വാക്കുല്‍സവത്തില്‍ ഇന്ന് ശിവകുമാര്‍ അമ്പലപ്പുഴയുടെ അഞ്ച് കവിതകള്‍
പണിയറിയാവുന്നൊരു വാക്കിന്റെ തച്ചന്‍ പില്‍ക്കാലങ്ങള്‍ക്കായി പണിതുവെയ്ക്കുന്ന ശില്‍പ്പങ്ങളുടെ സവിശേഷചാരുതയാണ് ശിവകുമാര്‍ അമ്പലപ്പുഴയുടെ കവിതകള്‍ക്ക്. അത്ര കൃത്യം. അത്ര സൂക്ഷ്മം. അരികുകളില്‍, അറ്റുപോവുന്നത്ര മൂര്‍ച്ച. ഓരോ വായനയ്ക്കും പലതാവുന്ന കവിതയുടെ ആകാശക്കാറുകള്‍. കാടും പടലും കളഞ്ഞ വാക്കിന്റെ ശില്‍പ്പഭദ്രത കവിതയുടെ ഉടല്‍ പിന്നെയും കൂര്‍പ്പിച്ചുവെയ്ക്കുന്നു. അതില്‍ കണ്ണുവെയ്ക്കുമ്പോള്‍, വായനയില്‍ സാദ്ധ്യതകളുടെ പല വഴികള്‍ തുറക്കുന്നു. ഒരൊറ്റ ബിന്ദുവില്‍നിന്നും പലകാലങ്ങള്‍ ഇരമ്പുന്നു. ചേര്‍നിലങ്ങളില്‍നിന്ന് അനുഭവങ്ങള്‍ മുളപൊട്ടുന്നു. കടലും കായലും പിണയുന്ന രാനിലാവിന്റെ നിശ്ശബ്ദത തെഴുക്കുന്നു. നാട്ടുപാട്ടിന്റെ, പാടവരമ്പിന്റെ, വിയര്‍പ്പുമെഴുകിയ ഉടലുകളുടെ, സ്വപ്‌നം പെരുക്കുന്ന താളങ്ങളുടെ ശ്വാസവേഗങ്ങള്‍ നിറഞ്ഞുതുളുമ്പുന്നു.
'പുഴയാണ് കവി. കവിക്കൊരു േദശമില്ല. ഒഴുകുന്ന വഴികളൊക്കെ ദേശമാകുന്നു. മുമ്പുപയോഗിക്കാത്ത ഭാഷയും ആ ഭാഷയുടേതു മാത്രമായ ഒരു ദേശവും കവി സൃഷ്ടിക്കണം.' എന്ന് സ്വന്തം കവിതയ്ക്ക് മുഖവുര എഴുതിയ ശിവകുമാറിന്റെ കവിതയില്‍ പല ദേശങ്ങള്‍ അടിവേരാഴ്ത്തിയിരിക്കുന്നു. നാടും നഗരവും മുഖാമുഖം നില്‍ക്കുന്നു. തെരുവും വിജനതയും കൈകോര്‍ത്തുനടക്കുന്നു. പഴയതും പുതിയതുമായ കാലങ്ങള്‍ ഒരിക്കലും ചേരാനാവാത്ത സാദ്ധ്യതകളിലേക്ക് കൊരുത്തിടപ്പെട്ടിരിക്കുന്നു. പുതുകാലത്തിനം പാരമ്പര്യത്തിനും ഒന്നിച്ചൊരു പൊറുതി സാദ്ധ്യമാവുന്നു. നാമജപവും തെറിയും ചൊറിച്ചുമല്ലലും നാട്ടുമൊഴിയും തുള്ളല്‍പ്പാട്ടും തോറ്റങ്ങളുമെല്ലാം അടരടരുകളായി ഇളകിയാര്‍ക്കുന്നു. വരികള്‍ക്കിടയില്‍, കവിതയുടെ ഉള്ളു തൊട്ടൊരാള്‍ ലോകം കാണുന്നു. ആ നോട്ടത്തില്‍ അനുകമ്പയും സങ്കടവും ആനന്ദവും രൂക്ഷപരിഹാസവും നിസ്സംഗതയും കറുകറുത്ത നര്‍മ്മവും പൊലിക്കുന്നു.
undefined
....................................
Read more: എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
....................................
പനിക്കൂര്‍ക്ക
മഴ തുടംപെയ്തിറങ്ങവേ
കുടയുടെ ലഹരി
കുടയെഴാതെ നില്‍ക്കെ
പിടയുമൊരു തുള്ളി
പുതുമഴ പ്രിയതരം
പനി തരും
ജ്വരമാപിനിയില്‍ രസം
ഉയരുമുടല്‍ച്ചൂടുമൊപ്പം
രോമകൂപങ്ങളില്‍
പനി കുളിരുമ്പോള്‍
തോരാതെ പൊള്ളുന്ന
സൗഹൃദം
ചില്ലുകുഴലില്‍ തിരികെ
അമരുവാനാകാതെ നില്‍ക്കും
അതിഥികളൊഴിഞ്ഞ
പനിയറ
ജനല്‍ച്ചില്ലിലൊരു
മിഴിത്തുള്ളി
പൊള്ളും കിടക്കയില്‍
പാതിബോധം
പുലമ്പുന്നു മഴ മഴ
പൊട്ടിത്തുറക്കുന്ന വിണ്ണ്
ഞെട്ടിത്തരിക്കുന്ന മണ്ണ്
വെള്ളിനൂലിഴയരഞ്ഞാണം
അഴിഞ്ഞാലക്തികാനന്ദ സംഗമം
മാനത്തു മാര്‍ചേര്‍ത്ത കനിവില്ല
ദൂരങ്ങളെത്തിച്ച കാറ്റില്ല
വെയില്‍ തന്ന വര്‍ണ്ണവില്‍
വടിവുമില്ലെങ്കിലെന്ത്
നിന്‍ വരവിന്റെ
മണ്‍ മണം തരുക
ഇല്ലാത്ത വഴികള്‍
ചമച്ചു നീയൊഴുകുന്ന
ചാലിലെപ്പച്ചപ്പ് തരുക
താഴെത്തടങ്ങളില്‍
ചേറാര്‍ന്ന വഴികളില്‍
ചേര്‍ന്ന പാഴ്പ്പൂ തരുക
മാനം വെടിഞ്ഞെന്റെ
മണ്ണിലേയ്ക്കാഴുക
തുണയ്‌ക്കെന്‍ പനി വരും
പനിയിലെന്‍ ശ്വാസം
ഉടലിന്റെയുഷ്ണം
അതില്‍ നിന്ന്
മുള കുത്തും
പനിക്കൂര്‍ക്ക
....................................
Read more: ആട്ടക്കഥ, എസ് കലേഷിന്റെ കവിത
....................................
പഴനീരാണ്ടി
കാല്‍നഖങ്ങളാകാശത്തിലാഴ്ത്തി
കൈകള്‍ മണ്ണിലേക്ക് നീട്ടി
ഇവിടെ ഞാനുണ്ട്
തലകീഴെങ്കിലങ്ങനെ
പശുവല്ല പക്ഷിയല്ല
പാതിയായ പടപ്പിത്
പാടിയാരുമുറക്കേണ്ട
കൂടുകെട്ടി വളര്‍ത്തേണ്ട
കാലമടര്‍ന്ന മുള്ളിലവില്‍
നാളേയ്ക്കു നീണ്ട
നാണം പൊഴിഞ്ഞ നടുക്കൊമ്പില്‍
എനിക്കു തൊട്ടില്‍ ഞാന്‍ തന്നെ
എനിക്കു ചിറകും ഞാന്‍ തന്നെ
കടുക്കും കാഞ്ഞിരക്കാ
ചവര്‍ക്കും തേങ്കൊട്ട താന്നി
ചതിക്കും ചേര്‍ക്കാ കടുക്ക
ചുവയ്ക്കും ചെമ്പുന്ന
മലങ്കാര കുരുട്ടുനെല്ലി
കറ കശര്‍ക്കും മരോട്ടിക്കാ
കനലകാരയനി ഞാറ
നുരയുമാരമ്പുളി
മനം മയക്കും പനമ്പഴം
വിലക്കപ്പെട്ട കനിയേത്
വിഷം കാത്തുവെച്ചതേത്
പഴുത്തുള്ളതിന്റെയൊക്കെ
ഉള്ളറിഞ്ഞ പഴനീരാണ്ടി
കുലയ്ക്കുന്നത് നിനക്ക്
കുടപ്പന്‍ തേനെനിക്ക്
പഴുത്തിട്ടും പറിക്കാഞ്ഞാല്‍
കരുമ്പാണ്ടിയെനിക്ക്
കണ്ണിലല്ല കാഴ്ച
ഉള്ളുകൊണ്ട് തൊട്ടറിഞ്ഞ
കമ്പനങ്ങളെന്റെ ലോകം
കൂവലില്ല തൂവലില്ല
കായ്കള്‍ തിന്നു വിത്തെറിഞ്ഞ
കാവില്‍ നിന്നുറന്ന പാട്ട്
പാഴടഞ്ഞ പഴംകെട്ടില്‍
പാതിരാക്കോഴിയും പുള്ളും
കാടനും കറുത്ത പൂച്ചയും
പാടും പിശാചും യക്ഷിയും
പ്രേതങ്ങള്‍ക്ക് കൂട്ട്
വേരുള്ള കാലം മുള്‍മരത്തില്‍
തലകീഴ്ഞാന്ന് വേതാളമായ്
കഥചൊല്ലി ഞാനുണ്ടാവും
പകലും രാവുമില്ലാത്ത
പക്ഷിപാതാളത്തില്‍ നിന്നെന്‍
ചിറകൊച്ച കേള്‍ക്കുമോരോ
പഴവും കാലമായാല്‍
....................................
Read more: പതിനെട്ടാമത് വയസ്സ്, ആശാലത എഴുതിയ കവിതകള്‍
....................................
പാവലേ എന്‍ പാവലേ
പാവനം ഒരു പാവലം
പടിഞ്ഞാറേ ജനാലയ്ക്കല്‍
മുളച്ചപ്പൊഴേ തൂങ്ങാന്‍
വിധിച്ചല്ലോ കയര്‍പ്പന്തല്‍
തടംകോരിത്തടുത്തുള്ള
പടര്‍പ്പും പൂപ്പടപ്പും
ഇടയ്ക്കല്ലോ കണ്ണുകിട്ടി
കിടക്കുന്നൂ ഞാന്നൊരുത്തി
പച്ചയീര്‍ക്കില്‍ക്കോര്‍മ്പലിന്മേല്‍
ചോരയിറ്റും പരല്‍ പോലെ
പഴുത്താരും പറിക്കാതെ
പിഴപ്പാഴായ് പിറന്നോളോ
അടര്‍ന്നേപോയ് കീഴ്പ്പാതി
അടര്‍മണ്ണില്‍ മുളച്ചേക്കാം
കിളിക്കൂട്ടം കാര്‍ന്ന ബാക്കി
കിളിര്‍ഞെട്ടില്‍ തങ്ങിനില്‍പ്പൂ
മുളയ്കാത്തെ പിളര്‍നെഞ്ചില്‍
മിടിയ്ക്കാതെ തുടിക്കുന്നോ
വിത്തരി ചെഞ്ചെമപ്പിന്റെ
ഹൃത്തിലൂറും സത്യമായി
പുഴുക്കുത്തില്‍ അഴുത്തിട്ടും
അട്ടുവീഴാന്‍ മടിച്ചല്ലോ
ഉറ്റുനോക്കുന്നാകാശം
ഇറ്റുതണ്ണീരൊട്ടു മണ്ണ്
പടര്‍ന്നോളാനൂന്നു തന്ന
കരുത്തില്‍ നീ കൊരുത്തോളൂ
പശിക്കെന്ത് പരബ്രഹ്മം
കശര്‍പ്പല്ലോ കര്‍മ്മപുണ്യം
പാവലിന്നോ പാതിവ്രത്യം
പാകമായാല്‍ വെച്ചുതിന്നാം
പാവമാമൊരു പാവലല്ലേ
പാപമില്ലാപ്പാവലല്ലേ
പാവലേ എന്‍ പാവലേ
....................................
Read more: ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
....................................
ട്രിക്ട്രിക് ട്രൂയിട്രൂ....യിറ്റ്
കുത്തിച്ചുട് കുത്തിച്ചുടെന്ന്
കാലങ്കോഴീടെ വിളിയില്‍
ഉറക്കം കെട്ടവന്‍
ഉറങ്ങുന്ന പെണ്ണിനെയും
മക്കളെയുമുണര്‍ത്താതെ
മേശവിളക്കിന്‍ ചോട്ടില്‍
അറിയാത്ത ജന്തുലോകം എന്ന
പുസ്തകം വായിച്ചു
ചിത്രത്താളോരോന്നവന്‍
മറിച്ചു മണത്തു
പിന്നെ
കാലൊച്ചയില്ലാതെ
കട്ടിളപ്പടി താണ്ടി
തൊടിയിലങ്ങിങ്ങുലാത്തി
ആഞ്ഞിലിമരത്തിന്മേല്‍
ഉടലുരസി ചൂര് വെച്ചു
അതിരിലെ മരുതിന്‍തോലില്‍
നഖങ്ങളാല്‍ പോറി
പിന്‍കാല്‍ പൊക്കി നാലതിരിലും
മൂത്രമിറ്റി നാറ്റിച്ചു
പൊത്തിപ്പിടിച്ചേറിയിരുള്‍മരത്തില്‍
രണ്ട് പച്ചത്തിളക്കമായ്
പതുങ്ങുന്നു കാവലായ്
ചിണുങ്ങിക്കരഞ്ഞത്
ജനല്‍പ്പാളിയോ മക്കളോ
ഞെട്ടിയുറക്കം മുറിഞ്ഞമ്മ
കാത്തിരിപ്പാണ് മേശമേലപ്പൊഴും
പാതിക്ക് നിര്‍ത്തിയ ജന്തുലോകം
വായിക്കയാണവള്‍
: അടയിരിക്കുന്ന കൂടിനരികില്‍ ശത്രുക്കളെത്തിയാല്‍ ആറ്റുമണല്‍ക്കോഴി പതുങ്ങിയെഴുന്നേറ്റ് ഓട്ടം തുടങ്ങും. കുറെയകലെയെത്തി നിന്ന് മാറിടം പൊക്കി പലവട്ടം ഉടലുയര്‍ത്തിയും താഴ്ത്തിയും ട്രിക്ട്രിക് ട്രൂയിട്രൂ....യിറ്റ് എന്ന് ചൂളം വിളിക്കും. പിന്നാലെ പോകുന്തോറും ഓട്ടത്തിന് വേഗം കൂട്ടി കൂടുള്ളയിടത്തുനിന്ന് ശത്രുവിനെ അകലെയെത്തിച്ച് പെട്ടെന്ന് അപ്രത്യക്ഷയാകും :
ഇപ്പോഴവള്‍ മുടിയില്‍
തവിട്ടുചായം പുരട്ടുകയാണ്
കണ്ണുകള്‍ക്കു ചുറ്റും മഞ്ഞവളയങ്ങള്‍
കാല്‍നഖങ്ങളില്‍ പച്ച നെയില്‍പോളീഷ്
നെറ്റിയില്‍ കറുത്തപൊട്ടുമണിഞ്ഞ്
നിലക്കണ്ണാടിക്ക് മുന്നില്‍
മാറിടം പൊക്കിപ്പിടിച്ച്
ഉടലുയര്‍ത്തിയും താഴ്ത്തിയും
ചുവടുകള്‍ ശീലിക്കുന്നതിനിടെ
ചുണ്ടുകള്‍ കൂര്‍പ്പിച്ച്
ചൂളംവിളിക്കാനും ശ്രമിക്കുന്നുണ്ട്
ട്രിക്ട്രിക് ട്രൂയിട്രൂ....യിറ്റ്
....................................
Read more: ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍
....................................
കെ എല്‍ 21 ബി 2277
തോരാതെ തുരുതുരാ
പായുന്നു വണ്ടികള്‍
പച്ചയും ചുവപ്പും കാവിയും
പട്ടികള്‍ക്കൊരുപോലെയെന്ന്
നടുക്കവലയില്‍ സീബ്രാലൈനില്‍
കാത്തുനില്‍ക്കുന്നൊരു
വെളുത്ത പട്ടിയും കറുത്ത കുട്ടിയും
എട്ടരയുടെ ഫ്‌ലൈറ്റുമായൊരു
കൂട്ടിയിടിയൊഴിവാകാന്‍
മാനത്ത് നടുക്കാറ്റില്‍ തങ്ങിനിന്ന്
വട്ടമിടുന്നൊരു പരുന്ത്
അതേ ഫ്‌ലൈറ്റില്‍ വരുമൊരാളെ
സ്വീകരിക്കാന്‍ പോകുന്ന
കെ എല്‍ 21ബി 2277 ടാക്‌സി
പട്ടിക്കും കുഞ്ഞിനും കടന്നുപോകാന്‍
ബ്രേക്കിട്ടുനിര്‍ത്തുന്നു
സൈറണ്‍ മുഴക്കി
പാഞ്ഞുവന്നൊരു ആംബുലന്‍സ്
പകച്ചുനിന്ന പട്ടിക്കുട്ടിയെ
തലനാരിഴയ്ക്ക് കടന്നുപോയി
നിശ്ചലമെന്നോണം പരുന്തിപ്പോഴും
നടുക്കാറ്റില്‍ തങ്ങിനില്‍ക്കുന്നു
വെളുത്ത പട്ടിയും കറുത്ത കുട്ടിയും
റോഡിനപ്പുറത്തെ ഹോട്ടലിന്റെ പിന്നാമ്പുറത്ത്
കിട്ടിയതെന്തോ കടിച്ചുവലിക്കുന്നു
വിമാനമിറങ്ങിയവന്റെ ടാക്‌സി
വീടെന്ന് ആക്രാന്തത്തിലേക്ക് കുതിക്കുന്നു
പരുന്തിപ്പോഴും നടുക്കാറ്റില്‍ തങ്ങിനില്‍ക്കുന്നു
അങ്ങോട്ടുപോയ രോഗിയുടെ ജഡവുമായി
ആംബുലന്‍സ് നിലവിളിച്ചു മടങ്ങുന്നു
തിരികെ റെയില്‍വേയാര്‍ഡിലേക്ക് പോകാന്‍
സീബ്രാലൈനില്‍ കാത്തുനില്‍ക്കുന്നു
വെളുത്ത പട്ടിയും കറുത്ത കുട്ടിയും
പാഞ്ഞുവരുന്ന ആംബുലന്‍സിന്
കടന്നുപോകാന്‍ വെട്ടിത്തിരിഞ്ഞ
കെ എല്‍ 21ബി 2277ന്റെ
പിന്‍ ചക്രത്തിനടിയില്‍
വെളുത്തപട്ടിയുടെ ഒടുക്കത്തെ പിടച്ചില്‍
ഇപ്പോള്‍ പരുന്ത് വീണ്ടും
വട്ടമിട്ടുവട്ടമിട്ട്
ഉയരെയുയരെ പറക്കുന്നു
എട്ടരയുടെ ഫ്‌ലൈറ്റുമായി കൂട്ടിയിടിക്കുന്നു
കത്തിയമരുന്ന വിമാനത്തിന്റെ
പുകച്ചുരുളുകള്‍ ആകാശത്തേക്കുയരുന്നു
നടുക്കവലയില്‍ ആംബുലന്‍സുകളുടെ
നിലയ്ക്കാത്ത സൈറണ്‍വിളി
ഇപ്പോള്‍ കറുത്ത ദേഹത്ത്
വെളുത്ത സീബ്രാവരകളുള്ള ഒരു പട്ടി
നടുക്കവലയില്‍ നില്‍ക്കുന്നു
ആളുകളെ നിരത്ത് മുറിച്ച് കടത്തുന്നു
കാറ്റില്‍ അലയുന്നുണ്ട്
കത്തിക്കരിഞ്ഞ തൂവലുകളുടെ മണം
....................................
Read more: ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍
....................................
മുയല്‍രോമം കൊണ്ടുളള ബ്രഷ്
മുയല്‍രോമത്തിന്റെ ബ്രഷ് കൊണ്ടാണ്
വരച്ചുകൊണ്ടിരിക്കുന്നത്
എന്റെ വളര്‍ത്തുമുയലാകട്ടെ
ഇണയിലാണ്
കാറ്റിന്റെ ചില്ലുകളുടക്കി
പിഞ്ഞിപ്പറക്കുന്ന ചേലയ്ക്ക്
നിറം കൊടുക്കുകയാണ്
മുയല്‍രോമത്തിന്റെ ബ്രഷ്
മൂക്കുവിറപ്പിക്കുന്ന വളര്‍ത്തുമുയലിന്റെ
ശ്വാസവേഗം കേള്‍ക്കാമിപ്പോള്‍
ജ്യൂസ്‌കടയിലെ ഓറഞ്ചുതൊണ്ടുകൂമ്പാരത്തിന്
ചുവപ്പും മഞ്ഞയും ചേര്‍ത്തുകുഴച്ചു
പുല്‍ത്തൊട്ടിയിലെ മുയലിന്റെ
കുറ്റിവാല്‍ കിതയ്ക്കുന്നുണ്ട്
വരയ്‌ക്കേണ്ടതിനി
ഒരാമയൊരുമുയല്‍
ഒരാനയൊരുസിംഹം
ആമയുടെ കണ്ണിനും
മുയലിന്റെ കാതിനും
ആനയുടെ തുമ്പിക്കൈയ്ക്കും
സിംഹത്തിന്റെ കൂര്‍മ്പല്ലിനും
ചായം കൂട്ടവേ
ഇണയെ വിട്ട് വളര്‍ത്തുമുയല്‍
ഈസല്‍ മറിച്ചിട്ട്
ചിത്രത്തിനുമേല്‍ പറ്റിക്കിടന്നു
ആമയോടോടിത്തോറ്റതും
സിംഹത്തെ കിണറ്റില്‍ ചാടിച്ചതും
ആനപ്പുറത്തേറിയതുമായ
കഥകള്‍ പറഞ്ഞുകൊണ്ട്
കുറേക്കൂടി പറ്റിച്ചേര്‍ന്ന്
വളര്‍ത്തുമുയല്‍
ചിത്രത്തിലെ മുയലിനെ മറച്ചു
മുയല്‍രോമം കൊണ്ടുളള ബ്രഷ് കൂര്‍പ്പിച്ച്
ഏതെല്ലാമോ നിറങ്ങള്‍ മുക്കി
ചായമടിക്കുകയാണ് ഞാനിപ്പോള്‍
പുല്‍ത്തൊട്ടിയിലെ
ഇണമുയലിന്
..........................................................
വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം