അതിര്‍ത്തികള്‍ വരക്കുന്നതിനെക്കുറിച്ചുള്ള അപൂര്‍ണ്ണമായ  ഒരു തിരക്കഥ, പ്രദീപ് ഭാസ്‌കര്‍ എഴുതിയ കവിത

By Vaakkulsavam Literary Fest  |  First Published Dec 31, 2019, 4:25 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് പ്രദീപ് ഭാസ്‌കര്‍ എഴുതിയ കവിത

 


'കാമാഖ്യ' എന്ന നോവലിലൂടെയാണ് പ്രദീപ് ഭാസ്‌കര്‍ എന്ന എഴുത്തുകാരന്‍ ചര്‍ച്ചകളില്‍ സജീവമാകുന്നത്. കാമത്തിന്റെ ആഖ്യായികയാണ് 'കാമാഖ്യ'. 'കാമസൂത്ര' എഴുതുന്നതിനു മുമ്പുള്ള വാത്സ്യായനനെ തേടിയുള്ള ഭാവനാസഞ്ചാരം. കെട്ടുകഥ. എന്നാല്‍, കാല്‍പ്പനികതയുടെ കഥാപരിസരം ഒരുക്കിയശേഷം, പരസ്പരബന്ധമില്ലെന്നു തോന്നാവുന്ന 40 കഥകള്‍ ചേര്‍ത്തുവെച്ച്, ജീവിതത്തിന്റെ ആഴങ്ങളില്‍ ഖനനം ചെയ്യുകയാണ് കാമാഖ്യ. ആനന്ദത്തിലേക്കും സത്യത്തിലേക്കുമുള്ള വഴിദൂരങ്ങളാണ് അതളക്കുന്നത്. ആഗ്രഹങ്ങളുടെയും ആഗ്രഹപൂര്‍ത്തീകരണങ്ങളുടെയും സമാഹാരമെന്ന് വേണമെങ്കില്‍ ലളിതമായി അതിനെ വായിക്കാം. പൗരാണികമായ മറ്റൊരു കാലത്തിന്റെ, ദേശത്തിന്റെ കഥ എന്ന മട്ടില്‍ കാണാം. എന്നാല്‍, പുരാണകഥയുടെ ഒറ്റയടിപ്പാതയില്‍ ഫിക്ഷന്‍ ഓട്ടം നിര്‍ത്തുന്നില്ല. സമകാലീനതയെ സൂക്ഷ്മമായി ചെന്നുതൊടുന്നുണ്ട് ഈ നോവല്‍. നമ്മുടെ കാലത്തെയും എക്കാലത്തെയും മനുഷ്യരുടെ ആനന്ദന്വേഷണങ്ങളുടെ, സന്ദേഹങ്ങളുടെ അടിക്കുറിപ്പായി അത് മാറുന്നു.

പുരാണമല്ല, ചരിത്രമാണ്, ചുരുക്കം കഥകള്‍ മാത്രമെഴുതിയ പ്രദീപ് ഭാസ്‌കര്‍ ഈയടുത്ത് എഴുതി ഏഷ്യാന്റെ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച 'വേട്ട' എന്ന കഥയുടെ ആഖ്യാനപരിസരം. ആഗ്രഹങ്ങളുടെയും ആഗ്രഹപൂര്‍ത്തീകരണങ്ങളുടെയും കഥയായി ഈ കഥയെയും വായിക്കാം. എന്നാല്‍, ചരിത്രത്തെ തൊട്ടുകൂട്ടി നിര്‍വൃതിയടയുകയല്ല ഈ കഥ. വെടിയൊച്ചകളാല്‍ കാട് മുഖരിതമാവുന്ന സമകാലം തന്നെയാണ് കഥയുടെ ആഴങ്ങളില്‍ ത്രസിക്കുന്നത്. അധികാരത്തിന്റെ ചോരച്ചുവപ്പുള്ള അതേ ആസക്തിയാണ് വേട്ട തന്നെ പ്രമേയമായ 'അതിര്‍ത്തികള്‍ വരക്കുന്നതിനെക്കുറിച്ചുള്ള അപൂര്‍ണ്ണമായ ഒരു തിരക്കഥ' എന്ന കവിതയിലും. വേട്ടയുടെ, അതിര്‍ത്തികളുടെ, പൗരത്വത്തിന്റെ, സംഘര്‍ഷങ്ങളുടെ സമകാലീന ഇന്ത്യനവസ്ഥയില്‍ ഈ കവിത കാടതിര്‍ത്തികള്‍ ഭേദിച്ച് നാട്ടവസ്ഥകളിലേക്ക് ചേക്കേറുന്നു. 

Latest Videos

 

1.
ഈ കാടെന്റെ രാജ്യമാണെന്നും 
ഞാനിതിന്റെ രാജാവാണെന്നും 
ഞാനെത്ര സ്വതന്ത്രനാണെന്നുമൊക്കെയഹങ്കരിച്ച് 
മയങ്ങിക്കിടന്ന സിംഹത്തിന്റെ സ്വപ്നത്തില്‍ 
ഊര്‍ന്നിറങ്ങിയ വേട്ടക്കാരന്‍ ഇങ്ങനെ പറഞ്ഞുതുടങ്ങി 

എന്റെ വിരല്‍ കാഞ്ചിയില്‍ തൊടുന്ന നിമിഷമാണ് 
നിന്റെ സ്വാതന്ത്ര്യത്തിന്റെ അതിര്‍ത്തി 
ശബ്ദമുണ്ടാക്കിയാല്‍ പെട്ടെന്ന് കണ്ടുപിടിയ്ക്കപ്പെട്ടേക്കാം
ഒറ്റ വെടിയുണ്ടകൊണ്ടുതന്നെ കൊല്ലപ്പെട്ടേക്കാം

പക്ഷേ
നിശ്ശബ്ദതയും ഒരുതരം മരണമാണ്  
ഇനി നീയാണ് തീരുമാനിയ്ക്കേണ്ടത് 
നിനക്കെങ്ങനെ മരിയ്ക്കണമെന്ന് 

 

2.
ഒരു വെടിയൊച്ച കേട്ടുവോ 
എനിയ്ക്ക് വയ്യാതാവുമ്പോള്‍ 
കാടിന്റെ മുക്കും മൂലയും കുത്തിയിളക്കി 
മരുന്നുമായെത്തുന്ന 
ആ കാട്ടുപന്നിയുടെ 
ശൗര്യമൊട്ടും കുറയാത്ത നിലവിളി കേട്ടുവോ 

ഏയ്, തോന്നിയതാകും 
സ്വപ്നമാകും  

(പാതിമയക്കത്തില്‍ നിന്നും 
കണ്ണു തിരുമ്മിയെഴുന്നേല്‍ക്കുന്ന സിംഹം 
മുന്നില്‍ കവചിതവാഹനത്തില്‍ നിന്നും 
അതിനു നേരെ ചൂഴ്ന്നുനില്‍ക്കുന്ന 
വേട്ടക്കാരന്റെ തോക്ക് 
അയാളുടെ ഇറുക്കിപ്പിടിച്ച ഒരു കണ്ണ്)  

നിന്നെ ഞങ്ങള്‍ പണ്ടേ പുറത്താക്കിയതാണല്ലോ 
പിന്നെയും നീയെന്താണിവിടെ 
ഇത് ഞങ്ങളുടെ രാജ്യമാണ് 

(ഇരുമ്പുചങ്ങലയിട്ടു പൂട്ടിയ 
പടുകൂറ്റന്‍ കോട്ടവാതില്‍ പോലെ 
വേട്ടക്കാരന്റെ മൗനം)

ഒന്നോര്‍ത്തു നോക്ക് 
അന്ന് നീയും ഇവിടെയുണ്ടായിരുന്നു 
എന്റെ മുത്തച്ഛനായിരുന്നു രാജാവ് 
പരമസാധു, പടുവൃദ്ധന്‍ 
നമുക്ക് സമത്വത്തെക്കുറിച്ച്
പറഞ്ഞു തന്നവന്‍ 

നീയും ഞാനുമെന്നല്ല 
നമ്മളെന്നൊന്നാകുമ്പോഴാണ് സ്വാതന്ത്ര്യമെന്ന്
പുഞ്ചിരിയോടെ പറഞ്ഞുതന്ന ജ്ഞാനബുദ്ധന്‍ 

ആ രാത്രി ഓര്‍ക്കുന്നുവോ നീ

നിലാവില്‍, എല്ലാം മറന്ന് 
ഒരിയ്ക്കലും വറ്റാത്ത ആ കാട്ടരുവിയുടെ തീരത്ത് 
ഇളംകാറ്റേറ്റ്
ഇളകാത്ത തെളിനീരില്‍ 
മും നോക്കി നില്‍ക്കുകയായിരുന്നു 
മുത്തച്ഛന്‍

ജീവന്‍ പിരിഞ്ഞുപോകുമ്പോള്‍ 
പാവം, ഒന്നലറാന്‍ പോലുമായില്ല 

അതേ തോക്കുതന്നെയല്ലേ 
ഇപ്പോഴും നിന്റെ കയ്യില്‍

നിന്നെയന്നാണ് 
ഞങ്ങള്‍ ആട്ടിപ്പുറത്താക്കിയത് 

(ഉന്നം ഉറപ്പുവരുത്തുന്ന വേട്ടക്കാരന്‍ 
സിംഹത്തിന്റെ ദുര്‍ബലമായ ശബ്ദം)

പിന്നീടെത്രയോ ചോരക്കഥകള്‍ 
നീ നമ്മുടെ ഭാഷ ഉപേക്ഷിച്ചിരുന്നു 
നീ, നിനക്ക് വേണ്ടിമാത്രം 
ഒന്ന് സൃഷ്ടിച്ചിരുന്നു അപ്പോള്‍

വേറെവേറെ മണങ്ങള്‍ 
വേറെവേറെ രുചികള്‍ 
വേറെവേറെ ദേശങ്ങള്‍ 
ഇപ്പോള്‍ നാമെത്ര അപരിചിതരാണ് 

നീ, അതിരുകള്‍ മാറ്റിമാറ്റി വരച്ചുകൊണ്ടിരുന്നു 
ഒരിയ്ക്കലും വറ്റാത്ത ആ അരുവിയിപ്പോള്‍ 
നിന്റെ നാട്ടിലല്ലേ 
അതിപ്പോഴും സ്വച്ഛമായൊഴുകുന്നുണ്ടോ 

എന്തൊരു വേനലായിരുന്നു 
അക്കൊല്ലം 
ഒരിയ്ക്കലും വറ്റാത്ത ആ അരുവിയിലേയ്ക്ക് 
കൂട്ടംകൂട്ടമായെത്തുന്ന നാനാജാതികള്‍ 
അവര്‍ക്കെല്ലാം ഒറ്റ ലക്ഷ്യമായിരുന്നു 
അനാദിയായ ജീവന്റെ ജലം 

നീ കലക്കിയ വിഷംകുടിച്ച് 
എത്ര കുഞ്ഞുങ്ങളാണ് 
അപ്പോള്‍ത്തന്നെ പിടഞ്ഞുവീണ് മരിച്ചത്

എന്റെ ചെവികളിലിപ്പോഴും തിരയടിയ്ക്കുന്നുണ്ട് 
നിന്റെയും കൂട്ടരുടെയും പൊട്ടിച്ചിരികള്‍ 
വെടിയൊച്ചകള്‍
വേട്ടപ്പട്ടികള്‍ നിര്‍ത്താതെ കുരക്കുന്നത് 
പിന്നെയും ബാക്കിയായവരെയെല്ലാം 
കാട്ടുതീയിലെരിച്ചത് 
പിന്നാലെ പെയ്ത പെരുമഴയില്‍ 
എല്ലാമൊലിച്ചുപോയത് 

ഒന്നും മറക്കാറായിട്ടില്ല 

എത്ര കിളികളാണ് 
ഭയന്നുവിറച്ച് പാട്ടുനിര്‍ത്തിക്കളഞ്ഞത്

(വേട്ടക്കാരന്റെ മൗനത്തില്‍ 
ദേഷ്യപ്പെട്ട് കണ്ണുതുടുത്ത് 
മീശവിറപ്പിക്കുന്ന സിംഹം)

നീ എപ്പോഴും അണിയുന്ന ആ മാലയില്ലേ 
ഗര്‍ഭത്തിലേ തന്നെ കൊന്നുകളഞ്ഞ
കുഞ്ഞുങ്ങളുടെ 
ഒരിയ്ക്കലും പ്രകാശം കണ്ടിട്ടില്ലാത്ത 
കുഞ്ഞുക്കണ്ണുകള്‍ കോര്‍ത്ത ആ മാല
അതു കണ്ടാണ്
ഞങ്ങള്‍ നിന്നെ തിരിച്ചറിയുന്നത് 
അല്ലെങ്കില്‍ നീ ശരിക്കും 
എന്റെ മുത്തച്ഛനെപ്പോലെ തന്നെ 
അതേ വെളുത്ത ചിരി 
സ്നേഹത്തിന്റെ അതേ ഭാഷ 

വേട്ടക്കാരാ, നീ അന്ന് കൊന്നതില്‍ 
എന്റെ ഭാര്യയുമുണ്ടായിരുന്നു 

അവളുടെ വയറുപിളര്‍ന്ന 
ഞങ്ങളുടെ കുഞ്ഞിനെ ഗര്‍ഭത്തിലേ കൊന്ന  
നിന്റെയാ നീളന്‍ തോക്കില്ലേ 
അതിന്റെ കറുപ്പും ചുവപ്പും കലര്‍ന്ന അലര്‍ച്ച 
ഇപ്പോഴുമെന്റെ ഉറക്കം കളയാറുണ്ട്  
വേട്ടക്കാരാ, കാടിനേക്കാള്‍ ഇരുണ്ട കാട്ടാളാ 
എങ്ങനെ നിനക്കിത്ര ക്രൂരനാകാനാകുന്നു   

(എല്ലാത്തിനും, 
വേട്ടക്കാരന്റെ മുഖത്തെ 
അര്‍ത്ഥം പിടിതരാത്ത പുഞ്ചിരി 
എല്ലാമറിയുന്ന മൗനം  
നീട്ടിപ്പിടിച്ച തോക്കിന്റെ കാഞ്ചിയില്‍ 
വേട്ടക്കാരന്റെ ചൂണ്ടുവിരല്‍
വീണ്ടും വീണ്ടും തഴുകുന്നതിന്റെ സമീപദൃശ്യം 
അയാളുടെ 
വലിഞ്ഞു മുറുകിയ ചുവന്നുതുടുത്ത മുഖം)  

 

3.
ശവക്കുഴി വെട്ടുന്നവന്റെ ആ നിസ്സംഗതയില്ലേ,
ഇതുപോലെത്ര ശവങ്ങളെ കണ്ടിരിയ്ക്കുന്നെന്ന
ചിറികോട്ടിപ്പിടിച്ച, 
മദ്യം മണക്കുന്ന ആ കറുത്ത ചിരിയില്ലേ,
കുഴി മൂടിക്കഴിഞ്ഞാല്‍ കുറച്ചു ദിവസമേ വേണ്ടൂ  
ചീഞ്ഞളിഞ്ഞ് മണ്ണോടു മണ്ണാകുമെന്ന്  


ചത്തുകിടക്കുന്നവന്റെ മുഖത്തെ 
വിളറിവെളുത്ത പുഞ്ചിരി നോക്കി  
അയാളോര്‍ത്തെടുക്കുന്ന ആ അറിവില്ലേ,  
കുഴിയിലേയ്ക്ക് കെട്ടിയിറക്കുമ്പോള്‍ 
എനിയ്ക്ക് പോകാനിഷ്ടമല്ലെന്ന്  


തെറിച്ചുയര്‍ന്നു നില്‍ക്കുന്ന കയ്യിനെ  
ഒറ്റച്ചവിട്ടിന് ഒടിച്ചൊതുക്കുമ്പോള്‍  
പ്രേതങ്ങളും പിശാചുക്കളുമൊന്നുമില്ലെന്ന  
അയാളുടെ ആ വെളിപാടിന്റെ അഹങ്കാരമില്ലേ,  


അത്തറും പൂക്കളും മണക്കുന്ന 
പുത്തനുടുപ്പിട്ട്  
വെട്ടുകുഴിയില്‍ മലര്‍ന്നു കിടക്കുന്നതിന്റെ 
മുഖത്തേയ്ക്ക് തന്നെ  
ഒരു തൂമ്പ മണ്ണ് വീശിയെറിഞ്ഞ്  
വിയര്‍പ്പ് മണക്കുന്നുണ്ടെങ്കിലും
കള്ളിമുണ്ടാണുടുത്തിരിയ്ക്കുന്നതെങ്കിലും  
നിന്നെക്കാള്‍ ഞാനെത്ര സ്വതന്ത്രനാണെന്നുള്ള  
ഇനിയും കുറേയെണ്ണത്തിനെ  
കുഴിച്ചുമൂടിയിട്ടേ ഞാന്‍ പോകൂ എന്നുള്ള  
അയാളുടെ ആ കലര്‍പ്പില്ലാത്ത പിറുപിറുക്കലില്ലേ,


ഒന്നും പറയാതെ തന്നെ 
എല്ലാം അറിഞ്ഞിട്ടും  
നീ അണിയുന്ന 
മൗനത്തിന്റെ ആ കറുത്ത ഉടുപ്പിനെ  
ഇതിലും നന്നായി ഉപമിയ്ക്കാന്‍  
എനിയ്ക്കറിയില്ല

ചിതലുകേറിപ്പൊതിഞ്ഞ 
മരക്കുറ്റി പോലുള്ള  
ചെളി പുതഞ്ഞ കാലില്‍  
മണ്ണിലുടഞ്ഞു കിടക്കുന്ന കുപ്പിച്ചില്ല്  
തുളച്ചു കേറുമ്പോള്‍  
അയാള്‍ വിളിയ്ക്കുന്ന ആ പുളിച്ച തെറിയില്ലേ  
അത്ര സ്വാതന്ത്ര്യം പോലുമില്ല  
നിന്റെ മൗനത്തിന്റെ കൊടുവാള്‍  
മുതുകില്‍ തറച്ചിറങ്ങുമ്പോഴും  എനിയ്ക്ക്  

 

4.
വേട്ടക്കാരന്റെ 
കാടു വിറപ്പിക്കുന്ന കനത്ത മുരള്‍ച്ച 

നെറ്റിയില്‍ വെടിയുണ്ട ചീറിത്തറക്കുമ്പോള്‍ 
തെറിച്ചുയരുന്ന ചോരത്തുണ്ടുകള്‍ പോലെ 
പറന്നു തെറിക്കുന്ന കിളിക്കൂട്ടം 

ചീവീടുകളുടെ നിലച്ചുപോയ ചിലമ്പൊലി 

എടോ, കിഴട്ടുസിംഹമേ 
നീ കേട്ടിട്ടുണ്ടോ ഞാനെഴുതിയ പടപ്പാട്ടുകള്‍ 
അതുകേട്ടാല്‍ 
തളര്‍ന്നുകിടക്കുന്നവന്‍ പോലും 
പിടഞ്ഞെഴുന്നേല്‍ക്കും, പടക്കിറങ്ങും 

നിന്നെക്കാള്‍ നന്നായെനിയ്ക്കറിയാം 
വാക്കിന്റെ ശക്തി
അതിനേക്കാള്‍ നന്നായി
മൗനത്തിന്റെ ഞരമ്പുകള്‍, മര്‍മ്മങ്ങള്‍

നീ വലിയ പ്രവാചകനല്ലേ 
ഒരു ഇലയനങ്ങിയാല്‍ 
കൊടുങ്കാറ്റ് മണക്കുന്നവന്‍ 
എന്നിട്ടെല്ലാരെയും കുലുക്കിയുണര്‍ത്തുന്നവന്‍ 
ആ നീപോലുമറിഞ്ഞില്ലല്ലോ 
ഒരു കരിയിലയനക്കം പോലുമില്ലാത്ത 
എന്റെയീ വരവ് 

നിനക്കിനിയും സമയമുണ്ട് 
ഒളിച്ചിരിയ്ക്കാന്‍  

അതെ, 
ഇനി ഒളിച്ചിരിയ്ക്കാതെ വയ്യെന്ന കീഴടങ്ങല്‍ 

ആര്‍ക്കും എളുപ്പത്തില്‍ കണ്ടുപിടിയ്ക്കാവുന്ന 
കുറ്റിക്കാട്ടിലേയ്ക്ക് 
പതിയെ തിരിഞ്ഞു നടക്കുന്ന സിംഹം  

ഒരു വെടിയൊച്ച കേട്ടുവോ 


ഇപ്പോള്‍, 
പിന്‍കാല്‍ തകര്‍ന്ന് 
ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ 
ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയാണ് സിംഹം   

click me!