വാക്കുല്‍സവത്തില്‍ എം.പി.പ്രതീഷ് എഴുതിയ കവിത.
പുതു മലയാള കവിതയിലെ ഏറ്റവും വ്യത്യസ്തമായ അടരുകളിലൊന്നാണ് എം പി പ്രതീഷിന്റെ കവിതകള്‍. പ്രകൃതിയെ, ഭൂമിയെ, ആവാസവ്യവസ്ഥകളെ കവിതയുടെ സൂക്ഷ്മദര്‍ശിനികളിലൂടെ തിരയുകയാണ് ആ കവിതകള്‍. പുതിയ കാലത്തിന്റെ ആരവങ്ങളല്ല, ജീവിതാഘോഷങ്ങള്‍ക്കിടയില്‍ ആരുടെയും കണ്ണുപതിയാതെ പോവുന്ന ഇടങ്ങളും അനുഭവങ്ങളുമാണ് പ്രതീഷിന്റെ കവിതകള്‍ വിനിമയം ചെയ്യുന്നത്. ശാന്തമായ, സൗമ്യമായ കവിതയ്ക്കു മാത്രം ചെന്നെത്താനാവുന്ന ആഴമേറിയ ഒരനുഭവമാണത്. വായനക്കാരുടെ ശ്രദ്ധയെ ആവോളം ആവശ്യപ്പെടുന്ന, ആവാഹിക്കുന്ന കവിതയുടെ വേറിട്ട ഇടം. സൂക്ഷ്മനിരീക്ഷണങ്ങള്‍, അസാദ്ധ്യമായ ആംഗിളുകളില്‍നിന്നുള്ള നോട്ടങ്ങള്‍, ആഖ്യാനത്തിന്റെ ഉപരിതലത്തിലേക്ക് ജീവിതത്തെ ഇഞ്ചിഞ്ചായി വിളിച്ചുവരുത്തുന്ന രചനാതന്ത്രങ്ങള്‍. പ്രതീഷിന്റെ കവിതകള്‍ ശ്രദ്ധേയമാവുന്നത് ഈ വഴിക്കാണ്.
ഉണക്കം
ഇഷ്ടികയും
ചുണ്ണാമ്പും
പ്രാര്‍ത്ഥനകളും
സങ്കടങ്ങളും
കലര്‍ന്ന
ഒരു പിടി മണ്ണ്,
തകര്‍ന്ന മിനാരത്തിന്റെ മണ്ണ്
2
ആ മണ്ണ് നീക്കി
അടിമണ്ണില്‍ ദ്രവിച്ചു കൊണ്ടിരുന്ന ശീലവകഞ്ഞു
ചൂടാറാതെ
അഴുകാതെ
പ്രാര്‍ത്ഥനയുരുവിടുന്ന
മെലിഞ്ഞുണങ്ങിയ വൃദ്ധന്റെ ദേഹം
നെഞ്ചില്‍
വെടിത്തുളകള്‍
3
മണ്ണ്
എന്നില്‍ക്കലര്‍ന്ന്
എന്റെ മുറിവായകളുടെ
ഓര്‍മയുണങ്ങാതെ വെക്കുന്നു
ഞാന്‍ കണ്ടു, വാക്കുല്‍സവം പ്രസിദ്ധീകരിച്ച എം പി പ്രതീഷിന്റെ മറ്റൊരു കവിത
വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം