വാക്കുല്‍സവത്തില്‍ ഇന്ന് പ്രശസ്ത കവി പി രാമന്റെ ഏറ്റവും പുതിയ സമാഹാരമായ 'പിന്നിലേക്ക് വീശുന്ന കാറ്റ്' എന്ന സമാഹാരത്തിലെ ഒരു കവിത. ഡിസി ബുക്‌സ് ആണ് 'പിന്നിലേക്ക് വീശുന്ന കാറ്റ്' പ്രസിദ്ധീകരിച്ചത്.
പ്രശസ്ത കവി പി രാമന്റെ ഏറ്റവും പുതിയ സമാഹാരമായ 'പിന്നിലേക്ക് വീശുന്ന കാറ്റ്' എന്ന സമാഹാരത്തിലെ ഒരു കവിത. ഡിസി ബുക്‌സ് ആണ് 'പിന്നിലേക്ക് വീശുന്ന കാറ്റ്' പ്രസിദ്ധീകരിച്ചത്. രാമന്റെ കവിതകളെക്കുറിച്ച് അവതാരികയില്‍ എം എം ജോസഫ് ഇങ്ങനെ എഴുതുന്നു: ''ചെറുതുകളില്‍ ധ്യാനലീനമാകുന്ന കവിമനസ്സാണ് രാമന്‍േറത്. പരമയാഥാര്‍ത്ഥ്യം പൊടിയാണ് എന്നല്ലാെത തോന്നാറില്ലെന്ന് രാമന്‍ പലവുരു പറഞ്ഞുകേട്ടിട്ടുണ്ട്. പൊടിയും കൊഴിയുന്ന മുടിയും പല്ലും മാത്രമല്ല, എല്ലും തൊലിയും ചേര്‍ന്നതാണ് രാമകവിതയിലെ വസ്തുേലാകം. അതില്‍ പന്നലും പായലും നെല്ലിയിലയും പുല്ലിന്‍ പൂവുമുണ്ട്. ചെറുപ്രാണികളും ചെറുമനുഷ്യരും തീര്‍ക്കുന്ന ജീവലോകമുണ്ട്. രണ്ടു വരിയിലോ അഞ്ചു വാക്കിലോ തീര്‍ത്ത കവിതകള്‍ വരെയുള്ള രാമകവിതകളുടെ ലോകം രൂപപരമായ മെലിച്ചിലിനെ ലക്ഷ്യമാക്കി സഞ്ചരിക്കുന്നുണ്ട്.
കുത്തബുദ്ധീന്‍ മാഷിന് ഒരാശംസാഗാനം
കുത്തബ് മാഷൊരു സുഹൃത്തു-
മൊത്തിതാ പുറപ്പെടുന്നു
മക്കയിലേക്കുംറ ചെയ്യാന്‍
ഭക്തി മാര്‍ഗ്ഗത്തില്‍
പോണ വഴിക്കേറെയുള്ള
മോഹനമാം കാഴ്ചകളില്‍
മേഞ്ഞിടാതങ്ങെത്തുവാന-
ള്ളാഹു കാക്കട്ടെ.
സൗദിയിലാകുന്നു മക്ക-
യെന്നതെപ്പോഴും മനസ്സി-
ലോര്‍മ്മയുണ്ടാവണേയിവര്‍-
ക്കവിടെച്ചെന്നാല്‍.
കൂര്‍ത്ത നോക്കും, പാവമാമാ-
ത്താടിമാഷെപ്പാര വെച്ച
വാക്കുകളും പൊറുത്തീശന്‍
കാത്തുകൊള്ളട്ടെ.
അരക്കൊല്ലപ്പരീക്ഷയ്ക്ക-
ങ്ങരമണിക്കൂര്‍ വൈകിയെത്തും
രാമമ്മാഷെയോര്‍ത്തു ഖേദി
ച്ചിരുന്നിടാതെ,
ചോറ്റുപാത്രമെടുക്കാതെ
വീട്ടില്‍ നിന്നും പോന്ന നമ്മുടെ
കുട്ടികളെക്കുറിച്ചോര്‍ത്തു
വിഷമിക്കാതെ,
പുതുവര്‍ഷത്തിനെ നാസിക്
ഡോലടിച്ചു വരവേല്‍ക്കാ-
നൊരുങ്ങും മക്കളെയോര്‍ത്തു
കുലുങ്ങിടാതെ,
അവിടെച്ചെന്നിതേപ്പറ്റി
മനസ്സു പുണ്ണാക്കിടാതെ
മഹനീയ പുണ്യകര്‍മ്മ-
മനുഷ്ഠിച്ചോളൂ
മനസ്സതില്‍ മാത്രമായി
മുഴുകാന്‍ പ്രാര്‍ത്ഥിക്കണേ,യി-
ങ്ങിരിപ്പുണ്ടുസ്‌കൂളു നോക്കാന്‍
ഞങ്ങളൊക്കേയും.
നിങ്ങളില്ലാത്ത കുറവു
സുജിതട്ടീച്ചര്‍ നികത്തീ
ഇന്നലെക്കഴിഞ്ഞ രക്ഷാ-
കര്‍തൃ യോഗത്തില്‍
നിങ്ങള്‍ ചെയ്യും പോലെ തന്നെ
കയ്യുയര്‍ത്തീ,കണ്ണുരുട്ടീ,
താഴെ വീണ കണ്‍മണികള്‍
പെറുക്കി വെച്ചു.
പത്‌നിയെ, കുട്ടികളേയും
കൂട്ടിടാതെ സുഹൃത്തിന്റെ-
യൊപ്പമാണുംറചെയ്യാനായ്
പോയതെന്നാലും
കുടുംബത്തിലുള്ളവര്‍ക്കു-
മനുഗ്രഹമരുളട്ടേ
പടച്ചോ, നവരെ നാളെ
കൊണ്ടു പോകട്ടെ
ഉംറ ചെയ്തു തിരിച്ചെത്തി-
ക്കഴിഞ്ഞാല്‍ മാന്‍കുട്ടിപോലെ
ശാന്തനായ് കുത്തബുമാഷു-
സ്‌കൂളിലേക്കെത്തും.
എന്നു സ്വപ്നം കണ്ടിവിടെ-
യിരിപ്പുണ്ടു ചിലരൊക്കെ
അവര്‍ക്കായ് സിംഹമായ്ത്തന്നെ
തിരിച്ചെത്തണേ
എങ്കിലുമതിനു മുമ്പു
നിലാവത്താ മരുഭൂമി
കണ്‍നിറയെക്കണ്ടു മന-
സ്സാര്‍ദ്രമാക്കണേ.
ഉംറ തന്‍ പുണ്യത്തിലല്‍പ്പം
നമുക്കും കൊണ്ടന്നു നല്‍കും
പിന്നെ നല്‍കും വിരുന്നെന്നും
കൊതിപ്പൂ ഞങ്ങള്‍
നാലുനാളു മുമ്പു നിങ്ങള്‍
പോയ നാടല്ലതിനേക്കാള്‍
ആളിയാളിക്കത്തിടുന്നീ
നാട് ചങ്ങാതീ.
മനുഷ്യന്റെ മനസ്സിലെ-
യതിരുകള്‍ മാഞ്ഞു മാഞ്ഞാ-
ത്തീയടങ്ങാന്‍ പ്രാര്‍ത്ഥനക-
ളിടയാക്കട്ടെ.
അതിനൊക്കെയനുഗ്രഹ-
മരുളട്ടേ പടച്ചോന്‍, പോയ്
വരുവോളം യാത്ര നീളെ
സുഖമാവട്ടെ
വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം