തേരോട്ടം കാറോട്ടം, ആദില്‍ മഠത്തില്‍ എഴുതിയ അഞ്ച് കവിതകള്‍

By Vaakkulsavam Literary Fest  |  First Published Feb 12, 2020, 6:09 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് ആദില്‍ മഠത്തില്‍ എഴുതിയ അഞ്ച് കവിതകള്‍


ഒട്ടുമടങ്ങിയിരിക്കാതെ കണ്ണില്‍ കണ്ട വാതിലുകളെല്ലാം വലിച്ചുതുറക്കുന്നൊരു കുട്ടി കവിതയുടെ രാവണന്‍ കോട്ടകളില്‍ ചെന്നുപെടുമ്പോള്‍ സംഭവിക്കുന്നതെന്തോ അതാണ് ആദില്‍ മഠത്തിലിന്റെ കവിതകള്‍. 'കുരുത്തംകെട്ടൊരു' കുട്ടിയുടെ അന്തംവിട്ട കൗതുകവും ഊര്‍ജവും. കവിതയുടെ കണ്ണട വെച്ച് പല ദിശകളിലേക്കുള്ള ഓട്ടങ്ങള്‍. എന്നാല്‍, അമ്പരപ്പിന്റെ കുഞ്ഞിക്കണ്ണുകള്‍ കൊണ്ടല്ല, ചരിത്രത്തിലേക്കും പാരമ്പര്യത്തിലേക്കും വേരാഴ്ത്തുന്ന സൂക്ഷ്മദൃഷ്ടിയും താളബോധവും പ്രായത്തെ അതിശയിപ്പിക്കുന്ന കാവ്യാവബോധവും കൊണ്ടാണ് ആദില്‍ സ്വയം പകര്‍ത്തുന്നത്. പലപ്പോഴും അതിവാചാലതയിലേക്കും സംഭാഷണപരതയിലേക്കും ക്രാഷ്‌ലാന്റ് ചെയ്യുന്ന സമകാലീന കവിതയുടെ വഴിയില്‍നിന്നും മുഖംതിരിഞ്ഞുനില്‍ക്കാന്‍, ഒരിടത്തും നില്‍പ്പുറക്കാതെ സന്ദേഹിയായി പാഞ്ഞുനടക്കാന്‍ ആദിലിന്റെ കവിതകള്‍ക്ക് കഴിയുന്നത് അതിനാലാണ്. സ്വയം പുതുക്കാനും സ്വന്തം വഴി കണ്ടെത്താനുമുള്ള ആ ധൃതിയാണ് പല രൂപഭാവങ്ങളിലേക്കും പല നിലയ്ക്കുള്ള ബോധ്യങ്ങളിലേക്കുമുള്ള ആദില്‍ കവിതകളുടെ സഞ്ചാരം സാദ്ധ്യമാക്കുന്നത്. ജീവിക്കുന്ന പ്രദേശവും മത-സാമുദായിക ജീവിതവും സംസ്‌കാരവും തനിമയും രുചിയുമെല്ലാം കൂസലില്ലാതെ അതില്‍ കടന്നുവരുന്നു. എന്നാല്‍, വാചാലതയല്ല, സൂക്ഷ്മതയാണതിന്റെ വഴി. ആവശ്യത്തിനേ ഉള്ളൂ, എഴുത്ത്. മൗലികവും പുതുമയുള്ളതുമായ ഇമേജറികളും നോട്ടപ്പാടുകളും രൂപപരമായ പരീക്ഷണങ്ങളും പുതിയ കാലത്തിലേക്ക് വിളക്കിച്ചേര്‍ത്ത താളങ്ങളും ആ കവിതകള്‍ക്കൊപ്പം നടക്കുന്നു. വൃത്തവും താളവും പാരമ്പര്യത്തിന്റെ ഊര്‍ജവുമൊക്കെ അടിനൂലായി കിടക്കുമ്പോഴും ഇക്കാലത്ത് ജീവിക്കുന്ന ചെറുപ്പക്കാരുടെ ഭാഷയും കുതൂഹലങ്ങളും ജീവിതവേഗങ്ങളും അതില്‍ തുളുമ്പുന്നു. 

 

Latest Videos

 


തേരോട്ടം കാറോട്ടം

ദൂരയാത്രയില്‍ പാതിദൂരത്ത്  
നിര്‍ത്തിയിട്ട കാറില്‍
ഇരുള്‍പരപ്പില്‍  
ഭൂമിയില്‍നിന്നും ആകാശം
വലിച്ചുയര്‍ത്തി പായും
സൂര്യരഥത്തിന്‍ കുളമ്പടികളില്‍
ചിതറും നിറങ്ങള്‍ കണ്ടമ്പരന്ന്

പുലര്‍ച്ചെയെത്തേണ്ടുന്നിടത്തേക്ക്
മയക്കത്തില്‍ വൈകിയേടത്തു നിന്നും
കാറില്‍ കുതിച്ചു പായുന്നു ഇരുണ്ട റോട്ടില്‍

മേലോട്ടു ചെരിച്ചു വെച്ച പിന്‍വ്യൂ മിററില്‍
ഇരുള്‍ മേഘ നീലിച്ചയില്‍
സൂര്യനോടിഞ്ചിഞ്ചായ് അകന്നകന്നു ദൂരേക്ക് കുതിക്കും മീറ്ററിന്‍
എഞ്ചിന്‍ മുരള്‍ച്ചയില്‍
നീലിച്ചു തെളിയും
വാനം തുളയ്ക്കുവാന്‍
ഹിപ്പ് ഹോപ്പ് പാട്ടിലൂടെ
തെറിക്കുന്നു കാറ്
പെരുക്കും ബാസിട്ടലച്ച്
കുതിക്കും കാറ്
ഹോണടിച്ചൊച്ചയിട്ടിട്ടും
കിഴവന്‍ കുതിരകള്‍ വലിക്കും രഥം  
ഒരൊറ്റ ചാട്ടവാറടി പോലും
മുഴക്കാതെ ചവിട്ടിച്ചവിട്ടി
ആകാശം ഉയര്‍ത്തിയുയര്‍ത്തി
കാറിന്നു വഴി തുറന്നു.



പൗര്‍ണ്ണമിചന്ദ്രന്‍ കാളവണ്ടി

കാളവണ്ടിക്കുലുക്കത്തില്‍
റാക്കു മോന്തിയോരന്തി
പൗര്‍ണ്ണമിച്ചന്ദ്രന്‍
കുളമ്പടികള്‍.

പാട്ടു പാടുമോയെന്ന്
പാട്ടിലല്ലേയെന്ന്
പാട്ടുറക്കേയെന്ന്
പാട്ടുമെല്ലേയെന്ന്
പാട്ടു... പാ...ട്ടെന്ന്
മൂര്‍ഛിക്കും
മണ്‍വഴി.

കറുംകൂട്ടപ്പക്ഷികള്‍  
കരിവാനം തുളക്കുമ്പോള്‍
മുറിയും നിലാത്തുണ്ടുകള്‍
നീറിനീറി മായുന്നു.

കുന്നഴച്ചിട്ട കാറ്റ്
തിരയടിക്കും പാടങ്ങള്‍...
വരമ്പുകള്‍ക്കപ്പുറം
ഓലമേഞ്ഞ പുരകള്‍
ചുവപ്പിക്കും നാളങ്ങളില്‍
പിടഞ്ഞുരുകുന്നു കാറ്റ്...

പൗര്‍ണ്ണമി ചന്ദ്രനെ
കൊത്തുന്നു കാക്കകള്‍
കൊമ്പനാനാനയിരുട്ടില്‍
കൂവുന്നു കുറുക്കന്മാര്‍.

പാട്ടു ചോര്‍ന്നു പോയ്
കുപ്പി കാലിയായ്
ഒച്ചയടഞ്ഞവന്‍
ഉച്ചത്തില്‍ കരച്ചിലായ്.

പാടത്തിരുട്ടിനെ അറവാളിലീറും
തവളക്കൂര്‍ക്കല്‍ പെരുക്കമായ്.

തൂക്കുവിളക്കിലാടും
മഞ്ഞവെളിച്ചം നക്കി
ഇരുട്ടത്തടിവെയ്ക്കുന്നു
കല്ലുതട്ടിത്തടഞ്ഞ കാളകള്‍ -

വെള്ളം മണത്ത
നീലക്കുളത്തിന്‍
ആഴപ്പരപ്പില്‍
പൗര്‍ണ്ണമി ചന്ദ്രന്‍!.

നിലാവു മോന്തി
കാളക്കുളമ്പടികള്‍
പൊങ്ങിത്താഴും
കാളവണ്ടിപ്പിന്നിലിരിപ്പൂ
പൗര്‍ണ്ണമി ചന്ദ്രന്‍ !.

ആടിയാടിയുറങ്ങവേ
താഴേക്കു വീണ കുപ്പി
ഒച്ചയില്ലാ......യ്മയില്‍
പൊട്ടിച്ചിതറി !.


കവിയും ദു:ഖവും

തുടിക്കും വാക്കിനാല്‍ കനി
കൈയ്യില്‍ വീഴ്ത്താനാമോ?.

കൊതിച്ചു നില്‍ക്കണോ താഴേ
കാറ്റിറുക്കുവോളം?.

വിറയ്ക്കും കനിയൊരു
പഴുക്കില കൊഴിക്കും.

വെയിലിന്‍ കനിമഞ്ഞ
മധുരനീര്‍ കിനിയ്ക്കും.
 
കാറ്റിറുക്കും കനിയെന്റെ
കൈക്കുടന്ന ചോരുമോ?.

ഈമ്പുവാന്‍ അണ്ണാര്‍ക്കണ്ണന്‍
കൊത്തുവാന്‍ കാക്കച്ചി,യെത്തും.

കാവലായ് നിന്നേനെ ഞാന്‍
രാപകല്‍ കാത്തേനെ -

കൂരിരുട്ടില്‍ ദശവെച്ചു
പൗര്‍ണ്ണമി തെളിവോളം.

കൈയില്‍ വീഴും കനി
ഉള്ളം കൈയിനുള്ളിലണച്ച്

മൊത്തി മണ,ച്ചുനയേറ്റു
നീറ്റലില്‍ കണ്‍നിറയേ...

എങ്ങു നിന്നോ വന്നൊരുത്തന്‍
എങ്ങുമില്ലാ കനിതേടി .

കാക്കുമെന്നെക്കാണാതെ
കേറിമേലേക്കേന്തിയുന്തി-

മരം പോലുമറിഞ്ഞീല ചില്ലയൊന്ന,നങ്ങീല
ഇലകള്‍ കണ്‍തുറന്നീല, ഞെട്ടറുക്കുകയായി !.


ആനയെ കണ്ടാല്‍!

എവിടെ നിന്നും
എപ്പോഴാണെങ്കിലും
നേരേ വരാം.

ഇടിഞ്ഞു മെലിഞ്ഞ
കൊമ്പന്‍ വിളിയുണ്ട്
മുറിഞ്ഞ കുഴലുകളില്‍.

പെട്ടെന്നു കണ്ടാല്‍
ഒറ്റയ്ക്കാണെന്നേ തോന്നു
അറിയാതൊന്നു വിറക്കും
അനങ്ങാതങ്ങു നില്‍ക്കും.

ചങ്ങലക്കാല്‍ നീറിയുരഞ്ഞ്
ഇണങ്ങിക്കുണുങ്ങിയെത്തും
തോട്ടിക്കാലില്‍ കൊമ്പന്മാരൊത്ത്.

തിരിഞ്ഞൊന്നു നോക്കാതെ
പോവുമതിന്‍ കണ്ണില്‍
കാണില്ലയെന്നെയും
നിന്നെയും ഒന്നിനേയും.

ആനച്ചൂരുള്ള വഴി
പച്ചപിണ്ടകള്‍
ഒന്നൊന്നായ്
നിരന്ന്
പിന്നാലെ
വരാവുന്ന
നിന്നെ
ഭയപ്പെടുത്തുമോ?.
അതോ
ആനവാലിനായ്
ആ വഴി
തിരഞ്ഞു
ചെല്ലുമോ?.

ഉത്സവപ്പറമ്പില്‍
അണിഞ്ഞൊരുങ്ങിയോ
ചുറ്റിലെപ്പറമ്പില്‍
ചെവിയാട്ടിയോ
നില്‍ക്കുമതിന്‍
പിന്നില്‍ ചെന്ന്
രോമം പറിക്കുമ്പോള്‍
വാലൊന്ന് പൊക്കി
പിന്നിലൂടെ കേറ്റാനും
കൂടി തോന്നുമോ?


കിണറ്റുപാട്ട്

കയററ്റത്താടിയാടി
ഇരുമ്പന്‍ കോരി.
ഇലപ്പടര്‍പ്പിടയൂടെ
കിണറ്റില്‍ മുങ്ങി.

ഇരുള്‍വെട്ടും വെള്ളമതില്‍
കനത്തു നിന്നു.
വലിച്ചു കേറ്റിടും നേരം
കയര്‍ വിറച്ചു.

നിറവെള്ളം തുളുമ്പാതെ -
യെടുക്കും നേരം
തുരുമ്പിന്‍ ഭാഷയിലെന്തോ
പറഞ്ഞു കപ്പി.

നിറയ്ക്കാനായ്
മൂന്നുവട്ടം മുങ്ങിയ കോരി -
യ്ക്കകത്തേക്കു ചാടിവന്നു
കുഞ്ഞുമീനൊന്ന്.

ഒന്നുകൂടെ മുങ്ങിനീര്‍ന്നു
തുരുമ്പന്‍കോരി
വെള്ളവും മീന്‍കുഞ്ഞുമില്ലാ-
തുയര്‍ന്നു വന്നു!

 

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!