കറുത്ത മെയ്യുള്ള ബുദ്ധന്‍

By Vaakkulsavam Literary Fest  |  First Published Mar 2, 2020, 7:57 PM IST

വാക്കുല്‍സവത്തില്‍ കവി എം പി പ്രതീഷ് എഴുതുന്ന 'കവിതയുടെ ഇടം' പരമ്പര തുടങ്ങുന്നു. ശ്രദ്ധേയരായ ചില കവികളുടെ രചനാലോകങ്ങളിലെ സവിശേഷ ഇടം തേടിയുള്ള യാത്രയാണിത്. ആദ്യ ലക്കത്തില്‍, എസ് ജോസഫിന്റെ കവിതയിലെ ജൈവലോകങ്ങള്‍.
 


ആകാശമോ ഭൂമിയോ എന്നു വേര്‍തിരിക്കാതെ വട്ടത്തില്‍ ചുറ്റിപ്പറക്കുന്ന ഒരു പരുന്ത്. പരുന്തിനു മനുഷ്യരുടെ ഭാഷ അപ്രാപ്യം. അപ്രസക്തം. അത് പറക്കുക മാത്രം ചെയ്യുന്നു. നമ്മുടെ വിചാരങ്ങളില്‍നിന്ന് ഈ കവി അതിന്റെ പറത്തത്തെ മോചിപ്പിക്കുന്നു. പാമ്പിന്റെ ഇഴച്ചിലിനെ, പടം പൊഴിക്കലിനെ, മീനിന്റെ നീന്തലിനെ ഒക്കെ അതാതിന്റെ ഇടങ്ങളില്‍ ഉപേക്ഷിക്കുന്നു. പ്രകൃതിയുടെ ആന്തരിക ഭാഷയെക്കുറിച്ചുള്ള അറിവാണ് ഈ എഴുത്തിനുള്ളില്‍. ഒരു ധ്യാനബുദ്ധന്റെ, സെന്‍ ഗുരുവിന്റെ യാത്രകളായിത്തീരുന്നു ജോസഫിന്റെ നടപ്പാതകള്‍.

 

Latest Videos

 


കുമ്മായം പൂശിയ ചുവരുകളില്‍ പച്ചിലയും കരിയും കൊണ്ട് വരഞ്ഞെടുക്കുന്ന ഒരു ദൈവത്തിന്റെ ചിത്രം എസ് ജോസഫിന്റെ കവിതയിലുണ്ട്. ഒരു കറുത്ത മെയ്യുള്ള ബുദ്ധന്‍. എഴുതപ്പെട്ട പ്രാര്‍ത്ഥനാപുസ്തകങ്ങളൊ കല്‍പ്പനകളൊ ഇല്ലാത്ത, പ്രതിഷ്ഠിച്ചിട്ടില്ലാത്ത ഒരു ദൈവമാണത്. ജീവിതത്തിന്റെ ഒഴുക്കിനെ തടഞ്ഞിടാതെ, മുഴുക്കെ നനയാന്‍ നിന്നുകൊടുക്കുന്ന മനുഷ്യനാണ് കവിതയില്‍. ആ മനുഷ്യനാവട്ടെ, ആ ദൈവമാവട്ടെ ഭൂമിയുടെ ഉള്ളുകള്ളികളിലേക്കു ഞരമ്പും വേരുകളും പടര്‍ന്നുപോയവരാണു...പരിണാമത്തിന്റെ താഴത്തെ പടവുകളില്‍ വിട്ടുപോന്ന വനാന്തരങ്ങളിലെ ഇരുട്ട് അയാളെ നിരന്തരമായി തിരികെ വിളിക്കുന്നു. അരുവിയില്‍ത്താണു പൊത്തിനുള്ളിലേക്ക് നൂണ നീര്‍നായെപ്പോലെ കാടിന്റെ കാണാപ്പുറത്തേക്കു പോകാന്‍ വെമ്പുന്നുണ്ടിന്നും..ഉള്‍വിളികള്‍ക്കു കാതോര്‍ക്കുന്ന അയാള്‍ പലതുമുപേക്ഷിച്ച് ഭൂമിയുടെ  ഉള്‍വഴികളിലൂടെ നടക്കാന്‍ തുടങ്ങുന്നുണ്ട്.

 

'കാറ്റുള്ള ഒരിടത്തിരുന്നാല്‍
പാടത്തുകൂടി നടന്നാല്‍
ചെറിയ മല കയറിയാല്‍
ഉറവയില്‍നിന്ന് വെള്ളം മൊത്തിക്കുടിച്ചാല്‍
മരങ്കൊത്തി മരത്തില്‍ കൊത്തുന്ന ഒച്ച കേള്‍ക്കാം'

 

കാതോര്‍ത്താല്‍ കേള്‍ക്കാവുന്ന, മിഴി തുറന്നാല്‍ കണ്ടെത്താവുന്ന സ്വരങ്ങളുടെയും ദൃശ്യങ്ങളുടെയുമാഴങ്ങളിലേക്ക് തുറന്നിട്ട ഇന്ദ്രിയങ്ങളാണു അയാള്‍ക്ക്. അതിസൂക്ഷ്മമായ ജൈവലോകത്തേക്ക് അയാള്‍ ഞൊടികൊണ്ട് പോയിത്തിരിച്ചെത്തുന്നു. വെള്ളത്തിനു താഴത്തെ മീനുകളുടെ തിളക്കവും കാഞ്ഞിരത്തില്‍ കൂടുണ്ടാക്കുന്ന കാക്കത്തമ്പുരാട്ടിയെയും അയാള്‍ മാത്രമാണു കാണുന്നത്.

വയലിനു നടുവില്‍, തോട്ടിറമ്പില്‍ ചെരിഞ്ഞുനിന്ന് വളരുന്ന മരത്തിന്റെ നില്‍പ്പ് അയാള്‍ക്ക് പരിചിതം. പക്ഷികള്‍ക്കോ മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ ഇത്തരം നില്‍പ്പ് അസാധ്യമെന്ന് അയാളുടെ സാക്ഷ്യപ്പെടുത്തല്‍. ആ കൈയൊപ്പിനു താഴെ പറവകളും മൃഗങ്ങളും മനുഷ്യരുടെ ലോകത്തെ മായ്ച്ചുകൊണ്ട് കഴിയുന്നു. വിചാരങ്ങള്‍ക്കും ഭാഷകള്‍ക്കും പുറത്താണു അവയുടെ വാസം. ആകാശമോ ഭൂമിയോ എന്നു വേര്‍തിരിക്കാതെ വട്ടത്തില്‍ ചുറ്റിപ്പറക്കുന്ന ഒരു പരുന്ത് . പരുന്തിനു മനുഷ്യരുടെ ഭാഷ അപ്രാപ്യം. അപ്രസക്തം. അത് പറക്കുക മാത്രം ചെയ്യുന്നു. നമ്മുടെ വിചാരങ്ങളില്‍നിന്ന് ഈ കവി അതിന്റെ പറത്തത്തെ മോചിപ്പിക്കുന്നു. പാമ്പിന്റെ ഇഴച്ചിലിനെ, പടം പൊഴിക്കലിനെ, മീനിന്റെ നീന്തലിനെ ഒക്കെ അതാതിന്റെ ഇടങ്ങളില്‍ ഉപേക്ഷിക്കുന്നു. പ്രകൃതിയുടെ ആന്തരിക ഭാഷയെക്കുറിച്ചുള്ള അറിവാണ് ഈ എഴുത്തിനുള്ളില്‍. ഒരു ധ്യാനബുദ്ധന്റെ, സെന്‍ ഗുരുവിന്റെ യാത്രകളായിത്തീരുന്നു ജോസഫിന്റെ നടപ്പാതകള്‍.

ഓരോന്നിനേയും അതാതിന്റെ ചുറ്റുപാടുകളില്‍, വാഴ്വുകളില്‍ തനിച്ചുവിടുന്ന  ലാഘവം, അമാനുഷത അയാളിലുണ്ട്. വീട്ടിലേക്കു പോരുമ്പോള്‍ ഭാഷയിലേക്കു പോരുമ്പൊള്‍ അയാള്‍ നിലാവ് മാത്രം കൂടെക്കൂട്ടുന്നു.


'ഞാന്‍ കവിതയെഴുതിയിരുന്ന ബുക്കില്‍
ഒരാള്‍ പേനകൊണ്ടു വരച്ച
തോട്ടുതഴയുടെ ചിത്രമാണു
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം'

 

ചെറുതുകളുടെ സമാഹാരമാണു അയാളുടെ പുസ്തകം. ചെറിയ തുരുത്തുകളിലെ ചെറിയ മനുഷ്യരുടെ ചെറിയ സങ്കടങ്ങളുടെ ചെറിയ ആനന്ദങ്ങളുടെ ഒരു പുസ്തകം.

 

'പുഴയോടൊപ്പം ഞാന്‍ പോയില്ല
തോടുകളുടെ  കവി മാത്രമാണു ഞാന്‍'

 

വെള്ളത്തില്‍ പാര്‍ക്കുന്ന  ചെറു പ്രാണിയെക്കുറിച്ചും വംശനാശം നേരിടുന്ന സ്വന്തം ജനപദത്തെക്കുറിച്ചും ഇടിഞ്ഞുപോവുന്ന ഭൂമിയിലെ വീടിനെക്കുറിച്ചും വയലിലേക്കു പുറപ്പെട്ട മണ്ണുനിറച്ച ലോറിയെക്കുറിച്ചും അയാള്‍ നിര്‍മ്മമതയോടെ യാഥാര്‍ത്ഥ്യബോധത്തോടെ വിചാരപ്പെടുന്നു..

 

'പാളം ഇരട്ടിപ്പിക്കുന്നതോടെ
യാത്ര എളുപ്പമാകും
മണ്‍തിട്ടയിലിരുന്ന പൊടിമൂടിയ  വീടിന്റെ
മണ്‍തിട്ടയില്‍നിന്ന മനുഷ്യന്റെ കാര്യം പ്രയസമാകും'

 

'വംശനാശഭീഷണി നേരിടുന്ന 
എന്റെ വംശത്തെയോര്‍ത്ത് 
ആരും കാണാതെ ഞാന്‍ കരയുന്നു'

'മകളെപ്പറ്റി അത്രത്തോളം ഉത്കണ്ഠപ്പെടുന്നില്ല

പകരം ധാരാളം കളിപ്പാട്ടങ്ങള്‍ നല്‍കി
മധുര വരെ ബസ്സില്‍ പോയി
എടയ്ക്കല്‍ ഗുഹ കണ്ടു'

 

അറിയായ്മയുടെ ഊടുവഴികളിലൂടെ ഉറവിടങ്ങളിലേക്കു പോകുന്ന ആദിമമായൊരു ഉണര്‍ച്ച ജോസഫിന്റെ എഴുത്തിലുണ്ട്. നിഗൂഢതയെക്കുറിച്ചാണു ഒരു കവിത. പിടികിട്ടാത്ത ഒന്ന് എന്ന് അയാളതില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ച് തോല്‍ക്കുന്നു. ഭൂമിയുടെ അതിരുകളിലേക്ക്  മറുപുറങ്ങളിലേക്ക് അയാള്‍ ചുഴിഞ്ഞു ചെന്ന് നോക്കുന്നു. പച്ചക്കുടുക്കയുടെ കരച്ചിലിന്റെ ഉറവിടം ആ കുന്നിനപ്പുറമോ ഈ കുന്നിനിപ്പുറമോ എന്ന് ആവലാതിപ്പെടുന്നു.

'ഒരു പുഴയും മുഴുവന്‍ മീനുകളേയും വിട്ടുകൊടുക്കില്ല ' എന്ന് ബോദ്ധ്യപ്പെടുന്നു.

'എലിമാളങ്ങള്‍ പോലെ ഉള്‍വഴികള്‍ തിരിയുന്ന ഒരു കവിതയെഴുതാന്‍ കഴിഞ്ഞെങ്കില്‍'  

എന്നാശിക്കുന്നു.

മുറ്റത്തെ മെറ്റിലില്‍ വിരിച്ചുണക്കിയ വസ്ത്രങ്ങള്‍ അകത്തു കൊണ്ടുപോയി മടക്കിക്കൊണ്ടിരിക്കെ

''ആ നനവുകള്‍ ഇപ്പോഴും അവിടെയുണ്ടാകുമോ'' എന്നാകുലപ്പെടുന്നു. ഓരോ ദിവസവും ഇല്ലാതായിക്കൊണ്ടിരിക്കുന്ന സ്വന്തം വാഴ്വിന്റെ അദൃശ്യമാവല്‍ ആധിയോടെ തിരിച്ചറിയുന്നു..

പുതുതായിപ്പിറന്ന നഗരത്തിനും പ്രാചീനമായ കാടുകള്‍ക്കും നടുവില്‍ രൂപാന്തരങ്ങള്‍ക്കു കാക്കുന്ന മൂന്നാമിടമാണു ജോസഫിന്റെ കവിതയുടെ ദേശം. മരങ്ങള്‍ക്കിടയില്‍, തോടിനും വയലുകള്‍ക്കുമതിരില്‍, കല്ലും മുള്ളും കിളിയൊച്ചകളും തണലും വിശപ്പും മൗനവും സങ്കടവും ആനന്ദവും ഓര്‍മ്മയും നിറഞ്ഞ നടവഴികളിലൂടെ അയാളുടെ കറുത്ത ബുദ്ധന്‍ യാത്ര ചെയ്യുന്നു. വാക്കുകള്‍ക്കു പുറത്തെ, മനുഷ്യര്‍ക്കു പുറത്തെ, മലയാളത്തിനു പുറത്തെ ഒരു ജീവകാലത്തെ കൊത്തുന്നു.


' കുളക്കരെ ഏറെക്കാത്താലൊരു
 മീന്‍ പൊങ്ങിച്ചാടുന്നതു കാണാം.'

 

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!