വാക്കുല്‍സവത്തില്‍ ഇന്ന് വിഷ്ണുപ്രസാദിന്റെ ആറ് കവിതകള്‍.
'മരിച്ചിട്ടും മരിക്കാത്ത കവികളുടെ അദൃശ്യ ഭൂഖണ്ഡത്തിലേക്ക് അയാള്‍ നടന്നടുക്കുന്നത് ആര്‍ക്ക് തടുക്കാനാവും?' എന്നൊരു ചോദ്യത്തിലാണ് വിഷ്ണുപ്രസാദ് എഴുതിയ 'കവി പുറത്താക്കപ്പെട്ടവനാണ്' എന്ന കവിത അവസാനിക്കുന്നത്. 'സുഹൃത്തുക്കള്‍ക്ക് കോമാളിയും ബന്ധുക്കള്‍ക്ക് കുപ്പ'യുമായിരിക്കെ, തൃപ്തിയുടെ ഒരു ഗ്രന്ഥി ഛേദിച്ചു കളഞ്ഞ് ഭൂമിയിലേക്ക് പറഞ്ഞയക്കപ്പെട്ട' കവികളുടെ ഏകാന്തവഴികള്‍ വരഞ്ഞുവെയ്ക്കുന്നു, ആ കവിത. കവിതയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മനുഷ്യന് കൊടുക്കേണ്ടി വരുന്ന നിരന്തര സമരങ്ങളുടെ വിലയാണ് ആ അദൃശ്യ ഭൂഖണ്ഡം. സ്വന്തം ഇടം കണ്ടെത്താന്‍ ഒരു കവി നല്‍കേണ്ട വില. അവഗണനകളെയും തിരസ്‌കാരങ്ങളെയും പ്രതിഭ കൊണ്ടും പ്രയത്നം കൊണ്ടും മറികടന്ന് വിഷ്ണുപ്രസാദ് സ്വയം വഴിവെട്ടിയുണ്ടാക്കിയത് ആ ഇടമാണ്. പ്രമുഖ ആനുകാലികങ്ങള്‍ കണ്ടില്ലെന്നുനടിച്ച കവിതയെ ബ്ലോഗിന്റെയും ഫേസ്ബുക്കിന്റെയും എഡിറ്റര്‍ വേണ്ടാത്ത സമാന്തരപാതകളിലൂടെ നടത്തി ഈ മനുഷ്യന്‍ വായനക്കാരിലെത്തിച്ചു. മാധ്യമ ഇടങ്ങള്‍ക്കു പുറത്ത്, ആര്‍ക്കും അവഗണിക്കാനാവാത്ത വിധം വായനക്കാരില്‍ പടര്‍ന്ന വളര്‍ന്ന ആ കവിത പുതിയ മലയാള കവിതയുടെ ഏറ്റവും കരുത്തുറ്റ മുഖമായി ഇന്ന് തിരിച്ചറിയപ്പെടുന്നു.
അടിമുടി കവിയാണ് വിഷ്ണുപ്രസാദ്. ചിന്തയിലും സ്വപ്നത്തിലും ശ്വാസത്തിലും രക്തത്തിലും കവിതയുള്ള ഒരാള്‍. അത്തരമൊരാള്‍ക്ക് സ്വാഭാവികമായി എത്തിപ്പെടാനാവുന്ന ഭാവനയുടെ തുളുമ്പല്‍ ആ കവിതകളില്‍ ദൃശ്യമാണ്. ഒന്നിനൊന്ന് വ്യത്യസ്തമാണ് അവ. പ്രമേയസ്വീകരണത്തിലും ആഖ്യാനത്തിലും രചനാചാതുരിയിലും താളബോധത്തിലും അവയോരോന്നും ഒറ്റയ്ക്ക് വേറിട്ടുനില്‍ക്കുന്നു. ആരുമാലോചിക്കാത്ത വഴികളില്‍നിന്ന് ആ പ്രമേയങ്ങള്‍ പിറക്കുന്നു. അതിസാധാരണമായ പ്രമേയങ്ങളെ പോലും അസാധാരണമായ തലങ്ങളിലേക്ക് വളര്‍ത്തുന്നു. വാക്കുകളുടെ ഉന്‍മാദങ്ങളും കൊടുങ്കാറ്റുകളും തീര്‍ക്കുന്നു. അകത്തെത്തുന്ന വായനക്കാരെ ഈ കവിതകള്‍ വരികള്‍ക്കു പിന്നാലെ വിടാതെ നടത്തുന്നു. അപ്രതീക്ഷിതമായ വളവുതിരിവുകളാല്‍ അമ്പരപ്പിക്കുന്നു. ഉള്ളിലെ നിശ്ചല ജലാശയങ്ങളെ ഇളക്കിമറിക്കുന്ന വായനാനുഭവമാക്കി മാറ്റുന്നു. തികച്ചും ജൈവികമായ ഒരാവാസ വ്യവസ്ഥയിലാണ് ഈ കവിതകള്‍ തെഴുത്തുപടരുന്നത്. എല്ലാ ബഹളങ്ങള്‍ക്കുമിടയിലും കൊടുംഏകാന്തതയില്‍ ഉറഞ്ഞുപോയ ഒരാള്‍ വാക്കുകളെ ചൂണ്ടയിട്ടുപിടിക്കുന്നതുപോലുള്ള ഒരനുഭവം. എന്നാല്‍, കവി ഏകാന്തതയുടെ ഒറ്റത്തുരുത്തിലല്ല പൊറുതി. ചുറ്റുപാടും സംഭവിക്കുന്ന കാര്യങ്ങളെ അയാള്‍ സൂക്ഷ്മമായി, ആഴത്തില്‍ അറിയുന്നു, ധീരമായി നേരിടുന്നു. രാഷ്ട്രീയമായ കടലിളക്കങ്ങളെ അസാധാരണമായ ഉള്‍ക്കാഴ്ചയോടെ പിടിച്ചെടുക്കുന്നു. സമവായങ്ങളുടെയും പ്രായോഗികതയുടെയും
കാലത്ത് നിര്‍ഭയം നേരുകള്‍ വിളിച്ചുപറയുന്നു. ലൈംഗികതയെയും മനുഷ്യബന്ധങ്ങളിലെ അസംബന്ധങ്ങളെയുമെല്ലാം തുറന്നു ചര്‍ച്ച ചെയ്യുന്നു. ശബ്ദമില്ലാത്ത നിലവിളികളുടെ ലൗഡ് സ്പീക്കറാവുന്നു.
undefined
കുന്നുകളുടെ ഈ സീ ജി
ആഞ്ഞാഞ്ഞു ശ്വാസം വലിച്ചു
മടിയില്‍ തലവെച്ചു കിടക്കുന്നൂ
അടുത്ത വീട്ടിലെ അമ്മമ്മ;
കോഴിക്കോടിന് പായുമാംബുലന്‍സില്‍.
അടിയേറ്റ തലയില്‍ നിന്ന്
ചോര ചോര്‍ന്ന് നനഞ്ഞ തലമുടി
തോര്‍ത്തുവെച്ചൊപ്പുന്നൂ
മെലിഞ്ഞുണങ്ങിയ വിരലുകളില്‍
ദയവോടെ പിടിച്ച് വിങ്ങുന്നൂ
കഞ്ചാവടിച്ചു ബോധമറ്റോമനപ്പുത്രന്‍
കൈക്കോട്ടിന്‍ തായ കൊണ്ടടിച്ചു തായയെ.
എടുക്കില്ല, എടുക്കില്ല എന്ന് കൈമലര്‍ത്തുന്നൂ
സുല്‍ത്താന്‍ ബത്തേരിയിലാതുരാലയങ്ങള്‍.
കിലോമീറ്റര്‍ നൂറോടി
മെഡിക്കല്‍ കോളേജെത്തണം
ബീനാച്ചി കഴിയുന്നൂ
മീനങ്ങാടി കഴിയുന്നൂ
വേദന സഹിക്കാതമ്മമ്മ
പൊന്തുന്നൂ ,താഴുന്നൂ ...
ആംബുലന്‍സിലിരിക്കും ബന്ധുക്കള്‍
സംഭ്രമിച്ച് ചിന്തിച്ചിരിക്കുന്നു.
നാഡി പിടിച്ചിടയ്ക്കിടെ നോക്കുന്നൂ
അമ്മമ്മ മരിച്ചിട്ടില്ല, മരിക്കില്ല
ആംബുലന്‍സ് വേഗം കൂട്ടുന്നു.
കല്‍പ്പറ്റ കഴിയുമ്പോഴമ്മമ്മ
പ്രാണവേദന കൊണ്ട് കാലുകള്‍
വലിച്ചു നീട്ടുന്നൂ ഞരമ്പുകള്‍
വഴിയിലുള്ളാശുപത്രികളെല്ലാം
കൈ മലര്‍ത്തുന്നൂ
കൈ മലര്‍ത്തുന്നൂ
വൈത്തിരിയെത്തുമ്പോള്‍
നീലാകാശത്തിരയില്‍
കുന്നുകളുടെ ഈസീജി
ജീവനുണ്ടെന്ന് കാട്ടുന്നൂ
കാറ്റിന്‍ നഴ്സ് വന്നു മുത്തി -
പ്പോകുന്നുണ്ടമ്മമ്മയെ
തുടങ്ങുന്നൂ ചുരം
ആംബുലന്‍സ് പോകും റോട്ടില്‍
എഴുന്നേറ്റ് നില്‍ക്കുന്നു മരിച്ചുപോയവര്‍
ആംബുലന്‍സില്‍ മുന്‍പ് പാഞ്ഞവര്‍
ആശുപത്രിയെത്തും മുന്‍പ് മരിച്ചവര്‍
മരിച്ചിടങ്ങളില്‍ത്തന്നെ എഴുന്നേറ്റു നില്‍ക്കുന്നു
ഓരോരോ വളവുകളിലായ്
ജീവന്റെ പക്ഷി പോയവര്‍
ആണുണ്ട്, പെണ്ണുണ്ട്, കുഞ്ഞുണ്ട്
വൃദ്ധരുണ്ടക്കൂട്ടത്തില്‍
ഓരോ വളവിലും മരിച്ച പതിനായിരങ്ങള്‍
എഴുന്നേറ്റു നിന്നു പിറുപിറുക്കുന്നു
വയനാട്ടില്‍ നിന്നു പോകും വഴി
ചികില്‍സ കിട്ടാതെ മരിച്ചു പോയവര്‍
അവരെക്കടന്നു പോകുന്നുണ്ടാംബുലന്‍സ്
അടിവാരമെത്തുന്നുണ്ട്
താമരശ്ശേരിയെത്തുന്നുണ്ട്
കുന്ദമംഗലം കടക്കുന്നുണ്ട്
മരിച്ചിട്ടില്ലമ്മമ്മ മരിക്കരുതമ്മമ്മ
പിടിച്ചു നോക്കുന്നൂ നാഡി
നനയ്ക്കുന്നൂ ചുണ്ടില്‍ വെള്ളം
തുടയ്ക്കുന്നുണ്ടിപ്പോഴും ചുരത്തും ചോര
വഴിയിലെല്ലാം മരിച്ച വയനാടര്‍ നിന്ന്
കൈ നീട്ടുന്നുണ്ടിപ്പൊഴും കരയുന്നുണ്ട്.
കാരന്തൂര്‍ കടക്കുന്നൂ
പെരിയ കേറ്റം കേറി
മെഡിക്കല്‍ കോളേജെത്തുന്നു
അത്യാഹിതവിഭാഗത്തിലേക്ക-
തിവേഗമെത്തിക്കുന്നു.
ഡോക്ടറാവാന്‍ പഠിക്കും കുട്ടികള്‍
ഒരു കര്‍ട്ടനിട്ട് തിരിച്ച ഭാഗത്ത-
മ്മമ്മയെ കിടത്തുന്നു .
മരിച്ചിട്ടില്ലമ്മമ്മ ,മരിക്കരുതമ്മമ്മ
ഈസീജിത്തിരയില്‍ ജീവന്റെ തിര നീങ്ങുന്നു.
ഒരു നിമിഷം
പുറത്തു പോയ് ഞാനകത്തു വീണ്ടുമെത്തുമ്പോള്‍ തിരയില്‍ നേര്‍രേഖ
കാല്‍വിരലുകള്‍ ചേര്‍ത്തു
കെട്ടിക്കിടക്കുന്നമ്മമ്മ.
ഇനിയൊന്നും ചെയ്യാനില്ലെന്ന്
വെളുത്ത വസ്ത്രധാരികള്‍ നടന്നു പോകുന്നു.
മരിക്കരുതമ്മമ്മ മരിക്കരുതമ്മമ്മ
ഞാന്‍ മിടിച്ചു നില്‍ക്കുന്നു
വയനാട്ടില്‍ നിന്ന് വരിവരിയായി
വരുന്നുണ്ടാംബുലന്‍സുകള്‍
ലിംഗരാജ്
ഇന്ദീവരാക്ഷി കവലയുടെ പടിഞ്ഞാറേ അറ്റത്തുള്ള
കമ്പ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരിയാണ്
രാവിലെ പത്തുമണിയോടെ കിഴക്കു നിന്നു പടിഞ്ഞാട്ടും
വൈകിട്ട് നാലുമണിയോടെ പടിഞ്ഞാട്ടു നിന്നു കിഴക്കോട്ടും
അവളീ കവലയിലൂടെ കടന്നു പോവും.
എല്ലാ പെണ്ണുങ്ങളെയും നോക്കുന്നതു പോലെ
ഞാന്‍ ഇന്ദീവരാക്ഷിയേയും നോക്കിയിരുന്നു.
എനിക്കു നോക്കാന്‍ പാകത്തിനാണ് പഞ്ചായത്ത്
ഈ വെയ്റ്റിങ്‌ഷെഡ്ഡ് ഉണ്ടാക്കി വെച്ചിരിക്കുന്നത്.
ഇന്ദീവരാക്ഷി എല്ലാ പെണ്ണുങ്ങളെയും പോലെ
തലകുനിച്ച് ,ഓരോ കാലടിയും എടുത്തുവെക്കുമ്പോള്‍
വെളിപ്പെടുന്ന പുതിയ ഒരടി ദൂരം മാത്രം മുന്നില്‍ കണ്ട്
നടന്നു പോവും...
ആവശ്യമില്ലാത്ത ചോദ്യങ്ങളൊക്കെ
ചോദിക്കുന്ന ശീലമുള്ളതുകൊണ്ട്
ഞാന്‍ ഇന്ദീവരാക്ഷിയോട് ഒരു ചോദ്യം ചോദിച്ചു:
എല്ലാ ഇടത്തരം കവലകളിലെയും പോലെ
ഈ കവലയിലും പെണ്ണുങ്ങള്‍ എന്തുകൊണ്ടാണ്
തലകുനിച്ച്, മുന്നോട്ടുള്ള നടത്തത്തില്‍ വെളിപ്പെട്ടുകിട്ടുന്ന
ഒരടി റോഡിനെ മാത്രം നോക്കി നടന്നു പോവുന്നത്?
ശബ്ദമില്ലാത്ത ചോദ്യമായതുകൊണ്ട്
ഇന്ദീവരാക്ഷി പോയിട്ട് ഇന്ദീവരാക്ഷിയുടെ പട്ടി പോലും
മിണ്ടിയില്ല.
പക്ഷെ വേണ്ടത്ര ഭാവനയുള്ള ഒരുത്തനായതുകൊണ്ട്
ഇന്ദീവരാക്ഷിയുടെ ഒരു ഡ്യൂപ്ലിക്കേറ്റിനെ പടച്ച്
ഞാന്‍ കിഴക്കോട്ടും പടിഞ്ഞാട്ടും നടത്തി.
ഇന്ദീവരാക്ഷി എന്റെ ചോദ്യം കേട്ട്
വെയ്റ്റിങ് ഷെഡ്ഡില്‍ വായില്‍ നോക്കിയിരിക്കുന്ന
എന്നോടു വന്നു പറഞ്ഞു:
എടാ പൊട്ടന്‍ ക്ണാപ്പാ,
ഈ കവല എന്താണെന്ന് നിനക്കറിയാമോ?
തൊണ്ണൂറ് ഡിഗ്രിയില്‍ നില്‍ക്കുകയോ നടക്കുകയോ
ചെയ്യുന്ന ആണ്‍ലിംഗങ്ങളുടെ സമുച്ചയമാണിത്.
ഈ കെട്ടിടങ്ങള്‍,ലംബവും നിശ്ചലവുമായ ബഹുനിലലിംഗങ്ങള്‍
ഈ വാഹനങ്ങള്‍,തിരശ്ചീനമായി ചലിക്കുന്ന ലിംഗങ്ങള്‍
ഈ റോഡാകെ പാഞ്ഞു നടക്കുന്നത്,
കടകളില്‍ സാധനം പൊതിഞ്ഞുകൊണ്ടിരിക്കുന്നത്,
നിറുത്തിയിട്ട ടാക്‌സിവണ്ടികളില്‍ നിന്ന്
പ്ലവരൂപത്തില്‍ ചിറി തെറിപ്പിക്കുന്നത്
എല്ലാം ഉദ്ധൃത ലിംഗങ്ങളാണ്.
പത്തുമണിക്ക് പടിഞ്ഞാട്ടും
നാലുമണിക്ക് കിഴക്കോട്ടും നടക്കുമ്പോള്‍
ഈ ലിംഗങ്ങള്‍ എന്നെ തുറിച്ചു നോക്കും;
പഞ്ചാര പൊതിയുന്ന ലിംഗങ്ങള്‍,
നോട്ടെണ്ണുന്ന ലിംഗങ്ങള്‍,
കൂട്ടുകാരോട് കുശലം പറയുന്ന ലിംഗങ്ങള്‍,
ബസ്സു കാക്കുന്ന ലിംഗങ്ങള്‍ ...
പുരുഷഭീകരതയുടെ കോട്ട
ചുറ്റോടു ചുറ്റും പീരങ്കികള്‍
അതിനിടയിലൂടെ ആത്മപുച്ഛത്തോടെ
ശരീരത്തെക്കുറിച്ച് വേവലാതിപ്പെട്ട്
ഇങ്ങനെയല്ലാതെ എങ്ങനെയാണ് നടക്കുക...?
ഇന്ദീവരാക്ഷി കിതച്ചുകൊണ്ട് പറഞ്ഞു നിര്‍ത്തി.
പുരുഷന്‍ എന്ന ഗര്‍വിനെ വലിച്ചെറിഞ്ഞ്
ഒരു നിമിഷം പെണ്ണായി നോക്കി,ഞാനീ ലോകത്തെ.
പെണ്ണായി നടക്കാത്ത വഴികള്‍,
പെണ്ണായി വാഴാത്ത വീട്,
പെണ്ണായി നോക്കാത്ത ആകാശം, ഭൂമി
എല്ലാം അപരിചിതമായ ഭയങ്ങളായി
ഈ വെയ്റ്റിങ്‌ഷെഡ്ഡിലേക്ക് ഇരച്ചുവരികയായ്.
ചത്തകവികളുടെ കാട്
തലസ്ഥാനനഗരിയില്‍ നിന്ന്
നൂറിലധികം കിലോമീറ്റര്‍
ബസ്സിലും ഓട്ടോറിക്ഷയിലും ഇരുചക്രവാഹനങ്ങളിലുമൊക്കെ സഞ്ചരിച്ച്
മൂന്നാലുകിലോമീറ്റര്‍ നടക്കുകയും ചെയ്താണ് ചത്തകവികളുടെ കാട്ടില്‍
ഞാന്‍ എത്തിച്ചേരുന്നത്.
നഗരത്തിലെ ആര്‍ട്ട്ഗാലറിയില്‍
ഒരു സുഹൃത്തിന്റെ ചിത്രപ്രദര്‍ശനം
കാണാന്‍ വന്ന്
മടങ്ങുന്നതിനിടയിലാണ്
ഒരാള്‍ എന്നെ പരിചയപ്പെടുന്നത്.
അയാള്‍ വളരെ മനോഹരമായ
കുറച്ചുകവിതകള്‍ എനിക്ക് ചൊല്ലിത്തന്നു.
താന്‍ ഒരു ചത്തകവിയാണെന്നും
ചത്തകവികളുടെ കാട്ടിലേക്കുള്ള
ഗൈഡാണെന്നും
എന്നെ കൂട്ടിക്കൊണ്ടുപോവാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞു.
അയാള്‍ പറഞ്ഞത് ശരിയാണെന്നും
ഞാനല്ലാതെ മറ്റാരും
അയാളെ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ലെന്നും എനിക്ക് മനസ്സിലായി.
ചത്തകവികളുടെ കാട്
കുന്നുകളും താഴ്‌വരകളും നിറഞ്ഞ
ഒരു കാടാണ്.
എന്നെ കൊണ്ടുവന്ന കവി
ഒരരുവിയായി ആ കാടിനകത്തുകൂടി ഒഴുകി.
ഞാന്‍ കാടിനകത്ത് തനിച്ചുനടന്നു.
ദൈവത്തിന് ഭൂമിയിലേക്കുള്ള പാത പോലെ ആകാശം മുട്ടുന്ന മരങ്ങള്‍.
മഴവില്ലുകളുമായി ബന്ധുത്വമുള്ള കിളികള്‍.
കാറ്റ്,
ഞാന്‍ വന്ന വിരം എല്ലാ മരങ്ങളേയും അറിയിച്ചു.
മരങ്ങള്‍ സുഗന്ധം നിറഞ്ഞ പൂക്കള്‍ പൊഴിച്ചു.
പരുപരുത്ത കൈകളാല്‍ എന്റെ ശിരസ്സില്‍ തലോടി
വിശന്നപ്പോള്‍ മധുരക്കനികള്‍ തന്നു.
ഇരുളുംവരെ ആ കാടുമുഴുവന്‍ നടന്നു.
രാത്രിയില്‍ എല്ലാ മരങ്ങളും കവികളായി തിരിച്ചുവന്നു.
നക്ഷത്രങ്ങള്‍ നിറഞ്ഞ ഇരുട്ട് ചഷകങ്ങളിലൊഴിച്ചുകുടിച്ചു.
പ്രാചീനങ്ങളായ കവിതകളുടെ ദിവ്യാത്ഭുതവെളിച്ചം അങ്ങിങ്ങ് തെളിഞ്ഞു.
കവിതയുടെ ഒറ്റയൊറ്റവെളിച്ചങ്ങള്‍ ...
ഓരോ കവിയും ഓരോ ഭൂഖണ്ഡം പോലെ തോന്നിച്ചു.
ആരെയും ശ്രദ്ധിക്കാതെ അവരില്‍ ചിലര്‍ ഒറ്റയ്ക്കിരുന്ന്
കുനിഞ്ഞ് കവിത വായിച്ചുകൊണ്ടിരുന്നു.
ചിലര്‍ തീ കൂട്ടി അതിനു ചുറ്റും പാടിയാടി.
ചിലര്‍ രാത്രിയുടെ തണുത്ത മാംസം ലയിച്ച നദിയിലിറങ്ങി നടന്നു.
പടുവൃദ്ധനായ ഒരു വേനല്‍മേഘം എന്റെ കൈപിടിച്ചു ചിരിച്ചു.
ഞാനയാളോടൊപ്പം നടന്നു.
ശലഭങ്ങളും മിന്നാമിന്നികളും ഞങ്ങള്‍ക്ക് വഴികാട്ടി.
മരപ്പൊത്തിലേക്ക് ഞങ്ങള്‍ കയറിപ്പോയി.
ഗോവണിയിലൂടെയിറങ്ങി ചെമ്പന്‍ വെളിച്ചം നിറഞ്ഞ ഒരു മുറിയിലെത്തി.
അവിടെയുള്ള പുരാതനങ്ങളായ തടിയലമാരകളിലൊന്നില്‍ നിന്ന്
പൊടിഞ്ഞുതുടങ്ങിയ ഒരു പുസ്തകമെടുത്ത് എനിക്ക് നീട്ടി വെണ്‍മേഘം.
കരയുന്ന മരക്കസേരയിലിരുന്ന് ഞാനാ പുസ്തകത്തിലെ
കവിതയൊന്ന് വായിച്ചു.
പൊടുന്നനെ അന്നേവരെ കാണാത്ത അതിമനോഹരങ്ങളായ പക്ഷികള്‍ പറന്നു.
പൂന്തോട്ടങ്ങള്‍ ഞങ്ങള്‍ക്കു ചുറ്റും ഒഴുകി.
സമുദ്രങ്ങള്‍ അതിന്റെ കപ്പലുകളുമായി
ഞങ്ങള്‍ക്കിടയില്‍ ചിറകടിച്ചു.
ജനതകളുടെ വര്‍ണാഭവും ശബ്ദമുഖരിതവുമായ ചുഴികള്‍ ഞങ്ങളുടെ
ഉടലുകളെ ചുറ്റിക്കറങ്ങി.
ഞങ്ങള്‍ രണ്ടു ഹൂലഹൂപ് കലാകാരന്മാരെപ്പോലെ തോന്നിച്ചു.
ഒരു വീടോളം വലിപ്പമുള്ള മഴവില്‍ക്കുമിളയില്‍ ഞാന്‍ പറന്നു.
എന്റെ കൂടെ ആയിരക്കണക്കിന് മകാവ് തത്തകളും മയിലുകളും പറന്നു.
കവിതയുടെ പകുതിയെത്തിയപ്പോള്‍
കറങ്ങിക്കൊണ്ടിരിക്കുന്ന മാച്ചുപിച്ചുവില്‍ ഞാന്‍ നില്‍ക്കുന്നുണ്ടായിരുന്നു.
ഒരു മലയുടെ മുകളില്‍ നിന്ന് മറ്റൊരു മലമുനമ്പിലേക്ക് നിസ്സാരമായി കാലെടുത്തുവെക്കുന്നു.
പ്രപഞ്ചം എല്ലാ കോശങ്ങളിലും ചിറകടിച്ചു.
കവിത തീരുമ്പോള്‍ ഞാന്‍ തളര്‍ന്നുവീണു.
ഉണരുമ്പോള്‍ ഞാന്‍ ഒരു മരമായി;
എല്ലാ ദിവസവും ഒരു മുഴുത്ത സൂര്യനെ തിന്നുന്ന
ചത്തകവികളുടെ കാട്ടിലെ ഒരു മരം.
കവിയുടെ തല
മരണത്തിനു ശേഷവും
കവിയുടെ തലച്ചോറു തേടി
കവിതകള്‍ വന്നു കൊണ്ടിരുന്നു.
എന്റെ നാഥന്‍ മരിച്ചു,
ഇനി അസാധ്യമെന്ന്
തലച്ചോറ് കവിതകളെ പിന്തിരിപ്പിച്ചു.
കവിതകള്‍ അങ്ങനെ പിന്തിരിയുന്നവയല്ലെന്ന്
ഏതു കവിയുടെ തലച്ചോറിനാണറിയാത്തത്?
കവിയുടെ തലച്ചോറ്
ഒരു വെളുത്ത മേഘത്തിന്റെ വേഷം കെട്ടി
വെയിലു കൊണ്ടു.
കാലങ്ങള്‍ കഴിഞ്ഞ്
ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി
മുപ്പതു നിലയുള്ള ഫ്‌ലാറ്റു നിര്‍മിക്കാന്‍
മണ്ണു നീക്കുമ്പോള്‍
യന്ത്രക്കൈ മുട്ടി ഒരു തലയോട്ടി പൊന്തി വന്നു.
പിളര്‍ന്ന തലയോട്ടിയില്‍ നിന്ന്
ശൂന്യതയെന്ന് നടിച്ച്
എണ്ണമറ്റ കവിതകള്‍ പുറത്തു വന്നു.
കാലം തെറ്റിപ്പുറത്തുവന്നതു കൊണ്ട്
അവയ്ക്ക് ട്രാഫിക് നിയമങ്ങള്‍
അറിയാമായിരുന്നില്ല.
തിരക്കുപിടിച്ച രാനഗരത്തിലൂടെ
അവ ഇറങ്ങി നടന്നു.
വാഹനങ്ങള്‍ ആ അജ്ഞാതരൂപികളെക്കണ്ട്
ഭയന്ന് സഡന്‍ ബ്രേക്കിട്ടു.
ചിലവയെ ഇടിച്ചു തെറിപ്പിച്ചു.
നിരത്തില്‍ എവിടെയും
അവയുടെ ചോരയൊലിച്ചു.
അവശേഷിക്കുന്നവയില്‍ ചിലത്
നഗരത്തിലെ ബാറുകളിലെ
അരണ്ട വെളിച്ചത്തിലിരുന്ന്
പ്രാചീനമായ ബ്രാന്‍ഡുകള്‍
ഓര്‍ഡര്‍ ചെയ്തു.
കുടിച്ചുകുടിച്ച് അവയില്‍ ചിലതിന്
നവീനാശയങ്ങള്‍ വരെ തോന്നിത്തുടങ്ങി.
അനാഥരായ തെരുവുമൃഗങ്ങളെപ്പോലെ
കുറേക്കാലം അലഞ്ഞ ശേഷം
പണികഴിഞ്ഞ മുപ്പതു നില ഫ്‌ലാറ്റില്‍
അവ തിരിച്ചെത്തി.
രാത്രികളില്‍,
അതിന്റെ എല്ലാ ജനലുകളില്‍ നിന്നും
അവ ഭൂമിയിലേക്ക് എത്തി നോക്കി.
അതിന്റെ ലിഫ്റ്റിലും ഇടനാഴികളിലും
കുളിമുറികളിലും അവ തക്കം പാര്‍ത്തിരുന്നു.
വിദൂരമായൊരു കെട്ടിടത്തിനു മുകളിലിരുന്ന്
നിലാവില്ലാത്തൊരു രാത്രി തള്ളി നീക്കുന്ന
യുവകവി ആ മുപ്പതു നില ഫ്‌ലാറ്റിനെ ചൂണ്ടി പറഞ്ഞു;
ആ കാണുന്ന ഫ്‌ലാറ്റ് ഒരു പഴയ കവിയുടെ
തല പോലെ തോന്നിക്കുന്നുവെന്ന് ....
അപ്പോള്‍ പ്രാചീനമായ ഒരു കവിതയുടെ
മിന്നല്‍ അവരുടെ മുഖങ്ങള്‍ തെളിച്ചു.
കവുങ്ങുകളുടെ ഗാനം
കവുങ്ങുകളുടെ ഗ്രാമത്തില്‍
നിരനിരയായി നില്‍പാണ് കവുങ്ങുകള്‍.
ഒരു കവുങ്ങ് ചാഞ്ഞുചാഞ്ഞ്
അടുത്ത കവുങ്ങിന്റെ കാതില്‍
ഒരു പാട്ടു മൂളുകയാണ്.
അതു കേട്ട കവുങ്ങ്
അതിന്റടുത്ത കവുങ്ങിലേക്ക്
ചാഞ്ഞുചാഞ്ഞു ചെന്ന്
ആ പാട്ടു മൂളുകയാണ്.
അതങ്ങനെ അടുത്തടുത്ത
കവുങ്ങുകളിലേക്ക് പകരുകയാണ്.
കവുങ്ങുകള്‍ കവുങ്ങുകളിലേക്ക്
ചാഞ്ഞുചാഞ്ഞ് പകര്‍ന്നുപടര്‍ന്ന്
അറ്റമില്ലാതെ പോകുമൊരു ഗാനം.
നിമിഷങ്ങള്‍ കൊണ്ടതിന്‍ തിര
ലോകത്തെ മുഴുവന്‍ നദികളുടെയും
ഭൂപടങ്ങള്‍ വരയ്ക്കുന്നു.
ഒഴുകുന്ന ഗാനത്തിനിരുകരകളില്‍ നിന്ന്
ഈ ഗ്രാമവയലുകളിലേക്ക്
45 ഡിഗ്രിയില്‍ തെറിക്കുന്നു
കഴുത്തില്‍ ചുവന്ന വളയമുള്ള തത്തകള്‍.
കവുങ്ങുകള്‍ കവുങ്ങുകളല്ല.
അവ ഈ ഗ്രാമത്തിന്റെ ഗായകരാണ്.
അവരുടെ കൈപിടിച്ചാടിയുള്ള
ഈ ഗാനത്തിനിടയിലാണ്
ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള വീടുകളുടെ ഊഞ്ഞാലകള്‍;
രാത്രികളില്‍ കത്തിച്ചുവെച്ച
ഒറ്റയൊറ്റ മണ്ണെണ്ണ വിളക്കുകള്‍
ആടിക്കൊണ്ടിരിക്കുന്ന ഊഞ്ഞാലകള്‍,
സന്ധ്യക്ക് മുതുമുത്തികള്‍ കാലുനീട്ടിയിരിക്കുന്ന
ഊഞ്ഞാലകള്‍.
കവുങ്ങുകള്‍ കവുങ്ങുകളല്ല;
അവ ഉറങ്ങുന്ന വീടുകളുടെ കാവാലാളുകളാണ്.
കവുങ്ങുകളുടെ ഗ്രാമം ഒരു ഗ്രാമമല്ല;
ചിലപ്പോള്‍ അതീ ഭൂഗോളം തന്നെയാണ്.
പാടവരമ്പത്ത് നിരന്നു നിന്ന്
കൈകൊട്ടിപ്പാടിയാടുന്നത് മാത്രമല്ല
ഭൂഗോളത്തെ ചുറ്റിനിന്ന് കവുങ്ങുകള്‍
കൈകോര്‍ത്തുപാടുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
പാടിപ്പാടിയാണ് അവയ്ക്ക് പൂവുകള്‍
പുറപ്പെടുന്നത്,
പൂക്കളില്‍ നിന്ന് മായികമായ
സുഗന്ധം പുറപ്പെടുന്നത്.
ആ പൊട്ടിപ്പുറപ്പെട്ട സുഗന്ധധാരയില്‍
അവ നിലാവിന്റെ കുഞ്ഞുങ്ങളെ
കുളിപ്പിക്കുന്നു.
അവരെ ഉടുപ്പിക്കാന്‍ കവുങ്ങമ്മമാര്‍
കൂമ്പാളക്കോണകവുമായി നിരന്നുനില്‍ക്കുന്നു.
കവുങ്ങുകളുടെ ഗാനം വെറുമൊരു ഗാനമല്ല;
അത് അമ്മമാരുടെ ഗാനമാണ്,
അനാഥരുടെ ഗാനമാണ്.
എല്ലാ അമ്മമാരും അനാഥരാണ്.
അതിവാചാലമായ ഒരു കവിതയില്‍ നിന്റെ മൃതശരീരം സൂക്ഷിക്കുന്നു
നീ വെടിയേറ്റു മരിച്ചുവീഴുന്നു
നിനക്കിനി ഒന്നും തെളിയിക്കാന്‍ കഴിയില്ല
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അഞ്ചിന്
പകല്‍ വീട്ടില്‍ കുട്ടികളുമായി കളിച്ചിരുന്നതോ
തൊട്ടടുത്ത ടൌണില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതോ
വൈകിട്ട് കൂട്ടുകാരനോടൊപ്പം രണ്ടെണ്ണമടിച്ചതോ...ഒന്നും.
മാവോയിസ്റ്റ്,ഐ.എസ് ഭീകരന്‍ ,സിമി
നീ ഏതാണെന്ന് ഞാന്‍ തീരുമാനിക്കും.
നിനക്ക് ചരിത്രമില്ല,തെളിവുകളില്ല
നീ ജീവിച്ചിരുന്നിട്ടുകൂടിയില്ല.
ഏറിയാല്‍
മരിച്ചുകിടക്കുന്ന നിന്റെ കീശയില്‍
ഒരു ലഘുലേഖ മടക്കിവെക്കും.
അതുമല്ലെങ്കില്‍
നിന്റെ വീട്ടിലെ അലമാരയിലൊരു പുസ്തകം.
അത്ര മതി ,നിന്നെയൊക്കെ കൊല്ലാനുള്ള ന്യായം.
ജീവിച്ചിരിക്കുമ്പോള്‍ നീ കണ്ടിട്ടുപോലുമില്ലാത്ത ഒരു തോക്ക്
മരിച്ചുകിടക്കുന്ന നിന്റെ കൈകളില്‍ പിടിപ്പിക്കും.
ജീവിതത്തില്‍ ഒരാള്‍ക്കൂട്ടത്തില്‍ വെച്ച്
കൂട്ടിമുട്ടിപ്പോലും കണ്ടിട്ടില്ലാത്തവര്‍
നിനക്കെതിരെ സാക്ഷിമൊഴി നല്‍കും.
പോകാത്ത വഴിയില്‍ നീ പോയെന്നു പറയും.
ഭരണകൂടമല്ല,
നിന്റെയൊക്കെ മരണകൂടമാണ് ഞാന്‍.
എനിക്കെതിരെയുള്ള വാക്കുകള്‍ നോക്കുകള്‍,ആലോചനകള്‍
ഒന്നും ഉണ്ടായില്ലെങ്കില്‍പ്പോലും
ഇനിയും ഉണ്ടാവാതിരിക്കാന്‍
ഇടയ്ക്കിടെ ഓരോ കൊല നടത്തേണ്ടതുണ്ട്.
എനിക്ക് ജീവിക്കണം.
എന്റെ ശബ്ദത്തിനുമുകളില്‍ ഉയരരുത്
ഒരു ശബ്ദവും.
ഞാന്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നുവെന്ന തോന്നല്‍
ഉണ്ടാക്കിയെടുത്ത് ചീഞ്ഞ രാഷ്ട്രീയ അശ്ലീലങ്ങള്‍
എനിക്ക് കുഴിച്ചുമൂടണം.
നീ മരിച്ചാലെന്ത്?
വ്യവസ്ഥയെ നിലനിര്‍ത്തുവാന്‍
എനിക്ക് ഭക്ഷണമായതില്‍ നിനക്ക് അഭിമാനിക്കാം.
ജനാധിപത്യത്തെക്കുറിച്ചുള്ള
നിന്റെ ആശങ്ക നിന്റെ അവസാന ശ്വാസത്തിലും
ഞാന്‍ കേട്ടു.
ജനാധിപത്യം എന്നത് ജനങ്ങള്‍ക്കു മുകളില്‍
ഭരണപക്ഷത്തിനുള്ള ആധിപത്യം എന്നേയുള്ളൂ.
ഭരിക്കുന്നവര്‍ മാറുന്നില്ല.
മാറുന്നുവെന്ന് നടിക്കുന്നുവെന്നേയുള്ളൂ.
ഒരു കാല്‍ മുന്നോട്ടുവെക്കുമ്പോള്‍
ഒരുകാല്‍ പിന്നില്‍ ഉള്ളതുപോലെ
ഇരുകാലുകള്‍ മാറിമാറി,
അതല്ലാതെ മറ്റൊന്നും ഈ നടപ്പില്‍
വരികയുമില്ല.
എന്റെ ചിഹ്നങ്ങള്‍-എന്റെ ഇരകളെ
കണ്ടെത്തുന്നതിനുള്ള സൂചകങ്ങള്‍.
എഴുന്നേറ്റു നില്‍ക്കൂ
വരിനില്‍ക്കൂ
നിശ്ശബ്ദരാവൂ
എന്നെല്ലാം ഞാന്‍ പറഞ്ഞുകൊണ്ടിരിക്കും.
അനുസരിക്കാത്തവരെല്ലാം ഒന്നൊന്നായി മരിച്ചുവീഴും.
സംശയത്തിന്റെ ഒരു കണിക മതി
നിന്റെയൊക്കെ കുടുംബം കുളംകോരും.
ആ പഴയ രാജാവു തന്നെയാണ് അധികാരത്തില്‍.
ഇരയെന്ന് പ്രഖ്യാപിച്ച്
ചിലരെ ഞാന്‍ വെറുതെവിട്ടെന്നു വരും.
ഭയത്തിന്റെ കൊടുംവിഷം തിന്ന മൃഗം
കാടിന്റെ ഏതതിരുവരെ ഓടുമെന്ന്
കാണുവാനുള്ള കൌതുകമാണത് .
ജയിക്കും എന്ന് ഉറപ്പുള്ള ഗെയിമില്‍
ഇരയ്ക്ക് അല്പം സാവകാശം നല്‍കുന്നത് തെറ്റല്ല.
ആരോപണങ്ങള്‍ക്കു ചേരുകയില്ല നിന്റെയീ വസ്ത്രങ്ങള്‍ .
അതിനാല്‍ അഴിച്ചുമാറ്റുന്നു
ഭീകരന്മാര്‍ക്കുള്ള യൂണിഫോം നിനക്കുപാകത്തിലുള്ള ഒന്ന്
തയ്ച്ചുകൊണ്ടുവന്നത് അണിയിക്കുന്നു.
നിനക്കിത് ഇഷ്ടപ്പെടാതിരിക്കില്ല.
ചില ജീവിതങ്ങളും അതിവാചാലമായ കവിതകളും
പാഴായെന്നു വരും.
പക്ഷേ നിന്റെ മരണം പാഴാകുന്നില്ലെന്ന്
മാത്രം നീയോര്‍ക്കുക .
കടുവ
ആമുഖം
ഒരു മാസം മുന്‍പ് തന്റെ പശുവിനെ കടുവ പിടിക്കും വരെ
ലോപ്പസിന് ഒരു കുഴപ്പവുമില്ലായിരുന്നു.
കവിത 1
ലോപ്പസിന് ഉറക്കമില്ല.
വീടിനരികിലൂടെ കടുവ നടന്നു പോകുന്ന
കാലടിയൊച്ച തോന്നി അയാള്‍ പാളി നോക്കുന്നു.
ഇരുട്ടില്‍ അതിന്റെ മുരള്‍ച്ച എല്ലായിടത്തു നിന്നും
കേള്‍ക്കുന്നതായി അയാള്‍ക്കു തോന്നുന്നു.അയാള്‍ ചെവിപൊത്തുന്നു.
കണ്ണടച്ചു കിടക്കുന്നു.ഇരുട്ടില്‍ മിന്നി മിന്നി ഒരു കടുവ.
കവിത 2
ലോപ്പസ് കിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നു.
തെളിഞ്ഞ വെള്ളത്തിലേക്ക് അയാള്‍ സൂക്ഷിച്ച് നോക്കുന്നു.
വെള്ളത്തില്‍ ഒരു കടുവയുടെ മുഖം.
അത് ഗര്‍ജ്ജിച്ചുകൊണ്ട് ലോപ്പസിനു നേരെ ചാടുന്നു.ലോപ്പസ് തൊട്ടിയും കയറും വിട്ട് വീട്ടിലേക്ക് ഓടുന്നു.
കവിത 3
ലോപ്പസ് കാടിനു സമീപമുള്ള ഒരൊഴിഞ്ഞ സ്ഥലത്ത്
വൈകുന്നേരത്തെ പടിഞ്ഞാറന്‍ ആകാശത്തെ നോക്കിയിരിക്കുന്നു.
ആകാശത്തിന് ഒരു കടുവയുടെ മുഖച്ഛായയുണ്ടെന്ന് അയാള്‍ക്ക് തോന്നുന്നു.
കവിത 4
ചത്ത പശുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം വാങ്ങാന്‍
ലോപ്പസ് സര്‍ക്കാരാപ്പീസില്‍ .
എത്ര തവണയായി താന്‍ വരുന്നുവെന്ന് അയാള്‍ സങ്കടപ്പെടുന്നു.
ഉദ്യോഗസ്ഥന്‍ കൈ മലര്‍ത്തുന്നു.ലോപ്പസ് എന്തോ പറയുന്നു.
ഉദ്യോഗസ്ഥന്‍ ലോപ്പസിനു നേരെ ചാടിവീഴുന്നു.
ആ ഉദ്യോഗസ്ഥന് ഇപ്പോള്‍ കടുവയുടെ മുഖമാണ്.
കവിത 5
ലോപ്പസ് പശുക്കിടാവിനെ വില്‍ക്കുന്നു.
അയാള്‍ അതിനെ കെട്ടിപ്പിടിച്ച് കരയുന്നു.
ഭാര്യ അയാളെ അകത്തേക്ക് വിളിച്ചുകൊണ്ടു പോവുന്നു.
കവിത 6
ലോപ്പസ് പുല്ലരിഞ്ഞ് കൂട്ടുന്നു.
വലിയ തലച്ചുമടായി വീട്ടിലേക്ക് വരുന്നു.
ആര്‍ക്കാണീ പുല്ലെന്ന് ഭാര്യ തലയ്ക്ക് കൈവെച്ചിരിക്കുന്നു.
ഒഴിഞ്ഞ തൊഴുത്തിലേക്ക് നോക്കി
അയാള്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്നു.
കവിത 7
ലോപ്പസിന്റെ ഭാര്യ കടയില്‍
സാധനങ്ങള്‍ വാങ്ങാന്‍ നില്‍ക്കുന്നു.
പണമില്ലെന്ന് പറഞ്ഞവളോട്
പറ്റുകാശിന്റെ കണക്ക് കാണിച്ച് കടക്കാരന്‍
സഞ്ചിയിലെ സാധനങ്ങള്‍ തിരിച്ചെടുക്കുന്നു.
ഒഴിഞ്ഞ സഞ്ചി തിരിച്ചുനല്‍കുന്നു.
ആളുകള്‍ അവളെ നോക്കി നില്‍ക്കുന്നു.
അവള്‍ അപമാനഭാരത്തോടെ ഇറങ്ങി നടക്കുന്നു.
കവിത 8
കടുവ പശുവിനെ തിന്ന വീട്ടില്‍ കൂടിയ ആളുകള്‍ക്കിടയില്‍ ലോപ്പസ്.
ചത്ത പശുവിന്റെ അവശിഷ്ടങ്ങള്‍ക്കു മുകളില്‍ ഈച്ചകള്‍ പാടുന്നു.
വീട്ടുകാര്‍ വിഷമിച്ചിരിക്കുന്നു.
ഉദ്യോഗസ്ഥര്‍ വന്നു നോക്കിപ്പോവുന്നു.
കവിത 9
കടുവ ഓടുന്നു.
അത് വീടുകളെ ഭേദിക്കുന്നു.
പശുക്കളെ ഓടിച്ചിട്ട് പിടിച്ചുതിന്നുന്നു.
മനുഷ്യരെ ഓടിക്കുന്നു
അത് പതുങ്ങിനില്‍ക്കുന്നു.
അതിന്റെ കണ്ണുകള്‍ മാത്രം.
അതിന്റെ കൂര്‍ത്ത പല്ലുകളില്‍ നിന്ന് ചോരയൊലിക്കുന്നു.
കവിത 10
നേരം വെളുത്തുവരുന്ന കാട്ടുവഴിയിലൂടെ ലോപ്പസ്.
നദി കടക്കുന്നു.മലയണ്ണാന്മാരും കാടുമുഴക്കികളും
പോകരുതെന്ന് അയാളോട് പറയുന്നു.
നദിക്കു മുകളില്‍ പറക്കുന്ന തുമ്പികളും ശലഭങ്ങളും
പോകരുതെന്ന് അയാളോട് പറയുന്നു.
കബനി അയാളുടെ കാലുകളെ
ദുര്‍ബലമായ ജലവിരലുകളാല്‍ പിടിച്ചുനിര്‍ത്താന്‍ നോക്കുന്നു.
കവിത11
നടന്നുനടന്നു വലഞ്ഞിരിക്കുന്നു ലോപ്പസ്
അയാള്‍ക്ക് വെള്ളത്തിനു ദാഹമുണ്ട്.
അയാള്‍ ഇടയ്ക്ക് ഇരിക്കുന്നുണ്ട്.
മാനുകള്‍ അയാളെ നോക്കി ഓടിപ്പോകുന്നുണ്ട്.
ദൂരെ പാറക്കെട്ടിനരികില്‍
അയിനിമരത്തിന്‍ ചുവട്ടില്‍
അയാള്‍ക്ക് കാണാം
കടുവ ഉറങ്ങുന്നു...
ഒരു ചിത്രശലഭത്തെപ്പോലെ.
കവിത 12
ലോപ്പസ് കടുവയുടെ അടുത്തേക്ക് ചെന്നു.
കാലനക്കം കേട്ട് കടുവ ഉണര്‍ന്നു.
അത് മുരണ്ടു.
ലോപ്പസ് ഓടിയില്ല.
അയാള്‍ക്കിപ്പോള്‍ ഭയമില്ല.
അയാള്‍ അതിന്റെ തൊട്ടടുത്തു ചെന്നു.
കടുവ അയാളെത്തന്നെ നോക്കിനില്‍ക്കുകയാണ്.
അയാള്‍ കടുവയുടെ മുന്നില്‍
സ്വയം സമര്‍പ്പിച്ച ഒരിരയെപ്പോലെ
തലകുനിച്ചിരുന്ന് എന്നെ തിന്നോളൂ എന്ന്
കരഞ്ഞുകൊണ്ട് പറഞ്ഞു.
കടുവ മറ്റെവിടേക്കോ നോക്കി
കിടപ്പ് തുടര്‍ന്നു.
അയാള്‍ എഴുന്നേറ്റുചെന്ന് അതിന്റെ
മുഖമുയര്‍ത്തി തന്നെ തിന്നുവാനാവശ്യപ്പെട്ട്
നിലവിളിച്ചുകൊണ്ടിരുന്നു.
അയാള്‍ അതിനെ ചുംബിച്ചു.
സങ്കടം കൊണ്ട് അയാള്‍ അതിനെ അടിച്ചു.
കടുവ എഴുന്നേറ്റു നടന്നു.
അയാള്‍ പിന്നാലെ നടന്ന് പരാതിപറഞ്ഞുകൊണ്ടിരുന്നു.
ഞാന്‍ നിനക്കുള്ള ഭക്ഷണമാണ്.
എന്നെ ഒഴിവാക്കരുതെന്ന് കേണു.
കവിത 13
നടന്നുനടന്ന് വിദൂരതയിലെത്തിയ കടുവ
ലോപ്പസിനെ തിരിഞ്ഞുനോക്കുന്നു.
ലോപ്പസ് ദൂരെ മണ്ണിലേക്ക് കുനിഞ്ഞിരുന്ന്
ഇപ്പോഴും കരയുകയാണ്.
കടുവയുടെ കണ്ണുകളില്‍ എന്തോ ഉണ്ട്
അത് ദയവാകണം.
വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം