വാക്കുത്സവത്തില്‍ ഇന്ന് സുബിൻ അമ്പിത്തറയിൽ എഴുതിയ കവിതകൾ
അവസാനവരികളില്‍ ഒളിച്ചുവെച്ച ചിലതുണ്ട് സുബിന്‍ അമ്പിത്തറയിലിന്റെ കവിതകളില്‍. ചിലപ്പോള്‍ അത് വേദനിക്കുന്നൊരു നിലാക്കഷണമാവാം. മുറിച്ചുമാറ്റപ്പെട്ട ഒരു കഷണം ഇറച്ചി. അല്ലെങ്കില്‍, ഭയവും ആധിയും കൊണ്ട് പൊതിഞ്ഞ ഒരു വെറും ചിരി. ചിലപ്പോഴത്, ജീവിതത്തെയും ലോകത്തെയും കുറിച്ചുള്ള രാഷ്ട്രീയമായ ഉല്‍ക്കണ്ഠ. ഒരു കഥപറച്ചിലുകാരനെപ്പോലെ സുബിന്‍, കവിതയിലേക്ക് ക്ഷണിച്ചുവരുത്തുന്ന വായനക്കാര്‍, സന്തോഷം തരുന്ന വരികളിലൂടെ നടന്ന് അവസാനം ഒളിപ്പിച്ചുവെച്ച ഈ കുഴിബോംബുകളില്‍ ചെന്നുതൊടുകതന്നെ ചെയ്യും. കവിതയ്ക്ക് മാത്രം കഴിയുംവിധം മനസ്സില്‍ തറയുന്ന വാക്കിന്റെ സൗമ്യവും മുനകൂര്‍ത്തതുമായ ചില്ലുകളില്‍ തറഞ്ഞുമുറിയാതെ ഈ കവിതകളില്‍നിന്ന് ഒരാള്‍ക്കും ഇറങ്ങിപ്പോരാനാവില്ല. മലയാള കവിതയിലെ പുതിയ വഴികളില്‍ സുബിന്റെ കവിതകള്‍ മാറിനില്‍ക്കുന്നത് അകമേ ഒരുക്കിവെച്ച ഭാവനയുടെയും ഭാഷയുടെയും ഈ വിധ്വംസകതയാലാണ്.
undefined
നിൽപ്പ്
ഒരു നല്ല നിലയിലെത്തിയില്ലല്ലോ
എന്ന നിരാശയോടുറങ്ങി,
വൈകിയുണർന്നു.
മനസ്സിന് ഒരു സുഖവും തോന്നിയില്ല
ഏണീറ്റപാടേ ചില്ലുവാതിൽ തുറന്ന്
ഭൂമിയെ നോക്കി. പതിനേഴാം നിലയുടെ
ബാൽ- കെണിയിൽ
നീറിനിൽക്കുമെന്നെ
അങ്ങ് താഴ്ച്ചയിൽ കിടന്ന് ഭൂമിയും നോക്കി.
താഴേക്ക് നോക്കിയങ്ങനെ നിൽക്കെ,
ഭൂമിയേക്കാളും ഏറെ ഉയർന്ന
നിലയിൽ എത്തിയത് ബോധ്യപ്പെട്ടു.
നിരാശ പകുതി കുറഞ്ഞതിൻ
ആശ്വാസത്താൽ
അകത്തുകയറി, വീണ്ടുമുറങ്ങി.
മത്സ്യകന്യക
നിറയെ മീനുകളുളള
ഒരു കടലിലൂടെ
നടന്നുപോവേണ്ടി വന്നു
ഒരിക്കലൊരു സ്വപ്നത്തിൽ.
ദൂരമെത്ര നടന്നിട്ടും
സ്വപ്നമായിരുന്നിട്ട് കൂടിയും
ഒരു മത്സ്യകന്യകയും
എനിക്ക് എതിർപ്പെട്ടില്ല.
പെരുത്ത മീങ്കൂട്ടം
കൂട്ടംകൂടി പാട്ടും പാടി
നീന്തിനടന്ന് ഫുഡടിക്കുന്നു
അവരോട് ഹായ് പറയാൻ തോന്നി
വാല്കൊണ്ട് പോലും അവരെന്നെ
ഗൗനിച്ചില്ല
എനിക്ക് അരിശം വന്നു.
ആഹാ എന്ത് സുഖം
ഇവകളുടെ ജീവിതം
''വലയിൽ കുടുങ്ങും വരെ ''
എന്നൊരു ട്രോള് വെച്ചുകൊടുത്തു.
ആരാന്‍റെ മരണത്തേ വരെ
ട്രോളുന്ന നമ്മളോടാ കളി.
ചുളുവിൽ കിട്ടിയ അവസരം
വെറുതേ കളയാതെ
ടൈറ്റാനിക്കിൻ അവശിഷ്ടം തിരഞ്ഞ്
സമുദ്രത്തിന്‍റെ പല തിരിവുകളിൽ
അലഞ്ഞുനടന്നു.
സമയം കളഞ്ഞുകുളിപ്പിച്ചതല്ലാതെ
കണ്ടുമുട്ടാനായില്ല ടൈറ്റാനിക്കിനെ.
എന്‍റെ സ്വപ്നം നടക്കുന്നതിൻ കാലം
ടൈററാനിക്ക് തകരുന്നതിനും
മുൻപേ ആയിക്കൂടെന്നില്ലെന്നും
ഏത് സ്വപ്നമാണ്
ജീവിതത്തിനൊപ്പം
സഞ്ചരിച്ചിട്ടുളളതെന്നും
ആശ്വാസം കൊണ്ടു.
കടലുപോലെ
ആഴത്തിലേക്കും ദൂരത്തിലേക്കും
പരന്ന് കിടക്കുന്ന വിശാലമായ
സ്വപ്നമായിരുന്നു.
മുഴുസമയവും വെളളത്തിലായിരുന്നു.
എന്നിട്ടും
ശ്വാസത്തിന് ഒരു മുട്ടും വരാത്തത് കണ്ട്
സ്വപ്നം കാണാൻ
ഓക്സിജനൊന്നും വേണ്ടെന്നനുമാനിച്ചു.
അങ്ങനെയെങ്കിൽ
മരിച്ചാലും സ്വപ്നം കാണുന്നതിന്
തടസ്സമുണ്ടാകില്ല ല്ലോ എന്ന്
സന്തോഷം തോന്നി
മരിച്ചവർ കാണും സ്വപ്നങ്ങളെ പറ്റി
കവിതയെഴുതണമെന്ന് വരെ തോന്നി.
നടന്ന് നടന്ന് ഒടുവിൽ
തീരാറായ സ്വപ്നത്തിൻ
കരയിലേക്ക് മെല്ലെ കയറി.
അവൾ
ഇതൊന്നുമറിയാതെ
അരികേ കിടന്നുറങ്ങുന്നുണ്ട്.
പെണ്ണുറക്കത്തിന് എന്തോരം ഭംഗി എന്ന്
എപ്പോഴും പോലെ അപ്പോഴും തോന്നി
'എന്‍റെ മത്സ്യകന്യകേ'യെന്ന്
ഒരു ലിപ് ലോക്ക് ഉമ്മ കൊടുത്തു.
ഇല്ല
പോയിട്ടില്ലവളുടെ ചുണ്ടിൽ
രാത്രി കഴിച്ച മീൻകറിയുടെ മണം.
എനിക്കപ്പോൾ വീണ്ടും വിശന്നു.
അപ്പൻ
ചില രാത്രികളിൽ
മഴയെന്റെ അപ്പനേപ്പോലെ
ആരോടുമല്ലാത്ത
ചറപറകൾ പറഞ്ഞ്
തപ്പിയും തടഞ്ഞും
മുറ്റത്തേക്ക് വരും
വായിത്തോന്നുമ്പോലെ
ഉറക്കെയുറക്കെ പെയ്യും
അപ്പൻ ഓർമ്മയിൽ വരും
ഞാനിറയത്തേക്കിറങ്ങും
കള്ളുമണക്കുന്നൊരുമ്മ
കവിളിൽ നനയും
എന്റെ കണ്ണ് നിറയുന്നത്
കാണാൻ വയ്യാതെ
തിണ്ണേലെ ബൾബ് കണ്ണടയ്ക്കും
മലയോരത്തെ മുഴുവൻ
ബൾബുകളുമത് അനുകരിക്കും
ഐ മിസ് യൂ അപ്പാന്ന്
ഞാൻ ആകാശം നോക്കിപ്പറയും
അപ്പന് ഇംഗ്ലീഷറിയത്തില്ലെന്ന്
ഒരു മിന്നൽ കളിയാക്കും
ഓർമ്മകൾ വന്ന്
ഓരോന്നോർമ്മിപ്പിച്ച്
സങ്കടപ്പെടുത്താതിരിക്കാൻ
കമ്പിളിക്കടിയിൽ
ഉറങ്ങിയപോലെ കിടക്കും
എന്നിട്ടും
അപ്പനേ ഓർത്തോർത്ത്
ഉറങ്ങിപ്പോകും
മഴ പിന്നേം
പെയ്തത് തന്നെ
തന്നേം പിന്നേം പെയ്ത്
ആടിയാടി നടക്കുന്നുണ്ടാവും
എന്റപ്പനെപ്പോലെ.
ലോക്ക്
ദിവസത്തിന്റെ സ്ക്രീനിലേക്ക്
പല പല വാൾപ്പേപ്പറുകൾ
മാറ്റി മാറ്റി കളിക്കലാണ്
സൂര്യൻറെ പണിയെന്ന് പറഞ്ഞാൽ
എത്രപേർ അവിശ്വസിക്കും.
നട്ടുച്ചയുടെ വാൾപ്പേപ്പർ മാറ്റി
താരതമ്യേന ബ്രൈറ്റ്നസ് കുറഞ്ഞ
മൂവന്തിയുടെയൊരു വാൾപ്പേപ്പർ
സെലക്റ്റ് ചെയ്ത്
ഒകെ കൊടുക്കുകയാണ് സൂര്യനിപ്പോൾ.
ഇനി അൽപ്പനേരം കൂടിയങ്ങനെ
തോണ്ടിക്കളിച്ചിരുന്നിട്ട്
സ്ക്രീൻ നൈറ്റ് മോഡിൽ
ലോക്ക് ചെയ്തിട്ടൊരു പോക്കാണ്.
പിന്നെ മൂപ്പര് നാളെ വന്ന്
വിരലടയാളം വെക്കും വരെ
ലോക്ക് തുറന്ന് രാവിലെയാക്കാൻ
ഒരു ഹാക്കർക്കും പറ്റുകേല.
പാറ്റേൺലോക്കോ മറ്റോ ആരുന്നേൽ
ഹൈഡായി നിന്ന് കണ്ട് പഠിച്ച്
അങ്ങേര് പോയിക്കഴിഞ്ഞ്
അതുപോലെ വരച്ച്
തുറന്ന് നോക്കായിരുന്നു.
ആരൊക്കെയാണയാൾക്ക് മെസേജയക്കുക
ആരെയാണയാൾ
കുന്നിൻപുറത്ത് പോയിനിന്ന്
വീഡിയോകോള് ചെയ്യുന്നത്
അയാൾ സന്ദർശിക്കുന്ന
അനേകം സൈറ്റുകൾ,
ബ്രൗസിങ് ഹിസ്റ്ററിയിൽ
കണ്ടെത്തിയേക്കാനിടയുളള
ഷീറ്റിൻറെ ആണിക്കിഴുത്തയിലൂടെയുളള
ഏതോ കമിതാക്കളുടെ മുറിക്കാഴ്ച
പല ഭാഷയിലുളള കുളിക്കടവുകൾ
അങ്ങനെ പലതും കണ്ടുപിടിക്കാഞ്ഞിട്ട്
എൻറെ സദാചാരം ഹാങ്ങാവുന്നുണ്ട്.
പകലിൽ സ്ക്രോൾ ചെയ്തുപോയ
കോടാനുകോടി ടൈംലൈൻ
കാഴ്ചകളിൽ നിന്ന്
ഉപബോധമനസ്സ് കാണിക്കുന്ന
ഏതോ സ്വപ്നംകണ്ട്
സൂര്യനിപ്പോൾ
അയാളുടെ വീട്ടിൽ ഉറങ്ങുന്നുണ്ടാവും
ഏത് മഞ്ഞിലും അയാളുടെ പെണ്ണ്
തണുപ്പറിയുകയില്ല.
മഴയും തണുപ്പുമുളള ഈ രാത്രി
എനിക്ക്
നിനക്കൊപ്പം കുളിരാൻ തോന്നുന്നു
നിന്റെ നിഗൂഢ ഉൻമാദങ്ങളുടെ
ലോക്ക്
വിരൽ വെച്ച് തുറക്കാൻ തോന്നുന്നു.
പേൻ
നമ്മൾ രണ്ടുപേർ
രണ്ടിടങ്ങളിലെ
ഡ്യൂട്ടികൾക്ക് ശേഷം
ഫോണുകൾ
ഓൺ ചെയ്യുകയാണ്.
ഒന്നും ചെയ്യാനില്ലാത്ത
കുറെ സമയം
നമുക്കുമുന്നിൽ
പനങ്കുലപോലെ
വളർന്നുകിടക്കുന്നു.
അതിൽ നിന്നും
ഒരു മണിക്കൂറിനെ എടുത്ത്
പണ്ട് പേൻ നോക്കാൻ തന്ന
ഒരുവളുടെ തലയെന്നപോലെ
ചീകി വിടർത്തിയിട്ടിട്ട്
നമ്മൾ
ഫോൺവിളി ആരംഭിക്കുന്നു.
പേൻ നോട്ടത്തിലേപ്പോലെ
എന്തെല്ലാമോ
പറഞ്ഞുപറഞ്ഞിരുന്നു
ചിരിച്ചു
വഴക്കു കൂടി,
ഒരോ മിനിറ്റിനേയും പിടിച്ച്
ടിക്ക് - ടിക്ക് എന്ന്
കൊന്ന് കളഞ്ഞുകൊണ്ട്.
ഒടുവിൽ
ഫോൺ കട്ടുചെയ്ത്
നീയുറങ്ങാൻ പോയി, ഞാനും.
എത്ര കൊന്നുകളഞ്ഞാലും
പിന്നെയും വളരുന്ന
നിൻറെ ചുരുളൻ മുടിക്കെട്ടിലെ
പേനിനേപ്പോലെ,
പ്രണയം
നമുക്കിടയിലൊരു
മുടിനാര് വരച്ച്
നമ്മളിൽ
ഓടിക്കളിച്ചുകൊണ്ടേയിരിക്കുന്നു
നാമതൊരിക്കലും
തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും.
പട്ടം പോലെ
കാമുകിയോടൊപ്പം
ബീച്ചിൽ.
കണ്ണിൽ അവൾ മാത്രം
തിരയടിക്കുന്നു.
അസ്തമയ സൂര്യന്റെ കവിൾ പോലെ
ചുവന്ന് തുടുത്ത് അവൾ
എന്നെ നോക്കുന്നു.
കാറ്റേറ്റ് കൂടുതൽ
കരുവാളിച്ചതിന്റെ
അപകർഷതയെ
കടലിലെറിയാൻവേണ്ടി മാത്രം
ഞാൻ പട്ടം വിൽപ്പനക്കാരനോട്
മുറിഹിന്ദിയിൽ കസറി പട്ടം വാങ്ങി,
അവളോട് ചേർന്നുനിന്ന്
പട്ടത്തെ ഒരു കുതിരയെപ്പോലെ
മേഘങ്ങളിലേക്ക്
പായിക്കുകയായിരുന്നു.
ഒരൊറ്റ വെട്ടിക്കലിൽ
പെട്ടന്നാണ് പട്ടം കാര്യങ്ങൾ
കീഴ്മേൽ മറിച്ചുകളഞ്ഞത്.
ഇപ്പോൾ ഞാനാകാശത്തും
പട്ടം ഭൂമിയിലും
പട്ടമെന്നെ
ആകാശത്തൂടെ പറപ്പിക്കുകയാണ്.
താഴെ ഞാനില്ലാഴ്മയിൽ
അപകടകരമാം വിധം
പട്ടത്തിനോട് ഇഴുകിച്ചേർന്ന് നിന്ന്
അവൾ കടൽ കാണുന്നു.
എത്രപെട്ടന്നാണ്
പ്രണയം
കീഴ്മേൽ മറിയുന്നത്.
എപ്പോൾ വേണമെങ്കിലും
മുങ്ങിമരിക്കാം എന്ന തരത്തിൽ
ഞാനിപ്പോൾ
ആകാശത്തൂടെ ഒഴുകിപ്പോകുന്നു.
മൂന്നാം പക്കം
ഒന്നടിഞ്ഞ് കൂടണമെങ്കിൽ തന്നെ
ആകാശത്തിന്റെ തീരം
എവിടെയാണ്.
പൂച്ച
ഉറക്കം നമ്മൾ വളർത്തുന്ന
പെൺപൂച്ചയെ പോലെ
പകലുകളിൽ
എവിടേക്കെങ്കിലുമൊക്കെ
അലഞ്ഞ് പോകുന്നു.
രാത്രിയിൽ
അവൾക്ക് മാത്രമറിയാവുന്ന
ഊട് വഴികളിലൂടെ
അരികിലെത്തുന്നു.
തിരക്കിട്ട
വായനയിലോ എഴുത്തിലോ
എത്ര വ്യാപൃതനായിരുന്നാലും
അടുത്ത് വന്ന്
മുട്ടി ഉരുമ്മി
കുറുകുന്ന
ഉറക്കത്തിൻറെ പൂച്ചസ്നേഹത്തിൽ
നമ്മൾ വഴുതിവീഴുകതന്നെ ചെയ്യും.
പ്രണയം പക്ഷേ
ഒരു കണ്ടൻ പൂച്ചയാണ്.
എങ്ങനൊക്കെ
സ്നേഹിച്ചാലും
പാലുകൊടുത്ത്
ലാളിച്ചാലും ശരി
കാലം കുറച്ചൊന്ന് കഴിയുമ്പോ
അത് ഏതെങ്കിലും
കാട് കേറിപ്പോകുന്നു
ഓർമ്മകളിൽ മാത്രം
അതിന്റെ പൂച്ചക്കാൽ നടത്തം
നിത്യവും വന്ന് പോകുന്നു.