വാക്കുല്‍സവത്തില്‍ മിനി പി സി എഴുതിയ കഥ, വീണാധരി.
അടിത്തട്ട് കാണും വിധം തെളിഞ്ഞൊഴുകുന്ന നദിയുടെ സുതാര്യതയാണ് പുറമേനിന്നു കാണുമ്പോള്‍ മിനി പിസിയുടെ കഥകള്‍ക്ക്. എന്നാല്‍, സൂക്ഷിച്ചുനോക്കിയാല്‍ കാണാം, കലങ്ങി മറിയുന്ന അടിയൊഴുക്കുകള്‍. അപ്രതീക്ഷിതമായ ചുഴികള്‍. ആഴങ്ങളില്‍ കാത്തിരിക്കുന്ന ഇളക്കങ്ങള്‍. കഥയിലേക്ക് ഇറങ്ങി നില്‍ക്കുമ്പോള്‍ വായനക്കാരും ഉലഞ്ഞുപോവും വിധമാണ് ലളിതവും ഋജുവുമായ ആ ആഖ്യാനം. ആഖ്യാനത്തിലെ ഈ അവിചാരിത തിരിവുകളാണ് നമുക്ക് പരിചിതവും അപരിചിതവുമായ കഥാ സന്ദര്‍ഭങ്ങളെ ഒട്ടും സാധാരണമല്ലാത്ത വായനാനുഭവമാക്കുന്നത്. നമുക്കറിയാവുന്ന മനുഷ്യരാണ്, ലോകമാണ്, ജീവികളാണ് ആ കഥകളില്‍. എന്നാല്‍, പറഞ്ഞുവരുമ്പോള്‍ അവയെല്ലാം നമുക്കപരിചിതമായി മാറുന്നു.
സായാഹ്നത്തിലെ പെരുമഴത്തോര്‍ച്ചയിലേക്ക് ജാനകിയും ലീപെങ്ങും കയറിവന്നതോടെയാണ് ആ വീട് അസുഖകരമായ കമ്പനങ്ങളിലേക്ക് എടുത്തെറിയപ്പെട്ടത്. അതിഥിമുറിയില്‍ യാതൊരു സങ്കോചവും കൂടാതെ ജാനകി ഇരുന്നു. ആവശ്യക്കാരന് ഔചിത്യമില്ലെന്ന തത്വം ഹര്‍ഷന്‍ തന്നെയാണ് അവളെ പഠിപ്പിച്ചിട്ടുള്ളത്. അതാവാം അവള്‍ നേരെ ചൊവ്വ വീണാധരിയോട് കാര്യം പറഞ്ഞു,
''വീണാ, കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഹര്‍ഷന്റെ കൈത്തണ്ടയില്‍ തലചേര്‍ത്ത് കിടന്നുറങ്ങി അതൊരു ശീലമായി. ഡിവോഴ്‌സായി ഇതുവരെ സ്ലീപ്പിങ് പില്‍സായിരുന്നു ആശ്രയം... ബട്ട്, ഇപ്പോ അതു കഴിയ്ക്കാവുന്ന അവസ്ഥയിലല്ല. ഐ ആം പ്രഗ്‌നന്റ് ... സോ, ചൈനയ്ക്കു പോകും മുമ്പ് ഒരു രാത്രിയെങ്കിലും എനിക്കൊന്നുറങ്ങണം...''
ജാനകി പറഞ്ഞതുകേട്ട് അതിഥിമുറിയുടെ വെളുത്ത മാര്‍ബിള്‍ കമാനം ചാരിനിന്ന വീണാധരി സ്തബ്ധയായി. കാഴ്ചയ്ക്കും കേള്‍വിക്കും എത്തിപ്പെടാനാവാത്ത തലത്തിലേക്ക് പൊടുന്നനെയൊരു പലായനമോ? ഉടലും ഉയിരും വേര്‍പെട്ട പോലൊരു തരിപ്പും ശൂന്യതയുമോ? എന്താണ് തനിക്ക് സംഭവിച്ചത്? വീണാധരി തിരഞ്ഞു... മാത്രനേരത്തെ ആ തരിപ്പിനപ്പുറം ശക്തമായൊരു ദീര്‍ഘനിശ്വാസത്തിലൂടെ അവള്‍ പൂര്‍വസ്ഥിതി പ്രാപിച്ചു. പക്ഷേ, ജാനകിക്കും ലീ പെങ്ങിനും എതിരെയുള്ള സെറ്റിയില്‍ മുഖംനിറയെ അനിഷ്ടവുമായിരുന്ന ഹര്‍ഷന്‍ ഇതുകേട്ടതോടെ ലീപെങ്ങിനെപോലും കണക്കാക്കാതെ ജാനകിയോടു പൊട്ടിത്തെറിച്ചു.
ഹര്‍ഷന്റെ അസാധാരണമായ പൊട്ടിത്തെറി കേട്ട് പിറ്റേന്നത്തേക്ക് കോളേജിലേക്കുള്ള നോട്‌സ് തയ്യാറാക്കുകയായിരുന്ന അമ്മയും അടുക്കളയില്‍നിന്ന് സീതമ്മുവും ഓടി വന്നു. ഹര്‍ഷന്റെ കോപം പൊട്ടിത്തീരുംവരെ അവരവിടെ നിന്നു. ആ ഭാവങ്ങളില്‍നിന്നും ഹര്‍ഷനില്‍ നാളിതുവരെ കണ്ടിട്ടില്ലാത്തതുകണ്ട് അവരുടെ അന്ധാളിപ്പ് വീണാധരി ഊഹിച്ചെടുത്തു. - അതിഥിമുറിയുടെ ചുവരുകളില്‍ ഹര്‍ഷന്‍ വരച്ച ശ്രീബുദ്ധന്റെയും ക്രിസ്തുവിന്റെയും ലാമിനേറ്റ് ചെയ്തതൂക്കിയ ചിത്രങ്ങള്‍ എസിയുടെ കുളിര്‍മയിലും വിങ്ങിവിയര്‍ക്കുന്നതായി ജാനകിക്കു തോന്നി. എത്രയൊക്കെ അടക്കിയിട്ടും ഒതുക്കാനാവാതെ അവളുടെ സങ്കടം പൊട്ടിച്ചിതറി. അതുകണ്ട് അമ്മയും സീതമ്മുവും കണ്ണാടികള്‍ നോക്കി അവിടെനിന്നും പിന്‍വാങ്ങി. സന്ധിച്ച അവരുടെ നാലു കണ്ണുകളിലും പുച്ഛവും കോപവും കലര്‍ന്ന ഒന്ന് വീണാധരി വായി ച്ചെടുത്തു. ലീപെങ്ങ് വിളറിയ മുഖത്തോടെ എല്ലാവരെയും മാറിമാറി നോക്കി പിന്നെ വിതുമ്പുന്ന ജാനകിയെ തോളോടുചേര്‍ത്തു. വീണാധരിക്കവരോട് പാവം തോന്നി.
എത്രയൊക്കെ പുതുക്കിപ്പണിതാലും ചായങ്ങള്‍ മാറിമാറിപ്പൂശിയാലും ചിലരവശേഷിപ്പിച്ച പാടുകള്‍ മാഞ്ഞുപോകുന്നതെങ്ങനെയാണ്? അഞ്ചുമാസങ്ങള്‍ക്കുമുമ്പ് ഹര്‍ഷന്റെ ഭാര്യയായി ഈ വീട്ടിലേക്ക് കാലെടുത്തുവച്ചപ്പോഴെ അവള്‍ കേട്ടിരുന്നു ചില കിലുക്കങ്ങള്‍. ജാനകിയുടെ കൊലുസുകളുടെ... വളകളുടെ... ജിമുക്കിയുടെ... അരഞ്ഞാണമണികളുടെ... അടുക്കള മുതല്‍ കിടപ്പറ വരെ സദാ തന്നോടൊപ്പം കൂടിയ അവയോട് അവള്‍ ചങ്ങാത്തം കൂടി. ചിരിച്ചും കരഞ്ഞും കുറുമ്പുകാട്ടിയും ആ കിലുക്കങ്ങളവളെ സന്തോഷിപ്പിച്ചു.
''ഇത്രവേഗം നീയിവിടവുമായി ഇഴുകിച്ചേരുമെന്ന് ഞങ്ങളാരും കരുതീല. അഞ്ചുവര്‍ഷമായി തകര്‍ന്നടിഞ്ഞുകിടക്കുന്നതൊക്കെ നീ വേണമിനി റീകണ്‍സ്ട്രക്റ്റ് ചെയ്യാന്‍. എന്റെ ഹര്‍ഷന് നിന്നെപ്പോലൊരാളായിരുന്നു വേണ്ടിയിരുന്നത്. പക്ഷേ, അവള്‍... ജാനകി.''
ഒഴിവുദിവസങ്ങളില്‍ അമ്മ പഴയോര്‍മകളുടെ കെട്ടഴിക്കാന്‍ മുതിരും. അന്നേരം വീണാധരി അവരുടെ നീണ്ട മുടിയില്‍ ഡെ പുരട്ടുകയോ, അവരുടെ ഓര്‍ഗന്റി സാരികള്‍ ഇസ്തിരിയിടുകയോ ആവും.
''ഇതൊക്കെ സീതമ്മു ചെയ്‌തോളും. നീ എന്തിനാ കഷ്ടപ്പെടുന്നത്? ജാനകി എനിക്കുവേണ്ടി ഒന്നും ചെയ്തുതന്നിട്ടില്ല. എന്നോടല്‍പ്പനേരം സംസാരിച്ചിരിക്കാനുള്ള മനസ്സ് പോലും അവള്‍ കാണിച്ചിട്ടില്ല. ഞാനെത്ര വേദനിച്ചുന്നറിയോ?'' അമ്മ അവരുടെ ഞാന്‍....
എന്റെ....എനിക്ക് വേദനകള്‍ ചില്ലറത്തുട്ടുകളിട്ട തകരപ്പാട്ട കണക്കെ കിലുക്കിക്കുത്തും.
അപ്പോള്‍ വീണാധരിക്ക് ജാനകിയെ കാണാനാവും; നേരിയ പരിഭവത്തോടെ തന്നെയും അമ്മയെയും നോക്കി വാതില്‍ ചാരിനില്‍ക്കുന്നത്. ആ കാഴ്ച കണ്ട് വീണാധരി കണ്ണുകളിറുക്കി പതിയെ ചിരിക്കും. അങ്ങനെ ഈ വീടിന്റെയാത്മാവില്‍ കിലുക്കങ്ങളവശേഷിപ്പിച്ചുപോയ ജാനകിയാണ് ഇപ്പോള്‍ തനിക്കുമുമ്പില്‍ പൊട്ടിത്തകര്‍ന്ന്. വീണാധരി ഹര്‍ഷനെ നോക്കി. തനിക്കപരിചിതമായ ശരീരഭാഷയോടെ ഹര്‍ഷന്‍ നില്‍ക്കുന്നത് അവളെ വേദനിപ്പിച്ചു. ഈ പൊട്ടിത്തെറി സത്യത്തില്‍ തകര്‍ക്കുന്നത് അയാളെത്തന്നെയാണ്. അതവളെ ഭയപ്പെടുത്തി.
വീണാധരി ഹര്‍ഷനോട് യാചിച്ചു. - ''ഹര്‍ഷന്‍... പ്ലീസ്... പ്ലീസ് ബി എ ലവ് ബോംബ്! ലൈറ്റ് ഇറ്റ്ബി എക്‌സ്‌പ്ലോഡഡ് നോട്ട് റ്റു കില്‍ ബട്ട് റ്റു ഹീല്‍ ദ ബ്രോക്കണ്‍ ഹാര്‍ട്‌സ്! ഒരു ഡിവോഴ്‌സോടെ തീരുന്നതാണോ ജാനകിയോടുള്ള സ്‌നേഹവും കടപ്പാടും? പ്ലീസ് സൈറ്റു അണ്ടര്‍സ്റ്റാന്‍ഡ് ഹെര്‍.''
പൊട്ടിക്കരച്ചിലോടെ അവള്‍ അയാളുടെ നെഞ്ചിലേക്ക് വീണു. ആ നനവില്‍ ഹര്‍ഷന്റെ കോപം അണഞ്ഞു. പരാജിതനെപ്പോലെ അയാള്‍ മുകളിലേക്കുള്ള കോണിപ്പടികള്‍ കയറി. അയാളുടെ നെഞ്ചു കുതിര്‍ന്നിരുന്നു. ജാനകി എന്ന സ്ത്രീക്ക് ഊഹിച്ചെടുക്കാനാവാത്തത്രയ്ക്ക് സാന്ദ്രതയുള്ള രണ്ടുതുള്ളി മിഴിനീര്‍മണികള്‍ ആ കണ്ണുകളെ മൂടിയിരുന്നു. അത് രഹസ്യമായി പുറംകൈകൊണ്ടാപ്പി ഹര്‍ഷന്‍ തന്റെ മുറിയുടെ വാതിലടച്ചു. സംവേദനം കിട്ടാതെ ദിശ തെറ്റിയലയുന്ന വൈമാനികന്റേതുപോലെ സങ്കീര്‍ണമായിരുന്നു ആ മനസ്സ്.
വീണാധരി ജാനകിയുടെ തോളില്‍ സ്പര്‍ശിച്ചു. ആ സ്പര്‍ശം മതിയായിരുന്നു ജാനകിക്ക് അവളുടെ നെഞ്ചിലേക്കു ചായാന്‍. തനിക്കുനേരെ നീണ്ട ലീപെങ്ങിന്റെ കണ്ണുകളില്‍ നന്ദിയുടെ ഒരു കടല്‍ ഇരമ്പുന്നത് വീണാധരി കണ്ടു. കാറില്‍നിന്നും ജാനകിയുടെ ലഗേജുകളെടുത്തത് വീണാധരിയാണ്. ഒന്നുരണ്ടു ഷോള്‍ഡര്‍ ബാഗുകള്‍ മാത്രമേ അവള്‍ ക്കുണ്ടായിരുന്നുള്ളൂ. പക്ഷേ, കാറിന്റെ ഡിക്കിയില്‍ നിന്നും ലീ പുറത്തെടുത്ത ചക്രങ്ങളുള്ള വലിയ ട്രോളിബാഗ് വീണാ ധരിയെ അതിശയിപ്പിച്ചു. ലീപെങ്ങ് ഒരു ചിരിയോടെ അവര്‍ക്കു തുറന്നുകൊടുത്ത മുറിയിലേക്ക് അത് ഉരുട്ടിക്കൊണ്ടു പോയി. ജാനകി വീണാധരിയുടെ അത്ഭുതം വിടര്‍ന്ന കണ്ണുകളിലേക്കു നോക്കി പറഞ്ഞു. - ''ലീ, ഒരു സിനലോഗാണ്. അതു നിറയെ റെഫറന്‍സിനുള്ള ബുക്‌സാണ്.''
ആഹാ അതെയോ! എന്ന് അത്ഭുതം കൂറിയെങ്കിലും സിനലോഗ് എന്താണെന്ന് വീണാധരിക്ക് മനസ്സിലായില്ല. സിനഗോഗ് എന്നല്ലാതെ സിനലോഗെന്തെന്ന് അവള്‍ കേട്ടിരുന്നില്ല. ജാനകിയെയും ലീപെങ്ങിനെയും മുറിയിലാക്കി അവര്‍ക്കൊരു ചായയെടുക്കാനായി അടുക്കളയില്‍ ചെന്നപ്പോഴാണ് സീതമ്മുവിന്റെ വിശ്വരൂപം വീണാധരി കണ്ടത്.
''സീതമ്മു... രണ്ട് ചായ.'' വീണാധരി സാധാരണപോലെ പറഞ്ഞു. സീതമ്മ അടുക്കള സ്ലാബിന്റെ വരിപ്പോട് നടു ചേര്‍ത്ത് ഒരു കൈ ഗ്രാനൈറ്റ് സ്ലാബിലും മറ്റേ കൈ മുകളിലെ കബോഡിലും ഉറപ്പിച്ച് വില്ലത്തിയെപ്പോലെ മുരണ്ടു. - ''ചായയോ? ആര്‍ക്ക്? ആ അസത്തുകള്‍ക്കോ? ഈ ജന്മം എന്റെയീ കൈയ്യോണ്ട് നോക്കണ്ട. എനിക്കു വേറെ പണീ ണ്ട്.'
''എന്താ സീതമ്മേ ഇത്? നിങ്ങളവരെ പഴയ ജാനകിയായിട്ടു കൂട്ടണ്ട. എന്റെ രണ്ടു ബന്ധുക്കള്‍ വന്നതായിട്ട് കരുതിക്കൂടെ?'' വീണാധരി സോസ്പാനില്‍ രണ്ടു ഗ്ലാസ് വെള്ളമെടുത്ത് ഗ്യാസ് സ്റ്റൗവ്വില്‍ വയ്ക്കുന്നതിനിടെ പറഞ്ഞു.
''അയ്യടാ അതിനെന്നെ കിട്ടൂല.അവറ്റകള്‍ ഒരു ബാധയാവാണ്ട് കുട്ടി നോക്കിക്കോ..'' അവര്‍ മുഖം കൂടുതല്‍ മുറുക്കി കാട്ടാളത്തിയെപ്പോലെ കുലുങ്ങി വിറച്ച് ഈര്‍ക്കില്‍ ചൂലുമായി മുറ്റത്തേക്കിറങ്ങി ന്യൂറോസിസ് ബാധിച്ചവളെപ്പോലെ കാറ്റില്‍ മുറ്റം നിറഞ്ഞ ചപ്പും ചവറുകളും തിരക്കുവച്ച് അടിച്ചുകോരിക്കളഞ്ഞു.
അവരുടെ വേഗവും ഭാവവും കണ്ടാല്‍ ആ ഈര്‍ക്കിലികള്‍ക്കുള്ളില്‍ ലീപെങ്ങും ജാനകിയുമാണെന്ന് തോന്നും. വീണാധരി നേരിയ മന്ദഹാസത്തോടെ ചായയുമായി ജാനകിക്കരികിലേക്ക് നടന്നു. വീണാധരി എത്തുമ്പോള്‍ ജാനകി കുളിച്ചിരുന്നു. നിറയെ ഞൊറിവുകളുള്ള സ്‌കൈ ബ്ലൂ നിറമുള്ള മാക്‌സിയാണ് അവള്‍ ഇട്ടിരുന്നത്. വയര്‍ ഒട്ടും പുറമേക്ക് തോന്നിക്കുന്നുണ്ടായിരുന്നില്ല. വീണാധരി അവളെ നോക്കി. തന്നെക്കാളും നല്ലോണം പൊക്കം കുറവാണ്. ഉരുണ്ടു വെളുത്ത് ഓമനത്തമുള്ള മുഖം, അല്‍പ്പം പതിഞ്ഞ മൂക്ക്, വലതു പുരികത്തിന് മുകളില്‍ ഒരുണ്ണി മറുക്, വലിയ കണ്ണുകള്‍ക്കു ചുറ്റും ഉറക്കമില്ലായ്മയുടെ കരിവലയങ്ങള്‍. ലീപെങ്ങ് അപ്പോള്‍ കുളിക്കുകയായിരുന്നു.
ജാനകിക്കും വീണാധരിയുടെ സമീപനത്തില്‍ ഒരു പിടികിട്ടായ്ക് ഫീല്‍ ചെയ്തു. ഈ പെണ്‍കുട്ടിയെന്താണിങ്ങനെ? ഇത്രയും പാവം പിടിച്ചൊരാളെ ഈ വീടര്‍ഹിക്കുന്നുണ്ടോ? തന്നോടീവിധം സൗഹാര്‍ദം കാട്ടുന്നതെന്തിന്? ഇത് സത്യസന്ധമായിട്ടാവുമോ, അതോ?
''രാതിയിലെന്താണ് കഴിക്കാന്‍? ഇവിടെ ചൈനീസൊന്നും...'' വീണാധരി തിരക്കി.
''പ്രത്യേകിച്ചൊന്നും വേണമെന്നില്ല. ലീയ്ക്കല്‍പ്പം വൈറ്റ് റൈസും മക്രോണി സാലഡുമുണ്ടെങ്കില്‍ ധാരാളം.''
ജാനകി നെടുവീര്‍പ്പോടെ വാതില്‍ക്കല്‍ നിന്നുകൊണ്ട് ചുറ്റും പുറവും കണ്ണോടിച്ചു. അതിഥി മുറി, ഹാള്‍., കാര്‍പോര്‍ച്ച്, ഗാര്‍ഡന്‍... കണ്ടിടങ്ങളെല്ലാം താനുണ്ടായിരുന്നപ്പോഴുള്ളതുപോലെ തന്നെ. അമ്മയോട് തല്ലുകൂടി താന്‍ അറേഞ്ചു ചെയ്ത ഫര്‍ണീച്ചറുകള്‍ അതേ രീതിയില്‍ ഭംഗിയായും വൃത്തിയായും കിടക്കുന്നു, ഹര്‍ഷനെക്കൊണ്ട് പലയിടങ്ങളില്‍ നിന്നും കൊണ്ടുവരുവിച്ച ചെടികളെല്ലാം തന്നെ പുഷ്പിച്ചിരിക്കുന്നു. അമ്മയും സീതമ്മുവും അവ ശ്രദ്ധിക്കുക കൂടിയില്ല. പക്ഷേ, വീണാധരി തന്റെ സ്മാരകങ്ങളെന്നോണം എല്ലാം സംരക്ഷിച്ചിരിക്കുന്നു. എല്ലാം ഞാന്‍ പോകുമ്പോഴുള്ളതുപോലെ തന്നെ.
''എന്തിനാണ് വീണാധരീ, ഒക്കെ ഒന്നു മാറ്റിക്കൂടെ?'' ജാനകി അസ്വസ്ഥതയോടെ വീണാധരിയെ നോക്കി. അവള്‍ പുഞ്ചിരിയോടെ പുറമേക്കു നടന്നു. താഴെ അവളെക്കാത്ത് അമ്മ നിന്നിരുന്നു.
''വാ...'' അവര്‍ അവളെ തന്റെ മുറിയിലേക്കു വലിച്ചു. അവരുടെ നീണ്ടു ദൃഢമായ വിരലുകള്‍ക്കുള്ളില്‍ വീണാധരിയുടെ വെണ്ണപോലുള്ള വിരലുകള്‍ കരഞ്ഞു. അമ്മ മധ്യാഹ്നം മുതല്‍ അടക്കി വച്ച സമ്മര്‍ദം മുഴുവനും പുറമേക്ക് ചീറ്റി. ''ലവ് ബോംബുപോലും, ലവ് ബോംബ്. ഇതു നിനക്ക് പാരയാകും കുട്ടീ, വീണ്ടും ഹര്‍ഷനുമായി അടുക്കാനാവും അവളുടെ വരവ്. ആ മണകൊണാഞ്ചന്‍ ചൈനാക്കാരനെ അവള്‍ക്കു മടുത്തിരിക്കും. അവനെന്തൊരു ഭര്‍ത്താവാണ്? അല്ലെങ്കിലും കുടുംബബന്ധങ്ങളെക്കുറിച്ച് ചൈനാക്കാര്‍ക്ക് എന്തറിയാം? നീയും എന്താ ഇങ്ങനെ? സത്യത്തില്‍ നിനക്ക് വട്ടാണോ?'' അമ്മ ശാസനയും ഗുണദോഷവും കൊണ്ട് അവളെ ഇസ്തിരിയിട്ടു. വീണാ ധരിയ്ക്ക് ചെറുതായി കരച്ചില്‍ വന്നു. അമ്മ തനിക്ക് വട്ടാണോ എന്ന് ചോദിച്ചതല്ല ചൈനാക്കാര്‍ക്ക് കുടുംബബന്ധങ്ങളെ ക്കുറിച്ച് എന്തറിയാം എന്നു ചോദിച്ചതാണ് അവളെ കരയിച്ചത്.
കോളേജില്‍ കുട്ടികളെ ലെറ്റര്‍ ഫ്രം പീക്കിങ് പഠിപ്പിക്കുമ്പോള്‍ വല്ലാതെ ഇമോഷണലായിപ്പോയിരുന്ന ഭാമി ടീച്ചര്‍ തന്നെയാണോ ചൈനാക്കാര്‍ക്ക് കുടുംബബന്ധങ്ങളെക്കുറിച്ച് എന്തറിയാമെന്നു ചോദിച്ചത്? അതു വേണ്ടീരുന്നില്ല. മ്മേ..
വീണാധരി അമ്മയുടെ മുഖം തന്റെ കൈക്കുമ്പിളിലെടുത്തു. അവരുടെ തുടുത്ത മുഖം പൊടുന്നനെ വിളറി. അവളെ അഭിമുഖീകരിക്കാനാവാതെ ജാള്യത്തോടെ അവര്‍ ടേബിളിലെ പുസ്തകങ്ങള്‍ക്കിടയില്‍ ഒട്ടകപ്പക്ഷിയെന്നോണം മുഖംപൂഴ്ത്തി.
വീണാധരി അമ്മയുടെ മുറിയില്‍നിന്നും പുറമേക്കു നടന്നു. എന്തിനാണ് അമ്മ തന്റെ സ്‌നേഹത്തെ വട്ടാണെന്നു സന്ദേഹി ക്കുന്നത്? ഒരിക്കല്‍ ഇത് ഹര്‍ഷനോട് അവര്‍ പറയുന്നത് പൂജാമുറിയിലെ ചുക്കിലിവലകള്‍ തട്ടി വെടിപ്പാക്കുന്നതി നിടെ അവള്‍ കേട്ടിരുന്നു. അലൂമിനിയം ഏണിയുടെ പാതിപടവുകള്‍ക്കു മുകളില്‍ നിന്നുകൊണ്ട് വെറുതെ അവളതു കേ ട്ടു. ഒരു കോളേജ് പ്രഫസറും പൈലറ്റും തമ്മിലുള്ള സംഭാഷണമാണ്- ഒരാള്‍ ഒരു ജനതയെയും മറ്റൊരാള്‍ ആകാശത്തെയും കീഴടക്കുന്നവര്‍ - ആ കാഴ്ചപ്പാടോടെ ആ സംസാരത്തിന് കാതോര്‍ത്തത് അബദ്ധമായെന്ന് അവള്‍ക്കു ബോധ്യമായി.
''വീണയ്ക്ക് ശരിക്കും എന്തേലും പ്രശ്‌നോണ്ടോ? നീ ശരിക്കും കാര്യങ്ങള്‍ അന്വേഷിച്ചിരുന്നില്ലേ? എന്തായാലും ഇതുപോലൊരാളെ ഇക്കാലത്ത് വിത്ത് ഫ്‌ളെഷ് ആന്റ് ബ്ലഡ് കാണാനാവുമോ? ഒരുപക്ഷേ, അഭിനയമാവാം. പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന് പഴഞ്ചൊല്ലുണ്ട്. എന്തായാലും നോക്കട്ടെ. പോകപ്പോകെ ജാനകിയെക്കാള്‍...''
അതിന് ഹര്‍ഷന്റെ പരിഭ്രാന്തി നിറഞ്ഞ മറുപടി, ''ഏയ്... ഒന്നൂലമ്മേ... അമ്മേടെ തോന്നലാവും. അല്ലേ?''
ആ അല്ലേ? വീണാധരിയെ ചിരിപ്പിച്ചു. പോയ്‌പോയ ഭൂതകാലത്തിന്റെയും ഒഴിവാക്കാനാവാത്ത ഭാവികാലത്തിന്റെയും ആകുലതകള്‍ പേറി വര്‍ത്തമാന നിമിഷങ്ങളിലഭിരമിക്കുവാന്‍ കഴിയാതെ പോകുന്ന പ്രത്യേക ജാതി മനുഷ്യര്‍! ഈ ജന്മം അവര്‍ക്കൊന്നിലും സന്തോഷം കണ്ടെത്താനാവില്ല. വെറുതെ ആകുലപ്പെട്ടുകൊണ്ടേയിരിക്കും.
അമ്മ ഹര്‍ഷനോട് തനിക്കു വട്ടാണോ എന്നു ചോദിച്ച ദിവസം പൂജാമുറിയിലെ ചുക്കിലിവലകള്‍ അടിച്ചുതൂത്ത് പുറമെ മഴയിലേക്കിറങ്ങിയത് വീണാധരി ഓര്‍ത്തു. മഴ... ആദ്യമായ് പൂവിട്ട ക്രിസാന്തിമം... മഴവില്ല്... ആഹ്ലാദം കൊണ്ട് തുള്ളിച്ചാടവെ കുടയുമായി ഹര്‍ഷന്‍ വന്നു അല്‍പ്പം ബലമായി പിടിച്ച് വരാന്തയിലേക്കു കയറ്റി ടര്‍ക്കികൊണ്ട് തല തുവര്‍ത്തിത്തരുന്നതിനിടെ അമ്മയും സീതമ്മുവും കേള്‍ക്കാതെ അങ്കലാപ്പോടെ ചോദിച്ചു. ''എന്താ വീണേ ഇത്, കൊച്ചുകുട്ടികളെപ്പോലെ? ആദ്യമായി കാണുകയാണോ ഇതൊക്കെ? ആര്‍ യു മാഡ്?''
അതുകേട്ട് ഹര്‍ഷനെ കെട്ടിപ്പുണര്‍ന്ന് വീണാ ധരി പറഞ്ഞു. ''മനസ്സുതുറന്ന് കളങ്കമില്ലാതെ സ്‌നേഹിക്കുന്നതും സന്തോഷിക്കുന്നതും വട്ടാണെങ്കില്‍ വീണാധരിയ്ക്കു വട്ടാണ്.''
പിന്നീട് അമ്മയുടെ മുടിയില്‍ ഡെ പുരട്ടുമ്പോഴും അവരുടെ കോളേജ് ബാഗില്‍ ഓര്‍മ്മയോടെ ലഞ്ചും വാട്ടര്‍ ബോട്ടിലും എടുത്തുവയ്ക്കുമ്പോഴും അവരോടൊപ്പം യാത്ര പോകുമ്പോഴും തുടങ്ങി താന്‍ അമ്മയ്‌ക്കൊപ്പമുള്ള ഓരോ നിമിഷവും ഉള്ളില്‍ അവരനുഭവിക്കുന്ന സംഘര്‍ഷമോര്‍ത്ത് വീണാധരി ചിരിക്കും.
............................................................
വീണാധരി ജാനകിയുടെ തോളില്‍ സ്പര്‍ശിച്ചു. ആ സ്പര്‍ശം മതിയായിരുന്നു ജാനകിക്ക് അവളുടെ നെഞ്ചിലേക്കു ചായാന്‍. തനിക്കുനേരെ നീണ്ട ലീപെങ്ങിന്റെ കണ്ണുകളില്‍ നന്ദിയുടെ ഒരു കടല്‍ ഇരമ്പുന്നത് വീണാധരി കണ്ടു.
വീണാധരി ഹര്‍ഷനോട് യാചിച്ചു. - ''ഹര്‍ഷന്‍... പ്ലീസ്... പ്ലീസ് ബി എ ലവ് ബോംബ്! ലൈറ്റ് ഇറ്റ്ബി എക്‌സ്‌പ്ലോഡഡ് നോട്ട് റ്റു കില്‍ ബട്ട് റ്റു ഹീല്‍ ദ ബ്രോക്കണ്‍ ഹാര്‍ട്‌സ്! ഒരു ഡിവോഴ്‌സോടെ തീരുന്നതാണോ ജാനകിയോടുള്ള സ്‌നേഹവും കടപ്പാടും?
...............................................
ഹാളിലെ വാള്‍ക്ലോക്കില്‍ മണി അഞ്ചടിച്ചു. സീതമ്മു നേരത്തെ കുളിച്ച് വസ്ത്രം മാറി അത്താഴമൊരുക്കാന്‍ തുടങ്ങി യിരുന്നു. കിച്ചണ്‍ സ്ലാബില്‍ വെളുത്ത ബൗളില്‍ കുനുകുനെ അരിഞ്ഞുവച്ചിരിക്കുന്ന നാടന്‍ പച്ചപ്പയര്‍, കുക്കറില്‍ വാളന്‍പുളി പിഴിഞ്ഞുചേര്‍ത്ത വെണ്ടയ്ക്ക സാമ്പാര്‍ തിളയ്ക്കുന്നു. ജനാലയുടെ അരഭിത്തിയില്‍ സ്പടികജാറുകളില്‍ സൂക്ഷി ച്ചിരുന്ന കൊത്തമല്ലിത്തഴയും വേപ്പിലയും അത്താഴത്തിന്റെ കൊതി കൂട്ടാനെന്നവിധം ഗന്ധം പ്രസരിപ്പിച്ചുനിന്നു. വീണാധരി ക്ക് ചിരി വന്നു. നേരത്തെ കോലാഹലമുണ്ടാക്കിയെങ്കിലും ജാനകിക്കു വേണ്ടിയാണ് സീതമ്മു ഇതൊക്കെ ഉണ്ടാക്കുന്നത്. അവളുടെ ചിരികണ്ട് സീതമ്മു കൃത്രിമ ദേഷ്യത്തോടെ ഒച്ചവച്ചു.
''ചിരിയ്ക്കുണ്ട്... കുട്ടീടെ വിരുന്നുകാരി എന്ന നിലയ്ക്ക് ചെയ്യണതാ. അല്ലാതെ ആ മങ്കനെ ഓര്‍ത്തിട്ട് ചെയ്യണതൊ ന്നുമല്ല. ഇനി ആ ചൈനാക്കാരന് എന്താവോ അമൃതേത്തിന് ഒരുക്കേണ്ടത്?''
തേങ്ങയും ചുമന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് പച്ചപ്പയര്‍ തോരനുണ്ടാക്കുന്നതിനിടെ അവര്‍ ശ്രമപ്പെട്ട് മുഖത്തെ പ്രസന്നത ഒളിപ്പിച്ചു. വീണാധരി കുസൃതിയോടെ അവരുടെ വലിഞ്ഞു തൂങ്ങിയ കവിളുകളില്‍ മൂക്കുരസിക്കൊണ്ടു കൊഞ്ചി. - ''ഇത്തിരി വൈറ്റ് റൈസും ഇത്തിരി സാലഡും മതീന്ന്.'' സീതമ്മുവിന് പെട്ടെന്നൊരു സങ്കടം വന്നു. വീണാധരി എന്താവും ഇത്രമേല്‍ പാവമാകുന്നത്? ഈ ലോകത്ത് ഏതെങ്കിലുമൊരു പെണ്ണിന് പറ്റുന്ന കാര്യമാണോ ഇത്? തീക്കൊള്ളി കൊണ്ട് തലചൊറിയുംപോലെ.
വീണാധരിക്ക് എന്തോ ചെറിയ പ്രശ്‌നമുണ്ടെന്ന് അവരും സംശയിച്ചുതുടങ്ങിയിരുന്നു. ഒരുതരം മാനസിക വളര്‍ച്ചക്കുറവ്. മനുഷ്യരോടും വളര്‍ത്തുമൃഗങ്ങളോടുമൊക്കെയുള്ള സ്‌നേഹം മനസ്സിലാക്കാം. പക്ഷേ, അടുക്കളയുടെ വെന്റിലേഷന്‍ വഴി കടന്ന സ്റ്റോറിലെ പച്ചക്കറികളും മറ്റും കരണ്ടുതിന്നുന്ന കള്ളനെലിയോടുള്ള സ്‌നേഹമോ? കുറെദിവസങ്ങള്‍ക്കുമുമ്പാണ് ആദ്യമായി ആ വീട്ടിനുള്ളില്‍ ഒരെലിശല്യം സ്ഥിരീകരിക്കുന്നത്. പാതിരാത്രി സുഖ സുഷുപ്തിയിലായിരുന്ന തന്നെ വീണാധരി വിളിച്ചുണര്‍ത്തി, 'ശ്...ശ്....ശ്... മിണ്ടല്ലേ... വാ ഒരൂട്ടം കാണിക്കാ'മെന്ന് പറഞ്ഞ് അടുക്കളയിലേക്ക് നടത്തി. കണികാണിക്കാന്‍ പോലും തന്നെയിതുവരെ ആരും ഇതുപോലെ കണ്ണുകള്‍ മൂടിപ്പിടിച്ച് കൊണ്ടുപോയിട്ടില്ലല്ലോ എന്ന ചിന്തയോടെ കണ്ണുതുറന്ന് നോക്കിയപ്പോഴുണ്ട് ഒരു ചുണ്ടെലി!
''അയ്യോ, ചുണ്ടെലി' എന്നു പറഞ്ഞ് സ്റ്റോര്‍ റൂമിന്റെ മൂലയില്‍ നിന്നും വടിയെടുക്കാന്‍ അവര്‍ തുനിഞ്ഞതും എലി പേടിച്ച് വെന്റിലേഷന്‍ വഴി പുറത്തു ചാടി. ''എന്തിനാ സീതമ്മു അതിനെ ഓടിച്ചെ? ശ്ശോ... പാവം എലി.'' വീണാധരി പറഞ്ഞതുകേട്ട് സീതമ്മുവിന് ദേഷ്യം വന്നു. ''എലി.. കുലി.. പാവം പോലും! പോയിക്കിടന്നുറങ്ങ് കുട്ടീ.''
അവര്‍ ഉറക്കപ്പിച്ചോടും ദേഷ്യത്തോടും കൂടി വീണാധരിയെ ശാസിച്ചുകൊണ്ട് ആ ഹോളുകള്‍ പഴന്തുണി വച്ചടച്ചു. പിറ്റേന്ന് അമ്മ കോളേജില്‍ പോയതും വീണാധരി ആശാരിയെ വരുത്തിച്ച് സ്റ്റോര്‍മുറിയുടെ വാതില്‍ അറ്റകുറ്റം തീര്‍ത്ത് ഭംഗിയാക്കി. രാത്രി അത്താഴം കഴിഞ്ഞ് സീതമ്മുവിനോട് അവള്‍ കെഞ്ചി. - ''സീതമ്മു, സ്റ്റോറിന്റെ വാതില്‍ അടച്ചു. ഇനി അടുക്കളേല് എലിയ്ക്ക് നശിപ്പിക്കാന്‍ ഒന്നും ഇല്ലാലോ. ഒരു ഉരുളക്കിഴങ്ങോ മറ്റോ വെച്ചാ അത് വന്ന് തിന്നിട്ട് പൊക്കോളും. പാവം! അതിനെ സീതമ്മു ശരിക്കും കണ്ടിരുന്നോ? ചെറൊരു ചുണ്ടെലിക്കുട്ടന്‍. അതിന്റെ വയറ് ഒട്ടിയിരിക്ക്യായിരുന്നു. ചുണ്ടെലീനേം കൊണ്ട് എന്തുപ്രദവം ഉണ്ടാവാനാ പ്ലീസ് സീതമ്മ, അതിന് വരാന്‍ പാകത്തിന് ഒരു ഹോള്‍ ഇത്തിരി തുറന്നിട് സീതമ്മേ.''
വീണയുടെ നിരന്തരമായ കെഞ്ചല്‍ കേട്ട് മനസ്സില്ലാമനസ്സോടെ സീതമ്മു ഒരു ഹോള്‍ പാതി തുറന്നിട്ടു. എലി ഹോളിലൂടെ മുകള്‍ സ്ലാബില്‍ കമഴ്ത്തിവച്ചിരിക്കുന്ന ഓട്ടുപാത്രങ്ങളിലൂടെ മുകളിലേക്കും താഴേക്കുമുള്ള തന്റെ സൈ്വര്യസഞ്ചാ രം തുടര്‍ന്നു. അടുക്കള സ്ലാബില്‍വച്ച കിഴങ്ങുകള്‍ ദിനവും അപ്രത്യക്ഷമാകുന്നതുകണ്ട് വീണാധരിയുടെ മുഖം ആഹ്ലാദം കൊണ്ട് വിങ്ങിവന്നു. അതോടെ 'ഇക്കുട്ടിയ്‌ക്കെന്തോ പ്രശ്‌നണ്ടല്ലോ ഭഗവാനേ?' എന്ന് സീതമ്മുവിനു തോന്നിത്തുടങ്ങി. - സീതമ്മു സാമ്പാര്‍ സ്റ്റൗവ്വില്‍ നിന്നിറക്കി കടുകു വറക്കാന്‍ വട്ടം കൂട്ടുന്നതിനിടെ വീണയെ വീണ്ടും ഓര്‍മിപ്പിച്ചു. ''കുട്ടീ, നീയിപ്പോ ചെയ്യാന്‍ പോണ കാര്യം ചൂണ്ടലിക്ക് കിഴങ്ങുകൊടുക്കണപോലെ നിസ്സാരല്ല. അഞ്ചുവര്‍ഷം ഒരു ദേഹോം ഒരു മനസ്സുമായിട്ട് കഴിഞ്ഞവരാ. വെര്‍തെ വേണ്ടാത്തതെടുത്ത് തന്നെ വയ്ക്കണ്ടാട്ടാ.''
അതുകേട്ട് വീണാധരി അവരുടെ നെറ്റിയില്‍ നെറ്റി ചേര്‍ത്ത് കുസൃതിയോടെ അല്‍പ്പനേരം നിന്നു. സീതമ്മുവിന്റെ മുഖത്തെ മുറുക്കം പൂര്‍ണമായും അയഞ്ഞു. ''ഇതെന്തൊരു പൊട്ടിക്കുട്ട്യാ. എന്തിനാ മോളെ ഈ പൊല്ലാപ്പുകള്?'' അവര്‍ ദീര്‍ഘനിശ്വാസത്തോടെ ചീനച്ചട്ടി അടുപ്പില്‍ വച്ചു.
''അയ്യേ... എന്ത് പൊല്ലാപ്പ്? ഒറക്കോല്ലാണ്ടായാലുള്ള വെഷമം സീതമ്മു ഒന്നോര്‍ത്ത് നോക്ക്യേ... അതും ഈ അവസ്ഥല് പാവം ജാനകി.'' വീണാധരി സീതമ്മുവിനെ അനുനയിപ്പിക്കാന്‍ ഒരു ശ്രമം നടത്തി.
''ഹും.. പാവം പോലും പാവം! പിന്നെന്തിനേ ബന്ധം പിരിഞ്ഞത്? എന്നിട്ടിപ്പോ വന്നേക്കണൂ ഒറങ്ങാന്‍...''
സീതമ്മുവിന്റെ പുച്ഛം ചീനച്ചട്ടിയില്‍ കുടുകുകളോടൊപ്പം പൊട്ടിച്ചിതറി. വീണാധരിക്ക് ആശ്ചര്യം തോന്നി. എന്തിനാവോ എല്ലാരും ഇത്രമേല്‍ അസ്വസ്ഥരാകുന്നത്? ജാനകി... കുഞ്ഞ് ...ഉറക്കം... ഹര്‍ഷന്റെ കൈത്തണ്ട... എല്ലാം എത് നിര്‍മലമായ സംഗതികളാണ്!
മധ്യാഹ്നത്തിലെ ഇരുട്ടുമൂടിയ മഴക്കുശേഷം ആകാശം അസാധാരണമാംവിധം വെളുത്തു. സന്ധ്യയായിത്തുടങ്ങിയിട്ടും പകല്‍ തിളങ്ങിനിന്നു.
''വീണാ, ലീയെ ബംഗ്ലാക്കുന്നുകളൊന്നു കാണിച്ചു വരാമോ?'' ജാനകി ഗര്‍ഭാലസ്യവും ഉറക്കക്ഷീണവും തളര്‍ത്തിയ സ്വരത്തില്‍ മുറിവാതില്‍ക്കല്‍നിന്ന് ചോദിച്ചു. അവളുടെ കണ്ണുകള്‍ക്കു ചുറ്റുമുള്ള കറുത്ത വളയം കൂടുതല്‍ പടര്‍ന്നും മുഖം വിളറിയും കാണപ്പെട്ടു.
''ഒരു രക്ഷേമില്ല. സന്ധ്യയാകുമ്പോഴേക്കും ക്ഷീണം കൂടും.'' ലീപെങ്ങിന്റെ നീലകുര്‍ത്തിക്കു പുറകിലെ ചുളിവ് നി വര്‍ത്തുന്നതിനിടെ അവള്‍ വീണാധരിയോടു പറഞ്ഞു.
വീണാധരി ലീപെങ്ങിനൊപ്പം ബംഗ്ലാവിന് പുറകിലെ ഇടവഴിയിലൂടെ നടന്നു. ''ഹര്‍ഷന്റെ മുത്തശ്ശന്‍ ഈ ബംഗ്ലാവ് വാങ്ങുമ്പോള്‍ ഇവിടം നിറയെ ഓക്കുമരങ്ങളായിരുന്നു'', വീണാധരി ലീപെങ്ങിനോട് ബംഗ്ലാവിന്റെ ചരിത്രം പറഞ്ഞു. ചീന മണക്കുന്ന ഇംഗ്ലീഷില്‍ ലീപെങ്ങും സരളമായി ഏറെ സംസാരിച്ചു. സാധാരണ ചൈനാക്കാരുടേതില്‍ നിന്നു വ്യത്യസ്തമാ യി ലീയുടെ മുഖത്തുള്ള മലയാളിത്തം ജാനകിയുടെ സംഭാവനയാണെന്ന് വീണാധരി പറഞ്ഞത് ലീയെ സന്തോഷിപ്പിച്ചു. കുന്നുകള്‍ക്കു മുകളില്‍ മുകിലിറങ്ങുന്നതും നോക്കി അവരിരുന്നു. പതിയെപ്പതിയെ ആകാശം വിട്ടിറങ്ങുന്ന മുകില്‍ ത്തുണ്ടുകള്‍ കുന്നുകളുടെ ഉച്ചി മുതല്‍ കാല്‍പ്പെരുവിരല്‍ വരെ ചുംബിച്ചു ചുംബിച്ച് അവയെ അപ്രത്യക്ഷമാക്കുന്ന കാഴ് ച ആശ്ചര്യത്തോടെ ലീ വീഡിയോയില്‍ പകര്‍ത്തി. ഇപ്പോള്‍ കാഴ്ചയുടെ ക്യാന്‍വാസില്‍ ബംഗ്ലാക്കുന്നുകളില്ല. മുകില്‍ മറ മാത്രം. ആ കാഴ്ച നല്‍കിയ അനുഭൂതിയോടെ അയാള്‍ തന്റെ ഭാഷയില്‍ ഒരു ഗാനം മൂളി.
''എന്താണീ പാട്ടിന്റെ അര്‍ഥം?'' വീണാധരി ചോദിച്ചു.
'ചുംബനങ്ങള്‍ക്ക് പ്രിയപ്പെട്ടവയെ അപ്രത്യക്ഷമാക്കാനുള്ള കഴിവുണ്ടെന്ന് ഞാനറിഞ്ഞത് ഇപ്പോഴാണ് പ്രിയേ..'' പാട്ടിന്റെ അര്‍ഥം പറഞ്ഞ് ലീ ഉറക്കെ ചിരിച്ചു, വീണാധരിയും. പെട്ടെന്ന് ദൂരെ പള്ളിയില്‍നിന്നും കേട്ട് കൂട്ടമണിയൊച്ചയില്‍ ഇരുവരും ഒരു നിമിഷം നിശ്ശബ്ദരായി.
''ആരോ മരിച്ചു.'' വീണാധരി പറഞ്ഞു.
''ഓ... ജാനകി പേടിക്കും. വരൂ നമുക്ക് പോകാം.''
ലീപെങ്ങിന്റെ മുഖം പെട്ടെന്ന് വിവര്‍ണമായി. അതുകണ്ട് വീണാധരി തമാശയായി ചോദിച്ചു.
''എന്തിന്? ജാനകിക്ക് പള്ളിമണികളെ ഭയമാണോ?''
''അതെ... ജാനകിക്ക് മരണത്തെ ഭയമാണ്. വരൂ നമുക്ക് പോകാം.'' ലീ തിടുക്കത്തിലെഴുന്നേറ്റു.
''ലീയ്ക്ക് പേടിയുണ്ടോ?'' വീണാധരി ചുവന്ന സാരിത്തുമ്പിലെ മഞ്ഞപ്പൂവുകള്‍ കൊണ്ട് പുറത്തേക്കു ചാടാനാഞ്ഞ ഒരു ചിരി മൂടി പിടിച്ചു. ലീ യുടെ മുഖം അയഞ്ഞു. അയാള്‍ പുഞ്ചിരിച്ചു.
''മരണത്തെക്കുറിച്ച് അഗാധമായി ചിന്തിക്കുമ്പോള്‍ അല്‍പ്പം പേടി തോന്നും. വീണാധരിക്ക് പേടിയില്ലേ?''
വീണാ ധരി ലീയുടെ ക്യാമറയിലൂടെ തൊട്ടടുത്ത ചതുപ്പിനു മുകളിലൂടെ താഴ്ന്നുപറക്കുന്ന പൊന്‍മാന്‍ ഒരിടത്തു നിലയുറപ്പിക്കുന്നതുവരെ കാത്തുകൊണ്ട് പറഞ്ഞു. ''ജനനത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങളെക്കുറിച്ചു മാത്രമേ ഞാനറിയുന്നുള്ളൂ. മരണത്തിനും ജനനത്തിനുമിടയില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതെന്താണെന്ന് മരിച്ചുപോയവരാരും വന്നു പറഞ്ഞിട്ടില്ലാത്തിടത്തോളം അതെക്കുറിച്ചെനിക്ക് പേടിയേ ഇല്ല. ഉള്ളത് ജിജ്ഞാസ മാത്രം.'
ലീ അവള്‍ പറഞ്ഞതെന്തെന്ന് ഒരു നിമിഷം ധ്യാനിച്ചു. പൊന്മാന്‍ ലൈലാക്ക് നിറപ്പൂക്കളുള്ള ഒരു ചെടിക്കുമേല്‍ നി ലയുറപ്പിച്ചുകൊണ്ട് തന്റെ കൊക്കില്‍ കിടന്നു പിടയുന്ന മത്സ്യവുമായി ഫോട്ടോയ്ക്ക് പോസു ചെയ്യാണെന്നവിധം വീണാ ധരിയെ നോക്കിനിന്നു. ലീ അവള്‍ പറഞ്ഞത് ഉള്ളില്‍ മൗനമായി ആവര്‍ത്തിച്ചു. ''അതെ, മരിച്ചുപോയവരൊന്നും വന്ന് പറയാത്തിടത്തോളം ഭയമെന്തിന്? ജിജ്ഞാസ മതി... ജിജ്ഞാസ മാത്രം!'
അന്ന് അത്താഴം മൂന്നുതവണയായാണ് വീണാധരി കഴിച്ചത്. ആദ്യം അതിഥികളോടൊപ്പം, പിന്നീട് അമ്മയെ അനുനയിപ്പിച്ച് അവരോടൊപ്പം. ഹര്‍ഷനെ ഊട്ടാന്‍ മൂന്നാമതവള്‍ക്ക് ശരിക്കും പണിപ്പെടേണ്ടി വന്നു. ക്ഷണം കഴിഞ്ഞ് ജാനകിക്കായി തന്റെ കിടക്കയില്‍ അവള്‍ ഇളംപച്ചയില്‍ മഞ്ഞ മിക്കിമൗസ് ചിത്രങ്ങളുള്ള ഷീറ്റ് വിരിച്ചു. നീലനാഗത്തിന്റെ ആകൃതിയുള്ള പൂപ്പാലികയില്‍ വെളുത്ത റോസാപുഷ്പങ്ങളൊരുക്കി. ജനാലയ്ക്കരികെ കെറുവിച്ചുനിന്ന ഹര്‍ഷന്റെ മാറിലെ മൃദുരോമങ്ങളില്‍ ചുണ്ടുകള്‍ ചേര്‍ത്ത് 'ബി എ ലവ് ബോംബ്' എന്നുച്ചരിച്ച് അമര്‍ത്തി ചുംബിച്ച ശേഷമാണ് അവള്‍ അവിടെനിന്നും പറുത്തുകടന്നത്.
വീണാധരി എത്തുമ്പോള്‍ ലീപെങ്ങ് ജാനകിയുടെ കാല്‍വണ്ണകളില്‍ പെയിന്‍ബാം പുരട്ടി തടവുകയായിരുന്നു. കാണുന്തോറും ജാനകി ഓമനത്തമുള്ള ഒരു കൊച്ചുകുഞ്ഞായി മാറുംപോലെ അവള്‍ക്കു തോന്നി.
''വാ.. ഉറങ്ങണ്ടേ?'' വീണാധരി ചോദിച്ചു.
''ഉം'', ജാനകി മൂളി. പിന്നെ ലീയെ നോക്കി. അയാള്‍ അവളുടെ നെറുകയില്‍ ചുംബിച്ച് ശുഭരാത്രി ആശംസിച്ചു. ജാനകിയെ ഹര്‍ഷനരികിലാക്കി വീണാധരി അടുക്കളയിലേക്കു നടന്നു. സ്ലാബില്‍ എലിക്കുട്ടനുവേണ്ടി ഒരു കിഴങ്ങടുത്തുവച്ച് ലീപെങ്ങിനുള്ള ലെമണ്‍ ടീ നിറച്ച ഫ്‌ളാസ്‌കമായി അടുക്കള തഴുതിറങ്ങുമ്പോള്‍ സീതമ്മു മൂക്കത്ത് വിരല്‍ചേര്‍ത്ത് പരിതപിച്ചു.
''ജീവിതത്തില് ഈക്കുട്ടി വിജയിക്കുംന്ന് എനിക്ക് തോന്നണില്ല. മഹാ തോല്‍വിയന്നെ. മഹാതോല്‍വി.'' അതിനു മറുപടി പറയാതെ വീണാധരി റീഡിങ് റൂമിലേക്കു നടന്നു. പരസഹസ്രം സഹോദര ബീജങ്ങളോടു പടവെട്ടി ഒന്നാമനായെത്തി അണ്ഡത്തോടലിഞ്ഞ് ഉരുവപ്പെടുന്ന ഓരോ മനുഷ്യജന്മവും ആദി മുതലേ വിജയികളാണ്! അവനു മുമ്പിലാണ് നിസ്സാരമായ ജീവിതസമരങ്ങള്‍! സീതമ്മു പാവം! അവരെന്തറിയുന്നു?
റീഡിങ് റൂമില്‍ നിലത്ത് തന്റെ ചൈനീസ് കമ്പളം വിരിച്ച് ചതുരക്കട്ടകള്‍ പോലെ അടുക്കിയ പുസ്തകക്കെട്ടുകള്‍ക്ക് നടുവില്‍ ഒരു സിനലോഗിന്റെ അന്വേഷണത്വരയോടെ ലീ ഇരിക്കുന്നത് വീണാധരി കൗതുകത്തോടെ നോക്കിനിന്നു. സിനലോഗെന്തെന്ന് ഡിക്ഷണറിയില്‍ തിരഞ്ഞുപിടിച്ചതിനുശേഷം ലീപെങ്ങിനെ ആദരവു കലര്‍ന്ന കൗതുകത്തോടുകൂടി കാണാനെ അവള്‍ക്ക് കഴിഞ്ഞുള്ളൂ. ഫ്‌ളാസ്‌ക് ടേബിളില്‍ വച്ച് തുറന്നിട്ട ജനാലയിലൂടെ അവള്‍ പുറമേക്കു നോക്കി. രാത്രി ഒരു ഫാല്‍ക്കണ്‍ പക്ഷിയുടെ നിഴല്‍പോലെ ബംഗ്ലാക്കുന്നുകളെ കറുപ്പിക്കുകയും യൂണിവേഴ്‌സിറ്റി കെട്ടിടത്തെ മറയ്ക്കുകയും ചെയ്തിരിക്കുന്നു.
ബംഗ്ലാവിനു മുമ്പിലെ നിയോണ്‍ വിളക്കുകളുടെ പ്രഭയില്‍ താഴെ ഓക്കുമരങ്ങളുടെ നിഴല്‍ നൃത്തം... പതിയെ മഞ്ഞുകാറ്റു വീശിത്തുടങ്ങിയിരിക്കുന്നു. തണുപ്പ് മാര്‍ജാരപാദം വച്ച് ഉള്ളിലേക്ക് അരിച്ചെത്തുന്നു. വീണാധരി ഷെല്‍ഫില്‍നിന്നും ജയമോഹന്റെ 'ആനഡോക്ടര്‍' പുനര്‍വായനക്കായി എടുത്തുകൊണ്ട് ലീപെങ്ങിനരികിലിരുന്നു. ലീയുടെ മടിയില്‍ മോയാന്റെ 'ഗാര്‍ളിക്ക് ബല്ലാഡ്' കുസൃതിയോടെ കിടന്നിരുന്നു. അയാളുടെ വായനയ്ക്ക് ഭംഗം വരുത്താതെ ചായക്കോപ്പ് ഒഴിയുന്ന മുറയ്ക്ക് നിറച്ചും ചുറ്റുമുള്ള ചൈനീസ് ഗ്രന്ഥങ്ങളിലൂടെ കണ്ണോടിച്ചും രാത്രി വളരു വോളം അവള്‍ ഇരുന്നു.
മോയാനെ അന്വര്‍ഥമാക്കുമാറ് ലീപെങ്ങ് നിശ്ശബ്ദനായിരുന്നു. രാവ് അതിന്റെ ഏതോ യാമങ്ങളിലേക്കു കടന്നു. വീണാധരി ആനഡോക്ടറുമായി മുറിയുടെ ഒരു കോണില്‍ പാതിയുറക്കത്തിലേക്ക് ചാഞ്ഞു.ദൂരെയെങ്ങോ ഒരു പുള്ള് കരഞ്ഞു... ലീപെങ്ങ് വായനയില്‍ നിന്നുണര്‍ന്നു. ജാലകത്തിലൂടെ ചതുര്‍ക്കോണൊപ്പിച്ചെത്തിയ വിളറിയ നിലാവ് പരവതാനിയിലൂടെ ചായക്കോപ്പയിലൂടെ ഗാര്‍ളിക്ക് ബല്ലാഡിനെയും ആനഡോക്ടറെയും വീണാധരിയെന്ന സാധു യുവതിയെയും തഴുകി കടന്നുപോകെ തനിക്കു പിറക്കാനിടയുള്ള വീണാധരിയെന്ന പേര് വിളിക്കാന്‍ താന്‍ കൊതിക്കുന്ന മകള്‍ക്കായി ലീപെങ്ങ് ഡയറിയില്‍ കുറിച്ചു- ''ബി എ ലവ് ബോം ബ്. ലൈറ്റ് ഇറ്റ് ബി എക്‌സ്‌പ്ലോഡഡ് നോട്ട് റ്റു കില്‍ ബട്ട് റ്റു ഹീല്‍ ദ ബോക്കണ്‍ ഹാര്‍ട്‌സ്.''
വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം