ഈ വര്‍ഷത്തെ സി വി.ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം നേടിയ യമയുടെ കഥയാണ് ഇന്ന് വാക്കുല്‍സവത്തില്‍. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഒരു വായനശാലാ വിപ്ലവം' എന്ന കഥാസമാഹാരത്തിനാണ് സി വി.ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം ലഭിച്ചത്.
പെണ്ണുങ്ങള്‍ മാത്രം ഓടിക്കുന്ന വണ്ടികളാണ് യമയുടെ കഥകള്‍. അത് ആണ്‍കോയ്മയുടെ ഊതിവീര്‍പ്പിച്ച മതിലുകളിലേക്ക് ചെന്നു കയറുന്നു. ജാതിബോധത്തിന്റെ മേല്‍മീശ പിരിച്ച് നെഞ്ചുംവിരിച്ചു നടക്കുന്ന കോമാളിത്തങ്ങളുടെ നേര്‍ക്ക് ബ്രേക്കു പൊട്ടിയ പാച്ചിലാവുന്നു. അലക്കിത്തേച്ച മാന്യതയുടെ വെളുത്ത നെഗളിപ്പുകള്‍ പകയോടെ ഇടിച്ചു വീഴ്ത്തുന്നു. രാഷ്ട്രീയവും സംസ്‌കാരവും സാമൂഹ്യ ബോധവും കൊണ്ട് കെട്ടിപ്പൊക്കിയ ആണത്ത ഏമ്പക്കങ്ങളെ ഒരു മടിയുമില്ലാതെ ആകാശങ്ങളിലേക്ക് പറത്തുന്നു. പാട്രിയാര്‍ക്കിയുടെ കാറ്റു വീണു മുളച്ച, മസിലുപിടിയന്‍ ദാര്‍ശനികതകളെ ഒറ്റക്കുത്തിന് കൊല്ലുന്നു. ആണുങ്ങള്‍ക്കു മാത്രമായുണ്ടാക്കിയ സാമൂഹിക നിലകളിലേക്ക് കൊടുങ്കാറ്റു പോലെ കുതിക്കുന്നു.
ആ വണ്ടികളിലുള്ളത് പെണ്ണെഴുത്തുകളില്‍ നാം വായിച്ചുപരിചയിച്ച തരം സ്ത്രീകളല്ല. അവരുടെ ജീവിതവും നമുക്കത്ര പരിചിതമല്ല. ആര്‍ക്കും വേണ്ടാതെ, ആരും കാണാതെ ജീവിതത്തിന്റെ ഓരങ്ങളില്‍ വലിച്ചെറിയപ്പെട്ടവരാണവര്‍. ഒച്ചയനക്കം കെട്ട തെരുവുപോലെ വിജനമായ ജീവിതം നിത്യം തിന്നുപോരുന്നവര്‍. അപമാനങ്ങള്‍ വിഴുങ്ങി ഉറച്ചുപോയവര്‍. അടക്കിപ്പിടിച്ച വിങ്ങലുകളില്‍ കൈകുത്തി ഉയിര്‍ക്കാന്‍ ശ്രമിച്ച് വീണുപോവുന്നവര്‍. പലപ്പോഴും, സാമൂഹ്യ ശ്രേണിയില്‍ അധമമായൊരിടം പോലുമില്ലാത്തവര്‍. മോളിലാകാശം മാത്രമുള്ളവര്‍ക്ക് സഹജമായ അതിജീവനത്വരയും കൂസലില്ലായ്മയുമാണ് അവരെ ചലിപ്പിക്കുന്നത്. ആണും അവനുണ്ടാക്കിയ ലോകവും ഇത്രയേയുള്ളൂ എന്ന തിരിച്ചറിവ് നല്‍കുന്ന കരുത്തും പിടപ്പുമാണ് അവരെ നടത്തുന്നത്.
അരികുമൂര്‍ച്ചയുള്ള റിയലിസത്തിന്റെ വഴിയിലൂടെയാണ് യമയുടെ കഥകള്‍ വണ്ടിയോടിക്കുന്നത്. ഒട്ടും സുഖിപ്പിക്കുന്നതല്ല അവയുടെ വായനാനുഭവം. മിനുത്തതല്ല, പരുക്കനാണ് ആ ആഖ്യാനവഴി. എവിടെ തൊട്ടാലും മുറിയുന്ന ഇരുതല മൂര്‍ച്ചയുള്ള കഠാര പോലെ അപകടകരമാണ് അതിന്റെ യാത്രാപഥം. ചിലപ്പോഴത്, ഭ്രമാത്മക ഭാവനയുടെ കയറേണികള്‍ കയറി മാജിക്കല്‍ റിയലിസത്തിന്റെ ആകാശങ്ങള്‍ തൊടും. മറ്റു ചിലപ്പോള്‍, അകം കൂര്‍ത്ത നര്‍മ്മവും പരിഹാസവും ആക്ഷേപഹാസ്യവും കൊണ്ട് ഉറുമിയേറു നടത്തും. സ്ത്രീകളുടെ അസാധാരണ ലോകങ്ങള്‍ മാത്രമല്ല അതിനുള്ളില്‍. വിചിത്രമായ, എന്നാല്‍ അങ്ങേയറ്റം ജീവിതമുള്ള സ്ത്രീ പുരുഷ ബന്ധങ്ങള്‍. ഒട്ടും പോളീഷ് ചെയ്യപ്പെടാത്ത കാമനകളുടെ നേര്‍പ്പകര്‍പ്പുകള്‍. അസാധാരണമായ കൊടുക്കല്‍ വാങ്ങലുകള്‍. പ്രമേയസ്വീകരണത്തിലും ആഖ്യാനത്തിലും രചനാചാതുരിയിലും യമ മാറിനില്‍ക്കുന്നത് എഴുത്തിന്റെ അരാജകമായ വിധ്വംസകശേഷി കൊണ്ടാണ്.
വൈകുന്നേരമാകാനായിട്ടും വെയിലുരുകി മഞ്ഞിച്ച് തന്നെ കിടന്നു. പോരാത്തതിന് വായുവില്‍ ഈര്‍പ്പം കട്ടകെട്ടി നിന്ന് മനോശരീരാദികളെ ആവോളം പുകച്ച് തുള്ളിക്കുന്നുണ്ട്. നന്നായി പൂത്തുകുലച്ചു വെയിലേറ്റുവാടി മുറ്റത്ത് നിന്ന അശോകമരത്തിന്റെ തണല്‍ച്ചോട്ടിലേക്ക് പരവേശത്തോടെ ലീലാമ്മ കയറിയങ്ങുനിന്നു. എന്തായാലും ഇതുങ്ങളുടെ വായീന്ന് കേള്‍ക്കണം. എന്നാപ്പിന്നെ കുറച്ചു തണല്‍ ഭക്ഷിച്ചിട്ടാവാം എന്ന് ലീലാമ്മയും ഉറപ്പിച്ചു.
'..ണേ...പെണ്ണേ.. എവിടെച്ചെന്നു കിടക്കണ്? ആ ഹോസെടുത്ത് ചെടി നന പെണ്ണെ ..ഹോ... എന്തൊരു ചൂടാണിത്? മനുഷ്യന്‍ പുഴുങ്ങി ചാവും.'
അരക്കെട്ടില്‍ കുത്തിവച്ച സാരിഞൊറിവ് ചൈനീസ്ഫാന്‍ പോലെ ചുഴറ്റിക്കൊണ്ട് കല്യാണീദാമോദരന്‍ ഗര്‍വ്വോടെ നടക്കുന്നത് കണ്ടാല്‍ മൂക്കിന്റെ അറ്റത്തുനിന്നു ഒരു നൂല്‍ വലിച്ച് ആകാശത്ത് കെട്ടിയിരിക്കുകയാണ് എന്നുതോന്നും. ഈ കല്യാണീ ദാമോദരന്‍ എന്ന നീട്ടല്‍ പ്രസിഡന്റ് ഓഫ് നേഷന്‍ എന്ന് പറയുന്ന ഘനത്തില്‍ എടുത്താല്‍ മതി, ഫലത്തില്‍ രണ്ടിനും വല്യ പ്രാധാന്യം ഇല്ല. ഒറ്റക്കൊറ്റക്ക് നില്‍ക്കുമ്പോള്‍ മൂല്യമില്ലാത്തവര്‍ ചേര്‍ന്നുണ്ടാക്കുന്ന ഗുണ്ടാസംഘങ്ങള്‍ കൈവരിക്കുന്ന ഭയഘടനയുടെ വ്യാകരണം ആണത്. ദാമോദരന്‍ എന്ന് പറഞ്ഞാല്‍ കല്യാണിയുടെ ഭര്‍ത്താവ്, നടപ്പ് പഞ്ചായത്ത് പ്രസിഡന്റ് , അവിടെ വന്നു നില്‍ക്കുന്ന ലീലാമ്മയുടെ ബാല്യകാല പ്രേമഭാജനം. കളങ്കമില്ലാത്ത ബാല്യമനസ്സിന് ഉണ്ടായ ഒരു ചാഞ്ചാട്ടം എന്ന് ലീലാമ്മ പിന്നീട് തിരിച്ചറിഞ്ഞെങ്കിലും നട്ടുച്ചക്കു തിരി കൊടുത്തുപോയ മാലപ്പടക്കത്തിന്റെ അവസ്ഥയില്‍ ആയിരുന്നു അന്ന് പത്തില്‍ പഠിച്ചുകൊണ്ടിരുന്ന ലീലാമ്മ. വേലയും കൂലിയും ഇല്ലാതെ അച്ഛന്റെ വരുമാനത്തില്‍ നിന്നും തിന്നുകൊണ്ടിരുന്ന സാമാന്യം ഭേദപ്പെട്ട നായര്‍ തറവാട്ടില്‍ ജനിച്ച ദാമോദരന് ഒരു ദിവസം പെട്ടെന്നാണ് ലീലാമ്മ ഈഴവത്തിയാണെന്നും കാല്‍ക്കാശിനു ഗതിയില്ലാത്തവന്റെ സന്താനവും ആണെന്ന ബോധോദയം ഉണ്ടായത്. പട്ടിണിയില്‍ പ്രേമം പുലരുമെന്ന് പാവപ്പെട്ടവര്‍ മാത്രമേ ചിന്തിക്കുകയുള്ളൂ. അതുകൊണ്ട് ദാമോദരന്റെ മനംമാറ്റം അറിയാതെ ലീലാമ്മ എന്ന കിളുന്തുപെണ്ണ് അവളുടെ തന്തയെയും തള്ളയെയും കരയിക്കുവോളം തീറ്റിയും കുടിയും ഇല്ലാതെ പഠിപ്പ് മുടക്കി വീട്ടില്‍ കിടന്നു.
ജാതിപ്രശ്‌നം ഉയര്‍ത്തിയേക്കാവുന്ന നിലനില്‍പ്പിനെ ബാധിക്കുന്ന ചില ഘടകങ്ങളെ പരിഗണിക്കുമ്പോഴും ലീലാമ്മയുടെ സുന്ദരമായ ഉടലിനെയും മനസ്സിനെയും വിട്ടുകളയുന്നതോര്‍ത്ത് ദാമോദരന്‍ വിഷമിക്കാതിരുന്നില്ല. എങ്കിലും അയത്‌നലളിതമായി കൈവന്നേക്കാവുന്ന ജീവിതസൗകര്യത്തെ ഓര്‍ത്ത് പ്രേമം എന്നത് അപകടകരമാംവിധം സ്വാതന്ത്രേ്യച്ഛ ഉള്ള ഹൃദയങ്ങളുടെ തീവ്രവാദനിലപാടാണ് എന്ന് ഒരവസരത്തില്‍ കക്ഷി കാച്ചിക്കളഞ്ഞു. തീവ്രവാദം വ്യവസ്ഥാപിത നിയമങ്ങളെയും നടപ്പുരീതികളെയും പ്രതികൂലമായി ബാധിക്കും എന്നതുകൊണ്ടും അധികാരശ്രേണിയില്‍ തുഞ്ചത്തിരിക്കുന്നവരുടെ ചേരിയില്‍ ജന്മനാതന്നെ വന്നുപെട്ടു എന്നതുകൊണ്ടും ലീലാമ്മയുടെ തീവ്രവാദനിലപാടിനെ ചെറുക്കാന്‍ തന്നെ ദാമോദരന്‍ തീരുമാനിച്ചു. കാലുവാരി നട്ടെല്ലില്ലാത്തവന്‍ എന്നൊക്കെ ലീലാമ്മയുടെ ഫാന്‍സ് പറഞ്ഞുനാറ്റിച്ചിട്ടും തെല്ലു കുറ്റബോധത്തോടെയാണെങ്കിലും അധികാരവര്‍ഗത്തിന്റെ സ്വതവേ ഉള്ള ഉളുപ്പില്ലായ്മയോടെ ലീലാമ്മയുടെ സങ്കടം അവന്‍ കണ്ടില്ലെന്നു വച്ചു.
................................................................................
സുന്ദരിയായ ഒരു വിധവയുടെ സ്വാതന്ത്ര്യബോധം വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ച് കവലയിലെ ചായക്കടകളിലും ലോക്കല്‍ ജിംഖാനയിലും ആണുങ്ങള്‍ വാതോരാതെ സംസാരിച്ചു.
Image: Jonny Lindner/Pixabay
'ഒരു വായനശാലാ വിപ്ലവം' എന്ന കഥാ സമാഹാരം ഓണ്‍ലൈനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
ക്ലാസ്സ് മാറ്റം കിട്ടാതെ എട്ടില്‍ നാലുതവണ ഒരേ ബഞ്ചില്‍ ഇരുന്നു പഠിച്ച കല്യാണിയെ ദാമോദരന്‍ കെട്ടി ഭാര്യയാക്കുന്നത് അങ്ങനെയാണ്. തകര്‍ന്നത് ഹൃദയമായിരുന്നെങ്കിലും യാഥാര്‍ത്ഥ്യത്തിന്റെ വാതില്‍ അകാരണമായി തുറന്നിട്ട് തലച്ചോര്‍ പണിമുടക്കിയത് കാരണം ലീലാമ്മ പഠിത്തം നിര്‍ത്തി. പഠിക്കാന്‍ മിടുക്കിയായിരുന്ന ലീലാമ്മയെ കെട്ടിയത് രണ്ടാം ക്ലാസ്സും ഗുസ്തിയും കൂലിപ്പണിയുമായി നടന്ന വേലപ്പനാണ്. പഠിക്കുന്ന പെണ്‍പിള്ളേര്‍ക്കു പഠിച്ച ചെറുക്കന്മാരെ കിട്ടാന്‍ ബുദ്ധിമുട്ടുള്ള കാലം. അപ്പോഴാണ് പിന്നെ പേരുദോഷം വന്ന പെണ്ണിന് ചെറുക്കനെ കിട്ടുക. പേരുദോഷം വന്നാല്‍ അടുത്തദിവസം പെണ്ണിനെ പിടിച്ച് തഞ്ചത്തിനു കിട്ടിയ ഏതെങ്കിലും ഒരുത്തനെക്കൊണ്ട് കെട്ടിക്കുകയാണല്ലോ പെണ്ണിനെ രക്ഷിക്കാന്‍ നമ്മുടെ നാട്ടുകാര്‍ സ്വീകരിച്ചുവരുന്ന ഒറ്റമൂലി. കടമകളുടെ കൂമ്പാരത്തിലേക്ക് ജനിച്ചുവീഴുന്ന മനുഷ്യര്‍ കുറ്റബോധം തിന്നുതൂറി ജീവിക്കുന്നു. പിതാക്കന്മാരുടെ അഭിമാനം നിലനിര്‍ത്താന്‍ വേണ്ട കടമകള്‍ ചെയ്തുതീര്‍ക്കുന്ന ആണുങ്ങള്‍. ജാതിയുടെയും വര്‍ഗത്തിന്റെയും കുടുംബത്തിന്റെയും പാരമ്പര്യം കാക്കല്‍ അവരുടെ ദൗത്യമാണെന്ന് ആരാണാവോ പറഞ്ഞുണ്ടാക്കിയത്. അവരുടെ കടമതീര്‍ക്കല്‍ അനുഷ്ഠാനങ്ങളിലെ നേര്‍ച്ചക്കോഴികളാണ് പെണ്ണുങ്ങള്‍. തിന്നാനാണെങ്കിലും കുരുതിക്കാണെങ്കിലും ആരും കോഴിയോട് അനുവാദം ചോദിക്കാറില്ലല്ലോ.
താലികെട്ടുന്ന സമയത്ത് വേലപ്പന്റെ മുഖത്ത് നിന്ന് അടിച്ച കള്ളിന്റെ വാടയുടെ ചൊരുക്കില്‍ തലകറങ്ങിപ്പോയ പതിനാറുകാരി ലീലാമ്മ ഇതില്‍ക്കൂടുതല്‍ ഒന്നും ഇനിവരാനില്ല എന്ന മടുപ്പോടെ തലകുനിച്ചു കൊടുത്തു. അതും വേലപ്പന്റെ കൈകള്‍ക്ക് അവളുടെ പിന്‍കഴുത്തുവരെ എത്താന്‍വേണ്ടി മാത്രം.
പണി ചെയ്തു കിട്ടുന്ന കാശിനുമുഴുവന്‍ കള്ളും കുടിച്ചാണ് വേലപ്പന്‍ എന്നും വീട്ടിലെത്തിയത്. ലീലാമ്മ വീട്ടിലേക്കുള്ള കാശ് ചോദിച്ച് എന്തെങ്കിലും പറഞ്ഞാല്‍പ്പിന്നെ ലീലാമ്മയുടെ മുന്‍പ്രേമം എടുത്തു മുന്നിലിട്ട് രാഷ്ട്രീയത്തില്‍ പ്രതിപക്ഷം ഭരണപക്ഷത്തിന്റെ തൊലിയുരിക്കുമ്പോലുള്ള പ്രതിരോധത്തിന്റെ പരമ്പരാഗത ആയുധങ്ങള്‍ അങ്ങേര്‍ പുറത്തെടുക്കും. തന്നെക്കാള്‍ പഠിപ്പും ബോധവുമുള്ള സുന്ദരിയായ ഭാര്യയെ നേരിടാന്‍ കായികപരമായ അഭ്യാസങ്ങള്‍ക്ക് അയാള്‍ മുതിരാതിരുന്നതു കാരണം പട്ടിണിക്കിടയിലും സൗന്ദര്യത്തിനു കാര്യമായ കോട്ടമൊന്നും പറ്റാത്ത, ഒരു പെണ്‍കുട്ടിയുടെ അമ്മ കൂടിയായ ലീലാമ്മ പുതിയവരുമാന മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിച്ചു. പഞ്ചായത്ത് ലോണെടുത്ത് പശുവിനെ വാങ്ങി. ഭര്‍ത്താവിന്റെ ഭാഗം കിട്ടിയ പതിനഞ്ചു സെന്റിലെ വീടിനു ചുറ്റുമുള്ള സ്ഥലം കൊത്തിക്കിളച്ച് മലക്കറിയും കിഴങ്ങുകളും നട്ടു. പലപ്പോഴും കൃഷിവിളകള്‍ക്ക് ചുറ്റും വളര്‍ന്നുനിന്ന കളകളെക്കൂടി അവള്‍ പരിഗണിച്ചു. എന്ന് പറഞ്ഞാല്‍ അവളുടെ കൃഷിത്തോട്ടം നാനാവിധ ചെടികള്‍ കൊണ്ട് നിറഞ്ഞ ഒരു കൊച്ച് കാടായിരുന്നു.
നാട്ടിലെ മനുഷ്യര്‍ മുഴുവന്‍ തുമ്മലിനും തൂറലിനും അലോപ്പതി രാസമിശ്രിതക്കട്ടകള്‍ വാങ്ങി സേവിച്ചപ്പോള്‍ ലീലാമ്മ പച്ചമരുന്നുചാറുകള്‍ കുടുംബത്തിനും തനിക്കുമായി പരുവപ്പെടുത്തിവന്നു. അവളുടെ മകളുടെ മുടിയുടെ നീളവും തൊലിയുടെ മിനുപ്പും കണ്ടു കല്യാണി പറഞ്ഞത് അത് ലീലാമ്മയുടെ കൂടോത്രപ്രയോഗം കൊണ്ടാണെന്നാണ്. നല്ലതാണെങ്കില്‍ കൂടോത്രം കൊണ്ടെന്തു ദോഷം എന്ന് ചോദിച്ചവരുടെ മുഖത്ത് കല്യാണി പിന്നീട് തിരിഞ്ഞു നോക്കിയില്ല. അപ്പോഴും മൂക്കിന്റെ തുമ്പ് ഉയര്‍ത്തിത്തന്നെ അവള്‍ പിടിച്ചു. ഭര്‍ത്താവിന്റെ മുന്‍കാമുകിയോടുള്ള അസൂയയാണ് അത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്നുള്ള നിഗമനത്തില്‍ നാട്ടുകാരും എത്തിച്ചേര്‍ന്നിരുന്നു. എന്ത് കണ്ടിട്ടാണ് ലീലാമ്മ ദാമോദരനെ പ്രേമിച്ചതെന്നു തലകുത്തി മറിഞ്ഞിട്ടും കല്യാണിക്ക് മനസ്സിലായിരുന്നില്ല. കാലം കുറെ കഴിഞ്ഞപ്പോള്‍ ലീലാമ്മയും അതെപറ്റി ചിന്തിക്കാതിരുന്നില്ല. ഓരോ സമയത്തെ കാലക്കേടുകള്‍. അല്ലാതെന്താ?
അങ്ങനെയിരിക്കെ ദാമോദരന്‍ പഞ്ചായത്ത് ഇലക്ഷന് നിന്നു. ഇലക്ഷന്‍ പ്രചാരണത്തിന് വീട്ടുവാതിക്കല്‍ വന്ന ദാമോദരനെ നിറചിരിയോടെ തന്നെ ലീലാമ്മ വരവേറ്റു. ഇടതുപക്ഷാനുഭാവിയായിരുന്ന വേലപ്പന്റെ വീട്ടില്‍ കേറാതെ അടുത്ത വീട്ടിലേക്കു പോകാന്‍ തരമില്ലല്ലോ. പക്ഷെ വേലപ്പന്‍ വീട്ടിലുണ്ടായിരുന്നില്ല അന്ന്. കാരണം അദ്ദേഹം മഞ്ഞപ്പിത്തം പിടിപെട്ടു മരിച്ചു പോയിരിക്കുന്നു. ലീലാമ്മയുടെ കീഴാര്‍നെല്ലി പ്രയോഗത്തിനോട് പ്രതികരിക്കാന്‍ കഴിയാത്തവിധം മഞ്ഞിച്ചുപഴുത്ത അയാളുടെ കരള്‍ പിത്തം തുപ്പി വശംകെട്ടു. മരണസമയത്ത് രക്തം തുപ്പി ഉടുമുണ്ട് ചെങ്കൊടിയാക്കും വിധം ചോപ്പിച്ചു കളഞ്ഞിരുന്നു അദ്ദേഹം.കുടിച്ചു ചാകാന്‍ ജനിച്ചപോലെ ആയിരുന്നു വേലപ്പന്റെ ജീവിതം. കുടിക്കാന്‍ അയാള്‍ക്ക് പ്രചോദനങ്ങളോ ഒഴികഴിവുകളോ ആവശ്യമുണ്ടായില്ല. അയാള്‍ കുടിച്ചു. അത്ര തന്നെ. ഇങ്ങനെ എന്തിനാണ് കുടിക്കുന്നതെന്നു ചോദിച്ചവരോട് ഭൂമി എന്തിനാ ഉണ്ടായത് എന്ന് ചോദിച്ചു കളഞ്ഞു ഒരിക്കലയാള്‍. അപ്പൊ സംഗതി അസ്തിത്വ പ്രശ്‌നമാണെന്ന് ആള്‍ക്കാര്‍ വിധിയെഴുതി. കൂലിപ്പണിക്കാരനു അസ്തിത്വദുഃഖം ഉണ്ടാകാന്‍ വഴിയില്ല എന്നാരോ പറഞ്ഞത് അവിടത്തെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ ഇടയില്‍ ഒരു വാക്ക് തര്‍ക്കത്തിന് ഇടയാക്കി. പണിക്കാര്‍ക്ക് പ്രത്യേകിച്ച് കാല്‍നട അനുയായികള്‍ക്ക് ഭാവനപാടില്ലെന്നും അത് സംഘടനയുടെ ഇരുമ്പുചട്ടക്കൂടിനെ ഓക്‌സീകരണത്തിനു വിധേയമാക്കും എന്ന ശക്തമായ താക്കീത് മുകളില്‍ നിന്ന് വന്നതുകാരണം പിന്നീട് ആരും പ്രഖ്യാപിത കമ്യൂണിസ്റ്റ് ആയ വേലപ്പനോട് കുടിക്കരുത് എന്ന് പറയാന്‍ പോയില്ല. കാരണം എതിര്‍പ്പുകളും വിലക്കുകളുമാണ് യാഥാര്‍ത്ഥ്യത്തില്‍ നിന്നകറ്റി മനുഷ്യനെ ഭാവനാലോകത്ത് വിഹരിക്കാന്‍ കാരണഭൂതമാകുന്നത്. അപ്പൊ വെറുതെ എതിര്‍ക്കാതിരുന്നാല്‍ മതിയല്ലോ. എങ്കിലും ഓക്‌സിജന്‍ ജീവസന്ധാരണത്തിനു അനിവാര്യമാണെങ്കിലും അതേ ഓക്‌സിജന്‍ തന്നെയാണ് വസ്തുക്കളെ തുരുമ്പിപ്പിക്കുന്നതും എന്ന ശാസ്ത്രീയസത്യത്തില്‍ പകച്ചുപോയിരുന്നു അണികള്‍. ശാശ്വതമായ സത്യം എന്നൊന്നില്ലാത്ത നിലക്ക് പാവം വേലപ്പനെ എന്തിനു കുറ്റപ്പെടുത്തുന്നു. ഈ അറിവിലേക്ക് കൂപ്പുകുത്തിയ ചിലര്‍ പിന്നീട് വേലപ്പനൊപ്പം ഷാപ്പ്‌മേറ്റ്‌സ് ആയി മാറിയതും ചരിത്രം.
................................................................................
മനുഷ്യന്റെ ആംഗ്യഭാഷക്ക് വിനിമയത്തെക്കാള്‍ കൂടുതല്‍ ഒളിപ്പിക്കല്‍ സ്വഭാവം ആണ് കൂടുതലെന്ന് തോന്നിപ്പോകും ലീലാമ്മയുടെ ശരീരഭാഷ കണ്ടാല്‍.
Image: prabha karan/Pixabay
ലീലാമ്മ പശുവിനു കച്ചി ഇട്ടുകൊടുത്തു തിരിയുമ്പോഴാണ് ദാമോദരനും കൂട്ടരും വേലികെട്ടിത്തിരിക്കാത്ത ആ പുരയിടത്തിനുള്ളിലേക്ക് കയറുന്നത്. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം അയാളുടെ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ താന്‍ ഒരിക്കലും പരിചയിച്ചിട്ടില്ലാത്ത ആരോ ഒരാള്‍ എന്നാണവള്‍ക്കു തോന്നിയത്. ഒരിക്കല്‍ സൗന്ദര്യം തുളുമ്പിനിന്നിരുന്നു എന്ന് തോന്നിച്ച കണ്ണുകള്‍ തീരെ കുറുകിയവ ആണെന്ന് അവള്‍ കണ്ടുപിടിച്ചു. അസാമാന്യ സുന്ദരിയായ ലീലാമ്മ ചുണ്ട് ഒരു വശത്തെ കവിളിലേക്ക് ചരിച്ചുകയറ്റി കണ്ണുകള്‍ പ്രകാശിപ്പിച്ചുകൊണ്ട് ചിരിച്ചു. നട്ടുച്ചവെയില്‍ അങ്ങ് മങ്ങിപ്പോയി. വലിയൊരു ചരിത്രം കനത്തു നിന്ന ആ മുഹൂര്‍ത്തത്തില്‍ ദാമോദരന്റെ ഹൃദയത്തിനുള്ളിലെ വാല്‍വുകള്‍ നിയമങ്ങള്‍ തെറ്റിച്ച് തോന്നിയപോലെ രക്തം പമ്പു ചെയ്തുകളഞ്ഞു. തത്ഫലമായി ദാമോദരന് ചെറുതായൊന്നു തലചുറ്റി. ലീലാമ്മ താങ്ങിക്കൊള്ളും എന്ന അയാളുടെ ആശ അസ്ഥാനത്തായി ഭൂമി അയാളുടെ ഭാരം താഴേക്കു വലിച്ചപ്പോള്‍ സഹപ്രവര്‍ത്തകരുടെ കൈകള്‍ അയാളെ താങ്ങിനിര്‍ത്തി. ചുറ്റുമുണ്ടായിരുന്നവര്‍ക്ക് വൈകുന്നേരത്തേക്കുള്ള വെടിവട്ടത്തിന് കൊറിക്കാനുള്ള വക താനായിട്ട് ഉണ്ടാക്കിക്കൊടുക്കുന്നതോര്‍ത്ത് നേരെ നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ 'തനിക്കു വോട്ടു ചെയ്യില്ലേ' എന്ന് വിക്കിവിക്കി അവളോട് ചോദിച്ചു. എന്തിനാടോ തീട്ടത്തില്‍ തരിനക്കി നായരേ തനിക്കു വോട്ടു ചെയ്യുന്നത് എന്നവള്‍ ചോദിച്ചില്ല. പകരം തലയാട്ടി. അവള്‍ തലയാട്ടിയതാണോ അതോ തലയിളക്കി നൃത്തം ചെയ്തതോ? കിഴക്കും പടിഞ്ഞാറും വടക്കും തെക്കും കൂട്ടിക്കലര്‍ത്തിയ ഒരു തലയാട്ടല്‍. മനുഷ്യന്റെ ആംഗ്യഭാഷക്ക് വിനിമയത്തെക്കാള്‍ കൂടുതല്‍ ഒളിപ്പിക്കല്‍ സ്വഭാവം ആണ് കൂടുതലെന്ന് തോന്നിപ്പോകും ലീലാമ്മയുടെ ശരീരഭാഷ കണ്ടാല്‍.
സത്യപ്രതിജ്ഞാ ദിവസം മൈക്കിന് മുന്നില്‍ നിന്ന് സത്യവാചകം ഏറ്റുപറയുന്ന സമയത്തും അയാളുടെ മുന്നില് ലീലാമ്മയുടെ ആ തലയാട്ടല്‍ ആയിരുന്നു. തന്റെ പിടിപ്പുകേട് മൂലമാണ് ലീലാമ്മയുമായുള്ള കല്യാണം നടക്കാതെ പോയതെന്ന് അകമേ സമ്മതിക്കുമ്പോഴും ഇത്രകാലത്തിനുശേഷവും ലീലാമ്മയോടുള്ള പ്രേമം ഉള്ളൊഴിഞ്ഞു പോയിട്ടില്ല എന്നയാള്‍ തിരിച്ചറിഞ്ഞു. തീവ്രവാദത്തെ അനഭിലഷണീയമായ ഒന്നായി ചിത്രീകരിക്കാനുള്ള സമൂഹത്തിന്റെ അതിപുരാതന അജണ്ടയെ അതിജീവിച്ച് ചെറുപ്പക്കാര്‍ വീണ്ടും അതിലേക്കു ആകൃഷ്ടരാകുന്നത് സ്വാതന്ത്ര്യം ഒരു അമൂര്‍ത്ത സങ്കല്പം ആയതു കൊണ്ടാണ്. ഓരോ മിനിട്ടിലും സ്വാതന്ത്ര്യത്തിന്റെ വിലയ്ക്കും ആവശ്യത്തിനും വ്യത്യാസം സംഭവിക്കുന്നു. ഇപ്പോള്‍ തനിക്കുള്ള സ്വാതന്ത്ര്യവും സൗകര്യവും അനാവശ്യമായ ഒന്നാണെന്ന് പോലും ദാമോദരന് തോന്നി. വിപ്ലവമദ്ധ്യേ കൂട്ടാളികളെ ഒറ്റുകൊടുത്ത് ഒളിച്ചോടി പില്‍ക്കാലത്ത് ഉന്നതപദവിയിലെത്തിയവന്‍ തന്റെ ഭൂതകാലജീവിതത്തിന്റെ സ്മരണകളെ ഭാവനയില്‍ കൂട്ടിക്കുഴച്ച് ചിന്തിക്കുമ്പൊഴുണ്ടാകുന്ന ഒരുതരം നഷ്ടബോധം ദാമോദരനെ പിടികൂടി. തനിക്കപ്പോള്‍ ഭാര്യയായ കല്യാണിയോടുള്ളത് എന്താണ്? അതും സ്‌നേഹമല്ലേ. അതെ, അതും സ്‌നേഹം തന്നെ. അപ്പൊപ്പിന്നെ ഇതെന്താണ്?
ലീലാമ്മേ ലീലാമ്മേ എന്ന് നിഷ്‌കളങ്കമായി ഉറക്കെ വിളിക്കാന്‍ അയാള്‍ക്ക് തോന്നിയെങ്കിലും ആള്‍ക്കാരെ പേടിച്ച് അയാള്‍ സത്യപ്രതിജ്ഞാ വാചകങ്ങള്‍ ഉറക്കെ ഏറ്റുപറയുക മാത്രം ചെയ്തു. ലീലാമ്മ അയാളുടെ എതിര്‍കക്ഷിക്കാണ് വോട്ടുകുത്തിയതെന്ന തീര്‍ച്ചപോലും അയാള്‍ കാര്യമായി എടുത്തില്ല. സത്യമായും ലീലാമ്മ സ്വതന്ത്രനാണ് വോട്ടു ചെയ്തത്. കാര്യം ഇതൊക്കെയാണെങ്കിലും ലീലാമ്മയെ അഭിമുഖീകരിക്കാതിരിക്കാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും അയാള് എടുക്കുമായിരുന്നു. അതറിഞ്ഞിട്ടും അയാളുടെ വീട്ടുപടിക്കല്‍ ലീലാമ്മ വന്നുനിന്നതിനു തക്കതായ കാരണമുണ്ടായിരുന്നു.
സൂര്യന്‍ താഴേക്കു ചാഞ്ഞിറങ്ങിത്തുടങ്ങി. കല്യാണീദാമോദരന്റെ മകള്‍ വായിലെന്തോ ഇട്ട് മാട് ചവയ്ക്കും പോലെ ചവച്ച് തുള്ളിയിറങ്ങി വന്നു. ലീലാമ്മയെ കണ്ടപാടെ ഇതെന്തിനിവിടെ വന്നു നില്‍ക്കുന്നു എന്നമട്ടില്‍ ഒരു നോട്ടമെറിഞ്ഞ് മുറ്റത്തിനൊരുവശത്ത് സ്ഥാപിച്ചിരുന്ന പൈപ്പിന്റെ മൂഞ്ചിയില്‍ ഹോസ് കുത്തിക്കയറ്റി ടാപ്പ് തുറന്നു വിട്ടു. ഓര്‍മച്ചെപ്പില്‍ ഇട്ടു പൂട്ടിയ സമയം അണപൊട്ടിയൊഴുകിയ പോലെ വായുകുമിളകള്‍ ഹോസിനകത്തുകൂടി വെള്ളത്തില്‍ പാഞ്ഞൊഴുകി ചെടികളുടെ ദേഹത്ത് പതിച്ച് പൊട്ടിച്ചിതറി. കഴുകിയിടാന്‍ സോപ്പ് പൊടിയില്‍ മുക്കിവച്ച മുഷിപ്പുകളും കറക്കാന്‍ തയ്യാറായി നില്ക്കുന്ന ചന്തിരിപ്പശുവും കൊളേജ് വിട്ട് തളര്‍ന്നു വാടിവരുന്ന മകളും എല്ലാം കൂടിച്ചേര്‍ന്ന ഭാവിമുഹൂര്‍ത്തത്തിന്റെ മുന്നറിയിപ്പുകള്‍ ഉണര്‍ത്തിവിട്ട ഒരു തിടുക്കത്തോടെ ലീലാമ്മ പെണ്‍കുട്ടിയോട് ചോദിച്ചു.
'കൊച്ചെ, നിന്റച്ചന്‍ ഇവിടയില്ലേ? നിന്റമ്മ എന്നെക്കണ്ടിറ്റാണാ കാണാത്തപോല കേറിപ്പോയത്? ഞാങ്കരുതി ഇപ്പത്തിരിച്ചു വരുമെന്ന്...'
'ആ അമ്മ ചെലപ്പ കണ്ടു കാണൂല്ല..നിങ്ങള് ഇന്നും ബുക്ക് എടുക്കാന്‍ വന്നതാണാ? അതിനകത്തൂന്ന് ബുക്ക് തപ്പിയെടുക്കാനോക്കെ പാടാ. പിന്നെ താക്കോലും ഇവടെ ഇല്ല..അച്ഛന്‍ കൊണ്ട് പോയി'
'പിന്ന എന്തിനു ഈ പൊസ്തകമെല്ലാം കൂടി നിങ്ങള് ഏറ്റെടുത്തത്? ഇതിങ്ങനെ നിങ്ങള്‍ മുറീല്‍ പൂട്ടിയിട്ടാ നാട്ടുകാര്‍ എവുടുന്ന് പുസ്തകം വായിക്കും?'
കല്യാണി പുറത്തേക്കിറങ്ങി വന്നു. താന്‍ അകത്തേക്ക് പോകുന്നത് കാണുമ്പോ ലീലാമ്മ പൊയ്‌ക്കൊള്ളും എന്ന് കരുതിയത് തെറ്റിപ്പോയെന്നു അവള്‍ക്കു മനസ്സിലായി. രണ്ടു ദിവസം മുന്‍പും ലീലാമ്മ ഇത് പോലെ വന്നിരുന്നു.
'നിങ്ങള് നിന്നിട്ട് കാര്യമൊന്നും ഇല്ല. താക്കോല്‍ അങ്ങേരുടെ കയ്യിലാ. വരുമ്പോ ഞാന്‍ പറഞ്ഞോളാം' ഇതും പറഞ്ഞു കല്യാണി വന്നപോലെ ഉള്ളിലേക്ക് കയറിപ്പോയി. പെണ്‍കുട്ടി ചെടികളിലേക്ക് വെള്ളം പകരുന്നത് കുറേനേരം നോക്കി നിന്നിട്ട് ലീലാമ്മ ഗേറ്റ് കടന്ന് പുറത്തെത്തി. അവള്‍ക്കു പല്ലിനിടയില്‍ ദേഷ്യം പുകയുന്നുണ്ടായിരുന്നു.
എന്തൊരു മാരണം! നാട്ടില്‍ ആകപ്പാടെ ഉണ്ടായിരുന്ന വായനശാലയാണ് ദാമോദരന്റെ വീട്ടിലെ ആ ചായ്പ്പില്‍ പൂട്ടിക്കിടക്കുന്നത്. കവലയില്‍ ഇപ്പൊ കെട്ടിയ ഷോപ്പിംഗ് കെട്ടിടം ഉള്ള സ്ഥലത്താണ് പഴയ ചെട്ടിവിളാകം വായനശാല നിന്നിരുന്നത്. നാട്ടിലെ വയസ്സായവരും കുട്ടികളും മാത്രം കയറിയിറങ്ങിയിരുന്ന ആ വായനശാലയില്‍ ലീലാമ്മ പോകാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കുറച്ചു മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. മാര്‍ഗനിര്‍ദേശം നടത്താന്‍ ആരുമില്ലാത്തതു കൊണ്ട് കണ്ണില്‍ കിട്ടിയതൊക്കെ അവള്‍ വായിച്ചു. ലീലാമ്മ വായനശാലയില്‍ നിന്ന് പുസ്തകങ്ങള്‍ എടുക്കുന്നത് മകള്‍ക്കു വേണ്ടിയായിരുന്നു എന്ന നാട്ടുകാരുടെ തോന്നല്‍ താമസിയാതെ തന്നെ അസ്ഥാനത്തായി. വായന സംഭാവന ചെയ്ത പുത്തന്‍ പദപ്രയോഗങ്ങളില്‍ ലീലാമ്മ നാട്ടിലെ സ്ത്രീകളോട് സംസാരിച്ചു കസറി. എന്നാലോ ഇതങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്ന ചിന്തയോടെ വീടുകളില്‍ സീരിയലുകള്‍ കണ്ടിരുന്ന് ആത്മനിന്ദ നടത്തിക്കൊണ്ടിരുന്ന സ്ത്രീകള്‍ ജാതിഭേദമന്യേ വായനശാല കയറിയിറങ്ങാന്‍ തുടങ്ങി. ഭര്‍ത്താവ് മരിച്ചു വിധവയായ സ്ത്രീ വായിക്കുന്നത് അവള്‍ക്കു ജീവിതത്തില്‍ മറ്റു മോഹങ്ങള്‍ ഇല്ലാത്തതു കൊണ്ടാണെന്ന് ഭര്‍ത്താക്കന്മാര്‍ പറഞ്ഞു നോക്കിയിട്ടും പെണ്ണുങ്ങള്‍ വിട്ടില്ല. കാരണം ലീലാമ്മയോട് സംസാരിച്ചു വീട്ടിലേക്കു കയറിപ്പോയ പെണ്ണുങ്ങള്‍ക്ക് സീരിയല്‍ കഥകളുടെ അസംബന്ധങ്ങളെ വെല്ലുന്ന ബന്ധമില്ലായ്മ ലീലാമ്മയുടെ വാക്കുകളില്‍ കാണാന്‍ കഴിഞ്ഞു. ഭര്‍ത്താവ്, കുടുംബം, സമൂഹം ഇവയെ വെല്ലുന്ന കടുകട്ടി അസംബന്ധങ്ങള്‍ വേറെയുണ്ടെന്നു തിരിച്ചറിഞ്ഞ പെണ്ണുങ്ങള്‍ തുച്ഛമായ സീരിയല്‍ കുടുംബകലഹങ്ങളെ ചവറ്റുകുട്ടയില്‍ തള്ളി. സുന്ദരിയായ ഒരു വിധവയുടെ സ്വാതന്ത്ര്യബോധം വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ച് കവലയിലെ ചായക്കടകളിലും ലോക്കല്‍ ജിംഖാനയിലും ആണുങ്ങള്‍ വാതോരാതെ സംസാരിച്ചു.
ആയിടയ്ക്കാണ് ലീലാമ്മയ്ക്കു അപസര്‍പ്പക നോവലുകളില്‍ കൈവിഷം കിട്ടിയത്. ആരാലും കേള്‍ക്കപ്പെടാതെയും കാണപ്പെടാതെയും ലൈബ്രറിയുടെ പൊടിപിടിച്ച സ്റ്റോര്‍ റൂമില്‍ കെട്ടിക്കിടന്ന കുറ്റാന്വേഷണപുസ്തകങ്ങള്‍ പൊടിതട്ടിയെടുത്ത് കൊണ്ട് കരുണാകരന്‍ ചേട്ടന്റെ മുന്നില്‍ കൊണ്ടുവച്ചപ്പോള്‍ അയാള്‍ പുച്ഛത്തോടെ അവളെ നോക്കി. അതിപ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ അവിടെയിരിക്കുമ്പോള്‍ ആ രണ്ടാംകിട പുസ്തകങ്ങള്‍ പെറുക്കിയെടുത്തതിന്റെ അവജ്ഞയാവും അത്. പക്ഷെ ആ നോട്ടം ലീലാമ്മ കണ്ടില്ല. ഏതോ പുസ്തകത്തിലെ കഠാരയുമായി നഗരം ചുറ്റുന്ന പ്രതികാര ദുര്‍ഗയായ പെണ്‍കുട്ടിയുടെ കാലടിപ്പാടുകള്‍ പിന്തുടരുകയായിരുന്നു അവള്‍. ചരിത്രത്തിലൊരിടത്തും രേഖപ്പെടുത്താതെപോയ ഉദ്വേഗത്തിന്റെ രാജകുമാരന്മാരും രാജകുമാരികളുമായ കഥാകൃത്തുക്കളെ ഒരുകാലത്ത് താനും വായിച്ചിരുന്നു എന്ന കാര്യം വെറുതെ വിളിച്ചുപറയണ്ടല്ലോ എന്ന് കരുണാകരന്‍ ചേട്ടന്റെ അലക്കി നിറംതേഞ്ഞ കോട്ടന്‍ ജുബ്ബയ്ക്കുള്ളിലെ കുലീനത ഇരുന്നു മുറുമുറുത്തു. ചെട്ടിവിളാകം വായനശാലയുടെ സുവര്‍ണനാളുകളില്‍ പലവീടുകളുടെയും അകത്തളങ്ങള്‍ പ്രശോഭിതമാക്കിയ ഇന്‍കാന്‍ഡസെന്റ് ബള്‍ബുകളുടെ മഞ്ഞനിറം പിടിച്ചെടുത്തെന്നപോലെ ആ പഴയ പുസ്തകത്താളുകള്‍ മഞ്ഞിച്ചിരുന്നു. അറിവല്ല മനുഷ്യനെ ഒന്നിപ്പിക്കുന്നതെന്നും, ദുര്‍ബലരും മൂഢരുമായ മനുഷ്യക്കൂട്ടങ്ങളെ ഒന്നിപ്പിച്ചു നിരത്തുന്നത് ഭയം എന്ന വികാരമാണെന്നും ലീലാമ്മ കണ്ടു പിടിച്ചു. നാട്ടിലിറങ്ങിയ അജ്ഞാതനായ കൊലയാളിയോ നഗരചത്വരത്തില്‍ മിന്നി മറഞ്ഞുപോകുന്ന പ്രേതങ്ങളോ ഒക്കെ മതി പലവിധ ജീവിതസാഹചര്യങ്ങളില്‍ ചിതറിക്കഴിയുന്ന പ്രദേശവാസികളെ ഒന്നിച്ചു നിര്‍ത്താന്‍. പക്ഷെ മനുഷ്യരുടെ കൂട്ടായ്മ മറ്റു ജീവജാലങ്ങള്‍ക്കും ഭൂമിക്കു തന്നെയും ഉണ്ടാക്കുന്ന വിപത്തുകള്‍ ആലോചിച്ചപ്പോള്‍ മരണശേഷം ഒരു പ്രേതമാകണം എന്ന സദുദ്ദേശപരമായ ചിന്ത അവള്‍ ഉപേക്ഷിച്ചു കളഞ്ഞു.
................................................................................
മീന്‍വെള്ളം ഇറ്റുവീണു കൊണ്ടിരുന്ന സഞ്ചി മുന്‍വശത്തെ ഒരു കോണിലേക്ക് കയറ്റി വച്ചിട്ട് ഉത്ഘാടനച്ചടങ്ങിന്റെ അര്‍ത്ഥരാഹിത്യങ്ങളെ അവഗണിച്ചു കൊണ്ട് തുറന്നു കിടന്നിരുന്ന ലൈബ്രറിക്കുള്ളിലേക്ക് അവള്‍ കയറിപ്പോയി.
Image: Mystic Art Design/Pixabay
ഭര്‍ത്താവിന്റെ നിര്യാണത്തിനു ശേഷം പശുവിനെ കറക്കലും പാല്‍ കൊണ്ട്‌കൊടുക്കലും എല്ലാം ലീലാമ്മ തന്നെ ചെയ്തു. വീട്ടുവളപ്പിലെ മലക്കറി സാധനങ്ങളും തേങ്ങയും ഗ്രാമച്ചന്തയില്‍ കൊണ്ട് വിറ്റുവരുന്ന വരവില്‍ തോമസിന്റെ മുറുക്കാന്‍കടയില്‍ നിന്ന് ഒരു നാരങ്ങവെള്ളവും വാങ്ങിക്കുടിച്ച് അവള്‍ ലൈബ്രറിയില്‍ കേറും. പലപ്പോഴും ഉദ്വേഗത്തിന്റെ മുള്‍മുനയൊടിച്ചു കൊണ്ട് പുസ്തകത്തിലെ പേജ് നമ്പരില്‍ കാണപ്പെട്ട ചില്ലറ വിടവുകള്‍ നികത്താനായി പേജ് തപ്പി കയറിയതാവും അവള്‍. വായിച്ച് മുക്കാലായ നോവലിന്റെ അന്ത്യം കാണാവാതെ പലപ്പോഴും അവള്‍ക്കു നിരാശയാകേണ്ടി വന്നു. ഏതോ സാമൂഹ്യദ്രോഹി കീറിയെടുത്തു മാറ്റിയ പേജുകള്‍ കണ്ടെടുക്കാനാവാത്തത് പലപ്പോഴും ലീലാമ്മയെ വിഷാദത്തില്‍ തള്ളിവിട്ടു. ചരിത്രം തെറ്റിച്ചു രേഖപ്പെടുത്തുന്നതിനെക്കാള്‍ ഗുരുതരമായ കുറ്റമായി അതിനെ അവള്‍ കണ്ടു. കാരണം ചരിത്രം ഒരു ആവര്‍ത്തനമാണ്. നിങ്ങള്‍ക്ക് മാതൃകകള്‍ ഉണ്ട്. എന്നാല്‍ അപസര്‍പ്പകനോവലുകളുടെ അന്ത്യം ആവര്‍ത്തനങ്ങളുടെ അവസാനത്തിലാണ് സംഭവിക്കുന്നത്. ഒരു ഭയത്തെ കൊന്നു കൊണ്ടോ അല്ലെങ്കില്‍ ഭയപ്പെടുന്നയാളെത്തന്നെ കൊന്നുകൊണ്ടോ അത് അവസാനിക്കുന്നു. എന്നിട്ട് വായനക്കാരനെ ഭയം സംക്രമിച്ച കഥാപാത്രമായി ജീവിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് അപസര്‍പ്പകനോവലുകള്‍ മരണാനന്തരജീവിതത്തെ പ്രാപിക്കുന്നു. രാത്രികളില്‍ ലീലാമ്മ വെട്ടുകത്തിയുമായി വീടിനുചുറ്റും റോന്തുചുറ്റല്‍ പതിവായി. വീട്ടിലെ മകളുറങ്ങുന്ന മുറിയിലെ ബന്ദവസ്സുകള്‍ എല്ലാം ഇടയ്ക്കിടയ്ക്ക് പരിശോധിക്കും .പകലുകളില്‍ രൂപങ്ങളെയും രാത്രികളില്‍ ശബ്ദങ്ങളെയും ലീലാമ്മ ഭയന്നു. ആയിടെ അടുത്തൊരു വീട്ടില്‍ നടന്ന മരണം കൊലപാതകമാണെന്ന് ലീലാമ്മ പറഞ്ഞതിന് മരണവീട്ടില്‍ നിന്ന് ലീലാമ്മയെ ഇറക്കിവിട്ടു. ഹൃദയസ്തംഭനം വന്നു മരിച്ചെന്നു പറഞ്ഞ മനുഷ്യന്റെ കഴുത്തില്‍ വട്ടത്തില്‍ ഉരവിന്റെ പാടുകള്‍ ഉണ്ടെന്നു ലീലാമ്മയുടെ ഡിറ്റക്ടീവ് കണ്ണുകള്‍ പിടിച്ചെടുത്തു. സംഗതിയെന്തായാലും പരേതന്റെ വീട്ടുകാര്‍ തിരക്കിട്ട് ശവം ദഹിപ്പിച്ചത് നാട്ടുകാരിലും സംശയം ഉണ്ടാക്കി എന്നതാണ് സത്യം.
അങ്ങനെയിരിക്കെ ചെട്ടിവിളാകം പഞ്ചായത്തിന്റെ കവലയ്ക്ക് ഒരുതരം മന്ദബുദ്ധിലുക്ക് ആണെന്ന് കണ്ടുപിടിച്ച പഞ്ചായത്ത് അധികൃതര്‍ പത്തുനൂറു വര്‍ഷം പഴക്കമുള്ള വായനശാല ഇടിച്ചുപൊളിച്ച് ഷോപ്പിംഗ് മാള്‍ കെട്ടാന്‍ പദ്ധതിയിട്ടു. ദുബായിലുള്ള ബിസ്സിനസ്സു നിര്‍ത്തി തിരികെവന്ന് കെട്ടിടം കോണ്ട്രാക്ടര്‍ കുപ്പായം എടുത്തണിഞ്ഞ വിജയന്‍പിള്ളയുടെ വീട്ടില്‍ ചില തത്പരകക്ഷികളുമായി നടത്തിയ മദ്യസദസ്സിലാണ് ഇങ്ങനെ ഒരു സൗന്ദര്യസംവാദം നടന്നത്. പഞ്ചായത്തുപ്രസിഡണ്ട് ദാമോദരന്റെ അളിയനാണ് ഈ പറഞ്ഞ വിജയന്‍ പിള്ള. അതുവരെ വായനശാലയുടെ ഏഴയലത്തുപോലും ചെല്ലാത്തവര്‍ ആ കെട്ടിടത്തിനു പ്രശ്‌നം ഉണ്ടെന്നുപറഞ്ഞു വന്നപ്പോള്‍ എതിര്‍ത്തത് വായനശാലട്രസ്റ്റും പുസ്തകം എടുക്കുന്ന ലീലാമ്മയടക്കമുള്ള പുസ്തകപ്രേമികള്‍ മാത്രം ആയിരുന്നു. പിന്നെ ആ പഴയകെട്ടിടത്തിന്റെ ഉയരങ്ങളിലെ മൂലകളില്‍ അഭയം തേടിയിരുന്ന പ്രാവുകളും. പുസ്തകങ്ങളുടെ ആത്മാക്കള്‍ എന്ന പോലെ നിലകൊണ്ടിരുന്ന അവ വായനക്കാരുടെ ഓരോ സംശയങ്ങളെയും കുട്രൂ കുട്രൂ എന്ന മൂളലുകള്‍ കൊണ്ട് അര്‍ത്ഥവത്താക്കിയിരുന്നു. മനുഷ്യന്റെ നിശ്ശബ്ദതയിലും യുക്തിരഹിതമായ പ്രതീക്ഷാമനോഭാവത്തിലും എക്കാലവും കൂട്ടുനില്‍ക്കാനും പ്രോത്സാഹിപ്പിക്കാനും മിണ്ടാപ്രാണികള്‍ ഉണ്ടായിരുന്നു എന്നത് നമ്മള്‍ ഓര്‍ക്കാത്തത് എന്തുകൊണ്ടാണോ എന്തോ. പരിഷ്‌കാരം എന്നാല്‍ കെട്ടിടം ഉയര്‍ത്തലും കാടുവെട്ടലും ആണെന്ന് വാദിക്കുന്ന ചില അക്ഷരവിരോധികള്‍ മറുഭാഗത്തെ പരിഷ്‌കാരവിരോധികളെന്നും പിന്തിരിപ്പന്മാരെന്നും പറഞ്ഞ് ആക്ഷേപിച്ചത് ചെറിയൊരു ഉന്തുംതള്ളിനും വഴിവച്ചു. അവസാനം ഷോപ്പിംഗ് മാളിന്റെ ഒരുവശം വായനശാലയ്ക്ക് വിട്ടുകൊടുക്കും എന്ന തീര്‍പ്പിന്മേലാണ് അഴിമതി മണത്ത ആ കെട്ടിടം ഉയര്‍ന്നത്. ഭരണപക്ഷ പ്രതിപക്ഷ ഭേദമില്ലാതെ നേതാക്കന്മാര്‍ പണം പറ്റി. തങ്ങള്‍ക്ക് ചേക്കേറാന്‍ തക്ക വിടവുകളില്ലാതെ നോക്കുകുത്തി പോലെ ഉയര്‍ന്നുവന്ന കെട്ടിടത്തെനോക്കി കരഞ്ഞുകൊണ്ട് അടുത്തുള്ള മരങ്ങളില്‍ തമ്പടിച്ചിരുന്ന പ്രാവുകള്‍ എവിടെക്കൊക്കെയൊ പറന്നുപോയി.
കെട്ടിടം ഉയര്‍ന്ന് ഉത്ഘാടനം കഴിഞ്ഞ് മാസം ഒന്നായിട്ടും വായനശാല അങ്ങോട്ടേക്ക് മാറ്റിയിട്ടില്ല. അപസര്‍പ്പകനോവലുകളുടെ സംഘര്‍ഷഭരിതമായ വെളിപ്പെടുത്തലുകളിലൂടെയുള്ള പ്രയാണങ്ങളില്‍ സാന്ത്വനം കണ്ടെത്തിയ ലീലാമ്മ ദാമോദരന്റെ വീട്ടില്‍ പുസ്തകം എടുക്കാന്‍ പോയെങ്കിലും പലപ്പോഴും വീട്ടുകാര്‍ സഹകരിച്ചില്ല. ചായ്പ്പു തുറന്നു കിട്ടിയപ്പോഴൊക്കെതന്നെ കൂമ്പാരം കൂട്ടിയിട്ടിരുന്ന അക്ഷരപ്പെട്ടികളെ തരംതിരിക്കാന്‍ അവള്‍ പ്രയാസപ്പെട്ടു. പുസ്തകം എടുത്തുതിരികെ വരുമ്പോഴേക്കും മുറിക്കുള്ളിലെ ചൂട് താങ്ങാനാവാതെ അവള്‍ വിയര്‍ത്ത് ഒരു പരുവമായിരിക്കും. ഇടയ്ക്കിടയ്ക്ക് അവിടെ കേറിച്ചെല്ലുന്നത് മൂലമുണ്ടാവാന്‍ സാധ്യതയുള്ള മുന്‍പ്രണയം സംബന്ധിച്ച അപവാദങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട എല്ലാ കരുതലുകളും ലീലാമ്മ എടുക്കുമായിരുന്നു. എങ്കിലും ആകപ്പാടെ പൊങ്ങച്ചംപിടിച്ച ആ വീട്ടിലേക്കു കേറിപ്പോകുന്നതില്‍ അവള്‍ക്ക് തീര്‍ത്തും ഇഷ്ടക്കേട് ഉണ്ടായിരുന്നു. അതുമല്ല സങ്കടമനസ്സുകള്‍ക്ക് ഒരു അഭയകേന്ദ്രവും സ്വല്പനേരം വിശ്രമിക്കാനും നിശ്ശബ്ദരാകാനുമുള്ള പൊതുവായ ഒരു സ്വകാര്യ ഇടം കൂടിയായിരുന്നു ആ വായനശാല.
'ദുഷ്ടതെണ്ടികള്‍' ലീലാമ്മ മനസ്സില്‍ പറഞ്ഞു. അവള്‍ നേരെ നടന്നുപോയി കവലയിലെ ബസ് സ്‌റ്റോപ്പിനടുത്തുള്ള തൊഴിലാളി യൂണിയന്റെ ഓഫീസില്‍ ചെന്ന് ഉച്ചഭക്ഷണം കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ഉറക്കസദസ്സിനെ ഞെട്ടിച്ചുകൊണ്ട് പറഞ്ഞു.
'ലൈബ്രറി തുറക്കണം.'കണ്ണുകള്‍ തുറന്ന് അവര്‍ കേള്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ കണ്ണുകള്‍ക്ക് കേള്‍ക്കാനാവില്ലല്ലോ. അവര്‍ വീണ്ടും ഉറങ്ങി.
അരിശത്തോടെ അവിടെ നിന്നിറങ്ങിയ ലീലാമ്മ പഞ്ചായത്ത് ഓഫീസിനു നേരെ വച്ചുപിടിച്ചു. അകത്തോട്ടേക്കും പുറത്തോട്ടേക്കും ഉള്ള പോക്കുകളെ തടസ്സപ്പെടുത്തി നേരെപോയി വാതില്‍പ്പടിയില്‍ കയറിയിരുന്നു. വായനശാല തുറക്കാതെ താന്‍ സമരം അവസാനിപ്പിക്കില്ലെന്നു അവള്‍ ആണയിട്ടു പറഞ്ഞുകൊണ്ടിരുന്നു. പഞ്ചായത്ത് ഓഫീസിനുള്ളില്‍ ചായ കൊടുക്കാന്‍ വന്ന ചെറുക്കന്‍ ജനലുകളുടെ സേവനം ഉപയോഗപ്പെടുത്തി. എതോ പുരയിടത്തിന്റെ അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെട്ട് തിരികെ വരികയായിരുന്ന ഭാര്‍ഗവനും സംഘവും ആരില്‍ നിന്നോ വിവരം കിട്ടിയത് പ്രമാണിച്ച് വഴിമാറി പോകുന്നത് ലീലാമ്മ കണ്ടു. അവളെ ഗൗനിക്കാതെ പരിപ്പുവടയും ചായയും തിന്നിരുന്ന പഞ്ചായത്തംഗങ്ങള്‍ ഇടയ്ക്കിടയ്ക്ക് വായനശാലയെന്നും പുസ്തകങ്ങളെന്നും പറഞ്ഞുകൊണ്ടിരുന്ന ലീലാമ്മയെ ചായ കൊടുത്തുപാട്ടിലാക്കാന്‍ നോക്കി. ലീലാമ്മ വഴങ്ങിയില്ല. ലീലാമ്മയെ വായ്നോക്കി നടന്നിരുന്നവര്‍ കൂടി ലീലാമ്മയുടെ പരാതി ഏറ്റെടുക്കാന്‍ മടിച്ച് കാലാട്ടി ഇരുന്നതേ ഉള്ളൂ. ഇടയ്ക്കിടയ്ക്ക് പുതിയ ഷോപ്പിംഗ് കോംപ്ലെക്‌സിലെ ബേക്കറിയില്‍ നിന്നും പറ്റുന്ന സൗജന്യ പലഹാരങ്ങള്‍ വേണ്ടെന്നുവൈക്കാന്‍ അവര്‍ക്കു തോന്നിയില്ല. ലീലാമ്മ മറ്റെന്തെങ്കിലും പരാതി ഉന്നയിച്ചോളൂ എന്ന വിശാല മനസ്ഥിതിയോടെ അവര്‍ ചായ കുടിച്ചു.
'നിങ്ങളെപ്പോഴാണ് വായനശാല തുറക്കണത് എന്നറിഞ്ഞിട്ടെ ഞാന്‍ പോണൊള്ളൂ. ആങ്ഹാ,..ഇതെന്തര് വെള്ളരിക്കാ പട്ടണോ... ആരും ചോദിക്കാന്‍ ഇല്ലെന്നു വിചാരിച്ചു തെണ്ടിത്തരം കാണിക്കുന്നോ'
'നിങ്ങള് എന്തോന്ന് ഈ പറയണത്. വായനശാലക്ക് വേറെ സ്ഥലം അനുവദിക്കാന്‍ ഞങ്ങള്‍ അപേക്ഷ കൊടുത്തിട്ടുണ്ട്. അവിടേ ഇനി ലൈബ്രറി വരൂ'
'ഇതൊന്നും നാട്ടുകാര്‍ അറിഞ്ഞിട്ടില്ലല്ലാ. ഇതൊക്കെ തനിയെ തീരുമാനിച്ചതാണാ? ഒറ്റ ഒരു വിവരമുള്ളവനും ഈ നാട്ടില്‍ ഇതൊന്നും ചോദിക്കാന്‍ ഇല്ലേ? ഷോപ്പിംഗ് കെട്ടിടത്തിന്റെ മോളിലത്തെ നെല വെറുതെ അടച്ചിട്ടിരിക്കണത് എന്തരിന്?'
സ്‌കൂള്‍ വിട്ട് അതുവഴി പോകുകയായിരുന്ന പ്ലസ്ടു കുട്ടികള്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ കൂടി. അവര്‍ ലീലാമ്മ പറയുന്നതിനെ കൊഞ്ഞനം കുത്തി അനുകരിച്ചു പറഞ്ഞപ്പോ ലീലാമ്മക്ക് ഭയങ്കരമായ സങ്കടം വന്നു. എന്തൊരു കുട്ടികള്‍! കുരങ്ങന്മാര്‍ തന്നെ. മര്യാദയില്ലാതെ പഠിപ്പിച്ചു വച്ചിരിക്കുന്നു. അവള്‍ കുറെനേരം തല കുനിച്ചിരുന്നു. താനെന്തിനാണ് ഇങ്ങനെ ഒരു പരിഹാസ്യ കഥാപാത്രമായി അവിടെ വന്നിരിക്കുന്നതെന്ന് ചിന്തിച്ചപ്പോള്‍ അവള്‍ക്ക് വിഷമം കൂടി. സര്‍ക്കാര്‍ തിണ്ണകളുടെ ഇന്ദ്രജാലമാണ് അവളുടെ സൗന്ദര്യവും ഊര്‍ജ്ജവും ഊറ്റിയെടുക്കുന്നത് എന്നവള്‍ക്ക് ചിന്തിക്കാനായില്ല.
'നിങ്ങളല്ലേ പറഞ്ഞത് കെട്ടിടം കെട്ടിക്കഴിയുമ്പോ വായനശാല അങ്ങോട്ട് മാറ്റുമെന്ന്. പിന്നെയെന്തിനാണ് പുതിയ സ്ഥലം കിതിയ സ്ഥലം എന്നൊക്കെ പറയണത്?'
'അത് നിങ്ങള് അറിയാത്തത് കൊണ്ടാ..നാട്ടുകാര്‍ക്കൊക്കെ അറിയാം'
'ഞാനറിയാത്ത ഏതു നാട്ടുകാര് ? ലീലാമ്മക്കു കലികയറി. അവള്‍ക്ക് വല്ലാത്ത ഇച്ഛാഭംഗം അനുഭവപ്പെട്ടു.
ആരും അവള്‍ക്ക് ഒരു മറുപടി കൊടുക്കേണ്ട ആവശ്യകതയെപ്പറ്റി വ്യാകുലപ്പെട്ടില്ല. പ്രവൃത്തി സമയം കഴിഞ്ഞപ്പോള്‍ ലീലാമ്മയെ കവച്ചു കടന്ന്എല്ലാവരും വീട്ടിലേക്കു പോയി. വായനശാല തുറക്കേണ്ടത് തന്റെ സ്വകാര്യ ആവശ്യം ആണെന്ന് തിരിച്ചറിഞ്ഞ ലീലാമ്മ വാതില്‍ പൂട്ടാന്‍ വന്ന പ്യൂണിന് വേണ്ടി വാതില്‍പ്പടിയില്‍ നിന്നെണീറ്റു കൊടുത്തു.
വീട്ടിലെത്തിയപ്പോള്‍ മുഖം വീര്‍പ്പിച്ചിരുന്ന മകള്‍ അവളോട് കയര്‍ത്തു.
'അമ്മാ...ഇതെന്തൊരു നാണക്കേട്. നിങ്ങളവിടെ ഇരിക്കണത് ഞാന്‍ കണ്ട്. നിങ്ങള്‍ക്ക് മാത്രം എന്തരു പ്രത്യേകത? വായനശാല തൊറക്കുമ്പോ തൊറക്കട്ടെ. മനുഷ്യനെ വെറുതെ നാറ്റിക്കാന്‍'
'എന്തെടീ ഞാന്‍ തുണിയില്ലാതെ പോയി അവിട നിന്നാ നാണിക്കാന്‍? വല്യ പത്രാസ് ഇല്ലാത്തോണ്ട് ഞാന്‍ വായനശാല, പൊസ്തകം എന്നൊക്ക പറയാന്‍ പാടില്ലേ. എന്ന നീ മര്യാദ പഠിപ്പിക്കണ്ട. നിന്റെ പ്രായത്തില്‍ ഞാന്‍ കൊറേ നാണിച്ചത് കൊണ്ടാ മര്യാദക്ക് പഠിക്കാന്‍ പോലും പറ്റാത്തത്. എല്ലാ കാര്യത്തിലും തന്തേം തള്ളേം അനുസരിക്കണ്ട കാര്യമൊന്നും ഇല്ല എന്ന് എനിക്ക് പിന്നേടാണ് മനസ്സിലായത്. അത് മനസ്സിലായപ്പഴേക്കും..ഉം.' ലീലാമ്മ പകുതിയില്‍ നിര്‍ത്തി.അവള്‍ വിഷമത്തോടെ പശുവിനെ കറക്കാനായി പാല്‍ത്തൊട്ടി തിരഞ്ഞു.
'ഞാന്‍ അവളെ കറന്ന് എല്ലാടത്തും കൊണ്ട് പോയി കൊടുത്തിട്ടുണ്ട്. ഞാന്‍ വന്നപ്പോ അത് അകിട് വീര്‍ത്ത് ഭയങ്കര കരച്ചിലാരുന്ന്' അമ്മയെ സമാധാനിപ്പിക്കാനെന്നോണം മകള്‍ ഇതും പറഞ്ഞിട്ട് അകത്തേക്ക് കയറിപ്പോയി.
ഈ സംഭവത്തിനു ശേഷം നാലാംദിവസം വായനശാല ഷോപ്പിംഗ്കോംപ്ലക്‌സിലേക്ക് മാറ്റണം എന്നും പറഞ്ഞു നിരാഹാരസമരം ചെയ്യുന്ന ദാമോദരനെ കണ്ടാണ് നാട്ടുകാര്‍ റോഡിലൂടെ യാത്ര ചെയ്തത്. ലീലാമ്മ കുത്തിയിരിപ്പ് ധര്‍ണ്ണ നടത്തിയപ്പോള്‍ തോന്നാത്ത സഹാനുഭൂതിയോടെ നാട്ടുകാര്‍ ദാമോദരന്റെ സമരത്തെ മനസ്സാല്‍ സ്വാഗതം ചെയ്തു. ഇതിനു പിന്നിലെ ചേതോവികാരം രണ്ടാണ്. ഒന്ന് വെറും നാട്ടുകാരിയായ പെണ്ണായ അധികാരമില്ലാത്തവളുമായ ലീലാമ്മയുടെ സമരം ഫലപ്രാപ്തിയില്‍ എത്താന്‍ ബുദ്ധിമുട്ടാണ്. ജയിക്കുന്ന സമരങ്ങളില്‍ മാത്രമേ നമ്മുടെ നാട്ടുകാര്‍ പങ്കെടുക്കാറുള്ളൂ. രണ്ട് നേതാക്കന്മാര്‍ സമരം ചെയ്യുമ്പോള്‍ ന്യായാന്യായ വിചിന്തനങ്ങള്‍ ഇല്ലാതെ അനുകൂലിച്ചുകൊള്ളണം. ഇല്ലെങ്കില്‍ നയിക്കാന്‍ ഒരു നേതാവില്ലാതെ തങ്ങളുടെ ജീവിതം കുട്ടിച്ചോറായി പോകുമെന്ന് ഓരോ ജനവും ചുമ്മാ അങ്ങ് വിചാരിക്കുന്നു. എന്നിട്ടുപോലും ഭാര്‍ഗവനെ അനുകൂലിക്കാന്‍ മറ്റു സഹപ്രവര്‍ത്തകരെ കാണാത്തതില്‍ നാട്ടുകാര്‍ക്ക് ചെറിയ ആശയക്കുഴപ്പം ഉണ്ടായി.
ലീലാമ്മയോടുള്ള പ്രേമം കടുത്താണോ ഇങ്ങനെയൊരു സമരത്തിനു ഇറങ്ങിത്തിരിച്ചതെന്ന് രഹസ്യമായി സുഹൃത്തുക്കള്‍ ചോദിച്ചിട്ടും മനസ്സ് തുറക്കാന്‍ ദാമോദരന്‍ തയ്യാറായില്ല. അവര്‍ക്ക് ആധികയറി. കാരണം എല്ലാവരും കൂടിച്ചേര്‍ന്നു പണം പറ്റിയിട്ടാണ് ആ കെട്ടിടം ഇരിക്കുന്ന സ്ഥലം ഷോപ്പിങ്ങ്മാളിനു പതിച്ചു കൊടുത്തത്. മറ്റൊരു സ്ഥലം ഇതിനായി അനുവദിക്കും എന്നുപറഞ്ഞു വായനശാലാട്രസ്റ്റിനെയും പൈസ കൊടുത്ത് ഒതുക്കി. എന്നിട്ടാണ് ഏറ്റവും കൂടുതല്‍ പണം പറ്റിയ ആള്‍ പോയി നിരാഹാരം ഇരിക്കുന്നത്. അതും സ്വന്തം അളിയനെതിരെ. കണ്ണുരുട്ടി പേടിപ്പിച്ച സഹപ്രവര്‍ത്തകരെ അവഗണിച്ച് ക്ഷീണിതനായി തലകുനിച്ചിരുന്ന ദാമോദരന്‍ വയറിളക്കത്തിന് മരുന്ന് കൊടുത്ത ആയുര്‍വേദ ഡോക്ടറെ മനസ്സറിഞ്ഞു പ്രാകി.
സംഭവത്തിന്റെ വിത്ത് മുളപൊട്ടിയത് രണ്ടുദിവസം മുമ്പാകുന്നു. കലശലായ വയറുവേദനക്ക് ഡോക്ടര്‍ ആവണക്കെണ്ണയാണ് ദാമോദരന് ഉപദേശിച്ചത്. വെളുപ്പാന്‍കാലത്ത് ചൂടുവെള്ളത്തില്‍ ആവണക്കെണ്ണ കലക്കിക്കുടിച്ച് വയറിരമ്പുന്നതു നോക്കിയിരുന്നിട്ട് ഫലം ഒന്നുമുണ്ടായില്ല. ജീവിതത്തിന്റെ ഏതോ ദശയില്‍ ചെറുകുടലിന്റെ ഭിത്തിയില്‍ ഉറഞ്ഞുപോയ മലം അലിയാതെ വാശിപിടിച്ചുനിന്നു. കുറെ കാത്തു മുഷിഞ്ഞപ്പോ ഭാര്യയുടെ മുന്നറിയിപ്പ് വകവയ്ക്കാതെ പുറത്തേക്കിറങ്ങിയതാണ്. കേബിള്‍ ടിവി പ്രക്ഷേപണം ചെയ്ത ഞായറാഴ്ചപ്പടങ്ങളിലെ സംഭാഷണശകലങ്ങള്‍ വീടുകള്‍ക്കുള്ളില്‍ നിന്നും പുറത്തേക്ക് തെറിച്ചുകൊണ്ടിരുന്നു. അസഹനീയമായ ഒരു ശാന്തത ദാമോദരനെ പിടികൂടി. അയാള്‍ക്കെതിരെ ബൈക്കില്‍ ചീറിപ്പാഞ്ഞുപോയ ആണ്‍കുട്ടികള്‍ അയാളെ അയാളുടെ ചെറുപ്പകാലത്തെകുറിച്ച് ഓര്‍മിപ്പിച്ചു. അയാളുടെ മനസ്സിരമ്പിയ മുഹൂര്‍ത്തത്തില്‍ തന്നെ വയറും ഇരമ്പി. അടിവയര്‍ പൊത്തിപ്പിടിച്ചു മതില്‍കെട്ടാത്ത ലീലാമ്മയുടെ പറമ്പിലേക്ക് കയറി. റോഡില്‍ നിന്നുള്ള കാഴ്ച മറക്കുന്ന ഒരു ഭാഗം കണ്ടെത്തുന്നതിടെ അടിവസ്ത്രം വലിച്ചൂരിയെടുത്തു. ചാണകവും വളവും ഇട്ടു ലീലാമ്മ പോഷിപ്പിച്ചെടുത്ത ചീരക്കാടിനുള്ളില്‍ കയറിയിരുന്നതും ശബ്ദത്തോട്കൂടി ആദ്യത്തെ ചാപ്റ്റര്‍ പുറത്തേക്ക്‌തെറിച്ചു. അടിവയറ്റിനു കീഴെ ക്ഷോഭിച്ചുനിന്ന കൊടുങ്കാറ്റില്‍ തളര്‍ന്നുപോയ ദാമോദരന്‍ കാലുകളകത്തി നിരങ്ങിമാറി മറ്റൊരിടത്തെക്കിരുന്നു. രണ്ടു തവണകൂടി വിസര്‍ജിച്ച ശേഷം അയാള്‍ കണ്ണുകളടച്ച് അകത്തെ അനക്കങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അവിടെത്തന്നെക്കിടന്നാലോ എന്നാലോചിച്ച് കൈകള്‍ പിന്നെലേക്ക് കുത്തി ചാഞ്ഞിരുന്ന് അയാള്‍ കണ്ണുകളടച്ചു.ജീവിതത്തിലെ സകലമാന തിക്കുമുട്ടലുകളും ഒഴിഞ്ഞുപോയതുപോലെ ഒരു ആലസ്യത്തില്‍ അയാളിരുന്നു. പെട്ടെന്ന് അടുത്തെവിടെ നിന്നോ പാമ്പ് ചീറും പോലൊരു ശബ്ദം. കണ്ണുകള്‍ തുറന്ന ദാമോദരന് ഞെട്ടി.
ഒരു തുണിയുമില്ലാതെ ദേഹമാകെ ചൊറിഞ്ഞ് ശബ്ദങ്ങള്‍ ഉണ്ടാക്കി ലീലാമ്മ മുറിക്കുള്ളില്‍ പരവശയായി നടക്കുന്നത് തുറന്നിട്ട ജാലകത്തിലൂടെ അയാള്‍ കണ്ടു. അടുത്ത നിമിഷം പൊന്തക്കാട്ടില്‍ പതിഞ്ഞിരുന്നു മിഴിച്ചുനോക്കുന്ന ദാമോദരനെ അവളും കണ്ടു. വീട്ടിലെ മള്‍ബറിചെടിയില്‍ നിന്നും കായ്കള്‍ പറിക്കവേ അവളെ കമ്പിളിപ്പുഴു ആട്ടിയിരുന്നു. പരവശം സഹിക്കാഞ്ഞു എണ്ണ വാരിപ്പൂശുമ്പോള്‍ ജനല്‍പ്പാളികള്‍ ചാരിയിരുന്നില്ല. അല്ലെങ്കിലും പുരയിടത്തിന്റെ ആ ഭാഗത്ത് ആരെങ്കിലും കടന്നുകയറും എന്ന് സ്വപ്‌നേപി അവള്‍ വിചാരിച്ചതല്ല. തങ്ങളുടെ ശരീരത്തിന്റെ അസ്വസ്ഥതകളെ കവച്ചുവയ്ക്കുന്ന വിധം അവതരിച്ച ആകസ്മികതയില്‍ ഒരുനിമിഷം പകച്ചുപോയെങ്കിലും സ്ഥലകാലബോധം തിരിച്ചു പിടിച്ച് രണ്ടുപേരും പ്രവര്‍ത്തിച്ചു. അവള്‍ ചാടി മുന്നോട്ടുവന്ന് ജനല്‍പ്പാളികള്‍ അടച്ചുകളഞ്ഞു. ഭാര്‍ഗവന്‍ ഓടി പുരയിടത്തിനു പുറത്തേക്കിറങ്ങി. ധിറുതിയില്‍ നടന്ന് വീട്ടിലെത്തി കക്കൂസില്‍ കയറി കതകടച്ചു. താനവിടെ വരച്ചിട്ടിരിക്കുന്ന ഭൂപടങ്ങള്‍ ലീലാമ്മ കണ്ടുപിടിക്കുന്നതോര്‍ത്ത് അയാള്‍ക്ക് പനിപിടിച്ചു. തന്റെ അഭിമാനം ആണത്തം നായരത്തം ഇങ്ങനെ പലവിധ അസ്ഥിത്വങ്ങള്‍ക്ക് ഏറ്റ ക്ഷതം കൊണ്ടോ അതോ വയറിളകി ഒഴിഞ്ഞു പോയ ശരീരത്തിന്റെ ക്ഷീണം കൊണ്ടോ അയാള്‍ ഒരു പകലും രാത്രിയും മുഴുവന്‍ കിടന്നുറങ്ങി. സ്വപ്നസമാനമായ ഒരു ഉണര്‍ച്ചയില്‍ അടുത്തദിവസം റോഡിലൂടെ നടക്കുമ്പോള്‍ ലീലാമ്മ എതിരെ വരുന്നത് കാണായി. യാന്ത്രികമായി ചലിച്ചകാലുകള്‍ തമ്മിലുള്ള അകലം കുറഞ്ഞു. അവള്‍ കുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു. അയാള്‍ ആരെങ്കിലും കാണുന്നുണ്ടോ എന്ന് നാലുപാടും നോക്കി വശംകെട്ടു നിന്നു.
'എന്തായാലും എന്റെ ചീര കുറെ നശിപ്പിച്ച്. ഹയ്യോ...നാറ്റം കാരണം ഞാന്‍ അത് മണ്ണിട്ട് മൂടി.ആര് തൂറിയാലും നാറ്റം നാറ്റം തന്നെയാണല്ലോ.'
അവള്‍ ഒരു കയ്യില്‍ തൂക്കിപ്പിടിച്ച സഞ്ചി മറ്റതിലേക്ക് മാറ്റിപ്പിടിച്ചു. ഭാര്‍ഗവന് ഭൂമി പിളര്‍ന്നു താഴേക്കു പോകാനാണ് തോന്നിയത്.
'പിന്നേ..ഞാനാരോടും പറയൂല്ല. പക്ഷെ ഒരു സഹായം ചെയ്യണം.' അയാള്‍ എന്ത് വേണമെങ്കിലും ചെയ്യാം എന്ന നിലയില്‍ മിഴിച്ചു നിന്നു.
'ആ വായനശാല ഒന്ന് തുറക്കണം.' ഒരവസരം കയ്യില്‍ കിട്ടിയപ്പോള്‍ പകരം വീട്ടിയതാണോ എന്ന് സംശയം തോന്നത്തക്കവിധം ഉള്ള അവളുടെ നീക്കത്തില്‍ അയാള്‍ പരിഭ്രമിച്ചു.
'അത് ഇപ്പൊ പറ്റൂല്ല.സ്ഥലം കിട്ടീട്ടെ പറ്റൂ.'
'നിങ്ങളൊക്കെക്കൂടി പൈസ പറ്റി എന്ന് ചെലരു പറയണത് ശരിയാ അല്ലെ. പക്ഷെ ഒരു കാര്യമൊണ്ട്. നാട്ടുകാര്‍ക്ക് വേണ്ടെങ്കിലും എനിക്ക് വായനശാല വേണം. വെരട്ടണത് മോശമാണെങ്കിലും നിങ്ങളൊക്കെ ആള്‍ക്കാരെ ചതിക്കണ പോല അല്ലല്ലാ..നിങ്ങള് സഹായിച്ചില്ലെങ്കി ഞാന്‍ ഇത് നാട് മുഴുവന്‍ പറയും. ഇനി എന്നെ ഒതുക്കാന്‍ പ്ലാന്‍ ഒണ്ടെങ്കി അത് മനസ്സീ വച്ചാ മതി. എന്റെ കയ്യില്‍ നിങ്ങള്‍ വീട്ടില്‍ വന്നതിനു തെളിവൊണ്ട്. ഞാന്‍ അതും കൊണ്ട് പഞ്ചായത്തീ വരും.' ഇതും പറഞ്ഞ് ഭാര്‍ഗവനെ നിരാശ്രയത്വത്തിന്റെ നടുക്കടലില്‍ തള്ളിയിട്ടുകൊണ്ട് ലീലാമ്മ വീട്ടിലേക്കു പോയി.
വായനശാല തുറക്കാന്‍ അവളെന്തും ചെയ്തുകളഞ്ഞേക്കും. അവളുടെ കയ്യിലുള്ള തെളിവ് എന്താണെന്ന് അയാള്‍ക്കറിയാം. ഊരിയിട്ടിട്ട് എടുക്കാന്‍ വിട്ടുപോയ അടിവസ്ത്രം. ദൈവമേ. കല്യാണി എങ്ങാന്‍ അറിഞ്ഞാല്‍ എന്താണ് സംഭവിക്കുക എന്നറിയില്ല. സംഗതി ലീലാമ്മയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പാടുപെടും. താനിനി ലീലാമ്മയെ കാണാന്‍ ചെന്നതാണെന്നെങ്ങാനും വല്ല അപവാദവും ഉണ്ടാകുമോ എന്നയാള്‍ ഭയപ്പെട്ടു. അയാള്‍ക്ക് മരിച്ചു കളയാന്‍ തോന്നിയെങ്കിലും അയാളത് ചെയ്തില്ല. ലീലാമ്മയോട് തോല്‍ക്കാന്‍ തന്നെ അയാളുറച്ചു. അന്ന് വൈകുന്നേരം നഗരത്തിലെത്തി മൂക്കറ്റം കുടിച്ചു വീട്ടിലെത്തിയ അയാള്‍ സ്റ്റോര്‍ മുറിയില്‍ കിടന്ന കാര്‍ഡ് ബോര്‍ഡില്‍ എഴുതി- 'പുതിയ വായനശാലക്കുള്ള ഇടം മൂരാച്ചി വിജയന്‍പിള്ള വിട്ടു നല്‍കുക'.
വിജയന്‍ പിള്ള ആദ്യം കരുതിയത് ദാമോദരന്‍ തമാശ കളിക്കുകയാണെന്നാണ്. മാളിന് മുന്നിലെ ഗേറ്റ് അടയ്ക്കാന്‍ ദാമോദരന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ ദാമോദരന്റെ തലയ്ക്കു സുഖമില്ലാതായോ എന്നയാള്‍ക്ക് തോന്നി. ദാമോദരന്‍ തന്റെ സമരപരിപാടികളുമായി മുന്നോട്ടു പോയപ്പോള്‍ വിജയന്‍പിള്ള ഓരോരുത്തര്‍ക്കായി വീതിച്ചു കൊടുത്ത കിമ്പളത്തിന്റെ ഭണ്ഡക്കെട്ടഴിച്ചു. മുഖം ചുളുങ്ങിപ്പോയ നാട്ടുകാരെ സാന്ത്വനിപ്പിച്ച് കൊണ്ട് ദാമോദരന്‍ എല്ലാ കുറ്റവും കണ്ണടച്ചു നിഷേധിച്ചുകളഞ്ഞു. പഞ്ചായത്തംഗങ്ങള്‍ക്കും ചില പ്രതിപക്ഷനേതാക്കള്‍ക്കും ഇടയില്‍ ജാതിമത ഭേദമന്യേ ചര്‍ദ്ദി അതിസാരം തുടങ്ങിയ രോഗങ്ങള്‍ പിടിപെട്ടു. വാങ്ങിയ പണത്തിന്റെ പാപബോധം വയറ്റില്‍ കിടന്നു തികട്ടി. സ്ഥലത്തിന്മേലുള്ള തന്റെ അധികാരം സ്ഥാപിക്കാന്‍ വീട്ടില്‍ നിന്ന് ആധാരം എടുത്തുകൊണ്ടു വന്നപ്പോഴേക്കും ദാമോദരന്റെ പുറകുവശത്ത് അണിനിരന്ന പഞ്ചായത്തംഗങ്ങളെ കണ്ടു വിജയന്‍പിള്ള ഞെട്ടി. പിന്നീട് സംഭവിച്ച പുകിലുകള്‍ക്കിപ്പുറം ആധാരം കഷണങ്ങളായി കാറ്റില്‍പ്പറന്നു.
ഉള്ളതും പോയി കടിച്ചു പിടിച്ചതും പോയി എന്ന നിലയില്‍ ബോധം കേട്ട് വീണ വിജയന്‍ പിള്ളയെ ആള്‍ക്കാര്‍ പൊക്കിയെടുത്ത് വീട്ടില്‍ കൊണ്ടുപോയി.
അതിനടുത്ത നാള്‍ തന്നെ കോംപ്ലകസിലേക്ക് പുസ്തകങ്ങള്‍ എത്തിക്കപ്പെട്ടു. നാട്ടുകാര്‍ മുഴുവന്‍ അത് കാണാനായി അവിടെ തടിച്ചു കൂടിയിരുന്നു. വേനലവധിക്ക് സ്‌കൂള്‍ അടച്ചത് കാരണം കൊച്ചുപിള്ളേര്‍ പുസ്തകം ചുമക്കല്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടു. ഒരു സാമ്രാജ്യം പടുക്കുന്ന ഗൌരവത്തോടെ അവര്‍ ദാമോദരന്റെ ചായ്പ്പില്‍ നിന്ന് പുസ്തകങ്ങള്‍ ചുമന്നു. സമരനായകനായ പഞ്ചായത്ത് പ്രസിഡണ്ട് ദാമോദരന്റെ നേതൃത്വത്തില്‍ അശാരിമാരെ വച്ച് പുസ്തകങ്ങള്‍ അടുക്കാന്‍ വേണ്ട തട്ടുകള്‍ ഉണ്ടാക്കിച്ചു. മൂന്നു ദശാബ്ദക്കാലത്തോളമായി ചെട്ടിവിളാകത്തുകാരുടെ ഒരു ഓര്‍മ്മചിന്തായിരുന്ന ചെട്ടിവിളാകം വായനശാലയുടെ വെള്ള പെയിന്റ് കൊണ്ട് തടിയില്‍ എഴുതിയ ബോര്‍ഡ് പുതിയ വായനശാലയുടെ കവാടത്തിനു മുന്നില്‍ ഇടംപിടിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ കടുത്ത അവസരവാദിയും തന്‍കാര്യം നോക്കിയുമായ ദാമോദരന്‍ പിള്ള മുന്‍പ് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ആ സ്ഥലം വായനശാല ട്രസ്റ്റിന്റെത് മാത്രമാണെന്ന് ആണയിട്ടു പ്രസംഗിച്ചപ്പോള്‍ നാട്ടുകാര്‍ കൈ വേദനിക്കുവോളം കൈയ്യടിച്ചു. ഒരു പഞ്ചായത്തംഗത്തിന്റെ പേരക്കുട്ടി ആരോ ഉപദേശിച്ചുവിട്ട ഒരു മയക്കൊവ്‌സ്‌കി കവിതയുടെ മലയാള പരിഭാഷ അക്ഷരപ്പിശകുകളോടുകൂടി ഛര്‍ദിച്ചു തീര്‍ത്തു. ചടങ്ങില്‍ അതിഥിയായി എത്തിയ നാട്ടുകാരന്‍ കൂടിയായ പുതുമുഖ നടന്‍ കുട്ടിയുടെ പ്രകടനപാടവത്തെ പുകഴ്ത്തിക്കൊണ്ട് കുട്ടിയെ പൊക്കിയെടുത്ത് ഫോട്ടോക്കായി പോസ് ചെയ്തു കൊടുത്തു. എഴുതിയതാരെന്നതും എഴുത്തിനുള്ളില്‍ എന്തെന്നതും പ്രസക്തമല്ലാത്തതു പോലെ കുട്ടിയുടെ കയ്യില്‍ നിന്ന് താഴെക്കു വഴുതി വീണ മയകൊവ്‌സ്‌കിയുടെ വരികള്‍ ഫോട്ടോഗ്രാഫര്‍മാരുടെ ചവിട്ടേറ്റു തുണ്ട് കടലാസുകഷണങ്ങളായി വേര്‍പെട്ടു പോയി.
അടുത്തുള്ള ചന്തയില്‍ സാധനം വിറ്റ് മടങ്ങിവരുന്ന വരവില്‍ ലീലാമ്മ ആ പ്രഹസനപരിപാടി കണ്ടെങ്കിലും ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല. വെറും ഒരു അടിവസ്ത്രത്തില്‍ തൂങ്ങിയാടിയ ആണഭിമാനം തൊടുത്തുവിട്ട സാമൂഹ്യവിപ്ലവത്തെ ഓര്‍ത്ത് അവള്‍ക്കു അവജ്ഞ തോന്നി. ചടങ്ങ് വിവരങ്ങള്‍ പ്രിന്റ് ചെയ്തു വഴിയരുകില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഫ്‌ലക്‌സ് ബോര്‍ഡിലേക്ക് ഉള്ളില്‍ നിന്ന് തികട്ടിവന്ന രോഷം അവള്‍ തുപ്പി വച്ചു .
'തൂഫൂ...അലവലാതികള്‍'
മീന്‍വെള്ളം ഇറ്റുവീണു കൊണ്ടിരുന്ന സഞ്ചി മുന്‍വശത്തെ ഒരു കോണിലേക്ക് കയറ്റി വച്ചിട്ട് ഉത്ഘാടനച്ചടങ്ങിന്റെ അര്‍ത്ഥരാഹിത്യങ്ങളെ അവഗണിച്ചു കൊണ്ട് തുറന്നു കിടന്നിരുന്ന ലൈബ്രറിക്കുള്ളിലേക്ക് അവള്‍ കയറിപ്പോയി. ഇനി ഒരിക്കലും തിരിച്ചിറങ്ങില്ല എന്നമട്ടില്‍.
'ഒരു വായനശാലാ വിപ്ലവം' എന്ന കഥാ സമാഹാരം ഓണ്‍ലൈനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍
ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍
എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ
അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍
ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ
കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍
ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍
യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത
കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം
യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍; സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍
പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍
ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ
സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍
ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം
വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ
പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍
വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി
കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍
ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും
ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍
പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ്
എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?
നിശ്ചല യാത്രകള്‍: മാങ്ങാട് രത്‌നാകരന്റെ കോളം
വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല
പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ