Loka Kerala Sabha : ലോകകേരളസഭയുടെ ഭാഗമായി പ്രവാസ സാഹിത്യ മത്സരം, അവസാന തീയതി ജൂണ്‍ 10

By Web TeamFirst Published Jun 1, 2022, 5:53 PM IST
Highlights

മൂന്നാമത് ലോകകേരളസഭയോട് അനുബന്ധിച്ച്  പ്രവാസ സാഹിത്യ രംഗത്തെ പുതിയ പ്രതിഭകളെ കണ്ടെത്താന്‍ ലോകകേരളസഭ പ്രവാസ സാഹിത്യ മത്സരം ഒരുക്കുന്നു.

തിരുവനന്തപുരം: മൂന്നാമത് ലോകകേരളസഭയോട് അനുബന്ധിച്ച്  പ്രവാസ സാഹിത്യ രംഗത്തെ പുതിയ പ്രതിഭകളെ കണ്ടെത്താന്‍ ലോകകേരളസഭ പ്രവാസ സാഹിത്യ മത്സരം ഒരുക്കുന്നു. മലയാളം മിഷന്‍ ഒരുക്കുന്ന ഈ മത്സരത്തില്‍ ചെറുകഥ, കവിത, ലേഖനം എന്നിവയില്‍ സബ് ജൂനിയര്‍ (8-12), ജൂനിയര്‍ (13-18), സീനിയര്‍ (19 മുതല്‍) വിഭാഗങ്ങളിലായി പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരിക്കാം. 

രചനകള്‍ 2022 ജൂണ്‍ 10-ന് മുമ്പ് lksmm2022@gmail.com എന്ന വിലാസത്തിലേക്ക് അയക്കണം. പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രത്തിനൊപ്പം  വിദ്യാര്‍ത്ഥിയാണെന്ന് തെളിയിക്കുന്ന സ്വയം സാക്ഷ്യപെടുത്തിയ കത്തും രചനയ്‌ക്കൊപ്പം നല്‍കേണ്ടതാണ്. 

Latest Videos

ചെറുകഥ, കവിത മത്സരങ്ങള്‍ക്ക് വിഷയ നിബന്ധനയില്ല. ലേഖനത്തിന് വിഷയമുണ്ട്. 'കോവിഡാനന്തര പ്രവാസ ജീവിതം' എന്ന വിഷയത്തില്‍ അഞ്ചു പുറത്തില്‍ കവിയാത്ത ലേഖനമാണ് മത്സരത്തിന് അയക്കേണ്ടത്.

മലയാള സാഹിത്യ ലോകത്തെ പ്രമുഖ എഴുത്തുകാരടങ്ങുന്ന ജൂറി ആയിരിക്കും വിധിനിര്‍ണ്ണയിക്കുക. വിജയികള്‍ക്ക് പ്രശസ്തി പത്രം ആലേഖനം ചെയ്ത ഫലകവും ആകര്‍ഷകമായ അക്ഷരസമ്മാനപ്പെട്ടിയും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും.

മൂന്നാമത് ലോക കേരള സഭ ജൂണ്‍ 17, 18 തീയതികളിലാണ് നടക്കുന്നത്. നിയമസഭയിലേക്കും ഇന്ത്യന്‍ പാര്‍ലമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഇന്ത്യന്‍ പൗരത്വമുള്ള വിദേശത്ത് താമസിക്കുന്ന മലയാളികള്‍, മടങ്ങിയെത്തിയ സമൂഹത്തിന്റെ പ്രതിനിധികള്‍ എന്നിവരാണ് ലോക കേരളസഭയില്‍ പങ്കെടുക്കുന്നത്.

click me!