വാക്കുല്‍സവത്തില്‍ ഇന്ന് ഇ.എം. സുരജ എഴുതിയ കവിതകള്‍
അതിര്‍ത്തികളാല്‍ വീതം വെക്കപ്പെടാത്ത ഭാഷയുടെ രാജ്യമാണ് ഇ എം സുരജയുടെ കവിത. അവിടെ വാക്കാണ് പ്രജ. അതു തന്നെ, പ്രകൃതി. അതു തന്നെ ജീവജാലങ്ങളും അതിന്റെ ആവാസവ്യവസ്ഥയും. കാലം ചെന്ന വാക്കുകള്‍ക്കു പോലും അവിടെ തിരുപ്പിറവിയുണ്ടാവുന്നു. അവ നടന്നു പഠിക്കുന്നു, ബാല്യകൗമാരങ്ങള്‍ പിന്നിടുന്നു. നടന്നുതേഞ്ഞ വാക്കുകള്‍ വാര്‍ദ്ധക്യവും മരണവും ചെന്നു തൊടുന്നു. കവിതയുണ്ടായ കാലം തൊട്ടേ, നിന്നുപിഴച്ചുപോന്ന വാക്കുകള്‍ സുരജയുടെ കവിതയില്‍ പല ജന്‍മങ്ങളായി പിറവികൊള്ളുന്നു. ഭാഷയുടെയും, വാക്കിന്റെയും സദാ എഴുതപ്പെട്ടുകൊണ്ടേയിരിക്കുന്ന ആത്മകഥയിലേക്ക് ആ കവിത ഭാവനയുടെ വഴിക്കണ്ണുമായിരിക്കുന്നു. അവിടെ 'കല്ല്' എന്ന വാക്കിന് സ്വയമൊരു കവിതയായി മാറാനാവുന്നു. ഭൂമി, സ്വന്തം നിശ്ശബ്ദതകള്‍ വായിക്കാനുള്ള ലിപികള്‍ പെറ്റിടുന്നു. മറ്റൊരു വാക്കിന്റെ ജന്‍മം കൊതിച്ചു നിരാശരായ വാക്കുകള്‍, കവിതയിലേക്ക് ഒളിച്ചു കടന്ന് ആള്‍മാറാട്ടം നടത്തുന്നു. ഒരേ സമയം, സുരജയുടെ കവിത വാക്കുകളില്‍ തുളുമ്പുകയും ആ തുളുമ്പലിന് ഭാഷ ചമയ്ക്കുകയും ചെയ്യുന്നു. അപരമായ ക്ഷമയോടെ, വാക്കുകളുടെ ജീവിതത്തിനു പിന്നാലെ ഭൂതക്കണ്ണാടിയുമായി നടക്കുന്ന ഒരുവളുടെ ആനന്ദവും സങ്കടവും ആസക്തികളുമായി സുരജയുടെ കവിത പരിണമിക്കുന്നു.
കല്ലേ എന്ന വിളിയില്‍
കാട്ടിലായിരുന്നപ്പോള്‍
കല്ലിനെ ആരും
ഓമനപ്പേരൊന്നും വിളിച്ചിരുന്നില്ല:
'നിലാവിനെപ്പോലും നാക്കെടുത്ത്
പേരു വിളിയ്ക്കാത്ത കാടാണ്,
പിന്നെയാണോ കല്ലിനെ' എന്ന്
സമാധാനിച്ചു കഴിഞ്ഞു പോരുകയുമായിരുന്നിരിക്കാം -
സ്‌നേഹത്തോടെ
പേരൊന്നു വിളിച്ചു കേള്‍ക്കണമെന്ന മോഹം
ഇരിയ്ക്കുന്നിടത്തിട്ടു പെരുക്കി:
ഉരുണ്ടുരുണ്ട്, കല്ല്
പുഴയില്‍ച്ചെന്നു ചാടി:
ഒഴുക്കാണ്,
പിന്നോട്ടൊരു
നോട്ടം പോലുമില്ലാത്ത
കുതിപ്പാണ്-
ഒപ്പമൊപ്പം ഓടിയിട്ടും
ഉള്ളു കൂടി വറ്റിച്ചിട്ടും
മീനേ, കാറ്റേ, കുയിലേ
എന്നൊക്കെ മാത്രം
പാട്ടുപോലെ നീട്ടി വിളിയ്ക്കുന്നൂ,
പുഴ!
പുഴയെ മുന്നോട്ടൊഴുക്കി വിട്ട്
കല്ല്, കരയ്ക്കു കേറാന്‍
നോക്കുമ്പോള്‍,
സ്വപ്നത്തിന്റെ
വക്കിടിഞ്ഞിഞ്ഞിടിഞ്ഞ്
താഴോട്ടെന്നോ:
കാലുറയ്ക്കുന്നില്ല,
കൈയ്യുമെത്തുന്നില്ല-
പെട്ടെന്ന്,
'വീഴല്ലേ കല്ലേ'
എന്നൊരു നിലവിളിയില്‍,
പിടിത്തം കിട്ടി;
കയറി നോക്കുമ്പോള്‍,
സ്വന്തം ജീവന്‍ രക്ഷിയ്ക്കാന്‍
ഭീകരിയായി അഭിനയിച്ചു പഠിക്കുന്നൊരു പൂമ്പാറ്റ!
കല്ലിനോ,
'വീഴല്ലേ' എന്ന വാക്കില്‍,
ലോകത്തുള്ള വാത്സല്യമെല്ലാമിരിയ്ക്കുന്നതായി,
'കല്ലേ' എന്ന വിളിയില്‍ ജീവനൊതുങ്ങുന്നതായി,
തോന്നി,
തേങ്ങലടങ്ങാതെയായി!
..........................
Read more: മൃഗപൗരാവലി, ഷീജ വക്കം എഴുതിയ കവിതകള്‍
............................
ഇരിയ്ക്കപ്പൊറുതിയില്ലാതെ
'നിന്റെ വെളിച്ചമില്ലെങ്കില്‍
ഞാന്‍ ശരിക്കും ഇരുട്ടിലായേനേ'
എന്ന അര്‍ത്ഥം വരുന്ന
ഒരു വാചകം
ഉടനെ ജനിയ്ക്കാന്‍ പോകുന്നൊരു
ഭാഷയില്‍,
ഭൂമി, മിന്നാമിനുങ്ങിനോട് പറഞ്ഞ
രാത്രിയിലാണ്;
പുല്ലുപോലെ മുളച്ചുപൊന്തുന്ന
അക്ഷരങ്ങള്‍ക്കിടയില്‍
അതിന്റെ വെളിച്ചം
മാഞ്ഞു പോകുമോ എന്നു പേടിച്ച്
ഭൂമി വാക്കൊതുക്കാന്‍
തുടങ്ങുമ്പൊഴുമാണ്;
ആളുകള്‍ ഇതുവരെക്കണ്ടിട്ടില്ലാത്ത
ശബ്ദവും വെളിച്ചവുമായി
ആകാശത്ത്
കവിതയുടെ തേര്‍വാഴ്ച്ച
നടക്കാന്‍ പോകുന്നതായി
അറിയിപ്പുണ്ടാകുന്നത്:
അതിലേക്ക്
കൊടുക്കാന്‍ പാകത്തില്‍
താനൊന്നുമെഴുതിയിട്ടില്ലല്ലോ
എന്ന ഭൂമിയുടെ സങ്കടം
എഴുതപ്പെടേണ്ട
ഒരു ഭാഷയുണ്ടായിരുന്നു;
ഇനിയും പൊടിച്ചിട്ടില്ലാത്ത
ചെടിയുടെ പൂവെന്നപോലെ,
വിടരാനുള്ള വെമ്പലില്‍
ഇരിയ്ക്കപ്പൊറുതിയില്ലാതിരിയ്ക്കുന്ന
ഒരു ഭാഷ!
................................
Read more: കുട്ടിപ്പെണ്‍കാലങ്ങള്‍, എം പി പവിത്ര എഴുതിയ കവിതകള്‍
................................
ഭൂമി പൊന്മയായിരുന്ന കാലത്ത്
പണ്ട്,
ഭൂമി ഒരു പൊന്മയായി
ജോലി ചെയ്തിരുന്നു;
വളരെ സാമര്‍ത്ഥ്യക്കാരി
എന്നു പ്രശസ്തയായിരുന്നു:
കാറ്റെപ്പോഴും അവളെ
മുള്ളു വാക്കു കൊണ്ട്
പ്രശംസിയ്ക്കാറുണ്ട്:
കിണററിയാതെ
മീന്‍ പിടിക്കും;
പുഴയറിയാതെ അതിന്റെ
ഒഴുക്കു മോഷ്ടിയ്ക്കും;
ഒരാള്‍ക്കും പിടികൊടുക്കാതെ
ചിരിക്കും, പറക്കും-
എന്നാല്‍ അവളോ:
കുളത്തിന്റെ
ഒത്ത നടുവില്‍
മുട്ടയിട്ട
വിഡ്ഢിത്തത്തെക്കുറിച്ചോര്‍ത്ത്
സ്വയം നിന്ദിയ്ക്കും;
എത്ര തെളിഞ്ഞാലും
ആളുകള്‍ കാണാത്തതെന്ത്
എന്ന് പിറുപിറുക്കും;
എങ്ങനെയാണ്
എല്ലായിടത്തും
തോറ്റു പോകുന്നതെന്നോര്‍ത്ത്
വിഷാദിയ്ക്കും:
പക്ഷേ,
കാറ്റുകൂടി വീശാത്ത
തണുപ്പുകാലങ്ങളെ പേടിച്ച്
പിന്നെയും കാറ്റിനോടു ചിരിക്കും-
..............................
Read more: ജാതിമരം, വിപിത എഴുതിയ കവിതകള്‍
..............................
ശബ്ദമില്ലാതെ
പൊടുന്നനെ ഭൂമി
ശബ്ദങ്ങളെ പിന്‍വലിയ്ക്കാന്‍
തീരുമാനിക്കുന്നു:
കാരണമറിയാതെ കരയുന്നവള്‍,
ഒച്ചകളെ നാദങ്ങളാക്കി
മിനുസപ്പെടുത്തിയിരുന്നവള്‍,
ഇനി കുറച്ചു നാള്‍
അവധിയായിരിക്കും;
അവഗണനകൊണ്ട് മുറിവേറ്റവള്‍,
നിശ്ശബ്ദത പഠിപ്പിയ്ക്കാന്‍
ഇലകളെ ഏല്പിച്ച്
വിശ്രമിയ്ക്കാന്‍ ഒരുങ്ങുകയാണ്;
(പുലര്‍ച്ചയ്ക്ക്,
ഇലകളില്‍ നിന്ന്
നിശ്ശബ്ദത ഇറ്റുവീഴുന്നതു കണ്ടിട്ടാവണം!)
ഇപ്പോള്‍:
ശബ്ദങ്ങള്‍കൊണ്ടാണ്
പേടികളെ
മെരുക്കിയിരുന്നതെന്ന്
മനുഷ്യര്‍ തിരിച്ചറിയുന്നു;
ഒച്ചയായിരുന്നു
അന്നമെന്ന് മൃഗങ്ങള്‍;
പാട്ടിലായിരുന്നു
പറക്കല്‍ എന്നു കിളികള്‍-
ഇരുട്ടുകൊണ്ട്
പൊതിഞ്ഞു വെച്ച
ശബ്ദങ്ങളെ തിരിച്ചു കിട്ടാനോ:
പൂക്കളേ,
നിറങ്ങള്‍ കൊണ്ട്
ഭൂമിയെ ആശ്വസിപ്പിക്കൂ:
അവളുടെ കരച്ചിലില്‍ നിന്ന്
നാദങ്ങള്‍ കടഞ്ഞെടുക്കൂ !
..............................
Read more: ഭൂപടം, നിഷ നാരായണന്‍ എഴുതിയ കവിതകള്‍
..............................
ഒറ്റകള്‍
മറ്റൊരാളാവാന്‍ കഴിയാഞ്ഞതിന്റെ
സങ്കടങ്ങള്‍ പെറുക്കിയെടുത്തു:
ഒന്നിനു മീതെയൊന്നു വെച്ചു
ചന്തം നോക്കും,
സ്ഥാനങ്ങള്‍ മാറ്റി മാറ്റി
വഴക്കം നോക്കും,
എപ്പൊഴും ഒറ്റയായി വരുന്ന
ഒരു സങ്കടത്തിനെ
പ്രത്യേകം ഓമനിയ്ക്കും!
മറ്റൊരാളായിട്ടില്ലാത്തതിന്റെ
രസങ്ങള്‍ വന്നു കളിയാക്കും:
ചിലതിനെ കണ്ണുരുട്ടിപ്പായിയ്ക്കും
ചിലതിനെ കല്ലെടുത്തെറിയും-
ഒറ്റയായി വന്ന ഒന്നിനെ മാത്രം
പിടിച്ചുനിര്‍ത്തി
ആ സങ്കടത്തിനു
കളിയ്ക്കാനിട്ടു കൊടുക്കും!