വാക്കുത്സവത്തിൽ ഇന്ന് ആദിൽ മഠത്തിൽ എഴുതിയ കവിതകൾ.
ഒട്ടുമടങ്ങിയിരിക്കാതെ കണ്ണില്‍ കണ്ട വാതിലുകളെല്ലാം വലിച്ചുതുറക്കുന്നൊരു കുട്ടി കവിതയുടെ രാവണന്‍ കോട്ടകളില്‍ ചെന്നുപെടുമ്പോള്‍ സംഭവിക്കുന്നതെന്തോ അതാണ് ആദില്‍ മഠത്തിലിന്റെ കവിതകള്‍. 'കുരുത്തംകെട്ടൊരു' കുട്ടിയുടെ അന്തംവിട്ട കൗതുകവും ഊര്‍ജവും. കവിതയുടെ കണ്ണട വെച്ച് പല ദിശകളിലേക്കുള്ള ഓട്ടങ്ങള്‍. എന്നാല്‍, അമ്പരപ്പിന്റെ കുഞ്ഞിക്കണ്ണുകള്‍ കൊണ്ടല്ല, ചരിത്രത്തിലേക്കും പാരമ്പര്യത്തിലേക്കും വേരാഴ്ത്തുന്ന സൂക്ഷ്മദൃഷ്ടിയും താളബോധവും പ്രായത്തെ അതിശയിപ്പിക്കുന്ന കാവ്യാവബോധവും കൊണ്ടാണ് ആദില്‍ സ്വയം പകര്‍ത്തുന്നത്. പലപ്പോഴും അതിവാചാലതയിലേക്കും സംഭാഷണപരതയിലേക്കും ക്രാഷ്‌ലാന്റ് ചെയ്യുന്ന സമകാലീന കവിതയുടെ വഴിയില്‍നിന്നും മുഖംതിരിഞ്ഞുനില്‍ക്കാന്‍, ഒരിടത്തും നില്‍പ്പുറക്കാതെ സന്ദേഹിയായി പാഞ്ഞുനടക്കാന്‍ ആദിലിന്റെ കവിതകള്‍ക്ക് കഴിയുന്നത് അതിനാലാണ്. സ്വയം പുതുക്കാനും സ്വന്തം വഴി കണ്ടെത്താനുമുള്ള ആ ധൃതിയാണ് പല രൂപഭാവങ്ങളിലേക്കും പല നിലയ്ക്കുള്ള ബോധ്യങ്ങളിലേക്കുമുള്ള ആദില്‍ കവിതകളുടെ സഞ്ചാരം സാദ്ധ്യമാക്കുന്നത്. ജീവിക്കുന്ന പ്രദേശവും മത-സാമുദായിക ജീവിതവും സംസ്‌കാരവും തനിമയും രുചിയുമെല്ലാം കൂസലില്ലാതെ അതില്‍ കടന്നുവരുന്നു. എന്നാല്‍, വാചാലതയല്ല, സൂക്ഷ്മതയാണതിന്റെ വഴി. ആവശ്യത്തിനേ ഉള്ളൂ, എഴുത്ത്. മൗലികവും പുതുമയുള്ളതുമായ ഇമേജറികളും നോട്ടപ്പാടുകളും രൂപപരമായ പരീക്ഷണങ്ങളും പുതിയ കാലത്തിലേക്ക് വിളക്കിച്ചേര്‍ത്ത താളങ്ങളും ആ കവിതകള്‍ക്കൊപ്പം നടക്കുന്നു. വൃത്തവും താളവും പാരമ്പര്യത്തിന്റെ ഊര്‍ജവുമൊക്കെ അടിനൂലായി കിടക്കുമ്പോഴും ഇക്കാലത്ത് ജീവിക്കുന്ന ചെറുപ്പക്കാരുടെ ഭാഷയും കുതൂഹലങ്ങളും ജീവിതവേഗങ്ങളും അതില്‍ തുളുമ്പുന്നു.
സ്വർഗ്ഗീയ ബാലൻ
പത്തു വയസ്സിനു മുന്നെ മരിക്കുവാൻ
ഒച്ചയടക്കി ഞാൻ പ്രാർത്ഥിച്ചിട്ടും
കുഞ്ഞുങ്ങളാശിച്ചാൽ തൽഫലം നൽകിടും
അള്ളാഹുവെന്നെ ഉപേക്ഷിച്ചല്ലോ.
സ്വർഗത്തിൻ മാലാഖമാരെത്തി റൂഹിനെ
സ്വർഗീയ പൂന്തോപ്പിലെത്തിച്ചേനെ
ഉമ്മയും വാപ്പയും എത്തുന്നതും കാത്ത്
പാൽപ്പുഴയോരത്തിളവേറ്റേനെ.
പത്തു വയസ്സു കഴിഞ്ഞവൻ ഞാനിനി
സ്വർഗ്ഗീയ ബാലനായ് തീരുകില്ല
അള്ളാവിൻ ഓമനക്കുഞ്ഞായ് മടിയിൽ -
ഞാൻ താരാട്ടും കേട്ടു മയങ്ങുകില്ല.
പത്തു വയസ്സു കഴിഞ്ഞവൻ ഞാനിനി
ശിക്ഷയും കാത്തു കഴിയുവോനായ്
എങ്കിലും എന്നുടെ ഉമ്മയ്ക്കു ഞാനെന്നും
വെല്ലം നുണയുന്ന കുട്ടിയല്ലോ!
ഉമ്മാന്റെ കാലിന്നടിയിലെ സ്വർഗത്തിൽ
ഞാനെന്നും സ്വർഗീയ ബാലനല്ലോ!!
നാരങ്ങാ സോഡ
ആണുങ്ങൾ മാത്രം കയറും തിയറ്ററിൻ
ചാരത്തു നിൽക്കുന്നു മാടക്കടയൊന്ന്.
ബീഡീം സിഗററ്റും വാങ്ങുവാനെത്തും
കുത്തുപടത്തിനു ടിക്കറ്റെടുക്കുവോർ.
മുത്തു പതിപ്പുകൾ മാലയായ് തൂക്കിയ
പീടികയ്ക്കുള്ളിലിരിക്കുന്നൊരിത്താത്ത.
മക്കനയിട്ടൊരു മാടപ്പിറവല്ലോ...
മാടക്കടയ്ക്കുള്ളിൽ വേവുന്നു പർദ്ദയിൽ.
ആ മുഖത്തില്ലെന്നാൽ യാതൊരു ഭാവവും
വേണ്ടതെടുത്ത് പൊതിഞ്ഞു നീട്ടുമ്പഴും.
കണ്ടതു കൊണ്ടതിൻ ഇണ്ടൽ സഹിക്കാതെ
മിണ്ടാനടുത്തു ഞാൻ ചോദിച്ചില്ലൊന്നുമേ.
ഒന്നും പറയാത്തൊരെന്നെ നോക്കീയവർ
എന്തു വേണം എന്നുറക്കനെ ചോദിച്ചു.
അപ്പോൾ ഒരുപ്പിട്ട നാരങ്ങാ സോഡയും
വാങ്ങിക്കുടിച്ചു ഞാൻ കീഞ്ഞേനവിടുന്ന് !