പുതുകവിതയുടെ അധോലോകങ്ങള്‍!

By Vaakkulsavam Literary Fest  |  First Published Jan 30, 2020, 3:33 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് കവിതയെക്കുറിച്ചുള്ള കുറിപ്പ്. രശ്മി ടി എന്‍ എഴുതുന്നു


ലക്ഷ്മി പി യുടെ 'ലലാടെ നിധിദര്‍ശനം', ടി പി അനില്‍കുമാറിന്റെ 'ഇവിടെയായിരുന്നു ആ വീടുണ്ടായിരുന്നത്' എന്നീ കവിതകളെ മുന്‍നിര്‍ത്തി കവിതയിലെ വ്യത്യസ്ത ലോകങ്ങളെ കുറിച്ചുള്ള ആലോചന. രശ്മി ടി എന്‍ എഴുതുന്നു

 

Latest Videos

undefined

 

ഇടത്തിന് സാഹിത്യത്തില്‍ ഭാവനാത്മകവും ഭൂമിശാസ്ത്രപരവുമായ തലങ്ങളുണ്ട്. ഭൂമിശാസ്ത്രപരമായ ഇടത്തിന്റെ ഭാവനാത്മകതലമെന്നത് അവയുടെ മുന്‍കാല പ്രയോഗങ്ങളിലും അവയെ സംബന്ധിച്ച് വന്ന തീര്‍പ്പുകളിലും വൈരുദ്ധ്യങ്ങള്‍ പുലര്‍ത്തുന്നു. പുതുകവിതയിലെ ഇടങ്ങള്‍ പലപ്പോഴും ഒരു കണ്ണാടിയെപോലെ പ്രവര്‍ത്തിക്കുന്നു. അത് പൂര്‍വ്വനിശ്ചിതമായ ഒന്നിനെയും പ്രതിനിധീകരിക്കുന്നില്ല. പകരം കാണേണ്ടവര്‍ എന്തുകൊണ്ടുവന്നുവോ അതിനെ പ്രതിബിംബിപ്പിക്കുന്നു.

അതായത് കാഴ്ചകളെ തീരുമാനിക്കുന്നത് കാണേണ്ടവര്‍ തന്നെയാകുന്നു. കാണിച്ചു തരുന്നതല്ല, കണ്ടെത്തുന്നതാണ് പുതുകവിതയിലെ ഇടങ്ങളെല്ലാം. കവിതതന്നെ ഇടത്തെ നിര്‍മ്മിക്കുകയും ഇടത്താല്‍ നിര്‍മിക്കപ്പെടുകയും ചെയ്യുന്നു. ആണിയുറപ്പിച്ചുവച്ച ഒരു ഭൂമിശാസ്ത്ര പശ്ചാത്തലമല്ല പുതുകവിതയിലെ ഇടം. ഓരോ ചുവടടിയിലും അത് മാറിക്കൊണ്ടിരിക്കുന്നു.

നിലനില്‍ക്കുന്നതും നീട്ടിവയ്ക്കപ്പെടുന്നതും ഓര്‍ത്തെടുക്കുന്നതുമായ രീതിയില്‍ ഭാവി-ഭൂത-വര്‍ത്തമാനങ്ങള്‍ ചേര്‍ന്ന് രൂപപ്പെടുത്തുന്ന പുതുകവിതാലോകങ്ങള്‍ ചലനാത്മകവും നൈരന്തര്യമുള്ളവയുമാണ്.

തെളിഞ്ഞതും വ്യക്തമായതുമായ ലോകങ്ങള്‍ക്കപ്പുറം മറഞ്ഞതും അവ്യക്തവുമായ ഇടങ്ങളിലേക്കുള്ള കുഴിച്ചെടുക്കലുകള്‍ പുതിയ കവിത നടത്തുന്നതിന്റെ ഉദാഹരണം ആണ് ലക്ഷ്മി പി യുടെ 'ലലാടെ നിധിദര്‍ശനം'. 

 

 

ചെറുതുകളിലേക്കുള്ള വഴിനടത്തങ്ങള്‍ ജീവിതത്തിന്റെ താങ്ങാനാവാത്ത വലിപ്പങ്ങളോടുള്ള ചെറുത്തുനില്‍പ്പുകളായി തീരുന്നു. ഈ കവിതയില്‍ സ്ഥാപിക്കപ്പെടുന്ന വസ്തുക്കളോ ലോകങ്ങളോ ഇല്ല. അന്വേഷിക്കപ്പെടുന്ന ഇടങ്ങളും വസ്തുക്കളുമാണ് സമസ്യാരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത് .അതിരുകളെ സംശയിക്കാവുന്ന തരത്തില്‍ അധോതലത്തിലേക്ക് അന്വേഷിച്ചെത്തുന്നു, കവിത .

'തടുത്തേടത്തും പിടിച്ചെടത്തും നിന്നു തന്നില്ല
കിളച്ചു'.

പരപ്പില്‍ നിന്നും ആഴത്തിലേക്ക് കവിതയുടെ വര്‍ത്തമാനം കണ്ണ് പായിക്കുമ്പോള്‍, കാലം കുഴിയിലിട്ട് മറച്ച വസ്തുക്കളില്‍ തട്ടി ഓര്‍മ്മകള്‍ പ്രതിഫലിക്കുന്നു .

'ബാക്കിയുണ്ടെന്നാരറിഞ്ഞു
ചത്തുമണ്ണിലാണ്ടവയുടെ ഓര്‍മ്മകള്‍'!

അടക്കം ചെയ്തവ ലഭിക്കും തോറും മനുഷ്യന്‍ നശിച്ചു പോവുന്നു. പോയകാലത്തിന്റെ ശേഷിപ്പുകളെ പോലെ തന്നെ സൂക്ഷിപ്പുകളെയും മനുഷ്യന് താങ്ങാനായിക്കൊള്ളണം എന്നില്ലല്ലോ. കാലം തെറ്റി ജീവിതത്തിലേക്ക് പ്രവേശിക്കുന്നവ ടൈമിംഗ് തെറ്റിയ രംഗപ്രവേശം നാടകത്തെ അലോസരപ്പെടുത്തുംപോലെ ജീവിതത്തിന്റെ താളപ്പിഴകളാകുന്നു. ഓരോന്നിനും അതാതു കാലത്തില്‍ തന്നെ അടക്കം സംഭവിക്കേണ്ടതുണ്ട്.

ഭൂതകാലത്തു നിന്നും വസ്തുലോകത്തെ ഖനനം ചെയ്‌തെടുക്കുന്നതാണ് ലക്ഷ്മിയുടെ ഈ കവിതയെങ്കില്‍ നിലനില്‍ക്കുന്ന വസ്തുക്കളില്‍ ഭൂതകാലത്തെ കണ്ടെത്തുന്ന കവിതയാണ് ടി പി അനില്‍കുമാറിന്റെ ഇവിടെയായിരുന്നു ആ വീടുണ്ടായിരുന്നത്' എന്ന കവിത.

 

 

നടുകുഴിഞ്ഞു കിടക്കുന്ന അമ്മിക്കല്ലില്‍ അരച്ചു തീര്‍ന്ന രുചിയും സുഗന്ധങ്ങളും ദ്രവിക്കാതെ കാണുന്ന മണ്‍പാത്രവക്കിനപ്പുറം കാണാത്ത കല്ലുസ്‌ളേറ്റ് പൊട്ടിനെയും മണ്ണിലലിഞ്ഞിരിക്കാവുന്ന ചോക്ക് കഷ്ണത്തെയും നാല് വെറും കല്ലുകളില്‍ അവയിലുണ്ടായിരുന്നിരിക്കാവുന്ന കോഴിക്കൂടിനേയും കണ്ടെത്തിയുറപ്പിക്കാനും കവിത ശ്രമിക്കുന്നു. കാണായവയില്‍ കാണാത്തവയെക്കൂടി ആരോപിച്ചെടുത്തുയര്‍ത്തുന്ന ഭൂതകാല നിര്‍മിതിയാണിവിടെ കവിത.

ഇടത്തെ സംബന്ധിക്കുന്ന ഭാവനാത്മകവും വൈകാരികവുമായ കാഴ്ച്ചയുടെ വിരുദ്ധദ്വന്ദ്വങ്ങള്‍ ഈ കവിതയുടെ നോട്ടത്തിന്റെ അടിസ്ഥാനമാണ്. അപ്പക്കഷ്ണംപോലെയുള്ള സ്ഥലത്തിന്റെ അസാധാരണമായ വിലക്കുറവിന്റെ കാരണങ്ങള്‍ ദല്ലാള്‍ നിരത്തിവെക്കുമ്പോള്‍, സാധാരണമായ ഒരിടത്തിലെ തീര്‍ത്തും സാധാരണമായ കാഴ്ചകളിലേക്ക് ഏത് നിമിഷത്തിലും വന്നുപതിക്കാവുന്ന ഭാവനാത്മകമായ ജീവിതത്തെയാണ് കവിത കണ്ടെടുക്കുന്നത്. എത്രയും പതിഞ്ഞൊതുങ്ങിയ ജീവിതങ്ങളിലും അവയ്ക്ക് മാത്രം നില്‍ക്കാവുന്ന ചുരുങ്ങിയ ഇടങ്ങളിലും അസാധാരണത്വങ്ങള്‍ പതിപ്പിക്കുന്ന മുറിവുകളെ കാലം ചേര്‍ത്ത് തുന്നിയെടുക്കുന്നു. തൊട്ടുനോക്കുമ്പോള്‍ മാത്രം തെളിയുന്ന വടുക്കളെ അവശേഷിപ്പിക്കുന്നു.

വര്‍ത്തമാനത്തില്‍ നിന്നുകൊണ്ട് ഭൂതകാലത്തിലേക്ക് പുതുകവിത വസ്തുലോകങ്ങളെ കുഴിച്ചെടുക്കുകയും നിര്‍മിച്ചെടുക്കുകയും ചെയ്യുന്നു. കാലമോ ഇടമോ അതിരുകളില്ലാതെ, യാഥാര്‍ഥ്യമോ സ്വപ്നമോ ഭേദങ്ങളില്ലാതെ പുതുകവിത അതിന്റെ അധോലോകത്തെ നിര്‍മിച്ചു കൊണ്ടിരിക്കുന്നു.

 

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!