'ലോകത്തില്‍ ഒരു സ്ത്രീയും ഒരു പുരുഷനെയും ഇങ്ങനെ ആലിംഗനം ചെയ്തിരിക്കില്ല'

By Vaakkulsavam Literary Fest  |  First Published Feb 14, 2020, 12:33 PM IST

പ്രായവും രോഗവും കെടുത്താത്ത പ്രണയങ്ങള്‍. സാറാ ജോസഫ്, എം ടി വാസുദേവന്‍ നായര്‍, ടി പത്മനാഭന്‍, കെ. ആര്‍ മീര എന്നിവരുടെ സൃഷ്ടികളിലൂടെ ഒരു യാത്ര. സ്മിത മീനാക്ഷി എഴുതുന്നു


ജീവിതത്തിന്റെ ഒഴുക്കില്‍ ഏറെദൂരം കടന്നുപോയതിനുശേഷം വൈകിയ വേളയില്‍ (ലും) പ്രണയസ്പര്‍ശമനുഭവിക്കുന്ന  ചില മനോഹര കഥാപാത്രങ്ങളെ നമ്മുടെ ഭാഷാസാഹിത്യം കാണിച്ചു തന്നിട്ടുണ്ട്. അത്തരം ചില കഥകളിലേയ്ക്ക് ഒന്നു കടന്നു നോക്കിയാല്‍, അവയില്‍ കൊഴിഞ്ഞുകിടക്കുന്ന പൂക്കളിലെ ഇനിയും വാടാത്ത പൂമ്പൊടി നമ്മുടെ കൈവിരലുകളില്‍ പതിയുക തന്നെ ചെയ്യും.

 

Latest Videos

 


നിനച്ചിരിക്കാത്ത നേരങ്ങളിലെപ്പൊഴോ ആകാശച്ചെരിവില്‍ വിടരാവുന്ന മഴവില്ലാണ് പ്രണയം, ഒരു ജലകണികയിലൂടൊരു വെയില്‍ച്ചീളൂ നൂണിറങ്ങുമ്പോള്‍ വിടരുന്നത്. ആ മഴവില്ലു കണ്‍ തുറക്കുമ്പോഴാണു പാറയിടുക്കുകളില്‍ നിന്നുപോലും പൂച്ചെടികള്‍ ഇലനാമ്പു നീട്ടിച്ചിരിക്കുന്നത്, തരിശുഭൂമിയും പൂപ്പാടമാകുന്നത്, ഉണങ്ങിയുറങ്ങുന്നൊരൊറ്റ മരത്തിന്റെ കൊമ്പ് ഞെട്ടിത്തരിച്ച് തളിര്‍ത്തു പൂക്കുന്നത്, ആകാശവും ഭൂമിയും പൂക്കളാല്‍ മൂടുന്നത്. ഒഴുകിനീങ്ങുന്ന ജീവിതങ്ങളിലേയ്ക്ക് ആ  പൂക്കള്‍ കൊഴിഞ്ഞു വീഴും.  അത് ചിലരുടെ നെറുകയിലാകാം, ചിലരുടെ കൈക്കുമ്പിളിലാകാം, എന്തൊരത്ഭുതമെന്ന് മുഖമുയര്‍ത്തുന്നവരുടെ വിടര്‍ന്ന കണ്ണുകളിലേയ്ക്കുമാകാം.  യുദ്ധമുഖത്തേയ്ക്കു പോകുന്നവരെന്നോ പുറപ്പെടാനൊരുങ്ങി തുറമുഖത്തു നില്‍ക്കുന്ന കപ്പലില്‍ നാടുവിടാനായി  പായുന്നവരെന്നോ അതിനു വിവേചനങ്ങളില്ല. എന്നാല്‍  എല്ലാവര്‍ക്കും ലഭ്യമാകുന്ന അനുഗ്രഹമാകുന്നില്ല അത്.  വേണമെന്നാഗ്രഹിച്ചു കാത്തു നിന്നാല്‍, ഒരുപക്ഷേ, യുഗങ്ങള്‍ പിന്നിട്ടാലും ലഭ്യമാകാതെ പോകാം. അതുകൊണ്ടു തന്നെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു തിരിവില്‍, വൈകിയാണെങ്കിലും, പ്രണയസ്പര്‍ശമനുഭവിക്കാന്‍ കഴിയുക എന്നത് മനുഷ്യ ജീവിതത്തിന്റെ അതിഭാഗ്യങ്ങളിലൊന്നാണ്.

ഇങ്ങനെ ജീവിതത്തിന്റെ ഒഴുക്കില്‍ ഏറെദൂരം കടന്നുപോയതിനുശേഷം വൈകിയ വേളയില്‍ (ലും) പ്രണയസ്പര്‍ശമനുഭവിക്കുന്ന  ചില മനോഹര കഥാപാത്രങ്ങളെ നമ്മുടെ ഭാഷാസാഹിത്യം കാണിച്ചു തന്നിട്ടുണ്ട്. അത്തരം ചില കഥകളിലേയ്ക്ക് ഒന്നു കടന്നു നോക്കിയാല്‍, അവയില്‍ കൊഴിഞ്ഞുകിടക്കുന്ന പൂക്കളിലെ ഇനിയും വാടാത്ത പൂമ്പൊടി നമ്മുടെ കൈവിരലുകളില്‍ പതിയുക തന്നെ ചെയ്യും.

 

................................................................................

''പ്രണയംന്ന് പറഞ്ഞാ നഷ്ടാ, ഒരുപാട് നഷ്ടപ്പെടുമ്പൊ ഇത്തിരി സ്‌നേഹം കിട്ടും , അത് നെഞ്ചോട് ചേര്‍ക്കുമ്പൊഴേയ്ക്കും തട്ടിക്കളയായി..'' ജെമ്മ വേദനിച്ചു.

Photo: Nikhil Karali/Facebook

 


ഒന്ന്

ഇതു ജെമ്മ. സാറ ജോസഫിന്റെ തേജോമയത്തിലെ അറുപതു പിന്നിട്ട നായിക. നിത്യപ്രണയിനി.

കല്യാണം കഴിച്ചതില്‍ പിന്നെ ജെമ്മയ്ക്കു അല്‍പ്പായുസ്സുക്കളായ ഒരുപാടു പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്, പലതിനും ഒരു ദിവസത്തിനപ്പുറം വളര്‍ച്ചയുണ്ടാകാറില്ല എന്നു മാത്രം. ''എത്ര കൊണ്ടാലും പഠിക്കില്ലെ ജെമ്മാ'' റൂബി ചോദിക്കും, റൂബി ജെമ്മയുടെ അനുജത്തിയാണ്, അവിവാഹിത. ജെമ്മയെപ്പോലെ തടിച്ചിട്ടല്ല, മെലിഞ്ഞവള്‍. വായനയാണു റൂബിയുടെ പ്രണയം. റൂബിയുടെ ചോദ്യങ്ങള്‍ക്കുള്ള ജെമ്മയുടെ മറുപടികള്‍ തികച്ചും ആത്മാര്‍ത്ഥമാണ്, അവള്‍ക്കു പ്രണയം പ്രണയം തന്നെയായിരുന്നു. അവള്‍ പ്രണയത്തിന്റെ മാലാഖയായിരുന്നു. അതുകൊണ്ടാണ് 'പൂവിതളുകള്‍പോലെ അവളുടെ ശരീരത്തില്‍ പറ്റിചേര്‍ന്നുകിടന്ന പാന്റീസിന്റെ അതിരുകള്‍, നനുത്ത അടിപ്പാവാടയ്ക്കും അതിലും നനുത്ത സാരിയ്ക്കും അടിയിലൂടെ കണ്ട് അതിനെ അനുഗമിച്ചു നിലതെറ്റി' പ്രണയം ഭാവിച്ചു ചുംബിച്ച കാമുകനെ അവള്‍ ഒഴിവാക്കിയത്. എന്തു ചെയ്യും. 'ആദ്യായിട്ടു കാണുമ്പോള്‍ ''മുഖത്തേയ്ക്കു നോക്കുന്നതിനു പകരം പാന്റീസിലേയ്ക്കു നോക്ക്വോ, അധമന്‍'' എന്നാണവള്‍ റൂബിയോടു പറയുന്നത്.  

കാമുകന്‍ ചുംബിക്കുമ്പോള്‍ പ്രണയം മണക്കണം എന്നു പറയുന്ന ജെമ്മ, മുലപ്പാലു കുടിക്കുന്ന കുഞ്ഞിന്റെ വായയുടെ മണമാണ് അതിനെന്ന് റൂബിയ്ക്കു പറഞ്ഞുകൊടുക്കുന്നു. 'യൗവനം ഇളംചുവപ്പു നിറത്തില്‍ അവളുടെ ദേഹമാകെ ഓളങ്ങളിളക്കിക്കൊണ്ടിരുന്ന കാലത്താണ്' ജെമ്മ അങ്ങനെ പറഞ്ഞത്. ''മുലപ്പാലിന്റെ ഇളം മണമുള്ള വായ കൊണ്ടു അവളെ ചുംബിക്കാന്‍ കര്‍ത്താവു തന്നെ വരേണ്ടിവരും'' എന്നു റൂബി കരുതിയെങ്കിലും ഒരാള്‍ എത്തുക തന്നെ ചെയ്തു. 'ഇഷ്ടന്‍' എന്ന് ജെമ്മ വിളിച്ച കാമുകന്‍. ഇഷ്ടനെ ആദ്യമായി കാണുമ്പോഴും ജെമ്മ മഞ്ഞുപോലത്തെ സാരിയാണുടുത്തിരുന്നത്,  പൂവിതള്‍ പോലെ പാന്റീസും പറ്റിച്ചേര്‍ന്നു കിടന്നിരുന്നു. പക്ഷേ ഇഷ്ടന്‍ നോക്കിയത് ജെമ്മയുടെ കണ്ണുകളിലാണ്. ജെമ്മ അവന്റെ കണ്ണുകളില്‍ കണ്ടത് ഒരു കാരുണ്യസാഗരം മുഴുവനുമാണ്, 'ഒറ്റനോട്ടം കൊണ്ട് എന്റെ ആത്മാവിനെ പിടിച്ചു കുലുക്കി' എന്ന് ആ കാഴ്ചയെപ്പറ്റി ജെമ്മ.

പക്ഷേ ഈ പിടിച്ചുകുലുക്കല്‍ എല്ലാ പ്രണയത്തിലും ജെമ്മ ആദ്യം അനുഭവിക്കുന്നതാകയാല്‍ റൂബി അതു കാര്യമായെടുത്തില്ല. പക്ഷേ പ്രണയം പുരോഗമിക്കവേ ജെമ്മയ്ക്കു വന്ന മാറ്റങ്ങളാണ്, അവളനുഭവിച്ച പ്രണയപരവശതയാണ്, മരണാസന്നമായ അവസ്ഥയാണ് ഇഷ്ടനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പ്രേരിപ്പിച്ചത്. ജെമ്മയുടെ വസ്ത്രങ്ങളില്‍ ജ്വലിക്കുന്ന വര്‍ണങ്ങള്‍ കോരിയൊഴിച്ചത് ആമീര്‍ എന്ന ഇഷ്ടനാണ്. 'ലാളനകളുടെ റിസര്‍വ്വ് ബാങ്ക് ആണ് ഇഷ്ട'നെന്നു ജെമ്മ കരുതി. ബാങ്കില്‍ സ്വര്‍ണം ഈടു വയ്ക്കണ്ടെ എന്നു റൂബി ചോദിക്കുമ്പോള്‍ ജെമ്മ കൊടുക്കുന്നത് സത്യസന്ധമായ മറുപടിയാണ്, ''എന്റെ സ്‌നേഹം പിന്നെ എന്താണെന്നാ റൂബി വിചാരിച്ചേ?''

ജെമ്മയ്ക്ക് പുരുഷന്‍മാരെക്കുറിച്ചുള്ള അഭിപ്രായം വളരെ തുറന്നതാണ്, ''റൂബിയ്ക്ക് ഈ ആണുങ്ങളെ അറിയില്ല, വൃത്തികെട്ട ഈഗോയാണു കാരണം. ഈഗോ കാരണം ഉള്ളിലുള്ളതൊക്കെ അടക്കിപ്പിടിച്ച്, ബലം പിടിച്ച് നില്‍ക്കും, പെണ്ണിനെ ലാളിക്കണമെങ്കില്‍ ഈഗോ കളയണം റൂബി, ദൈവത്തിന്റെ അടുത്ത് ആരെങ്കിലും ബലം പിടിയ്‌ക്കോ?''

അയാള്‍ മരിക്കും വരെ ജെമ്മ ഭൂമിയില്‍ കാല്‍ കുത്തിയിട്ടില്ല , ആകാശത്ത് മേഘങ്ങളുടെ വീട്ടില്‍ തന്നെ ആയിരുന്നു. അയാളുടെ മരണം അവളെ ആറുമാസത്തേയ്ക്കു കിടക്കയില്‍ തള്ളിയിട്ടു. പ്രണയത്തിന്റെ പൂക്കളെല്ലാം അവള്‍ ഇഷ്ടന്റെ കുഴിമാടത്തില്‍ തല്ലിക്കൊഴിച്ചിട്ടു. പിന്നീടു കരഞ്ഞില്ല, മുഖം ചീര്‍ത്തു, വേഷം അലസമായി. ഇഷ്ടന്റെ ആദ്യത്തെ സമ്മാനമായിരുന്ന ഒരു ആപ്പിള്‍ കുരു മാല എപ്പോഴും കൈകളില്‍ മുറുകെ പിടിച്ചു. ''പ്രണയംന്ന് പറഞ്ഞാ നഷ്ടാ, ഒരുപാട് നഷ്ടപ്പെടുമ്പൊ ഇത്തിരി സ്‌നേഹം കിട്ടും , അത് നെഞ്ചോട് ചേര്‍ക്കുമ്പൊഴേയ്ക്കും തട്ടിക്കളയായി..'' ജെമ്മ വേദനിച്ചു.

പ്രണയത്തില്‍ അര്‍ഹിക്കുന്നതു കിട്ടിയിട്ടുണ്ടോ ജെമ്മയ്ക്ക് എന്ന് റൂബി സംശയമുണ്ടായെങ്കിലും ജെമ്മയ്ക്കതൊന്നും പ്രശ്‌നമായിരുന്നില്ല. പ്രണയത്താല്‍ അടിമുടി പൂക്കുന്ന പൂമരമാകാനായിരുന്നു അവള്‍ക്കിഷ്ടം. 'പ്രണയത്തിന്റെ തണുത്ത പ്രവാഹത്തിലേയ്ക്ക് തന്നെ വെടിയുക, അതായിരുന്നു ജെമ്മ' എന്ന് സാറ ടീച്ചര്‍ പറയുന്നു.

ഒടുവില്‍ റൂബിയുടെ മരണത്തോടെ ജെമ്മ തനിയെയാകുന്നു. റൂബിയുടെ ഭര്‍ത്താവായ റാഫേല്‍ നേരത്തെ തന്നെ മരണത്തിലേയ്ക്ക് മടങ്ങിയിരുന്നു. ചുവരിലെ ചിത്രത്തില്‍ നിന്ന്, ആ സഹോദരിമാരുടെ ജീവിതത്തിലേയ്ക്ക് കളിപറഞ്ഞും ചിരിച്ചും ഇറങ്ങിവന്നിരുന്ന യേശുക്രിസ്തുവിനും റൂബിയോടായിരുന്നു അടുപ്പം. ''മജ്ജയിലെ പൂക്കാലങ്ങള്‍ ഇനിയുമൊടുങ്ങാത്തതിനാല്‍'' ജെമ്മയ്ക്ക് കര്‍ത്താവിലേയ്ക്ക് തിരിയാന്‍ നേരം കിട്ടിയിരുന്നില്ല. എന്നിട്ടും ഒലിവിലകളുടെ മണമുള്ള ഒരു കാറ്റ് ജെമ്മയ്ക്കായി ഒടുവില്‍ കര്‍ത്താവ് അയച്ചുകൊടുക്കുന്നുണ്ട്. അന്നേരം ജെമ്മ, റൂബി വായിച്ചു മുഴുമിക്കാതെ അടയാളമിട്ട് മടക്കിവച്ച പുസ്തകം- 'ഫെയര്‍വെല്‍ വാള്‍ട്‌സ്' വായിക്കുകയായിരുന്നു, അത് വായിച്ചു തീര്‍ക്കേണ്ടവള്‍ താനാണെന്ന് അവള്‍ മനസ്സിലാക്കി. ആ വായനയില്‍ അവള്‍ പുതിയൊരു പ്രണയം നേടുന്നവളായി. അവളുടെ ടെലിഫോണ്‍ ഒരുപാടു നാള്‍ കൂടി അന്നു ശബ്ദിച്ചു, അതിലൂടെ പ്രണയത്തിന്റെ തേനടകള്‍ വിങ്ങുന്ന ജെമ്മയുടെ മനസ്സു തേടി ഒരു ശബ്ദം ഒഴുകി വന്നു, ''ജെമ്മാ എന്റെ പ്രണയമേ , ഞാന്‍ നിന്നെ അഗാധമായി പ്രണയിക്കുന്നുണ്ടെന്ന് നിനക്കറിയില്ലേ ജെമ്മാ? എന്റെ നോട്ടങ്ങളുടെ മഴയില്‍ കുളിച്ചു നില്‍ക്കുകയാണ് നീ, നിനക്കു ചുറ്റും മഴയായി പെയ്തുകൊണ്ടിരിക്കുന്നത് ഞാനാണ് ജെമ്മാ''

ആരാണെന്നു ജെമ്മ നിലവിളിക്കുമ്പോള്‍ 'മുളങ്കുഴലിലൂടെ കടന്നുപോകുന്ന ഗംഭീരമായ കാറ്റുപോലെ' അയാള്‍ പറഞ്ഞു, ''ഞാന്‍ ...മിലാന്‍ ... കുന്ദേര.''

 

................................................................................

" പകലത്തെ ദേഹാധ്വാനത്തിന്റെ ക്ഷീണവും തണുപ്പും കൊണ്ട് നേരത്തെ ഉറക്കം വരുന്നുവെന്ന് തോന്നി, തളര്‍ന്ന ശരീരം, അനങ്ങാനാവാതെ നിര്‍ജ്ജീവമായി പായില്‍ കിടന്നു."

എം ടി വാസുദേവന്‍ നായര്‍. Photo: Rasaq Kottakkal

 

രണ്ട്

''മടക്കബസ്സുകളുടെ സമയമന്വേഷിക്കാമെന്നു കരുതി ലോഡ്ജിന്റെ ആപ്പീസുമുറിയില്‍ എത്തിയപ്പോഴാണു എതിരെ പ്ലാസ്റ്റിക് പാത്രങ്ങളും ഭഗവതിയുടെ ചില്ലിട്ട പടങ്ങളും വില്‍ക്കുന്ന ചെറിയ കടയില്‍ നില്‍ക്കുന്ന സ്ത്രീയെ കണ്ടത്. അത്ഭുതം! ഇന്നലെ സന്ധ്യയ്ക്കും ഇന്നു രാവിലെയും തിരഞ്ഞ ആളിതാ മുന്‍പില്‍, ഇല്ല തെറ്റിയിട്ടില്ല, വിനോദിനി തന്നെ. കെ എസ് വിനോദിനി.''

കെ എസ് വിനോദിനി എന്ന  ആ വിനീത ശിഷ്യയെ കാണാനാണു റിട്ടയേര്‍ഡ് മാഷ് ഏറെക്കാലം കൂടി  മൂകാംബികയിലെത്തിയത്. ഒരു കത്തില്‍ നിന്നു കിട്ടിയ കൃത്യതയില്ലാത്ത വിവരത്തെ പിന്തുടര്‍ന്നാണു താനിവിടെയെത്തിയതെന്ന് അവളോടു പറയുന്നില്ല അയാള്‍.

വിവാഹിതനും മക്കളുള്ള കുടുംബസ്ഥനുമാണു മാഷെങ്കില്‍, ആരുടെയൊക്കെയോ വാശികൊണ്ട് ജീവിതത്തില്‍  തനിച്ചായിപ്പോയവളാണു ശിഷ്യ. എം ടി വാസുദേവന്‍നായരുടെ 'വാനപ്രസ്ഥം' എന്ന കഥയില്‍ യൗവനാരംഭത്തിലെ പ്രണയത്തിന്റെ ഓര്‍മ്മകളാണു അയവിറക്കപ്പെടുന്നത്. വാനപ്രസ്ഥത്തിനെത്തിയ  പഴയകാല പ്രണയം. ഒരു പക്ഷേ പ്രണയമെന്നാല്‍ ഈ കഥയില്‍ പച്ച പിടിച്ചു നില്‍ക്കുന്ന ഓര്‍മ്മകളാണ്, ആ ഓര്‍മ്മകളാണു ശരീരക്ഷീണം മറന്ന് കുടജാദ്രിയിലേയ്ക്ക് കയറുന്നത്. ''പ്രായമുള്ളവര്‍ക്ക്  ആ യാത്രയൊക്കെ കഷ്ടമാണ് എന്ന് സഹായി ഓര്‍മ്മിപ്പിക്കുമ്പോഴും ആ കഷ്ടത്തെ അവര്‍ മറികടക്കുന്നത്, ഓര്‍മ്മകളില്‍ ഊന്നി നടന്നാണ്.

വിനീത ശിഷ്യ എന്ന് ഒപ്പിട്ട് വര്‍ഷാവര്‍ഷം  പുതുവര്‍ഷാശംസകള്‍ അയയ്ക്കുന്ന വിനോദിനി.

വരണ്ടു വിണ്ടുകീറിയ ജീവിതവുമായി ക്ഷേത്രത്തിലെത്തുന്ന വിനോദിനി. തമ്മില്‍ കണ്ടുമുട്ടിയതിനുശേഷം അവള്‍ പറയുന്ന ഓരോ വാക്യത്തിലും ദാരിദ്ര്യം. കുടാജാദ്രിയില്‍ പോകണമെന്ന ശിഷ്യയുടെ ആഗ്രഹം, മാഷിന്റെയും ആഗ്രഹമായി മാറുമ്പോള്‍  അപ്പോഴും ഭയമാണുള്ളില്‍. ''വിനോദിനി വൃദ്ധയായിരിക്കുന്നു, ഞാന്‍ പടുവൃദ്ധന്‍. എന്നിട്ടും ഈ പതിനഞ്ചുകാരന്‍ ചെറുക്കനെ ഭയം,, മാസ്റ്റര്‍ക്കു സ്വയം വെറുപ്പു തോന്നി.'' യാത്രയ്ക്ക് തുണയായി വന്ന ചെറുക്കനെ ഒഴിവാക്കി കുടജാദ്രയിലേയ്ക്ക് ജീപ്പില്‍ . അമ്പതു പൈസ ബസു കൂലി കൂടുന്നതിന്റെ വിഷമം പറയുന്നവളാണു കാമുകി. അവള്‍ക്കു പറയാന്‍ ദാരിദ്ര്യത്തിന്റെയും പ്രാരബ്ധത്തിന്റെയും കഥകളേ ഉള്ളു. ''കത്തിരി വെയിലിനെപ്പറ്റിയും മുന്നൂറു റുപ്പികയുടെ ജോലിയെപ്പറ്റിയും അവള്‍ കൂടുതല്‍ പറയരുതേ എന്നാഗ്രഹിച്ചു. പഴയ കാലത്തെപ്പറ്റി നല്ലതെങ്കിലും പറയൂ, അതിനു വേണ്ടിയാണീ യാത്ര.''- അയാളുടെ മനസ്സില്‍ അതാണുള്ളത്. അവര്‍ക്കോര്‍മ്മിച്ചെടുക്കാന്‍ പഴയ പ്രണയമധുരങ്ങളേറെയൊന്നുമില്ല. മാഷ്ടെ സെന്റോഫിനെടുത്ത ഫോട്ടൊ, അതില്‍ അവര്‍ ധരിച്ചിരുന്ന വേഷം പരസ്പരം ഓര്‍മ്മിച്ചു പറയുന്നു.

കുടജാദ്രിയില്‍, ഭാര്യാഭര്‍ത്താക്കന്മാരാണെന്നു ധരിച്ച് പൂജാരി രണ്ടുപേര്‍ക്കുമായി നടത്തുന്ന ദമ്പതീപൂജ. ''ഭാര്യ വന്നില്ലേ'' എന്നു പൂജാരി ചോദിക്കുമ്പോള്‍ അയാള്‍ തിരുത്തുന്നില്ല. ഒരു ചെറിയ സമയദൂരത്തിലേയ്ക്ക് അതങ്ങനെയായിരിക്കാന്‍ ആഗ്രഹിക്കുന്ന മനസ്സ്. പൂജയ്ക്കായി അവളുടെയും നാള്‍ ഓര്‍ത്തു പറയുന്ന അയാള്‍. ഇങ്ങനെ എത്ര ചിറകൊതുക്കിയാണൊരു പ്രണയമിവിടെ കഥയ്ക്കുള്ളില്‍ കുറുകുന്നത്.

പൂജയ്ക്കുശേഷം രാത്രി കിടക്കാനെത്തുമ്പോള്‍, ചേര്‍ത്തുവിരിച്ച കിടക്ക കാണുമ്പോള്‍, ''അവര് കൂട്ടിവിരിച്ചിട്ടിരിക്യാ അല്ലേ?'' എന്നു മാസ്റ്റര്‍ പറയുന്നത് ക്ഷീണിച്ച ഒരു ചിരിയോടെയാണ്. ''അതു സാരല്യ'' എന്നാണവള്‍ അല്പം കഴിഞ്ഞ് മറുപടി കൊടുക്കുന്നത്.

ദമ്പതീ പൂജയാണവര്‍ നടത്തിയതെന്നറിയുമ്പോള്‍ ''മുജ്ജന്മത്തില് അങ്ങനെയൊരു യോഗമുണ്ടായിരിക്കും'' എന്ന ആശയറ്റ വാക്കുകളാവളുടെ പ്രതികരണം. ''ചെറ്യ സ്വാമി ഭാര്യയെ വിളിക്കൂ എന്നു പറഞ്ഞപ്പോള്‍ ഞാന്‍, ഞാന്‍ പിന്നെയങ്ങനെയല്ലാന്നൊന്നും വിസ്തരിക്കാന്‍ നിന്നില്ല'' എന്ന് അയാള്‍ ഏറ്റുപറയുന്നു. അതുകേട്ടവള്‍ ചിരിക്കുന്നു, ചിരി നിയന്ത്രിക്കാനാകാതെ വന്നപ്പോള്‍ തലയിണയില്‍ മുഖമമര്‍ത്തുന്നു.

''പകലത്തെ ദേഹാധ്വാനത്തിന്റെ ക്ഷീണവും തണുപ്പും കൊണ്ട് നേരത്തെ ഉറക്കം വരുന്നുവെന്ന് തോന്നി, തളര്‍ന്ന ശരീരം, അനങ്ങാനാവാതെ നിര്‍ജ്ജീവമായി പായില്‍ കിടന്നു. അതിന്റെ കൂടുതുറന്ന് വളര്‍ത്തുമൃഗം പഴയ സ്വപ്നങ്ങളുടെ പൊന്തക്കാടുകളില്‍ ഇര തേടി നടക്കുന്നതും വീണ്ടും കൂട്ടില്‍ക്കയറുന്നതും അയാള്‍ക്കു കണ്ണടച്ചു കിടക്കുമ്പോഴും വ്യക്തമായി കാണാന്‍ കഴിഞ്ഞു.''

''പിന്നീടെപ്പോഴോ, 'വിനു ഉറങ്ങിക്കോളൂ' എന്നു പറഞ്ഞ് അവളുടെ പുതപ്പിനു പുറത്തേയ്ക്ക് നീണ്ടു കിടന്ന കൈപ്പടം അയാള്‍ തടവുന്നു. ''എല്ലുന്തിയ വിരലുകള്‍ നിശ്ചലമായി അയാളുടെ വിറയ്ക്കുന്ന കൈയിനു താഴെ  തണുത്തുകിടന്നു.'' ജീവിതമെന്നാല്‍ സഹനവും അതിജീവനവും മാത്രമായ വിനോദിനിയ്ക്ക് കൗമാരത്തിന്റെ ഓര്‍മ്മകളില്‍പ്പോലും തളിര്‍ക്കാനാവുന്നില്ല. പ്രായോഗികജീവിതത്തിന്റെ പ്രാരബ്ധങ്ങളില്‍ കെട്ടുപിണഞ്ഞ മനസ്സിന് ആ യാത്രയ്ക്കിടയില്‍  ആവേശത്തിന്റെ അലകള്‍ അറിയാനാവുന്നില്ല, ഭയവും  സദാചാര ചിന്തകളും കടിഞ്ഞാണിടുന്ന മനസ്സുള്ള മാസ്റ്റര്‍ക്കും അവളെയതില്‍ നിന്നു കൈ പിടിച്ചുയര്‍ത്താന്‍ കഴിയുന്നുമില്ല. കുടജാദ്രിയിലെ തണുത്ത കാറ്റിനും രാത്രിയുടെ ഏകാന്തതയ്ക്കുമൊന്നും ഉണര്‍ത്താനാകാത്ത വിധം തണുത്തുറഞ്ഞുപോയ പെണ്‍മനസ്സ് കഥയില്‍ വായിക്കാം. ഒടുവില്‍ യാത്ര പറയുമ്പോള്‍ അവള്‍ കണ്ണു തുടച്ച് അകലേയ്ക്ക് നോക്കി നില്‍ക്കുന്നു.

എന്നിട്ടുമെന്നിട്ടും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിപ്പോകുമ്പോള്‍ '' രഹസ്യം സൂക്ഷിക്കാന്‍ കിട്ടിയതില്‍ ആഹ്ലാദം. വാര്‍ധക്യത്തിന്റെ പരാധീനതകള്‍ മറന്ന് മാസ്റ്റര്‍ അഡിഗളുടെ ലോഡ്ജിനു നേരെ പ്രസരിപ്പോടെ നടന്നു.''

ആ പ്രസരിപ്പിനു മാത്രമായാണൊരു വൃദ്ധന്‍ അയാളുടെ ശാരീരികവിഷമതകള്‍ മറന്ന് മൂകാംബികാ ദര്‍ശനത്തിനെത്തിയത്.

''എല്ലാം അമ്മ നിശ്ചയിച്ചതാണ്, നേരത്തെ നിശ്ചയിച്ചതാണ്..'' അതാണവരെ ആശ്വസിപ്പിക്കുന്നത്, അല്ലെങ്കില്‍ ആ കണ്ടെത്തലിലാണവരുടെ ജീവിതം.

 

................................................................................

"എനിക്ക് അകവും പുറവും അതികഠിനമായി വേദനിച്ചു, കത്തിയെരിയുന്ന വേദന, നടക്കുമ്പോള്‍ കാലിടറി, അയാള്‍ എന്നെത്താങ്ങി.''

കെ. ആര്‍ മീര. Photo: Ajilal



മൂന്ന്

''കത്തിത്തുടങ്ങിയ വീടു പോലെയാണ് എന്റെ പ്രേമം. വിരഹത്തിന്റെ മഴയിലും അത് ആസക്തിയോടെ കത്തുന്നു. തീനാളങ്ങള്‍ ആകാശത്തേയ്ക്ക് പത്തി വിടര്‍ത്തുന്നു. ഈ ജന്മം പൊള്ളിയടരുന്നു, വീണ്ടും ഒരു ജന്മമുണ്ടാകും , വീണ്ടും സന്യാസി വരും, എന്റെ ദംശനമേറ്റ് വീണ്ടും അയാള്‍ കരിനീലിക്കും.'' കെ ആര്‍ മീരയുടെ കരിനീല എന്ന കഥയുടെ അവസാനവരികളാണിവ. പ്രണയത്തിന്റെ ദംശനമേറ്റ് കരിനീലിച്ച വരികള്‍.

വളരെ വിചിത്രമായ ഒരു പ്രേമാനുഭവമാണെന്നും സതി സാവിത്രിമാര്‍ വായിക്കരുതെന്നും പറഞ്ഞുകൊണ്ടാണു കഥ തുടങ്ങുന്നതു തന്നെ. ഇതു കടിഞ്ഞൂല്‍ പ്രേമമൊന്നുമല്ലെന്നും തുടര്‍ന്നു പറയുന്നുണ്ട്. ആ ഏറ്റുപറച്ചില്‍ ഇങ്ങനെയാണ്, ''ഞാന്‍ എക്കാലത്തും പ്രേമബദ്ധയായിരുന്നു, വിവാഹത്തിനു മുന്‍പും പിന്‍പും , എന്റെ പ്രേമം ഉഗ്ര വിഷമുള്ള ഒരു അലസ സര്‍പ്പമാണ്.'' കരിനീലയിലെ നായിക  പ്രണയം കണ്ടെത്തുമ്പോള്‍ത്തന്നെ അത് അല്‍പായുസ്സാണെന്നു മനസ്സിലാക്കുന്നുമുണ്ട്. പ്രണയാമാളുന്നതും കത്തിയൊടുങ്ങി വിരഹത്തിന്റെ മഞ്ഞു വീഴ്ചയിലവള്‍ തണുത്തു വിറയ്ക്കുന്നതും വായനയില്‍ നാം തുടര്‍ന്നു കാണുന്നു. അതിനിടയിലൂടെ അവള്‍ കടന്നുപോകുന്ന സ്‌ത്രൈണാനുഭവങ്ങളുടെ വികാരതീക്ഷ്ണമായ ഒരു ചിത്രം ഈ കഥയിലുണ്ട്.

തന്റെ പാതിയെ പലരിലും തേടി നിരാശയാകുമ്പോഴും അയാള്‍ വന്നെത്തുമെന്ന്, അല്ലെങ്കില്‍ അയാളിലേയ്ക്ക് ചെന്നെത്തുമെന്ന് അവള്‍ക്കറിയാം. അതിനുള്ള വഴികള്‍ പോലും അവളുടെ പ്രജ്ഞയില്‍ വ്യക്തമായി വരയ്ക്കപ്പെട്ടിരുന്നു. ''തെക്കുവശത്തു സര്‍പ്പക്കാവും കിഴക്കു വശത്തു കിളിമരത്തില്‍ അരിമുല്ലക്കാടുമുള്ള'' ആ വീട്ടില്‍, അവളെ കാത്തിരിക്കുകയാണെന്ന് സ്വയമറിയാതെ അയാള്‍ ജീവിക്കുന്നുവെന്ന് അബോധമനസ്സില്‍ അറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെയാണ് ആ പടിപ്പുരയില്‍ എത്തിയപ്പോള്‍ തന്നെ അവളതു തിരിച്ചറിഞ്ഞു വിവശയായതും. പ്രണയം ഉള്ളിലുള്ളവള്‍ ഒരാള്‍ക്കൂട്ടത്തിന്റെ വര്‍ണ്ണ,ശബ്ദവൈവിധ്യങ്ങളില്‍ ഒരു മുഖം, ഒരു ശബ്ദം തിരിച്ചറിയുക തന്നെ ചെയ്യും.

പക്ഷേ ജീവിതത്തില്‍ അങ്ങനെയുള്ള തിരിച്ചറിവുകള്‍ രംഗബോധത്തോടെയാകില്ല പാകപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടല്ലെ ''നാല്‍പതുകാരന്റെ ഭാര്യയും, രണ്ടു പെണ്‍മക്കളുടെ അമ്മയുമായ അവള്‍ 'സന്ധ്യ മയങ്ങുമ്പോള്‍ , പച്ച നിറമുള്ള ഇരുട്ടുള്ള തൊടിയിലൂടെ' ആ വീട്ടിലേയ്ക്ക് കയറിച്ചെല്ലുന്നത്.അയാള്‍ ഒരു സന്യാസിയായിരുന്നു. നാടും വീടുമുപേക്ഷിച്ച് ആശ്രമത്തിലേയ്ക്ക് പോകുവാന്‍ തയാറെടുത്തിരുന്നവന്‍. ഗൃഹസ്ഥാശ്രമത്തിന്റെ അവസാന ചവിട്ടുപടികളില്‍ നില്‍ക്കുന്ന വേളയിലാണയാളെ അവള്‍ കണ്ടുമുട്ടുന്നത്. പെണ്ണില്‍ ഒരു പ്രണയം നീറിപ്പിടിക്കുന്ന അവസ്ഥ ''നെഞ്ചിലും അടിവയറ്റിലും തീവ്രമായ വേദന, പച്ച മാംസത്തില്‍ തീപ്പൊരി നീറിപ്പിടിക്കുന്നതുപോലെയുള്ള ആഗ്രഹം, എനിക്കു ഗര്‍ഭം ധരിക്കണം, പ്രസവിക്കണം, ഒരു മകന്‍ , അയാളുടെ മകന്‍, ഞാന്‍ ധ്യാനിച്ചു.''

ഒരു പെണ്ണിന്റേതു മാത്രമായ അനുഭവങ്ങളെ ഒരു പെണ്ണിനു മാത്രം കഴിയുന്ന രീതിയില്‍ വിവരിക്കുകയാണ് കരിനീലയില്‍ എഴുത്തുകാരി. അവള്‍ക്കത് വെറും ശാരീരികമായ ഒരു വ്യാപാരമല്ല. അതുകൊണ്ടാണു കരിനീലയിലെ നായിക അയാളെക്കാണുവാന്‍ വീണ്ടും പുറപ്പെടുന്നത്. ''എനിക്ക് അകവും പുറവും അതികഠിനമായി വേദനിച്ചു, കത്തിയെരിയുന്ന വേദന, നടക്കുമ്പോള്‍ കാലിടറി, അയാള്‍ എന്നെത്താങ്ങി.'' പ്രണയത്താല്‍ ഉന്മാദിയായ പെണ്ണിന്റെ വാഗ്ചിത്രം.

പ്രണയമൂര്‍ച്ഛയില്‍ പരസ്പരം അര്‍ച്ചനചെയ്ത് രാത്രി പൂര്‍ത്തിയാക്കി പിരിയുമ്പോള്‍ അവര്‍ ആലിംഗനം ചെയ്തത് ആത്മാവുകൊണ്ടാണ്, ''ലോകത്തില്‍ ഒരു സ്ത്രീയും ഒരു പുരുഷനെയും ഇങ്ങനെ ആലിംഗനം ചെയ്തിരിക്കില്ല , ഞങ്ങളുടെ അസ്ഥികള്‍ നുറുങ്ങി, മാംസം ചതഞ്ഞു, പരസ്പരം ഉരുകി.'' ആ വേര്‍പാട് പ്രണയത്തിന്റെ പൂര്‍ണതയല്ല, വരും ജന്മങ്ങളിലേയ്ക്ക് നീളുന്ന കാത്തിരിപ്പാണ്, ജന്മങ്ങളില്‍ നിന്ന് ജന്മങ്ങളിലേയ്ക്ക് നീളുന്ന ബന്ധത്തിന്റെ ഇടവേളകള്‍. പക്ഷേ ഈ ജന്മത്തിലെ ജീവിതം ഇവിടെ തീരുകയല്ലല്ലോ, ''എന്റെ ഭര്‍ത്താവ്, എന്റെ മക്കള്‍ , എന്റെ ജോലിക്കാര്‍, എന്റെ മാര്‍ബിള്‍ നിലങ്ങള്‍, എന്റെ ഓര്‍ക്കിഡുകള്‍, എന്റെ ആന്തൂറിയങ്ങള്‍ , എന്റെ ഇറുകുന്ന പുറം പടങ്ങള്‍ ...''-വലിയൊരു ഗംഗാപ്രവാഹത്തെ അന്തരീക്ഷത്തില്‍ തടഞ്ഞു നിര്‍ത്തി തളരുന്ന സ്ത്രീജന്‍മം.

കഥാന്ത്യത്തിലെ വിരഹവും പ്രണയബാധിതം തന്നെ. അവള്‍ അനുഭവിക്കുന്ന വിരഹം പ്രായോഗിക ജീവിതത്തിന്റെ കെട്ടുപാടുകളില്‍ തളഞ്ഞുകിടക്കുന്ന ജീവിതവുമായി നിരന്തരം കലഹിക്കുന്നു. മറിച്ച് പുരുഷനോ? അവധൂതനായി മാറുന്ന അയാള്‍ സര്‍വ്വസംഗ പരിത്യാഗിയായി സന്യാസത്തിലേയ്ക്ക് നടന്നകലുന്നു. പ്രണയത്തിലൊന്നാകാന്‍ കഴിയുന്നുവെങ്കിലും , പ്രണയവും വിരഹവും സ്ത്രീയ്ക്കും പുരുഷനും ഒന്നല്ലാതെ മാറുന്ന അവസ്ഥ.

സ്ത്രീഭാവങ്ങളെ കുടഞ്ഞെറിയുകയോ അവയോട് നിരന്തരം കലഹിക്കുകയോ ചെയ്യുന്ന രീതി ഈ കഥയിലില്ല. പുരുഷനോട് പരാതികള്‍ ഉന്നയിക്കുകയോ, കലഹിക്കുകയോ ചെയ്യുന്നില്ല, 'അവന്‍ അങ്ങനെയാണ്' എന്നൊരു തിരിച്ചറിവാണു വെളിപ്പെടുന്നത്. പക്ഷേ, പ്രണയോന്മാദത്തിന്റെ അത്യപൂര്‍വ്വമായ നിമിഷങ്ങളിലൂടെ കടന്നുപോയിട്ടുള്ളവര്‍ക്ക്,   കിളിമരത്തില്‍ പടര്‍ന്ന അരിമുല്ല കോരിത്തരിച്ചാകെ പൂവിടുന്നതു കണ്ടിട്ടുള്ളവര്‍ക്ക് , കൈത പൂക്കാതെ തന്നെ ആ സുഗന്ധം അറിഞ്ഞിട്ടുള്ളവര്‍ക്ക്, ഈ കഥയെ തള്ളിക്കളയാനാകില്ല.  ''പുരുഷന്‍ ചുണ്ടു കൊണ്ടു ചുംബിക്കരുത്, ആത്മാവുകൊണ്ട് ചുംബിക്കണം'' എന്നും കഥാനായിക പറയുന്നുണ്ട്. ആത്മാവുകൊണ്ടു ചുംബിച്ചിട്ടുള്ളവര്‍ക്കേ അതറിയാന്‍ കഴിയൂ.

 

................................................................................

"അയാള്‍  അവരെ വാചകം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ മാറോടു ചേര്‍ത്തു നിര്‍ത്തി. അയാള്‍ക്കു കരച്ചില്‍ വരുന്നുണ്ടായിരുന്നു. അവരുടെ നെറുകയില്‍ ആര്‍ദ്രമായി ചുംബിച്ചുകൊണ്ട് അയാള്‍ പറഞ്ഞു: ''അങ്ങനെയൊന്നും പറയല്ലേ, എനിക്കു സഹിക്കാന്‍ കഴിയില്ല..''

ടി പത്മനാഭന്‍. Photo: Ajeeb Komachi



നാല്

''ആറുമാസത്തെ ഇടവേളയ്ക്കു ശേഷം അവര്‍ പരസ്പരം കാണുകയായിരുന്നു. ഗൗരി ക്ഷീണിച്ചിട്ടുണ്ടെന്ന് അയാള്‍ക്കു തോന്നി. എന്നു മാത്രമല്ല  ഗൗരിയെ കണ്ണടയോടു കൂടി കാണുന്നതും ആദ്യമായിട്ടായിരുന്നു. അയാള്‍ പതുക്കെ അവരെ ശരീരത്തോടു ചേര്‍ത്തുപിടിച്ച് ആര്‍ദ്രമായ ശബ്ദത്തില്‍ ചോദിച്ചു: ''എന്തു പറ്റി?''
 
വാക്കുകളാല്‍ വരയ്ക്കപ്പെട്ട  മറ്റൊരു പ്രണയാര്‍ദ്ര ചിത്രം -ടി പദ്മനാഭന്‍ പ്രണയത്തെ സര്‍വ്വശാന്തമായി വരച്ചിട്ട കഥ,  ഗൗരി.  

''നേരം പുലരാറായിരുന്നെങ്കിലും ഇരുട്ടകലാത്ത'' ആ നേരത്ത് ''ശരീരമില്ലാത്ത ആത്മാക്കളെപ്പോലെ  പരസ്പരം ചേര്‍ന്ന്'' നില്‍ക്കുകയായിരുന്നു അവര്‍, അവരവിടെ തനിച്ചായിരുന്നു.

പ്രായമാകുന്നതിനെ ഭയപ്പെടുമോ പ്രണയികള്‍?

''ഇല്ല, ഇല്ല, നമുക്കൊരിക്കലും വയസാവുകയില്ല'' അയാള്‍ അവരുടെ കൈ അമര്‍ത്തിപ്പിടിച്ചുകൊണ്ടു പറയുന്നു. ഗോപാല്‍പൂരിലാണവര്‍, അവിടെ കടലിലേയ്ക്കു തള്ളി നില്‍ക്കുന്ന പാറയുടെ മുകളില്‍ നിന്ന് സൂര്യോദയം കാണാന്‍ പോകണമവര്‍ക്ക്.

''വേഗം നടക്കാം, അവിടെയെത്തുമ്പോള്‍ ഇന്ന് ഒരുപക്ഷേ...''-ഗൗരി സന്ദേഹിക്കുന്നു.

''ഇല്ല, ഇല്ല, എന്റെ കുട്ടി അവിടെയെത്തുന്നതിനു മുന്‍പായി ഒരിക്കലും സൂര്യന്‍ ഉദിക്കില്ല''- അയാള്‍ക്കത് നല്ല ഉറപ്പാണ്.

പ്രണയത്തെ മരണവുമായി മുഖാമുഖമെത്തിക്കുന്ന ഒരു ചിതാമുഹൂര്‍ത്തവുമുണ്ട് ഈ കഥയില്‍. പശുപതി നാഥന്റെ ക്ഷേത്രത്തിന്റെ പിറകിലെ  കല്‍ക്കെട്ടില്‍ ചെരിച്ചു പണിത പടവുകളിലൂടെ അവര്‍ ബാഗ്മതിയുടെ കരയിലേയ്ക്ക് ഇറങ്ങിച്ചെന്നു.  ഉന്മാദിനിയായ ബാഗ്മതി, ഇരുണ്ട ബാഗ്മതി.

''ബാഗ്മതിയുടെ കരയിലെ ചിതകളില്‍ ശവങ്ങളെരിയുന്നുണ്ടായിരുന്നു. മുക്കാലും കത്തിത്തീരാറായ ശവങ്ങള്‍; കത്തി പാതിയായ ശവങ്ങള്‍; തങ്ങളുടെ ഊഴവും കാത്ത് നദിക്കരയില്‍ വിറങ്ങലിച്ചുകിടന്ന ശവങ്ങള്‍....''. ഇരുണ്ട ആകാശം നേരിയ ചാറ്റല്‍ മഴയായി പതിക്കുന്നതറിയാതെ ''ബാഗ്മതിയുടെ കരയിലെ ചിതകളിലേയ്ക്ക് നോക്കി അവര്‍ മൂകരായി നിന്നു.''

ഒരു ഘട്ടത്തില്‍ ''മതി, വാ പോകാം'' എന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഗൗരി സമ്മതിച്ചില്ല. ഗൗരി അയാളുടെ കൈ പിടിച്ചു നിര്‍ത്തി. ''ഗൗരി ഒന്നും പറയുന്നുണ്ടായിരുന്നില്ല. ഗൗരിയുടെ കണ്ണുകള്‍ പൂര്‍ണ്ണമായും ചിതകളിലായിരുന്നു. ചിതകള്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് എരിഞ്ഞു''.

യൗവനത്തിനും മധ്യവയസ്സിനും ഇടയ്ക്ക് നില്‍ക്കുന്ന  പ്രണയികള്‍, പക്ഷേ പ്രണയികള്‍ക്ക് പ്രായഭേദമില്ലെന്നുറപ്പാക്കും വിധം സന്ദേഹങ്ങളിലും മധുരങ്ങളിലും വീണുപോകുന്നുണ്ട്. ''ഈ സ്‌നേഹം മധുരമായ വേദന തന്നെ! അങ്ങ് ഒരിക്കലെഴുതിയില്ലേ. വേദനയോടുകൂടി സ്‌നേഹിക്കുന്നു എന്ന്, എത്ര ശരി. ധര്‍മ്മസങ്കടങ്ങളുടെ നടുവിലും പേരിടാനാവാത്ത ആഹ്ലാദം!'' എന്നൊരിക്കല്‍ ഗൗരി അയാള്‍ക്കെഴുതുന്നുണ്ട്.

സൂര്യോദയം കാണാന്‍ പോകുന്ന വഴിയിലും അവള്‍ സന്ദേഹിയാകുന്നു. ''ഞാന്‍ ഒരു ഭാരമാകുന്നുണ്ടോ?' എന്ന  സ്‌ത്രൈണമായ സന്ദേഹം. ''അങ്ങാണെങ്കില്‍ ആദ്യമൊക്കെ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയും ചെയ്തു. എന്നിട്ടും ഞാന്‍.. എനിക്കറിയാമായിരുന്നു അങ്ങയുടെ ഉള്ളിലും സ്‌നേഹമുണ്ടെന്ന്. എനിക്കാ സ്‌നേഹം വേണമായിരുന്നു, കൂടിയേ കഴിയുമായിരുന്നുള്ളു. അതുകൊണ്ട് ഞാന്‍ എല്ലാം മറന്ന്...''

ഇത്തരമൊരു തുറന്നു പറച്ചില്‍, പ്രണയഭരിതമാകയാല്‍ മാത്രം അഹന്ത നഷ്ടമായ ഒരു മനസ്സില്‍ നിന്നേ വരൂ, ആ മനസ്സുതുറക്കലിനെ അത്രയേറെ ആദരവോടെയും സ്‌നേഹസാന്ദ്രതയോടെയും മാത്രമേ ഒരു യഥാര്‍ത്ഥ പുരുഷനു സ്വീകരിക്കാനുമാകൂ. കഥാകൃത്ത് അതാണു കാണിച്ചു തരുന്നത്, ''അയാള്‍  അവരെ വാചകം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ മാറോടു ചേര്‍ത്തു നിര്‍ത്തി. അയാള്‍ക്കു കരച്ചില്‍ വരുന്നുണ്ടായിരുന്നു. അവരുടെ നെറുകയില്‍ ആര്‍ദ്രമായി ചുംബിച്ചുകൊണ്ട് അയാള്‍ പറഞ്ഞു: ''അങ്ങനെയൊന്നും പറയല്ലേ, എനിക്കു സഹിക്കാന്‍ കഴിയില്ല..''

കഥയുടെ ഒടുവില്‍ സൂര്യോദയം കാത്തിരിക്കുന്ന  ഗൗരിയും അയാളും, ''ഗോപാല്‍പൂരിലെ കടലിനു മുകളില്‍ അപ്പോഴും മേഘങ്ങളുണ്ടായിരുന്നു. സൂര്യന്‍ മേഘങ്ങള്‍ക്കു പിറകില്‍ ഒളിച്ചു കളിക്കുന്നതുപോലെ തോന്നി.''

 

................................................................................

പ്രണയത്തെപ്പറ്റി ഏറ്റവും തീവ്രമായി പറയുന്ന എഴുത്തുകാര്‍ക്ക് രതിയും മരണവും ഒഴിച്ചു നിര്‍ത്തുവാനുമാകില്ല. ജീവിതത്തെ നിഗൂഢവും ആകര്‍ഷകവുമാക്കുന്ന ഇവ സാഹിത്യത്തിലും  സൗന്ദര്യമാകുന്നു.

Photo: Dimitris Vetsikas/  Pixabay 

 

അഞ്ച്

പ്രണയം, രതി, മരണം.. ജീവിതത്തിന്റെ ആന്തരിക നിര്‍മ്മിതികളായ മൂന്നു ഘടകങ്ങള്‍, സ്വാഭാവികതയോടെ ജീവിതത്തെ തുണച്ചു നില്‍ക്കുന്ന പ്രതിഭാസങ്ങള്‍, ജീവിതത്തിന്റെ ചാലകശക്തിയും ഇവ തന്നെയാണ്.  അവയെക്കുറിച്ചെഴുതുമ്പോള്‍ കഥയും കവിതയും  മറ്റു സാഹിത്യസൃഷ്ടികളുമെല്ലാം ജീവിതഗന്ധിയായി മാറുന്നു. പ്രണയത്തെപ്പറ്റി ഏറ്റവും തീവ്രമായി പറയുന്ന എഴുത്തുകാര്‍ക്ക് രതിയും മരണവും ഒഴിച്ചു നിര്‍ത്തുവാനുമാകില്ല. ജീവിതത്തെ നിഗൂഢവും ആകര്‍ഷകവുമാക്കുന്ന ഇവ സാഹിത്യത്തിലും  സൗന്ദര്യമാകുന്നു. യുദ്ധകാലത്തെയും രോഗകാലത്തെയും കാല്‍ച്ചുവടുകളുറയ്ക്കാത്ത വാര്‍ദ്ധക്യത്തിലെയും പ്രണയങ്ങള്‍ സാഹിത്യത്തിനു വിഷയമാകുന്നു.  ബാഹ്യരൂപങ്ങളിലെത്ര മാറ്റങ്ങളുണ്ടായാലും, മനുഷ്യ മനസ്സില്‍,  പ്രണയിക്കുന്ന കഥാപാത്രങ്ങള്‍ കാലാതിവര്‍ത്തിയായി അവശേഷിക്കുക തന്നെ ചെയ്യും.

click me!