വാക്കുല്‍സവത്തില്‍ ഇന്ന് അനുകരണം, ഫലസ്തീന്‍-അമേരിക്കന്‍ കവി ഫദി ജൗദായുടെ കവിതയുടെ പരിഭാഷ. വിവര്‍ത്തനം: ഡോ. യാസര്‍ അറഫാത്ത്
പ്രമുഖ ഫലസ്തീന്‍- അമേരിക്കന്‍ കവി ഫദി ജൗദായുടെ മിമസിസ് എന്ന കവിതയുടെ വിവര്‍ത്തനം. ഫലസ്തീന്‍ അഭയാര്‍ത്ഥി കുടുംബത്തില്‍ ജനിച്ച ഫദി ജൗദയ്ക്ക് നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിവര്‍ത്തനം: ഡോ. യാസര്‍ അറഫാത്ത്
എന്റെ മകള്‍
ആ ചിലന്തിയെ
നോവിക്കില്ല
അവളുടെ സൈക്കിളിന്റെ കൈപ്പിടിക്കിടയില്‍
കൂടുകെട്ടിയ
ആ ചിലന്തിയെ
അവള്‍ നോവിക്കില്ല.
രണ്ടാഴ്ച അവള്‍ കാത്തിരുന്നു
ആ ചിലന്തി സ്വയമേവ അവിടം വിടുംവരെ
ഞാനവളോട് പറഞ്ഞു,
ആ വല നീ മുറിച്ചുകളഞ്ഞിരുന്നെങ്കില്‍
ഇത് വീടല്ല എന്ന്
ആ ചിലന്തി അറിയുമായിരുന്നു
ഇതിനെ
വീടെന്ന് വിളിക്കാന്‍ പറ്റില്ല
എന്നറിയുമായിരുന്നു.
നിന്റെ സൈക്കിള്‍
നിന്‍േറതുമാത്രമാവുമായിരുന്നു
അവള്‍ എന്നോട് പറഞ്ഞു,
'ഇങ്ങനെയാണല്ലേ അപ്പാ
ഭൂമിയില്‍ അഭയാര്‍ത്ഥികള്‍ ഉണ്ടാവുന്നത്'
എന്റെ മകള്‍
ആ ചിലന്തിയെ
നോവിക്കില്ല
വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം