വാക്കുല്‍സവത്തില്‍ ഇന്ന് സുധീഷ് കോട്ടേമ്പ്രത്തിന്റെ മൂന്ന് കവിതകള്‍.
ചിത്രവും കവിതയും. രണ്ട് വ്യത്യസ്തമായ വഴികളെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാം. എന്നാലത്, ഒരേ മരത്തിന്റെ വേരുകള്‍ മാത്രമെന്ന് പറയും, സുധീഷ് കോട്ടേമ്പ്രം. സുധീഷിനത് പറയാം. കാരണം, സുധീഷ് പാര്‍ക്കുന്ന ഇടങ്ങളാണത്. പഠിച്ചതും മുഴുകിയതും ചിത്രകലയിലാണ്. എഴുതിയതും നടന്നതും കവിതയിലും. (എന്നിട്ടും കഥയാണ് കൂടുതലിഷ്ടമെന്ന് പറഞ്ഞുവെക്കുന്നുണ്ട്, ഒരഭിമുഖത്തില്‍ സുധീഷ് ). സുധീഷ് ചിത്രം വരയ്ക്കുക മാത്രമല്ല, കലാനിരൂപണം എന്ന് പറയുന്ന പതിവുവഴിയ്ക്കുമപ്പുറം, എങ്ങനെയാണ് കല സൗന്ദര്യശാസ്ത്രപരവും രാഷ്ട്രീയവുമായി, ജീവിക്കുന്ന പരിസരങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നത് എന്നാരായുന്നുമുണ്ട്. കവിതയില്‍ നടക്കുമ്പോഴും സുധീഷ് ഇതേ സന്ദേഹത്തിനു പിന്നാലെ പോവുന്നുണ്ട്.
കവിതയുടെ പുതിയ കാലത്തെക്കുറിച്ചുള്ള ആലോചനകള്‍. സുധീഷിന്റെ കവിതകളിലും വേണമെങ്കില്‍ കണ്ടെടുക്കാം ഇത്തരം ദ്വന്ദങ്ങള്‍. ഗ്രാമം, നഗരം, മനസ്സ്, ഉടല്‍ എന്നിങ്ങനെ വായനക്കാരന് ചെന്നുതൊടാവുന്ന ഇടങ്ങള്‍. ദേശം എന്ന അനുഭവത്തെ പുതിയ കവിതകള്‍ എങ്ങനെയാണ് പ്രശ്‌നവല്‍ക്കരിക്കുന്നത് എന്ന് ആഴത്തില്‍ ആലോചിക്കുന്ന ഒരാളാണ് സുധീഷ്. അത്തരമൊരാള്‍ എങ്ങനെയാണ് സ്വന്തം ദേശത്തെ അടയാളപ്പെടുത്തുന്നത്? പാര്‍ക്കുന്ന നഗരങ്ങളെ അടയാളപ്പെടുത്തുന്നത്? തീര്‍ച്ചയായും നമുക്ക് പരിചയമുള്ള, കാലങ്ങളായി ആളുകള്‍ എഴുതിപ്പോരുന്ന, നാടിനെക്കുറിച്ചുള്ള ആത്മകേന്ദ്രിതമായ പകര്‍ത്തെഴുത്തുകളല്ല അത്. ഉടലിനും ഉയിരിനുമിടയില്‍ വീതം വെയ്ക്കപ്പെടുന്ന ഒരാളുടെ വേവലാതികളുമല്ല സുധീഷിന്റെ കവിതകളില്‍ കാണാനാവുന്നത്. ഭാവുകത്വ തലത്തില്‍, മലയാള കവിത നടന്നുചെല്ലേണ്ട വഴിദൂരം കുറയ്ക്കുന്നവയാണ് ആ കവിതകള്‍.
കരി
വെളമ്പിയ ചോറുംപാത്രം
ഒറ്റയേറിന് മിറ്റത്തെറിഞ്ഞ
അന്നു മോന്തിക്ക്
അങ്ങാടിമീനും
പുതിയ ബസ്സിയും
ഓക്കൊരു മുടിപ്പിന്നുമായി
മോത്തോടു മൊകം നോക്കാണ്ട്
കാരിവന്നു, അശോകന്‍.
ആളനക്കം
കേട്ടിറ്റും കേക്കാത്ത പോലെ
എത്രയൊരച്ചാലും പോകാത്ത
കുടുക്കക്കരി
ഒരോച്ചോണ്ടിരുന്നു ബിന്ദു.
പൈക്ക് വെള്ളം കൊടുത്ത്ക്കാ?
കോയീനെ കാറ്റീക്കാ?
വെളക്കെട്ത്ത് വെക്കറോ..
ചെറിയോനേടപ്പോയെണേ...
അടച്ചിട്ട ജനല്‍പ്പാളി തുറക്കുമ്പോലെ
അടഞ്ഞും കുറുകിയും
അശോകന്റെ കൂറ്റ്
മെല്ലെനെ മെല്ലെനെ
ഉക്കിഞ്ഞിരുന്ന
ബിന്ദൂന്റെ പുറം വന്നുതൊട്ടു.
ഒരച്ചോണ്ടിരുന്ന
കരിയിളകി.
തരിച്ചുപോയ കാല്‍നീര്‍ത്തി
വളഞ്ഞുപോയ ഊരനീര്‍ത്തി
പഴന്തുണിപോലെ
ചുളിഞ്ഞുകിടന്ന
അടുക്കള കുടഞ്ഞുവിരിച്ചു
ഓള്
അന്നത്തെ മീമൊളേശന്
മുന്‍പില്ലാത്ത രുചി
ഏറിയും കുറഞ്ഞുമില്ല ഉപ്പ്
വെന്തുടഞ്ഞില്ല ചോറ്.
ഓടിളകിയ മോന്തായത്തിലൂടെ
നെലാവെളിച്ചമിറ്റുവീണു.
കിരികിരികിരികിരി
എന്നൊരേതാളത്തില്‍
മണ്ണട്ട മേളം തുടങ്ങി.
തിരുമ്പിവെച്ച പൊതപ്പ്
വിരിക്കാന്‍ തുടങ്ങി ബിന്ദു.
ചിമ്മിനിവെളക്കിന്റെ
തിരിതാഴ്ത്തിയതേയുള്ളു അശോകന്‍
ഠപ്പോം ഠോ ഠേം ഢും
ഉയ്യെന്റമ്മേ ഉയ്യെന്റച്ചാ
എന്നൊരലര്‍ച്ച.
അതേട്ന്നാക്കളേ ഒരയ്യമ്പിളി?
തുമ്മാന്‍ ചവക്കാന്‍ തുടങ്ങിയ
അമ്മമ്മ തന്നാലെ പറഞ്ഞു.
അങ്ങട്ടേലെ പ്രകാശനാ.
ചോറുംപാത്രം
എറിഞ്ഞ ഒച്ചയാ.
രമണീന്റെ ഊയ്യാരോം!
വീടുവരക്കുമ്പോള്‍
വീടുവിട്ടന്യനാട്ടില്‍പ്പൊറുതി.
അകലെനിന്നാവീടിനെ വരക്കുന്നൊരാള്‍
കരിക്കട്ടയില്‍, കണിശം.
വരക്കുന്തോറുമിരുട്ടുകേറുമീ
വീടിന്റെയവയവങ്ങള്‍
മാറിപ്പോകുന്നിടക്കിടെ.
അതാതിടങ്ങളിലെ
വെപ്പ് ഇരിപ്പ് കിടപ്പ്
വരയിലില്ല.
മുന്‍ഭാഗമപ്പാടെ മായ്ച്ചുകളയണം.
വീടുവരക്കുമ്പോള്‍
പിന്നില്‍ നിന്ന് തുടങ്ങണം.
കോനായിപോലല്ല
ഏതുനേരവും പെരങ്ങിപ്പെരങ്ങി
അടുക്കളവാതുറക്കും വഴി
താത്തേട്ടി.
ചൂലും ചക്കമടലും
ഈച്ചകളാര്‍ക്കും ചായപ്പാത്രവും
ഓട്ടുപിഞ്ഞാണവുമ
-രിവാളുമടക്കയും
കഞ്ഞിവെള്ളവും വെള്ളരിക്കാവിത്തും
കൈക്കലത്തുണികളുമൊത്തു
-ടനെയൊന്നും
കുനിഞ്ഞ് നിവരാതെ
താത്തേട്ടി.
ഇലയടര്‍ന്ന മുരിങ്ങാക്കൊളുന്തോ
വെന്ത വറ്റോ കാലില്‍ പറ്റും
നനഞ്ഞിരിക്കും, കുളിക്കില്ല
നനവോടുറങ്ങും, താത്തേട്ടി.
അപ്പുറത്തേക്കോ
ഇപ്പുറത്തേക്കോ തികട്ടില്ല.
കാടിവെള്ളത്തിന് കാവലിരിക്കും.
വീടുപൂട്ടുമടുക്കളയുമകങ്ങളെല്ലാംപൂട്ടും.
തുറന്നിട്ട താത്തേട്ടിയില്‍
പൂച്ച പെറ്റു കിടക്കും
ചേരയിഴയും, കാക്കകള്‍ കോഴികള്‍
ഒച്ചവെക്കും
വരയില്‍ വരില്ലിതൊന്നും.
വീട് വരക്കേണ്ട
എന്ന് തീരുമാനിക്കാം.
പക്ഷേ
ചിരവയുണ്ട്
തീവ്രമായൊരുപമപോല്‍
അമ്മിയുണ്ടുരലുണ്ട്
ചാരിവെച്ച മുറവും ഉറിയുമുണ്ട്
പേട്ടുതേങ്ങയും
കമിഴ്ത്തിവെച്ച കലവുമുണ്ട്.
അമ്മയുടെ ശില്‍പമെന്ന്
ഒറ്റക്കാഴ്ചയില്‍
തോന്നിച്ചു കൊണ്ട്.
പി. പി. കുമാരന്‍ അനാദിക്കട
ഉപ്പുതീരും
പറങ്കിപ്പൊടിതീരും
എല്ലാ ഉച്ചകളിലും.
പഞ്ചാരട്ടിന്നുകാലിയാവും
പത്തുമണിച്ചായപ്പയിപ്പില്‍.
വറുത്തിടാന്‍ നേരം
കടുകുമെണ്ണയും.
വനജയോടുന്നു
ശ്രീജയും പവിയുമോടുന്നു
അങ്ങോട്ടിങ്ങോട്ട്
ഇങ്ങോട്ടങ്ങോട്ട്
ആരെല്ലോ ഓടുന്നോടുന്നു.
കുമാരേട്ടാ
അയിമ്പത് ചായപ്പൊടി
നൂറ് പഞ്ചാര
ലേശംകടു
പൊതിഞ്ഞു കൊണ്ടേയിരിക്കുന്നു
കുമാരേട്ടന്‍
പഞ്ചാര നീളത്തില്‍
ചായപ്പൊടി കുറുക്കി
അവിലുമരിയും
കുമ്പിള്‍ക്കനത്തില്‍
ഉയരുന്നുതാഴുന്നു
തുലാസുവട്ടം
തരാതരം പോല്‍
ഉയരുന്നുതാഴുന്നു
തുലാസുവട്ടം
മഴവന്നു വെയില്‍വന്നു
പവിയും ശ്രീജയും
വനജയും വരാതായി
ആളുകളാളുകള്‍
പൊയ്ക്കഴിഞ്ഞു
നോക്കൂ
പുളിയച്ചാറിന്‍ പേക്കില്‍
ഒരു പല്ലിയിരിപ്പൂ
അതിന്റെ നാക്കിന്‍ തുമ്പില്‍
ഒട്ടും പാറ്റയെ നോക്കൂ
കണ്ടോ
കുറുനരിയുറുമ്പുകളവയുടെ
മുട്ടകളേറ്റിപ്പോകും പെരിയ?
ചാക്കിന്നടിയില്‍പ്പരതുമെലികള്‍?
വണ്ണാന്‍കെട്ടിയ വലകള്‍?
കേട്ടോ
പേക്രോ പേക്രോ
എന്നൊരു
പരലോകപ്പെരുക്കല്‍?
കുമാരേട്ടാ കുമാരേട്ടാ
പഴയപുരയില്‍ പാര്‍ക്കും
കുമാരേട്ടാ
ഇങ്ങളിതാര്‍ക്കാണ്
അവിലളക്കുന്നത്?
വെല്ലം പൊതിയുന്നത്?
തൂക്കിയിട്ടും തൂക്കിയിട്ടും
തൂക്കമൊക്കാതെ?
പൊതിഞ്ഞിട്ടും
പൊതിഞ്ഞിട്ടും
പൊതികെട്ടാതെ?
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍
ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍
എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ
അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍
ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ
കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍
ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍
യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത
കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം
യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍; സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍
പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍
ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ
സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍
ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ' (The Book of Disquiet) വായനാനുഭവം.
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും
ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍
നിശ്ചല യാത്രകള്‍: മാങ്ങാട് രത്‌നാകരന്റെ കോളം
വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല