പുതിയ ആകാശം,  പുതിയ ഭൂമി

By Vaakkulsavam Literary Fest  |  First Published May 1, 2020, 7:00 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് ഫിക്ഷനിലെ ഇടങ്ങള്‍. രാഹുല്‍ രാധാകൃഷ്ണന്‍ എഴുതുന്നു


ഭാവനയില്‍ അധിഷ്ഠിതമായ ഇടത്തിലെ കാഴ്ചകള്‍ക്ക്  ക്രമബദ്ധതയും താളവും രൂപപ്പെടുന്ന ശൈലീവിശേഷമാണ് പൊതുവെ കാണപ്പെടുന്നത്. സ്വാഭാവികമായും ഫിക്ഷനുകളില്‍ അത്തരം രംഗങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് ഉണ്ടാകുന്നു. വാക്കുകള്‍ എങ്ങനെയാണ് ഭംഗിയായി അടുക്കിപെറുക്കി വെക്കുക എന്നത് ഒരു വാസ്തുവിദ്യ ആണ്. എഴുതുന്ന വാക്കിനും പറയുന്ന പദങ്ങള്‍ക്കും കൃത്യമായ സംവേദനത്വം ഉണ്ടാകുക ആലോചിക്കുന്നത് പോലെ ലളിതമല്ല. ചെങ്കുത്തായ കരിമ്പാറയിലേക്ക് സൂക്ഷിച്ചു  നോക്കിയാല്‍ അതിലൊരു മനുഷ്യശരീരം കാണാന്‍ കഴിയും. സൂക്ഷ്മനോട്ടത്തില്‍ മനുഷ്യശിരസ്സും  മറ്റു അവയവങ്ങളുമൊക്കെ   അതില്‍ പതുക്കെ പതുക്കെ  രൂപപ്പെട്ടു വരുന്നത് വ്യക്തമാവും . ഒറ്റനോട്ടത്തില്‍ ദൃശ്യമാവാത്തതും എന്നാല്‍ ഏകാഗ്രധ്യാനത്തിലൂടെ പ്രത്യക്ഷമാവുന്നതുമായ ഈ പ്രതിഭാസം അല്ലേ കഥപറച്ചിലിലും നടക്കുന്നത്! 

 

Latest Videos

 


1

സമകാലസമൂഹത്തിലെ മനുഷ്യരുടെ വ്യവഹാരങ്ങളില്‍ വലിയ ഒരു പങ്ക് വഹിക്കുന്നത് പ്രതീതിയിടങ്ങളാണ്. നിത്യജീവിതത്തിന്റെ മടുപ്പിക്കുന്നതും പഴകിയതുമായ കണക്കുകളില്‍ തുടങ്ങി ഗഹനമായ സംവാദവ്യവസ്ഥകള്‍ വരെ നേരനുഭവങ്ങളില്ലാതെ പൂര്‍ത്തീകരിക്കുന്ന ഇടങ്ങളാണ് അവ. നേരിട്ട് അറിയാത്ത, എന്നാല്‍ ആഴത്തിലുള്ള ബന്ധങ്ങളും സൗഹൃദങ്ങളും പ്രവൃത്തികളും ഇത്തരം ഇടങ്ങളില്‍ സംഭവിക്കുന്നത് സാധാരണമായിക്കഴിഞ്ഞു. പ്രതീതിലോകം വഴിയുള്ള സ്വത്വാന്വേഷണങ്ങള്‍ വര്‍ത്തമാനകാലജീവിതത്തിന്റെ സമസ്യകളുമായി ഏറെക്കുറെ സമരസപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥജീവിതത്തില്‍ മനുഷ്യര്‍ പ്രതിനിധീകരിക്കുകയും തല്‍പ്പരരായിരിക്കുകയൂം ചെയ്യുന്ന വ്യവഹാരങ്ങളുടെ നിറവും നിഴലും പ്രതീതിയിടങ്ങളിലെ ചതുരങ്ങളിലും കാണാം. ഇന്റര്‍നെറ്റില്‍ തെരഞ്ഞു കൊണ്ടിരിക്കുന്ന വിഷയങ്ങളെ സംബന്ധിച്ച പുതിയ വിവരങ്ങള്‍  നമ്മുടെ അടുത്തേക്ക് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വരുന്നത് പോലെ വിനിമയങ്ങള്‍ക്ക് പരസ്പരബന്ധമുള്ള സങ്കീര്‍ണ്ണസംവിധാനം നിലവിലുണ്ട്. സാങ്കല്‍പികമായി  രൂപപ്പെടുത്തുന്ന ഇടങ്ങളിലെ ദൃശ്യ /ഭാവ ഘടനയുടെ രാഷ്ട്രീയവും പൊതുസ്വഭാവവും ജീവിതത്തിന്റെ  സ്പര്‍ശഗുണരേഖ ( Tangent)   ആയി വര്‍ത്തിക്കാനുള്ള സാധ്യത  കൂടുതലാണ്. Pattern Recognition കൊണ്ട് ഉപയോഗിക്കാവുന്ന  ഒരു സ്മാര്‍ട്ട് ഫോണ്‍ പോലെ പരിചിതമായ ജീവിത  വിന്യാസങ്ങളെ ആലേഖനം ചെയ്യുന്ന ഇടമായി ഇത്തരം ലോകത്തെ കാണാവുന്നതാണ്

മനുഷ്യരുടെ ഭാഗധേയത്തെ സ്വാധീനിക്കുകയും ബാധിക്കുകയും ചെയ്യുന്ന നിശ്ചിതമായ അതിരുകളും മൂലകളും ഉള്ള പ്രദേശത്തിന്റെ/ദേശത്തിന്റെ 'ഇതിഹാസ'ങ്ങള്‍ നമുക്ക് പരിചിതമാണ്. ദേശത്തിന്റെ അകത്തളങ്ങളിലെ ചരിത്രവും കെട്ടുകഥയും ചേര്‍ത്തുവെച്ചുകൊണ്ടാണ് പ്രസിദ്ധമായ പല ആഖ്യായികകളുടെയും അസ്തിത്വം മായാതെ നില്‍ക്കുന്നത്. ആധുനികതയുടെ കാലത്തെ ശ്രദ്ധേയമായ നോവലുകളായ 'ഖസാക്കിന്റെ ഇതിഹാസ'വും 'മയ്യഴിപ്പുഴയുടെ തീരങ്ങളും', 'ദല്‍ഹി'യും, 'പാണ്ഡവപുര'വും, 'ഒരു ദേശത്തിന്റെ കഥ'യും, 'സ്മാരകശിലകളും', 'അസുരവിത്തും' ദേശത്തിന്റെ അലയൊലികളെയാണ് പ്രാഥമികമായും പ്രതിനിധീകരിക്കുന്നത്. ഉത്തരാധുനികതയുടെ കാലത്ത് എത്തിയപ്പോഴും ഈ ശീലത്തിന് വിഘാതം സംഭവിച്ചില്ല. 'ലന്തന്‍ബത്തേരിയിലെ ലുത്തിനിയകളും', 'പാലേരിമാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയും', 'ദല്‍ഹിഗാഥകളും', 'മനുഷ്യന് ഒരു ആമുഖവും' ഒക്കെയായി ദേശങ്ങളുടെ വഴിത്താരകള്‍ സാഹിത്യത്തില്‍ തെളിഞ്ഞു കിടന്നു. സാമ്പ്രദായികമായ അര്‍ത്ഥത്തില്‍ സ്ഥലവും കാലവും ഔപചാരികമായി ഗണിച്ചെടുക്കാമെങ്കിലും സ്ഥലരാശിയുടെ മാനങ്ങള്‍ ദീപ്തമാകുന്നത് സാഹിത്യത്തിന്റെ ഇടപെടലുകളിലൂടെയാണ്. 'ഇടത്തിന്റെ യുഗമാണിത്' (epoch of space) എന്ന് ഫൂക്കോ 1967ല്‍ അഭിപ്രായപ്പെട്ടു. ഉത്തരാധുനികവും ആഗോളീകരണാന്തരവുമായ സമകാലത്താണ് 'ഇട'ത്തിന്റെ വ്യവഹാരങ്ങള്‍ പ്രസക്തമാവുന്നത്  എന്നാല്‍ കാലികപരിസരത്തില്‍  ഇടങ്ങള്‍ക്ക് വ്യക്തമായ നിര്‍വചനം ഉണ്ടായെന്നു വരില്ല. ഓരോരുത്തര്‍ക്കും ഓരോ ഇടം ഉണ്ട്; അല്ലെങ്കില്‍ അവനവന്റെ ഇടം അവനവന്‍ തന്നെ രൂപപ്പെടുത്തുന്ന കാലമാണിത്. ആ ഇടത്തിന്റെ ജൈവിക/അജൈവിക അനുഭവങ്ങളുടെ വാക്കുപാലമായി വര്‍ത്തിക്കാന്‍ സാഹിത്യത്തിന് സാധിക്കുന്നുണ്ട്. അധികാരോപാധികള്‍ എങ്ങനെയാണ് നമ്മള്‍ സൃഷ്ടിക്കുന്ന ഇടത്തില്‍ പ്രവര്‍ത്തിക്കുക എന്നത് വിശകലനം ചെയ്യേണ്ടതും അനിവാര്യമാണ്. സ്വാഭാവികമായി സ്ഥിതി ചെയ്യുന്ന പരിസരപ്രദേശങ്ങളിലെ രാഷ്ട്രീയവും അധികാരവ്യവസ്ഥകളും ആവില്ല പ്രതീതിയിടങ്ങളില്‍ എന്നതും ശ്രദ്ധിക്കണം. 

അക്ഷാംശവും രേഖാംശവും സാങ്കേതികമായിത്തന്നെ കണ്ടുപിടിച്ചുകൊണ്ട് ഒരാളുടെ ഇടം നിശ്ചയിക്കാന്‍ ഇന്ന് സാധ്യമാണ്. സമയം ഓരോ നിമിഷവും ചലിക്കുന്നത് പോലെ പ്രസ്തുതസ്ഥലത്തിന്റെ സൂക്ഷ്മമായ  വ്യത്യാസം ഒപ്പിയെടുക്കുന്നത് ഇപ്പോഴത്തെ അവസ്ഥയില്‍ എളുപ്പമാണ്. സ്വയം ചലിക്കാത്ത ഇടത്തില്‍ സംഭവിക്കുന്ന സാമൂഹികചലനങ്ങളുടെ മൗലികമായ വ്യാഖ്യാനങ്ങളെ ഭൗമശാസ്ത്രജ്ഞനായ എഡ്വാര്‍ഡ് സോജ 'മൂന്നാമിടം' (Third Space) എന്ന   സങ്കല്പനം   കൊണ്ടാണ് വിശദീകരിക്കുന്നത്.   അമേരിക്കക്കാരനായ സോജ ഇടങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളെ സാഹിത്യവുമായി ചേര്‍ത്ത് വെക്കുന്ന പണ്ഡിതനാണ്. 'ഇട'വുമായി ബന്ധപ്പെട്ട സാഹിത്യസിദ്ധാന്തങ്ങളില്‍ സോജയ്ക്കുള്ള പ്രസക്തിയും പങ്കും വലുതാണ്. മൂന്നാമിടമെന്നത് സോജയുടെ കാഴ്ചപ്പാടില്‍ എല്ലാ സ്ഥലങ്ങളും ചേര്‍ന്ന, ഏകീകരിച്ച ഒരിടമാണ്. എല്ലാര്‍ക്കും എല്ലാ കോണുകളില്‍ നിന്നും  കാണാന്‍ സാധിക്കുന്ന, എന്നാല്‍ അഭ്യൂഹങ്ങളും മിഥ്യാബോധവും പരോക്ഷസൂചനകളും ഗൂഢമായി വിന്യസിച്ചിരിക്കുന്ന ഈ ഇടത്തെ ' ഭാവനാതീതമായ പ്രപഞ്ചത്തിന്റെ  മാതൃകയായി അവരോധിക്കാവുന്നതാണ്. മനുഷ്യാനുഭവങ്ങളുടെ  സൂക്ഷ്മമാപിനിയായി വര്‍ത്തിക്കാന്‍ സോജ വിഭാവനം ചെയ്ത 'ഇട'ത്തിനു സാധിക്കുന്നു. സ്ഥലം, കാലം , സാമൂഹികത്വം എന്നീ ഘടകങ്ങളെയാണ് ഇതിലേക്കായി സോജ പരിഗണിക്കുന്നത്. ഭൂമിശാസ്ത്രം, ചരിത്രം , സമൂഹം എന്നിവയെ പ്രതിനിധികരിക്കുന്ന വിധത്തിലാണ് ഇവയെ അദ്ദേഹം സങ്കല്‍പ്പിക്കുന്നത്. സ്ഥലം ആണ് കാലത്തേക്കാള്‍ കൂടുതല്‍ പ്രത്യാഘാതങ്ങളെ ഒളിപ്പിച്ചു വെയ്ക്കുന്നത്. അതിനാല്‍ ഭൂമിശാസ്ത്രത്തിന്റെ ആകൃതിക്കാണ് ചരിത്രത്തേക്കാളും പ്രാധാന്യം കല്പിക്കേണ്ടത്  എന്നാണ് അദ്ദേഹത്തിന്റെ വാദം.  സ്ഥലം നിമിത്തങ്ങളെയും അനന്തരഫലങ്ങളെയും  സൂക്ഷ്മമായി ഒളിപ്പിക്കുമ്പോള്‍ അധികാരവും അച്ചടക്കവും സാമൂഹികജീവിതത്തിന്റെ നിഷ്‌കളങ്കമായ ഇടങ്ങളില്‍ മുദ്രണം ചെയ്യപ്പെടുകയാണ്. രാഷ്ടീയവും പ്രത്യയശാസ്ത്രങ്ങളും മനുഷ്യന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നതിന്റെ രേഖാചിത്രം വരയ്ക്കാന്‍ ശ്രമിക്കുകയാണ് സോജ. മൂന്നാമിടത്തിലെ സാമൂഹികത്വമാണ് സോജയുടെ നിരീക്ഷണത്തെ ശ്രദ്ധേയമാക്കുന്നത്. 'ഇടം' എന്ന പ്രത്യയം പ്രതിനിധീകരിക്കുന്നത് പ്രസ്തുത സമൂഹത്തിന്റെയും മനുഷ്യരുടെയും ചലനാത്മകമായ വ്യവഹാരത്തെയാണ്.

അധിനിവേശാനന്തര സമൂഹത്തില്‍ മൂന്നാമിടം എന്ന സങ്കല്പനത്തിന്റെ പ്രസക്തി ഏറെയാണ്.  സോജ വിഭാവനം ചെയ്യുന്നത് പ്രകാരം ഒന്നാമിടത്തിനെ ഭൂപടത്തിലും   മറ്റും രേഖപ്പെടുത്താനാവും. രണ്ടാമിടമാകട്ടെ  സങ്കല്പത്തിലുള്ള പ്രതിനിധാനസ്വഭാവം പ്രദര്‍ശിപ്പിക്കുന്ന സ്ഥലമാണ്. അറിയാനും അതിനെ  കുറിച്ചു തര്‍ക്കിക്കാനും സാധിക്കുന്ന തരത്തിലുള്ള പ്രകൃതമാണ് പ്രസ്തുത ഇടത്തിന്റേത്. ഇവ രണ്ടും ചേര്‍ന്ന് കൊണ്ടുള്ള യാഥാര്‍ഥ്യവും ഭാവനയും  ഏകകാലികമായി പ്രത്യക്ഷമാവുന്ന വേറിട്ട ഇടമാണ് മൂന്നാമത്തേത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒന്നാമിടത്തിന്റെ അനുഭവങ്ങളെ മനനം ചെയ്യുകയും രണ്ടാമിടത്തിലെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും കോര്‍ത്തുവെക്കുകയും ചെയ്യുകയാണ് മൂന്നാമിടം. 'ആധുനികത'യ്ക്കും അധിനിവേശത്തിനും ശേഷമുള്ള സമൂഹത്തിന്റെ വെല്ലുവിളികളെയും ചെറുത്തുനില്‍പ്പുകളെയും പ്രതിനിധീകരിക്കുക വഴി മാറ്റത്തിന്റെ രാഷ്ട്രീയത്തിന് കാഹളമൂതുന്നതാണ് മൂന്നാമിടകാഴ്ചകള്‍. വിശാലമായ വീക്ഷണത്തില്‍ മൂന്നാമിടം എന്നത് ചിന്തയുടെ നവലോകമാണ്. ആശയപ്രകാശനത്തിന്റെ തിട്ടയാണ് 'ഇടം' എന്നു വ്യാഖ്യാനിക്കാറുണ്ട് (The Production of Space-Henry Lefebvre).  ഇതോടൊപ്പം പ്രകൃതിദത്തമായ ഇടം നശിച്ചു കൊണ്ടിരിക്കുകയാണെന്നും Lefebvre നിരീക്ഷിക്കുന്നുണ്ട്. ഇടം (Space) പ്രദാനം ചെയ്യുന്ന വസ്തുക്കള്‍ (പദാര്‍ത്ഥങ്ങള്‍), 'ഇട'ത്തെ കുറിച്ചുള്ള ചിന്തകള്‍ എന്നിങ്ങനെയുള്ള ഘടകങ്ങളെ അപനിര്‍മ്മിച്ചുകൊണ്ട് മൂന്നാമതൊരു ഇടത്തിന്റെ സാധ്യത തേടുകയായിരുന്നു സോജ. മനുഷ്യരുടെ ഭൂപ്രകൃതി സംബന്ധിച്ചുമുള്ള ആലോചനകള്‍ക്കും ആശയങ്ങള്‍ക്കും    വഴിതുറക്കുന്ന ഇടമാണത്. സോജയുടെ അഭിപ്രായത്തില്‍ ഇവ ചരിത്രപരവും സാമൂഹികപരവുമായ അടയാളപ്പെടുത്തലുകള്‍ പോലെ തന്നെ മുഖ്യവുമാണ്. സാമൂഹികത സ്ഥലസംബന്ധിയായ ചിന്തകള്‍ക്ക് മേലെയാണ് സ്ഥിതി ചെയ്യുന്നതെന്ന മാര്‍ക്‌സിന്റെ വാദത്തെ അദ്ദേഹം പിന്താങ്ങിയിരുന്നില്ല. അതുകൂടാതെ സാമൂഹികതയും സ്ഥലവുമായി ബന്ധപ്പെട്ട സങ്കേതങ്ങളും അന്യോന്യം സംഘടിതമായ അവസ്ഥയിലാണെന്ന് പക്ഷക്കാരനാണ് സോജ.

മൂന്നാമിടം വികസിപ്പിച്ചത് ഫൂക്കോയുടെ ഹെറ്റെറോട്ടോപ്പ്യ എന്ന ആശയത്തില്‍ നിന്നാണ്.  യുട്ടോപ്യന്‍ ഇടങ്ങളില്‍   നിന്ന് വ്യത്യസ്തമായി , എന്നാല്‍ അതിന്റെ    അനുരണനങ്ങള്‍ പ്രകടമാക്കുന്ന ചില ഇടങ്ങളെ   ആണ് ഫുക്കോ ഹെറ്ററോടോപ്യ (Heterotopia) എന്ന് വിശേഷിപ്പിച്ചത്. പരസ്പരവിരുദ്ധത വെളിപ്പെടുത്തുന്ന സ്ഥലങ്ങളില്‍ (അവ പരിപൂര്‍ണത നിറഞ്ഞ 'പറുദീസാ'ലോകം അല്ലെങ്കില്‍ കൂടി) യുട്ടോപ്യ ദര്‍ശിക്കാം എന്നതായിരുന്നു    ഫുക്കോവിന്റെ    നിലപാട്. ആശുപത്രി, പൂന്തോട്ടം , ലൈബ്രറി, തിയറ്റര്‍ മുതലായവയാണ്  ഇതിന് ഉദാഹരണങ്ങളായി   അദ്ദേഹം എടുത്തു കാണിച്ചത്. ഈ വിഷയം മുന്‍നിര്‍ത്തി കണ്ണാടിയിലൂടെ അനുഭവവേദ്യമാകുന്ന  കാഴ്ചയുടെ സാംഗത്യത്തെ കുറിച്ച് ഫുക്കോ ചില ആശയങ്ങള്‍ കൊണ്ടു വരുന്നുണ്ട്. കണ്ണാടിയിലെ പ്രതിഫലനം   ഹെറ്ററോടോപ്യ ആവുന്നത് എങ്ങനെയെന്നാണ് അദ്ദേഹം ആലോചിച്ചത്. ഞാന്‍ ഒരാളെ കാണുമ്പോള്‍ ഞാനും അയാളും യാഥാര്‍ഥ്യമാണെന്ന ഉത്തമവിശ്വാസം ഇരുവര്‍ക്കുമുണ്ട്. എന്നാല്‍ ഞാന്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്റെ പ്രതിരൂപത്തെയാണ് കാണുന്നത്. ഞാന്‍ ഇല്ലാതാവുകയും എന്റെ പ്രതിരൂപത്തെ മാത്രം കാണുകയും ചെയ്യുന്നു. കണ്ണാടിലോകം പ്രതീതി  യാഥാര്‍ഥ്യം  ആണെങ്കിലും , ഞാന്‍ നില്‍ക്കുന്ന പരിസരം കൂടെ കണ്ണാടിയില്‍ പ്രതിഫലിക്കുന്നുണ്ട് . അങ്ങനെ  അതൊരു  യാഥാര്‍ഥ്യലോകത്തെ  പുല്‍കുകയാണ് . എന്റെ അഭാവം ഞാന്‍ തിരിച്ചറിയുകയും കണ്ണാടിയില്‍ ഞാന്‍ എന്നെ കാണുകയും ചെയ്യുന്നു. ഇങ്ങനെ താന്‍ നില്‍ക്കുന്ന സ്ഥലത്തെ കണ്ണാടി ഭംഗിയായി ഒപ്പിയെടുക്കുന്നതോടെ   അതൊരു ഹെറ്ററോടോപ്യ ആയി കണക്കാക്കാമെന്നാണ് ഫുക്കോയുടെ വാദം.

കാണുന്ന ഇടവും (Perceived Space) ബോധതലത്തില്‍ അനുഭവിക്കുന്ന ഇടവും (Conceived Space) തമ്മില്‍ ചെറുതല്ലാത്ത  അന്തരം  ഉണ്ട് . സൈദ്ധാന്തികമായ ഇത്തരം പരിസരങ്ങളെ കഥയില്‍ കണ്ടെത്താന്‍ കഴിയുന്നത് കഥ 'വായിക്കാനുതകുന്ന' വ്യത്യസ്തമായ ഉപാധി എന്ന നിലയ്ക്കാണ്. ഒരു പക്ഷേ, കഥയെഴുത്തുകാര്‍ സങ്കല്പിക്കാത്ത ലോകം പോലും അവരെഴുതിയ കഥകളില്‍ പിന്നീട് വായിച്ചെടുക്കാനാവും എന്നതാണ് വാസ്തവം. എന്തിരുന്നാലും അതുവരെ പിന്തുടര്‍ന്നിരുന്ന നടപ്പുശീലങ്ങളെയും വ്യവസ്ഥാപിതമായ ചുറ്റുപാടുകളെയും ഭേദിക്കാന്‍ മലയാളത്തിലെ സമകാല സാഹിത്യത്തിന്  സാധിക്കുന്നുണ്ട് എന്നത് കാണാതിരിക്കാനാവില്ല.

കഥയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഭാവനാലോകത്തിന്റെ തെളിച്ചവും ഭംഗിയും  ഷെഹറസാദിന്റെ കാലം മുതലേ ആവിഷ്‌കരിക്കപ്പെട്ടതാണ്. എന്നാല്‍ കാലം മുന്നോട്ടു നീങ്ങുന്നതോടെ കഥ അഭിമുഖീകരിക്കുന്ന സമസ്യകള്‍ മാറിക്കൊണ്ടിരിക്കുന്നു. തീ പിടിക്കുന്ന ദൃശ്യങ്ങളെയും അധികാരം ആളിക്കത്തുന്ന അധ്യായങ്ങളെയും രാഷ്ട്രീയം കരുനീക്കങ്ങള്‍ നടത്തുന്ന ഇടനാഴികളെയും 'കഥ' എന്ന മാധ്യമത്തിന് സംബോധന ചെയ്യേണ്ടി വരുന്നു. ഇതോടൊപ്പം എഴുത്തുകാര്‍ പുതിയ 'ഇടങ്ങളെ' കേന്ദ്രീകരിച്ചുകൊണ്ടുള്ള കഥയെഴുത്തില്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങി എന്നത് പറയാതിരിക്കാന്‍ വയ്യ. എഴുത്തുകാര്‍ സങ്കല്പിച്ച ലോകത്തിന്റെ ഭൂപടവും അതിരുകളും വ്യത്യസ്ത വായനകളില്‍ മാറുന്നു.

 

.................................................

Read more: കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍ 
.................................................

 

2    

ഷേക്‌സ്പിയറിന്റെ നാടകങ്ങളിലൂടെയാവും ഒരുപക്ഷെ ആഗോളീകരണത്തിന്റെ കെട്ടും മട്ടും സാഹിത്യത്തില്‍ അവതരിപ്പിക്കാനുള്ള  ശ്രമം ആദ്യകാലങ്ങളില്‍ നടക്കുന്നത്. 'കിങ്ലിയറി'ലും 'ആന്റണിയും ക്ലിയോപാട്രയിലും' മറ്റും അതിരുകള്‍ ഭേദിച്ചുകൊണ്ടുള്ള സന്ദര്‍ഭങ്ങളുടെ സൂചനകളുണ്ട്.  ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്  ജനങ്ങളും കച്ചവടങ്ങളും അതിര്‍ത്തി കടക്കാനുള്ള വെമ്പല്‍ പ്രകടമാക്കുന്ന പ്രവണത പതിനാറാം   നൂറ്റാണ്ടോടെ   തന്നെ ഉണ്ടായിരുന്നുവെന്നാണ്. വിശാലമായ ഭൂമികയില്‍ സംജാതമാവുന്ന സാര്‍വലൗകികത്വത്തിന്റെ ബീജങ്ങളെയാണ് അദ്ദേഹം മനസ്സില്‍ കണ്ടതെന്ന് തോന്നുന്നു. 'ആന്റണിയും ക്ലിയോപാട്ര'യിലെയും ആന്റണി ഉന്നം  വെച്ചത്  അതിര്‍ത്തികള്‍ വിഘാതം നില്‍ക്കാത്ത സമ്പദ്വ്യവസ്ഥ തടസപ്പെടുത്താത്ത ചരക്കുകളുടെ വിനിമയവും മനുഷ്യരുടെ കുടിയേറ്റവും ആയിരുന്നു. പ്രാദേശികമായ  സ്വയം ഭരണാധികാരം എന്നതില്‍ക്കവിഞ്ഞു  റോമാസാമ്രാജ്യത്തിന്റെ സീമകള്‍ ലംഘിക്കുന്ന ന്യായാധികാരമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.(Literature after globalization: Philip Leonard)

ആഗോളീകരണാന്തരകാലത്ത് ഇടം  വികസിക്കുന്നതിന്റെ രീതിശാസ്ത്രം ഒട്ടൊക്കെ വേറെയാണ്. ആധുനികതയുടെ ആദ്യകാലത്തെ  'വാഗ്ദത്ത' ഇടത്തിന്റെ ചിത്രവും പ്രസക്തിയും പോലെയല്ല അത്. ഭൂമിയില്‍ സ്ഥിതി ചെയ്യാത്തതും അനന്തമായ യാത്രയുടെ ഫലമായി എത്തിച്ചേരാവുന്നതുമായ 'പറുദീസാ'സ്വപ്നം ആയിരുന്നു യൂട്ടോപ്പ്യ എന്ന് കൊണ്ട് അക്കാലത്തെ സാഹിത്യപാഠങ്ങളില്‍ ഉദ്ദേശിച്ചിരുന്നത്. അധികാരസ്ഥാനവുമായി ബന്ധപ്പെട്ട പരമോന്നതപദവിയുമായി അടുത്തുകിടന്നിരുന്ന സ്വപ്നഭൂമി എന്ന സങ്കല്പനം വ്യവസായവിപ്ലവത്തോടെ  പൊളിച്ചെഴുതേണ്ടി വന്നു. യൂട്ടോപ്യ എന്നത് സ്ഥലസംബന്ധിയായ, എത്തിപ്പെടാന്‍ അപ്രാപ്യമായ ഇടമാണെന്ന ആശയത്തിന് മങ്ങലേല്‍ക്കുകയും 'സമയ'ത്തെ ആശ്രയിക്കുന്ന പ്രതിഭാസമായി അതുമാറുകയും ചെയ്തു. എന്നാല്‍ ആഗോളീകരണത്തോടെ ഈ ചിന്തയും പിന്നോട്ടായി. അധികാരത്തിന്റെ വിന്യാസത്തില്‍ വ്യത്യാസം വരികയും വിപണി ശക്തിപ്പെടുകയും പ്രാദേശികപ്രദേശങ്ങള്‍ക്ക് വരെ പ്രാധാന്യം കൈവരികയും ചെയ്തതോടെയാണിത് സംഭവിച്ചത്. പുതിയ ലോകത്തെ യൂട്ടോപ്യ സ്ഥലപരമായും സമയപരമായും പ്രവേശനമാര്‍ഗ്ഗം പ്രയാസമായ ഇടം അല്ല. മറിച്ച് ലോകത്തിന്റെ കാണായിടങ്ങളിലേക്ക് അദൃശ്യരേഖകള്‍ കൊണ്ട് ചേര്‍പ്പിക്കുന്ന അവബോധമാണ്  യൂട്ടോപ്യ സൃഷ്ടിക്കുന്നത്. 'cognitive mapping' എന്ന ഫ്രെഡറിക്ക് ജെയിംസന്റെ ആശയം ഇതുതന്നെയാണ് വ്യക്തമാക്കുന്നത്. ഭൂമിയില്‍ ഒരു കോണിലിരിക്കുന്ന ഒരാള്‍  താന്‍ പ്രതിനിധീകരിക്കാത്ത ഭൂഭാഗങ്ങളെ  കൂടെ പരിഗണിച്ചുകൊണ്ടുള്ള മാപ്പിംഗ്‌നു (mapping) വിധേയമാക്കുന്ന പ്രക്രിയയാണത്. അങ്ങനെ വരുമ്പോള്‍ നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തുന്ന ഭൂമികളുടെ വിസ്തീര്‍ണം ക്രമാതീതമായി വര്‍ധിക്കുകയാണ്.

സാമ്പത്തികവും സാമൂഹികവുമായ കാര്യങ്ങള്‍ മൂലം സാമൂഹികസ്വത്വത്തിന്റെ ആധാരശിലയ്ക്ക് ഇളക്കം തട്ടുമ്പോഴാണ് പഴയ ജീവിതത്തിനു തിരശീലയിടാന്‍ പുതിയ ഇടം തേടി മനുഷ്യര്‍ പലായനം ആരംഭിക്കുന്നത്. പൗരരുടെ സ്വത്വനഷ്ടം ദേശീയതയുമായി ചേര്‍ന്നുകിടക്കുന്നതിന്റെ ഫലമായി ഉരുണ്ടുകൂടുന്ന  രാഷ്ട്രീയ ചായ്വുകള്‍ അധികാരത്തിന്റെ പുതിയ സമവാക്യങ്ങള്‍ നിര്‍മിക്കുന്നു. സ്വന്തം    നാട്ടില്‍   അപരിചിതരായി     ജീവിക്കുന്നത് അസാധാരണകാഴ്ചയല്ലാതായി. അപരിചിതത്വത്തിന്റെ അംശങ്ങളെക്കാള്‍ അവഗണനയുടെ കയ്പു അനുഭവിക്കുന്നതാണ് ദുഷ്‌കരം. തെറ്റുകളൊന്നും ചെയ്യാതെ തന്നെ സാമൂഹികമായി തഴയപ്പെടുന്ന മനുഷ്യരുടെ ഇച്ഛാഭംഗം പറഞ്ഞറിയിക്കാനാവാത്തതാണ്. പ്രായേണ ലളിതമല്ലാത്ത ജീവിതത്തിലൂടെ കടന്നുപോകുന്ന ആധുനികാനന്തരമനുഷ്യര്‍ക്ക് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കൊപ്പം സമൂഹത്തിന്റെ പ്രക്ഷുബ്ധതയെ കൂടെ അറിയുകയും നേരിടുകയും ചെയ്യേണ്ടി വരുന്നു. സ്വന്തം വീടും നാടും ഉപേക്ഷിച്ചു   യാത്രയാവുന്നവര്‍ അതിജീവനത്തിനോ ആശ്വാസത്തിനോ വേണ്ടി ലോകത്തിന്റെ  നിശ്ചിതക്രമമില്ലാത്ത ഒരു കാര്‍ട്ടോഗ്രാഫി വരച്ചുകൊണ്ട് തങ്ങളെ അവിടെ സ്വയം പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നു. ഇ

ത്തരത്തിലുള്ള ഭാവനഭൂപടം സങ്കല്പിക്കുകയും അതുവഴി തങ്ങളുടെ അസ്തിത്വം ഉറപ്പിക്കുകയും ചെയ്യാനാണ് പുതിയ ഇടങ്ങളിലേക്ക് ജീവിതം മാറ്റി പാര്‍പ്പിക്കുന്നവര്‍ ശ്രമിക്കുന്നതെന്ന് അനുമാനിക്കാം. സങ്കല്‍പ്പഭൂപടം ഒരു യൂട്ടോപ്യന്‍ ഇടമായി പരിണമിക്കുന്നത്, അതില്‍ വിന്യസിക്കുന്ന, ഒരാളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന വിവിധ ഘട്ടങ്ങളുടെ (പരോക്ഷ)സാന്നിധ്യം കൊണ്ടാണ്.  സ്വദേശം/ വീട്/ ഓര്‍മ/ ഗൃഹാതുരത എന്നിങ്ങനെയുള്ള വികാരങ്ങള്‍ക്കുപരിയായി ഭാവനയിലെ വിശാലമായ ഭൂഭാഗചിത്രം യൂട്ടോപ്യയാകുന്നു. ഭാവനയില്‍ സൃഷ്ടിക്കുന്ന ഇടത്ത് യാഥാര്‍ത്ഥലോകത്തെ ഭാവങ്ങളും തുന്നിവെക്കുമ്പോള്‍ സോജയുടെ നിര്‍വചനം പോലെയുള്ള മൂന്നാമിടം രൂപപ്പെടുന്ന അവസ്ഥയാണ് സംജാതമാവുന്നത്. കഥകളിലൂടെ സര്‍ഗ്ഗാത്മകലോകം   നിര്‍മിക്കുന്ന ഭാവനാസമ്പന്നരായ എഴുത്തുകാര്‍ക്ക് തീര്‍ത്തും പ്രാപ്യമാണ് ഈ ആശയം. 

എഴുത്തിലൂടെ വികസിക്കുന്ന വ്യത്യസ്തമായ ഇടങ്ങള്‍ വേറിട്ട തലത്തിലുള്ള അനുഭവങ്ങളെയാണ് സമ്മാനിക്കുന്നത്.  ഭാവനയുടെ അര്‍ഥപൂര്‍ണമായ തലങ്ങളില്‍ കൂടെ സഞ്ചരിച്ച് കൊണ്ട് അത്തരം ഇടങ്ങളുടെ  വ്യവഹാരങ്ങള്‍ പല തരം തുലനങ്ങള്‍ രചിക്കുകയാണ്. തത്സമയം നടക്കുന്ന സംഭവങ്ങള്‍ വരെ കൈവിരലുകള്‍ നിയന്ത്രിക്കുന്ന സ്മാര്‍ട് ഫോണിലൂടെ അറിയാന്‍ സാധിക്കുമെന്നിരിക്കെ പ്രതീതിലോകമെന്നത് യാഥാര്‍ത്ഥലോകത്തിനേക്കാള്‍ തൊട്ടടുത്താണ് എന്ന് പറയേണ്ടി വരും.ഇത്തരം ഇടങ്ങളിലെ ഭാവുകത്വത്തെ സമകാല കഥ പ്രമേയമാക്കുന്നുവെന്നത് പരാമര്‍ശിക്കാതെ  തരമില്ല.  ഇടം എന്നത് മൂര്‍ത്തമായ ചേരുവകളും അടയാളങ്ങളും ഉള്ള പ്രദേശം ആവണമെന്നില്ല. സ്മാര്‍ട് ഫോണിലൂടെ വിരല്‍ത്തുമ്പില്‍ നിയന്ത്രിക്കാവുന്ന വെര്‍ച്വല്‍ ഇടത്തിന്റെ  സാധ്യത പണ്ടത്തെ കാലത്തെ 'മഷിനോട്ടം' പോലെയുള്ള ആചാരങ്ങളെ ഓര്‍മിപ്പിക്കുന്നു. മഷിനോട്ടത്തിലൂടെ സ്ഥിഗതികള്‍ അറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണില്‍  യൂട്യൂബിലൂടെ ഉരുവപ്പെടുന്ന കണ്ണിനും കൈയ്ക്കും ഇടയിലുള്ള 'ഇട'ത്തിന്റെ ദൃശ്യസാധ്യത കഥയിലേക്ക് കൊണ്ട് വരികയാണ് ഇന്നത്തെ കഥാകൃത്തുക്കള്‍.

 

.................................................

Read more : ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് എന്ന മലയാളി!
.................................................

 

3

നവീനമായ രീതികളുള്ള, ഇതു വരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത സ്ഥലം ക്രമപ്പെടുത്തുന്നത് സമകാലസാഹിത്യത്തില്‍ സാധാരണമാണ്. ആന്തരികയിടത്തേക്കാളും പുറത്തുള്ള ഭൂമികയില്‍ സാഹിത്യം ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങി. നാം പ്രതിനിധാനം ചെയ്യുന്ന  പ്രദേശത്തു  നിന്ന് ഉള്‍ക്കൊള്ളുന്ന  അനുഭവം  പുറംലോകത്തേക്കുള്ള പര്യടനത്തിന് ഊര്‍ജ്ജമാവുകയാണ്. അത് ജീവിതത്തിന്റെ ഗതിവിഗതികളെ സ്വാധീനിക്കുന്ന ഘടകവും ആയേക്കാം എന്ന് ഫുക്കോ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇ സന്തോഷ്‌കുമാറിന്റെ 'നാരകങ്ങളുടെ ഉപമ' എന്ന കഥ ഒരു മികച്ച ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. ഈ കഥയിലെ മുഖ്യകഥാപാത്രമായ തമാനെ പൊയ്‌പോയ കാലത്തെ അടയാളങ്ങളെ തെരഞ്ഞുപിടിക്കുന്ന ജോലി ചെയ്യുന്ന വ്യക്തിയാണ്.   പുരാതനമായ ഗര്‍ത്തങ്ങളിലും മറ്റും നാഗരികതയുടെ തെളിവുകള്‍  അന്വേഷിക്കുന്ന അയാള്‍ തുറന്നുതരുന്നത് സ്വാഭാവികമായും, നാം കാണുന്നതും അനുഭവിക്കുന്നതുമായ ഒരു ഇടത്തെയല്ല.   എന്നാല്‍ പുറംലോകത്തുനിന്നു നോക്കുമ്പോള്‍ തീര്‍ത്തും അപരിചിതമായ ഒരിടത്തെ തമാനെ പര്യവേക്ഷണം ചെയ്യുമ്പോള്‍ വേറൊരു 'ഇട'ത്തിന്റെ  ഉള്ളറകളിലാണ് നാം എത്തുന്നത്  ഇങ്ങനെയുള്ള അനുഭവചിത്രീകരണം തീര്‍ത്തും അപരിചിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. അവിടെയാണ് വേറെ ചില ഘടനകള്‍ രംഗത്ത് വരുന്നത്. ആഖ്യാനസ്ഥലത്തെ (Narrative Space) ഓര്‍മ, ഭാവന, ദൃശ്യപരത എന്നീ സംവര്‍ഗങ്ങളുമായി കൂട്ടിയിണക്കിയുള്ള കഥപറച്ചിലാണ് ഇതിന്റെ   ദൃഷ്ടാന്തമായി പറയാവുന്നത്.

ദേശം എന്നത് ഇടം എന്നതിന്റെ സമാന പദം ആയി ഗണിക്കാനാവില്ല എന്ന ചിന്തയിലേക്ക് ഇത്തരം സര്‍ഗാത്മകമെഴുത്ത് തിരി തെളിയിക്കുകയാണ് ചില കഥകളിലൂടെ.ദേശമെഴുത്തില്‍  നിന്നും  വിഭിന്നമായി പുതിയ / നിര്‍മ്മിക്കപ്പെട്ട ഇടത്തിന്റെ അധികാര-രാഷ്ട്രീയഭാവങ്ങള്‍ വ്യത്യാസപ്പെടുന്നു. കഥകളിലൂടെയും പുരാവൃത്തങ്ങളിലൂടെയും ആണ് മാനവവംശം അതിന്റെ    തനിമയും പാരമ്പര്യവും അടുത്ത തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുന്നത്. സഹജമായും ദേശ/സംസ്‌കാര ഭേദമെന്യേ അത്തരം കഥകളില്‍ മാന്ത്രികതയുടെയും ഭ്രമാത്മകതയുടെയും അംശങ്ങളും ഉണ്ടാകാറുണ്ട്. കഥ എഴുതുന്നതും വായിക്കുന്നതും കേള്‍ക്കുന്നതും കഥപറച്ചിലിലുള്ള   സിദ്ധിയെ അടിസ്ഥാനപ്പെടുത്തിയാണ്. കഥയെഴുത്തിന്റെ രൂപശില്‍പ്പകല പറച്ചിലിന്റെ ഒഴുക്കിലും താളത്തിലും നിബദ്ധമാണ്. എങ്കിലും അപരിചത്വത്തിന്റെ സാങ്കല്‍പ്പിക ലോകത്തെയും വന്യതയുടെ ഭൂഖണ്ഡങ്ങളെയും ഭ്രമാത്മകതയുടെ ശലഭക്കാഴ്ചകളെയും സന്നിവേശിപ്പിക്കാന്‍ വേണ്ടി    ആഖ്യാനം  പുതുതായി സൃഷ്ടിക്കുന്ന ഇടങ്ങളെ പ്രയോജനപ്പെടുത്തുകയാണ് ഈ കഥകളില്‍.

രത്‌നച്ചുരുക്കമായി പറയുകയാണെങ്കില്‍, ഭാവനയില്‍ അധിഷ്ഠിതമായ ഇടത്തിലെ കാഴ്ചകള്‍ക്ക്  ക്രമബദ്ധതയും താളവും രൂപപ്പെടുന്ന ശൈലീവിശേഷമാണ് പൊതുവെ കാണപ്പെടുന്നത്. സ്വാഭാവികമായും ഫിക്ഷനുകളില്‍ അത്തരം രംഗങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് ഉണ്ടാകുന്നു. വാക്കുകള്‍ എങ്ങനെയാണ് ഭംഗിയായി അടുക്കിപെറുക്കി വെക്കുക എന്നത് ഒരു വാസ്തുവിദ്യ ആണ്. എഴുതുന്ന വാക്കിനും പറയുന്ന പദങ്ങള്‍ക്കും കൃത്യമായ സംവേദനത്വം ഉണ്ടാകുക ആലോചിക്കുന്നത് പോലെ ലളിതമല്ല. ചെങ്കുത്തായ കരിമ്പാറയിലേക്ക് സൂക്ഷിച്ചു  നോക്കിയാല്‍ അതിലൊരു മനുഷ്യശരീരം കാണാന്‍ കഴിയും. സൂക്ഷ്മനോട്ടത്തില്‍ മനുഷ്യശിരസ്സും  മറ്റു അവയവങ്ങളുമൊക്കെ   അതില്‍ പതുക്കെ പതുക്കെ  രൂപപ്പെട്ടു വരുന്നത് വ്യക്തമാവും . ഒറ്റനോട്ടത്തില്‍ ദൃശ്യമാവാത്തതും എന്നാല്‍ ഏകാഗ്രധ്യാനത്തിലൂടെ പ്രത്യക്ഷമാവുന്നതുമായ ഈ പ്രതിഭാസം അല്ലേ കഥപറച്ചിലിലും നടക്കുന്നത്! 

വാള്‍ട്ടര്‍ ബെന്യാമന്‍' കഥപറച്ചിലുകാരന്‍' എന്ന ലേഖനത്തില്‍ സൂചിപ്പിക്കുന്നത് പോലെ, ദൂരെ നിന്ന് കൊണ്ട് അളക്കാവുന്ന മാസ്മരികതയാണ് കഥപറച്ചിലിന്റെ മനോഹാരിത. ഭാവനയുടെ അതിരുകള്‍ താണ്ടാന്‍ കഥ പറയുന്ന (എഴുതുന്ന) യാളുടെയൊപ്പം നാം സഞ്ചരിക്കാതെ അല്പം മാറി നിന്ന്, സ്വാനുഭവങ്ങളുടെ വഴക്കത്തില്‍, ഒത്തു നോക്കിയാല്‍ അയാള്‍ പറഞ്ഞ കഥയാവില്ല നാം കേട്ടത്. അയാള്‍ കണ്ട ലോകമാവില്ല നാം കണ്ടത്, അയാള്‍ ഭേദിച്ച വ്യൂഹമാവില്ല നമ്മള്‍ കീഴടക്കിയത്. അയാളുടെ സര്‍ഗാത്മകയാത്രയിലെ സഹയാത്രികന്‍ ആണെങ്കില്‍ക്കൂടി നമ്മുടെ അയനപഥം വേറെയാണ്. ഏകാന്തവും വിഷാദപൂര്‍ണ്ണവുമായ അന്തരീക്ഷത്തിലെ കാറ്റും കോളും അടങ്ങുന്നോ എന്നറിയാന്‍ അയാളുടെ വടക്കുനോക്കിയന്ത്രം നാം ഉപയോഗിക്കുന്നു. വാക്കുകളില്‍  ഒളിപ്പിച്ചു വെച്ചിരിക്കുന്ന വിസ്മയവും വിഭ്രമങ്ങളും അങ്ങനെ കഥയില്‍ രൂപപ്പെടുന്ന ഇടങ്ങളെ  മാന്ത്രികസ്ഥലങ്ങളാക്കി  മാറ്റുന്നു.

 

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും ഇവിടെ വായിക്കാം

click me!