വാക്കുല്‍സവത്തില്‍ ഇന്ന് ബിനു എം പള്ളിപ്പാടിന്റെ ആറ് കവിതകള്‍
അടിത്തട്ട് ജീവിതങ്ങളുടെ പല കരകളാണ് ബിനു എം പള്ളിപ്പാടിന്റെ കവിതകള്‍. കവിതയുടെ വരേണ്യ ഇടങ്ങള്‍ക്ക് പുറത്ത് കാലങ്ങളോളം നിശ്ശബ്ദമായി നിന്ന മനുഷ്യരും ജീവിതങ്ങളും അനുഭവങ്ങളും അവിടെ തല ഉയര്‍ത്തി വന്നുനില്‍ക്കുന്നു. പ്രകൃതിയും ദേശവും കീഴാളശരീരങ്ങളും മലയാളകവിതയില്‍ അധികമൊന്നും കണ്ടുപരിചയിക്കാത്ത നൈസര്‍ഗികതയോടെ, ജൈവികതയോടെ ആ കവിതകളില്‍ നിറയുന്നു. ദേശം, അവിടെ 'കീഴാളവും ജൈവികവുമായ ആവാസവ്യവസ്ഥയെക്കൂടി രേഖപ്പെടുത്തുന്നു'. പ്രകൃതി അവിടെ, ജീവിതത്തിനു പുറത്തുനില്‍ക്കുന്ന അപരിചിത ഇടമല്ല. നിരൂപകയായ കലാചന്ദ്രന്‍ ബിനുവിന്റെ കവിതകളെ ഇങ്ങനെ നിരീക്ഷിക്കുന്നു: 'കറുത്ത മനുഷ്യര്‍ ഉഴുതും കൊയ്തും മെതിച്ചും അളന്നും ജീവിച്ചു മണ്ണടിഞ്ഞ പശച്ചേറിലും വെള്ളത്തിലും ബിനുവിന്റെ ദേശം രൂപം കൊള്ളുന്നു. വിയര്‍പ്പിലും കണ്ണീരിലും ചോരയിലും നിന്ന് വാറ്റിയെടുത്ത ആനന്ദത്തിന്റെ തുള്ളികള്‍ ദേശത്തിന്റെ തന്നെ ജലരൂപകമായി. തൊട്ടും രുചിച്ചും അനുഭവിച്ചറിയുന്ന ഈ ദേശസ്വരൂപം ഹിംസാത്മകവും ഏകശിലാത്മകവുമായ ദേശീയതയ്ക്ക് കീഴിലമരുന്നതിന്റെ ശ്വാസംമുട്ടലും പൊറുതികേടുകളും കൂടി എഴുതുന്നതിലൂടെയാണ് ബിനുവിന്റെ കവിത അതിജീവിക്കുന്നത്. '
എന്നാല്‍, ഒരു മുന്‍വിധിക്കും പിടികൊടുക്കാത്ത ഭാഷയുടെ, ആഖ്യാനത്തിന്റെ കുതറല്‍ ബിനുവിന്റെ കവിതകളെ സവിശേഷമായ വായനാനുഭവമാക്കുന്നു. ഒരേ വഴിയിലൂടെയുള്ള സഞ്ചാരമല്ല അത്. പ്രമേയങ്ങളിലും ആഖ്യാനത്തിലും രചനാരീതികളിലുമെല്ലാം ഓരോ കവിതയും ഒന്നിനൊന്ന് വ്യത്യസ്തം. സ്വപ്‌നത്തിന്റെയും ഉന്‍മാദത്തിന്റെയും സംഗീതത്തിന്റെയുമെല്ലാം സവിശേഷമായ പ്രതലങ്ങള്‍ അതിനുണ്ട്. ഒരു മായാജാലക്കാരനെപ്പോലെയാണ്, കവി ഇവിടെ അനുഭവങ്ങള്‍ കൊരുക്കുന്നത്. അതിനാലാവണം, കവിതയുടെ അകത്തളങ്ങളില്‍ പ്രവേശിക്കുമ്പോള്‍, നമ്മള്‍ വിചിത്രമായ സ്ഥലജലവിഭ്രമങ്ങളില്‍ പെടുന്നു. സൂക്ഷ്മരാഷ്ട്രീയ വിതാനങ്ങളില്‍ കവി തീര്‍ക്കുന്ന മുനമ്പുകളില്‍ അന്തംവിട്ടുനിന്നുപോവുന്നു. പുറേമയ്ക്ക് ലളിതമെന്നു തോന്നിക്കുന്ന കവിതകള്‍ പോലും ആഴങ്ങളില്‍ കടലിളക്കങ്ങള്‍ സൂക്ഷിക്കുന്നു. സംഗീതവും ചിത്രകലയും കവിതയും ചേര്‍ന്നുസൃഷ്ടിക്കുന്ന മായാജാലമെന്ന്, ഒറ്റക്കാഴ്ചയില്‍ ബിനുവിന്റെ കവിതയെ വിശേഷിപ്പിക്കാം. എന്നാല്‍, സൂക്ഷ്മമായ കീഴാള രാഷ്ട്രീയ ബോധ്യങ്ങളാല്‍ മാറ്റിവരയ്ക്കപ്പെട്ടതാണ് ഈ കവിതയിലെ ചിത്രഭാഷയും സംഗീതവും. കാഴ്ചയുടെ സാമ്പ്രദായിക പരിധികളെ അത് ഉല്ലംഘിക്കുന്നു. കേള്‍വിയുടെ വരേണ്യധാരണകളെ തിരുത്തുന്നു. മലയാള കവിതയിലേക്ക് ബിനു കൊണ്ടുവരുന്ന, അടിമുടി ജീവത്തായ ലോകങ്ങള്‍ വരും കാലത്തിന്റെ കാവ്യഭാവുകത്വത്തെയാണ് സ്പര്‍ശിക്കുന്നത്.
കഥാര്‍സിസ്
ഒരിടത്ത് ഒരു തടാകമുണ്ടായിരുന്നു
ആ തടാകം നിറയെ
ഇരണ്ടകളായിരുന്നു.
കിലുങ്ങുന്ന ശബ്ദമുള്ളവ.
ആ ഇരണ്ടകളുടെ ശബ്ദത്തില്‍ നിന്ന്
ഒരു കഥയുണ്ടായി
നിറയെ വാഴവള്ളികള്‍
കീറിക്കീറി ഏച്ച് കെട്ടി
നീട്ടിയെടുത്ത്
പലവിതാനങ്ങളില്‍
കൂട്ടി വച്ചും കുരുക്കിയിട്ടും
കഴിയുന്ന ഒരു ഭ്രാന്തനുണ്ടായിരുന്നു.
അത് അയാളുടെ
സംഗീതമായിരുന്നു.
അടയാളമറിയാതിരിക്കാന്‍
ഇടതു കൈത്തണ്ടയില്‍ നിന്ന് അരിവാള്‍ ചുറ്റിക നക്ഷത്രം
കഠാര കൊണ്ട് അറുത്ത് കളഞ്ഞ
ഒരു ഗ്രാമീണ വില്ലനും.
അയാള്‍ തടാകത്തിന്റെ
അങ്ങേക്കരയിലായിരുന്നു താമസം
അയാളെ
അന്വേഷിച്ച് കണ്ടെത്തി
കൊന്നുകളയാനായി
ഒരു കുറ്റിക്കാട്ടില്‍ കഴിയേണ്ടി വരുന്ന
വാടകഗുണ്ടയില്‍ നിന്നാണ്
കഥ തുടങ്ങുന്നത്.
അന്തരീക്ഷം നടുങ്ങും വിധമുള്ള
ശബ്ദത്തില്‍
ഇരയുടെ വാങ്മയ-
ചിത്രത്തെപ്പറ്റി പ്രതിധ്വനിക്കുന്ന
ഒരു അശരീരി ആയിരുന്നു വാടകഗുണ്ടയുടെ മുതലാളി.
* * * * * * * * *
ഓരോ പ്രഭാതത്തിലും
അയാള്‍ ഒരു കുല ആമ്പലിനുള്ളില്‍
ആയുധമൊളിപ്പിച്ച്
തടാകം നീന്തി അക്കരയിറങ്ങി
കമഴ്ത്തോട് പോലുള്ള
ഓലപ്പുരകള്‍ താണ്ടി
ഇടവഴികളിലൂടെ കണ്ണു പായിച്ച്
നടക്കുമായിരുന്നു.
ആമ്പല്‍ കുലകൊണ്ട് കുത്തുമ്പോള്‍
പൂവ് ഉടലില്‍ തട്ടി
തിരികെ പോവുകയും
ആയുധം അവയവം കണ്ടെത്തുകയും
ചെയ്യുമെന്നായിരുന്നു
ഗുണ്ടയുടെ നിശ്ചയം.
അതേ ഉപായം
ഒരു കോര്‍മ്പല്‍ മീനിലും
ചെവിടേ ചെത്തിയെടുത്ത
പിടിത്താളിലും അയാള്‍
ആവര്‍ത്തിച്ചു..
ഒരു ദിവസം അശരീരിയുടെ
ശബ്ദചിത്രത്തോട്
സാമ്യമുള്ളയാളേ കണ്ടെത്തി.
കാലിന്റെ തള്ളവിരലിലെ
ക്യൂട്ടക്സിന്റെ നിറം വരെ
ശരിയാണ്.
കൈത്തണ്ടയിലേ
അടയാളത്തിന്റെ ഭാഗത്ത്
പച്ച വാടിയ വൃത്തത്തിലുള്ള മുറിവ് .....!
ചിലപ്പോള്‍
അടയാളം മാറി
മനുഷ്യര്‍ രക്ഷപ്പെടാറില്ലേ...?
ഛെ.... ഇല്ല
ഒരിക്കലുമില്ല.
ഉറച്ച താടിയെല്ല്
ബലിഷ്ഠമായ കറുത്ത ശരീരം
ചുരുണ്ട മുടി
മുന്‍പല്ലകന്ന ചിരി.
പിടയുന്ന മീന്‍ കോര്‍മ്പലില്‍ നിന്ന്
ഊരിയെടുത്ത വാള്‍
അയാള്‍ വെട്ടാനായി ചുഴറ്റി
ചെവിയില്‍
ഇരണ്ടകളുടെ ശബ്ദം വന്ന് നിറഞ്ഞു.
തലക്ക് ചുറ്റും ഇരണ്ടകള്‍
വാള്‍ അന്തരീക്ഷത്തില്‍
പാളിപ്പാളി വീണു.
പൊടുന്നനവേ അതൊരു
നൃത്തമായി മാറി.
കരിമ്പാമ്പുകളുടെ
മാറാട്ടം പോലെ.
* * * * * * * * *
ഇപ്പോള്‍ അയാള്‍
വാഴവള്ളി കൊണ്ടല്ല
സംഗീതമുണ്ടാക്കുന്നത്
വിരലുകൊണ്ട്
അന്തരീക്ഷത്തില്‍
ഒരു സൂക്ഷ്മ ബിന്ദുവില്‍ തുടങ്ങി
വലുതായി വലുതായി വരുന്ന
വലിയ വൃത്തങ്ങളിലാണ്
അയാളുടെ സംഗീതം
...................................................
...................................................
ആമ്പലും തീയും
തിണിര്‍ത്ത ഞരമ്പുപോലെ
ഉണങ്ങിയ ചെമ്മണ്‍പാതയ്ക്കപ്പുറം
ചോന്ന് തുടുത്ത വട്ടത്തിനെ
ഇരുള് സംരക്ഷിക്കുന്നുണ്ട്,
കാറ്റടങ്ങി നിശബ്ദമായ
ആ പകര്‍ച്ചയില്‍
രണ്ട് വലിയ പക്ഷികള്‍ അത്ര ദു:ഖികളല്ലാതെ
അതിന്നുള്ളിലേക്ക് മെല്ലെ നീങ്ങുന്നുണ്ട്
ഒന്ന് കൂടി തിരിഞ്ഞ് നോക്കാന്‍
ആ ദൃശ്യത്തില്‍
എന്തിരിക്കുന്നു
എന്ന മട്ടില്‍
വിളക്കു വെട്ടത്തിന്റെ
വിശുദ്ധ ഹൃദയം അയാളെ
വീട്ടിലേക്ക് കൊരുത്തു വലിച്ചു,
അതേ സ്ഥാനത്ത്
ആനക്കൊമ്പ് നിറത്തില്‍
ചന്ദ്രനേ അവന്‍
വെളുപ്പിന് നാല് മണിക്ക്
കണ്ടു
അകലെയെങ്ങോ
ഭജനപ്പാട്ട് കേള്‍ക്കാം
അടഞ്ഞതൊണ്ടയില്‍
ഗഞ്ചിറ പിടഞ്ഞു
തീപ്പെട്ടി തപ്പി
വിളക്ക് കത്തിച്ചൊരു
കാപ്പിയിട്ടു
ആ സമയം
കുളിരിനൊപ്പം
ഒരു മൂളിപ്പാട്ട് വരും
കുറച്ച് കഴിഞ്ഞാല്‍
കിടക്ക വിട്ടുണരുന്ന
കവിളുകള്‍
കിഴക്ക് കൊണ്ടു വച്ച
വെട്ടത്തിന്റെ ഓറഞ്ച് നിറമുള്ളകതിരില്‍
ബിസ്‌കറ്റില്‍
ഒട്ടിപ്പിടിക്കുന്നതയാളോര്‍ത്തു
പണിയുടുപ്പും പാന്റും ചോറ് പൊതിയും സഞ്ചിയില്‍ വച്ച്
പകലിനും
നിലാവിനുമിടക്കുള്ള
ഇരുളിലൂടെ
സൈക്കിളകലേക്ക് പോകും
അപ്പോള്‍ കിഴക്ക്
പാലത്തിനപ്പുറമുള്ള
പാടത്തിന്റെ അറ്റത്ത്
പലയിടങ്ങളിലിരുന്ന്
കാക്കകള്‍ ശബ്ദത്തിന്റെ
നേര്‍ത്ത വരയിട്ട്
കാറ്റാടിച്ചെടികള്‍
വരയ്ക്കും
ആ രണ്ട് സമയങ്ങളിലുള്ള
ദൃശ്യങ്ങളിലാണയാളുടെ
പുറം ലോകത്തിന്റെയുള്ള്
പണിക്കിടയില്‍
ഉച്ചവെയിലിനോട്
നിലാവിനേയും
സായാഹ്നത്തിനോട്
പുലരിയേയും
പകരം വച്ചയാള്‍
ഓരോ ദിവസവും
മറികടന്നു
പുലര്‍ന്ന് കണ്ണ് തെളിച്ച്
തൊപ്പിയണിഞ്ഞ പൂക്കൈകള്‍
അവളുടെ മടിയിലിരുന്ന്
അ, അമ്മ,എന്നെഴുതും
സ്ലേറ്റ് മറ്റൊരു ഭാഷയില്‍
അവ മൊഴി മാറ്റുന്നത്
അയാള്‍ക്ക് അപ്പോള്‍
കേള്‍ക്കാമായിരുന്നു
ഇന്ന് സൂര്യന്‍
മാത്രമാണവിടെ,
ചുറ്റിനും കറുപ്പില്ല..
കിളികളില്ലാത്തത്
ഉടനേ നിലച്ച്
താഴ്ന്നു പോകും..
കുഞ്ഞുങ്ങള്‍
സൈക്കിളിന്റെ
ഒച്ചയില്‍ തുള്ളിച്ചാടി
പാപ്പംതിന്ന്
വര്‍ത്തമാനം പറയും
രാത്രിഒന്‍പത് മണിവരെ
പാട്ടുപോലത് തുടരും
ഉറങ്ങിയുണര്‍ന്നവരിലൊരാള്‍
ഓടി വീണ്കരഞ്ഞും
ഇളയത് മലര്‍ന്ന് കിടന്ന് കൈകാലുകള്‍ മുകളിലേക്ക് പൊന്തിച്ചും വളരും
ഒറ്റക്കാവുമ്പോള്‍
ഈ ബിംബങ്ങള്‍ തരുന്ന
സന്തോഷമല്ലാതെ
മറ്റെന്താണ് ഒരു
കൂലിപ്പണിക്കാരന്റെ
ജീവിതത്തിലുള്ളത്
...................................................
Read more: കടലെറങ്കണ പെണ്ണുങ്കോ, ഡി അനില്‍കുമാര്‍ എഴുതിയ കവിതകള്‍
...................................................
ജുഗല്‍ബന്ദി
ടീവിയില്‍
കലാവതിയില്‍ (1)
സഹോദര ശബ്ദങ്ങളുടെ
പ്രഭാതസവാരി
തലപ്പുകളില്‍ നിന്ന്
തലപ്പുകളിലേക്ക്
പാര്‍ന്നിഴകൂടിച്ചേര്‍ന്ന്
പഴുതടച്ച പാട്ടില്‍
പാരമ്പര്യങ്ങളിണങ്ങി.
'ധാ'യും നി'യും പോലെ
കമഴ്ന്നും മലര്‍ന്നും
സ്വരങ്ങള്‍.
പിടിച്ചിട്ട ചെറുമീന്‍ പോല്‍
താളം നിമിഷത്തെ
നിശ്ചയിക്കുമപ്പോള്‍.
പോകെപ്പോകെ
അതിന്റെ ഗതി മാറി
വിലംബം വിട്ടനു-
ദ്രുതത്തിലെത്തീവേഗം.
സഹോദരങ്ങളതിലിപ്പോ
ളൊരു ശബ്ദം,മിഴി
കൂമ്പിയിണങ്ങിചിരിച്ചു.
പൊടുന്നനവേ
അവിടംമങ്ങിക്കടല്‍
പോലൊരു പാടം
കണ്ണ് ചിമ്മിത്തെളിഞ്ഞു.
അതിന്റെ കരക്കുള്ള
ഒറ്റ വീടിന്റെ
മുറ്റത്തെക്കസേരയില്‍
കാലൊടിഞ്ഞൊരാള്‍
തുടിച്ചോ കുതിച്ചോ
അശയാതെ
മറ്റൊരോര്‍മ്മയിലിരിക്കുന്നു.
അയാളുടെ കിഴക്കിപ്പോള്‍
മഞ്ഞപതഞ്ഞുരയും കാറ്റ്
കതിരിന്‍ തിരതല്ലും കടല്‍
അതയാള്‍ കാണുന്നില്ല
ഒരുങ്ങുന്നുണ്ട് ചേറ്
വണ്ടികള്‍ക്കു മുമ്പുള്ള
ഏര് കാളകളുഴുന്നുണ്ട്
പറക്കും പക്ഷികള്‍
ഇരണ്ടകളിരമ്പം തീര്‍ത്ത്
നീങ്ങുംനിഴല്‍ ത്തണല്‍
പൊയ്ക്കാലന്‍ കിളി കൊത്തുമ്മീനുകള്‍
നിരന്ന് പൊങ്ങും
കാപ്പിരിയീണത്തിന്റെ വെറി (2)
അത് ഒരു ഇരട്ടകളുടെ
കാവലുള്ള പുഞ്ച..
മുറിഞ്ഞ
വരമ്പുകളുടെ അതിരില്‍
നിന്നവര്‍ കരുത്തന്‍മാര്‍
ഒന്നും രണ്ടും പറഞ്ഞ്
തര്‍ക്കിച്ച് തര്‍ക്കിച്ച്
തെറിച്ചതിലൊരാള്‍
ചാടി വീണു.
കടും ഭാഷയുടെ ഇരുമ്പില്‍
കമ്മാളന്‍ തീര്‍ത്ത
രാഗത്തിന്റെ ശൈലിയില്‍
ഒരുവന്റെ ശബ്ദത്തെ
താളത്തില്‍ വെട്ടി വെട്ടി
ഇല്ലാതാക്കി -
ക്കുത്തിക്കുത്തി
ഞരക്കുമ്പോള്‍
സന്ധ്യ ഒറ്റുകാരന്‍
തെണ്ടിപ്പോലെ പടിഞ്ഞാറ് പമ്മി
മുഴുത്തകരിമേഘം
അഛനായ് വന്ന് വിലക്കി
എത്ര സമയം വേണം
ഒരു ശബ്ദത്തെ
അതിന്റെ വേദനയുടെ
ഈണത്തെ,
രണ്ട് സഹോദരങ്ങളെ,
അറ്റ് പോകുന്ന കണ്ണികളെ,
പാട്ടു പോലൊരായുധം കൊണ്ട്
ഒന്നാക്കാനും
അവരില്‍ ഒന്നിനെ
ഇല്ലാതാക്കാനും.
ചെളിയില്‍ കലര്‍ന്ന
ചോര
സ്വരം ശ്രുതിയില്‍
കലര്‍ന്ന ലയം
കുറച്ചകലെ മലച്ച
ചാല് അതില്‍
ദുഃഖത്തിന്റെ മഷി.
കലാവതി
ദിക്ക് തുളച്ച്
മാളങ്ങളിലേക്ക്
പാരമ്യതകളുടെ
പടം പൊഴിഞ്ഞില്ലാ-
താവുമ്പോള്‍
ഒറ്റ സഹോദരന്‍
ദു:ഖം മുറിക്കാനൊരു
വാളില്ലാതെ
രാപ്പകലുകളുടെ
നീളമറിയാതെ
ദൂരം നോക്കിയിരിക്കുന്നു
(1) കലാവതി: ഒരു ഹിന്ദുസ്ഥാനി രാഗം
(2) പാടത്ത് കന്ന് ഉഴുന്ന സമയം ഉഴവുകാര്‍ ഉണ്ടാക്കുന്ന ഒരു പ്രത്യേകതരം ഈണം
...................................................
Read more: ആട്ടക്കഥ, എസ് കലേഷിന്റെ കവിത
...................................................
മരിച്ചയാള്‍
ഒരിക്കല്‍ ഒരു ശവം
ആറ്റിലൂടൊഴുകിവന്നു.
അത് വഴി മീന്‍
പിടിക്കാന്‍ പോയ ഒരാള്‍
തന്റെ തുഴകൊണ്ടതിനെ
പണിപ്പെട്ട് മലര്‍ത്തിയിട്ട്
പോക്കറ്റില്‍ നിന്ന് ഒരു ചീപ്പും കുറച്ച് പൈസയും എടുത്തു.
ഒരാറടിയോളം പൊക്കം വരുന്ന
മരിച്ചയാളുടെ കൈയ്യില്‍
ഒരു മോതിരമുണ്ടായിരുന്നു.
ആ വാര്‍ത്ത രാത്രിതന്നെ
നാടു മുഴുവന്‍ പരന്നു.
ഇതറിഞ്ഞ
നാല് ചെറുപ്പക്കാര്‍ ആ മോതിരമെടുക്കാന്‍
തീരുമാനിച്ചു..
അവര്‍ രാത്രിയുടെ
വിളക്കണയ്ക്കാന്‍
പല വഴിക്ക് ശ്രമിച്ചു.
ഒടുവില്‍ ചതച്ച
വാഴപ്പോളകൊണ്ട്
കരണ്ട്കമ്പിക്ക്
കുറുകെയെറിഞ്ഞ് ഒരു വിസ്‌ഫോടനത്തോടെ
ആ പുഴയോരം മുഴുവന്‍
ഇരുട്ടിലാക്കി
ഒഴുകിപ്പോയ വഴികള്‍
ശീലാന്തിത്തിട്ടകള്‍
പുലിമുട്ടുകള്‍, കൈത്തോടുകള്‍
ചെറുമലരികള്‍,ചുഴികള്‍ മുഴുവനരിച്ചുപെറുക്കി.
അത് മലര്‍ന്ന്
കൈയ്യകത്തി
അവര്‍ക്ക് മുന്നേ എങ്ങോട്ടോ ഒഴുകിപ്പോയി
ഇപ്പോഴിരിട്ടും
ഇരുണ്ടവള്ളവും
അവരും ഒറ്റ നിറത്തിന്റെ
ചിത്രമായ് നമുക്ക് നിശ്ചയിക്കാം
തുഴയാല്‍ വാരിപ്പിടിക്കും
വെള്ളത്തിന്റെ മൂളലില്‍
വള്ളംപതുങ്ങിക്കുതിച്ചു.
മണിക്കൂറുകള്‍ അകലം പോയി അവര്‍മ ടുത്തു.
അവര്‍ക്ക്‌മേലേ
പറന്ന കിളിയുടെ
കരച്ചില്‍ ഒരുവനില്‍
സംശയമുണര്‍ത്തി.
അവര്‍ വിദൂരമായ ഒരു
ദുര്‍ഗന്ധത്തിന്റെ
ദൂരമളന്നു തുഴഞ്ഞു.
സിഗരറ്റ് ലാമ്പിന്റെ കനമില്ലാത്ത പ്രകാശത്തില്‍
വാഴപ്പിണ്ടിയും പായല്‍കൂട്ടവും പതുങ്ങിക്കിടന്നു
ആ ദിക്കിലൂടെ അവര്‍ കുറച്ച് കൂടി മുന്നോട്ട് തുഴഞ്ഞു
അഞ്ചാമതൊരാളേപ്പോലെ
രൂക്ഷഗന്ധം പരന്നു തുടങ്ങി,
കാറ്റില്‍
പരുന്തിന്റെ ശബ്ദം
പാളിയകന്നു.
അവര്‍ തുഴ അയച്ച്
വള്ളം നിശ്ചലമാക്കി.
കാറ്റില്‍ തിങ്ങിക്കൂടിയ
ഒഴുക്കുചപ്പുകള്‍ക്കിടയില്‍
ശവം പതുങ്ങിക്കിടന്നു.
അസാധാരണമാം വിധം
കൈയ്യകത്തി വളച്ച്
കണ്ണുതുറിച്ച്
വായ തുറന്ന്
മുകളോട്ട് നോക്കി എന്തോ
പറയുന്നതുപോലെ തോന്നും
ആ കിടപ്പ് കണ്ടാല്‍.
പതുക്കെ ചപ്പില്‍ നിന്നതിനെ
വേര്‍പെടുത്തി
തുഴ തൊടുവിച്ചപ്പോള്‍
അതു വഴങ്ങി
തെളിവുള്ളിടത്തേക്ക്
വന്നു.
ഒരാള്‍ മുഖം തിരിച്ച് പിടിച്ച്
അതിന്റെ കൈ
വള്ളത്തിന്റെ വങ്കിലേക്ക് വച്ചു.
രൂക്ഷമായ ദുര്‍ഗ്ഗന്ധം
വിശ്വസ്തനായ
നായയേപ്പോലെ
അവരെ അകറ്റി നിര്‍ത്തി.
വിരലില്‍ പരതി
മോതിരം ചെറുതായ്
വാലിച്ചപ്പോഴേക്കും
കുറച്ച് മാംസവുമായി
ആ ലോഹം താഴെ വീണ്
മുഴങ്ങി
വിശപ്പ് തീര്‍ന്ന
ഒരു കാരിമീനിനെപ്പോലെ
വള്ളം നാല് കൈകളില്‍
തിരിഞ്ഞ് വീട്ടിലേക്ക് മടങ്ങി
പിറ്റേന്ന്
അവരത് നഗരത്തില്‍
എവിടെയോ
കൊണ്ടു പോയ് വിറ്റു.
ആ രാത്രി മുതല്‍
ഉറക്കമില്ലാത്ത ഒന്ന്
അവരുടെ വീടുകളില്‍
നിശബ്ദതകള്‍ക്കായ്
കാത്തുനിന്നു.
ആളനക്കമില്ലാതാവുമ്പോള്‍
വസ്തുക്കള്‍ക്ക്
പിന്നിലെ നിഴലില്‍ നിന്ന്
ഒരു പട്ടം പോലെ
ഉയര്‍ന്ന്
...................................................
Read more: നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
...................................................
ജംപേ
ഉരിഞ്ഞ്‌പോകുമ്പോള്‍
തൊലിയുടെ ഉള്‍ഭാഗം
റോസ് നിറത്തില്‍
കാണുമ്പോള്‍
രക്തത്തില്‍
രാഷ്ട്രീയമുള്ളവര്‍ക്ക്
ഒരിത് തോന്നാതിരിക്കില്ല
അകത്തോട്ടകത്തോട്ട്
കറുത്തിരുന്നെങ്കിലെന്താ
എന്നാശിച്ചു പോവുകയും ചെയ്യും
ചില സമയങ്ങളില്‍
അങ്ങിനെയായിരുന്നെങ്കില്‍
ഒരു പക്ഷെ
ഒരാള്‍ക്ക് തന്റെ സഹോദരനെ
കൊല്ലേണ്ടി വരുമായിരുന്നില്ല
ഓരോ പിളര്‍പ്പിനും
ഉള്ളിലേക്ക് വീശുന്ന കറുപ്പ്
അയാള്‍ ഓങ്ങുന്ന
ഏതെങ്കിലുമൊരു
നിമിഷത്തില്‍
തിരിച്ചറിവിനുള്ള സമയം കൊടുത്തേനേ...
വെട്ടിയെടുത്ത
അവയവത്തിന്റെ
അറ്റത്തുനിന്ന്
ഒറ്റുകാരേപ്പോലെ
പിന്‍വലിഞ്ഞ്
കുറച്ച് ഭാഗം കൂടി
വെട്ടാനാംഗ്യം കാണിക്കുന്ന
ചില ഉറപ്പില്ലാത്ത
തൊലിയുള്ളവരുമുണ്ട്
പഴയ സംഘര്‍ഷങ്ങളുടെ
സ്‌കൂളില്‍ നിന്നാണിതൊക്കെ
കറുത്ത ബോര്‍ഡും
വെളുത്ത അക്ഷരവും
പോലെ ചിലത്
വെളുക്കെ വെളുക്കെ
ഒരു തുരുമ്പിച്ച
കത്തി കൊണ്ട്
പകയോ വൈരാഗ്യ മോഇല്ലാതെ
ഒരു ശരീരം
തുണ്ടിച്ചതിന്റെ കൂലിക്ക്
കുഞ്ഞിന് പാല്‍
വാങ്ങിപ്പോകുന്നതു
പോലെയാണ്
ഇന്ന് നമ്മുടെ രാഷ്ട്രീയം
...................................................
Read more: പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍
...................................................
രക്തം
ഞാനും അനിയനും കൂടി
ഒരു മാറ്റിനി കണ്ട്
തിരികെ വരികയായിരുന്നു.
ഞങ്ങളുടെ ബസ്റ്റോപ്പിലെ
കടത്തിണ്ണയില്‍
ചുവന്ന പട്ടുടുത്ത ഒരാള്‍ കിടന്ന്
അസാമാന്യമായ്
ഒച്ച വെക്കാന്‍ തുടങ്ങി
അത് മൈക്കിലൂടെയെത്തുന്ന
അമ്പലത്തിലെ രാമായണ -
വായനയേയും കടന്ന് നിന്നു.
കൊത്താറന്മാര്‍
അവരവരുടെ കടകളിലിരുന്ന്
അയാളെ രൂക്ഷമായ്
നോക്കുകയും പരസ്പരം
ഞങ്ങളെ
കണ്ണ് കാണിക്കുകയും ചെയ്തു
എനിക്ക് ദേഷ്യം വന്നു
ഞാനയാളുമായി മോദി.
അയാള്‍
ഞങ്ങള്‍ക്ക് പിന്നാലെ
തെറി പറഞ്ഞ് പിന്‍തുടര്‍ന്ന്
ഒടുവില്‍ വീട്ടില്‍ വന്നു.
ഞാനൊരു മുറിക്കട്ടയെടുത്ത്
അയാളെ എറിഞ്ഞു
അയാളതൊഴിഞ്ഞു.
എന്നെയും എറിഞ്ഞു
അത് കൊണ്ടിരുന്നെങ്കില്‍
ഞാന്‍ ചത്തുപോകുമായിരുന്നു
ആ ദേഷ്യത്തിന് അനിയന്‍
കുറേ കട്ട കൂടി കൊണ്ടുവന്നു.
അയാള്‍
പരിചയമുള്ളവനേപ്പോലെ
വീടിന് പിറകിലെ
മണ്‍തിട്ടിലൂടെ ചാടി
ഒരു മാങ്ങ പറിച്ച് കടിച്ചു..!
ഞങ്ങള്‍
ഒരു പ്രത്യേക അകലത്തില്‍ നിന്ന്
അയാളെ വീണ്ടും വീണ്ടുമെറിഞ്ഞു.
അയാളെ കൊല്ലുകയായിരുന്നു
അപ്പോഴത്തെ ഞങ്ങളുടെ ലക്ഷ്യം.
ഒരേറ് എന്റെ
കാലില്‍ വന്ന് കൊണ്ടു.
എന്റെ കാലൊടിഞ്ഞെന്ന് തോന്നി.
അയാള്‍
അപകടം മണത്ത്
തിരിഞ്ഞോടി
അപ്പുറത്തെ വളവിന്
താമസിക്കുന്ന അണ്ണനോട്
ഞാനലറി
എന്നേ അടിച്ചിട്ടൊരാള്‍
വരുന്നുണ്ടവനേ
വിടരുതെന്ന് പറഞ്ഞു.
അണ്ണന്‍
ഒരു മണ്‍വെട്ടിയുമായ് വന്ന്
വളവിലെവഴിയില്‍
പാത്ത്നിന്നു.
അയാളണ്ണനേയും
കടന്നോടി.
അണ്ണന്‍
പിന്നില്‍നിന്നവന്റെ
തലക്കടിച്ചു
അടികൊണ്ടയാളതുവഴി
ചിറയിലേക്കോടി
താഴെ വള്ളമുണ്ടെന്ന്
തോന്നാത്ത വിധം
കിളന്ന തിട്ടയില്‍ നിന്നയാള്‍
ഒറ്റച്ചാട്ടത്തിന്
വള്ളത്തില്‍ നിന്നു
കെട്ടഴിച്ച് പാടത്തേക്ക്
തള്ളിയൂന്നിപ്പോയ്.
ഞങ്ങളാളേക്കൂട്ടി
കരകളില്‍ നോക്കി നിന്നു.
കുറേ ദൂരംപോയി
വള്ളത്തിന്റെ
കഴുക്കോല്‍ പാടത്ത് ചെരിഞ്ഞ
രീതിയില്‍ കുത്തി നിന്നു.
അയാള്‍
ആ വള്ളത്തില്‍ കിടന്ന്
മരിച്ചു.
വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം