വണ്‍ ഷേഡ് ലൈറ്റര്‍, സീന ജോസഫ് എഴുതിയ കവിത

By Chilla Lit Space  |  First Published Mar 4, 2021, 6:24 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സീന ജോസഫ് എഴുതിയ കവിത


ചില്ല. വാക്കുല്‍സവത്തില്‍ പുതിയൊരു പംക്തി ആരംഭിക്കുന്നു. ചില്ലയിലേക്കുള്ള സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും. 

 

Latest Videos

 

വണ്‍ ഷേഡ് ലൈറ്റര്‍
 

അവളുടെ അമേരിക്കന്‍ ഡ്രീം!
അതായിരുന്നു, ആ കൊച്ചു ഗിഫ്റ്റ്  ഷോപ്പ്.
ലോക്ക്ഡൗണില്‍ തട്ടി, താളം തെറ്റും വരെ അവളത്
നന്നായിത്തന്നെ നടത്തിക്കൊണ്ടു പോയി.

ലോക്ക്ഡൗണില്‍  ഇളവു വന്നപ്പോള്‍
ഇരുള്‍ മേഘങ്ങള്‍ വഴിമാറിയെന്നവളോര്‍ത്തു
വീണു കിട്ടിയ തൊഴിലില്ലായ്മ വേതനത്തില്‍
അഭിരമിക്കുന്ന ജീവനക്കാര്‍ പക്ഷെ, തിരികെ വന്നില്ല!

അങ്ങനെ, ഏറെ ശ്രമങ്ങള്‍ക്ക്  ശേഷം അവള്‍
ആ കൊച്ചുമിടുക്കിയെ കണ്ടെത്തി, ഒരു കറുമ്പിക്കുട്ടി!

ഇന്ത്യന്‍ ഓണര്‍ഷിപ്പിന്റെ ബ്രൗണ്‍,
അന്നോളം വെള്ളക്കാരെ മാത്രം ജോലിക്കെടുത്ത്  
വെളുപ്പിച്ചവള്‍ പൊടുന്നനെ ചിന്താലീനയായി  
പുരികക്കൊടികള്‍ കണക്കുകള്‍ കൂട്ടി,
ചോദ്യചിഹ്നങ്ങള്‍ വരഞ്ഞു.

അപ്പോഴാണ്,
അമ്മയുടെ കാതുകള്‍ക്ക് തീരെ രുചിക്കാത്ത,
സ്‌പോട്ടിഫൈയുടെ ആരോഹണാവരോഹണങ്ങളില്‍
സദാ വ്യാപാരിക്കുന്നവന്‍, തല ചരിച്ച്,
ഏറ്റവും നിസ്സംഗമായ നോട്ടമെറിഞ്ഞ്,
ആ പ്രസ്താവന ഇറക്കിയത്
'അമ്മാ, ബ്രൗണ്‍ ഈസ് ഒണ്‍ലി വണ്‍ ഷേഡ് ലൈറ്റര്‍'!


Read more: കന്നീസാ പെരുന്നാളിന് സൈക്കിളില്‍, സുള്‍ഫിക്കര്‍ എഴുതിയ കവിത

click me!