പുഴയില്‍ പുലര്‍ച്ചയ്ക്ക്, ബിജോയ് ചന്ദ്രന്‍ എഴുതിയ കവിതകള്‍

By Vaakkulsavam Literary Fest  |  First Published Mar 3, 2021, 4:54 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് ബിജോയ് ചന്ദ്രന്‍ എഴുതിയ കവിതകള്‍


ഗൃഹാതുരത ഒരു ലേബലാണ്. എവിടെയും ചാരിവെക്കാം. എന്തിനെയും അതാക്കാം. എന്നാല്‍, ഒരു കള്ളിയിലുമൊതുക്കാനാവാതെ പുളയ്ക്കുന്ന ജീവിതം പോലെ, ലേബലുകള്‍ക്ക് പിടികൊടുക്കാത്ത കുതറലും വഴുക്കലുമാണ് ആഴമുള്ള അനുഭവങ്ങളുടെയും തനിനിറം. ഇപ്പോഴില്ലാത്ത ഇടങ്ങളും നനവുകളും മണങ്ങളും രുചികളും അനുഭവങ്ങളും തെഴുത്തുവളരുന്ന ബിജോയ് ചന്ദ്രന്റെ കവിതകളും അതിനാല്‍, ഒരു ലേബലിലും തലവെയ്ക്കുന്നില്ല. കവിതയ്ക്കു മാത്രം തൊടാനാവുന്ന സൂക്ഷ്മഇടങ്ങളിലൂടെ വീശുന്ന പലതരം കാറ്റുവരവുകളായി അവ വായനക്കാരെ സ്പര്‍ശിക്കുന്നു. ബിജോയ് ചന്ദ്രന്റെ കവിതയിലെത്തുമ്പോള്‍ വാക്കുകള്‍ പുതിയ അര്‍ത്ഥങ്ങള്‍ നീന്തിത്തൊടുന്നു. സമകാലികതയുടെ അലുക്കുകളിട്ട അനുഭവങ്ങള്‍ നമുക്കൊട്ടും പരിചയമില്ലാത്ത വിധം ഉള്ളുതൊടുന്നു. വാക്കുകളുടെ പച്ചപ്പിലേക്ക് പല അനുഭവരാശികള്‍ വിരുന്നെത്തുന്നു. ഋതുക്കളോരോന്നും മാറിമാറി തൊടുന്ന സവിശേഷ ഇടമാവുന്നു, വായന. 

ഒതുങ്ങിയ ഒരു നില്‍പ്പുണ്ട്, ഈ കവിതകള്‍ക്ക്. തന്നിലേക്കു തന്നെ വേരാഴ്ത്തി നില്‍ക്കുന്ന പതിഞ്ഞ ഭാവം. 'ചുറ്റും വളര്‍ന്ന വന്‍ മരങ്ങളെയോര്‍ത്ത് ദുഃഖമില്ലാതെ സ്വന്തം ഇടത്തില്‍ നില്‍ക്കുന്ന നിലപ്പന' ബിജോയ് ചന്ദ്രന്റെ കവിതകളുടെ മുഖം സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നുണ്ട്. സവിശേഷമായ ദേശകാലങ്ങളിലും ഓര്‍മ്മയിലും കുരുങ്ങിപ്പോയൊരാള്‍ നിന്നനില്‍പ്പില്‍ നടത്തുന്ന ജീവിതസഞ്ചാരങ്ങളാണ് ആ കവിതകള്‍. തൊട്ടുമുന്നിലെ കുഞ്ഞിച്ചെടിപോലും കാലങ്ങള്‍ കൊണ്ട് പതംവന്ന മനുഷ്യജീവിതത്തെ വിശദീകരിക്കുന്നു. വൈയക്തികമായ ഇടങ്ങള്‍ പോലും ദാര്‍ശനികമായ ആകാശങ്ങള്‍ തൊടുന്നു. തിരക്കിട്ട പാച്ചിലുകള്‍ക്കിടെ നമ്മുടെ കണ്ണില്‍പ്പെടാതെ പോവുന്ന കാഴ്ചകളും അനുഭവങ്ങളും ഗന്ധങ്ങളും കേള്‍വികളുമെല്ലാം ഇലത്തഴപ്പോടെ കവിതയില്‍ വന്നു നില്‍ക്കുന്നു. നാടും വീടും ഓര്‍മ്മയും പ്രണയവും സങ്കടവും ആനന്ദവുമെല്ലാം പല കാലങ്ങളില്‍ പകുത്തെടുത്ത ഒരു മനുഷ്യന്റെ ജീവിതപരിണാമങ്ങളും വീക്ഷണപരിണാമങ്ങളും കവിതകള്‍ ആഴത്തില്‍ കാട്ടിത്തരുന്നു. അപ്പോഴും പുഴയിറമ്പിലെ പൂമണങ്ങളില്‍, ഒരു പെരുമീന്‍ ചാട്ടത്തിന്റെ തുളുമ്പലില്‍, നാട്ടുവെയിലിന്റെ ഭൂതക്കണ്ണാടിയില്‍ തെളിയുന്ന ദൃശ്യസമൃദ്ധിയില്‍, ചൂളംവിളിയില്‍, ചെറിയ ആനന്ദങ്ങളുടെ വലിയ ഇടങ്ങളില്‍, തോര്‍ച്ച മറന്ന് പെയ്യുന്നു ബിജോയ് ചന്ദ്രന്റെ കവിത.

Latest Videos

 

 

കോട

ഒരൊറ്റ വേച്ചുപോകല്‍ കൊണ്ടു ഞാന്‍
ഈ കൊക്കയുടെയടിത്തട്ടു കാണും

ഏതോ പഴയ ഗ്രാമത്തിന്റെ ചപ്രത്തല പോലെ
കിഴവന്മരക്കൂട്ടങ്ങള്‍ അവിടെ 
മടുത്ത് നില്‍പുണ്ടാകും.

ഒരു പെരുമ്പാറപ്പിളര്‍പ്പിലൂടെ
കരിമ്പായല്‍തെന്നലിലൂടെ
കല്ലൊലിപ്പിന്‍ വഴുപ്പിലൂടെ
അങ്ങു താഴേയ്ക്ക്
ജീവിതത്തിലാദ്യമായ് ഒരു 
പക്ഷിയായ് ഊളിയിടും

ഞാനൊരു ചങ്ങാലിയെറിയനാണെന്ന്
എല്ലാരും കരുതുമോ ആവോ.
അത്രയ്ക്കുണ്ട് ചാട്ടുളിപോലുള്ള
ഈ എറിഞ്ഞുവിടല്‍

ആഞ്ഞുചെന്ന് അവിടെ
എന്തു കൊത്തുവാനാണ്?
ഏതിരയുടെ വിറകണ്ണുകള്‍
ഓടാന് മറന്ന ദൂരം,
മിടിക്കാന്‍ കൂട്ടാക്കാത്ത പ്രാണന്‍.

മുമ്പേ കോടക്കയത്തിലേക്ക്
മറിഞ്ഞകന്ന പലരേയും പോലെ,
നോക്കിനില്ക്കുന്ന നിങ്ങളില്‍
ഒരു വാപൊളി ബാക്കിനിര്‍ത്തി
ഒരൊറ്റ വേച്ചുപോകലിലാണ്
അറിയാത്ത മട്ടില്‍
ഈ പോക്ക്.

ചിലതൊക്കെ ഇന്നു നടക്കും
മരണമുനമ്പെന്ന വാടിയ ഒരു ബോര്‍ഡ്
മഞ്ഞുകാറ്റത്താടുന്നതു കണ്ടില്ലേ..
കൊക്കയില്‍ നിന്നും താഴെയുള്ളവരുടെ
വെളുപ്പന്‍ ആകാശങ്ങള്‍
കയറിവരുന്നതും.

മലഞ്ചെരിവിലെ പാഴ്‌ച്ചെടികള്‍
കണ്ണുപൊത്തി നില്‍ക്കും
എന്തൊരു പോക്കാണപ്പാ എന്ന്
മലയാളത്തില്‍
ഉള്ളാന്തും.

ഇതിലേ മുമ്പുരുണ്ടു പോയ
കരിങ്കല്ലുകളെ
അവര്‍ ഓര്‍ക്കും.

എന്നിട്ടും എന്തിനാണ് തന്നത്താന്‍
പിന്നിലേക്ക് പിടിച്ചുനിര്‍ത്തുന്നത്?

ആരെങ്കിലും ഒന്നു വരുമോ
ഞാനറിയാതെ പിന്നില്‍നിന്നും
ഒരുന്തുവെച്ചുതരാമോ?

പണ്ട് പുസ്തകങ്ങള്‍ വരിഞ്ഞുകെട്ടാറുള്ള
കറുത്ത റബ്ബര്‍ബാന്‍ഡ് പോലെ
ഒരു പിടിത്തം കൊണ്ട്
പക്ഷേ
എന്നെ ആരും വീണ്ടെടുക്കരുത്
ഒരു കാര്യവുമില്ലാതെ നിര്‍ത്തരുത്
ആവശ്യത്തിനു വഴുക്കലുണ്ടായിട്ടും
ഈ വക്കത്ത്.

 

..............................

Read more: എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്? 
..............................

 

പുഴയില്‍ പുലര്‍ച്ചയ്ക്ക്

പുഴയില്‍ പുലര്‍ച്ചയ്ക്ക്
എന്നും കര്‍ഫ്യു

പെട്ടെന്ന് വാഹനങ്ങളൊഴിഞ്ഞുപോയ
തെരുവു പോലെ
മനുഷ്യര്‍ മാഞ്ഞുപോയ ചന്ത പോലെ
ഒച്ച കുരുങ്ങിയ തൊണ്ട പോലെ
മിണ്ടലറ്റ്
പുഴയിലെ പുലര്‍ച്ച.

മേല്‍ത്തട്ടില്‍ മരണശാന്തം ജലപാത
ഒരു വെടിയൊച്ചയ്ക്ക് പറന്നകന്നു
രാത്രി എന്ന പക്ഷി
അനങ്ങണ്ടാന്നുവെച്ചു മരക്കൊമ്പുകള്‍
പുഴ ഇപ്പോള്‍ ഒരു വിറങ്ങലിച്ച  തെരുവ്

മനുഷ്യര്‍ പോയൊളിച്ച വീടുകളില്‍ നിന്നും
സൂര്യനിലേക്ക് പുക ഉയരുന്നു
വീടുകള്‍ കല്ലടുക്കുകള്‍ മാത്രം
അവയുടെ ജനല്‍ ഇടയ്ക്ക് തുറന്ന്
പരിക്കു പറ്റിയ നോട്ടങ്ങള്‍
ചൂണ്ടനൂല് പോലെ പോയ്മറയുന്നു

ആകാശം പഞ്ഞിമിട്ടായി പോലെ
അലിഞ്ഞിറങ്ങിയ മഞ്ഞുപാടയില്‍
അക്കരെപ്പച്ചകള്‍ തല പൂഴ്ത്തുന്നു
ഉറക്കപ്പേച്ച് പോലെ പുഴ തന്നത്താന്‍ കിടന്ന്
കുറച്ചുനേരം കൂടി കണ്ടതൊക്കെ പറയും.

രാത്രിയില്‍ പുഴ ഒഴുകാറില്ല
നേര്‍ത്ത കോട വാരിപ്പുതച്ച് തീരത്തവള്‍
തലവെച്ചുറങ്ങുന്നത് കാണാം
ചുണ്ടില്‍ പതയും പുഞ്ചിരി
പരല്‍ക്കുഞ്ഞുങ്ങളുടെ ചെതുമ്പല്‍ നിലാവ്
സ്വപ്നം കണ്ട് കണ്ട് വൈകിയേ എണീക്കൂ മടിച്ചി.

വെളുപ്പാന്‍കാലത്ത് പുഴയില്‍
എന്നും പുഴ മാത്രം
ആഴത്തിലെ മണല്‍ക്കുന്നുകള്‍ പോലും
എന്തൊരുറക്കം

പുഴയില്‍ നേര്‍ത്ത വെയില്‍ പരക്കുന്നു
എങ്കിലും കലക്കവെള്ളത്തില്‍ കുട്ടികള്‍
നീന്താന്‍ വരും വരെ പുഴയിലെ കര്‍ഫ്യൂ തുടരുന്നു

ഇനി പതുക്കെ അവള്‍ കണ്ണു തുറക്കും
പുഴയിറമ്പത്തേക്ക് ഒരു ഓളത്തുണ്ട്
കുണുങ്ങിക്കേറും
വെള്ളാരങ്കല്ലുകള്‍ക്ക് ഒരു കിലുക്കം കൊടുക്കും
പോകാം എന്ന് മയക്കത്തില്‍ പറയും
നേര്‍ത്ത വെട്ടത്തില്‍ മുടി അലമ്പി വിടര്‍ത്തി
അവള്‍ ഒരുക്കം കൂട്ടും.

കര്‍ഫ്യൂ കഴിഞ്ഞ് 
ഒരു വലിയ ചങ്ങാടം പോലെ അവള്‍
കൈപ്പങ്കായം വീശി തുഴഞ്ഞ് പോകും

മീന്‍പിടിത്തം കഴിഞ്ഞ് ഉടക്കുവലയുമായി
ഒരാള്‍ വള്ളത്തില്‍ പോകുന്നു
ഒരു പലകയ്ക്കു താഴെ അയാളുടെ പുഴ.

ആകാശത്തൊരു ഡ്രോണ്‍ താണു പറക്കുന്നു
പുഴയില്‍ ചാടി മറയുന്നു പൊന്തക്കാടുകള്‍

ഇനി ഓടിവരും വെയില്‍ച്ചെക്കന്മാര്‍
മീനുകള്‍ക്കിടയില്‍ അവര്‍ ഊളിയിട്ട് നീന്തും
മറുകരയെ ഇക്കരയ്ക്ക് എളുപ്പം വലിച്ചടുപ്പിക്കും

ആകാശത്ത് നിരീക്ഷണപ്പറക്കല്‍ നടത്തും തുമ്പികള്‍
കൂട്ടം കൂടിയ ആളുകളെ ഒപ്പിയെടുക്കും
കുട്ടികളെ തുമ്പികള്‍ ഒറ്റു കൊടുക്കില്ലത്രെ

പുഴയില്‍ പുലര്‍ച്ചയ്ക്ക് എന്നും കര്‍ഫ്യൂ ആണ്
ആരുമില്ല ഞാനൊഴികെ
എന്റെ ചൂണ്ട പുഴയുടെ തണുക്കയത്തിലേക്ക് താഴും

പഞ്ചാരമണല്‍ കുട്ടികളുടെ കാലുകളെ
പുഴമധ്യത്തിലേക്ക് ചുഴറ്റി കൊണ്ടുപോകും
ഇപ്പോള്‍ അവരുടെ കുഞ്ഞിത്തലകള്‍ മാത്രം
വെള്ളത്തിനു മേലേ ദൂരക്കാഴ്ച്ച
അതിനു കീഴേ അവരുണ്ടാകുമെന്ന
ധാരണയില്‍ ഞാന്‍ കരയ്ക്കിരിക്കും

ഒരു കല്ലത്താണി പോലെ.

 

...........................

Read more: പുഴമീന്‍, ബിജോയ് ചന്ദ്രന്‍ എഴുതിയ കവിതകള്‍
...........................

 

ശിലായുഗം

വീടു പണിയാനായ് വാനം താഴ്ത്തി
പാറ കണ്ടു.

പുരാതനഗുഹയില്‍ ജീവിച്ചുമരിച്ച
സങ്കടങ്ങളില്ലാത്ത മനുഷ്യരെയോര്ത്തു,

വീടുപണി വേണ്ടെന്നുവെച്ചു.

കിണര്‍ താഴ്ത്തിച്ചെന്ന പണിക്കാര്‍
ഉറപ്പുള്ള കരിമ്പാറയില്‍ ചവിട്ടിനിന്ന്
മേലേക്ക് നോക്കി പിക്കാസ്സ് തോളത്തു വെച്ചു 

കിണര്‍വട്ടത്തിലെ ആകാശത്ത്
പാറപ്പൊട്ടുകളായ് അവര്‍ കാണപ്പെട്ടു.
ഉച്ചസൂര്യനില്‍നിന്നുമടര്‍ന്നുവീണ 
ഒരു വെയില്‍പ്പാളിയില്‍ അവര്‍
ആഴങ്ങളില്‍ അനിശ്ചിതമായി അടയാളപ്പെട്ടു.

മണ്ണും കല്ലും കൊണ്ട് 
ഭൂമിയുടെ ഓട്ടയടച്ച്
പണിക്കാരെ വേഗം തിരിച്ചെടുത്തു,
കിണര്‍ താഴ്ത്തല്‍ അന്നുപേക്ഷിച്ചു.

ഓലി എന്നു വിളിച്ച പാറയൊലിപ്പില്‍
പണ്ട്
കുളിച്ചു തോര്‍ത്തിയതോര്‍ത്തു.
ഒരു പൊട്ടിച്ചിരി കൊണ്ട് പാറ ഞങ്ങളെ
പിന്നെയും നനച്ചതും.
അടുത്തുനിന്ന തഴപ്പൊന്തയില്‍ നിന്നും
മഴവില്ലിന്റെ തുണ്ടുകള്‍ പറന്നുപോയതും
ഒരു പൊന്മയുടെ ചിറകില്‍ നിന്നും
ഏകാന്തമായ ഒരു നീലിമ തുള്ളിയിട്ടതും.

പാറകള്‍ തേടി നടന്നു,
പാറയിടുക്കിലെ വെള്ളപ്പടര്‍പ്പുകളേയും
പാറനെഞ്ചിലെ ഉറവക്കുഞ്ഞുങ്ങളേയും.
പാറക്കണ്ണില്‍ പറ്റിപ്പിടിച്ച
പായല്‍പ്പച്ചയേയും തേടിനടന്നു
പനങ്കള്ള് കുടിച്ച് തല മൂത്ത സന്ധ്യകള്‍
ഒളിച്ചുപാര്‍ക്കുന്ന പാറവീടുകള്‍ തേടിനടന്നു.

പാറപ്പുറത്ത് രാത്രിയെ കെട്ടിപ്പിടിച്ച്
മറ്റൊരു രാത്രിയെപ്പോലെ
കിടന്നുറങ്ങാന്‍ തീരുമാനിച്ചു
ഇരുട്ടിന്റെ പഴന്തുണിക്കെട്ടുകള്‍ പോലെ
മരത്തലപ്പുകള്‍ ഉറക്കത്തില്‍ നീന്തിപ്പോകുന്നത്
വെറുതെ സങ്കല്പിച്ചു. 

കാട്ടിലെത്തിയതേ ഓര്‍മ്മയുള്ളു
ഒതുക്കമുള്ള ഏതോ ഒരിടത്ത്
നിന്നതേ ഓര്‍മ്മയുള്ളു
കാടെന്നെ കണ്ണീരു നിറച്ച
ഒരു പാറയായ് മാറ്റി

പിന്നെയെല്ലാം
ഇതാ ഇക്കാണുന്ന
കാട്ടുചോല പറഞ്ഞുതരും.

 

മലയാളത്തിലെ ഏറ്റവും മികച്ച കവിതകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!