ഒരുപാട് എഴുതിയ കാലമുണ്ട്. ആ സമയത്ത് സാഹിത്യം എനിക്കൊരു ജ്വരമായിരുന്നു. കിടക്കപ്പൊറുതി ഇല്ല എന്ന് പറയുന്നതുപോലെ. ഉറങ്ങാൻ വയ്യ. കിടന്നാലും എഴുന്നേൽക്കണം, എഴുതണം, അത് തീർക്കണം എന്ന് മാത്രമാണ്. ദേഹത്തിന് ക്ഷീണം പറ്റണതിന് മുമ്പ് ഞാൻ സാഹിത്യരചന നടത്തും എന്ന് ആ സമയത്ത് ഞാൻ പറയുമായിരുന്നു. കാരണം, ദേഹം നശ്വരമല്ല. അതിന് ക്ഷീണം തട്ടിത്തുടങ്ങിയാൽ പിന്നെ ചിന്തകൾക്കും ക്ഷീണം പറ്റും.
മാധവിക്കുട്ടിക്ക് എല്ലാ കാര്യങ്ങളിലും സ്വന്തമായ കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളുമായിരുന്നു. അതിൽ പലതും വൈകാരികം എന്ന് തോന്നിക്കുന്നവയായിരുന്നു. എല്ലാം കാലത്തും എഴുത്തിലായാലും ജീവിതത്തിലായാലും വീക്ഷണങ്ങളുടെ കാര്യത്തിലായാലും അവർ അവരുടേതായ രീതി സ്വീകരിച്ചു. ഇന്ന് അവരുടെ ചരമദിനമാണ് (Madhavikutty death anniversary 2022). കമല സുരയ്യ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ നിന്നും ചില ഭാഗങ്ങൾ.
മനോമി എന്ന നോവലിനെ കുറിച്ചും ശ്രീലങ്കയിലെ അന്നത്തെ പ്രശ്നങ്ങളെ കുറിച്ചും. ഒരു സിംഹളപ്പെൺകുട്ടിയാണ്
നോവലിലെ നായിക.
ഞാൻ എന്റെ ഭർത്താവിന്റെ കൂടെ ലങ്കയിലുണ്ടായിരുന്നു. 83 -ലാണ് മടങ്ങിയെത്തിയത്. അന്ന് യുദ്ധം കണ്ണുകൊണ്ട് കാണേണ്ടി വന്നു. ഒരു ഭീകരാവസ്ഥ. അന്നത്തെ അന്തരീക്ഷം ഒരുമാതിരി എല്ലാവരേയും പേടിപ്പിച്ചു. ഭാരതീയരെ പ്രത്യേകിച്ച്. എനിക്ക് തമിഴരെയും അറിയാം. സിംഹളക്കാരെയും അറിയാം. കാരണം, എന്റെ വീട്ടിൽ രണ്ടാഴ്ച കൂടുമ്പോൾ എഴുത്തുകാരും ചിന്തകരും ഒരു മീറ്റിംഗ് നടത്താറുണ്ടായിരുന്നു. പുൽത്തകിടിയിൽ വച്ച്. അന്നാണ് ഇവരുടെയൊക്കെ അഭിപ്രായങ്ങൾ എന്താണെന്ന് മനസിലാക്കാൻ സാധിച്ചത്. പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാരായ ഞങ്ങളെ സിംഹളക്കാർ വാസ്തവത്തിൽ ഇഷ്ടപ്പെടുമായിരുന്നില്ല. പക്ഷേ, അവർ ഇന്ത്യക്കാരിൽ നിന്നും സ്നേഹം സമ്പാദിക്കുവാൻ ഞങ്ങൾ ജാഗ്രതയോടെ പരിശ്രമിച്ചിരുന്നു. സ്നേഹത്തെയും സമാധാനത്തെയും കുറിച്ച് പ്രസംഗിച്ചു. അതുകൊണ്ടാവാം എനിക്ക് ശ്രീലങ്കൻ പ്രശ്നം ഒരു വൈകാരികപ്രശ്നം ആയി കാണാൻ സാധിച്ചത്. ചുറ്റും മരണം നടക്കുമ്പോഴും വെന്ത മാംസത്തിന്റെ ഗന്ധം പരക്കുമ്പോഴും എന്റെ മനസിൽ ഒരു ഗദ്ഗദമുണ്ടായിരുന്നു. രണ്ട് കൂട്ടരേയും സ്നേഹിച്ച ഒരു വ്യക്തി എന്ന നിലയ്ക്ക്. അതാണ് മനോമിയുടെ ഉത്ഭവം.
സാഹിത്യം എനിക്കൊരു ജ്വരമായിത്തീർന്നു... തുടരെ തുടരെ കഥകളെഴുതിയ കാലത്തെ കുറിച്ച്
ഒരുപാട് എഴുതിയ കാലമുണ്ട്. ആ സമയത്ത് സാഹിത്യം എനിക്കൊരു ജ്വരമായിരുന്നു. കിടക്കപ്പൊറുതി ഇല്ല എന്ന് പറയുന്നതുപോലെ. ഉറങ്ങാൻ വയ്യ. കിടന്നാലും എഴുന്നേൽക്കണം, എഴുതണം, അത് തീർക്കണം എന്ന് മാത്രമാണ്. ദേഹത്തിന് ക്ഷീണം പറ്റണതിന് മുമ്പ് ഞാൻ സാഹിത്യരചന നടത്തും എന്ന് ആ സമയത്ത് ഞാൻ പറയുമായിരുന്നു. കാരണം, ദേഹം നശ്വരമല്ല. അതിന് ക്ഷീണം തട്ടിത്തുടങ്ങിയാൽ പിന്നെ ചിന്തകൾക്കും ക്ഷീണം പറ്റും. അതുകൊണ്ട് ഇപ്പോ എഴുതാനുള്ളതൊക്കെ എഴുതണം. തേൻ കുടിക്കാനുള്ളതൊക്കെ ഇപ്പോ വനത്തിന്റെ അകത്ത് ചെന്ന് കുടിക്കണം. പിന്നീട് നടക്കാൻ വയ്യാതെയാവും. വനത്തിലേക്ക് എടുത്തുകൊണ്ടുപോകേണ്ടി വരും. അതുകൊണ്ട് ആ സമയത്ത് ഒരുപാട് എഴുതി.
സാഹിത്യം ചമയ്ക്കുന്ന സമയത്ത് നാം ജീവിക്കുന്നില്ല
എഴുത്തുകാരികൾക്ക് ഒരു തുടർച്ചയുണ്ട്. ഞാനെഴുതിയത് അപൂർണമാണ് എന്നാലും ആരെങ്കിലും അത് പൂർത്തിയാക്കും. ഒരുപാട് എഴുതിക്കഴിഞ്ഞു. ഇപ്പോൾ ഓണം വിശേഷാൽപ്രതിയിലെഴുതാൻ പറഞ്ഞാലൊക്കെ ഞാൻ പറയാറുണ്ട്. ഒരുപാട് എഴുതിയതാണ്. ഇനി എഴുതാൻ ഒന്നും ബാക്കിയില്ല. എഴുതി തീർന്നു, ഇനി ഞാൻ ജീവിക്കട്ടെ എന്ന്. ശരിക്കും എഴുതുന്ന സമയത്ത് നാം ജീവിക്കുന്നില്ല. ആ സമയത്ത് നാം സങ്കൽപിക്കുകയാണ്. രചന നടത്തുന്ന സമയത്ത് നാം ജീവിക്കുന്നില്ല എന്ന് ഞാൻ തീർത്ത് പറയാം. ജീവിച്ച് തുടങ്ങിയാൽ പിന്നെ എഴുതണം എന്ന ആവശ്യവും തോന്നാറില്ല. സമാധാനമുണ്ട്.
മതങ്ങളെ എങ്ങനെ കാണുന്നു?
എല്ലാ മതങ്ങളെയും ഒന്ന് കുളിപ്പിക്കേണ്ടുന്ന കാലമെത്തി. തീർത്ഥത്തിൽ മുക്കി വൃത്തിയാക്കി പുറത്തേക്കെടുക്കേണ്ട കാലം. കുട്ടികൾ കുറേ കളിച്ചു വന്നാൽ അവരെ കുളിപ്പിക്കില്ലേ, അതുമാതിരി എല്ലാ മതങ്ങളെയും കുളിപ്പിച്ചെടുക്കേണ്ടതുണ്ട്. മതങ്ങളെ പറ്റി ആളുകൾക്ക് വിദ്വേഷം വരികയാണ്. അത് വൃത്തിയാക്കാൻ ആരുമില്ല.
മതങ്ങൾ മാത്രമല്ല രാഷ്ട്രസംഹിതകളടക്കം എല്ലാത്തിലും ഒരു മാറ്റം വരും. അത് അനിവാര്യമാണ്. അത് കാലഹരണപ്പെടുന്ന ഒരു തീയതിയുണ്ടാവും. പിന്നെയും അതേ സാധനം കൊണ്ടുനടക്കുക വിഷമമാണ്. കാലഹരണപ്പെട്ട സംഹിതകൾ ഉപേക്ഷിക്കാനുള്ള ധൈര്യം വേണം.
അഭിമുഖം പൂർണമായും കാണാം: