പുഴമീന്‍, ബിജോയ് ചന്ദ്രന്‍ എഴുതിയ കവിതകള്‍

By Vaakkulsavam Literary Fest  |  First Published Feb 19, 2020, 3:59 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് ബിജോയ് ചന്ദ്രന്‍ എഴുതിയ കവിതകള്‍


ഗൃഹാതുരത ഒരു ലേബലാണ്. എവിടെയും ചാരിവെക്കാം. എന്തിനെയും അതാക്കാം. എന്നാല്‍, ഒരു കള്ളിയിലുമൊതുക്കാനാവാതെ പുളയ്ക്കുന്ന ജീവിതം പോലെ, ലേബലുകള്‍ക്ക് പിടികൊടുക്കാത്ത കുതറലും വഴുക്കലുമാണ് ആഴമുള്ള അനുഭവങ്ങളുടെയും തനിനിറം. ഇപ്പോഴില്ലാത്ത ഇടങ്ങളും നനവുകളും മണങ്ങളും രുചികളും അനുഭവങ്ങളും തെഴുത്തുവളരുന്ന ബിജോയ് ചന്ദ്രന്റെ കവിതകളും അതിനാല്‍, ഒരു ലേബലിലും തലവെയ്ക്കുന്നില്ല. കവിതയ്ക്കു മാത്രം തൊടാനാവുന്ന സൂക്ഷ്മഇടങ്ങളിലൂടെ വീശുന്ന പലതരം കാറ്റുവരവുകളായി അവ വായനക്കാരെ സ്പര്‍ശിക്കുന്നു. ബിജോയ് ചന്ദ്രന്റെ കവിതയിലെത്തുമ്പോള്‍ വാക്കുകള്‍ പുതിയ അര്‍ത്ഥങ്ങള്‍ നീന്തിത്തൊടുന്നു. സമകാലികതയുടെ അലുക്കുകളിട്ട അനുഭവങ്ങള്‍ നമുക്കൊട്ടും പരിചയമില്ലാത്ത വിധം ഉള്ളുതൊടുന്നു. വാക്കുകളുടെ പച്ചപ്പിലേക്ക് പല അനുഭവരാശികള്‍ വിരുന്നെത്തുന്നു. ഋതുക്കളോരോന്നും മാറിമാറി തൊടുന്ന സവിശേഷ ഇടമാവുന്നു, വായന. 

ഒതുങ്ങിയ ഒരു നില്‍പ്പുണ്ട്, ഈ കവിതകള്‍ക്ക്. തന്നിലേക്കു തന്നെ വേരാഴ്ത്തി നില്‍ക്കുന്ന പതിഞ്ഞ ഭാവം. 'ചുറ്റും വളര്‍ന്ന വന്‍ മരങ്ങളെയോര്‍ത്ത് ദുഃഖമില്ലാതെ സ്വന്തം ഇടത്തില്‍ നില്‍ക്കുന്ന നിലപ്പന' ബിജോയ് ചന്ദ്രന്റെ കവിതകളുടെ മുഖം സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നുണ്ട്. സവിശേഷമായ ദേശകാലങ്ങളിലും ഓര്‍മ്മയിലും കുരുങ്ങിപ്പോയൊരാള്‍ നിന്നനില്‍പ്പില്‍ നടത്തുന്ന ജീവിതസഞ്ചാരങ്ങളാണ് ആ കവിതകള്‍. തൊട്ടുമുന്നിലെ കുഞ്ഞിച്ചെടിപോലും കാലങ്ങള്‍ കൊണ്ട് പതംവന്ന മനുഷ്യജീവിതത്തെ വിശദീകരിക്കുന്നു. വൈയക്തികമായ ഇടങ്ങള്‍ പോലും ദാര്‍ശനികമായ ആകാശങ്ങള്‍ തൊടുന്നു. തിരക്കിട്ട പാച്ചിലുകള്‍ക്കിടെ നമ്മുടെ കണ്ണില്‍പ്പെടാതെ പോവുന്ന കാഴ്ചകളും അനുഭവങ്ങളും ഗന്ധങ്ങളും കേള്‍വികളുമെല്ലാം ഇലത്തഴപ്പോടെ കവിതയില്‍ വന്നു നില്‍ക്കുന്നു. നാടും വീടും ഓര്‍മ്മയും പ്രണയവും സങ്കടവും ആനന്ദവുമെല്ലാം പല കാലങ്ങളില്‍ പകുത്തെടുത്ത ഒരു മനുഷ്യന്റെ ജീവിതപരിണാമങ്ങളും വീക്ഷണപരിണാമങ്ങളും കവിതകള്‍ ആഴത്തില്‍ കാട്ടിത്തരുന്നു. അപ്പോഴും പുഴയിറമ്പിലെ പൂമണങ്ങളില്‍, ഒരു പെരുമീന്‍ ചാട്ടത്തിന്റെ തുളുമ്പലില്‍, നാട്ടുവെയിലിന്റെ ഭൂതക്കണ്ണാടിയില്‍ തെളിയുന്ന ദൃശ്യസമൃദ്ധിയില്‍, ചൂളംവിളിയില്‍, ചെറിയ ആനന്ദങ്ങളുടെ വലിയ ഇടങ്ങളില്‍, തോര്‍ച്ച മറന്ന് പെയ്യുന്നു ബിജോയ് ചന്ദ്രന്റെ കവിത.

Latest Videos

 

 


പുഴമീന്‍

പുഴ ഒരൊറ്റപ്പിടച്ചില്‍ കൊണ്ടാണ്
മീനായ് മാറി നീന്തിപ്പോയത്.

കരയില്‍ വെറുതെയിരുന്ന ഒരാള്‍
അതിവേഗം 
കണ്ണ് കൂര്‍പ്പിച്ച്
മീന്‍പിടിത്തക്കാരനായി.

ഇടയ്ക്ക് തഴപ്പൊന്തയി-
ലൊളിച്ച് നിശ്ചലം
അത് പുഴയെ വിട്ടുകൊടുക്കും.

പൊരിമണല്‍പ്പുറങ്ങള്‍,
വിഴുപ്പുകല്ലുകള്‍,വേച്ചുപോയ കാല്പാടുകള്‍
വെയിലിനെ ചുളുക്കുന്ന കാറ്റലകള്‍
വെറുതെ ഇരിക്കുന്ന ഏതോ ഒരാള്‍

ഒക്കെ
വീണ്ടും വരും

അങ്ങനെ ആകാശം വീണ്ടും 
നിറയെ പക്ഷികളുമായി
പറക്കാനും തുടങ്ങും.

 

....................................

Read more: ചത്തകവികളുടെ കാട്, വിഷ്ണു പ്രസാദ് എഴുതിയ ആറ് കവിതകള്‍
....................................
 

പ്രേമിച്ചിരുന്നുവോ

പ്രേമിച്ചിരുന്നുവോ പണ്ടു നമ്മളും
ദാഹിച്ചിരുന്നുവോ തമ്മിലലയുവാന്‍.

ഏതോ ബസ്സിലിരുന്ന് ലോകത്തിന്റെ 
ഭാവന ചെന്നു തൊടുന്ന ദൂരം വരെ

ഏതോ കാറ്റത്തടര്‍ന്ന് മരത്തിന്റെ 
കാമന പാറിയലഞ്ഞ കാലം വരെ

ഒട്ടും പരിചയമില്ലാത്ത ദിവസങ്ങള്‍
വാതിലില്‍ തട്ടിയടര്‍ന്ന പത്രം പോലെ

പ്രേമിച്ചിരുന്നുവോ പണ്ട് നമ്മളും
ദാഹിച്ചിരുന്നുവോ തമ്മിലടിയുവാന്‍

പെട്ടെന്ന്

വീട് നമുക്കില്ല  എന്നുള്ള
തോന്നലില്‍ കത്തിയലിഞ്ഞ് വൈകുന്നേരം

തെരുവുകള്‍ കാലില്‍ തടഞ്ഞ് ശ്വാസത്തിന്റെ-
യതിരുകള്‍ തേടി നടന്നുവോ നമ്മളും 

പ്രേമിച്ചിരുന്നുവോ പണ്ട്?

പ്രാണനിലേയ്ക്ക് മെഴുകുരുക്കും വെയില്‍
ഞാനതിലൊട്ടും അനാമിയാം പ്രാണിയായ്
നിന്നില്‍ തടഞ്ഞ് പ്രതിമയായ് അക്ഷരം.

 

....................................

Read more: എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍
....................................

 

 

ചൂണ്ടക്കാരന്‍

പുഴയെത്തന്നെ എപ്പോഴുമിങ്ങനെ
നോക്കിയിരിക്കാന്‍ ചമ്മലില്ലേ ചൂണ്ടക്കാരാ
ഒരു നിമിഷം പോലും കണ്ണു തെറ്റാതെ..

അരികിലൂടെ വിശേഷം ചോദിച്ച്
കടന്നുപോകുന്ന പരിചയക്കാരനെ
തല വെട്ടിച്ച് 
ഒന്നു നോക്കുക പോലും ചെയ്യാതെ.

പുഴയെത്തന്നെ തുറിച്ചു നോക്കി
മീന്‍കണ്ണനായി
ഒറ്റയിരിപ്പ്.

വെയിലും മഴയും ഒന്നിച്ചു വന്ന് 
കല്ല്യാണം കഴിച്ച് മടങ്ങിയതോ
സമയം കാറ്റു പിടിച്ച് എന്തോ കാര്യത്തിന്
പടിഞ്ഞാട്ട് തിരക്കിട്ട് പോയതോ
ഒന്നുമറിയാതെ.

ഇടയ്ക്ക് സ്‌കൂള്‍ വിട്ടു വന്ന കുട്ടികള്‍
പക്ഷേ
ചൂണ്ടക്കാരനെ കണ്ടാല്‍ നിശ്ശബ്ദരാകും.
പൂച്ചക്കുട്ടികളെപ്പോലെ പമ്മിപ്പമ്മി
അവര്‍
അയാള്‍ ഉടനെ പിടിക്കാന്‍ പോകുന്ന
മീനിനെ ഓര്‍ത്ത് ശ്വാസം മുട്ടും.

ചില ആളുകളും അവര്‍ക്കൊപ്പം അനക്കമറ്റും.

ഒരനക്കം പോലുമില്ലാതെ എന്നാല്‍ നിന്റെ
ഈ പ്രതിമപ്പെടല്‍.

കലക്കന്‍ പുഴ മറ്റാരുമറിയാതെ
ചൂണ്ടലിട്ട് പിടിച്ചത്
ചൂണ്ടക്കാരാ നിന്നെത്തന്നെ.

അവിടെയിരി.

 

....................................

Read more: എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍ 
....................................

 

മുത്തശ്ശന്റെ കാളവണ്ടി

പണ്ട് മുത്തശ്ശനോടിച്ച
കാളവണ്ടി
തറവാടിന്റെ പുറമ്പോക്കില്‍
മണ്ണുതൊട്ട ഒരു തുമ്പിയെപ്പോലെ നില്‍ക്കുന്നു.

മരച്ചക്രങ്ങള്‍ മണ്ണില്‍ പൂണ്ട്
മത്തങ്ങാവള്ളികള്‍ പടര്‍ന്ന്.

അതിന്റെ ഓട്ടുമണികള്‍ പക്ഷേ,
നമ്മള്‍ നോക്കിയാലിപ്പോഴും
കിലുങ്ങും.

വണ്ടി വലിച്ചിരുന്ന കാളക്കുട്ടന്മാരെ 
തെളിച്ചാണ്
മുത്തശ്ശനും 
തൊണ്ടിറങ്ങി മറഞ്ഞത്

പോക്കുവെയില്‍ പോലെ
നിസ്സംഗം

ചിലങ്ക കെട്ടി താളമെടുത്തുവരുന്ന
നൃത്തം പോലെയായിരുന്നു
വണ്ടിയുടെ ഓട്ടം.

മണ്ണുവഴിയും കുണ്ടുവഴിയും 
അക്കരെയുള്ള പൊളിഞ്ഞ ടാര്‍നിരത്തും
വൈകുന്നേരം പാര്‍ക്കുചെയ്യുന്ന
തെങ്ങിന്‍പറമ്പുമെല്ലാം
ഈ വണ്ടിയെ കണ്ടാല്‍ വാ പൊത്തി
കുലുങ്ങിച്ചിരിക്കും.

മെയിന്‍ റോഡുവിട്ട് മുത്തശ്ശന്‍ വരുമ്പോള്‍ തന്നെ
മണികിലുക്കം കേള്‍ക്കും
കാരണോന്മാരെ കുടിയിരുത്തിയ
തെക്കേത്തൊടി
കാളക്കുട്ടന്മാരുടെ നടതാളത്തില്‍
കുലുങ്ങാന്‍ തുടങ്ങും.

മുത്തശ്ശന്‍ ഇപ്പോള്‍
എന്റെയുറക്കത്തെ
ഇടയ്ക്ക് കുലുക്കിയുണര്‍ത്തും.

ഇങ്ങനെ കിടക്കാതെ
നാട്ടുവഴികളെയും നാട്ടാരേയും
മണികിലുക്കിയുണര്‍ത്തി
വണ്ടിയോടിച്ചു പോകാന്‍ പറയും.

....................................

Read more: ആട്ടക്കഥ, എസ് കലേഷിന്റെ കവിത 
....................................

 
മൊട്ട

ചെറുപ്പത്തിലേ തന്നെ
മുഴുവന്‍ മുടിയും വടിച്ചുകളഞ്ഞ്
എന്നെ മൊട്ടയാക്കിയതാണ് 
ഏതോ ഒരു പളുങ്കന്‍ വേനല്‍

കന്നിവെയിലിന്റെ 
മഞ്ഞള്‍ക്കുഴമ്പ് വാരിത്തേച്ച് 
സ്വപ്നത്തില്‍, പഴനിപ്പാണ്ടിത്തെരുവിലൂടെ,
പിച്ചളത്തളയിട്ട് നടന്ന് നടന്ന്
നട്ടക്കണ്ട വെയിലിന്റെ പൊന്നാരമൊട്ടയായ് 
ഞാന്‍ മാറി.

കാവടിയാടിയ വേനലും കൊണ്ട്
മൊട്ടക്കുന്നുകള്‍ കേറിയിറങ്ങി
പാണല്‍പ്പഴം തിന്ന് 
പാറമൊട്ടപ്പിലള്ളിപ്പിടിച്ച്
പടയാളിക്കോമരമായി
മൊട്ടക്കുഞ്ഞ്.

പൂമൊട്ടയെന്നും
തീമൊട്ടയെന്നും
പാഴ്‌മൊട്ടയെന്നും പതിച്ചുനല്‍കി
കൂട്ടുകാര്‍ക്ക് തിന്നാന്‍ പാകത്തിന്
എന്റെ പുഴുങ്ങിയ തലമൊട്ട.

മൊട്ടയ്ക്കുള്ളിലിരുന്ന് ഞാന്‍ 
ചരല്‍ക്കല്ലുകളെ ഉണക്കാനിട്ട
പള്ളിക്കൂടം മൈതാനങ്ങള്‍ കണ്ടു.
മണ്ണു പറ്റിപ്പിടിച്ച ഭൂമിക്കുഞ്ഞായ്
ഉരുണ്ടുനടന്നു
കുറുമ്പുല്ലു പോലും മുളയ്ക്കാത്ത
കുന്നിന്‍മിനുപ്പുകള്‍ കണ്ടു.
കേടായ കൃഷ്ണമണിയെപ്പോലെ
മൊട്ടവീടിനുള്ളിലിരുന്ന്  
മാനത്തെ വാരിപ്പുതച്ചു.
പതുക്കെ,
അടയിരിപ്പു കഴിഞ്ഞ ആലോചനകള്‍
കാക്കക്കുഞ്ഞുങ്ങളായ് വിരിഞ്ഞ്
ചുവന്ന തൊള്ള കാട്ടി 
തലക്കൂട്ടിനുള്ളില്‍ നിന്നും കാറിവിളിച്ചു.
അവയ്ക്ക് ചുട്ടി കുത്തിയ
കരിങ്കണ്ണന്‍ വേനല്‍പ്പൊട്ടനെ
കളിക്കാന്‍ കൊടുത്തു.

മഴയില്ല,വെള്ളപ്പാത്തിയും
ഇല്ല തണുപ്പും, കണ്ണിലൊട്ടിപ്പിടിക്കും
പുളപ്പന്‍ വെയില്‍ മാത്രം.

മൊട്ടമിനുപ്പില്‍ വിയര്‍ത്ത മരച്ചില്ലകളുടെ
പഞ്ചരം പടര്‍ന്നു
ചുള്ളിക്കമ്പുകള്‍ കൂട്ടിവെച്ച്
കൂടുണ്ടാക്കി നോക്കി.

അതിലിരുന്ന് അനേകം 
ജനലുള്‍ ഉണക്കപ്പോള നീക്കി
തുറന്നിട്ടു

നോക്കുന്നിടത്തെല്ലാം മൊട്ടകള്‍ മാത്രം
തലയില്‍ കുറ്റിക്കാടുമായി പോകുന്ന
ആളുകളെല്ലാം പെട്ടെന്ന് മൊട്ടയായി

നല്ല ചിന്തേര്
അനാഥമായ തരിശ്

ആലോചനകള്‍ 
പപ്പില്ലാത്ത മാംസച്ചിറകു വിറപ്പിച്ച്
കിളിക്കുട്ടികളായി 
അകത്ത് തത്തി നടന്നു.
ഒരു അത്തിപ്പഴം പത്തായ് പകുത്ത് 
അവര്‍ക്ക് നുണയാന്‍ കൊടുത്തു.

മൊട്ടപ്പിള്ളേര് തൊള്ള കാട്ടി ചിരിച്ചു.
പറക്കാനുള്ള സിഗ്‌നല്‍ കാത്തു.
പെട്ടെന്നു തന്നെ വലുതായി
വലിയ മൊട്ടകള്‍ ചുമന്നു നടന്നു.
മൊട്ടപ്പക്ഷികള്‍ ഇറച്ചിച്ചിറകുകള്‍
പങ്കായമാക്കി
മണലില്‍ തുഴഞ്ഞു പൊയി.

പിന്നീട് ഞാന്‍ പ്രേമത്തഴപ്പില്‍
മൊട്ട വിയര്‍ത്തു മുനിഞ്ഞു.
തൊപ്പി വെച്ച് വേവിച്ചു തലയെ
കാറ്റ് തെറിപ്പിക്കും വരെ.
കണ്‍ഗോളം പുകയ്ക്കും 
ഉച്ചച്ചൂടില്‍ 
മൊട്ടപ്പുകള്‍ക്കിടയിലൂടെ 
മുളപ്പുകള്‍ പരതിനടന്നു.

മൊട്ടക്കുട്ടാ എന്നു കാക്കച്ചിരി ചിരിച്ച്
പട്ടണച്ചൂട്.
പുഴുക്കലുമായി തല പുകഞ്ഞ് ആള്‍ക്കൂട്ടം

പഴയ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും
പറക്കാന്‍ തുടങ്ങിയ ഒരു പ്രാവ് അതിന്റെ നിഴല്‍
തലമിനുപ്പിലേക്ക്  പകര്‍ത്തിത്തന്നു.

കാണുന്നില്ലേ,
അങ്ങിങ്ങ് തല നീട്ടുന്ന പച്ചയുടെ
ചില വിത്തുകള്‍.

പുതിയ ചില ഉപദ്വീപുകള്‍.

....................................

Read more: ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍
....................................

 

കൂയ്

കുന്നുകള്‍ തമ്മില്‍ ഒരു കാലത്ത്
ഫോണ്‍ വിളിച്ചത് ഒരു കൂവല്‍ കൊണ്ടായിരുന്നു.

പരുത്തിക്കുന്നന്‍ മലയും പിറമാടം കുന്നും
പോയാലിക്കുന്നും മയിലാടിമലയും 
മഴയുണ്ടോ എന്നോ,
വെയില്‍ ചാഞ്ഞോ എന്നോ 
ഒക്കെ വിളിച്ചു ചോദിച്ചത്
എടാവേ പൂയ്  എന്ന ഒരു കൂവലോടെയായിരുന്നു.
അയ്യന്താനം മലയുടെ പള്ളയിലിടിച്ച്
തിരിച്ചുവന്ന കൂവലുകള്‍ 
ചെട്ടിക്കണ്ടം പാടത്ത് വെയില്‍ കായാന്‍ പോയി

പക്ഷികളെപ്പോലെ,
കുറുക്കന്മാരെപ്പോലെ
ചീവിടുകളെപ്പോലെ, 
മരങ്ങളെപ്പോലെ
മനുഷ്യരും  അന്ന് ഒന്നാംതരം ഒച്ച കേള്‍പ്പിച്ച്
ചുമ്മാ അങ്ങ് നടന്നു.

അന്നൊക്കെ നമ്മള്‍ തന്നെയായിരുന്നു 
ബ്രാന്‍ഡഡ് മൊബൈല്‍ ഫോണുകള്‍
ചുണ്ടിലെ മിടിപ്പുകള്‍ സന്ദേശങ്ങള്‍
മൂളിപ്പാട്ടുകള്‍ റിംഗ് ടോണുകള്‍ .
ഉള്ളിലെ പാടാത്ത ഒരുപാട് പാട്ടുകള്‍
വാട്‌സാപ്പ് ചാറ്റുകള്‍ 

മഴയെ കൂസാതെ പലപ്പോഴും
താഴ്വാരം വരെ നടന്നുപോയി
അങ്ങേ കുന്നിന്‍ ചെരിവിലെ കൂട്ടുകാരനെ
കൂവിവിളിക്കും
മരപ്പൊത്തുകളുടെ പൂതലിപ്പിലൊളിച്ചിരുന്ന്
മറുകൂവല്‍ കൂവും ഏതോ കിളി

പുഴയ്ക്കു പോകാമെന്ന് അവന്റെ കൂവല്‍ 
പിന്നാലെ വരും.

ചിലപ്പോള്‍ പുഴയുടെ അക്കരെ നിന്നും 
കയ്യാട്ടും മറ്റൊരു ചൂണ്ടക്കാരന്‍ ചങ്ങാതി
കൂയ് എന്നാ ഒണ്ട്രാവേ എന്ന് 

ഉണക്കമരം പോലുള്ള
അവന്റെ മെലിഞ്ഞ രൂപം 
പുഴയുടെ മേല്‍മഞ്ഞില്‍ പെട്ടെന്ന് മാഞ്ഞുപോകും.
അവിടേയ്ക്ക് ആളെയും കൊണ്ട് പോയ തോണി 
പതുക്കെ
കാണാതാകും.

പിന്നെ 
മയക്കക്കണ്ണില്‍
തിരികെ തെളിഞ്ഞുവരുന്ന തോണിത്തുമ്പില്‍
അവന്റെ നനഞ്ഞ ചിരി 
പഴന്തോര്‍ത്ത് കൊണ്ട് ഒരു തലേക്കെട്ട് കെട്ടും.

കൂവിത്തെളിഞ്ഞ പക്ഷികളായിരുന്നു അന്നൊക്കെ
ഗ്രാമം വിട്ട് 
പറന്നുപോയിരുന്നത് 

....................................

Read more: ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
....................................


ആദ്യമായ്

ഞാന്‍ ആദ്യമായ് പ്രണയിച്ച പെണ്‍കുട്ടിക്ക്
എന്നെ പിടിച്ചതേയില്ല.

എന്റെ വാട്ടക്കണ്ണുകളില്‍
കാറ്റ് ചെരിച്ച റബ്ബര്‍മരങ്ങള്‍ 
ഇപ്പൊ  വീഴും എന്നും പറഞ്ഞ്
നിന്നതുകൊണ്ടാണോ.

കാണുന്ന നിമിഷങ്ങളിലെല്ലാം
നെഞ്ചത്തുനിന്നും 
റെയില്‍പാളം ചുട്ടുപഴുത്ത പോലെ
ഒരാവി 
പറന്നുയര്‍ന്നതു കൊണ്ടാണോ.
ബ്ലേഡ് പോലുള്ള തെരുവപ്പുല്ലിന്റെ
മൂര്‍ച്ചയില്‍
വൈകുന്നേരങ്ങളെന്നെ
എളുപ്പം കീറിമുറിച്ചതുകൊണ്ടാണോ

ഒട്ടുപാലിന്റെ മണമുള്ള
എന്റെ കറുമ്പന്‍ പകലുകള്‍
അതിവേഗം അവള്‍ക്കു മുന്നില്‍
അഴിഞ്ഞുവീണ കാട്ടുപൊന്തയായ് 
അടയാളപ്പെട്ടതുകൊണ്ടാണോ.

അറിയില്ല

എന്നിട്ടും ബസ്സ് വരുന്ന മെയിന്‍ റോട്ടിലേക്ക് 
നീട്ടിപ്പിടിച്ച കയ്യുമായി
എന്നേം കൂടെ കൊണ്ടോണേ 
എന്നും പറഞ്ഞ് പായും പോലെ
എന്റെ കീറിപ്പറിഞ്ഞ ഏകാന്തത
സ്വപ്നത്തില്‍ അവള്‍ക്ക് പിന്നാലെ 
ഓടിപ്പോയി

റോഡരികിലെ ഇത്തിരിപ്പച്ചയില്‍
കിതപ്പുകള്‍ അന്ധനായ പട്ടിയെപ്പോലെ
ഇടിച്ചുനിന്നു

ആരെയും പേടിക്കാതെ
അവളുടെ മുന്നില്‍ ചെന്ന് 
എന്റെ ചങ്കുലച്ചെഴുതിയ
കത്തു കൊടുക്കുന്നത്
പരവേശത്തോടെ സങ്കല്പിച്ചു

ഉള്ള വേനലെല്ലാം കൈവെള്ളയില്‍
കൊണ്ടുനടക്കും പോലെ
അവളെത്തന്നെ
ഓരോ തിരിവിലും പ്രതീക്ഷിച്ചു
രാവിലെ നേരത്തേ തന്നെ വീടുവിട്ടിറങ്ങി
കാണാന്‍ ഒരു സാധ്യതയുമില്ലാത്ത 
അവളെ കാണാന്‍ 
എവിടേയ്‌ക്കോ പോയി

ഭൂമി എന്റെ പൊട്ടിയ കാല്‍ക്കീഴില്‍
സ്‌നേഹം
സ്‌നേഹം
എന്നു വെന്തുകൊണ്ടിരുന്നു

ഞാന്‍ ആദ്യമായ് സ്‌നേഹിച്ച പെണ്‍കുട്ടിക്ക്
എന്നെ ഇഷ്ടമായതേയില്ല

അവളറിയാതെ ഞാന്‍
ലോകത്തിലെ ഏറ്റവും ഏകാകിയായ 
മനുഷ്യനായി  ജീവിച്ചു,
ചില നൂറ്റാണ്ടുകളോളം

എന്നു മാത്രം.

 

....................................

Read more: ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍
....................................


ആദി

എന്റെ പാവം വീട്,ഏതോ ദൂരത്തെ കനവ്

അതില്‍ കിടന്നുറങ്ങിയ രാവ്
തനിച്ചിരിപ്പുണ്ടിന്നും.

അതില്‍ ജീവിച്ച ഗന്ധങ്ങള്‍,
ഈറ്റത്തണ്ട് പൂതലിച്ച പാട്ടുകള്‍
ഓലത്തട്ടുകള്‍,
പനങ്കുറ്റിയില്‍ നിറച്ചുവെച്ച മഴകള്‍
മേച്ചിലിട്ട പഴുത്ത വെയില്‍
പൂച്ചയുറങ്ങുന്ന ഉരല്‍ക്കുഴി
തുടലില്‍ കെട്ടിയിട്ട കുരകള്‍
ഇവയൊക്കെ ഇപ്പോഴുമവിടെ.

അതൊരു കനവ്
കനമില്ലാതെ നടന്ന കാലത്തിന്റെ 
നിറവ്-വീട്.
എന്തൊരു പാവത്താന്‍ നെഞ്ച്
മിടിച്ചു മിടിച്ച് പുലര്‍ന്ന ഉറക്കം.

അതില്‍ തിളച്ച മുളയരി
അടുപ്പില്‍ പുകഞ്ഞ വറ്റല്‍ മുളകിന്റെ
എരിയന്‍ ചുവപ്പ്

കണ്ണില്‍ കട്ടന്‍പുക കയറി
വാലു വളഞ്ഞ പെണ്‍പൂച്ച

അയ്യോ 
എന്തൊക്കെയായിരുന്നു എന്റെ പാവം വീട്

അതിന്റെ മുഖം എപ്പോഴും വാടിയിരുന്നു
എങ്കിലും 
വെയിലത്തുണങ്ങി ഞാന്‍ ചെല്ലുമ്പം
അത് ചിരിച്ചു നിന്ന കനവാണ്
ഏറ്റവും വലിയ കനവ്, ഭൂമിയില്‍.

എന്റെ പഴയ വീട്,ഇന്നുമുണ്ട് എവിടെയോ
ഞാനതില്‍ പുലരുന്നു രാവു പോല്‍
ഇരുളുന്നു പട്ടാപ്പകലായ്
കാടുമ്മവെച്ച പച്ചവെള്ളമായ് കവിയുന്നു
കവിതക്കൂവലുമായ് മരത്തല കയറുന്നു.

വിരുന്നുവന്ന കടങ്കഥമുത്തി
അതിന്റെ ഇറയത്ത്
പൊന്‍വെയില്‍ വിരിച്ച പനമ്പിലേയ്ക്ക്
ഉണക്കക്കാലും നീട്ടിയിരുന്ന്
മുറുക്കാമ്പൊതി തുറക്കും പോലെ
ഒറ്റച്ചിരി പാസ്സാക്കും.

വീട് ഒപ്പം കുലുങ്ങിച്ചിരിക്കുമ്പോഴാണ്
എലുമ്പന്‍പിള്ളേരും കോഴിക്കുട്ടികളും
പുറത്തേക്ക് തെറിച്ചുപായുക

ചേരുമ്പുറത്ത് ഉണക്കാന്‍ വെച്ച
ഊത്തമീനുകള്‍ കണ്ണുതള്ളി ചെകിളയനക്കുക

പിന്നെയൊരു നിമിഷം
ഏതോ കല്പനയാല്‍ വേണങ്കില്‍
കാണാതാകും വീട്.
വീട് പരന്നു എന്ന് ഞങ്ങള്‍ അങ്ങ് കരുതും.

അല്ലെങ്കി,ലെന്തിനു വീട് ?
ഏതോ കാറ്റിന്റെ മുളങ്കൂട്ടില്‍ കഴിഞ്ഞവര്‍ ഞങ്ങള്‍
ഏതോ മഴയില്‍ പൂതലിപ്പില്‍
തടിപ്പള്ളയുടെ മെഴുക്കില്‍,എരിപൊരി വേനലില്‍
വെള്ളം മറഞ്ഞ പുഴപ്പാതിയില്‍
മാറി മറഞ്ഞവര്‍ 
ചുമ്മാ ഒച്ചയെടുത്തു നടന്നവര്‍ ഞങ്ങള്‍

ഒച്ചപ്പെടുത്തി നടന്ന ലോകങ്ങള്‍
അള്ളിക്കയറിയ പാറക്കുന്നുകള്‍,
മുള്ളന്‍പൊന്തകള്‍,മണ്‍പൊത്തുകള്‍
ഇവിടൊക്കെ ഒരു കള്ളച്ചിരിയോടെ
ഒളിച്ചുപാര്‍ത്തു പലപല വീടുകള്‍

വീട് പെരുമരപ്പൊത്താണ്,കല്ലകം
കാലം തണുത്ത ഗുഹാന്തരം

പിന്നെയും വീടുകള്‍ മാത്രം
പോകും വഴിയെല്ലാം
കൂണിന്‍ തണല്‍ പോലെ
മാനം മറച്ച് 
ഞങ്ങടെ വീടുകള്‍.

 

....................................

Read more: പതിനെട്ടാമത് വയസ്സ്, ആശാലത എഴുതിയ കവിതകള്‍

....................................

 


(ഈ കവിതകള്‍ അടങ്ങിയ 'പുഴമീന്‍' എന്ന കവിതാ സമാഹാരം തോര്‍ച്ച ഉടന്‍ പ്രസിദ്ധീകരിക്കുന്നു. കോപ്പികള്‍ക്ക് 9947132322 എന്ന നമ്പറില്‍ ബന്ധപ്പെടാം). 

 

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!