വാക്കുല്‍സവത്തില്‍ ഇന്ന് അസീം താന്നിമൂടിന്റെ കവിതകള്‍
വാക്കിനും മൗനത്തിനുമിടയില്‍ കവിതയുടെ ചൂണ്ടയുമായിരിക്കുന്ന ഏകാകിയായ ഒരാളുണ്ട്, അസീം താന്നിമൂടിന്റെ കവിതകളില്‍. ശബ്ദങ്ങളും നിശ്ശബ്ദതയും മാറിമാറി കൊത്തുന്ന ചൂണ്ടയുമായി അനന്തകാലങ്ങളിലേക്ക് കണ്ണുനട്ട് അയാളിരിക്കുന്നു. ആഴക്കടലില്‍ മാര്‍ലിന്‍ മല്‍സ്യവുമായി ജീവിതം കടഞ്ഞ് പൊരുതുന്ന ഹെമിംഗ്‌വേയുടെ കിഴവന്‍ സാന്റിയാഗോയെപ്പോലെ, സദാ കുതറുന്ന വാക്കുകളുമായി അയാള്‍ മല്‍പ്പിടിത്തം നടത്തുന്നു. ഋതുക്കളോട് പൊരുതി കവിതയുടെ കരയിലേക്ക് തളര്‍ന്നണയുന്നു. ആവിഷ്‌കരിക്കാന്‍ ഒട്ടുമെളുപ്പമല്ലാത്ത ദാര്‍ശനികാനുഭവങ്ങളെയും ജീവിതക്കലക്കങ്ങളെയും മെരുക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്ത കവിതയുടെ നിസ്സഹായതയെ പക്ഷേ, അയാള്‍ ഭയക്കുന്നേയില്ല. തീമുനയുള്ള ജീവിതത്തെ ഓരോ തവണയും അയാള്‍ കരയിലെത്തിക്കുക തന്നെ ചെയ്യുന്നു.
പാരമ്പര്യത്തിന്റെ മണ്ണില്‍ കാലുറപ്പിച്ച് കവിത വിതയ്ക്കുമ്പോഴും, പുതിയ കാലത്തിന്റെ കാറ്റും വെളിച്ചവുമുണ്ട് അസീമിന്റെ കവിതകളില്‍. വാക്കുകളിലേക്ക് കണ്ണുനട്ടിരിക്കുന്ന ധ്യാനഭരിതമായ സൂക്ഷ്മതയാണതിന്റെ ജൈവികത. ഒരു വാക്കും വെറുതെയാവുന്നില്ല. ചെത്തിമിനുക്കിയ കവിതയുടെ ശില്‍പ്പം മുനകൂര്‍ത്ത നോട്ടവുമായി കാലവുമായി മുഖാമുഖം നില്‍ക്കുന്നു. അതിനുള്ളില്‍, ആത്മാവിന്റെ അനന്തമായ യാത്രകളുണ്ട്. അതുതാനല്ലയോ ഇതെന്ന സന്ദേഹമുരള്‍ച്ചകളുണ്ട്. ഭാഷയ്ക്കകത്തു നില്‍ക്കാതെ കുതറുന്ന ചിന്തകളുടെ പെരുമീന്‍ പാച്ചിലുകളുണ്ട്. കവിതയ്ക്ക് മാത്രം തൊടാനാവുന്ന വിശ്രാന്തിയുടെ നൂലിഴകളുണ്ട്. ആഴത്തിനുമാഴത്തില്‍ കലങ്ങുന്ന പെരുംകടലിന്റെ പ്രവചനാതീതമായ തിളച്ചുമറിയലുകളുണ്ട്. സാന്നിധ്യവും അസാന്നിധ്യവും കൊണ്ട് മലയാള കവിതയെ അസീമിന്റെ കവിതകള്‍ നടത്തിക്കൊണ്ടുപോവുന്നത്, മനുഷ്യജീവിതങ്ങള്‍ക്ക് സുപരിചിതമായ അനുഭവങ്ങളുടെ പ്രശ്‌നഭരിതമായ വൈചിത്ര്യങ്ങളിലേക്കാണ്.
വിത്തുകള്‍
ചുളയും ചാറും നുണഞ്ഞുകഴിഞ്ഞ്
ഈ കുരു ഞാന്‍
ഉടന്‍ വലിച്ചു തുപ്പും:
ആ
തരിശുനിലം
അടുത്ത നിമിഷം
നിബിഡ വനമാകും.
മധുരത്തിന്റെ സൈ്വര്യത്തില്‍
അറിയാതെ കൂമ്പിപ്പോയ കണ്ണുകള്‍
മെല്ലെത്തുറന്നു ഞാന്‍
കുഞ്ഞു കുഞ്ഞു നോട്ടങ്ങളുടെ
മുട്ടകള്‍
വിതറും:
ആ
ഹരിത നിശ്ശബ്ദത
കിളിയൊച്ചകളാല്‍
മുഖരിതമാകും.
അതു കേട്ടു ഞാന്‍
എളുതായൊരു
പുഞ്ചിരി പാകും:
മാനുകളും മുയലുകളും
പുല്‍മേടുകളില്‍
തത്തിക്കളിക്കും.
അതിന്റെയാ സ്വച്ഛതയില്‍
ഏമ്പക്കംവിട്ടു ഞാ-
നുറങ്ങാന്‍ കിടക്കും:
ഉണരുംവരേയ്ക്കും
കാട്ടരുവികള്‍
കളകളം പാടും...
കോട്ടുവായിട്ടു
മൂരിനിവര്‍ക്കവെ
ഉള്‍വനമൊ-
ന്നിളകാന്‍ തുടങ്ങും.
കരളിലപ്പോളൊരാശ (ആഹ്ലാദവും)
പെട്ടെന്നുയിര്‍ക്കും...
ആയതു
നെഞ്ചില്‍പ്പടരും..
ഉദരപ്പിടപ്പിലാ
വിശപ്പിന്റെ വിത്തുകള്‍
വീണ്ടും കിളിര്‍ക്കും:
കാടകമൊരു
നെടുവീര്‍പ്പുതിര്‍ക്കും.
നെഞ്ചില്‍ നിന്നും
ഞരമ്പുകള്‍ തോറുമൊ-
രിംഗിതം വേരു
പായിച്ചുണരും:
വന്യമായ മുരള്‍ച്ചകളാല്‍ വന-
മൊന്നു കിടുങ്ങും!
കണ്‍കളാര്‍ത്തിയി-
ലെന്തോ തെരയുംവിധം
പോളകള്‍ നീര്‍ത്തിപ്പരതും..!
നനവറ്റ നോട്ടപ്പരപ്പില്‍
പൊഴിയും പൊരിയുന്ന
സൂര്യാവബോധ കിരണം...!
അവ
തകൃതിയില്‍ പൊട്ടി
മുളയ്ക്കും:
വായിലാവന-
മമ്മട്ടു പിന്നെയും
സ്വാദിഷ്ഠമായിട്ടമരും....
ചുളയും ചാറും നുണഞ്ഞുകഴിഞ്ഞ്
ഈ കുരു ഞാന്‍
ഉടനേ
വലിച്ചങ്ങു തുപ്പും.
............................
Read more: ജിഗളോ, അരുണ്‍ പ്രസാദ് എഴുതിയ കവിതകള്‍
............................
:
സ്മാരകങ്ങള്‍
ഏതോ കുരല്‍
അത്രമേല്‍ വരണ്ടു പോയിട്ടാകാം
അന്നോളം
ഒളിപ്പിച്ചുവെച്ച ഉറവകളുടെ
മുഴുവന്‍ ശേഷിപ്പുകളും
പൊടുന്നനെ തുറന്നുവിട്ട്
അവിടേക്കൊഴുകാന്‍
ഭൂമി
മോഹിച്ചു
പോയത്.
ആരോ വല്ലാതെ
വിശന്നു വലഞ്ഞിട്ടാകാം
പൂഴ്ത്തിവച്ച മുഴുവന്‍ ധാന്യങ്ങളും
അതിനു മുന്നില്‍ പൊഴിച്ച്
കലവറകളെല്ലാം ശൂന്യമാക്കി
കമഴ്ത്തി വച്ചത്.
ശ്വസിക്കാനുള്ള ആരുടെയോ
അവസാന വീര്‍പ്പുമുട്ടല്‍ കണ്ടിട്ടാകാം
ചെപ്പുകളിലാക്കി ചൊതുക്കിയ
മുഴുവന്‍ വാസനകളും
അവിടേക്കു ചുരത്താന്‍
വസന്തങ്ങളോട് തിടുക്കപ്പെട്ടത്;
അതിനാലാവാം
ഭൂമി അന്നേരം അത്രമേല്‍
വിളറി
വിറങ്ങലിച്ചു പോയത്.
ഏതോ ജീവന്റെ ഒടുക്കത്തെയാ
പിടച്ചിലു കണ്ടിട്ടാകാം
താഴ് വരകളില്‍ ശേഷിപ്പുള്ള
ജൈവ സാന്നിധ്യങ്ങളപ്പടി
അവിടേയ്ക്ക്
ആയാസപ്പെട്ടത്.
അവസാന മിടിപ്പും
ഊര്‍ന്നു പോകാതെ കാക്കാന്‍
ആരോ പെടാപ്പാടു പെട്ടപ്പോഴാകാം
ഏറെ ആഴത്തില്‍ നിന്നും
കുറേ അധികമിടിപ്പുകള്‍
നെഞ്ചു പിളര്‍ന്ന്
പുറത്തു ചാടുമ്പോലെ ഭൂമി
പിടഞ്ഞുപോയത്.
എന്നിട്ടും
ആരൊക്കെയോ
മരവിച്ചു
കുഴഞ്ഞു വീണു
പോകുന്നതിനാലാവാം
ഇടയ്ക്കിടയ്ക്കു ഭൂമി
മരുഭൂമികള്‍ കൊണ്ട്
സ്മാരകങ്ങള്‍
പണിതു വെയ്ക്കുന്നത്...
.....................................
Read more: നീ മകളുമൊത്ത് വീട്ടിലിരിക്കുന്ന ദിവസം, സിമ്മി കുറ്റിക്കാട്ട് എഴുതിയ കവിതകള്‍
.....................................
തോന്നല്‍
മലഞ്ചെരുവല്ല, മഴകളില്ല, ജല-
കണികപോലും പ്രകടമല്ലെങ്കിലും
പുഴയൊഴുകുന്ന പോലൊരു തോന്നലു-
ണ്ടിവിടെയിപ്പോള്‍, അരികിലായെന്തിലോ
നിറയെ ബിംബിച്ചതിന്റെ സംതൃപ്തിയാ-
ലിളകിടുന്നിളം ചോലകള്‍,തെന്നലാ
നനവുമായണഞ്ഞുടല്‍ കുടയുന്നതായ്
കരുതണേയെന്നു ശിഖരത്തലപ്പുകള്‍...
അതിസമൃദ്ധം തളിരിടാതാകിലാ-
കുറവുകൊണ്ടെന്റെ തോന്നലു പാളുമെ-
ന്നറിവെഴുന്നപോല്‍ പുല്ലുകള്‍,പൂവിട്ടു
മതിവരാത്തതുപോല്‍ ചെടിച്ചില്ലകള്‍...
നിറവിലാണൊഴുക്കെന്നു നിസ്സംശയം
കരുതുവാനിമചിമ്മാതെ ഹൃദ്യമായ്
ജലമിളകുന്നൊരിമ്പമെയ്യുന്നതാം,-
അവിടമാകെ നനഞ്ഞ നിശ്ശബ്ദത.
പുഴയിറമ്പിലെ മൗനമാണെന്നതു-
സുദൃഢമാക്കുവാനായ് ജലജീവികള്‍
ശ്രുതിപിഴയ്ക്കാതെ മൂളിടുമീണവും.
ചിറകനക്കിയിടയ്ക്കിടെ പൊന്മകള്‍,
കിളികള്‍,കൊറ്റികള്‍,കൂര്‍പ്പിച്ച കണ്ണുക-
ളവിടെയു,ണ്ടവയ്ക്കത്രമേല്‍ ശ്രദ്ധയും...
ജലഭരിതമായുള്ളോരൊഴുക്കിന്റെ
തനിമയാവിഷ്‌കരിക്കുവാനായൊരു
പുഴയിറമ്പിനുമാവില്ലിതേവിധം.
...
കരകവിയുവാനായുള്ള വെമ്പലു,-
ണ്ടിനിയിവിടെയിരിക്കരുതെ,ന്നതി-
ഗഹനമായൊരു ഭാവം പൊടുന്നനെ
പ്രകടമാക്കിപ്പെരുകി നിശ്ശബ്ദത...
പുഴയെഴാതതിന്‍ ഭാവപ്പകര്‍ച്ചക-
ളതിവിദഗ്ധം പകര്‍ന്നവയൊക്കെ,യാ
പരിസരം വെടിഞ്ഞപ്പടി മാഞ്ഞുപോയ്.
എരിമണല്‍പ്പുറ-
ത്തപ്പോളകന്നൊരു
ചുവടുവയ്പിന്റെ
മുദ്രകള്‍ മാത്രമായ്...
.............................
Read more: ഒരു അപസര്‍പ്പക കവിതയുടെ ട്രെയിലര്‍, ടി പി വിനോദിന്റെ കവിത
.............................
പ്രളയം
ഞാനതിനെ
സൃഷ്ടിക്കുകയാണ്...
പെയ്യാന്‍ വീര്‍പ്പിട്ടു നിന്നൊരു
മേഘത്തെ ചീന്തിയെടുത്ത്
ശിരസ്സും മുഖവും പണിതു.
കാളീഭാവത്തിനുവേണ്ട
ചേരുവകളെല്ലാം
ആ മുഖത്തു
ചേര്‍ത്തുവച്ചു...
മൂര്‍ച്ചയുടെ നോവാല്‍
അറിയാതെ പെയ്തുപോയ മഴയെ
നാരു നാരായ് പറിച്ചെടുത്ത്
ഞരമ്പുകളും
നാഡികളും
കുടല്‍മാലകളും തീര്‍ത്തു...
ഒരു മിന്നലെ
തോണ്ടിയെടുത്ത് നട്ടെല്ലും
മഴക്കൂരാപ്പുകളെ
വകഞ്ഞുവകഞ്ഞെടുത്ത്
വാരിയെല്ലുകളും പണിതു...
ഇടിയുടെ ആഘാതങ്ങളെ
അപ്പടി പിടിച്ചെടുത്ത്
നെഞ്ചിനു പകര്‍ന്നുകൊടുത്തു.
അഴിമുഖത്തെ
അഗാധമായ മൗനസംഗമത്തെ
കോരിയെടുത്ത്
കരളു കടഞ്ഞുവച്ചു...
കുത്തിയൊലിക്കാന്‍
കരുതിനിന്ന രണ്ടു പുഴകളെ
വേരോടെ പിഴുതെടുത്ത്
ഭുജങ്ങളായ് തിരുകിവച്ചു.
എത്ര പെയ്തിറങ്ങിയാലും
പൊട്ടിയൊലിക്കാത്ത
രണ്ടു കുന്നുകളെ മാന്തിയെടുത്ത്
കാലുകളാക്കി
മെതിക്കാനുള്ള കരുത്തു കൊടുത്തു.
ഒരു പടുകൂറ്റന്‍ തിരയെ
കുരുക്കിട്ടു പിടിച്ച്
അതിനിടയില്‍ കെട്ടിയിട്ടു.
കിഴക്കുനിന്നും
വന്നൊരുശിരന്‍ കാറ്റിനെ
ചുഴറ്റിയെടുത്ത്
നാസികയില്‍ കടത്തിവിട്ടു...
ഉയിരിട്ടതും
ഓടിച്ചെന്ന്
ഭൂമിയുടെ തെക്കുഭാഗത്തേക്കു നോക്കി
കുന്തിച്ചിരുന്നു
പെറ്റുകൂട്ടി...
.....................................
Read more: കടൽകാക്ക: ഡി. അനിൽകുമാറിന്റെ കവിതകൾ
.....................................
മൗഢ്യം
തൊട്ടുമുന്നിലതെത്തിടും മാത്രയില്‍-
ത്തന്നെ
നമ്മളൊട്ടൊന്നു
തളിര്‍ത്തുപോം..
മഞ്ഞുതുള്ളിയ-
താകെ നെഞ്ചേറ്റിടും.
കുറ്റിരുട്ടും
നിലാമയമായിടും..
നീണ്ടകാലമ-
തുണ്ടാവുമെന്നൊരു
മൂഢധാരണ-
യേറ്റും പരസ്പരം.
കണ്ടമാത്രയ്ക്കു-
മെത്രയോ മുന്നമ-
തസ്തമിച്ചുവെ-
ന്നോരാതെ,സൈ്വര്യമായ്
ഹൃദ്യമാക്കിടു-
മോരോ നിമിഷവും..
മുന്നിലുണ്ടതി-
ന്നാത്മപ്രകാശന-
മെന്ന യുക്തിയില്‍
ആണ്ടുപോമേറെ നാള്‍.
നില്‍ക്കയാണുനാമിന്നും
മിഴിയിലെ
കൃഷ്ണകാന്തിയില്‍
ബിംബിക്കും
മിഥ്യയില്‍...
വാസ്തവങ്ങളതല്ല,
വിദൂരത
വിസ്തരിക്കും
നിഗൂഢത മാത്രമാം...
താരകങ്ങള്‍ കണ്‍-
ചിമ്മു;-
ന്നതിന്‍ പൊരുള്‍
ഗൂഢഭാഷയില്‍
മീളുന്നതായിടാം...
...................................
Read more: ഡിസംബറിന്റെ മഞ്ഞുകുരിശ്: അക്ബറിന്റെ കവിതകള്‍
...................................
മിടിപ്പുകള്‍
വല്ലാതെ മിടിക്കുകില്‍
മനസ്സ് കരങ്ങളില്‍
വല്ലതുമാശിച്ചീടും.
കണ്ണുകളതിനായി-
പ്പരതും...കണ്ടെത്തീടും.
കൃത്യമായതുകൊണ്ട-
തത്രമേലാവിഷ്‌കരി-
ച്ചെടുക്കു, മാശ്വസിക്കും...
തെളിയും മഷിത്തുമ്പി-
ലൊന്നിലാ കണ്ണെത്തുകി-
ലുറപ്പാ ഡറിയില്‍-
ഹൃദ്യമായതുണ്ടാകും.
നിറക്കൂട്ടുകള്‍ക്കോരെ-
യൊതുങ്ങി നനഞ്ഞൊരാ-
ബ്രഷിങ്കലെങ്കില്‍,നീര്‍ത്ത-
ക്യാന്‍വാസില്‍ വ്യത്യസ്തമാം
രൂപത്തില്‍,
വര്‍ണ്ണങ്ങളില്‍...
ഉളിയിലെങ്കില്‍ ശിലാ-
പ്രതലങ്ങളില്‍,കാത-
ലുറഞ്ഞ കരുത്തിങ്ക-
ലഴകില്‍,
വടിവോടെ...
കൈക്കോട്ടിലെങ്കില്‍ പറ-
മ്പൊത്തിരിയാഹ്ലാദത്തി-
ലൊക്കെയും മെനഞ്ഞെടു-
ത്തുതിര്‍ത്തു കാട്ടിത്തരും...
കൊടിയിലെങ്കില്‍ കുര-
ലൊച്ചയില്‍,ചുരുട്ടിയ-
മുഷ്ടിയി,ലാവേശത്തില്‍...
പരതിപ്പരതിയാ
മിഴി മറ്റൊരുമിഴി-
ക്കോണില്‍ ചെന്നുടക്കുകി-
ലൊക്കെയാ ഹൃദന്തത്തി-
ലധികമിടിപ്പായി-
ട്ടെപ്പോഴുമതുണ്ടാകും...
സ്വച്ഛമായീറന്‍ മണ്ണിന്‍
മനസ്സുമിടിപ്പതാ
പച്ചപ്പില്‍,അതില്‍ ലയി-
ച്ചകലെയാകാശത്തിന്‍
ഹൃദയം മിടിപ്പതാ
പ്പെയ്ത്തിലെ
താളങ്ങളില്‍...
...
മിടിപ്പൊട്ടിടറിയുള്‍
ശ്രുതിയറ്റുഴറുകില്‍
മനസ്സിനക്കൈകളില്‍
വല്ലതുമൊളിപ്പിച്ചു
വെയ്ക്കണ,മുടനടി-
കണ്ടെത്തിച്ചുഴറ്റണം...!
തുളയാനൊരു മൂര്‍ച്ച-
ത്തിടുക്കം,നുറുക്കിയ-
ങ്ങൊടുക്കാനൂക്കോടൊരു
വിറയല്‍,അടിഞ്ഞാലു-
മടങ്ങാതിരമ്പുമൊ-
രായവു,മലര്‍ച്ചയു-
മുണര്‍ത്തലതിന്‍ തൃപ്തി...!
അകമേ നിന്നും മിടി-
പ്പങ്ങിങ്ങായടര്‍ന്നുവീ-
ണൊടുങ്ങുമാഘാതങ്ങ-
ളാണതിന്നാവിഷ്‌കാരം...
...
തെരയും നോട്ടത്തിലു,-
മായതു കരുതിപ്പോ-
മിടറാ താളത്തിലു-
മാണെല്ലാ തുടര്‍ച്ചയും.
പതിവായെന്തോ തേടി-
പ്പരതും പ്രപഞ്ചമാ
ശ്രുതിയൊട്ടിടറാതുള്‍-
സ്പന്ദങ്ങളാവിഷ്‌കരി-
ച്ചെടുപ്പൂ...ചിലതിങ്ങീ
ഭൂതലത്തുടിപ്പിങ്കല്‍...
..............................
Read more:
..............................
എന്റെ വിധി
വെറുതേയിരുന്നു മുഷിഞ്ഞപ്പോഴാണ്
മുന്നില്‍ക്കണ്ട വെള്ളപ്പേപ്പറില്‍
ഒരു മുറി വരച്ചത്.
ജാലകങ്ങള്‍ക്കും
വാതിലുകള്‍ക്കും
ലേശം കനവും ഇടുക്കവും കൂടിപ്പോയി.
അതാവണം
മുറിയ്ക്കകമാകെ
ഒരുതരം അരണ്ട മട്ട്.
ഇതെന്തൂട്ട് മുറിയെന്ന്
തിട്ടപ്പെടുത്തും മുമ്പേ
ഒരു കോടതിമുറി
ഉള്ളില്‍ കനപ്പെട്ടു വന്നു.
പിന്നെ
മുന്നും പിന്നും നോക്കിയില്ല
പ്രതിക്കൂടും സാക്ഷിക്കൂടും
ചേംബറും ജഡ്ജിക്കുള്ള ഇരിപ്പിടവും
തകൃതിയിലങ്ങു വരച്ചു ചേര്‍ത്തു.
അകത്ത് അതതു കൂട്ടില്‍
പ്രതികളേയും സാക്ഷികളേയും
ജാലകപ്പഴുതുകളിലൂടെ
അകത്തേയ്ക്കുറ്റുനോക്കുന്ന
കുറേ ആകാംക്ഷകളേയും
വേഗത്തിലങ്ങ് വരച്ചുചേര്‍ത്തു.
ഇരിപ്പിടത്തില്‍
ജഡ്ജിയെ അതേമട്ടില്‍
വരച്ചെടുക്കാന്‍
നന്നേ പണിപ്പെട്ടു.
എല്ലാം ഒരുവിധമൊത്തു
എന്നായപ്പോഴാണ്
ആ നശിച്ച തോന്നലുണ്ടായത്.
മറ്റൊന്നും ചിന്തിച്ചില്ല
ജഡ്ജിക്കു മുകളില്‍,
ഒത്ത ഉച്ചിക്ക് കിഴക്കാം തൂക്കായി
ഒരു ശൂലംകൂടി വരച്ചങ്ങു ഞാത്തി.
ചുമ്മാ
ഒരു രസത്തിനു
ചെയ്തതാണ്.
ഞാനറിഞ്ഞോ
അത് കെട്ടറ്റ്
ജഡ്ജിക്കു മേല്‍
പതിക്കുമെന്ന്..
എന്റെ വിധി...
................................
Read more: പട്ടം പോലെ: സുബിൻ അമ്പിത്തറയിൽ എഴുതിയ ഏഴ് കവിതകൾ
................................
റാന്തല്‍
നിത്യം വിഷാദത്തില്‍ മാത്രം
വെട്ടം തെളിച്ചു ശീലിച്ച
റാന്തലി*നായതേക്കാളും
ആന്തലുണ്ടന്നാമുറിയില്‍...
എത്രയും വേഗത്തിലങ്ങ്
കെട്ടിരുളാനുള്ളൊരാശ
അത്രമേലുള്ളതുപോലെ.
മങ്ങിയിരുണ്ട മുറിയാ,-
ണേറെപ്പഴക്കവുമുണ്ട്.
വെട്ടമെല്ലാടവുമെത്താ-
നൊക്കും വിധമാണതിനെ
ഞാത്തിയിട്ടുള്ളതുമങ്ങ്.
എന്നിട്ടുമാമുറിക്കുള്ളി-
ലങ്ങിങ്ങിരുളലൊട്ടുണ്ട്.
കണ്ടിട്ടു,മായിടത്തേക്കാ-
രശ്മികള്‍ നീളുന്നതില്ല.
എന്നാല്‍ മുറിക്കകത്തുള്ള
സുപ്രധാനങ്ങളിലൊന്നു-
മെത്താതിരിക്കുന്നുമില്ല.
പോയറ**പാഞ്ഞ ചുവരും,
ആണിയിലേറിയ ക്ലോക്കും,-
(അന്നേരവും)അതില്‍ വ്യക്തം.
തൊട്ടടുത്താണിയിലേശു-
ക്രൂശിതനായ നിമിഷം.
വെട്ടമവയെത്തെളിക്കാ-
നൊട്ടുമുനിയുന്നമട്ടില്‍.
വ്യക്തമാക്കുന്നവയെല്ലാം
ദുഃഖ സമാനവുമാണ്.
തൊട്ടു ചുവട്ടില്‍ ഞരങ്ങും
ഭക്ഷണമേശയിലാണ്-
ശ്രദ്ധയാറാന്തലിനേറെ:
അഞ്ചുപേരുണ്ടതിന്‍ ചുറ്റും,
എന്നത്തെയുംപോലെയിന്നും-
ഉരുളക്കിഴങ്ങുകളന്നം...
നാലുമുഖവും പ്രകാശ-
വീചിയേറ്റേറെ സുവ്യക്തം.
ആയതിലുള്ളൊരാ ഖേദ-
ഭാവത്തിനേറെപ്പഴക്കം.
റാന്തലിനുമതു തിട്ടം.
എന്നിട്ടുമെന്താവിളക്കി-
നന്നിത്രത്തോളമൊരാധി?
അന്നംകഴിക്കാനവരില്‍
വിമ്മിട്ടമിന്നേറെയുണ്ടോ?
കാരണമോരുന്നതാമോ...?
അഞ്ചുപേരിലൊരാള്‍ കുഞ്ഞു
പെണ്‍കുട്ടിയാണവള്‍ മാത്രം
പിന്തിരിഞ്ഞാണ്....
മുഖത്തെ
ഭാവം വിളക്കിനേ കാണൂ...
വെട്ടമല്ലാതെ മറ്റാരു-
മുറ്റുനോക്കുന്നില്ലവളെ.
അബ്ഭാവമെന്നത്തേക്കാളും
സങ്കട പൂരിതമാണോ?
അപ്രതിബിംബം വിളക്കി-
ലപ്രകാരം കാണ്മതാമോ?
എത്രയും വേഗത്തിലങ്ങ്
കെട്ടിരുളാനുള്ളൊരാശ-
സ്പഷ്ട,മാ-
റാന്തലിനുണ്ട്...!
......................................
*വിന്‍സന്റ് വാന്‍ഗോഗിന്റെ പൊട്ടറ്റോ ഈറ്റേഴ്‌സ് എന്ന വിഖ്യാത ചിത്രത്തിലെ റാന്തല്‍.
**പോയറ-പുകക്കരി
വാക്കുല്‍സവത്തില്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ കവിതകളും കഥകളും ലേഖനങ്ങളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം