വാക്കുല്‍സവത്തില്‍ ഇന്ന് ജിഷ കെ എഴുതിയ പ്രണയകവിതകള്‍
ഒറ്റയ്ക്കിരിക്കുമ്പോഴൊക്കെ പിറകിലേക്ക് കെട്ടഴിച്ചുവിടാറുള്ളൊരു ഭൂമിയുണ്ട്, ജിഷ കെയുടെ ഒരു കവിതയില്‍. അഴിച്ചെടുക്കാനാവാത്ത ഭ്രമണവളയങ്ങളുടെ പാടുകളിലൂടെ തന്നിലേക്ക് തന്നെയെത്തി കറങ്ങിക്കൊണ്ടേയിരിക്കുന്ന ഭൂമി. ജിഷയുടെ കവിതകളിലേക്കുള്ള സഞ്ചാരം സാദ്ധ്യമാക്കുന്ന ഒന്നാണ്, കെട്ടഴിച്ചുവിട്ടാലും തന്നിലേക്കുതന്നെ വന്ന് ഭ്രമണം ചെയ്യുന്ന ആ ഭൂമി. അതില്‍ രണ്ടുതരം സഞ്ചാരങ്ങളുണ്ട്. ഒന്ന്, ഉള്ളില്‍നിന്നും പുറത്തേക്കുള്ള സഞ്ചാരം. രണ്ട്, പുറത്തുനിന്നും ഉള്ളിലേക്കുള്ളത്. അവളവളിലേക്കുള്ള ഇത്തരം നിരന്തര യാത്രകളാണ് ജിഷയുടെ കവിതകളുടെ അടിവേരായി കിടക്കുന്നത്. എത്ര വലിച്ചെറിഞ്ഞാലും തിരിച്ചെത്തുന്ന ബൂമറാംങുകള്‍. അത് പ്രണയമാവാം, വിഷാദമാവാം, ആനന്ദമാവാം, കൊടുംവേദനയാവാം, ഉണങ്ങിയ മുറിവുകളുടെ നിസ്സംഗതയോ കാലടിക്കു കീഴില്‍ വിണ്ടുകീറാനിരിക്കുന്ന ശൂന്യതയോ ആവാം. ഒറ്റനോട്ടത്തിലിത് വൈയക്തിയുടെ ഉല്‍സവപ്പറമ്പാണെന്നുതോന്നാം. എന്നാല്‍, അവിടെത്തീരുന്നില്ല, ആ കവിതകളുടെ ആന്തരിക ലോകങ്ങള്‍. നാം ജീവിക്കുന്ന ജീവിതങ്ങേളാടും കാലത്തോടുമുള്ള സൂക്ഷ്മമായ സംവേദനങ്ങള്‍ അവയുടെ അന്തര്‍ധാരയായി ഒച്ചയറ്റ് ഒഴുകുന്നുണ്ട്. അവ ആവിഷ്‌കരിക്കാനുള്ള മാധ്യമമായാണ് ജിഷ പലപ്പോഴും ശരീരം, മനസ്സ് എന്നീ സാദ്ധ്യതകളെ ഉപയോഗിക്കുന്നത്. തന്നിലൂടെതന്നെ പുറം ലോകത്തെ പ്രതിഫലിപ്പിക്കല്‍. വിളക്കിച്ചേര്‍ക്കുക എളുപ്പമല്ലാത്ത പ്രയോഗങ്ങളിലൂടെയും ദൃശ്യപരതയില്‍ ചെന്നുതൊടുന്ന ഇമേജറികളിലൂടെയും കടലിളക്കങ്ങള്‍ ഒളിപ്പിച്ചുവെച്ച വാക്കൊഴുക്കിലൂടെയും ആ അനുഭവം ആഴത്തില്‍ പതിയുന്നുണ്ട്, ജിഷയുടെ കവിതകളില്‍.
1
വന്നു കയറിയ ഒരാളുടെ വാചാലതയല്ല
പോയൊരാളുടെ ഉള്ളു കീറിയ നിശബ്ദതയാണ്
പ്രണയമേ നിന്നെ ഞാന്‍ എന്ത് ചെയ്വൂ
എന്ന് സ്വയം ചോദിക്കുന്നത്
*
നൂറ്റിയൊന്നാം തവണയും ആത്മഹത്യ ചെയ്തു
നിന്നെ നോക്കി നിന്നതിനാലാവാം
കെട്ടു മുറുകാതെ
മരണം അഴിഞ്ഞു താഴേക്ക് വീണത്
*
തിരസ്‌കൃതരുടെ സെമിത്തേരിയും ..
മരണത്തിന്റെ പുറമ്പോക്കില്‍..
വയലറ്റ് നിറമുള്ള അവരുടെ പ്രണയം
ശവം നാറിപ്പൂക്കള്‍...
*
മറന്നു വെച്ചു
നിന്റെ അകമുറികളില്‍ എവിടെയോ
ഉറക്കമെന്ന എന്റെ വില കുറഞ്ഞ രാത്രിയുടുപ്പ്
എടുത്തു കളയും മുന്‍പേ
നിന്റെ വിരലുകളതില്‍ നിന്നും
സ്വതന്ത്രമാക്കി വിടൂ..
2
അധിക്ഷേപം സമാനതകള്‍ കൊണ്ട് പുതുക്കപ്പെട്ട
പഴകിയ പണ്ടത്തെ ആ വീഞ്ഞ് ഭരണി തന്നെയാണ്.
ഒരു തുള്ളി വീര്യം
ഓരോരുത്തരും അനുഭവിക്കുന്ന നേരത്ത്
അധികം പകര്‍ന്നു വെയ്ക്കുന്നു.
ഉള്ളിലെ തേനീച്ചക്കൂടുകളെ
ഒരു മുന്നറിയിപ്പു പോലുമില്ലാതെ
അത് എറിഞ്ഞു വീഴ്ത്തും.
പെരും കടന്നലുകളുടെ കുത്തേറ്റു കഴിഞ്ഞും
ദേഹമാസകലം അത് പെരുകിപ്പറക്കും.
കൊടും വേദനയില്‍
നിത്യവും പുകഞ്ഞു കൊണ്ടേയിരിക്കുന്ന
മനസ്സില്‍ നീല കൂര്‍പ്പിക്കും അതിന്റെ അമ്പുകള്‍
ചെവിക്കിരുവശവും തീക്കാടുകള്‍ പടര്‍ന്നു പിടിക്കും
അവസാന തൂവല്‍ക്കനവും
അതില്‍ നനഞ്ഞു കത്തും
ആളിപ്പടരുന്ന ആന്തലുകളില്‍
ആമാശയങ്ങള്‍
അഗ്‌നിദ്രവങ്ങള്‍ സ്രവിക്കും
അമ്ല നദികള്‍ ചാവ് കടലെന്ന വിധം
ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്ത
ഒരു മരണത്തിലേക്ക് ഗതി മാറി ഒഴുകും
ഉപ്പു ചോര്‍ന്നു പോയ ഒരു കടല്‍
മുറിവുകള്‍ കെട്ടി നീല തീണ്ടിക്കിടക്കും
അകലെ എവിടെയോ ആകാശം മറന്നു വെച്ച
ഒരു മേഘത്തെ
ഭൂമിയില്‍ പതിക്കുന്ന
അതിന്റെ ഇരുണ്ട വിയര്‍പ്പ് മണികളെ
കാറ്റിന്റെ ഇല്ലാത്ത സാന്നിധ്യത്തില്‍
വിറയല്‍ എന്ന വിധം
ദുരൂഹമായ് മിന്നല്‍പ്പിണരുകള്‍
പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയെന്നിരിക്കും
അത് കൊണ്ട് തന്നെയല്ലേ
ആത്മാവിന്റെ ബലിച്ചോറുണ്ണുന്ന
കറുത്ത കാക്കയെ വളര്‍ത്താന്‍
കവിതയില്‍ ചില്ലകളും ശാഖികളും നിറയുന്ന
ഒരു മരത്തിന്റെ ഉടല്‍ ഞാന്‍ വളര്‍ത്തുന്നത്
എള്ള് കിഴികള്‍ കത്തിക്കുന്ന ഗന്ധം ചുമക്കുന്നത്
ചതുപ്പുകളുടെ കുഴഞ്ഞൊട്ടുന്ന പശകളില്‍
കൈവിരല്‍ മുക്കി വെയ്ക്കുന്നത്
നഗ്‌നമായ കാലുകള്‍ക്കൊപ്പം
മുള്ളുകള്‍ വിരിയുന്ന വഴികള്‍
നിറച്ചു വെയ്ക്കുന്നത്
അധിക്ഷേപം ഉമിത്തീയിലേക്ക് എടുത്തു കിടത്തിയ
തീനാമ്പുകള്‍ തന്നെ,
ഉടല്‍ ആരുടേതായാലും.
3
ഭയപ്പെടുന്നുണ്ട് ഞാന്‍
നീയെന്റെ വിജനതകളെ തിരിച്ചു വിളിച്ചേക്കുമോ എന്ന്
എന്റെ നിശ്ശബ്ദ സഞ്ചാരങ്ങളെ പെട്ടെന്ന്
ഒരു ദിവസം തിരികെ വേണമെന്ന്
ആവശ്യപ്പെട്ടേക്കുമോ എന്ന്.
നീയിപ്പോള്‍ ധൃതിയുടെ കളിമണ്‍ കുഴയില്‍
പശ പോലെ പറ്റി പിടിച്ചിരിക്കുകയല്ലേ
നിന്റെ കൈവിരലുകള്‍ നിറയെ
തിരക്കിന്റെ കൊത്തു പണികള്‍ അല്ലേ
ഭയപ്പെടുന്നുണ്ട് ഞാന്‍
നിന്നിലേക്ക് ഒറ്റയ്ക്ക് ഞാന്‍ നടന്ന ദൂരങ്ങള്‍ അത്രയും
നീയൊരൊറ്റ നിമിഷം കൊണ്ട്
നിന്റേതാക്കി കളയുമോയെന്നോര്‍ത്ത്
എന്റെ തിരകള്‍ക്ക് മീതെ
ഒരു ദിനം നീ കുറുകെ നടന്നേക്കുമോ എന്നോര്‍ത്ത്
പൊട്ടിക്കീറിയ എന്റെ വലക്കണ്ണികളില്‍
നീ ഒരു കടല്‍ നിറയെ മീനുകള്‍ നിറച്ചേക്കുമോ എന്നോര്‍ത്ത്
നീയിപ്പോള്‍ സത്കാരങ്ങളില്‍ ക്ഷണിക്കപ്പെട്ടവനല്ലേ
നിന്റെ വിരല്‍ തുമ്പുകള്‍ അപ്പവും
കൈഞരമ്പുകള്‍ വീഞ്ഞുമായി
പാകപ്പെട്ടു കൊണ്ടിരിക്കുകയല്ലേ..
ഇതാ
വീണ്ടും വീണ്ടും ഞാന്‍ ഭയപ്പെട്ടു കൊണ്ടേയിരിക്കുന്നു..
എന്റെ തിരസ്‌കാരങ്ങളെ
എന്റെ പൊട്ടിപ്പോയ ചവിട്ടു പലകകളെ
എന്റെ നഗ്‌നമായ പാദങ്ങളെ
എന്റെ മാത്രം ഇരുട്ടിനെ
നീ ഒട്ടും പ്രതീക്ഷിക്കാത്തൊരു നാളില്‍
കുടഞ്ഞു കളഞ്ഞേക്കുമോ?
എന്റെ ലഹരിയാവുന്ന വിഷാദത്തെ
നീ തട്ടിയുടച്ചേക്കുമോ?
നീയിപ്പോള്‍ ആള്‍ക്കൂട്ടനടുവില്‍
സുവിശേഷങ്ങള്‍ പറഞ്ഞു തുടങ്ങുകയല്ലേ
ഓരോ വചനവും നിന്റെ
ദൈവ രാജ്യത്തിന്റെ വാഗ്ദാനങ്ങളല്ലേ
ഭയപ്പെടുന്നുണ്ട്
ഞാന്‍...
എന്റെ ചുവടുകള്‍ ഓരോന്നും നീയഴിച്ചെടുത്ത്
എന്റെ കാഴ്ചകളെ തല കീഴാക്കി
എന്റെ വാക്കുകളെ പിളര്‍ന്നു
എന്റെ കേള്‍വിക്ക് ശബ്ദത്തിന്റെ നൂല് കെട്ടി
എന്റെ ഓരോ ഗന്ധത്തെയും പിരിച്ചെഴുതി
എന്റെ സ്പര്‍ശനങ്ങളെയെല്ലാം
ചൂണ്ടു വിരലില്‍ പൊതിഞ്ഞ്
നീയെന്നെ വീണ്ടും മനുഷ്യനാക്കുമോ എന്നോര്‍ത്ത്
ദൈവമേ,
നിന്നെയെന്റെ പേരില്‍ നിന്നൊന്ന്
അഴിച്ചു നോക്കാമോ?
നീയെന്നോട് കൂടെ എപ്പോഴുമെപ്പോഴുമെന്നു
പറഞ്ഞു പേടിപ്പിക്കാതിരിക്കുമോ
4.
ദുഖം അളക്കാനുള്ള തൂക്കുകട്ട ആവുന്നു ദൈവം
തുലാസില്‍ വിശ്വാസത്തിന്റെ ഭാരം
അളന്നും കുറച്ചും കൃത്യതപ്പെടുത്തുന്നു
ജീവിതം എന്ന കച്ചവടക്കാരന്‍.
അധികമായി സമാഹരിച്ചു വെയ്ക്കുന്ന വേദനകളുടെ
പൂഴ്ത്തിവെയ്പ്പുകളാവുന്നു കവിതകള്‍
വിലക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതിനു മുന്നേ
എഴുതി മുഴുമിപ്പിക്കേണ്ടതുണ്ട്.
അധിക വിലയില്‍ പട്ടികപ്പെടുത്തി
വില്പന നടത്തിയേക്കും
ഏതോ ഒരു ഏകാധിപതി
ദൈവമെന്നോ ചെകുത്താനെന്നോ
ആളുകള്‍ വിശ്വസിച്ചു തുടങ്ങുമായിരിക്കും
ഈ നിമിഷം ഞാന്‍ എന്റെ കവിതയെ
വിലക്കുറവുള്ള
ഒരു തെരുവ് ചന്തയില്‍
കണ്ടു മുട്ടുന്നു
അവിടെ
വേദനകളുടെ നിറക്കൂട്ടുകളില്‍
അനേകം
ദൈവ വിഗ്രഹങ്ങളും വില്‍ക്കപ്പെടുന്നുണ്ട്.
എനിക്ക് വെറുമൊരു തുലാസിന്റെ ആട്ടം മാത്രമായാല്‍ മതി
എന്ന്
ഒരു തലക്കെട്ട്
ഞാന്‍ അതിന് നല്‍കുന്നു.
കടുത്ത വെയിലില്‍
വേദനയുടെ മേല്‍ചായങ്ങള്‍
എന്നില്‍ നിന്നു പതിയെ ഇളകി വീഴുന്നു
ദൈവത്തെയോ
ചെകുത്താനെയോ എന്നറിയില്ല
വിഗ്രഹങ്ങള്‍ക്ക് എന്റെ നിഴലിന്റെ തണുപ്പ്
ഒഴിച്ച് കൊടുക്കുകയാണ് ഞാന്‍.
5
ഇനിയും നീ എന്നെ ഉപേക്ഷിച്ചു കളയാനായി
ആ പുഴ നീന്തികടക്കും..
വിരലുകളില്‍ പൂച്ച നഖങ്ങള്‍ തെറുത്തു കയറ്റി
നിനക്ക് മുന്‍പേ തന്നെ ഒഴുക്കുകള്‍
ചാക്ക് കെട്ടുകളില്‍ വന്നൊളിച്ചു കിടക്കും.
എന്റെ മൂക്കുത്തിയിലെ മൂന്നാം കല്ലിന്റെ വെളിച്ചത്തില്‍
കാലുകള്‍ നനയാതെ
നീ അക്കരെയ്ക്ക് കടത്തുള്ള
ഒരു തോണിക്കാരന്റെ കൂക്കി വിളിയിലേക്ക്
കണ്ണടച്ചു ചെന്ന് കയറിയിരിക്കും..
മേല്‍മീശയോളം നിലാവ് ഇറ്റി വീണതൊക്കെ ഒരു പരിഭ്രമത്തോടെ
നീ ചുണ്ട് തുവര്‍ത്തിയെടുക്കും
എന്തോ ഓര്‍ത്തിട്ടെന്ന പോലെ
കരയിലേക്ക് ഒന്നോടികയറുന്ന
നിന്നിലേക്ക്
അഴിച്ചു വെച്ച ഹൃദയത്തിന്റെ അത്തിമധുരം ഞാന്‍ കൈ മാറുന്നു
കണ്ണടച്ചു
നിലാവിനെ ഒരു കയ്യകലം
മാറ്റി നിര്‍ത്തി
നീ പുഴയ്ക്ക് അക്കരെയുള്ള എന്റെ തന്നെ പൂച്ചക്കുട്ടിയാവുന്നു.
പല വട്ടം നീന്തിക്കടന്ന പുഴയെ
കഴുത്തിനു പിടിച്ച്
രണ്ടു കരകള്‍ക്കുമിടയില്‍
കെട്ടിയിട്ട് കളയുകയാണ്
നമ്മള്‍ രണ്ടു പേരും.
ഉപേക്ഷിച്ചു കളയുക
എന്നാല്‍
തിരിഞ്ഞു നോട്ടങ്ങളില്‍
ഒരു പുല്‍ച്ചാടിപ്പാടം വിതയ്ക്കുക
എന്നല്ലാതെ മറ്റെന്താണ്?