മൃഗപൗരാവലി, ഷീജ വക്കം എഴുതിയ കവിതകള്‍

By Vaakkulsavam Literary Fest  |  First Published Feb 26, 2021, 7:20 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് ഷീജ വക്കം എഴുതിയ കവിതകള്‍


ഓര്‍മ്മകളില്‍ വേരാഴ്ത്തിയ മരം അതിന്റെ ആവാസവ്യവസ്ഥകളെ തിരിച്ചുപിടിക്കാന്‍ നടത്തുന്ന യാത്രകളാണ്, ഒറ്റ നോട്ടത്തില്‍ ഷീജ വക്കം എഴുതിയ കവിതകള്‍. എന്നാല്‍, സൂക്ഷിച്ചുനോക്കുമ്പോള്‍ അതുമാത്രമല്ല. ഇതുപോലൊരു കാലത്ത് ജീവിക്കുന്ന ഒരു മനുഷ്യന്‍ സൂക്ഷ്്മമായി സ്വയം ആവിഷ്‌കരിക്കുന്നതിന്റെ എല്ലാ അലയനക്കങ്ങളും അവിടെ കാണാം. അതിന് അടിനൂലായി കിടക്കുന്നത്, ഭൂതഭാവി വര്‍ത്തമാനങ്ങള്‍ പിണഞ്ഞുകിടക്കുന്ന ഭാവനയുടെ സൂക്ഷ്മമായ അടരുകളാണ്. അവിടെ മനുഷ്യര്‍ മാത്രമല്ല, ഭൂലോകത്തെ സകല ജീവജാലങ്ങളും ഉള്‍ച്ചേര്‍ന്നു കിടക്കുന്നു. പാരിസ്ഥിതികമായ മിടിപ്പുകള്‍ അതിന് ആന്തരിക ശ്രുതിയാവുന്നു. കവിതയുടെ മഹാപാരമ്പര്യത്തില്‍നിന്നും ഊര്‍ജം കൈവരിച്ചൊഴുകുമ്പോഴും സമകാലികാവസ്ഥകളെ അത് തീവ്രമായി പുല്‍കുന്നു. ഭാഷയിലും ആഖ്യാനത്തിലും ഒരേ കൈവഴിയിലൂടെ സഞ്ചരിക്കുമ്പോഴും നവഭാവുകത്വങ്ങളെ ഒപ്പം വഹിക്കുന്നു. സൂക്ഷ്മമായ വിതാനങ്ങളെ സ്വയം ആവിഷ്‌കരിക്കുന്നു. 

 

Latest Videos

 


നക്ഷത്രബംഗ്ലാവ്

മുകിലിന്‍ മട്ടുപ്പാവും
കടന്നൂ, വീണ്ടും വീണ്ടും
കയറിക്കയറിപ്പോയ് 
അമരപ്പയര്‍വള്ളി.

ഇലയും നീലപ്പൂവും 
കൊരുക്കും കോണിപ്പടി
കയറിച്ചെന്നൂ ഞാനും
പിന്നാലെയതേവഴി.

മറവിക്കയ്യാലയില്‍ -
ത്തനിയേ മുളച്ചൊരു
ചുരുളന്‍വള്ളിച്ചെടി
വിതറുംപൂക്കള്‍പോലെ,
ഇടവിട്ടിടവിട്ടു    
പൊഴിയും മിനുക്കങ്ങള്‍ മടിയില്‍ത്താലോലിക്കു -
മാകാശവഴിത്താര.

പറക്കുംചൂലില്‍ക്കേറി-
ക്കുതിയ്ക്കും മായാവിനി
വലം വെക്കുമ്പോല്‍ ചുറ്റി-
ത്തിരിഞ്ഞൂ വാല്‍നക്ഷത്രം.

തമസ്സിന്‍ ധൂളീരൂപം
കറങ്ങും കാന്തച്ചുഴി,
സമയപ്പാറക്കൂട്ടം തകരും
വിസ്‌ഫോടനം.

അരിനെല്ലിക്കാമരം
കുലുങ്ങിത്താഴത്തേയ്ക്കു
പൊഴിയും ഇളംപച്ച -
ക്കായ്കള്‍പോല്‍ ഗ്രഹജാലം,
അമരപ്പൂങ്കാട്ടില്‍
നിന്നൊരു കയ്യെത്തിച്ചു ഞാന്‍,
അടര്‍ത്തീ മൂപ്പെത്താത്ത
മൃദുവാമൊരു ഗോളം.

അലറീ സൗരക്കാറ്റ്,
കലികൊണ്ടുല്‍ക്കാപാതം
നെടുകേ കീറീ പുള്ളി -
ത്തുണിപോല്‍ ശൂന്യാകാശം,
വെളിച്ചം കുറുക്കുന്ന
നക്ഷത്രക്കിടാരങ്ങള്‍
കമിഴ്ന്നൂ, തലകുത്തി-
യൊലിച്ചൂ കിരണങ്ങള്‍.

കളവിന്‍ മുതല്‍ കയ്യില്‍!

മിടിക്കുന്നുള്ളില്‍ ഭയം
ഇറക്കൂ താഴത്തെന്നെ
യമരപ്പയര്‍വള്ളീ...

അരയാലില പോലെ
വിറകൊള്ളുന്നൂ ചെടി
ശലഭപ്പുഴുപോലെ
പതിക്കുന്നടര്‍ന്നു ഞാന്‍.

ഇരുട്ടിന്‍ ദ്രവം ഞെട്ടി-
ത്തുളുമ്പിപ്പൊങ്ങീ ഓളം..

ക്ഷണത്തില്‍ പല്ലില്‍ക്കോര്‍ത്തു
വലിയ്ക്കുന്നെന്നെ ആഴം,
ശിലകള്‍ ചിറകാര്‍ന്നു
ഭ്രമണം ചെയ്തൂ മേലേ
തകരുന്നഗാധത്തിന്‍
പാളികള്‍ താഴെത്താഴെ.

ഉണര്‍ത്തൂ ദയവായി
യുണര്‍ത്തൂ; കയ്യുംകാലും
കിടക്കപ്പായില്‍ത്തല്ലി
യുറക്കെക്കരയുമ്പോള്‍,
കനവിന്‍ കള്ളത്താഴില്‍
ത്തിരിയുന്നില്ലാ താക്കോല്‍,
തുറക്കൂ വാതില്‍!
കൃഷ്ണമണികള്‍ മുഴങ്ങുന്നു.

 

.........................

Read more: മത്സ്യഗന്ധിയുടെ വസ്ത്രം,  മഞ്ജു ഉണ്ണികൃഷ്ണന്‍ എഴുതിയ കവിതകള്‍
.........................

 

'വെട്ടുകിളി'

വെള്ളം ദാഹിക്കുന്ന പരുത്തിച്ചെടികളുടെ
നിലവിളി കേട്ടോടിയെത്തിയ
രാംദുലാരി,
മൂപ്പെത്താത്ത പരുത്തിഗോളങ്ങള്‍
തുറക്കുന്നതു കണ്ടു.

പഞ്ഞിയിതളുള്ള ഒരു കുലപ്പൂക്കള്‍
കാല്‍ക്കല്‍ ഞെട്ടുമുറിഞ്ഞു വീണു.
പിന്നെ ചിറകുകളുടെ കൊടുങ്കാറ്റ്
അയാളെ മൂടിക്കളഞ്ഞു.

ബലപ്പെട്ടു കണ്ണു തുറക്കുമ്പോള്‍
അയാള്‍ നിന്നത്
പഞ്ഞിപ്പാടത്തിന്റെ ശവപ്പറമ്പിലായിരുന്നു.

വെള്ളം കോരിത്തഴമ്പു വീണ കൈകള്‍
കീറിയ നിക്കറില്‍ത്തുടച്ച്
ഗിരിധറിന്റെ പിഞ്ചുമക്കള്‍ ചെവിയോര്‍ത്തു.

ആ ശബ്ദം
അതിവേഗം കുന്നിറങ്ങി വരുകയായിരുന്നു.

വെള്ളത്തൊട്ടികള്‍ ഉപേക്ഷിച്ച്
അവര്‍ ഭയന്നോടി..

കരിമ്പിന്‍ തണ്ടുകള്‍ക്കുള്ളില്‍
ജലത്തിന്റെ നെടുംതൂണുകള്‍ കുലുങ്ങി.
മധുരനഗരി ആക്രമിക്കപ്പെട്ടു..

വേരുകളുടെ ജലഗതാഗതം,
മധുരക്കടത്തിന്റെ തുറമുഖങ്ങള്‍,
തഴുതിട്ടു കാത്തു വെച്ച മധുരഖജാനകള്‍..

നിമിഷം കൊണ്ട് എല്ലാം തകര്‍ന്നടിഞ്ഞു..
നട്ടെല്ലു നുറുങ്ങിയ കരിമ്പുകളുടെ തലയ്ക്കല്‍
പിഞ്ചുമക്കളുടെ കരച്ചില്‍ പൊങ്ങി.

ശരവേഗത്തില്‍ ഒരു മൂളല്‍
മുത്താറിപ്പാടം കൊയ്തുപോയി..

ഒരു കുഞ്ഞിക്കുറുക്കിനു തരി ശേഷിക്കാത്ത
പാടവരമ്പത്തിരുന്ന്
തലയില്‍ക്കൈവെച്ച് നിലവിളിക്കുന്ന
അമ്മമാരുടെ പാലു വറ്റിയ മുലകളില്‍
പട്ടിണിക്കുഞ്ഞുങ്ങള്‍
പട്ടിക്കുഞ്ഞുങ്ങളെപ്പോലെ
കടിച്ചു തൂങ്ങി .

വെട്ടുകിളികളുടെ ഭാഷയ്ക്ക്
അവര്‍ തന്നെയായിരുന്നു ലിപികള്‍.

ചാടിയും പറന്നും അവ സ്വന്തം നിയമങ്ങളെഴുതി.

അറക്കവാള്‍പ്പല്ലുകളുടെ
അലിവില്ലാത്ത വേഗതയില്‍
കഴുത്തറ്റുവീണു പിടച്ചു
ഉള്ളിപ്പൂക്കള്‍..

ചേറില്‍ക്കൊഴിഞ്ഞ
ചോളക്കുലകളുടെ അന്ത്യമൊഴി
ആരവങ്ങളിലമര്‍ന്നു പോയി.

എല്ലുന്തിയ ഒരു ജീവിയാണ്
വെള്ളമൂട്ടിയത്.
ചോര വെന്ത നീരാവിയാണ്
വേര്‍പ്പായി ചോട്ടിലിറ്റിയത്..

തൊട്ടാല്‍ ഞെരിയുന്ന പ്രാണനാണ്
കാട്ടാനക്കൂട്ടത്തിനു നേര്‍ക്ക്
പാട്ട കൊട്ടി നിന്നത്,
അതിന്റെ കണ്ണില്‍ നിന്നിറ്റിയ
ഉപ്പുദ്രാവകത്തിലാണ്
മുഞ്ഞയും,ഇലതുരപ്പനും ചത്തുവീണത്..

ആ സാധുജീവിയെക്കൊല്ലരുത്
കൊല്ലരുത് !
കൊല്ലരുത് !'

(കര്‍ഷകരുടെ പേടിസ്വപ്നമായ പുല്‍ച്ചാടിവിഭാഗത്തില്‍പ്പെട്ട ഒരു പ്രാണി.ക്ഷണനേരം കൊണ്ട് സര്‍വ്വതും നശിപ്പിക്കും.)

 

........................

Read more: പലായനം, രമ്യ സഞ്ജീവ് എഴുതിയ കവിത
........................

 


കവിതേ ..

രണ്ടു വള്ളികള്‍ തമ്മിലൊട്ടിയ
പീക്കിരിക്കാട്ടില്‍,
വന്‍വനം കണ്ടമ്പരക്കും
കുഞ്ഞുറുമ്പാക്കൂ..

കുന്നുകള്‍ തരിയായ്
ത്തകര്‍ക്കും വന്യമാവേശം
പൊങ്ങി വന്നമരും
ദിനോസര്‍ക്കാലടിയാക്കൂ ..

മഞ്ഞിനുള്ളില്‍ മയങ്ങുമെല്ലുകള്‍
തങ്ങളില്‍ മിണ്ടും
അന്യകോടിയുഗങ്ങള്‍ 
തന്‍ കഥയൊന്നു കേള്‍പ്പിക്കൂ..

സാഗരങ്ങള്‍ പൊടിച്ചുണക്കിയ
ധൂളിയായ്ക്കലരൂ..

എന്റെ ദാഹജലത്തില്‍ 
വീണ്ടും നഞ്ചു നീ ചേര്‍ക്കൂ..

 

.............................

Read more: സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍ 
.............................

 

മൃഗപൗരാവലി

കടലാഴമറിഞ്ഞ
പൂര്‍വികര്‍,
കുടിയേറിയതാണ്
ഭൂമിയില്‍,
പല കാടുകളൊപ്പുവെച്ചതാം,
ഘനപൈതൃകമാണു
ചോരയില്‍...

അനുവാദമിരന്നു,
രേഖകള്‍ ചികയാതെ
കടന്നുവന്നവര്‍,
ഉരകല്ലിലുരച്ചു
കാലമീ നരയാക്കിയ
കാട്ടുജീവികള്‍...

ഇഴകീറിയ പൗരജാതകം,
തെളിയും
മഷിവെറ്റിലയ്ക്കുമേല്‍,
ശിഖരങ്ങളിലാടിയെത്തിടും
പൊതുവായ 
കുരങ്ങുപൂര്‍വികര്‍.

അതിലേറെ-
യലങ്കരിക്കുവാന്‍,
അതിലേറെ-
യഹങ്കരിക്കുവാന്‍
പെരുതായ ചരിത്രമെന്തു നാം,
വെറുമല്‍പ്പ നിമേഷ ജീവികള്‍. 

 

.............................

Read more: പതിനെട്ടാമത് വയസ്സ്, ആശാലത എഴുതിയ കവിതകള്‍
.............................

 

ജാരന്‍ 

തൊട്ടുകൂടാത്ത സുഖങ്ങള്‍ തന്‍ തീമുന
തൊട്ടു നീ, അസ്വസ്ഥമാം മുലകള്‍ക്കിടെ
ഞെട്ടിത്തരിച്ചു മിടിക്കുന്നു തല്‍ക്ഷണം
മറ്റൊരാള്‍ കണ്ടെത്തിടാത്ത ഹൃത്‌പേടകം
                             
ഇഷ്ടമുള്ളോരൊപ്പമായിണചേരുന്ന
ശില്പങ്ങളില്‍ നഗ്‌നമൂര്‍ത്തിയായ് നിന്‍ വിളി
പച്ചിലച്ചാര്‍ത്തഴിച്ചിട്ടു ദിഗംബര-
നൃത്തമാടുന്നതു കേട്ടൊരു പെണ്‍മനം!

ദു:സ്വപ്നമൂറിവീഴും മോഹനിദ്രയില്‍
കുറ്റിരുട്ടില്‍ മഞ്ഞുധൂളിയായ് വന്നു നീ
രക്തം പുരണ്ട രക്ഷസ്സിന്റെ മാറിലെ
നിത്യശൈത്യം! മുഖം ചേര്‍ത്തു ഞാന്‍ സാഹസി!

മറ്റൊരിക്കല്‍ വിരിമാടി ജനാലയി-
ലെത്തി നോക്കുന്നുണ്ടു നിന്നൊളിക്കണ്ണുകള്‍
അല്‍പ്പവസ്ത്രത്തില്‍ മുഖം കുനിച്ചു, ലജ്ജ-
യിറ്റുവീഴും തനുവോടെ നിന്‍ മുന്നില്‍ ഞാന്‍..

ഉച്ചിവരേയ്ക്കും ജലത്തിലാമഗ്‌നരായ്
ദുര്‍ഘടമേതോ ഖനിക്കുള്ളില്‍ മുങ്ങി നാം
ഒപ്പം മരിച്ചു പുനര്‍ജ്ജനിച്ചു പാപ-
വൃക്ഷമായ് നീ, പിണഞ്ഞൂ സര്‍പ്പമായി ഞാന്‍

പ്രച്ഛന്നമാമനുരാഗ സങ്കല്‍പ്പമേ
പ്രത്യക്ഷമാകുന്നു നീ മുന്നിലെപ്പോഴും
അത്യന്തഗൂഢമീ മായാനഗരിയില്‍
പൊട്ടിച്ചിരിച്ചലയുന്നു ഞാന്‍ സൈ്വരിണി!

പുഷ്പിതാഗ്രങ്ങള്‍ കൊരുത്തു പൂവള്ളികള്‍
ഹൃത്തില്‍ ബന്ധിച്ച പ്രാചീന രഹസ്യമേ
പച്ചകുത്തൂ നിന്നവിശുദ്ധ ചുംബനം

നെറ്റിയില്‍, ചുണ്ടുകളില്‍, കപോലങ്ങളില്‍
ചുറ്റഴിയുന്നു വരിഞ്ഞു മുറുക്കുമീ
നിസ്സാര മാംസവസ്ത്രം നിന്റെ കൈകളില്‍
നഗ്‌നമാത്മാവു തളര്‍ന്നു ചായുന്നു നിന്‍
ശുഭ്രമാം ഹൃത്തടത്തിന്‍ സ്വപ്നശയ്യയില്‍

ഒത്തുചേരുന്നൂ ദിനം ദിനം നീയെന്നി-
ലിപ്രപഞ്ചത്തിന്റെ സര്‍ഗാനുഭൂതിയില്‍
ഒറ്റവാക്ക്, ഒറ്റസ്പര്‍ശം, തലോടല്‍ മതി
തൃപ്തമാകുന്നു പ്രാണന്‍ സ്‌നേഹമൂര്‍ച്ഛയില്‍!

click me!