ഇടനേരം നമ്മള്‍ ഇവിടെയാണ്

By Vaakkulsavam Literary Fest  |  First Published Mar 3, 2020, 1:51 PM IST

കവി എം പി പ്രതീഷ് എഴുതുന്ന 'കവിതയുടെ ഇടങ്ങള്‍ പരമ്പര രണ്ടാം ഭാഗം. കെ സി മഹേഷിന്റെ കവിതയിലെ സവിശേഷമായ ഇടങ്ങള്‍.


തിരശ്ചീനവും ലംബവുമായി ഒരിടത്തും നിന്നുപോവാത്ത വിചാരത്തിന്റെ, സങ്കല്‍പ്പത്തിന്റെ അനക്കം മഹേഷിന്റെ കവിതയുടെയാകെയും മിടിപ്പാണ്. അത് ഒരു നൂല്‍ക്കെട്ട് പണിപ്പെട്ട് അഴിച്ച് നിവര്‍ത്തി നീട്ടി വെക്കുന്നു. പിന്നെയും ഊരാക്കുടുക്കുകളിട്ട് മുറുക്കി കെട്ടുന്നു. ലോകത്തിന്റെ വീട്ടുമുറ്റത്ത് ഏകാകിയായി അയാള്‍ നൂലുകള്‍ക്കിടയില്‍ അയഞ്ഞും മുറുകിയും കഴിയുന്നു. സമയം ആ വിരലറ്റത്ത് നില്‍പ്പാണ്. അതിനിടെ അയാള്‍ പലവട്ടം ജനിക്കുകയും മരിക്കുകയും ചെയ്തിരിക്കുന്നു. 

 

Latest Videos

undefined


 

 

'അടയിരുന്ന ഒരു കിളിയെ പോലെയാണ് രാത്രി
ഞാന്‍ രാത്രിക്കുള്ളിലും
പിന്നെയുമുള്ളില്‍ നിന്നാണ് ഞാന്‍ വിരിയുന്നത് '


യഥാര്‍ത്ഥമോ അയഥാര്‍ത്ഥമോ എന്ന് ഉറപ്പിക്കാനാവാത്ത ഒരിടത്തിരുന്ന്, കാണുന്നതിനേയും കാണാത്തതിനേയും സ്പര്‍ശിച്ച് ഉറങ്ങാതിരുന്ന് ഉറങ്ങിപ്പോവുന്ന പൂച്ചയെപ്പോലെ കെ.സി.മഹേഷിന്റെ കവിത ആ മതിലിലൂടെ നടന്ന് വന്ന് ഇവിടെ ചുരുണ്ടു കിടക്കുന്നു. ആ മതിലിനപ്പുറമെന്തായിരിക്കും? എന്തെങ്കിലുമുണ്ടായിരിക്കുമെന്ന് എങ്ങനെ പറയും? ആ വഴി അവിടെ വച്ച് തീര്‍ന്നു പോയാല്‍ നിങ്ങള്‍ താഴോട്ടോ മേലോട്ടോ വീണുപോവുമോ? ആ വീഴ്ചയാകുമോ മരണം? മരണത്തെ എങ്ങനെയാണ് ഓര്‍മിക്കുക?

 

'കണ്ണു കൊണ്ട്
കാണാത്ത കാഴ്ചയാണ് ഓര്‍മ'

 

ഈ ഭൂമി ഉള്ളതോ തോന്നലോ എന്ന ആധിയാണ് , അതിന്റെ അറ്റമില്ലാപ്പെരുക്കമാണ് മഹേഷിന്റെ കവിതയുടെ ദേഹവും ബോധവും.

 

'ഉരുണ്ട ഭൂമിയെ ഭയന്ന്
വീടിന്റെ ചുറ്റുവട്ടത്ത് മാത്രം
ഞാന്‍ നടന്നു വലുതായി '

 

നില്‍ക്കാന്‍ നിരപ്പായൊരിടം വേണം. അച്ഛന്‍ സൈക്കിളുരുട്ടി നടന്നു മറയുന്നത് ഉരുണ്ട ഭൂമിയുടെ ചെരിവിലൂടെയാണ്. എന്നിട്ടും അച്ഛന്‍ മടങ്ങി വന്നു. വീണുപോവാതെ. പൊന്തിപ്പോവാതെ. ഭൂമിക്ക് താഴെക്കൂടി നടന്നു പോവുന്ന ഒരാളിന്റെ വീഴ്ചയെപ്പറ്റിയുള്ള അറിവുതന്നെ മറ്റൊന്നായിരിക്കും. അയാളൊരിക്കലും വീണു പോവില്ല. ഗുരുത്വാകര്‍ഷണത്തിനും ഭാഷയ്ക്കും നേരെയുള്ള വിചാരങ്ങള്‍ക്കും പുറത്തേക്ക് ഒരാള്‍ പൊന്തിപ്പോവുകയാണ്. താഴെയോ മീതെയോ അല്ലാത്ത ഒരു മൂന്നാമിടത്ത് ചവുട്ടി നില്‍പ്പാണയാള്‍.

അയാളുടെ ആകാശം താഴെ. മണ്ണ് മീതെ. അയാള്‍ക്ക് പരന്ന ഭൂമി. നടന്ന് അറ്റമെത്തി താഴേക്ക് അയാള്‍ വീണു പോവുന്നു.

 

'കാണാത്ത ദൂരത്ത്
കാത്തു നില്‍ക്കുന്ന ദൂരം'

 

ദൂരം വഴിയുടെ ഏതോ ഒരു തുമ്പില്‍ തരിയായി വന്നു നില്‍ക്കുന്നു. സമയവും സ്ഥലവും പരസ്പരം കലര്‍ന്ന് വേര്‍പെട്ട് നില്‍ക്കാനിടമില്ലാതെയാവുന്നു. പിറവിയുടെ അപ്പുറവും മരണത്തിന് ഇപ്പുറവും നിന്ന് അയാള്‍ ലോകത്തെ സ്വരുക്കൂട്ടുന്നു.

 

'ഒരു സ്ഥായിയായ അമ്പരപ്പ് എന്നെ അപ്പുറത്തിനുമപ്പുറത്തേക്ക്
കടത്തിക്കൊണ്ടു പോയി '

 

തുടക്കവും ഒടുക്കവും കണ്ടുപിടിക്കാനാവാത്ത ഒരു സര്‍പ്പത്തിനുള്ളിലൂടെ ചലിച്ചുകൊണ്ടിരിക്കയാണയാള്‍. ഈ തിരച്ചില്‍, കണ്ടുപിടിക്കാനാവായ്ക , വീര്‍പ്പുമുട്ടല്‍ അയാളെ മലര്‍ന്നു കിടക്കുന്ന ഒരു മീനാക്കി മാറ്റുന്നു. അത് കരയില്‍ കിടന്നു പിടയുന്നത് നോക്കി നില്‍ക്കുന്ന ഒരു കുട്ടിയാക്കുന്നു.

 

'ആഴത്തിലങ്ങനെ
എനിക്കകത്തൊരു കിണര്‍ കുഴിഞ്ഞു
ഭയം കാണും വരെ
താനെ അത് കുഴിഞ്ഞു'

 

തിരശ്ചീനവും ലംബവുമായി ഒരിടത്തും നിന്നുപോവാത്ത വിചാരത്തിന്റെ, സങ്കല്‍പ്പത്തിന്റെ അനക്കം മഹേഷിന്റെ കവിതയുടെയാകെയും മിടിപ്പാണ്. അത് ഒരു നൂല്‍ക്കെട്ട് പണിപ്പെട്ട് അഴിച്ച് നിവര്‍ത്തി നീട്ടി വെക്കുന്നു. പിന്നെയും ഊരാക്കുടുക്കുകളിട്ട് മുറുക്കി കെട്ടുന്നു. ലോകത്തിന്റെ വീട്ടുമുറ്റത്ത് ഏകാകിയായി അയാള്‍ നൂലുകള്‍ക്കിടയില്‍ അയഞ്ഞും മുറുകിയും കഴിയുന്നു. സമയം ആ വിരലറ്റത്ത് നില്‍പ്പാണ്. അതിനിടെ അയാള്‍ പലവട്ടം ജനിക്കുകയും മരിക്കുകയും ചെയ്തിരിക്കുന്നു. 

 

ആദ്യ ഭാഗം:

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!