നീ മകളുമൊത്ത് വീട്ടിലിരിക്കുന്ന ദിവസം, സിമ്മി കുറ്റിക്കാട്ട് എഴുതിയ കവിതകള്‍

By Vaakkulsavam Literary Fest  |  First Published Feb 2, 2021, 7:35 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് സിമ്മി കുറ്റിക്കാട്ട് എഴുതിയ കവിതകള്‍ 


'കടലിരമ്പം ചോര്‍ന്ന് പോയൊരു ശംഖ് പോലെ മണ്ണില്‍ തറഞ്ഞു പോയൊരു 'ഞാന്‍' ഉണ്ട് സിമ്മി കുറ്റിക്കാട്ടിന്റെ കവിതകളിലൊന്നില്‍. അതിര്‍ത്തികളും ആകാശങ്ങളും വിട്ടൊഴുകിയിട്ടും, ഏതോ മണ്ണില്‍ തറഞ്ഞുപോയ ഓര്‍മ്മയെ ഒരു നദി കൈയെത്തിത്തൊടുന്നത് പോലെ, സിമ്മിയുടെ കവിതകള്‍ മുറിഞ്ഞുപോയ വേരുകളെ ഗാഢമായി പുല്‍കുന്നുണ്ട്. നില്‍ക്കുന്ന ഇടമല്ല ആ കവിതകളില്‍. ഒഴുകിപ്പോയ ഓര്‍മ്മകളാണ്. െചന്നുപെട്ട ഇടങ്ങളെ വാക്കുകൊണ്ട്  മാറ്റിവരയ്ക്കുന്ന കവിതയുടെ മായാജാലം. ഇടങ്ങള്‍ മാത്രമല്ല, ആളുകളുമുണ്ടതില്‍. പച്ചജീവിതങ്ങള്‍. വിങ്ങലുകളും സന്തോഷങ്ങളും നെടുവീര്‍പ്പുകളും സ്‌നേഹങ്ങളും കൊണ്ട് അതിരിട്ട നിത്യജീവിതക്കലക്കങ്ങള്‍. മലയാള കവിതയുടെ തറവാടുകളില്‍ നാം പതിവായി കണ്ടുകൊണ്ടിരിക്കുന്ന അനുഭവരാശികളല്ല  അവിടെ. നാട്ടുമണ്ണടരുകളില്‍, വെളിമ്പ്രദേശങ്ങളില്‍, ഓരങ്ങളില്‍, നമ്മുടെ കാഴ്ചകളിലേക്ക് വന്നുകേറാന്‍ മടികാണിക്കുന്ന കാഴ്ചകളും കേള്‍വികളുമാണ്. അധികം തുളുമ്പാത്ത നിറകുടങ്ങള്‍. അധികം വെളിച്ചമെത്താത്ത മങ്ങിയ ഇടങ്ങള്‍. സിമ്മിയുടെ കവിതയിലെത്തുമ്പോള്‍ ആ ജീവിതങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും സ്വപ്‌നത്തിന്റെ ഒരധികമാനം കൈവരുന്നു.  

 

Latest Videos

 

സങ്കടം 

അമ്മ ആസ്പത്രിയില്‍ 
പോയ അന്നാണ് 
വീടൊരു കൗമാരക്കാരിയായ 
വഴക്കാളിയാണെന്ന് 
ഞാനറിഞ്ഞത്.

തൊട്ടതിനും പിടിച്ചതിനുമൊക്കെ 
അതെന്നോട് പോര് കുത്തി.
മിണ്ടാനോ ചിരിക്കാനോ 
അറിയാത്തവളെപ്പോലെ,
ജനാലകള്‍ തുറക്കാതെ 
മുറികള്‍ ഇരുട്ടാക്കി 
ഇട്ട ഉടുപ്പില്‍ തന്നെ 
ചുരുണ്ടുക്കൂടി
തല വരെ പുതച്ചു മൂടി
പകല്‍ മുഴുവനുമത്
കിടന്നുറങ്ങി. 

ഗേറ്റ് തുറന്ന് 
ആരൊക്കെയോ വന്നിട്ടും 
ബെല്ലടിച്ചിട്ടും 
പിന്നാമ്പറത്തൂടെ വന്ന് 
കതകില്‍ മുട്ടിയിട്ടും 
അനങ്ങാവ്രതമെടുത്തവളെപ്പോലെ
ഒറ്റ നിപ്പായിരുന്നു. 

അബദ്ധത്തില്‍ 
കൈതട്ടിയൊരു 
ചില്ലുഗ്ലാസ്സ് വീണുടഞ്ഞപ്പോള്‍ 
അരിശത്തോടെ 
അതെന്നെ നോക്കി പല്ലിറുമ്മി. 

മുഷിഞ്ഞതിന്റെ 
കൂമ്പാരത്തില്‍ കൈ വെച്ചപ്പോള്‍ 
അതെന്റെയെന്ന് 
പറഞ്ഞത് ചീറി. 

കഴിക്കാനെടുത്ത് വെച്ചപ്പോള്‍ 
മൂക്ക് വിടര്‍ത്തി 
മണം പിടിച്ചെങ്കിലും 
മുഖം തിരിച്ചോടി കളഞ്ഞു. 

പട്ടിണി കിടക്കാന്‍ മാത്രം 
ഇതെന്താണെന്ന് 
ചോദിച്ചപ്പോളൊക്കെ 
എന്തൊക്കെയോ 
വിളിച്ചു കൂവിയത് 
ഏങ്ങലടിച്ചു 
കരഞ്ഞുകൊണ്ടിരുന്നു. 

രാത്രിയായപ്പോള്‍ 
വേറെയാര്‍ക്കും ഇവിടെ 
സങ്കടമില്ലാത്തപ്പോലെയെന്ന് 
ഞാന്‍ മനസ്സില്‍ പറഞ്ഞത് 
ഉറക്കെയായി പോയെന്ന് തോന്നുന്നു. 

വീടിപ്പോള്‍ തല താഴ്ത്തി 
കണ്ണ് നിറച്ചു മുന്നിലുണ്ട് . 
കൈയൊന്ന് നീട്ടിയതേ 
അതെന്റെ നെഞ്ചില്‍ വീണ് 
പൊട്ടിക്കരഞ്ഞു, കൂടെ ഞാനും. 

പിന്നെ ഞങ്ങള്‍ 
മിണ്ടിയും പറഞ്ഞും 
വെളുപ്പാന്‍ കാലത്ത് 
എപ്പോളോ ഉറങ്ങിപ്പോയി. 

കാലത്തേ എഴുന്നേറ്റ് 
അമ്മയ്ക്കിഷ്ടമുള്ള 
കുത്തരി ചോറും 
മോര് കാച്ചിയതും 
വാഴക്കാതോരനുമുണ്ടാക്കിയപ്പോള്‍ 
വീട് എന്റെയൊപ്പം 
ഉറക്കച്ചടവോടെ 
കൂട്ടിരുന്നു. 

ആസ്പത്രിയില്‍ 
അമ്മയിപ്പോള്‍ ഉറക്കത്തിലാവും. 

 

......................................

Read more: ഏതിരുട്ടിലും, എം.പി. പ്രതീഷിന്റെ കവിതകള്‍
......................................

 

നീ മകളുമൊത്ത് വീട്ടിലിരിക്കുന്ന ദിവസം 

നീ മകളുമൊത്ത് 
വീട്ടിലിരിക്കുന്ന ദിവസം 
എന്നെ നോക്ക് 
എന്നെ മാത്രം 
പ്രണയിക്കുവെന്ന് 
ഞാന്‍ കെഞ്ചാറില്ല. 

ഭൂമിയുടെ രണ്ടറ്റങ്ങളിലിരുന്ന് 
ശാന്തമായി പ്രണയിക്കാന്‍ 
നാം പഠിച്ചിരുന്നല്ലോ. 

അവള്‍ക്ക് കുറുക്ക് കൊടുത്തോ 
ഡയപ്പര്‍ മാറ്റിയോ 
എന്ന ചോദ്യമെറിഞ്ഞ് 
നിന്റെ മറുപടിക്കായ് 
ഞാന്‍ കാത്ത് നില്‍ക്കും. 

മുട്ടിലിഴഞ്ഞ് നടക്കുന്നവള്‍ 
കണ്ണില്‍ കണ്ടതൊക്കെ 
കുഞ്ഞി വിരലാല്‍ 
തെരുപ്പിടിച്ച് വായിലിട്ട്  
തൊണ്ടയില്‍ തടഞ്ഞ് 
ശ്വാസം മുട്ടുന്നാ
സ്വപ്നം കണ്ടതില്‍ പിന്നെ 
ഉച്ചയുറക്കം പോലും  ഉപേക്ഷിച്ച
പ്രണയിനിയായി ഞാന്‍ മാറി . 

ക്ഷമിക്കു, മോളോടൊപ്പം 
കിടന്ന് ഉറങ്ങിപ്പോയെന്ന്
നീ സന്ദേശമയക്കുമ്പോള്‍ 
കാത്തിരുന്ന് കിട്ടിയ 
ഒരു പകല്‍ തീര്‍ന്നു പോയെന്ന് 
ഭാവിക്കാതെ പരിഭവം പറയാതെ 
ഞാനും ഉറങ്ങിയല്ലോയെന്ന് 
മാത്രമൊരു മറുകുറിപ്പെഴുതും . 

കുക്കറില്‍ അരിയോ ചെറുപയറോ 
പെട്ടെന്ന് പാകം ചെയ്യൂ 
നിന്റെ ഭാര്യയെത്താന്‍ 
അധികം നേരമില്ലല്ലോ 
എന്ന് ഓര്‍മ്മപ്പെടുത്തുമ്പോള്‍ 
കണ്ണ് മുകളിലേയ്ക്ക് നോക്കുന്ന 
നിന്റെയാ സ്ഥിരം സ്‌മൈലി 
എന്നെ തേടി വരും. 

കാലും പുറവുമൊന്ന് 
തടവി കൊടുത്തോളു 
നിന്ന്  കഴച്ചൊടിഞ്ഞിട്ടായിരിക്കും 
അവളെത്തുകയെന്ന് 
ആ ദിവസത്തെ അവസാനത്തെ 
സന്ദേശമയക്കുമ്പോള്‍ 
എനിക്കെന്തോ കരച്ചില്‍ വരും. 

യാത്രക്കിടയില്‍ പൊടുന്നനെ 
മറന്ന് വെയ്ക്കപ്പെട്ടൊരുവളുടെ 
വെപ്രാളമോ വേദനയോ പോലെന്തോ 
എന്റെ നെഞ്ചിനെ കീഴ്‌പ്പെടുത്തും. 

പരസ്പരം കാണാത്ത 
നമ്മുടെ ചിരിയും കരച്ചിലും
മലര്‍ക്കെ തുറന്നിട്ട 
പ്രണയമെന്ന ജനാലയ്ക്കരുകില്‍ 
എന്നെങ്കിലുമൊരിക്കല്‍ 
മുഖാമുഖം കാണുമായിരിക്കും
എന്ന് വെറുതെ ആശ്വസിക്കും.

.....................................

Read more: ഓറഞ്ചിന്റെ വീട്, കാര്‍ത്തിക് കെയുടെ കവിതകള്‍
.....................................

 

രണ്ട് വിസില്‍

ഏഴ് മണി നേരം,
അത്താഴത്തിനുള്ള 
ചപ്പാത്തിക്ക് കുഴച്ച് വെച്ച് 
ഉരുളക്കിഴങ്ങിന്റെ 
തൊലി ചുരണ്ടുമ്പോളാണ് 
അടുക്കളമൂലയ്ക്ക് 
ദൈവം പ്രത്യക്ഷപ്പെട്ടത്. 

അസമയത്തെ 
വരവെനിയ്ക്ക് പിടിച്ചില്ലെങ്കിലും 
നീരസം കാണിച്ചില്ല 
ഒന്നുമില്ലേലുമങ്ങേര്
ദൈവമല്ലേയെന്നോര്‍ത്തു. 

രാത്രിക്കെന്നാ ചപ്പാത്തിയാണോ ? 

രണ്ടു തവി വെളിച്ചെണ്ണ 
തൂവിക്കൊടുത്താ 
നല്ല പതു പതുത്ത 
ചപ്പാത്തി കിട്ടൂന്നൊരു 
ആക്കി പറച്ചില്. 

എനിക്കാണേല്‍ കേട്ടപ്പോ
പെരുവിരലിന്നെന്തോ 
അരിച്ചു കേറി. 

അല്ലേലുമീ പൊടിക്കൈയും 
പറഞ്ഞോണ്ട് വന്നാ 
എനിക്കൊടുക്കത്തെ 
കലിപ്പ് വരും. 

നമ്മളിതു എത്ര വര്‍ഷായിട്ടുള്ള 
കുഴയ്ക്കലും പരത്തലുമാണ്! 
ഒന്നുമില്ലേലും ഇങ്ങേര് 
ദൈവമല്ലെന്നോര്‍ത്ത് 
ഞാന്‍ പിടിച്ചു നിന്നു . 

പിള്ളേരെന്ത്യേ ? 
അവനിന്ന് എത്താന്‍ വൈകോ ? 

എല്ലാ അപ്പന്മാര്‍ക്കും 
മക്കളെ കാണുമ്പോ 
ഒരേ ചോദ്യമാണല്ലോ, 
എനിക്കന്നേരമൊരു 
കരച്ചില് വന്ന് 
തൊണ്ടയില്‍ തടഞ്ഞു.

അപ്രത്തുണ്ടെന്ന് പറഞ്ഞ് 
ഉപ്പും മഞ്ഞളും തൂവിയ  
കഴുകി നുറുക്കിയ 
ഉരുളക്കിഴങ്ങിട്ട 
പ്രഷര്‍ കുക്കര്‍ ഞാനങ്ങേരുടെ 
കൈയി കൊടുത്തു. 

ഞാനോ എന്ന ഭാവത്തെ 
'സിമ്മിലിട്ടേക്ക്'എന്ന 
മറുപടിയില്‍  ഒതുക്കി.

ഞാനീ വഴി പോയപ്പോ 
നിന്നെയൊന്ന് കണ്ടേച്ചും 
പോകാമെന്ന് കരുതി 
വെറുതെ കേറിയതാ,
നിനക്കെന്നാ സുഖമാണോടീ കൊച്ചെ? 

അടുത്ത ചോദ്യം വന്നപ്പോ 
ഓഹ് ,എന്നാ സുഖമെന്ന് പറഞ്ഞ് 
ചിറി കോട്ടാനൊന്നും പോയില്ല. 
ങാ, ഉന്തീം തള്ളിമിങ്ങനെ 
പോകുന്നുന്ന് പറഞ്ഞ് 
ചിരിച്ചു കാട്ടി. 

ഒന്നുമില്ലേലും ചോദിക്കുന്നതൊക്കെ 
ആളും തരോം നോക്കി 
വല്യ വൈകിപ്പിക്കലില്ലാതെ 
നടത്തി തരാറുണ്ട് കക്ഷി . 

നീ പോയി നല്ല ചൂടുവെള്ളത്തിലൊന്ന്
കുളിച്ചേച്ചും പോരെ 
ഇത്  ഞാന്‍ നോക്കാമെന്ന് പറഞ്ഞ് 
എന്നെ അടുക്കള വാതിലിലൂടെ 
തള്ളി വിടുമ്പോ
ഇത് പോലെ വല്ലപ്പോളുമൊന്ന് 
സ്‌നേഹത്തോടെ 
പ്രണയത്തോടെ പറയുന്ന 
ഒരാളെ എന്നെങ്കിലും കൂട്ട് തരണെന്ന്  
പറയാന്‍ തോന്നി . 

''രണ്ട് വിസില് ട്ടാ''
വിളിച്ചു കൂവി 
കുളിക്കാന്‍ ഓടുമ്പോ 
കാച്ചാന്‍ കുറച്ചു 
ഉള്ളീം പച്ചമുളകും കൂടെ 
അരിഞ്ഞു വയ്ക്കാന്‍ 
പറയായിരുന്നുവെന്ന് 
ഞാന്‍ ഓര്‍ത്തു .

 

.............................

Read more: ചീങ്കണ്ണി വേട്ട, ഷീബ ദില്‍ഷാദ് എഴുതിയ കവിതകള്‍
.............................

 

മാഞ്ഞ് പോകുന്നവര്‍ 

എത്ര വിദഗ്ദ്ധമായാണ് 
ചിലര്‍ നമ്മില്‍ നിന്നും 
ഇറങ്ങിപ്പോകുന്നത്. 

ഒച്ചയനക്കങ്ങളോ 
ഓടാമ്പല്‍ നീക്കമോ 
പെരുവിരലൂന്നിയ 
നടത്തങ്ങളോ 
ഒന്നുമില്ലാതെ 
വാതില്‍ ചാരി 
കാഴ്ച്ച കാണാന്‍ 
മുറ്റത്തേയ്ക്ക് 
ഇറങ്ങിയോടിയ 
കുട്ടിയെപ്പോലെ 
നോക്കി നില്‍ക്കെ
മാഞ്ഞുപോകുന്നവര്‍. 

ഒന്നാം വിളിയില്‍ 
കരുതും, കേട്ടില്ലെന്ന്. 
രണ്ടാം വിളിയില്‍ 

കരുതും, തിരക്കെന്ന് . 
മൂന്നാം വിളിയില്‍

കരുതും, എത്തിയല്ലോയെന്ന് . 
നാലാം വിളിയിലും
അഞ്ചാം വിളിയിലും 
മറുവാക്കില്ലാതെ
നിശ്ശബ്ദത പടരുമ്പോള്‍ 
എവിടെയെവിടെയെന്ന് 
അരിച്ചെത്തുന്ന 
ഒരാന്തലുണ്ട് . 

ഇരിപ്പിലും നടപ്പിലും 
ആന്തലുകള്‍ പതിയെ 
ജീവിതത്തോട് 
കൂട്ടുകൂടി തുടങ്ങും. 

ഇറങ്ങി പോയവരെക്കാള്‍ 
അതിവിദഗ്ദമായി 
ഒന്നുമില്ലെന്ന് പറഞ്ഞു
കൈ മലര്‍ത്തുന്ന 
മായാജാലക്കാരനെപ്പോലെ 
അതിമധുരമായി 
നനഞ്ഞൊരു ചിരി 
ചിരിക്കാന്‍ പഠിപ്പിക്കും. 

വിദഗ്ദ്ധരും 
അതിവിദഗ്ദ്ധരുമങ്ങനെ 
തിങ്ങി  നിറഞ്ഞ് 
ഈ ലോകത്തിന് 
ശ്വാസം മുട്ടി  തുടങ്ങും . 

 

..................................

Read more: പൂവേലില്‍, സിദ്ദിഹ എഴുതിയ  എട്ട് കവിതകള്‍ 
..................................

 

അടുത്ത ജന്മത്ത് 

എനിക്കുണ്ടല്ലോ 
അടുത്ത ജന്മത്ത് 
ദൂരെദൂരെയുള്ളൊരു 
മിണ്ടാമഠത്തിലെ 
മണിക്കൂറുകളോളം 
കണ്ണുകള്‍ അടച്ച്  
കൊന്തയുരുട്ടി
പ്രാര്‍ത്ഥിക്കുന്നൊരു 
കന്യാസ്ത്രീയാവണം.

എന്റെ തോട്ടത്തില്‍ 
ലില്ലി പൂക്കളും 
ഡാലിയയും 
പനിനീര്‍ പൂക്കളും 
പൂത്ത് നിറയണം. 

ഞാന്‍ കൈക്കുടന്നയില്‍ 
ധാന്യമണികള്‍ 
വെച്ച് നീട്ടുമ്പോള്‍ 
പുരാതനമായ 
ആ മേടയുടെ 
ഓരോ കോണില്‍ നിന്നും 
അരിപ്രാവുകള്‍ 
പറന്നിറങ്ങി 
എനിക്ക് ചുറ്റും 
നൃത്തം ചെയ്യണം . 

എന്റെ അടുക്കളയ്ക്ക് 
ഒരു കാട്ട് ചോലയുടെ 
ഗന്ധമായിരിക്കണം.
പഴച്ചാറുകളും 
ഇലക്കറികളും 
മിതമായി മാത്രം 
ഭക്ഷിക്കുന്ന 
വനദേവതയെപോലെ
ആകും ഞാന്‍.

ഞാന്‍ കൊടുത്താല്‍ മാത്രം 
പാല്‍ കുടിക്കുന്ന 
മിയാഗ എന്ന പേരുള്ള 
വെളുത്ത രോമകുപ്പായമുള്ള 
ഒരു പൂച്ചയുണ്ടാവണം 
എനിക്ക്. 

രാത്രിയില്‍ 
കിന്നരവീണ മീട്ടി മീട്ടി
രാവേറും  വരെ 
ഞാനെന്റെ നാഥനെ 
സ്തുതിച്ചു കൊണ്ടിരിക്കും. 

കടും തണുപ്പുള്ളൊരു 
പുലര്‍ച്ചയ്ക്ക് 
മഞ്ഞയും ചുവപ്പും 
നിറമുള്ള ആകാശം 
തെളിഞ്ഞു വരുന്ന 
ഒരു ദിവസം 
നന്നേ ചെറുപ്പത്തില്‍ 
അതി നിര്‍മ്മലമായൊരു 
ഉറക്കത്തില്‍ 
എനിക്ക് മരിച്ചു പോകണം. 

അന്നുമുതല്‍ 
എന്റെ കല്ലറയില്‍ 
മെഴുതിരി കത്തിക്കാന്‍ 
മുടങ്ങാതെയെത്തുന്ന 
ഒരുവന്‍ (ള്‍) ഉണ്ടാകണം. 

തിരികെ പോകുമ്പോള്‍ 
അത്രയും സ്‌നേഹവായ്പോടെ 
എന്നെ ഒന്ന് 
തിരിഞ്ഞു നോക്കണം. 

click me!