വാക്കുല്‍സവത്തില്‍ ഇന്ന് ബിനു എം പള്ളിപ്പാട് എഴുതിയ കവിതകള്‍. Main Image Sculpture : Lift Every Voice and Sing (The Harp), Savage, Augusta, 1939 ca.
അടിത്തട്ട് ജീവിതങ്ങളുടെ പല കരകളാണ് ബിനു എം പള്ളിപ്പാടിന്റെ കവിതകള്‍. കവിതയുടെ വരേണ്യ ഇടങ്ങള്‍ക്ക് പുറത്ത് കാലങ്ങളോളം നിശ്ശബ്ദമായി നിന്ന മനുഷ്യരും ജീവിതങ്ങളും അനുഭവങ്ങളും അവിടെ തല ഉയര്‍ത്തി വന്നുനില്‍ക്കുന്നു. പ്രകൃതിയും ദേശവും കീഴാളശരീരങ്ങളും മലയാളകവിതയില്‍ അധികമൊന്നും കണ്ടുപരിചയിക്കാത്ത നൈസര്‍ഗികതയോടെ, ജൈവികതയോടെ ആ കവിതകളില്‍ നിറയുന്നു. ദേശം, അവിടെ 'കീഴാളവും ജൈവികവുമായ ആവാസവ്യവസ്ഥയെക്കൂടി രേഖപ്പെടുത്തുന്നു'. പ്രകൃതി അവിടെ, ജീവിതത്തിനു പുറത്തുനില്‍ക്കുന്ന അപരിചിത ഇടമല്ല. നിരൂപകയായ കലാചന്ദ്രന്‍ ബിനുവിന്റെ കവിതകളെ ഇങ്ങനെ നിരീക്ഷിക്കുന്നു: 'കറുത്ത മനുഷ്യര്‍ ഉഴുതും കൊയ്തും മെതിച്ചും അളന്നും ജീവിച്ചു മണ്ണടിഞ്ഞ പശച്ചേറിലും വെള്ളത്തിലും ബിനുവിന്റെ ദേശം രൂപം കൊള്ളുന്നു. വിയര്‍പ്പിലും കണ്ണീരിലും ചോരയിലും നിന്ന് വാറ്റിയെടുത്ത ആനന്ദത്തിന്റെ തുള്ളികള്‍ ദേശത്തിന്റെ തന്നെ ജലരൂപകമായി. തൊട്ടും രുചിച്ചും അനുഭവിച്ചറിയുന്ന ഈ ദേശസ്വരൂപം ഹിംസാത്മകവും ഏകശിലാത്മകവുമായ ദേശീയതയ്ക്ക് കീഴിലമരുന്നതിന്റെ ശ്വാസംമുട്ടലും പൊറുതികേടുകളും കൂടി എഴുതുന്നതിലൂടെയാണ് ബിനുവിന്റെ കവിത അതിജീവിക്കുന്നത്. '
എന്നാല്‍, ഒരു മുന്‍വിധിക്കും പിടികൊടുക്കാത്ത ഭാഷയുടെ, ആഖ്യാനത്തിന്റെ കുതറല്‍ ബിനുവിന്റെ കവിതകളെ സവിശേഷമായ വായനാനുഭവമാക്കുന്നു. ഒരേ വഴിയിലൂടെയുള്ള സഞ്ചാരമല്ല അത്. പ്രമേയങ്ങളിലും ആഖ്യാനത്തിലും രചനാരീതികളിലുമെല്ലാം ഓരോ കവിതയും ഒന്നിനൊന്ന് വ്യത്യസ്തം. സ്വപ്‌നത്തിന്റെയും ഉന്‍മാദത്തിന്റെയും സംഗീതത്തിന്റെയുമെല്ലാം സവിശേഷമായ പ്രതലങ്ങള്‍ അതിനുണ്ട്. ഒരു മായാജാലക്കാരനെപ്പോലെയാണ്, കവി ഇവിടെ അനുഭവങ്ങള്‍ കൊരുക്കുന്നത്. അതിനാലാവണം, കവിതയുടെ അകത്തളങ്ങളില്‍ പ്രവേശിക്കുമ്പോള്‍, നമ്മള്‍ വിചിത്രമായ സ്ഥലജലവിഭ്രമങ്ങളില്‍ പെടുന്നു. സൂക്ഷ്മരാഷ്ട്രീയ വിതാനങ്ങളില്‍ കവി തീര്‍ക്കുന്ന മുനമ്പുകളില്‍ അന്തംവിട്ടുനിന്നുപോവുന്നു. പുറേമയ്ക്ക് ലളിതമെന്നു തോന്നിക്കുന്ന കവിതകള്‍ പോലും ആഴങ്ങളില്‍ കടലിളക്കങ്ങള്‍ സൂക്ഷിക്കുന്നു. സംഗീതവും ചിത്രകലയും കവിതയും ചേര്‍ന്നുസൃഷ്ടിക്കുന്ന മായാജാലമെന്ന്, ഒറ്റക്കാഴ്ചയില്‍ ബിനുവിന്റെ കവിതയെ വിശേഷിപ്പിക്കാം. എന്നാല്‍, സൂക്ഷ്മമായ കീഴാള രാഷ്ട്രീയ ബോധ്യങ്ങളാല്‍ മാറ്റിവരയ്ക്കപ്പെട്ടതാണ് ഈ കവിതയിലെ ചിത്രഭാഷയും സംഗീതവും. കാഴ്ചയുടെ സാമ്പ്രദായിക പരിധികളെ അത് ഉല്ലംഘിക്കുന്നു. കേള്‍വിയുടെ വരേണ്യധാരണകളെ തിരുത്തുന്നു. മലയാള കവിതയിലേക്ക് ബിനു കൊണ്ടുവരുന്ന, അടിമുടി ജീവത്തായ ലോകങ്ങള്‍ വരും കാലത്തിന്റെ കാവ്യഭാവുകത്വത്തെയാണ് സ്പര്‍ശിക്കുന്നത്.
അച്ചട്ട്
തുടര്‍ച്ചയായുള്ള
തിമിര്‍പ്പു കഴിഞ്ഞിട്ട് .
വെറുത്ത വായുമായ്
സങ്കടമേറിയേറി
ഉറങ്ങാന്‍ കിടന്നിട്ട്
തിരിഞ്ഞും മറിഞ്ഞും
വിയര്‍ത്തും ഞെട്ടിയും
തൊണ്ടയിന്‍ചെമ്പ് പാത്രം
പൊരിഞ്ഞും വെളുപ്പിനെപ്പോഴൊ
നാട്ടിലേക്കൂളിയിട്ടു
അവിടെയൊരാള്‍ മരിച്ചതിന്റടക്കം
മഴയില്‍ ദിക്കില്‍ നിന്നും
തോര്‍ത്തിട്ട പെണ്ണുങ്ങളോടിക്കൂടി
നടുക്ക് ഞാനതാ എടുക്കാന്‍ നേരമുള്ള കൂട്ടക്കരച്ചിലില്‍
പടുതക്ക് താഴെനിന്ന് കടിച്ചിറക്കുന്നു.
തിരികെ വരാന്‍നേരം
വഴിയില്‍ക്കണ്ട എന്റെ
വീട്ടിലേക്ക് വെറുതെയൊന്ന് കയറി
അവിടെയിപ്പോളനിയനും
കുടുംബവും അവരുമെവിടെയൊ
മരണം കൂടാന്‍ പോയി
സന്ധ്യ ചിതപോലെ കത്തി നിന്നു
അവന്‍ വെച്ച പുത്തന്‍
വീടിന്റെ മുമ്പില്‍
കുറേ നേരം നിന്നു രൂപത്തിലെന്തൊക്കയോ
കാണാത്തവ്യത്യാസങ്ങള്‍
സംശയം തോന്നിത്തോന്നി
യടുത്ത് ചെന്നൂ നോക്കി
അതിന്റെയിടത്തും വലത്തുമായ്
ചതുരക്കോണില്‍ നിന്നും
മൂലകള്‍ തിരിച്ചതില്‍ ചേര്‍ത്തിട്ടുണ്ട്
പഴയ വീടിന്റെ കോടിയും കഴുക്കോലും
ആന മാര്‍ക്കുള്ള ഓടും
പൊളിച്ച് കളഞ്ഞതിന്‍ വിറക്
കഞ്ഞി വച്ച് തീര്‍ത്ത തടി തന്നെ,
പണ്ടവിടുണ്ടാരുന്ന
ചായ്പ്പിന്റെ സ്ഥലത്തതാ
ചാരുവാനം മുട്ടന്‍ചേരും
ഇതവനെപ്പം വച്ചു ദൈവമേ- യമ്പരന്നു,
അപ്പുറമിടത്തേ കോണ്‍
നോക്കി നില്‍ക്കെവളര്‍ന്ന് വന്നിട്ടത് വീട്ടിലെ പലരേയും അടക്കിയ സ്ഥലത്ത് തൂണില്ലാച്ചിറകായി
അമ്മയുമപ്പനും
കിടന്നതിന്നടുത്തുള്ള ഇലഞ്ഞിമരത്തിന്റെ
രൂപത്തില്‍ പേടിതോന്നി
ഇടക്കിടക്കതിലെന്തോ
മൂളല്‌കേള്‍ക്കുമ്പോലെ
പൂത്ത മണമൊന്ന്
തണുപ്പിച്ചെങ്കിലുമാ
നില്പിന്റെ യുക്തിയില്‍
സംശയം തോന്നിയ ഞാനത്
വെട്ടി അപ്പോഴതാ
ചില്ലയില്‍ നിന്നെല്ലാം
മീനുകളനേകമനേകമായ്
താഴേക്കുതിര്‍ന്നെന്നേ
കഴുകിക്കുളിപ്പിച്ചു.
മുള്ളുകള്‍ കേറിക്കീറിനൊന്തെങ്കിലും
കുടഞ്ഞ് കളഞ്ഞതില്‍
ചവിട്ടിത്തെന്നി
ചെതുമ്പലോടോടിച്ചെന്ന്
തെങ്ങിന്റെ പിന്നില്‍ പമ്മി
പെട്ടന്ന് മഴ വീണു
പിറകേയിടി മിന്നിത്തിളങ്ങി
മുറ്റത്തൂടവയൊഴുകി മിനുസമായ്
ഓരോന്നിന്‍വാലില്‍ക്കടിച്ചൊ-
ന്നായ് ദൂരയുള്ളാറ്റിന്‍കര
ലക്ഷ്യം വച്ചു,
കയറിയുമിറങ്ങിയും
പുല്ലിന്റെ പുറങ്ങളില്‍
ചൂരല്‍കാവെരിയുന്നയൊച്ചയില്‍
കറുത്ത മഷിപ്പറ്റമായ് മറഞ്ഞു ആറ്റിലപ്പോഴെന്തോ
അസംഖ്യംവല വന്ന്
വീഴുമൊച്ചയായ് കിടുങ്ങി -
യതിന്‍ പിന്നോര്‍മ്മയില്ല.
......................................
Read more: ഏതിരുട്ടിലും, എം.പി. പ്രതീഷിന്റെ കവിതകള്‍
......................................
തെറോണ്‍
ഒരു കഥാപാത്രം
അതെഴുതിയ
കടത്തുകാരന്‍ തന്റെ
പേപ്പറില്‍
പകര്‍ത്തുന്നതിന് മുന്‍പ്
അയാളില്‍നിന്ന്
കൈവിട്ടു പോയ്
പഴയ മാന്‍ഡ്രേക്കിലെ
ചെവി മൂടും വിധം
നീളന്‍മുടിയുള്ള
തെറോണ്‍ എന്ന
കഥാപാത്രത്തിന്റെ-
സാമ്യമുണ്ടായിരുന്നു
അയാള്‍ക്ക്
അയാളൊരു
വേലക്കള്ളനായിരുന്നു
ആ പ്രായത്തിലും ഒരുവളെ
പ്രേമിച്ചിരുന്നതിനാല്‍
ഒരു പാട് കവിതളെഴുതി
എഴുതുന്നതൊന്നും
വീട്ടുകാരോ നാടോ
വായിക്കാന്‍ പോകുന്നില്ലെന്നു-
റപ്പുണ്ടായിരുന്നു
വെളുപ്പിന് കിഴക്ക്
ചേക്കതെറിക്കുന്നതിനും
പുഴയില്‍
ഓളം പിറക്കുന്നതിനും മുമ്പ്
വള്ളത്തില്‍ കയറിയിരുന്ന് എഴുതിക്കൊണ്ടിരിക്കുന്ന
തന്റെ നായികയെ
പ്രതികാരത്തിനു മുന്‍പും
പിന്‍പുമായി നിര്‍ത്തി
മാറ്റി മാറ്റിയാലോചിക്കും
വെട്ടം വീണ്
അയാളുടെയും
വള്ളത്തിന്റെയും നിഴലില്‍
വേനലിന്നാവി പാറുന്ന ദൃശ്യങ്ങളിലുടക്കുമ്പോള്‍
ഏകാഗ്രത
മുറിഞ്ഞയാള്‍ മടുക്കും
എരിയുന്ന വെയിലുള്ള കൊയ്ത്തുകാലങ്ങളില്‍
ചത്ത് കിടക്കുന്ന പകലില്‍
കതകടച്ചിരുന്ന്
ആ സ്ത്രീയോട് തര്‍ക്കിക്കുന്നത്
പ്രായമായ അഛനും
അയാളുടെ മകളും
ഒളിച്ച് നിന്ന് കേട്ട് കയര്‍ത്ത
കഥകള്‍ നാട്ടില്‍ പാട്ടാണ്
ഋതുക്കള്‍ പുഴയുടെ നിറം മാറ്റി
ആറ്റു മാലിയുടെ
മണ്‍തിട്ട് കുതിര്‍ത്ത്
പല തട്ടില്‍
അടയാളം വച്ചൊഴുകി.
ആ വേനലറുതിക്ക്
ആറ് ഒരു കോര്‍മ്പലില്‍
പിടഞ്ഞമ ീനായ്
ചില്ല് പ്രതലത്തിലെ
ആവി പോലെ
പലയിടത്തായി പാര്‍ന്നു.
കടവിലെ പാലമരത്തില്‍
പൊട്ടി വന്നു കുരുങ്ങി -
നിറം പോയ പട്ടങ്ങള്‍
പടിഞ്ഞാറന്‍ കാറ്റില്‍
വാലൂര്‍ന്നിളകിപ്പറന്നു
.
വേനല്‍ കടുത്ത്
വറ്റിയ പുഴയില്‍
ധാന്യം പോലെ പൊടിഞ്ഞ
മഞ്ഞ മണലില്‍ മീന്‍ തേടി
താഴ്ന്ന് പറന്ന
നീര്‍ക്കാക്കള്‍ക്ക് താഴെ
കുട്ടികള്‍
സൈക്കിളോടിച്ചു കളിച്ചു.
രാത്രിയില്‍ അതിലിരമ്പിയ ഒഴുക്കോര്‍ത്തങ്ങനെ
മലന്ന്കിടന്നപ്പോള്‍
ചിതറിയ
വാല്‍നക്ഷത്രമാണ്
അവരെ ഒരു രാജ്ഞിയാക്കി
മൊതലപ്പൊറത്തിരുത്താന്‍
അയാള്‍ തീരുമാനിച്ചത്
അതിനുതകുംവിധം
മുന്നദ്ധ്യായങ്ങളെ മാറ്റാന്‍
തലക്ക് പിറകിലടുക്കിയ
പേപ്പര്‍കൂനകളുടച്ചുപരതി
തന്റെ വംശത്തിലെ
സ്ത്രീകളെ കെടുത്തിയ
മാനഭംഗങ്ങള്‍ക്ക് മുഴുവന്‍
പ്രതീകമായി
കടുക്കനിട്ട്ചിരിച്ച
കൂട്ടങ്ങളുടെ അണച്ച
വിയര്‍പ്പിന്നടിയില്‍ അവരെ
ആ നായികയെ
കിടത്തി ഞരക്കിപ്പുളയിച്ചു.
പിന്നീട് വന്ന മഴക്കാലത്ത്
മലരിയും തുഴയുടെ കനവും
തണുപ്പും ഏറിവന്നപ്പോള്‍
അതിനെ അതിജീവിക്കാനയാള്‍ തോണിയില്‍
വന്നു പോയവരിലേക്ക്
ആ കഥകള്‍ പറഞ്ഞു കേള്‍പ്പിച്ചു.
ചിലരെങ്കിലും തണുപ്പോടൊപ്പം
ആക്കഥകളും പുതച്ചു പോയ്
അവ കടലാസിലേക്ക്
അക്ഷരങ്ങളായി
ഒച്ച കേള്‍പ്പിക്കാന്‍
തുടങ്ങിയ നട്ടപ്പാതിരാകളില്‍
അയാളുടെ റീഫില്ലര്‍
തഴമ്പു വിയര്‍ത്ത് വഴുക്കി. നനച്ച തോര്‍ത്ത്പുറത്തിട്ട്
കമഴ്ന്ന് കിടന്നെഴുതിയാ
ക്കഥകളിലുറങ്ങി.
തല ചരിച്ച്
തുഴകൊണ്ടവരേ ചൂണ്ടി
അധികാരത്തിന്റെ
വിഷമഘട്ടങ്ങളെ
അടക്കിനിര്‍ത്തിയും വിലക്കിയും
രാപ്പകലുകള്‍
കിടിലം കൊള്ളിച്ചും
കഥകള്‍ നാട്ടിലിറങ്ങി
നടക്കാന്‍ തുടങ്ങി
നടുറോഡെന്നോ
ഇടവഴിയെന്നോ
അറിയാതെ വന്നപ്പോള്‍
കുറച്ച് കാലം മരുന്ന് കഴിച്ചും
ആശുപത്രിയില്‍ കിടന്നും
കവിളും കണ്‍പോളയും
വീങ്ങി നടന്നു.
അയാളില്ലാതെയും
മനുഷ്യരെക്കയറ്റിയ വള്ളം
അയാളക്കരെ
യിക്കരെയിയെത്തിച്ചു.
അക്കാലമത്രയും
അയാളുടെ പാട്ടുകള്‍
വെറുതേയിരുന്നില്ല.
അത് പലരേയും താളത്തില്‍
പണിയെടുപ്പിച്ചു
നീളത്തില്‍ നിരയൊത്ത് കൊയ്യിച്ചു.
വട്ടത്തില്‍ നൃത്തം തുള്ളിച്ചു.
ഒരു ദിവസം കടത്ത് നിന്നു
പാലം പണി തുടങ്ങി
അയാളതറിഞ്ഞില്ല.
വള്ളത്തിന്റെ കുടുതിയിളകി
വീക്കാണിയൂരി
ചെതുക്കിച്ച് അതിന്റെ
അമരത്ത് കിളി തൂറിയ
വിത്ത് മുളച്ചു.
പ്രായം ഞരമ്പുകൊണ്ട-
യാളുടെ ശരീരം
മുഴുവനയച്ചുകെട്ടി.
വിരലിനിടയില്‍ നിന്ന്
തുഴയകന്നിട്ടും അവ
നിവരാതെ വളഞ്ഞിരുന്നു
അക്കാലം അയാള്‍ക്കുള്ളില്‍
നായികക്കൊപ്പം ഒരുരോഗവും
ഒരേ ഗുഹയില്‍
തിരിച്ചറിയാത്തവരെപ്പോലെ
വളര്‍ന്ന് കലഹിച്ച്
ഒരു ദിവസമയാള്‍ മരിച്ചു
പാലത്തിന്നടിയിലെ
കടവില്‍ കൈത കാട്പിടിച്ച്
പൂത്ത നാളൊരു പകല്‍
അയാളുടെ മകള്‍ പാടത്ത്
നിന്ന നില്‍പ്പില്‍ വീണു.
വായില്‍ നിന്ന്
നുരയും പതയും വന്നു.
സ്ത്രീകളവളെ വരമ്പില്‍
കിടത്തിവെള്ളം
കൊടുത്തു, മുഖത്ത് തളിച്ചു.
പുരികമെഴുന്ന്
ചുവന്ന കണ്ണ് വട്ടംകറക്കി
മറ്റൊരുവളുണര്‍ന്നു,
അപരിചിത നോട്ടത്താല്‍
തലയുയര്‍ത്തി
വേറൊരു ഭാഷയില്‍
അധികാരവും
വാളും മൊതലയും
ഇരിപ്പിടവുമന്വേഷിച്ചു.
ചത്ത് കെട്ട് പോയ
മാടമ്പിമാരുടെ
പേര് പറഞ്ഞ് പല്ല് ഞറുമ്മി.
കാഴ്ചകണ്ട് പേടിച്ച്
കൂടെ നിന്നവര്‍
ആ കഥയെഴുതിയ
അവളുടെ അഛന്റെ
പേര് പറഞ്ഞു.
അതവള്‍ക്കറിയില്ലെന്ന്
മറുഭാഷയില്‍ ആഗ്യം
കാണിച്ചതല്ലാതെ
ഒന്നുമ്മവള്‍ പറഞ്ഞില്ല.
.....................................
Read more: ഓറഞ്ചിന്റെ വീട്, കാര്‍ത്തിക് കെയുടെ കവിതകള്‍
.....................................
ആമ്പലും തീയും
തിണിര്‍ത്ത ഞരമ്പുപോലെ
ഉണങ്ങിയ ചെമ്മണ്‍പാതയ്ക്കപ്പുറം
ചോന്ന് തുടുത്ത വട്ടത്തിനെ
ഇരുള് സംരക്ഷിക്കുന്നുണ്ട്,
കാറ്റടങ്ങി നിശബ്ദമായ
ആ പകര്‍ച്ചയില്‍
രണ്ട് വലിയ പക്ഷികള്‍ അത്ര ദു:ഖികളല്ലാതെ
അതിന്നുള്ളിലേക്ക് മെല്ലെ നീങ്ങുന്നുണ്ട്
ഒന്ന് കൂടി തിരിഞ്ഞ് നോക്കാന്‍
ആ ദൃശ്യത്തില്‍
എന്തിരിക്കുന്നു
എന്ന മട്ടില്‍
വിളക്കു വെട്ടത്തിന്റെ
വിശുദ്ധ ഹൃദയം അയാളെ
വീട്ടിലേക്ക് കൊരുത്തു വലിച്ചു,
അതേ സ്ഥാനത്ത്
ആനക്കൊമ്പ് നിറത്തില്‍
ചന്ദ്രനേ അവന്‍
വെളുപ്പിന് നാല് മണിക്ക്
കണ്ടു
അകലെയെങ്ങോ
ഭജനപ്പാട്ട് കേള്‍ക്കാം
അടഞ്ഞതൊണ്ടയില്‍
ഗഞ്ചിറ പിടഞ്ഞു
തീപ്പെട്ടി തപ്പി
വിളക്ക് കത്തിച്ചൊരു
കാപ്പിയിട്ടു
ആ സമയം
കുളിരിനൊപ്പം
ഒരു മൂളിപ്പാട്ട് വരും
കുറച്ച് കഴിഞ്ഞാല്‍
കിടക്ക വിട്ടുണരുന്ന
കവിളുകള്‍
കിഴക്ക് കൊണ്ടു വച്ച
വെട്ടത്തിന്റെ ഓറഞ്ച് നിറമുള്ള കതിരില്‍
ബിസ്‌കറ്റില്‍
ഒട്ടിപ്പിടിക്കുന്നതയാളോര്‍ത്തു
പണിയുടുപ്പും പാന്റും ചോറ് പൊതിയും സഞ്ചിയില്‍ വച്ച്
പകലിനും
നിലാവിനുമിടക്കുള്ള
ഇരുളിലൂടെ
സൈക്കിളകലേക്ക് പോകും
അപ്പോള്‍ കിഴക്ക്
പാലത്തിനപ്പുറമുള്ള
പാടത്തിന്റെ അറ്റത്ത്
പലയിടങ്ങളിലിരുന്ന്
കാക്കകള്‍ ശബ്ദത്തിന്റെ
നേര്‍ത്ത വരയിട്ട്
കാറ്റാടിച്ചെടികള്‍
വരയ്ക്കും
ആ രണ്ട് സമയങ്ങളിലുള്ള
ദൃശ്യങ്ങളിലാണയാളുടെ
പുറം ലോകത്തിന്റെയുള്ള്
പണിക്കിടയില്‍
ഉച്ചവെയിലിനോട്
നിലാവിനേയും
സായാഹ്നത്തിനോട്
പുലരിയേയും
പകരം വച്ചയാള്‍
ഓരോ ദിവസവും
മറികടന്നു
പുലര്‍ന്ന് കണ്ണ് തെളിച്ച്
തൊപ്പിയണിഞ്ഞ പൂക്കൈകള്‍
അവളുടെ മടിയിലിരുന്ന്
അ, അമ്മ, എന്നെഴുതും
സ്ലേറ്റ് മറ്റൊരു ഭാഷയില്‍
അവ മൊഴി മാറ്റുന്നത്
അയാള്‍ക്ക് അപ്പോള്‍
കേള്‍ക്കാമായിരുന്നു
ഇന്ന് സൂര്യന്‍
മാത്രമാണവിടെ,
ചുറ്റിനും കറുപ്പില്ല..
കിളികളില്ലാതത്
ഉടനേ നിലച്ച്
താഴ്ന്നു പോകും..
കുഞ്ഞുങ്ങള്‍
സൈക്കിളിന്റെ
ഒച്ചയില്‍ തുള്ളിച്ചാടി
പാപ്പംതിന്ന്
വര്‍ത്തമാനം പറയും
രാത്രി ഒന്‍പത് മണിവരെ
പാട്ടുപോലത് തുടരും
ഉറങ്ങിയുണര്‍ന്നവരിലൊരാള്‍
ഓടി വീണ്കരഞ്ഞും
ഇളയത് മലര്‍ന്ന് കിടന്ന് കൈകാലുകള്‍ മുകളിലേക്ക് പൊന്തിച്ചും വളരും
ഒറ്റക്കാവുമ്പോള്‍
ഈ ബിംബങ്ങള്‍ തരുന്ന
സന്തോഷമല്ലാതെ
മറ്റെന്താണ് ഒരു
കൂലിപ്പണിക്കാരന്റെ
ജീവിതത്തിലുള്ളത്?
.............................
Read more: ചീങ്കണ്ണി വേട്ട, ഷീബ ദില്‍ഷാദ് എഴുതിയ കവിതകള്‍
.............................
സിലൗട്ട്*
(Silhouette)
വര്‍ഷങ്ങള്‍ക്ക് മുമ്പ്
ഒരു മാര്‍ച്ച് മാസം
സിനിമ കാണാന്‍ പോയി.
ഹിറ്റ്‌ലറുമായി ബന്ധമുള്ള
ഏതോ ഒരു
സിനിമയായിരുന്നു അത്
അതും സെക്കന്റ്‌ഷോ.
സിനിമ കഴിഞ്ഞ്
വീടിന്നടുത്ത് വരെ
ഒരു ലിഫ്റ്റ് കിട്ടി
തെക്കുവശമുള്ള
റോഡിലിറങ്ങി
കുറേ നടക്കണം വീടെത്താന്‍.
അവിടെനിന്ന് സ്‌ട്രെയ്റ്റായി
ഒരു ടാര്‍വഴിയാണ് വടക്കോട്ട്
ചെറുചൂടുള്ള
റോഡിന്റെ അങ്ങേയറ്റം
ആകാശത്തിന്റെ കറുപ്പുമായി ചേര്‍ന്ന് കിടന്നു.
ഓരോ പത്ത് മിനിട്ടിലും പോസ്റ്റ് വെട്ടത്തോടൊപ്പം പേടിയും ദൂരെ ദൂരെ മാറി മറഞ്ഞ് വഴികാട്ടിക്കൊണ്ടുപോയി.
ഇരുവശത്തും
വിഹായസിന്റെ
വെളുമ്പുകളില്‍ നിന്ന്
കറുത്ത മഷി പടര്‍ന്ന്
അതില്‍ ജീവികളുടെയൊച്ച.
സ്‌ക്രീനിലെ നായകന്റെ
ക്രൂരതകള്‍
ദിക്കുകളിലെ മരങ്ങളുടെ
സ്റ്റെന്‍സിലുകള്‍ക്ക് മുകളില്‍
ആകാശം മുഴുവന്‍
തെളിഞ്ഞു മാഞ്ഞു.
സാധാരണമായി മിക്ക വെളിച്ചച്ചുവട്ടിലും
ബൈക്കില്‍ വരുന്ന
പിള്ളേരുടെ ചെറുസംഘങ്ങള്‍ ഉണ്ടാവേണ്ടതാണ്.
അന്നെന്തായാലും അതൊന്നുമുണ്ടായില്ല.
കൊയ്ത് കൂട്ടിയ കറ്റ
ചളുങ്ങിയ ബ്രഡ്ഡ് പോലെ
നിരയായി അടുക്കിവെച്ചിട്ടുണ്ട് റോഡിനിരുവശവും,
കച്ചിക്കൂനകളുമുണ്ട്
അങ്ങിങ്ങായി
പ്രത്യേകിച്ച്
റാന്തല്‍ വിളക്കിന്റെ ആവശ്യമുള്ളതായി
തോന്നിയില്ല.
വെളിച്ചം തീരുന്നിടത്ത് വരുമ്പോ
ചന്ദ്രനേ നോക്കും അതും എനിക്കൊപ്പമോ മുന്നെയോ വരുന്നുതു പോലെ തോന്നി.
നിലാവിന്റെ വലിയ ആര്‍ഭാടമൊന്നുമില്ലെങ്കിലും അതും നടപ്പിനൊരാശ്വാസമായ്.
റോഡിന്റെ ഒത്ത നടുക്കായി അപ്പുറത്തേ പാടത്തേക്ക് വെള്ളം കയറ്റാനായി ഒരു കലിങ്ങുണ്ട്.
അവിടെ ആള്‍ക്കാര്‍ക്ക് മറയാന്‍ പാകത്തിന് വളര്‍ന്ന വട്ടച്ചെടിയും
അരകപ്പുല്ലും പടര്‍ന്ന
ഒരു ചെറിയ കാടുണ്ട്
ആ ഭാഗത്ത്
ലൈറ്റ് ഇല്ലായിരുന്നു.
ഞാറയുടേയൊ
പട്ടിയുടേയോ മറ്റോ ഒച്ചയുണ്ട്.
ഞാന്‍ കുനിഞ്ഞ്
നടക്കുകയാണ്,
പെട്ടെന്ന് കൂട്ടിയിട്ട കച്ചിക്കൂനക്ക് മുകളില്‍ നിന്ന് ഏതോ ഒരു ജീവിയുടെ അണച്ച ചീറ്റല്‍ കേട്ടു.
ഞാന്‍ തിരിഞ്ഞു നോക്കി
ആ ദൃശ്യം കണ്ണില്‍
പതിയുന്നതിന് മുമ്പ് ഞാനോടി
കുറച്ചകലം ചെന്ന്
തിരിഞ്ഞ് നോക്കി.
പിറന്നപടി ഒരാണുംപെണ്ണും
അല്ലല്ല ഇരുട്ടിന്റെ
ഇളകിയാടുന്ന രണ്ട് പിണങ്ങള്‍
ഹൃദയമിടിച്ചു
വായില്‍ പേടിയുടെ ഉറവ
ചുവച്ചു.
ബോധം തിരിച്ചുപിടിക്കാനൊ
പേടി മാറ്റാനൊ ഒരു പാട്ട് പാടി.
അല്ലെങ്കിലും
മനുഷ്യരെ സംബന്ധിച്ച ഒരു കവിതയല്ലിയോ അതെന്ന് സമാധാനിച്ചു.
കുറച്ച് കൂടി അകലംചെന്ന്
ഒന്നുകൂടി തിരിഞ്ഞ് നോക്കി.
അത്തരം സമയങ്ങളില്‍ മനുഷ്യരല്ലാതാരും
അങ്ങനെ ശല്യം ചെയ്യാറില്ലെന്ന് വിചാരിച്ചു നാണംതോന്നി
ബള്‍ബുകളാല്‍ കമ്പാര്‍ട്ടുമെന്റുകളായ്
തിരിച്ച ഒരു ട്രെയിന്‍ പോലെ
ആ വഴിയങ്ങനെ കിടന്നു.
അതിനുള്ളില്‍പുളയുന്ന
ആ രണ്ട് പേരും മാത്രം
മൂന്ന് പേര്‍ മാത്രമുള്ള
മൂന്ന് പേരും ഞെട്ടിയേക്കാമെന്ന് കരുതാവുന്ന
അവര്‍ മൂന്നും ചേര്‍ന്ന്
ഉള്ളില്‍ കിടന്ന ഒരു മൃഗത്തെ
മെരുക്കാമായിരുന്ന
ഒരു കഥാസന്ദര്‍ഭം കൂടി
ഓര്‍ത്തെടുത്തു,
ആ രാത്രി കടന്നുപോയ്.
........................
*Silhouette--കറുത്ത നിഴല്‍ രൂപം.
..................................
Read more: പൂവേലില്‍, സിദ്ദിഹ എഴുതിയ എട്ട് കവിതകള്‍
..................................
സ്‌ട്രേഞ്ച് ഫ്രൂട്ട്‌സ്
തെക്കേക്കര കിഴക്കുള്ള
ഒരുപഷാപ്പിലേക്ക്
കയറിച്ചെല്ലുന്നു.
ചൂളപ്പണിക്കാര്‍ക്കിടയില്‍
അവര്‍ക്കൊപ്പം
അവരുടെ
മേശക്കരികിലെ
ബെഞ്ചിലിരിക്കുന്നു.
ആ മനുഷ്യരുടെ
ഇരുണ്ട നിറങ്ങളില്‍ നിന്ന്
*ഡീപ് സൗത്തിലെ
കടല് പോലെ കിടക്കുന്ന
കരിമ്പിന്‍ പാടങ്ങള്‍ക്കടുത്തുള്ള
ഒരിരുണ്ട ബാറായി
അത് മാറുന്നു.
ഇവിടെ പാടരുതെന്ന
ചോക്കിനെഴുതിയ
മരപ്പലകയിലേക്ക്
ഞങ്ങളില്‍ ചിലര്‍ ചാരുന്നു
ബാറിന് പിറകുവശം
പലകത്തട്ടിലിരിക്കുന്ന പിയാനോവിന്‍
മുകളിലെ നിറഗ്ലാസ്സിന്
പിന്നിലിരുന്നൊരാള്‍ പാടുന്നു.
നമ്മളൊരുമിച്ച്
ഗ്ലാസ്സുകള്‍ മുട്ടിച്ച് ചിരിക്കുന്നു.
അവിടെ പൊകലപ്പാടത്ത് നിന്ന്
കയറി വന്നവര്‍
*ജംപെ വായിക്കുന്നയാള്‍ക്ക്
ഒരു പെഗ്ഗ് റമ്മ് കൊണ്ടു കൊടുക്കുന്നു
ഇവിടെ ഞങ്ങള്‍ക്ക് നടുവില്‍
കൊഴച്ചകപ്പക്ക് മീതെ
മീഞ്ചാറിന്റെ ഇരുട്ട് പടരുന്നു.
ചിലര്‍ വിയര്‍ത്ത് മൂക്ക് പിഴിയുന്നു
അവിടെ കരിമ്പിന്‍ തോട്ടത്തില്‍
പാടിയ *ഗോസ്പലില്‍ നിന്ന്
ബാറിലെത്തുമ്പോള്‍
അത് *ബ്ലൂസായി മാറുന്നു.
ഗിത്താറും ട്രമ്പറ്റും
ചിരിച്ചു വരവേല്ക്കുന്നു.
ഞങ്ങളിരിക്കുന്നതിന്നപ്പുറത്തെ
മുറികളില്‍ ചവിട്ടിയ
ചരലില്‍ നിന്ന്
*മാരക്കാസും പ്ലേറ്റില്‍ നിന്ന്
*റ്റാമ്പരിനും താളത്തില്‍ കൊള്ളുന്നു.
അവിടെ പരുത്തിപ്പാടങ്ങള്‍ക്ക്
പടിഞ്ഞാറ് കുത്തിക്കെടുത്തിയ
ചൂട്ട് പോലെ സന്ധ്യ
ചെതുമ്പലുകളാല്‍
ഇരുട്ടുന്നു
ഇവിടെ കള്ളുകുപ്പികള്‍
മുട്ടിയുരുമ്മി നാടകഗാനങ്ങളുടെ
വാ പൊത്തുന്നു.
അവിടെ നാനൂറ് വര്‍ഷത്തെ
സങ്കടചരിത്രം തൊണ്ടക്കിരുന്ന്
മുനിഞ്ഞ് കത്തുന്നു
ഞങ്ങള്‍ കുഴിയില്‍
കാലിട്ടിരുന്ന് ഉരുട്ടിയ ചെളി
തല്ലിയെടുത്ത് അച്ചിലടിച്ച്
പ്ലക്കെന്ന് ഒരു പലകയില്‍
ചതുരത്തില്‍
തിളക്കി വച്ചതോര്‍ക്കുന്നു.
അവരുടെ പാട്ടിനുള്ളില്‍
പള്ളി പിരിയുന്ന നടയ്ക്ക്
നാല്ക്കവലകളില്‍
പൊപ്ലാര്‍ മരങ്ങളില്‍
കെട്ടിത്തൂക്കി പിടയുന്ന
കറുത്ത *ചൈമുകളിലേക്ക്
തെക്കന്‍കാറ്റ് വീശുന്നു.
ഇവിടെ വരമ്പിലിട്ട് കുത്തിയ
പോലീസുകാരന്റെ
ചുവന്ന മറുകുള്ള തൊപ്പി
ഞങ്ങള്‍ കുട്ടികള്‍
കൂട്ടംകൂടി നിന്ന്
ആറ്റിലേക്കെറിഞ്ഞ് താഴ്ത്തുന്നു.
അവര്‍ *മിസ്സിസ്സിപ്പിയില്‍ നിന്നും
*ജോര്‍ജിയയില്‍ നിന്നും
*കൊളമ്പിയയില്‍ നിന്നും വന്ന്
*അലബാമയിലെ പാലം
മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നു
നമ്മുടെ നിരണം പടയും
നമ്മുടെ പോലീസും
ബണ്ടിലൂടെ നടന്ന
കാമരനെന്ന അപ്പുപ്പനെക്കൊണ്ട് തെങ്ങില്‍ കയറ്റി കരിക്കിട്ട് കുടിച്ചിട്ട്
അതേ തൊണ്ണാന്‍ കൊണ്ട്
അയാളെ ഇടിച്ചു കൊല്ലുന്നു.
സെല്‍മ-അലബാമയില്‍
അവര്‍ പാലം മുറിച്ച് കടന്ന് വിജയിക്കുന്നു.
പുന്നപ്രയിലും വയലാറിലും
നമ്മള്‍ നിന്ന് വാങ്ങിക്കൂട്ടുന്നു.
പെരുവന്തം കരിയില്‍
കൊയ്യാനിറങ്ങിയ
അമ്മുമ്മയ്ക്ക് വെടിയേല്ക്കുന്നു.
അവര്‍ അവരുടെ പ്രസിഡണ്ടിനെ
തിരഞ്ഞെടുത്ത്
ആത്മാഭിമാനികളാവുന്നു
നമ്മള്‍, ഗോതമ്പ് പാടത്തിന്റെ
കരയ്ക്ക്, ബലാല്‍സംഗം
ചെയ്തിട്ടും മതിവരാതെ
കൊന്ന് നാക്കറുത്ത പെണ്‍കുട്ടിയെ
ചുട്ടു തിന്നുന്നത്
കാണുന്നു.
Strange Fruit -പ്രസിദ്ധ ആഫ്രിക്കനമേരിക്കന്‍ പാട്ടുകാരി Billie Holiday പാടിയ ജിം ക്രോ ഭരണകൂടത്തിന്റെ ഭീകരത വെളിവാക്കുന്ന പാട്ട്)
1. Deep South-കറുത്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന അമേരിക്കന്‍ തെക്കന്‍ സ്റ്റേറ്റുകള്‍
2. Djembe -ആഫ്രിക്കന്‍ താളവാദ്യം
3. Gospel Music- കറുത്തവര്‍ക്കിടയിലെ ആത്മീയ ഗാനങ്ങള്‍
4. Blues- ഡീപ് സൗത്തില്‍ നിന്നുള്ള ആഫ്രിക്കനമേരിക്കന്‍ സംഗീതശാഖ
5. Maracas -ചിരട്ട കൊണ്ടുള്ള ഉപതാളവാദ്യം
6. Tambourine -ഒരു ഉപതാളവാദ്യം
7. Wind Chime -ഈറ്റ കൊണ്ടുണ്ടാക്കുന്ന ചൈനീസ് കാറ്റാടി സംഗീതവാദ്യം
8. Mississipi, Georgia, Columbia -കറുത്ത വര്‍ഗ്ഗക്കാരുടെ ജനസംഖ്യ കൂടുതലുള്ള സ്റ്റേറ്റുകള്‍
9. Alabama 1965-ല്‍ നടന്ന സെല്‍മ-അലബാമ ബ്രിഡ്ജ് മാര്‍ച്ച്