വാക്കുല്‍സവത്തില്‍ ഇന്ന് നിക്കരാഗ്വയിലെ പ്രമുഖ കവിയും അറിയപ്പെടുന്ന മത പുരോഹിതനുമായ റവ. ഫാദര്‍ ഏണസ്റ്റോ കര്‍ദിനാളിന്റെ 12 കവിതകള്‍
നിക്കരാഗ്വയിലെ പ്രമുഖ കവിയും അറിയപ്പെടുന്ന മത പുരോഹിതനുമായ റവ. ഫാദര്‍ ഏണസ്റ്റോ കര്‍ദിനാള്‍ ഇനിയില്ല. സെക്രട്ടറി ലൂസ് മറീനാ അകോസ്റ്റായാണ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സിനോട് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മരണവിവരം സ്ഥിരീകരിച്ചത്. എണ്‍പതുകളില്‍ വിപ്ലവത്തിലൂടെ അധികാരത്തിലേറിയ സാന്‍ഡിനിസ്റ്റ കമ്യൂണിസ്റ്റ് ഭരണത്തോട് സഹകരിച്ചു പ്രവര്‍ത്തിച്ചതിലൂടെ റോമന്‍ കത്തോലിക്കാ സഭയുടെ അനിഷ്ടം പിടിച്ചുപറ്റിയിരുന്നു അദ്ദേഹം. സാന്‍ഡിനിസ്റ്റയോട് നിസ്സഹകരിക്കണം എന്ന വത്തിക്കാന്റെ നിര്‍ദേശത്തെ അവഗണിച്ച് നിലപാടെടുത്ത വൈദികന്‍. യേശു എന്നെ മാര്‍ക്‌സിലേക്ക് നയിച്ചു...' എന്ന് തുറന്നു പറഞ്ഞിരുന്ന അദ്ദേഹം കവിതകളില്‍ വ്യത്യസ്ത സ്വരം പടര്‍ത്തി. അദ്ദേഹത്തിന്റെ അഞ്ച് കവിതകള്‍ ഇവിടെ വായിക്കാം. വിവര്‍ത്തനം: ബാബു രാമചന്ദ്രന്‍
undefined
'God may do something silly at any time, because, like any lover, God does not reason. God is drunk with love.'
Ernesto Cardenal
....................................
Read more: ചത്തകവികളുടെ കാട്, വിഷ്ണു പ്രസാദ് എഴുതിയ ആറ് കവിതകള്‍
....................................
ഒന്ന്
നമ്മുടെ കവിതകള്‍
ഇനിയും പ്രസിദ്ധീകരിക്കാനാവില്ല.
അവ കയ്യെഴുത്തുപ്രതികളായോ
സൈക്‌ളോസ്‌റ്റൈല്‍ കോപ്പികളായോ
പ്രചരിപ്പിക്കപ്പെടും..
ഏത് ഏകാധിപതിക്കെതിരെയാണോ
നമ്മുടെ കവിതകള്‍ എഴുതപ്പെട്ടത്,
അയാളെ ചിലപ്പോള്‍ ജനം മറന്നേക്കും..
എന്നാലും, നമ്മുടെ കവിതകള്‍
അവര്‍ വായിച്ചുകൊണ്ടേയിരിക്കും...!
....................................
Read more: കഥാര്‍സിസ്, ബിനു എം പള്ളിപ്പാട് എഴുതിയ കവിതകള്‍
....................................
രണ്ട്
ചിലപ്പോള്‍ നമ്മള്‍ ഇക്കൊല്ലം
വിവാഹിതരായേക്കാം, എന്റെ പെണ്ണേ..
നമ്മുടെ പുതിയ കൊച്ചുവീട്ടിലേക്ക്
താമസം മാറിയേക്കാം..
എന്റെ കവിതകളുടെ
പുസ്തകമിറങ്ങിയേക്കാം,
നമ്മള്‍ വിദേശത്ത്
താമസമുറപ്പിച്ചേക്കാം..
സൊമോസ*യുടെ ഏകാധിപത്യം
തകര്‍ന്നെന്നുമിരിക്കാം...
*Anastasio 'Tachito' Somoza DeBayle - നിക്കരാഗ്വയിലെ ഏകാധിപതിയായ പ്രസിഡന്റ്.
....................................
Read more: ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍
....................................
മൂന്ന്
നമ്മള്‍ വെടിയൊച്ചകള്‍
കേട്ട് ഉറക്കമുണരുന്നു..
നമ്മുടെ പ്രഭാതങ്ങള്‍
വിമാനങ്ങളുടെ ശബ്ദത്താല്‍
മുഖരിതമാവുന്നു..
വിപ്ലവം വരുന്നപോലുണ്ടല്ലേ..?
പേടിക്കണ്ട.. ഇന്ന്
ഏകാധിപതിയുടെ പിറന്നാളാണ്..!
അതുമാത്രമാണ്..!
....................................
Read more: ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
....................................
നാല്
അവര്‍ നിന്നെ കൊന്നുകളഞ്ഞു..
പക്ഷേ, നിന്നെ കുഴിച്ചിട്ടതെവിടെ
എന്നുമാത്രം അവര്‍ പറയുന്നില്ല.
പക്ഷേ, ഇന്നുമുതല്‍ ഈ നാടുമുഴുവന്‍
നിന്റെ സെമിത്തേരിയാണ്..
അഥവാ.. നിന്റെ ശരീരം മറവുചെയ്തിട്ടില്ലാത്ത
ഇന്നാട്ടിലെ ഓരോ ഇഞ്ച് മണ്ണില്‍ നിന്നും
ഇന്ന് നീ മൃതിയില്‍ നിന്നും
ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുന്നു..
വധശിക്ഷ വിധിച്ചപ്പോള്‍
അവര്‍ കരുതിയത്
നിന്നെ ഇല്ലാതാക്കാമെന്നായിരുന്നു.
നിന്നെ മറവുചെയ്തപ്പോള്‍
അവര്‍ ശരിക്കും ചെയ്തത്
ഒരു വിത്ത് നടുകയായിരുന്നു..
....................................
Read more: പതിനെട്ടാമത് വയസ്സ്, ആശാലത എഴുതിയ കവിതകള്‍
....................................
അഞ്ച്
പൂച്ചക്കുട്ടി..
എന്റെ ചക്കരപ്പൂച്ചക്കുട്ടി,
ഞാന്‍ അവളുടെ നെറ്റിയും കഴുത്തും
തഴുകുമ്പോള്‍,
അവര്‍ ആളുകളെ ചിത്രവധം
ചെയ്യുമ്പോള്‍,
അതിങ്ങനെ നടുങ്ങുന്നതെന്തിനാണ്..?
....................................
Read more: എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
....................................
ആറ്
ഞാനൊരു വിപ്ലവകാരിയാണ്..
തെരുവുകളില്‍
പോലീസിനെ വെല്ലുവിളിച്ചുകൊണ്ട്
ലഘുലേഖകള്‍ വിതരണം ചെയ്തിട്ടുണ്ട്,
'സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെ'ന്ന്
മുഷ്ടിചുരുട്ടി , നെഞ്ചുവിരിച്ച്
ഉറക്കെ മുദ്രാവാക്യം വിളിച്ചിട്ടുണ്ട് ഞാന്‍..
പക്ഷേ, നിന്റെ വീടിരിക്കുന്ന
വളവെത്തിയാല്‍ ഇന്നും
എന്റെ മുഖം വിളറും..
നിന്റെ ഒരു നോട്ടം മതി,
എനിക്കു ചങ്കിടിക്കും.
...................................................
...................................................
ഏഴ്
എന്റെ പ്രതികാരം
ഇപ്രകാരമായിരിക്കും.
ഒരിക്കല്‍
ഒരു പ്രഖ്യാതകവിയുടെ
കവിതാസമാഹാരം
നിന്റെ കൈകളിലെത്തും.
ആ കവി
നിനക്കായെഴുതിയ വരികള്‍
നീ വീണ്ടും വീണ്ടും വായിക്കും..
പക്ഷേ, അതെഴുതപ്പെട്ടത്
നിനക്കുവേണ്ടിയായിരുന്നെന്ന്
ഒരിക്കലും നീയറിയില്ല..
...................................................
Read more: കടലെറങ്കണ പെണ്ണുങ്കോ, ഡി അനില്‍കുമാര്‍ എഴുതിയ കവിതകള്‍
...................................................
എട്ട്
എന്നോടൊപ്പമിരിക്കുമ്പോള്‍, ക്‌ളോഡിയാ
നീ സൂക്ഷിക്കണം..
കാരണം, നിന്റെ ഓരോ അംഗചലനങ്ങളും,
നീ പറയുന്ന ഓരോ വാക്കും,
പിറുപിറുക്കലും,
നിന്റെ ചെറിയൊരു നോട്ടപ്പിഴ പോലും
ഒരു പക്ഷെ, നാളെയൊരുനാള്‍
പണ്ഡിതരാല്‍ വിശകലനം ചെയ്യപ്പെട്ടേക്കാം.
നിന്റെയീ നൃത്തം, നൂറ്റാണ്ടുകള്‍ കഴിഞ്ഞും
ആളുകള്‍ സ്മരിച്ചേക്കാം..
ക്‌ളോഡിയാ.. ഞാനിതാ
നിനക്ക് മുന്നറിയിപ്പു തന്നിരിക്കുന്നു.
...................................................
Read more: കെ എല്‍ 21 ബി 2277, ശിവകുമാര്‍ അമ്പലപ്പുഴ എഴുതിയ കവിതകള്‍
...................................................
ഒമ്പത്
നീ മറ്റാരെയോ പ്രണയിക്കുന്നു
എന്നവര്‍ എന്നോട് വന്നു പറഞ്ഞു.
ഒന്നും മിണ്ടാതെ ഞാന്‍
മുറിയില്‍ക്കേറി വാതിലടച്ചു.
എന്നിട്ട്,
നമ്മുടെ ഗവണ്മെന്റിനെതിരെ
ഒരു ലേഖനമെഴുതി..
ഇന്നു ഞാനീ തുറുങ്കിനുള്ളിലാവാന്‍
ഇടയാക്കിയ ലേഖനം..
...................................................
Read more: ആട്ടക്കഥ, എസ് കലേഷിന്റെ കവിത
...................................................
പത്ത്
എന്റെ പ്രണയ ഗീതകങ്ങള്‍ക്കൊപ്പം,
ഈ കോസ്റ്റാറിക്കന്‍ പനിനീര്‍പ്പൂവുകളും
സ്വീകരിക്കുക, മിറിയം..
പനിനീര്‍ദലങ്ങള്‍
നിന്റെ കവിളുകള്‍ പോലെയാണെന്ന്
എന്റെ ഗീതകങ്ങള്‍ നിന്നെയോര്‍മ്മിപ്പിക്കും.
പ്രണയമൊരുനാള്‍
മുറിച്ചുമാറ്റപ്പെടേണ്ടതാണെന്ന്,
ഗ്രീസിനെയും റോമിനെയും പോലെ
ഒരുനാള്‍ നിന്റെ മുഖത്തിന്റെയും
പ്രഭ മങ്ങുമെന്ന്,
ഈ പനിനീര്‍പ്പൂക്കളും നിന്നെയോര്‍മ്മിപ്പിക്കും..
പ്രണയമോ,
കോസ്റ്റാറിക്കന്‍ പനിനീര്‍പ്പൂക്കളോ
ഒന്നും ഇല്ലാതെയാവുമ്പോള്‍,
എന്റെയീ ശോകഗാനം നീയോര്‍ക്കും..
...................................................
Read more: നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
...................................................
പതിനൊന്ന്
വൈകുന്നേരങ്ങളില്‍, അവള്‍
അമ്മയോടൊപ്പം നടക്കാനിറങ്ങിയിരുന്നു,
ലാന്‍ഡ്‌സ്ട്രാസിലൂടെ..
ഷ്മീറ്ററിന്റെ തെരുവുകളിലൂടെ,
എല്ലാ വൈകുന്നേരങ്ങളിലും..
അവിടെ ഹിറ്റ്ലര്‍
മുടങ്ങാതെ കാത്തുനിന്നിരുന്നു
അവളെ..
അന്നൊക്കെ, ടാക്സികളും ലൈന്‍ബസ്സുകളും
ചുംബനങ്ങളാല്‍ നിറഞ്ഞിരുന്നു.
ഇണകള്‍ ബോട്ടുകള്‍ വാടകയ്ക്കെടുത്ത്
ഡാന്യൂബ് നദിയില്‍
കറങ്ങാന്‍ പോയിരുന്ന കാലം..
പക്ഷേ, ഹിറ്റ്ലര്‍ക്കങ്ങനെ
ഡാന്‍സ് ചെയ്യാനൊന്നും
അറിയില്ലായിരുന്നു.
അവളോടൊന്ന് മിണ്ടാനുള്ള
ധൈര്യം പോലും വന്നിരുന്നില്ലയാള്‍ക്ക്..
പിന്നെപ്പിന്നെ, അമ്മയെക്കൂടാതെ,
ഏതെങ്കിലും കേഡറ്റിന്റെ കൂടെ
നടക്കാന്‍ വന്നിരുന്നു അവള്‍..
ഒടുക്കം അവള്‍ നടക്കാന്‍
ആ വഴി വരാതെയായി..
അതുകൊണ്ടാണ്,
അതുകൊണ്ടുമാത്രമാണ്
ഗസ്റ്റപ്പോയും, ആസ്ട്രിയന്‍ അധിനിവേശവും,
ലോകമഹായുദ്ധവുമെല്ലാം
നമുക്ക് സഹിക്കേണ്ടിവന്നത്..
...................................................
Read more: പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍
...................................................
തത്തകള്‍
എന്റെ സ്‌നേഹിതന്‍ മൈക്കിള്‍
ഹോണ്ടുറാസിന്റെ അതിര്‍ത്തിയിലുള്ള
സോമോട്ടോയിലെ പട്ടാള ജനറലാണ്..
ഒരു ദിവസം അവിടെയവര്‍
ഒരു ലോഡ് തത്തകളെ പിടികൂടിയത്രേ..
അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കടത്തി,
അവിടെ ഇംഗ്ലീഷ് പഠിപ്പിച്ചെടുക്കാനായി
ആരോ ട്രക്കിലേറ്റി കൊണ്ടുപോവുകയായിരുന്നു..
ആകെ 186 തത്തകളുണ്ടായിരുന്നു.
അതില്‍ 47 എണ്ണം
കൂട്ടിനുള്ളില്‍ കിടന്ന്
ചത്തുപോയിരുന്നു.
തത്തകള്‍ വന്നിടത്തേക്കുതന്നെ
തിരിച്ചു വിടപ്പെട്ടു..
തത്തകളുടെ വീട്
അങ്ങ് വന്മലമുകളിലെ കാട്ടിലായിരുന്നു.
അവിടെത്തുന്നതിന് തൊട്ടുമുമ്പ്
'അടിവാരം' എന്നുവിളിക്കുന്നൊരു
സ്ഥലത്തെത്തിയപ്പോള്‍,
അവര്‍ ട്രക്ക് നിര്‍ത്തി .
അടിവാരത്തു നിന്നും
തല പൊക്കി നിന്നിരുന്നു
വന്മല..
മല കാണാന്‍ തുടങ്ങിയതും
തത്തകള്‍ കൂട്ടിനുള്ളില്‍ക്കിടന്നേ
ചിറകടി തുടങ്ങി..
അളവറ്റ ആഹ്ലാദവും
മോചനത്തിന്റെ ആകാംക്ഷയും കൊണ്ട്
അവ കൂടിന്റെ അഴികളില്‍
തിക്കുകൂട്ടിക്കൊണ്ടിരുന്നു.
കൂടു തുറന്നതും
തത്തകളെല്ലാം
ശരം വിട്ടപോലെ
വന്മലയ്ക്കുനേരെ
പറന്നുപൊങ്ങി..
വിപ്ലവം നമ്മോടു ചെയ്തതും
ഏറെക്കുറെ ഇത് തന്നെയായിരുന്നു
എന്നെനിക്കു തോന്നുന്നു.
അതവര്‍ നമ്മളെ
ഇംഗ്ലീഷ് സംസാരിപ്പിക്കാനായി
തടവിലിട്ടിരുന്ന കൂടുകളില്‍ നിന്നും
നമ്മളെ മോചിപ്പിച്ചു..
നമ്മളെ കടപുഴക്കിയെടുത്ത
നമ്മുടെ ജന്മനാട്ടിലേക്ക്
നമ്മളെ തിരികെയെത്തിച്ചു..
തത്തകളെപ്പോലെ
പച്ചയണിഞ്ഞ പോരാളികള്‍
തത്തകള്‍ക്ക്
അവരുടെ പച്ചപുതച്ച
വന്മല തിരിച്ചു നല്‍കി..
പക്ഷേ, അപ്പോഴേക്കും
ഇവിടെയും 47 ജീവന്‍
പൊലിഞ്ഞുപോയിരുന്നു.
വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം