാറ്റേറ്റ് കുളിരു തോന്നിയതുകൊണ്ടാണോ അതോ ഒറ്റയ്‌ക്കൊരു പെണ്ണിനെ കണ്ട് ചില ജിജ്ഞാസുക്കള്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നത് കാരണമാണോ എന്നറിയില്ല, ഗീത ദുപ്പട്ട കൊണ്ട് തലയും കഴുത്തും മൂടിയിരുന്നു. 

''എന്താ ഈ സമയത്ത് ഇവിടെ?'' ഞാന്‍ പരിഭ്രമത്തോടെ ചോദിച്ചു. 

''ബീച്ചില്‍ പോയതാ. നേരം ഇരുട്ടിയത് അറിഞ്ഞില്ല. ടാക്‌സിയൊന്നും കിട്ടുന്നുമില്ല.''

''ഒറ്റക്കോ?'' 

''അതെന്താ പെണ്ണുങ്ങള്‍ക്ക് ഒറ്റക്ക ്ബീച്ചില്‍ പോയിക്കൂടെ?'' 

''അതല്ല. ചോദിച്ചൂന്നേ ഉള്ളൂ.''

''നിന്റെ ഈ പഴയ സ്‌കൂട്ടര്‍ എനിക്കിഷ്ടമായി. ഞാന്‍ ഓടിച്ചു നോക്കട്ടേ?'' എന്റെ സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ കൈയോടിച്ചു കൊണ്ട് ഗീത ചോദിച്ചു. ഞാന്‍ തല കുലുക്കി. 

സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ ഗീതയെ തൊട്ടും തൊടാതെയും ഞാന്‍ കയറി. മഞ്ഞ വെളിച്ചം വീണ നഗരത്തിലൂടെ, വാഹനങ്ങള്‍ക്കിടയിലൂടെ വിദഗ്ധമായി അവള്‍ സ്‌കൂട്ടര്‍ പായിച്ചു. കാറ്റില്‍ അവളുടെ ഷാമ്പൂ തേച്ച മുടിയും വെളുത്ത ദുപ്പട്ടയുടെ തുമ്പും എന്റെ മുഖത്തുരസിക്കൊണ്ടിരുന്നു. നേരം വെളുക്കുന്നതു വരെ ഓടിച്ചാലും അവള്‍ക്കിറങ്ങേണ്ട സ്ഥലം എത്തരുതേ എന്ന് പ്രാര്‍ത്ഥിച്ച് ഒരു കാന്തികവലയത്തില്‍ അകപ്പെട്ടതു പോലെ ഞാന്‍ അവളോട് പറ്റിച്ചേര്‍ന്നിരുന്നു. ദൂരക്കാഴ്ച്ചയില്‍, നിഴലുകള്‍ മാത്രം വെളിവാകുന്ന ഒരു ദൃശ്യമായി ഞങ്ങളുടെ യാത്ര നോക്കിക്കണ്ടാല്‍ അവള്‍ എന്നെ തട്ടിക്കൊണ്ടു പോകുന്നത് പോലെ ഉണ്ടാകുമായിരുന്നു.  
 
ഗീതക്കിറങ്ങേണ്ട സ്ഥലം എത്തിയപ്പോള്‍ ഞാന്‍ അവളില്‍ നിന്ന് സ്‌കൂട്ടര്‍ ഏറ്റെടുത്തു. നഗരത്തിരക്കില്‍ നിന്ന് മാറി വാഹനങ്ങള്‍ തീരെ കുറഞ്ഞ ഒരു റസിഡന്‍ഷ്യല്‍ ഏരിയയായിരുന്നു അത്.  

''ഗുഡ് നൈറ്റ്'' ഞാന്‍ പറഞ്ഞു. 

പെട്ടെന്ന്, ഒരു മുന്നറിയിപ്പുമില്ലാതെ ഗീത മുഖം അടുപ്പിച്ച് എന്റെ കവിളില്‍ ചുംബിച്ചു. ഒരു നിമിഷം തരിച്ച് പോയ ഞാന്‍ എന്തെങ്കിലും പറയും മുമ്പെ അവള്‍ നടന്നകന്നിരുന്നു. കുറച്ചു നേരം ഞാന്‍ അവളുടെ വെളുത്ത ഷാളിന്റെ അറ്റം മുഴുവനായും മറയുന്നത് നോക്കിനിന്നു. പിന്നെ പതുക്കെ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി എന്റെ ഫ്‌ളാറ്റിലേക്ക് തിരിച്ചു. വഴിയിലുടനീളം നിലാവു പോലെ ലിയനര്‍ഡൊ കോഹന്റെ വരികള്‍ എന്റെ തലയില്‍ കുരുങ്ങിക്കിടന്നു. 

You live your life as if it's real,
A Thousand Kisses Deep.

അതോടെയാണ് മെര്‍ലിനില്‍ നിന്ന് ഗീതയിലേക്കുളള എന്റെ മനസ്സിന്റെ കൂടുമാറ്റം ആരംഭിച്ചത്.

...

കാപ്പുച്ചീനോ, ഫ്രഞ്ച് വനില, എസ്‌പ്രെസ്സോ, കരമല്‍ എന്നൊക്കെയുളള പേരുകള്‍ മണമുയര്‍ത്തുുന്ന കഫേയില്‍ ഞങ്ങള്‍ ഇരുന്നു. തിരക്കു കുറവായിരുന്നു. അല്പം മാറി അര സീറ്റു തന്നെ ധാരാളമാണെന്ന മട്ടില്‍ പരസ്പരം ചേര്‍ന്നിരുന്ന് തവിട്ടും വെളുപ്പും നിറത്തിലുളള സ്‌കൂള്‍ യൂണിഫോമിട്ട ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും അടക്കം പറഞ്ഞ് ചിരിച്ചു കൊണ്ടിരുന്നു.  
 
''ഗീത, എനിക്ക് വന്നു വന്ന് നിന്നോട് പ്രേമമായി തുടങ്ങിയോ എന്നു സംശയം തോന്നുന്നു.'' 

''നീ എപ്പൊഴും ഏതോ മൂവിക്കകത്താ,അല്ലെങ്കില്‍ വീഡിയോ ഗെയിമിനുളളില്‍. അതാ അങ്ങനെയൊക്കെ തോന്നുന്നത്. നീ കാണുന്നതു പോലും എന്നെയാണെന്ന് എനിക്കു വിശ്വാസമില്ല.''

''സത്യം.എനിക്ക് ഏതു നേരോം നിന്റെ വിചാരാ.''

''ഇപ്പോ എനിക്കൊരു കാര്യം മനസ്സിലായി. നിനക്ക് ജീവിത്തെക്കുറിച്ചും അറിയില്ല.പ്രേമത്തെക്കുറിച്ചും അറിയില്ല.''

''എന്നാ ഗീത തന്നെ പറഞ്ഞു താ.''

''Every love story is a ghost story.'

''ഹാ, മനസ്സിലായില്ല.''

''അതൊന്നും പറഞ്ഞു മനസ്സിലാക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല. നേരിട്ട് കണ്ടും അനുഭവിച്ചും അറിയേണ്ട കാര്യങ്ങളാണ്. ഇനി അനുഭവിച്ചാലും ആണുങ്ങള്‍ക്ക്, പ്രത്യേകിച്ച് നിനക്ക് അതൊക്കെ മനസ്സിലാക്കാന്‍ ആവുമോ എന്നെനിക്കുറപ്പില്ല.''

ഗീതയുടെ നിലവാരത്തിനൊപ്പം ഉയരാന്‍ പറ്റാത്തതില്‍ എനിക്ക് വിഷമം തോന്നി. എന്തു പറയണമെന്നറിയാതെ ഞാന്‍ കോഫീ ഷോപ്പിന്റെ ചുമരില്‍ പതിച്ചിരുന്ന 'ലാറ ക്രോഫ്റ്റ്: ടൂം റൈഡര്‍' എന്ന ആഞ്ജലീന ജോലിയുടെ സിനിമാ പോസ്റ്റര്‍ നോക്കിയിരുന്നു.

''നാട്ടില്‍നിന്ന് ചിലര്‍ വന്നിട്ടുണ്ട്,'' കുറച്ചു കഴിഞ്ഞപ്പോള്‍ ഗീത പറഞ്ഞു. ''ഇവിടുത്തെ പുകിലൊക്കെ അറിഞ്ഞുകൊണ്ടുള്ള വരവാ. ഇനിയെല്ലാം അവര്‍ നോക്കിക്കോളും എന്നാണ് ഭീഷണി. ആരു വന്നാലും ശരി, എന്റെ മോളെ ഇനി എന്തെങ്കിലും ചെയ്താല്‍ പിന്നെ എന്റെ തനി നിറം എല്ലാരും കാണും...''

ആരെക്കുറിച്ചാണ് ഗീത പറയുന്നതെന്ന് ഞാന്‍ ചോദിച്ചില്ല. എന്താണ് ഇവിടുത്തെ പുകിലെന്നും അന്വേഷിച്ചില്ല. ചോദിച്ചാല്‍ അവള്‍ പറയാനുളള സാദ്ധ്യതയും ഇല്ല എന്ന് കൂട്ടിക്കോ. അല്ലെങ്കിലും ഈ ലോകത്തില്‍ നടക്കുന്ന പലതും കാണാതെയും കേള്‍ക്കാതെയും ഇരിക്കുന്നതാണ് നല്ലത്. വെളളത്തിനടിയില്‍ മറഞ്ഞ് കിടക്കുന്ന മഞ്ഞുകട്ടയുടെ ഭാഗങ്ങള്‍ അങ്ങനെ തന്നെ കിടക്കട്ടെ.

...

ഡിന്നറിനു വരുമെന്ന് ഗീത വിളിച്ചു പറഞ്ഞ ശനിയാഴ്ച്ച വൈകുന്നേരം മുഴുവന്‍ ഞാന്‍ അടുക്കളയിലായിരുന്നു. അവള്‍ക്കിഷ്ടമുളള ഫ്രൈഡ് റൈസും ചിക്കണ്‍ ചില്ലിയും, സാലഡും, കട്ലറ്റും ഒക്കെ ഉണ്ടാക്കി. സൂപ്പര്‍ മാര്‍ക്ക്റ്റില്‍ നിന്ന് വാങ്ങിച്ച വൈനും ഗ്ലാസുകളും മേശപ്പുറത്ത് എടുത്തു വച്ചു. മെര്‍ലിന്‍ ഉണ്ടായിരുന്നപ്പോള്‍ അപൂര്‍വ്വമായേ ഞാന്‍ അടുക്കളയില്‍ കയറിയിരുന്നുളളൂ. എന്റെ പാചക വാസനയൊന്നുംവലിയ കാര്യമായി അവര്‍ക്ക്  തോന്നിയിരുന്നില്ല. വേറെ എന്തെല്ലാം കാര്യങ്ങള്‍ കിടക്കുന്നു എന്ന മട്ടായിരുന്നു. സത്യത്തില്‍ ജീവിതത്തില്‍ അവള്‍ക്ക്  എന്താണ് പ്രധാനമായിരുന്നതെന്ന് എനിക്ക് അറിയുക പോലുമില്ല.

ഡിന്നര്‍ റെഡിയായപ്പോള്‍ ഞാന്‍ സോഫയില്‍ പാട്ടു കേട്ടു കൊണ്ടു കിടന്നു. 'ഡിന്നര്‍ മാതമല്ല, രാത്രി നിന്റെ കൂടെ താമസിക്കാനാ പ്ലാന്‍.' ഗീത പറഞ്ഞിരുന്നു. ഈ രാത്രിയോടു കൂടി മെര്‍ലിനുമായുളള അദ്ധ്യായം പൂര്‍ത്തിയാകുമെന്നും അവളെ മറക്കാന്‍ കഴിയുമെന്നും എനിക്കു തോന്നി. എന്റെ ചിന്തകള്‍ ഏറ്റു പിടിച്ചെന്ന പോലെ കോഹന്‍ പാടി.

The file on you complete,
Except what we forgot to do

...

വാതിലില്‍ മുട്ടു കേട്ടതും ഞാന്‍ വേഗം ചെന്ന് തുറന്നു. പ്രതീക്ഷിച്ചതു പോലെ ഗീതയായിരുന്നു. അവള്‍ എന്ന കടന്ന് ഒന്നും പറയാതെ മുറിക്കുളളിലേക്ക് കയറി. ആരില്‍ നിന്നോ രക്ഷപ്പെടാന്‍ ഓടിക്കയറിയതു പോലെ. അവളുടെ മുടി അലങ്കോലപ്പെട്ടു കിടന്നു. നെറ്റിയിലൊരു മുറിവ്. ടീഷര്‍ട്ട് അവിടവിടെ കീറിയും ചളി പുരണ്ടും ഇരിക്കുന്നു. കൈമുട്ടിലെ തൊലി പോയ ചുകന്ന പാടും കാണാം. 

''ഗീത, ഈസ് എവരിതിംഗ് ആള്‍റൈറ്റ്!''

''നോ,''ഗീത സോഫയില്‍ ഇരുന്നു കാലെടുത്ത് ടീപ്പോയില്‍ കയറ്റി വച്ചു.''എവരിതിംഗ് ഈസ് നോട്ട് ആള്‍്‌റൈറ്റ്.''

പിന്നെ, ബാഗില്‍ നിന്ന് ഫോണ്‍ എടുത്ത് മെസേജുകള്‍ പരിശോധിച്ചു തുടങ്ങി. സ്വയം പിറുപിറുത്തു. ''കുറച്ചു ദിവസം അവിടെ കിടക്കേണ്ടി വരുംന്നേ ഉളളൂ.അല്ലെങ്കിലും അങ്ങനെ എളുപ്പം ചാകുന്ന ഇനമൊന്നുമല്ല.''

''ആരുടെ...ആരുടെ കാര്യമാണ് ഗീത പറയുന്നത്?'' 

ഗീത ഫോണില്‍ നിന്ന് തലയുയര്‍ത്തിയ എന്നെ സൂക്ഷിച്ചു നോക്കി.

''അതുശരി, ഇപ്പോ അങ്ങനെയായോ? ആരെ വെടിവച്ചു കൊല്ലുന്ന കാര്യമാ ഇത്രയും ദിവസം ഞാന്‍ പറഞ്ഞോണ്ടിരുന്നത്?''
 
എന്റെ ദേഹത്തിലൂടെ ഒരു വിറയല്‍ പാഞ്ഞു. 

''നീ ഇത്ര പെട്ടെന്ന് മറന്നു പോയോ. മൈ പാര്‍ട്ണര്‍ ഇന്‍ ക്രൈം? എന്റെ വിരലുകള്‍ക്ക്  വേണ്ടി നീ പ്രത്യേകം നിര്‍മ്മിപ്പിച്ച ആയുധം? ഫ്‌ളീ മാര്‍ക്കറ്റിലെ നിന്റെ പരിചയക്കാരന്‍ വഴി സമ്പാദിച്ചത്? എല്ലാം ആരെ കൊല്ലാന്‍ വേണ്ടിയായിരുന്നു?''

ഇപ്പോള്‍ എനിക്കൂഹിക്കാം അവള്‍ ടീപ്പോയില്‍ വച്ചിരിക്കുന്ന മനോഹരമായ ആ ഗൂച്ചി ബാഗിനകത്തെന്തെന്ന്. 

''എന്താ,  ഒന്നും വേണ്ടായിരുന്നു എന്നു തോന്നുന്നുണ്ടോ.'' ഗീതയുടെ ശബ്ദത്തിന് മൂര്‍ച്ച കൂടി.

''ഗീത, എന്ത് വേണ്ടായിരുന്നെന്ന്? അതിന് ഞാനൊന്നും ചെയ്തില്ലല്ലോ. പിന്നെ പാര്‍ട്ണര്‍ ഇന്‍ ക്രൈം എന്നൊക്കെ വിളിക്കുന്നത്?''

''ഇല്ലേ, നീ ഒന്നും ചെയ്തില്ലേ?'' ഗീത എന്റെ അടുത്തേക്ക് വന്നു. അവളുടെ കണ്ണുകള്‍ പോസ്റ്ററിലെ കാട്ടു പൂച്ചയുടേതിനു സമം. ''എന്നെ മനസ്സു കൊണ്ടെങ്കിലും ക്രൈം ചെയ്യാന്‍ നീ പ്രേരിപ്പിച്ചില്ലേ? എനിക്ക് ആയുധം എത്തിച്ചു തരാന്‍ നീ ഒരുക്കമായിരുന്നില്ലേ?''

 ''ഗീത, തമാശ കളയ്. ഡിന്നറിനു വന്നിട്ട് എന്തൊക്കെയാണ് ഈ പറയുന്നത്?''

''ഇല്ല, നിനക്കറിയില്ല, ഒന്നും. അല്ലെങ്കില്‍ അറിയാന്‍ നീ ശ്രമിക്കുന്നില്ല. നിന്റെ കാമുകി ഒളിച്ചോടിപ്പോയിട്ട് ഇത്രയും കാലമായിട്ട് നീ അവളെക്കുറിച്ച് അന്വേഷിച്ചോ. പോട്ടെ, അവള്‍ ഇവിടെ കൂടെ ഉണ്ടായിരുന്നപ്പോ നീ ചോദിച്ചിരുന്നോ അവള്‍ക്ക്  എന്താ വേണ്ടതെന്ന്. ഇല്ല, നീ നിന്റെ സ്റ്റുപിഡ് ഫാന്റസി ലോകത്തായിരുന്നു. അല്ലേ?''

കാര്യങ്ങള്‍ ഇനി തിരിച്ച് വരാനാവാത്ത ഒരു അപകടമേഖലയില്‍ എത്തിയതു പോലെ എനിക്കു തോന്നി. പോയിന്റ് ഓഫ് നോ റിട്ടേണ്‍. 
ഗീത എഴുന്നേറ്റ് ഡൈനിംഗ് ടേബിളിനടുത്തേക്ക് ചെന്നു.അവളുടെ ജീന്‍സിന്റെ പിന്‍വശത്ത് കത്തികൊണ്ട് കീറിയ പോലുളള ഒരു പാട് ഞാന്‍ കണ്ടു.

''ഓ, ഗംഭീര ഡിന്നറാണല്ലോ ഒരുക്കിയിരിക്കുന്നത്. കാന്‍ഡിലിന്റെ കുറവു മാത്രമേ ഉളളൂ!''അവള്‍ ചിക്കണ്‍ ചില്ലി ഒരു കഷ്ണമെടുത്ത് രുചിച്ചു നോക്കി.വൈന്‍ ബോട്ടില്‍ തുറന്ന് രണ്ട് ഗ്ലാസിലായി ഒഴിച്ചു.ഒരെണ്ണം എനിക്കു കൊണ്ടു വന്നു തന്നു. 

അവളുടേത് ഒറ്റവലിക്ക് തീര്‍ത്ത്  ഗീത വീണ്ടും ഒഴിച്ചു. രണ്ടു കവിളായി അതും തീര്‍ത്തു. ഒപ്പമെത്താന്‍ എന്ന പോലെ ഞാനും കുടിച്ചു തുടങ്ങി.വീഞ്ഞ് ഭൂതകാലസ്മരണകള്‍ പോലെ ഞരമ്പുകളില്‍ പടര്‍ന്നു .

മദ്യം ഗീതയുടെ മൂഡ് അല്പം അയച്ചതു പോലെ. അവള്‍ സോഫയില്‍ ചെരിഞ്ഞിരുന്നു. മുടി ഒരു വശത്തേക്ക് വകഞ്ഞു മാറ്റി.

''എന്തായാലും നീ ഡിന്നര്‍ ഒക്കെ ഒരുക്കി കാത്തിരുന്നതല്ലേ. നമുക്ക് ഒരു ഗെയിം കളിക്കാം. എനിക്കിനി പഴയ ജീവിതത്തിലേക്ക് തിരിച്ച് പോകാനാവില്ല. അതിനു മുമ്പ് അല്‍്പം ഫണ്‍ ഒക്കെ ആകാം. എന്താ?''

ഗീത വൈന്‍ ബോട്ടില്‍ എടുത്ത് ഗ്ലാസിലേക്ക് ഒഴിക്കാന്‍ പോലും മിനക്കെടാതെ പിന്നെയും കുടിച്ചു. 

എന്റെ മനസ്സിന്റെ ഒരു പാതി, മുഴുവനായും ഫാന്റസി ലോകത്ത് അകപ്പെട്ടില്ലാത്ത പാതി, ഫ്‌ലാറ്റിനു പുറത്തേക്ക്, ഈ ബില്‍ഡിംഗിനു പുറത്തേക്ക്, ഈ നഗരത്തിനു പുറത്തേക്ക്  കടക്കുന്നതിനെക്കുറിച്ച് എന്നോട് പറഞ്ഞു കൊണ്ടിരുന്നു. അല്ലെങ്കില്‍ ആരെയെങ്കിലും വിളിച്ചു കൂട്ടുന്നതിനെക്കുറിച്ച്. പക്ഷെ അതിനെനിക്കറിയാവുന്ന ആരുണ്ട് ഈ ബില്‍ഡിംഗില്‍? ഈ നഗരത്തില്‍?

പക്ഷെ എന്റെ ഫാന്റസി പാതിക്ക് എവിടെയും പോകേണ്ടായിരുന്നു. ഗീത അവളുടെ ബാഗില്‍ നിന്ന് ഒരു കറുത്ത കര്‍ച്ചീഫുമായി വരുന്നത് അത് ആവേശം മിടിക്കുന്ന ഹൃദയത്തോടെ കണ്ടു. ഇന്ന് ആ രാത്രിയാണ്. എല്ലാ ഫാന്റസികളും പൂര്‍ത്തീ കരിക്കപ്പെടുന്ന രാത്രി. എനിക്ക് വല്ലാത്ത ഒരു ലാഘവം തോന്നി. ഇനിയങ്ങോട്ട് ഭൂതമോ ഭാവിയോ ഇല്ലാത്ത ഒരുവനെ പോലെ.

ഗീത ഇടറുന്ന ചുവടുകളോടെ പതുക്കെ നടന്ന് എന്റെ മുന്നില്‍ വന്ന് നിന്നു.

സമയമെടുത്ത് ഒരു നര്‍ത്തകിയുടെ ആംഗ്യ ചലനങ്ങളോടെ എന്റെ കണ്ണുകള്‍ തൂവാല കൊണ്ട് കെട്ടി. അവളുടെ മുടി എന്റെ തലയിലും മുഖത്തും ചിതറി വീണു. അവളുടെ മുലകളുടെ രക്തമണമുളള സാമീപ്യം. അവളുടെ കൈവിരലുകള്‍ എന്റെ തലയില്‍ നിന്ന്, കവിളിലൂടെ, നെഞ്ചിലൂടെ ഒഴുകിയിറങ്ങി. ഒരു വിര്‍ച്ച്വല്‍ റിയാലിറ്റി തീയേറ്ററിനകത്തെ അതേ വികാരങ്ങള്‍ ഞാന്‍ അനുഭവിച്ചു.

ഗീത അകലേക്ക്. അവളുടെ കാലുകളുടെ പതിഞ്ഞ ശബ്ദം പിരിഞ്ഞു പോകുന്നു.ഹാന്റ് ബാഗിന്റെ സിബ് തുറക്കുന്ന നേരിയ ശബ്ദം. ഞാന്‍ കാത്തിരുന്നു. ആകാംക്ഷയുടെ ഇരുട്ടില്‍ ഹൃദയം പൊട്ടിത്തെറിക്കുന്നതു പോലെ. 

ഇപ്പോള്‍ അവളുടെ പാദങ്ങള്‍ വീണ്ടും അടുത്തടുത്ത് വരുന്നു. എന്റെ നെറ്റിയില്‍ ഒരു ലോഹക്കുഴലിന്റെ സ്പര്‍ശദനം. അതിനു പിന്നില്‍ അവളുടെ നീണ്ട വിരലുകള്‍ രഹസ്യമൊരുക്കിയിട്ടുണ്ടാവണം. പതുക്കെപ്പതുക്കെ അത് എന്റെ മൂക്കിന്റെ പാലത്തിലേക്കിറങ്ങി, പിന്നെ ചുണ്ടുകളില്‍...ഒരായുധം. അതിനിയും താഴേക്ക് താഴേക്ക് സഞ്ചരിക്കുന്നു. എന്റെ നെഞ്ചില്‍, വയറ്റില്‍, അരക്കെട്ടില്‍.....

പേടിയും ഉദ്വേഗവും ആനന്ദവും ഒക്കെക്കൂടി കുഴഞ്ഞു മറിഞ ഒരു വിറയല്‍ എന്റെ ദേഹമാസകലം നിറഞ്ഞു. കുറേ നേരത്തെ തിരച്ചിലിനു ശേഷം ലോഹക്കുഴല്‍ എന്റെ നെഞ്ചില്‍ സ്ഥാനമുറപ്പിച്ചു.

''ഞാന്‍ ആരാണെന്ന് മനസ്സിലായോ?'' ഞാന്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ശബ്ദത്തില്‍ അവള്‍ ചോദിച്ചു. 

ഞാന്‍ ഇല്ലെന്ന് തലയാട്ടി.

''എനിക്ക് വെടിയുണ്ടകള്‍ തടുത്തു നിര്‍ത്താന്‍ കഴിയും. കെട്ടിടങ്ങള്‍ക്കു  മുകളിലൂടെ പറക്കാന്‍ കഴിയും. എനിക്ക് സ്വര്‍ണം കൊണ്ടുളള ബ്രേസ്ലെറ്റും മാന്ത്രിക ചാട്ടവാറും ഉണ്ട്. ജസ്റ്റിസ് ലീഗ് തുടങ്ങിയത് ഞാനാണ്. ബാറ്റ്മാനും സൂപ്പര്‍മാനുമൊപ്പം 1941-മുതല്‍ ഞാനുമുണ്ട് സ്ത്രീകള്‍ക്കും  കുട്ടികള്‍ക്കും  ദുര്‍ബലര്‍ക്കും  ഞാന്‍ എപ്പോഴും സംരക്ഷണം നല്‍കി വന്നു. എന്റെ കുരുക്കില്‍ പെടുന്നവര്‍ക്ക് സത്യം പറയാതെ നിവൃത്തിയില്ല...പറയൂ...ഞാനാരാണ്.''

'വണ്ടര്‍ വുമണ്‍!''

''ഗുഡ് ബോയ്!''

ലോഹക്കുഴല്‍ എന്റെ നെഞ്ചില്‍ നിന്നും അകന്നു. 

ഞാന്‍ ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ആനന്ദമൂര്‍ച്ഛയില്‍ തളര്‍ന്നു  കിടന്നു. അടുത്തതെന്തായിരിക്കുമെന്ന ആകാംക്ഷയോടെ കാത്തിരുന്നു. സെക്കന്‍ഡുകള്‍ കൊഴിഞ്ഞു വീണു.പിന്നെ മിനിട്ടുകള്‍. എന്റെ ക്ഷമ കുറേശ്ശയായി നശിച്ചു തുടങ്ങി. 

''ഗീത?'' ഞാന്‍ പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു. അവളുടെ സാമീപ്യം പിടിച്ചെടുക്കാനായി കാതുകള്‍ കൂര്‍പ്പിച്ചു. ഇല്ല. ഒന്നും കേര്‍ക്കുന്നില്ല. 

ഞാന്‍ കണ്ണിലെ കെട്ടഴിച്ചു.  മുന കൂര്‍ത്ത വെളിച്ചം കണ്ണിലേക്ക് തുളച്ചു കയറി. അതെ. എന്റെ ഫ്‌ളാറ്റിലെ മുറി തന്നെ. ഗീതയെ മാത്രം കാണാനില്ല. ബാല്‍ക്കണിയിലേക്കുളള വാതില്‍ തുറന്നു കിടക്കുന്നു. 

ഞാന്‍ കണ്ണുകള്‍ തിരുമ്മി പഴയൊരു ഓര്‍മ്മയില്‍ ബാല്‍ക്കണിയിലേക്കു ചെന്നു. അവള്‍ ബാല്‍ക്കണിയിലുമില്ലായിരുന്നു. 

അന്ന് മെര്‍ലിന്‍ ചൂണ്ടിക്കാണിച്ചു തന്ന എതിര്‍ വശത്തെ ഇരുപതാം നിലയിലെ ഫ്‌ളാറ്റിലേക്ക് ഞാന്‍ കണ്ണുകള്‍ തിരിച്ചു. ഇല്ല. അവിടെയും ആരുമില്ല. 

പിന്നെ, എവിടെനിന്നോ കിട്ടിയ ധൈര്യം സംഭരിച്ച്, ബാല്‍ക്കണിയുടെ കൈവരിയില്‍ മുറുകെ പിടിച്ച്, ജീവിതത്തില്‍ ആദ്യമായി ഞാന്‍ താഴത്തെ ഇരുട്ടിലേക്ക് നോക്കി. ആയിരം ചുംബനങ്ങളുടെ ആഴത്തില്‍ നിന്ന് അവള്‍ എന്നെയും. 

Read more: കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍
 

click me!