തിരികെ നടക്കുമ്പോള്‍, ജിഷ കെ എഴുതിയ കവിതകള്‍

By Vaakkulsavam Literary Fest  |  First Published Feb 14, 2020, 5:38 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് ജിഷ കെ എഴുതിയ കവിതകള്‍. 


ഒറ്റയ്ക്കിരിക്കുമ്പോഴൊക്കെ പിറകിലേക്ക് കെട്ടഴിച്ചുവിടാറുള്ളൊരു ഭൂമിയുണ്ട്, ജിഷ കെയുടെ ഒരു കവിതയില്‍. അഴിച്ചെടുക്കാനാവാത്ത ഭ്രമണവളയങ്ങളുടെ പാടുകളിലൂടെ തന്നിലേക്ക് തന്നെയെത്തി കറങ്ങിക്കൊണ്ടേയിരിക്കുന്ന ഭൂമി. ജിഷയുടെ കവിതകളിലേക്കുള്ള സഞ്ചാരം സാദ്ധ്യമാക്കുന്ന ഒന്നാണ്, കെട്ടഴിച്ചുവിട്ടാലും തന്നിലേക്കുതന്നെ വന്ന് ഭ്രമണം ചെയ്യുന്ന ആ ഭൂമി. അതില്‍ രണ്ടുതരം സഞ്ചാരങ്ങളുണ്ട്. ഒന്ന്, ഉള്ളില്‍നിന്നും പുറത്തേക്കുള്ള സഞ്ചാരം. രണ്ട്, പുറത്തുനിന്നും ഉള്ളിലേക്കുള്ളത്. അവളവളിലേക്കുള്ള ഇത്തരം നിരന്തര യാത്രകളാണ് ജിഷയുടെ കവിതകളുടെ അടിവേരായി കിടക്കുന്നത്. എത്ര വലിച്ചെറിഞ്ഞാലും തിരിച്ചെത്തുന്ന ബൂമറാംങുകള്‍. അത് പ്രണയമാവാം, വിഷാദമാവാം, ആനന്ദമാവാം, കൊടുംവേദനയാവാം, ഉണങ്ങിയ മുറിവുകളുടെ നിസ്സംഗതയോ കാലടിക്കു കീഴില്‍ വിണ്ടുകീറാനിരിക്കുന്ന ശൂന്യതയോ ആവാം. ഒറ്റനോട്ടത്തിലിത് വൈയക്തിയുടെ ഉല്‍സവപ്പറമ്പാണെന്നുതോന്നാം. എന്നാല്‍, അവിടെത്തീരുന്നില്ല, ആ കവിതകളുടെ ആന്തരിക ലോകങ്ങള്‍. നാം ജീവിക്കുന്ന ജീവിതങ്ങേളാടും കാലത്തോടുമുള്ള സൂക്ഷ്മമായ സംവേദനങ്ങള്‍ അവയുടെ അന്തര്‍ധാരയായി ഒച്ചയറ്റ് ഒഴുകുന്നുണ്ട്. അവ ആവിഷ്‌കരിക്കാനുള്ള മാധ്യമമായാണ് ജിഷ പലപ്പോഴും ശരീരം, മനസ്സ് എന്നീ സാദ്ധ്യതകളെ ഉപയോഗിക്കുന്നത്. തന്നിലൂടെതന്നെ പുറം ലോകത്തെ പ്രതിഫലിപ്പിക്കല്‍. വിളക്കിച്ചേര്‍ക്കുക എളുപ്പമല്ലാത്ത പ്രയോഗങ്ങളിലൂടെയും ദൃശ്യപരതയില്‍ ചെന്നുതൊടുന്ന ഇമേജറികളിലൂടെയും കടലിളക്കങ്ങള്‍ ഒളിപ്പിച്ചുവെച്ച വാക്കൊഴുക്കിലൂടെയും ആ അനുഭവം ആഴത്തില്‍ പതിയുന്നുണ്ട്, ജിഷയുടെ കവിതകളില്‍. 

 

Latest Videos

 

ഒന്ന്

 

തിരികെ നടക്കുമ്പോള്‍

.......................................

തിരികെ നടക്കുമ്പോഴാവണം 
ഒരാള്‍ 
ദൂരത്തിന്റെ 
ഏകാന്തതയുടെ 
വിജനതയുടെ 
ആമുഖക്കുറിപ്പുകള്‍ 
ആദ്യമായി 
വായിച്ചു നോക്കുന്നുണ്ടാവുക. 
മുന്‍പേ നടന്നു പോയ 
നിശ്ശബബ്ദമായ കാല്‍പ്പാടുകളില്‍ 
പതിഞ്ഞ 
ഒറ്റപ്പെട്ട മുഖങ്ങള്‍ 
നിറഞ്ഞു തൂവുക
തനിക്കിരുവശം 
പടര്‍ന്നു കിടക്കുന്ന 
അവഗണനയുടെ 
വള്ളിച്ചെടികള്‍ 
ചുവടുകളില്‍ പടര്‍ന്നു കയറുക
തിരികെ നടക്കുമ്പോഴെല്ലാം 
ഓര്‍മ്മയുടെ 
മണ്‍ പുറ്റുകള്‍ 
അയാളില്‍ തിണര്‍ത്തു പൊങ്ങും. 
ഒച്ചയുടെ കനമേതുമില്ലാത്ത 
നിലവിളികള്‍ 
നാലുപാടും 
ഇഴഞ്ഞു നീങ്ങും.. 
തിരികെ നടക്കുമ്പോള്‍ 
ആദ്യമായി 
ഒരാള്‍ 
ഭൂമിയുടെ കെട്ടുകള്‍ 
അഴിച്ചു വിടാന്‍ കൊതിക്കും
പിന്‍വിളികള്‍ ഏതുമില്ലാത്ത 
ഭാരപ്പെട്ട 
പിന്‍വഴികളില്‍ നിന്നും 
സ്വതന്ത്രനാവണമെന്ന് തോന്നുക
ഇടവഴിയില്‍ ഒറ്റയ്ക്ക് പൂത്ത കരിമുള്ളിനെ 
കണ്ണുകള്‍ ഉയര്‍ത്തി നോക്കുക.

കല്ലിച്ചു കിടക്കുന്ന വാക്കുകള്‍ 
കൈകളില്‍ എടുത്ത് 
കൂടുതല്‍ കറുത്തു തുടങ്ങുക
ഓരോ മുറിവിലും കയറി ഇറങ്ങി 
തിരിച്ചെത്തിയെന്ന് 
ഉറപ്പു വരുത്തുക...
തിരികെ നടക്കുമ്പോള്‍ തന്നെയാവണം 
ഏറ്റവും ആയാസകരമായ 
പാതയിതെന്നു 
സ്വയം പരാതിപ്പെടുക.

 

രണ്ട്

വെറുതെ  ഒരു വാക്കിനോളം ദുര്‍ബലമായി വേച്ചു നടക്കാനാവുമോയെന്ന് ശരീരം കൊണ്ട് അഭ്യസിച്ചു നോക്കുമായിരുന്നു. പെറുക്കിയെടുക്കാന്‍ വീണ്ടും ഭംഗിയില്‍ ചേര്‍ത്തു വെയ്ക്കാന്‍ വാക്കിനേക്കാള്‍ എളുപ്പമുണ്ട് ഉടലിനെന്ന തിരിച്ചറിവിലേക്ക് ഇറങ്ങിക്കിടക്കാന്‍ തോന്നും. 

ഋതുക്കളെയോര്‍ത്തു പോവും. ചിതറിപ്പോയ എത്ര ചിത്രങ്ങള്‍. ഓരോന്നും അതി ലളിതമായി അതിലേറെ അടുക്കുകളായി അലങ്കരിച്ചു വെച്ചിരിക്കുന്നുവല്ലോ.. എന്റെയുള്ളിലെ കടലാസ് പൂവുകള്‍ പതിയെ നിറമുടുക്കുകയും അതിനേതോ മാസ്മരിക ഗന്ധം പോലും വന്നതായും തോന്നിപ്പോവും.

പണ്ട് എനിക്കും ഉണ്ടായിരുന്നത് പോലെയെന്ന് ഒരാകാശം വരച്ചു തുടങ്ങും. വെറുമൊരു തോന്നല്‍ എന്ന് വിരലുകള്‍ ഇടയ്ക്കിടെ അതിനെ മായ്ച്ചു കളയുന്നു എങ്കിലും അതിനോടൊപ്പം വരച്ചു ചേര്‍ക്കാന്‍ ഒരു മരത്തണലും ഞാന്‍ കണ്ടെത്തിത്തുടങ്ങിയിരിക്കും. നിഴലുകളുടെ മാത്രം പാളി നോട്ടങ്ങളുള്ള ഏതോ ഒരു ഇടവഴിയും മരമെനിക്ക് തരുമായിരിക്കും.

ഒഴിഞ്ഞ കൂടുകള്‍ തൂക്കിയിട്ട ആത്മഹത്യകള്‍ പോലെ എന്റെ ഇടുങ്ങിയ ഇടവേളകളിലേക്ക് ചേക്കേറിതുടങ്ങും. എനിക്കെന്നെ മണത്തു നോക്കാന്‍ തോന്നുമെങ്കില്‍ അതിനൊരു പക്ഷിചാരത്തിന്റെ ഗന്ധമെന്ന് കണ്ടു പിടിക്കാന്‍ ആവുമായിരുന്നേനെ. 

ഒരു പക്ഷെ, അറിയാതെ ഞാന്‍ എന്റെ ചിറകുകള്‍ തിരികെ വേണമെന്ന് ശഠിച്ചു പോയേനെ. 

ഉടലില്‍ ഒരിക്കലും ആവശ്യപ്പെടാതെ തന്നെ മാവുകള്‍ പൂത്തു കൊണ്ടിരിക്കുമായിരിയ്ക്കും. ഞാന്‍ വേരുകളിലേക്ക് നോക്കി നെടുവീര്‍പ്പുകളിട്ടു തുടങ്ങുന്ന നേരം കാലംതെറ്റി ഓര്‍മകള്‍ തുരതുരാ കായ്ച്ചു കൊണ്ടിരിക്കുകയാവും. കാട്ടുപാതകള്‍ വഴി തെറ്റി എന്നിലേക്ക് നടന്നു കയറുമെന്നു വ്യാമോഹിച്ചു ദേഹം മുഴുവന്‍ മുരിക്കിന്‍ മുള്ളുകള്‍ വളരട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുകയും വെറുതെ പൊഴിഞ്ഞു നോക്കുകയും ചെയ്യുമായിരിക്കും.

ശാന്തമായ കടലുകള്‍  കൊത്തി വിഴുങ്ങിയ രണ്ടു മീനുകള്‍ വളര്‍ന്നു തുടങ്ങുന്നുണ്ടാവും എന്നിലപ്പോള്‍. അത് കൊണ്ടാവും ഞാന്‍ എന്നെ വലിച്ചൂരി നോക്കുന്നത്.. ഇരുഭാഗത്തേക്കും ഒരു കൃത്യതയും ഇല്ലാതെ പകുത്തിട്ട മുള്ളുകളില്‍ ഞാന്‍ ഉടക്കി നിന്ന് പോവും


എന്റെ കടലിനെ 
എനിക്കുള്ള നീലയെ 
നിലനിര്‍ത്താമോയെന്ന് 
തൊണ്ടയില്‍ കുരുങ്ങിയ 
ചൂണ്ടക്കൊളുത്തിനോട് 
ഞാന്‍ മിണ്ടിതുടങ്ങും

ഗ്രഹണം വിഴുങ്ങിയ മീന്‍കണ്ണുകളിലേക്ക് 
ലവണരസമില്ലാത്തൊരു 
വരണ്ട നദിയുടെ ഞരമ്പ് പൊട്ടി തുടങ്ങും 

അത്രയേറെ നിസ്സഹായമായി 
എന്റെ കരയിലെ മണ്‍തരികള്‍ ഓരോന്നും 
പൊടിഞ്ഞു പോയിക്കാണും.

ഒഴുക്കല്ലാത്തതൊക്കെ 
രണ്ടറ്റം പിന്നിയിട്ട് കെട്ടിയിരിക്കും 
ഞാന്‍ 
എന്നോ മായ്ച്ചു കളഞ്ഞ പഴകിയ 
പാലത്തിനടിയിലൂടെ 
ഒഴുകിയിരുന്നുവെന്നു 
സ്വയം പറഞ്ഞു നോക്കും 

എന്നിട്ട് 
നീണ്ടു നിവര്‍ന്ന പാലം 
നിര്‍മിക്കാന്‍ 
എന്നിലെ ഏറ്റവും പഴകിയ ഇടങ്ങളിലേക്ക് 
അഗാധങ്ങളായ കുഴികളായി 
ചുരുണ്ടു കിടക്കും

എനിക്കു മുകളില്‍ ഇരമ്പുന്ന
നഗരത്തിന്റെ  നിശ്ശബ്ദതയിലേക്ക് 
ആരുമറിയാതെ 
കടത്തിക്കൊണ്ട് പോകും 

ഒട്ടും വളവുകളില്ലാത്ത 
അതിശയിപ്പിക്കുന്ന 
ഒറ്റപ്പെട്ട മണ്‍പാതകളെ. 
എന്തും പിടിക്കപ്പെടുന്നിടത്തു വെച്ച് 
അതിനെ പുഴ കടത്തി വിടാന്‍ 
വെറുമൊരു ചാക്ക് കെട്ടിലേക്കെന്നെ 
വരിഞ്ഞുമുറുക്കിയിടും

പിന്നീടുണരുമ്പോള്‍ നാലു കാലില്‍ 
പ്രതിഷ്ഠിക്കപ്പെടുമായിരിക്കും 

എന്റെ ചുവരുകളില്‍ 
പടര്‍ന്നു തുടങ്ങുമായിരിക്കും 

നിറഭേദങ്ങളില്‍ 
ഉഗ്രമൂര്‍ത്തികള്‍ 
സര്‍പ്പശിലകളില്‍ 
എന്നില്‍ 
മഞ്ഞള്‍ പൂശിയ 
ത്രിസന്ധ്യകള്‍
വെള്ളി ശീല്‍ക്കാരങ്ങള്‍ 
പടം പൊഴിഞ്ഞു
കളയുമായിരിക്കും 

ഇപ്പോള്‍ 
പെറുക്കിയെടുക്കുവാന്‍ 
അടുക്കി വെയ്ക്കുവാന്‍ 
വാക്കുകളേക്കാള്‍ 
ഏറെ 
പ്രയാസം 
എന്നെ തന്നെയാണ്
എന്നതിലേക്ക് 
ഉണര്‍ന്നു കിടക്കുന്നു. 

 

മൂന്ന്

അനന്തമായ രഹസ്യങ്ങള്‍ 
സൂക്ഷിക്കുന്ന 
രണ്ട്  
നഗരങ്ങളെ നമ്മള്‍ 
കണ്ടെത്തിയിരിക്കുന്നു. 

നമ്മളെപ്പോലെ 
അത്രയും പ്രാചീനമായ 
ഉള്‍വലിവുകളെ ഒളിപ്പിച്ചു പാര്‍പ്പിക്കുന്നത്

അടര്‍ന്നു വീണ ഇന്നലെകളില്‍ 
ഊന്നി നില്‍ക്കുന്ന 
നഷ്ടപ്പെട്ട ദേശമെന്നു 
ആരോ വിലക്കുകളില്‍
എഴുതിതള്ളിയ 
രണ്ടു ദേശങ്ങള്‍

ഭൂപടത്തില്‍ നിന്നും 
തെന്നി മാറി 
മറവിയെ തുറന്നെടുക്കുന്ന
വഴിക്കല്ലുകള്‍ 
ഉണ്ട് അതിലോരോന്നിലും. 

അതിര്‍ത്തികള്‍
വാരിപ്പുതച്ചുറങ്ങുകയാണെന്നേ തോന്നൂ 

നെഞ്ചിലൂടെ നെടുനീളെ 
വരഞ്ഞ തിണര്‍പ്പുകളില്‍
ആഴ്ന്നു പോയ രഥചക്രങ്ങളെ 
ആരും അറിയാതെ  
നോവുട്ടി വളര്‍ത്തുന്നത്.

പൊടിഞ്ഞു മണ്ണിലലിഞ്ഞു 
കുതിര്‍ന്ന 
പതാകകളില്‍ 
നിവര്‍ന്നുകിടന്നു 
തോല്‍വിയുടെ ഓരോ 
ദ്വാരവും അടച്ചു കളയുന്നത്.
കണ്ടെത്തി കഴിഞ്ഞു എന്നായപ്പോള്‍.

അത്രയും ആഴത്തില്‍ 
നിന്നിലേക്ക് 
കണ്ടെത്തപ്പെടാനുള്ള 
ഏറ്റവും 
എളുപ്പമേറിയ 
ഒരു ഊടുവഴിയായിരുന്നു 
ഞാനെന്ന്

എന്നിലേക്ക് ചേര്‍ത്ത് കെട്ടിയ 
ഒരു
അതിര്‍  വരമ്പായിരുന്നു 
നീയെന്നും

നമ്മള്‍ ഉണങ്ങിപ്പോയ 
മുറിവുകളാണെന്നും
ആരോ 
മായ്ച്ചു കളഞ്ഞ 
ലിപികളില്ലാത്ത 
ഭാഷയാണെന്നും കൂടി
വെളിപ്പെട്ടു തുടങ്ങുന്നു.

ആ രണ്ടു നഗരങ്ങളിലും 
അനന്തമായ നക്ഷത്രപാതകള്‍ 
തെളിഞ്ഞു വരുകയാണ്
തേച്ചു മിനുക്കിയ മിന്നാമിന്നിക്കൂട്ടങ്ങള്‍ 
വെളിച്ചം
ചിറകുകള്‍ കൊണ്ടൂതി 
കത്തിക്കുന്നുണ്ടവിടെ. 

ഏതൊരു 
നിശാഗായകനാണെന്നറിയില്ല 
വിരല്‍ ചേര്‍ത്ത ജനാലക്കമ്പികളില്‍ 
പാട്ടുകള്‍ 
എഴുതിചേര്‍ക്കുന്നത്

തിരക്കുകള്‍ വിയര്‍ത്തു കൊണ്ടൊഴുകുന്ന 
രണ്ടു തെരുവുകളുടെ 
നെടുവീര്‍പ്പുകള്‍ 
നമ്മള്‍. 

നിന്നിലൂടെയാവുമ്പോള്‍
ആദ്യ മഴയുടെ 
മണ്ണോര്‍മ്മ കിളിര്‍ക്കുന്നുണ്ട്. 

വസന്തത്തിലേക്ക് 
മണ്ണിനടിയില്‍ നിന്നും 
വിറയ്ക്കുന്ന 
മിന്നലുകളില്‍ 
പഴകിയ കൈപ്പടയില്‍ 
ഒരു സന്ദേശമിതാ 
ഉയിരെടുക്കുന്നു.

നോക്കു, ഇപ്പോള്‍ 
വഴിമരങ്ങള്‍ക്ക് 
ആയിരം കൈകള്‍ 
മുളച്ചു തുടങ്ങുന്നു.
ഇലകള്‍ പോലെ നാവുകളും..

ഓരോ രാവിലും 
നമ്മള്‍ 
കണ്ടെത്തിയ 
രണ്ടു രാജ്യങ്ങളില്‍ 
നൃത്തസദസ്സുകള്‍ 
നുഴഞ്ഞു കയറുന്നു. 
നമ്മള്‍ 
അപരിചിതരായ 
രണ്ടു വഴിയാത്രക്കാരെന്നു 
വെറുതെ സങ്കല്‍പ്പിച്ചു 
നോക്കുക മാത്രമല്ലേ ചെയ്യുന്നുള്ളൂ

ഒറ്റ സൂര്യനാണ് 
ഒറ്റ ഭൂമിയാണെന്ന് 
നമ്മള്‍ 
ഒറ്റയിലേക്ക് 
ഒരൊറ്റ 
ദേശത്തിലേക്ക് 
നമ്മള്‍
അത്രയും നിഗൂഢവുമായ 
ഒരു രഹസ്യം 
വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു...

 

നാല്

ശരിക്കും  ഒരറവുകാരിയായി ആണ് നിങ്ങള്‍ എന്നെ 
സങ്കല്‍പ്പിക്കേണ്ടത് 
നിശ്ശബ്ദമാക്കപ്പെട്ട 
നിലവിളികള്‍ 
തെറിച്ചു വീണിട്ടുണ്ടെന്റെ
മുഖത്തും 

നിസ്സഹായതയുടെ വഴുവഴുപ്പാണ് 
രണ്ടു കൈകളിലും 

മനം പിരട്ടുന്ന മടുപ്പിന്റെ 
മണം 
ഉണങ്ങിപിടിച്ചിരിക്കുന്നു 
കുപ്പായത്തിലുടനീളം . 

ഓരോ  തവണയും  എന്നെ 
കടന്നു പോകുമ്പോള്‍ 

നിങ്ങളെ പിടിച്ചു നിര്‍ത്തേണ്ടുന്ന
അവസാന ഞരക്കമോ 
മൂളലോ 
തുറിച്ച കാഴ്ചകളോ 
പിടയുന്ന നെടുവീര്‍പ്പുകളോ 
ഞാന്‍ കരുതിവെയ്ക്കേണ്ടതുണ്ട്. 

വെട്ടിയടര്‍ത്തിയിട്ട അവസാന നടത്തത്തെ 
ഇരുമ്പ് കൊളുത്തില്‍ 
ആരും കാണും വിധം 
തൂക്കിയിടേണ്ടിയിരിക്കുന്നു. 

അറവാളിന്റെ മൂര്‍ച്ചത്തിളക്കത്തില്‍ 
അറവുകാരിയെന്ന ഞാന്‍

ഒരേസമയം 

കണിശതയോടെ 
വെട്ടി നുറുക്കുന്നുണ്ട് 

വിഷാദത്തിന്റെ 
മുഴുത്ത മാംസ വളര്‍ച്ചകള്‍. 

അതിനടുത്ത നിമിഷം തന്നെ 

വേര്‍പെട്ടു പോയ ഉടലിലേക്ക് 
ഞാനറിയാതെ തന്നെ 
നുഴഞ്ഞുകയറുകയുംചെയ്യുന്നു. 

മഞ്ഞയുടെ ഉന്മത്ത ഗന്ധം 
പുതക്കുന്ന കാട് പോലെ 
വെട്ടിയിട്ട ദേഹവും 
അലങ്കരിക്കേണ്ടിയിരിക്കുന്നു. 

എന്നെങ്കിലും ഇത് വഴി കടന്നു പോവുകയാണെങ്കില്‍ 

അത്രയേറെ പരിചിതമല്ലെങ്കിലും 
ആരെങ്കിലും പറഞ്ഞു 
നിങ്ങളും കേള്‍ക്കാതിരിക്കില്ല.
 
വിചിത്രമായ ഈ തെരുവിന്റെ 
അനാഥമായ മൂലയെക്കുറിച്ചു 

അതിവിചിത്രമായ അനേകം 
അറവുശാലകളെ കുറിച്ച് 

ഇരുമ്പ് കൊളുത്തുകള്‍ 
തൂക്കിയിടുന്ന 
അറവുകാരികളെക്കുറിച്ച് 

ചോരമണം മായ്ഞ്ഞു പോയ 
ശൂന്യതയുടെ ഇരുമ്പ് 
വളയങ്ങളെ കുറിച്ച് 

നിരന്തരം തോന്നലുകള്‍ പോലെ 
തൂങ്ങിയാടുന്ന 
വേര്‍പെട്ടു പോയ ഇടങ്ങളെ കുറിച്ച്...

 

അഞ്ച്

അങ്ങനെയിരിക്കെ മരിച്ചു പോയെങ്കിലോ 
എന്ന് 
ഞാനും 
ചിന്തിച്ചു നോക്കി. 
നിങ്ങളെപ്പോലെ 

അകമുറികളില്‍ 
നിറവേവുകളായി 
എന്നെ 
തീക്കനലില്‍ 
ചുട്ടെടുക്കുമെന്നും 
വെറുതെ 
ആലോചിച്ചു,
നിങ്ങളെ പോലെ തന്നെ.

പരക്കം പായുന്ന 
തിരക്കിനിടയില്‍ 
എപ്പോഴോ 
അലമാരക്കകത്തുനിന്നും 
പ്രതീക്ഷിക്കാതെ 
താഴേക്കു
വീഴുന്ന 
ഒരോര്‍മയാവുമോ 
എന്നും
അളക്കുകല്ലിനടുത്തു 
മുഷിഞ്ഞ കുപ്പായക്കയ്യിനകത്തു 
മറന്നു വെച്ചൊരു 
പഴയ നോട്ടിന്റെ 
നനവാകുമോ 
എന്നും 
ആശ്ചര്യപ്പെട്ടു നോക്കി 

നിങ്ങളെ പോലെ
പാതിവായനയില്‍ മടക്കി വെച്ച താളില്‍ 
തീര്‍ന്നു പോവാതെ 
ഇടയ്ക്ക് വെച്ച് 
ഇറങ്ങിപ്പോയൊരാള്‍ 
പെട്ടെന്നു കയറി 
വരുന്നൊരു 
വിരസതയുടെ 
സായാഹ്നമാവുമോയെന്നും 

എനിക്ക് ചിന്തിക്കാമല്ലോ. 
ഇനി 
നിങ്ങളില്‍നിന്നും 
വ്യത്യസ്തമായും 
മരണശേഷം 
എനിക്ക് 
ചിന്തിക്കാമെന്നായിരിക്കുന്നു.

അത്തരമെന്റെ 
ചിന്തകള്‍ 
കവിതകള്‍ പോലെയാണ് 
ആര്‍ക്കും 
വായനയില്‍ 
അടിയറവ് വെയ്ക്കപ്പെടാന്‍ 
ആഗ്രഹിക്കാത്തത്. 

ഏതൊരു
ആത്മഹത്യാകുറിപ്പു പോലെയും 
സ്വന്തം ബോധ്യപ്പെടുത്തലുകള്‍ 
അടക്കം 
ചെയ്തത്. 

മരണമെന്ന് 
എത്ര ദൂരം 
എന്നോടൊപ്പം 
നിങ്ങള്‍ 
നടന്നു 
തുടങ്ങിയാലും 
എന്റെ 
ഊടുവഴികള്‍ 
തുടങ്ങുന്നിടത്തു 
തീര്‍ന്നു പോവുന്നത്

അത്രയും ലളിതമായ 
സുതാര്യമായ 
ഒരു
ആത്മഹത്യയോ
മരണമോ 
തുറന്നെടുക്കാനാവുന്നത്...

 

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!