ഞാനൊരാളെ സ്നേഹിക്കുന്നു എന്ന് പറയുമ്പോള്‍ സദാചാരമില്ല എന്ന് പറയും. സ്നേഹിക്കാനും എല്ലാവരെയും ഉള്‍ക്കൊള്ളാനുമുള്ള കഴിവാണ് നാം വര്‍ധിപ്പിക്കേണ്ടത്. ആണായാലും പെണ്ണായാലും മൃഗങ്ങളായാലും അവര്‍ക്കൊക്കെ നമ്മുടെ ഹൃദയത്തില്‍ ഒരു സ്ഥലം കൊടുക്കണം.
എക്കാലവും മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയാണ് മാധവിക്കുട്ടി. എഴുത്തിൽ ഇത്രയേറെ ധൈര്യം കാണിച്ചൊരു സാഹിത്യകാരി മലയാളത്തിലുണ്ടാകില്ല. അതുകൊണ്ടാവാം, മരണംവരെ വിമർശനങ്ങളും അവർക്ക് കൂട്ടിനുണ്ടായി. ഇന്ന് മാധവിക്കുട്ടിയെന്ന കമലാ സുരയ്യയുടെ ചരമദിന(Madhavikutty death anniversary 2022)മാണ്. അവർ ഓർമ്മയിലേക്ക് മറഞ്ഞ ദിവസം.
1994 -ല്‍ ഗള്‍ഫില്‍വെച്ച് എവിഎം ഉണ്ണി മാധവിക്കുട്ടിയുമായി നടത്തിയ അപൂർവമായ അഭിമുഖത്തിൽ നിന്നും ചില ഭാഗങ്ങൾ. 'എവിഎം ഉണ്ണി ആർക്കൈവ്‍സ്' എന്ന യൂട്യൂബ് ചാനലാണ് ഇത് റിലീസ് ചെയ്തത്.
എഴുത്തിലെ ലൈംഗികത പറഞ്ഞുകൊണ്ട് എങ്ങനെയാണ് താൻ നിരന്തരം അക്രമിക്കപ്പെടുന്നത് എന്നതിനെ കുറിച്ച് മാധവിക്കുട്ടി അഭിമുഖത്തിൽ പ്രതികരിക്കുകയുണ്ടായി.
''1600 കഥ എഴുതിയിട്ടുണ്ടെങ്കില്‍ അതില്‍ പത്തെണ്ണത്തില്‍ കുറച്ച് സെക്സ് ഉണ്ടായിരിക്കും. അതുകൊണ്ട്, അതിങ്ങനെ പറഞ്ഞിട്ട് നിങ്ങളുടെ കഥകളില്‍ ലൈംഗികതയുടെ അതിപ്രസരമുണ്ട് എന്നൊക്കെ പറഞ്ഞിട്ട് തല്ലുകൂടാന്‍ വരും ആളുകൾ. അതെനിക്ക് അത്ഭുതമുണ്ട്. ജീവിതത്തിലെ എല്ലാം എഴുതുന്നൊരാളാണ്. ഇത് മാത്രമല്ല എഴുതിയിട്ടുള്ളത്. എത്രകാലം കഴിഞ്ഞിട്ടും അതിങ്ങനെ പറഞ്ഞോണ്ട് നടക്കുമ്പോ എനിക്ക് വിഷമമുണ്ട്. അതോണ്ടാണ് ചാന്‍സ് കിട്ടുമ്പോഴൊക്കെ ഞാന്‍ വിദേശത്തേക്ക് ഓടി രക്ഷപ്പെടുന്നത്. അവിടെ വിമര്‍ശനമില്ലല്ലോ.''
ജീവിക്കൂ, അനുഭവിക്കൂ, എഴുതൂ എന്നും മാധവിക്കുട്ടി എഴുത്തുകാരോട് പറയുന്നു: കടം വാങ്ങിയ അനുഭവങ്ങളെ പറ്റി എഴുതിയിട്ട് സാഹിത്യ രചന നടത്താന്‍ പറ്റില്ല. ജീവിക്കൂ, അനുഭവിക്കൂ, എഴുതൂ എന്നാണ് പുതുതലമുറയോട് പറയാനുള്ളത്. അവനവന്‍റെ പ്രതിച്ഛായ നന്നാക്കാന്‍ ശ്രമിച്ചിട്ട് മലയാള സാഹിത്യത്തിന്‍റെ പ്രതിച്ഛായ നശിപ്പിക്കരുത്.
എഴുത്തുകാരെക്കുറിച്ച് മാധവിക്കുട്ടിക്ക് പറയാനുള്ളത് ഇതാണ്.
എഴുത്തുകാർ സാധാരണക്കാരല്ല, അവരെ സാധാരണക്കാരെ അളക്കുന്ന അളവുകോൽ വച്ച് അളക്കരുത് എന്നാണ് അവർക്ക് സമൂഹത്തോട് പറയാനുള്ളത്: ടാലന്‍റഡായിട്ടുള്ള ആളുകളെ ബാക്കിയുള്ളവരെ വച്ച് നോക്കുന്ന അളവുകോല് വച്ച് നോക്കരുത്. ചങ്ങമ്പുഴ കള്ള് കുടിച്ചു എന്നൊക്കെ പറയുന്നു. എന്നാല്‍, എഴുത്തില്‍ അദ്ദേഹം ജീനിയസായിരുന്നു. ടാലന്‍റ് തന്നെ ഒരു അബ്‍നോര്‍മാലിറ്റി ആണ്. അവിടെ നിങ്ങളുടെ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് അളക്കരുത്. എഴുത്തുകാരെ അളക്കാന്‍ വേറെ തന്നെ അളവുകോല്‍ വേണം. ഭാര്യ അല്ലാത്ത ഒരു സ്ത്രീയെ ചങ്ങമ്പുഴ സ്നേഹിച്ചു. അത് തെറ്റാണ് എന്ന് എങ്ങനെയാണ് പറയുക? സ്നേഹിക്കാനുള്ള കഴിവ് കവികള്‍ക്കുള്ളതല്ലേ. സ്നേഹിക്കുകയല്ലേ ചെയ്തുള്ളൂ, വെറുത്തില്ലല്ലോ.
സ്നേഹത്തെ കുറിച്ച് എക്കാലവും മാധവിക്കുട്ടി എഴുതിയിട്ടുണ്ട്. ഒരുപക്ഷേ, സ്നേഹത്തെ കുറിച്ച് ഇത്രയേറെ എഴുതിയ സാഹിത്യകാരി മലയാളത്തിലുണ്ടാകുമോ എന്നത് തന്നെ സംശയമാണ്.
ഞാനൊരാളെ സ്നേഹിക്കുന്നു എന്ന് പറയുമ്പോള്‍ സദാചാരമില്ല എന്ന് പറയും. സ്നേഹിക്കാനും എല്ലാവരെയും ഉള്‍ക്കൊള്ളാനുമുള്ള കഴിവാണ് നാം വര്‍ധിപ്പിക്കേണ്ടത്. ആണായാലും പെണ്ണായാലും മൃഗങ്ങളായാലും അവര്‍ക്കൊക്കെ നമ്മുടെ ഹൃദയത്തില്‍ ഒരു സ്ഥലം കൊടുക്കണം.
വിദേശത്ത് തന്നെയൊരിക്കലും തെറ്റിദ്ധരിച്ചിട്ടില്ല എന്നും ചീത്ത സ്ത്രീ ആയി കണ്ടിട്ടില്ല എന്നും മാധവിക്കുട്ടി അഭിമുഖത്തിൽ പറയുന്നുണ്ട്. ധൈര്യമുള്ള എഴുത്തുകാരെയാണ് യുവാക്കൾ പിന്തുടരുക എന്നും അവർ ഓർമ്മിപ്പിക്കുന്നു.
അഭിമുഖം കാണാം:
(കടപ്പാട്: AVM Unni Archives)