തിന്താരു, കുഴൂര്‍ വിത്സന്റെ മൂന്ന് കവിതകള്‍

By Vaakkulsavam Literary Fest  |  First Published Feb 5, 2021, 4:49 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് കുഴൂര്‍ വിത്സന്റെ പുതിയ പുസ്തകമായ 'ഇന്ന് ഞാന്‍ നാളെനീയാന്റപ്പന്‍' എന്ന സമാഹാരത്തിലെ മൂന്ന് കവിതകള്‍


അടിമുടി കവിത പൂത്തൊരു മരം. കവിതകള്‍ക്കകത്തും പുറത്തുമുള്ള കുഴൂര്‍ വില്‍സന്റെ ജീവിതത്തിന്റെ ടാഗ് ലൈന്‍ അതാണ്. ഭൂമിയെ കവിത കൊണ്ട് തൊടുന്നൊരാള്‍. ചുറ്റുപാടുമുള്ള ലോകത്തോട് സംവദിക്കാന്‍ കവിതയുടെ ഭാഷമാത്രം സ്വന്തമായുള്ള ഒരാള്‍. അത്തരം ഒരാള്‍ക്കു മാത്രം പറയാനാവുന്ന കാര്യങ്ങളാണ് കുഴൂര്‍ വില്‍സന്‍ കവിതകള്‍. അയാള്‍ കാണുന്നതിലും തൊടുന്നതിലെല്ലാം കവിതയുടെ വിത്തുകള്‍ വീണുകിടക്കുന്നത് അതാണ്. മണ്ണിലേക്കു വേരിറങ്ങിയ, ആകാശത്തോളം ചില്ലകളും ഇലകളും പടര്‍ന്നു കിടക്കുന്ന ഒരു വനമായി കുഴൂര്‍ കവിതകള്‍ മാറുന്നതും അതിനാലാണ്. മരങ്ങള്‍ക്ക് സഹജമായ വ്യത്യസ്തതകള്‍ തന്നെയാണ് കുഴൂര്‍ കവിതകളുടെ വേറിട്ട നില്‍പ്പ് സാദ്ധ്യമാക്കുന്നതും. 

കുഞ്ഞുവാക്കുകളാണ് ആ കവിതയുടെ വിധി നിര്‍ണയിക്കുക. ഒരു വിത്തുപൊട്ടും പോലെ അതു സംഭവിക്കുന്നു. വിത്തുപൊട്ടി അതൊരു ചെടിയാവുകയും പിന്നീട് ഒറ്റയ്‌ക്കൊരു കാടാവുകയും ചെയ്യുന്നു. സൂര്യന്‍ എത്തിനോക്കുന്നതിന്‍ ചോടെ വീണുകിടക്കുന്ന ആ മഴക്കാടിന്റെ നിഴലുകളിലേക്കും അതിനിടയിലെ നോവുകളിലേക്കും ഉന്മാദങ്ങളിലേക്കും വായനക്കാര്‍ എടുത്തെറിയപ്പെടുന്നു. ഒരേസമയം തന്നെ ഏകാന്തതയും ആരവവുമാണത്. ഒരേ നേരം പൊതുവായ ഇടവും സ്വകാര്യമായ ഇടവും അതു പങ്കിടുന്നു. അതുകൊണ്ടാണയാള്‍, 

Latest Videos

undefined

എന്റെ സന്തോഷത്തിന്റെ കാരണമേ
നിനക്കെഴുതുമ്പോള്‍
എന്റെ സങ്കടത്തിന്റെ കാരണമേ 
(വയലറ്റിനുള്ള കത്തുകള്‍)

-എന്ന് എഴുതുന്നത്. അതയാളുടെ തന്നെ സന്തോഷവും സങ്കടവും തുറന്നുകാട്ടലും അവനവനിലേക്ക് തന്നെ ഒതുങ്ങലുമാണ്. എന്നാല്‍ അതയാളുടെ മാത്രം ഇടമല്ല. വായനക്കാര്‍ക്ക് സ്വയം ചേര്‍ത്തുവെയ്ക്കാനുള്ള ഇടവും കൂടിയാണത്. ഇവിടെ കവി വേറെയും കവിത വേറെയുമില്ല. കവിയും വായനക്കാരും വെവ്വേറെയല്ല. ഒന്ന് ഓര്‍ത്തേച്ചും വരാം, ഒന്ന് തൊട്ടേച്ചും വരാം, ഒന്ന് നനഞ്ഞും വരാം, ഒന്ന് നൊന്തിട്ടുവരാം എന്ന് പറയേണ്ടി വരും ആ കവിതകളെ വായിക്കുമ്പോള്‍.

 

 

മേഘക്കുഞ്ഞ്

എല്ലായിടത്തെയും പോലെ
ഇവിടെയുമുണ്ടായിരുന്നു ഒരു പൂച്ചക്കുഞ്ഞ്

ചൂടിനെ വലിയ പേടിയായിരുന്നു
അടുപ്പിനടുത്തേക്ക് വരില്ല
പൊത്തിപ്പിടിക്കാന്‍ ചെന്നാല്‍ ഓടിപ്പോകും
ചൂടുള്ളത് വല്ലതും കൊടുത്താല്‍ മുഖം തിരിക്കും
ഐസുവെള്ളം ഇറ്റിറ്റുവീഴുന്ന
ഫ്രിഡ്ജിന്റെ
അടിയില്‍
അതിന്റെ
ഒരു
കിടപ്പുണ്ട്

രാത്രി പാറാവുള്ള
കരീമിക്കയുടെ
കൂട്ടുകാരന്‍ പൂച്ചക്കുഞ്ഞ്
വണ്ടി തട്ടി
ചത്ത് പോയെന്ന്
സിഗരറ്റ് വലിച്ചപ്പോള്‍
സെബാന്‍ പറഞ്ഞു
അപ്പോള്‍ ഞാന്‍
നല്ല നീലനിറമുള്ള
മേഘങ്ങളെ നോക്കി നില്‍ക്കുകയായിരുന്നു

സന്ധ്യയായപ്പോള്‍
മേഘങ്ങള്‍ ഒക്കെ
ഉരുണ്ട് കൂടി
പഴുത്ത് പാകമായ പഴങ്ങളായി
നീലയെ കറുപ്പുരാശി
വിഴുങ്ങി

ഇപ്പോള്‍
താഴേക്ക് വീഴും വീഴുമെന്നായി
അപ്പോഴേക്കും
ആ പൂച്ചക്കുഞ്ഞ്
ചത്ത് പോയ കാര്യം ഞാനും മറന്നു

മഴ വരുന്നേ
തണുപ്പ് വരുന്നേയെന്ന്
അതിനോട്
പറയാനായി
നാവ് തരിച്ചു          

(മനുഷ്യരുടെ ഭാഷ
മറന്ന ഒരാള്‍
അതിന്റെ ഭാഷ പഠിക്കാന്‍
ചിലപ്പോഴൊക്കെ
പരിശീലിച്ചിരുന്നു)

അപ്പോഴതാ
ആ മേഘങ്ങളൊക്കെ കൂടി
പൂച്ചക്കുഞ്ഞ്
ചടഞ്ഞ് കിടക്കാറുള്ള
മൂലയിലേക്ക് ഇറങ്ങി വന്നു

എന്നിട്ട്
ആ മൂലയില്‍ വന്ന്
പൂച്ചക്കുഞ്ഞിനെപ്പോലെ

പതുങ്ങിക്കിടന്നു.

 

...................................

Read more: എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
...................................

 

തിന്താരു

വൈകിട്ട് നാലരമണിയോടെ
ഞാന്‍ കേന്ദ്രഭരണപ്രദേശമായ
കാരയ്ക്കലിലേക്ക് പോയി

നാഗപട്ടണമെത്തിയപ്പോള്‍ പതിവിലും ക്ഷീണിതനായി  കാണപ്പെട്ട ഡ്രൈവറോട് ഞാന്‍ കടുപ്പത്തില്‍ ഒരു ചായ കുടിക്കാന്‍ ആവശ്യപ്പെട്ടു. മനസ്സില്ലാമനസ്സോടെ അയാള്‍ ചായ കുടിക്കുന്നതിനിടയില്‍ കടുപ്പത്തിലുള്ള ചായ ഇഷ്ടമില്ലാത്ത ഞാന്‍ ഇടുങ്ങിയ വഴികളിലൂടെ പോകുന്ന പശുക്കളെ  നോക്കി. പക്ഷേ പശുക്കള്‍ എന്നെ നോക്കിയില്ല. ഞാന്‍ നോക്കി നിന്ന പശുക്കള്‍. എന്നെ തിരിഞ്ഞുനോക്കാതിരുന്ന പശുക്കള്‍. ഒരു പരിചയവും ഇല്ലാത്ത ഒരു തമിഴ്ഗ്രാമത്തില്‍ ഇല്ലാത്ത ബന്ധങ്ങള്‍ എത്ര പെട്ടെന്നാണു രൂപപ്പെടുന്നതെന്നറിഞ്ഞ് എനിക്ക് ചെറുതായി ശ്വാസം  മുട്ടി. ഞാനൊരു സിഗരറ്റു കൂടി കത്തിച്ചു. ശ്വാസം മുട്ടല്‍ തോന്നിത്തുടങ്ങിയാല്‍ അപ്പോള്‍ തന്നെ സിഗരറ്റ് കത്തിക്കണമെന്ന് കുറിപ്പെഴുതി തന്ന അസാമാന്യ അഴകുള്ള ബ്രിട്ടനിലെ ആ ഡോക്ടറെയോര്‍ത്തു. നാശം. ഇല്ലാത്ത ബന്ധങ്ങളുടെ പേരില്‍ ശ്വാസം മുട്ടല്‍ തുടങ്ങുമ്പോള്‍ അതിനു മരുന്നായി സിഗരറ്റു കത്തിക്കുമ്പോള്‍ അതാ വരുന്നു നിര നിരയായി ഓരോരോ ബന്ധങ്ങള്‍.

എനിക്ക് കടുപ്പത്തിലുള്ള ചായകളോട് വെറുപ്പ് തോന്നി. ഇടുങ്ങിയ വഴികളിലൂടെ പോയ പശുക്കളോട് നല്ല ഈര്‍ഷ്യ തോന്നി. അവയുടെ ചെറുതല്ലാത്ത അകിടുകളോട് ചുമ്മാ വൈരാഗ്യം തോന്നി. ഒരിക്കിലിതു പോലെ അകിടുകളോട് പ്രതികാരം തോന്നിയ ഒരു നട്ടുച്ച മുന്നില്‍ ഉദിച്ചു. അന്ന് അറുത്തെറിഞ്ഞ അകിടുകളുടെ ചോരപ്പാടുകള്‍ കൈകളിലും കാല്‍കളിലും മുതുകിലും അടിവയറ്റിലും തെളിഞ്ഞു.

എനിക്ക് ഒന്ന് കൂടി കടുപ്പമുള്ള ചായകളോട് വെറുപ്പ് തോന്നി. ഡ്രൈവര്‍ ചൂടും കടുപ്പവുമുള്ള ചായ മൊത്തിമൊത്തി കുടിക്കുകയാണു. അയാളോട് കടുപ്പമുള്ള ചായ കുടിക്കാന്‍ പറഞ്ഞ നിമിഷത്തെ ഞാന്‍ വെറുത്തു. അതിനായി ഉപയോഗിച്ച വാക്കുകളെ വെറുത്തു. അതിനായി ഉപയോഗിക്കാന്‍ വച്ച വാക്കുകളോടു പോലും ഈര്‍ഷ്യയായി

പിന്നെ ഇടങ്ങിയ വഴിയില്‍  പച്ചകുത്താനിരിക്കുന്നവരെ നോക്കി. ഒന്ന് പച്ചകുത്തിയാല്‍ എങ്ങനെയിരിക്കും എന്നാലോചിച്ചു. പച്ച കുത്താന്‍ മാത്രം എന്താഴമാണുള്ളതെന്ന് ഓര്‍ത്തെടുക്കാന്‍ നോക്കി

ഇഷ്ടമുള്ള ആള്‍
ഇഷ്ടമുള്ള പേര്
ഇഷ്ടമുള്ള ഇടം
ഇഷ്ടമുള്ള അക്കം
ഇഷ്ടമുള്ള അക്ഷരം
ഇഷ്ടമുള്ള ഓര്‍മ്മ

എനിക്ക് നല്ല ഇഷ്ടക്കേടു തോന്നി. ചുമലില്‍ അമ്മയുടെ പേരു പച്ചകുത്തിയാലോ എന്നാലോചിച്ചു. എന്നെ കാണാതായാല്‍ അമ്മയുടെ പേരു വച്ച് ആളുകള്‍ എന്നെ കണ്ടുപിടിക്കുന്നതോര്‍ത്ത് നല്ല രസം തോന്നി. അതില്‍ പരിചയമില്ലാത്ത മറ്റു പെണ്ണുങ്ങള്‍ ഉമ്മ വയ്ക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടമായി. നാശം എനിക്കാകെ സങ്കടമായി. എനിക്ക് കടുപ്പമുള്ള ചായകളോടും ആ ഇടുങ്ങിയ വഴിയോടും ഒടുക്കത്തെ കലിപ്പ് വന്നു. ഞാനൊരു  സിഗരറ്റു കൂടി കത്തിച്ചു. അപ്പോള്‍ ചുമലില്‍ അമ്മയുടെ പേരു കുത്തിയ ഞാന്‍ നിന്ന നില്‍പ്പില്‍ നിന്നഴുകി. അത് ചീഞ്ഞ് നാറി.  ആ ഇടുങ്ങിയ വഴിയില്‍ നിന്ന പശുക്കളും ആളുകളും ഞാന്‍ പറയാതിരുന്ന ആടുകളും ഓടിപ്പോയി. പൊടുന്നനെ ഡ്രൈവര്‍ വന്ന് സര്‍ നമുക്കിവിടെ നിന്ന് പോകാമെന്ന് പറഞ്ഞു. എനിക്ക് അയാളുടെ ഉള്ളില്‍ കിടക്കുന്ന കടുപ്പമുള്ള ചായയോടും പോലും നല്ല കടുപ്പം തോന്നി

ഒരു കണക്കിനു ഞങ്ങള്‍ കാരയ്ക്കലിലെത്തി. അതെ വൈകിട്ട്  ആറരമണിയോടെ കേന്ദ്രഭരണപ്രദേശമായ കാരയ്ക്കലില്‍.

മുന്‍പൊന്നും ഞാനിവിടെ വന്നിട്ടില്ലെങ്കിലും ആ ബാറിന്റെ അതേ മൂലയില്‍ അതേ കസേരയില്‍ ഞാനിരുന്നു. അതേ വിളമ്പുകാരന്‍ എനിക്ക് വീഞ്ഞൊഴിച്ചു തന്നു.

വീഞ്ഞൊഴിച്ചു കൊണ്ടിരുന്നു
വീഞ്ഞൊഴിച്ചു കൊണ്ടിരുന്നു
വീഞ്ഞൊഴിഞ്ഞുകൊണ്ടിരുന്നു
വീഞ്ഞൊഴിഞ്ഞുകൊണ്ടിരുന്നു
വീഞ്ഞഴിഞ്ഞുകൊണ്ടിരുന്നു
വീഞ്ഞഴിഞ്ഞുകൊണ്ടിരുന്നു

മുഴുവനായി അഴിഞ്ഞയെന്നെ തപ്പിവാരിയെടുത്ത്‌കൊണ്ട് പോയത് ഒരു ഡച്ചുകാരിയാണു. അവള്‍ക്കെന്നെക്കാള്‍ പ്രായം കൂടുതലായിരുന്നു. അവളുടെ മുറിയിലാകട്ടെ വെളിച്ചവുമുണ്ടായിരുന്നില്ല. കുഞ്ഞിനെ കുളിപ്പിക്കുന്ന വയറ്റാട്ടിമാര്‍ കണ്ടാല്‍ അസൂയ തോന്നും മട്ടില്‍ അവളെന്നെ ഇളംചൂടുവെള്ളത്തില്‍ കുളിപ്പിച്ചു. ഇടയ്‌ക്കെണീറ്റ് പേരു  ചോദിച്ചപ്പോഴൊക്കെ അവളെന്റെ ചുണ്ടുകള്‍ ചുണ്ടുകളാലടച്ചു. ഒരു പാട് തവണ അത് ആവര്‍ത്തിച്ചപ്പോള്‍ എനിക്കവളുടെ പേരു ഉമ്മയെന്ന് അര്‍ത്ഥമുള്ള എന്തോ ആണെന്ന വിചാരമുണ്ടായി. ചുണ്ടുകള്‍ കൊണ്ടല്ലാതെ അവള്‍ ഒരക്ഷരം മിണ്ടിയതുമില്ല

അഴിഞ്ഞ വീഞ്ഞ്. ഇളം ചൂടുള്ള വെള്ളം. ചുണ്ടുകളുടെ നിര്‍ത്താതെയുള്ള വര്‍ത്തമാനം. ചുണ്ടുകള്‍ കഴച്ചുവെങ്കിലും അരക്കെട്ടില്‍ നിന്ന് എന്റെ പിറുപിറുക്കല്‍ ഞാന്‍ കേട്ടു. അവളും കേട്ടിരിക്കണം. അവളെന്റെ ലിംഗത്തില്‍ തൊട്ടു. ഇതെന്തൊരാളാണു എന്നര്‍ത്ഥം വരുന്ന എന്തോ ഒരു  തമാശ  പറഞ്ഞു. തഞ്ചാവൂരിലെ കടലില്‍ നിന്നും കളഞ്ഞുകിട്ടിയതാണെന്നും ശില്‍പ്പികള്‍ ആരോ ഉപേക്ഷിച്ച ഏതോ കൊടിമരമാണെന്നും ഞാന്‍ പറഞ്ഞു. കൊടിമരമെങ്കില്‍ ഇനി ഉത്സവം തന്നെയെന്നവളും പറഞ്ഞു

ഉത്സവമായിരുന്നു.
ഉത്സവത്തോടുത്സവം
കരിവളകള്‍ ചാന്തുകള്‍ റിബ്ബണുകള്‍
ഹൈഡ്രജന്‍ ബലൂണുകള്‍
കറകറക്കിയ പമ്പരം
ഉത്സവം തന്നെയായിരുന്നു
ഉത്സവത്തോടുത്സവം

ആളൊഴിഞ്ഞ ഉത്സവപ്പറമ്പിനെപ്പോലെ അലമ്പായ ഉപമ മറ്റൊന്നില്ലാത്തതിനാല്‍. ഏതെങ്കിലും സമയത്ത് കേന്ദ്രഭരണപ്രദേശമായ കാരയ്ക്കലില്‍ നിന്ന് തിരിച്ച് പോരുന്നു.  ആ ടാക്‌സി ഡ്രൈവറെ ഞാന്‍ വഴിയില്‍ ഉപേക്ഷിച്ചു. അത് എനിക്ക് കടുപ്പമുള്ള ചായ ഇഷ്ടമില്ലാത്തതിനാല്‍ മാത്രമായിരുന്നില്ല. അയാളുടെ പേരു തിന്താരു എന്നായിരുന്നില്ല

തിന്താരു എന്ന് പേരില്ലാത്ത ഒരു ഡ്രൈവറെ എനിക്ക് ഇനി ഒരിക്കലും സഹിക്കാനുമാകില്ല

 

....................................

Read more; ജിഗളോ, അരുണ്‍ പ്രസാദ്  എഴുതിയ കവിതകള്‍
....................................

 

ഒരു വള്ളിച്ചെടി

പത്ത്
വര്‍ഷത്തിനു ശേഷം
കാണുകയായിരുന്നു ഞങ്ങള്‍

ക്ലാസുമുറിയിലും
ഗ്രൗണ്ടിലും
ഓഡിറ്റോറിയത്തിലും
ഞങ്ങള്‍

പിന്നെയും ഞങ്ങള്‍
ഞങ്ങളുടെ ഭാര്യമാര്‍
ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍
ഞങ്ങളുടെ കുഞ്ഞുങ്ങള്‍
ഞങ്ങളുടെ വിസിറ്റിംഗ്കാര്‍ഡുകള്‍

ഞങ്ങള്‍
ഞങ്ങളുടെ
ഫോട്ടോയെടുക്കുന്നു
ഞങ്ങള്‍
ഞങ്ങളുടെ
വിശേഷങ്ങള്‍
പറയുന്നു

ഞങ്ങള്‍
ഞങ്ങളുടെ
കാറുകള്‍
ഞങ്ങളുടെ
മൊബൈല്‍ഫോണുകള്‍

ഞങ്ങളുടെ കുഞ്ഞുങ്ങള്‍
വട്ടത്തിലും നീളത്തിലും ഓടുന്നു
ഞങ്ങളുടെ കഞ്ഞുങ്ങള്‍
ബലൂണുകള്‍ വീര്‍പ്പിക്കുന്നു
ഞങ്ങളുടെ കുഞ്ഞുങ്ങള്‍
ബലൂണുകള്‍ പൊട്ടിക്കുന്നു
ഞങ്ങളുടെ കുഞ്ഞുങ്ങള്‍
പൊട്ടിപൊട്ടിച്ചിരിക്കുന്നു
ഞങ്ങളുടെ കുഞ്ഞുങ്ങള്‍
ഐസ്‌ക്രീമിനായി കരയുന്നു

ഞങ്ങളില്‍ നിന്ന്മാറി ഒരു സിഗരറ്റ് വലിക്കണമെന്ന്  വിചാരിക്കുന്നത് തെറ്റല്ല.  കുറച്ച്‌നേരമെങ്കിലും ഞങ്ങളില്‍ നിന്ന്മാറി മാറി നില്‍ക്കുന്നത് ഒട്ടും തെറ്റല്ല. ഓഡിറ്റോറിയത്തിന്റെ വലതുവശത്തു കൂടെ ഇറക്കത്തിലേക്ക് ഒരു വഴിയുണ്ട്.അതിലേ പോയി. ഒരു സിഗരറ്റ്കത്തിച്ചു. ഇടത്തോട്ട്മാറി, വഴിക്കും ഓഡിറ്റോറിയത്തിനും ഇടയ്ക്കായി പൊന്തക്കരികില്‍നിന്ന് മൂത്രമൊഴിച്ചു. 

അപ്പോഴതാ ഞങ്ങളില്‍ നിന്നും മാറി, അടുത്തേക്ക് അഭിനയ് വരുന്നു. അവന്‍ കല്ല്യാണം കഴിച്ചിട്ടില്ല.  സിഗരറ്റും വലിക്കില്ല. അവനെന്നെ പ്രേമത്തോടെ നോക്കുന്നു. അവനെന്റെ അടുത്ത് വന്നു പഴയ ഒരു കവിത ആവേശത്തോടെ ഓര്‍ക്കുന്നു. അവന്റെ മുഖത്ത് ആ കവിത എഴുതിയ ആ പഴയ എന്നെ കാണുന്നു.അല്‍പ്പം ജാള്യതയോടെ ഞാന്‍ നനവുള്ള മണ്ണിലേക്ക് നോക്കുന്നു.തഴച്ച്‌നില്‍ക്കുന്ന ചേമ്പിന്‍തൈകളെ നോക്കുന്നു . അവിടെ പടര്‍ന്ന വള്ളിച്ചെടികളെ നോക്കുന്നു.

അതില്‍ ഒരു വള്ളിച്ചെടി
അത്ര തഴച്ച്
അത്ര പച്ചച്ച്
അത്ര ഉത്സാഹത്തില്‍
അത്ര ആവേശത്തില്‍
പടര്‍ന്ന്കയറുകയാണു

അത് വരിഞ്ഞ്ചുറ്റിയിരിക്കുന്നത്
ഒരു ഇരുമ്പുകമ്പിയിലാണു
അത് ഇലക്ട്രിക്ക് പോസ്റ്റിന്റെ സ്‌റ്റേക്കമ്പിയാണു

അത്ര തഴച്ച് , പച്ചച്ച്, ഉത്സാഹത്തോടെ, ആവേശത്തോടെ,
ഇരുമ്പുകമ്പിയെ വരിഞ്ഞുമുറുക്കി
കയറിപ്പോവുകയാണു
മേഘങ്ങളെ തൊടാനായുന്നുണ്ട് അതിന്റെ കയ്യുകള്‍
ആകെ സങ്കടമായി
എനിക്ക്കരച്ചില്‍ വന്നു

ഞാനാ വള്ളിച്ചെടിയെ വഴിതിരിച്ച് വിട്ടു

ജീവനുള്ള ഒരു പാമ്പിന്റെ
മുകളിലൂടെ ഒരുവള്ളിച്ചെടി പടര്‍ന്നാല്‍
അത് ആപാമ്പും ആ വള്ളിച്ചെടിയും പരസ്പ്പരം അറിഞ്ഞാല്‍
ആരാവും അധികം ആശങ്കപ്പെടുക
പേടിച്ച് പേടിച്ച് അനങ്ങുക
ആരാവും ആദ്യം പിടിവിടുക

അഭിനയ് അപ്പോഴും അടുത്തുണ്ട്
അഭിനയ് ഞങ്ങളെപ്പോലെ ഞങ്ങളല്ല.
കല്ല്യാണം കഴിച്ചിട്ടില്ല. കുഞ്ഞുങ്ങളില്ല
കാറും കാര്‍ഡുമില്ല

സിഗരറ്റും വലിക്കില്ല

..................................

(ലോഗോസ് ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇന്ന് ഞാന്‍ നാളെനീയാന്റപ്പന്‍' എന്ന സമാഹാരത്തില്‍ നിന്നുള്ളതാണ് ഈ മൂന്ന് കവിതകള്‍.)

 

...............

വാക്കുല്‍സവത്തില്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ കവിതകളും കഥകളും ലേഖനങ്ങളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!