കുട്ടിപ്പെണ്‍കാലങ്ങള്‍, എം പി പവിത്ര എഴുതിയ കവിതകള്‍

By Vaakkulsavam Literary Fest  |  First Published Feb 18, 2021, 7:04 PM IST

വാക്കുല്‍സവത്തില്‍ ഡോ. എം പി പവിത്ര എഴുതിയ കവിതകള്‍


ഏതുവഴിക്കു പോയാലും സ്‌നേഹത്തില്‍ ചെന്നു നില്‍ക്കുന്ന യാത്രകളാണ് ഡോ. എം പി പവിത്രയുടെ കവിതകള്‍. സ്‌നേഹത്തിന്റെ ഭിന്നഭാവങ്ങള്‍. അവിടെ പ്രകൃതിയും മനുഷ്യരും ഇഴ ചേരുന്നു. സ്വപ്‌നങ്ങളും ഭാവനയും അസാധാരണമായ ചാരുതയോടെ കലരുന്നു. മിത്തുകള്‍ക്കും അതീതസ്വപ്‌നങ്ങള്‍ക്കും ചിറകു മുളയ്ക്കുന്നു. പെണ്‍മയുടെ ഏറ്റവും ആര്‍ദ്രമായ, സ്വപ്‌നാഭമായ അനുഭവം ഓരോ വരിക്കൊപ്പവും നൃത്തം ചെയ്യുന്നു. വാക്കുകള്‍ എങ്ങനെ സ്വപ്നത്തെ ഉള്‍വഹിക്കുന്നുവെന്ന് കാണിച്ചുതരുന്നു. ഹൃദയത്തിലേക്ക് ഏറ്റവും സൗമ്യമായി ചേര്‍ന്നു നില്‍ക്കുന്നു. 

ഏറ്റവും കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ പോലും അവിടെയെത്തുമ്പോള്‍ കിന്നരിത്തലപ്പാവണിയുന്നു. മുറിവുകള്‍ വസന്തത്തെ നോല്‍ക്കുന്നു. വേദനയുടെ ആഴങ്ങളില്‍നിന്നും കുഞ്ഞുപൂക്കള്‍ തലനീട്ടുന്നു. എല്ലാ വിഷാദവും മായ്ക്കുന്ന ഇളം കാറ്റുകള്‍ വരികള്‍ക്കിടയിലൂടെ യാത്രപോവുന്നു. കാതോര്‍ത്താല്‍, ആ വരികള്‍ സംഗീതമാവുന്നത് അനുഭവിക്കാം. കണ്ണയച്ചാല്‍, ഓരോ വാക്കും ദൃശ്യമായി മാറുന്നത് തൊട്ടറിയാം. ആര്‍ദ്രമാണ് ആ കവിതകളുടെ വഴി. പെണ്‍മയുടെ ആഴത്തിലുള്ള ആവിഷ്‌കാരങ്ങള്‍. അത് കവിതയ്ക്കു മാത്രം തൊടാനാവുന്ന, ആഴങ്ങളെ തീവ്രമായി പുല്‍കുന്നു. 

Latest Videos

 

 

കാഴ്ചപ്പുറങ്ങൾ

പകല്‍ 
ആകാശത്ത്
ഒരു കവിതയ്ക്കു തീകൊളുത്തുന്നു;
അപ്പോള്‍
സൂര്യനുദിച്ചുവല്ലോയെന്നു നാം പറയുന്നു 
രാവ്
ഇളംപച്ചക്കല്ലുമാല കെട്ടി വന്നുനില്‍ക്കുന്നു
അപ്പോഴൊക്കെ
നക്ഷത്രങ്ങള്‍ പൂത്തിറങ്ങിയല്ലോ
എന്ന് നാം തെറ്റിദ്ധരിക്കുന്നു
ചന്ദ്രന്‍ വഴിതെറ്റി വിളര്‍ത്തമുഖത്തോടെ
താഴേക്കൊന്നെത്തി നോക്കുമ്പോഴേക്കും 
നിലാവുവീണല്ലോ
എന്ന് നമ്മള്‍ സംശയിക്കുന്നു

ജീവിതം 
കാറ്റിനെക്കൊളുത്തി
മഴയെക്കെടുത്തുന്ന
ചിലനേരങ്ങളിലാണ്
വാനം
ഇടിമിന്നല്‍കൊണ്ട്
ഭൂമിയെ തൊഴുതു 
നമസ്‌ക്കരിക്കുന്നത്...

 

.............................

Read more : കാടകപ്പച്ചകള്‍, ഡോ. എം പി പവിത്രയുടെ ആറ് കവിതകള്‍

 

നിഴലാഴങ്ങള്‍

യക്ഷിയമ്മേ യക്ഷിയമ്മേ
കരിമ്പനയോലകളില്‍നിന്ന്
മുടിയഴിച്ചിട്ടുലച്ച് കരിനിഴലിളക്കി
ആയത്തിലായത്തില്‍
നീയെന്നിലേക്ക് ഊഞ്ഞാലാടി-
യാടിയാടിയാടിവാ.....

എന്നിട്ടു നീയെനിക്ക്
നിന്റെ ചന്തം പകുത്തുതാ.....
നിറഞ്ഞുകത്തുന്ന 
ചന്തത്തിന്റെ പന്തം.

പകല്‍സൂര്യന്റെ ആകാശത്തിലേക്ക് നെറ്റിമുട്ടിച്ച്
എനിക്കു ചുവന്ന വട്ടപ്പൊട്ടുതൊടണം
കരിമിഴതൊടാതെ
ഒരു മുഴുവന്‍രാത്രിയെ പിഴിഞ്ഞെടുത്ത്
അതിന്റെ
കരിങ്കറുപ്പുകൊണ്ടെനിക്കു കണ്ണെഴുതണം

കുടമുല്ലകള്‍ മുഴുവന്‍
അന്നുതൊടിയില്‍ വിരിയുന്നത്
എനിക്കുമാത്രം മാലയായി
തലയില്‍ചൂടാന്‍ വേണ്ടിയാവും.

പല്ലും നഖവും ബാക്കി നിര്‍ത്തി
നിന്റെ താംബൂലത്തുപ്പലാവാന്‍
സ്‌നേഹക്കോമ്പല്ലുകളില്‍ക്കുടുങ്ങി
ശ്വാസം മുട്ടുന്ന തനി നിഷ്‌ക്കളങ്കതയാവാന്‍
എന്റെ മോഹത്തിലേക്ക്
യക്ഷിയമ്മേ നീ മുടിയുലച്ചുകൊണ്ട്
ഒറ്റച്ചിലമ്പുപോല്‍ ചിരിമണിയൊച്ചതെറിപ്പിച്ചുകൊണ്ട്
സങ്കടങ്ങളുടെ പനമുകളില്‍നിന്ന്
ഇറങ്ങിവരിക; താഴേക്ക്... താഴേക്ക്... 

 

.......................

Read more: നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

 

അടയാളം

സ്‌നേഹത്തിന്റെ നീലവിഷമായിരുന്നു
എന്റെ നിലനില്‍പ് .
നീ അതാദ്യംതന്നെ പറിച്ചെടുത്തു-
മുഴുവനായും.
എന്നിട്ടും നീ മകുടിയൂതുമ്പോള്‍
ഞാന്‍ പുളഞ്ഞുകൊണ്ടു നൃത്തംചെയ്യുന്നു
നിനക്കിഷ്ടമുള്ള ചലനങ്ങളില്‍.
എനിക്കുതോന്നിയിരുന്നപ്പോള്‍മാത്രം
എന്റെ ഗര്‍വ്വ് പ്രകടിപ്പിച്ചിരുന്ന
സ്വന്തം ഫണംമുഴുവന്‍
നീപറയുന്നതിനനുസരിച്ച് വിടര്‍ത്തുന്നു

നീ പറയുന്നതിനനുസരിച്ച് ചുരുക്കുന്നു
വന്യമായ സ്‌നേഹത്തിന്റെ മാണിക്യക്കല്ലുകള്‍
കണ്ണില്‍ നിറയുന്നതുകൊണ്ടും
നെഞ്ചില്‍മിടിക്കുന്ന ഇഷ്ടത്തിന്റെ മകുടിയൂതലില്‍
ഉലയുന്ന നാഗഫണങ്ങളുള്ളതുകൊണ്ടുമല്ലാതെ
വേറെന്തുകൊണ്ടാവാമത്?

നിന്നിലില്ലാതെയാവാന്‍വേണ്ടി
തികച്ചും
ചില കരിനീലിച്ച ദംശനങ്ങള്‍!

 

..........................

Read more: കടൽകാക്ക: ഡി. അനിൽകുമാറിന്റെ കവിതകൾ

 

കുട്ടിപ്പെണ്‍കാലങ്ങള്‍

മറവിയാഴത്തില്‍
മുക്കുവക്കുട്ടിക്കുമുന്നിലെ
ഭൂതത്തിന്റെ തീമിഴികള്‍പോലെ
ചിലനേരം ചിലതു തടയുന്നു
തടഞ്ഞവ മുഴുവന്‍
വല്ലാത്ത കയ്പായി
നെഞ്ചിനെ പൊതിഞ്ഞു പിടിക്കുന്നു
പാല്‍മണമില്ലാത്ത ഒരമ്മ
കണ്ണീരും മഴത്താളവും
ഒരുമിച്ചു നിറഞ്ഞുതുളുമ്പിയ
അതേ പഴയനാട്ടുരുചി
മഴവിരലാലെ തൊടുമ്പോള്‍
മുഖംവല്ലാതെ കുനിഞ്ഞുപോകുന്ന
ഊതനിറത്തൊട്ടാവാടിപ്പൂക്കള്‍.
മേഘങ്ങളില്‍ത്തൊട്ടുതുടുക്കുന്ന
കന്യാകാലത്തിന്റെ തീവ്രമോഹങ്ങള്‍
വെള്ളിതിളങ്ങുന്ന മണല്‍ത്തരിയിലും
മണ്‍വഴിയിലും ഇലപ്പച്ചയിലും തൊടലിലും
തലോടലുകളിലും വെള്ളാരങ്കല്ലുകളിലും
തുമ്പയുടെ പാവം തോന്നിപ്പിക്കുന്ന വെണ്‍മയിലും
സുരക്ഷിതമായ ഒരകലം സൂക്ഷിച്ച്
പല കാലങ്ങള്‍ വീണുകിടപ്പാണ്.

പുഴയുടെ ഉലയുന്ന തണുപ്പില്‍
കയത്തിന്റെ മരണത്തണുപ്പില്‍
ശ്വാസംമുട്ടിക്കുന്ന കാറ്റലകളില്‍
കടലിന്റെ ഉപ്പുഭംഗിയില്‍
ജമന്തിയുടെ സ്‌നേഹമഞ്ഞയില്‍
പക്ഷികുടയുന്ന ചിറകില്‍നിന്ന്
തെറിക്കുന്ന തൂവല്‍മൃദുത്വത്തില്‍
ജീവിക്കുന്നവരുടെമേല്‍ നീലനിറത്തില്‍
വിഷശരങ്ങളെയ്യുന്ന ആകാശമൗനത്തില്‍
മഞ്ഞിന്റെ പളുങ്കുകിരീടങ്ങളില്‍
വെയിലിന്റെ പടംപൊഴിച്ചിട്ട
ആസക്തിയുടെ പിളര്‍നാവുകളില്‍

കുട്ടിക്കാലമൈതാനങ്ങളിലേക്ക്
പശുപോലെ മേയുന്ന ചിന്തകളുടെ പനിച്ചൂടില്‍
വാര്‍ദ്ധക്യത്തിന്റെ ഊന്നുവടികളില്‍
സന്ധ്യകുടഞ്ഞിടുന്ന നീറുന്നചുവപ്പില്‍
കൊന്നയുടെ വിലാസപ്പാദസരങ്ങളില്‍
മുരിങ്ങമരത്തിലെ വേതാളത്തിന്റെ
തലകീഴായുള്ള തൂങ്ങിക്കിടപ്പില്‍
സംഘനൃത്തഭംഗിയില്‍ മയിലുകള്‍വീഴ്ത്തുന്ന
പീലിഭംഗിയുടെ ഉണ്ണിക്കണ്ണുകളില്‍
ഒരോടക്കുഴലിന്റെ തുളവീണപാട്ടില്‍
ഉത്തരംതെറ്റിയാല്‍ തല നൂറുകഷ്ണങ്ങളായി
പൊട്ടിത്തെറിക്കാന്‍ വിധിക്കപ്പെട്ട ചോദ്യങ്ങളില്‍
പ്രതാപത്തിന്റെഅലങ്കാരപ്പല്ലക്കില്‍
വല്ലായ്മയുടെ അശ്വവേഗങ്ങളില്‍
യാഗത്തിന്റെ ധൂമവലയത്തില്‍
ശാപത്തിന്റെ ചില്ലുമൂര്‍ച്ചയില്‍
അരയാലിലകളുടെ ബോധോദയത്തില്‍
ആകാശത്തിന്റെ വയറില്‍
ഒക്കെ
എന്റെമാത്രം കുട്ടിപ്പെണ്‍കാലം

 

..............................

Read more: പുഴമീന്‍, ബിജോയ് ചന്ദ്രന്‍ എഴുതിയ കവിതകള്‍

 

കിളിമയക്കങ്ങള്‍

പാട്ടുപണ്ടേമറന്നതാണീക്കിളി..
കാറ്റുമൂളും കിളിക്കു താരാട്ടുകള്‍
കൂട്ടിവായിക്കുമോരോ തൃസന്ധ്യയും
കൂട്ടില്‍ വന്നു പുതപ്പിച്ചുറക്കുവാന്‍
കാത്തുനില്‍ക്കും നറും മഞ്ഞുതുള്ളികള്‍
കമ്മല്‍ ഞാത്തിക്കൊടുക്കും നഭസ്സില്‍നി-
ന്നൂര്‍ന്നിറങ്ങുന്ന നക്ഷത്രരശ്മികള്‍
രാവുമൂളുന്ന
മന്ദ്രനീലാംബരീ രാഗഭംഗികള്‍...

കിളിയുറക്കങ്ങള്‍ മെല്ലെച്ചിറകടി-
ച്ചൊഴുകിമായുന്ന കാലങ്ങളാകവേ
ജന്മമെന്ന കിളിക്കൂട്ടില്‍
മോദവും കാമനകളും കല്പനാജാലവും
രാപ്പകല്‍ കൊത്തിയാട്ടുന്ന ജീവനായ്
ഞാനിരിക്കെത്തപിച്ചുയരുന്നുവോ
ദേഹനീഢം വെടിഞ്ഞു ചിദാകാശ
വീഥിതേടുന്നൊരെന്‍ പ്രാണനേരുകള്‍!

 

......................

Read more: ജാതിമരം, വിപിത എഴുതിയ കവിതകള്‍

 

ചെന്തീനേരങ്ങള്‍

കടുമാങ്ങപോലെയാണ് എന്റെ സ്‌നേഹം
തികച്ചും നാടന്‍
അലങ്കാരങ്ങളോ വെച്ചുകെട്ടലുകളോ ഇല്ല
നാവിനെ ദ്രവിപ്പിക്കുന്ന പുളി
തൊണ്ടയില്‍നിന്നും അന്നനാളത്തിലേക്കിറങ്ങുന്ന
എരിവും ഉണര്‍ച്ചയും
അതിമധുരങ്ങളോ വിലോലതയോ
ലവലേശമതിലില്ല
കൃത്രിമമായ ഒരു ചേരുവകളുമില്ല

പൂര്‍ണ്ണമായും മനസ്സുതൊട്ടറിയുന്ന രസതന്ത്രച്ചുവപ്പ്
അത്രമേല്‍ സുതാര്യം സത്യസന്ധം 
അത്രമേല്‍ നിഷ്‌കപടം ആ രുചി

അതു നിങ്ങളെ
മാങ്ങാച്ചുനകളെ ഓര്‍മ്മിപ്പിക്കും 
പൊള്ളലുണ്ടാക്കുന്ന ചില അടയാളങ്ങളെ
മായ്ക്കാനാവാതെ
തിണര്‍പ്പിച്ചവിടെക്കിടത്തും!

click me!