വാക്കുല്‍സവത്തില്‍ ഡോ. എം പി പവിത്രയുടെ ആറ് കവിതകള്‍, പെയിന്റിംഗുകള്‍.
ഏതുവഴിക്കു പോയാലും സ്‌നേഹത്തില്‍ ചെന്നു നില്‍ക്കുന്ന യാത്രകളാണ് ഡോ. എം പി പവിത്രയുടെ കവിതകള്‍. സ്‌നേഹത്തിന്റെ ഭിന്നഭാവങ്ങള്‍. അവിടെ പ്രകൃതിയും മനുഷ്യരും ഇഴ ചേരുന്നു. സ്വപ്‌നങ്ങളും ഭാവനയും അസാധാരണമായ ചാരുതയോടെ കലരുന്നു. മിത്തുകള്‍ക്കും അതീതസ്വപ്‌നങ്ങള്‍ക്കും ചിറകു മുളയ്ക്കുന്നു. പെണ്‍മയുടെ ഏറ്റവും ആര്‍ദ്രമായ, സ്വപ്‌നാഭമായ അനുഭവം ഓരോ വരിക്കൊപ്പവും നൃത്തം ചെയ്യുന്നു. വാക്കുകള്‍ എങ്ങനെ സ്വപ്നത്തെ ഉള്‍വഹിക്കുന്നുവെന്ന് കാണിച്ചുതരുന്നു. ഹൃദയത്തിലേക്ക് ഏറ്റവും സൗമ്യമായി ചേര്‍ന്നു നില്‍ക്കുന്നു.
ഏറ്റവും കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ പോലും അവിടെയെത്തുമ്പോള്‍ കിന്നരിത്തലപ്പാവണിയുന്നു. മുറിവുകള്‍ വസന്തത്തെ നോല്‍ക്കുന്നു. വേദനയുടെ ആഴങ്ങളില്‍നിന്നും കുഞ്ഞുപൂക്കള്‍ തലനീട്ടുന്നു. എല്ലാ വിഷാദവും മായ്ക്കുന്ന ഇളം കാറ്റുകള്‍ വരികള്‍ക്കിടയിലൂടെ യാത്രപോവുന്നു. കാതോര്‍ത്താല്‍, ആ വരികള്‍ സംഗീതമാവുന്നത് അനുഭവിക്കാം. കണ്ണയച്ചാല്‍, ഓരോ വാക്കും ദൃശ്യമായി മാറുന്നത് തൊട്ടറിയാം. ആര്‍ദ്രമാണ് ആ കവിതകളുടെ വഴി. പെണ്‍മയുടെ ആഴത്തിലുള്ള ആവിഷ്‌കാരങ്ങള്‍. അത് കവിതയ്ക്കു മാത്രം തൊടാനാവുന്ന, ആഴങ്ങളെ തീവ്രമായി പുല്‍കുന്നു.
വാടകവീട്
വിട്ടുപോന്നാലും-
ഓരോമുറിയിലും ഞാന്‍ മറന്നുവച്ചിട്ടുണ്ട്.
ചിരി, കരച്ചില്‍, ഒരിറ്റുസ്വപ്നം, സംശയം
ചവിട്ടുപടികളില്‍ ബാക്കിവച്ചിട്ടുണ്ട്
ഓരോരോ മതിഭ്രമങ്ങള്‍.
ചുവരിനുതാഴെ എന്റെ രണ്ടുവയസ്സുകാരിയുടെ
ക്രയോണ്‍ ചിത്രങ്ങള്‍.
കുതിരയെപ്പോലെ തോന്നിപ്പിക്കാത്ത കുതിര.
മണമില്ലാത്ത നാല്‍പത്തിമൂന്നുരപൂക്കള്‍,
തുമ്പിയെന്നു തോന്നിപ്പിക്കുന്ന വരകള്‍,
വാലില്ലാത്ത പൂച്ച, കുറേ വട്ടപ്പൂജ്യങ്ങള്‍.
മഞ്ഞുമുത്തച്ഛന് തൊപ്പിവച്ചുമറഞ്ഞു-
പോകുന്നതു കാണാന് തുറന്നിടുന്ന
ഒറ്റ ജനാല.
വൈകുന്നേരത്തു തിരിച്ചുവരുമ്പോള്‍
എന്നും പടിപ്പുറത്ത്
തിളങ്ങിക്കൊണ്ട് കാത്തിരിക്കാറുള്ള-
അഞ്ചുമണിയുടെ ക്ഷീണിച്ചവെയില്‍
വാതില്‍പ്പാളി വിടവില്‍ കുരുങ്ങി-
കിട്ടാതെപോയ
കണ്മഷിയളുക്കിന്റെ കറുത്ത മൂടി.
വഴിയോരത്തിലേക്ക് കവിള്‍തുടുപ്പിച്ച്
പിണങ്ങിനില്ക്കുന്ന ഉണ്ടത്തക്കാളിപ്പാടം
അമ്മയും മകളും ഞാനും ചുവട്ടിലിരിക്കെ
നേര്‍ത്ത ഇഷ്ടത്തിന്റെ ഗന്ധങ്ങളെ
വായുവിലേക്ക് തുപ്പുന്ന ഏഴിലംപാലമരം.
തൊഴുത്തിലെ മണ്‍നിറപ്പശുവിന്റെ
ഉരമുള്ള നാവ്.
തമിഴ് മണക്കുന്ന വേപ്പിന്‍ചുവട്ടില്‍
പുറംവേദനിക്കും വരെ വരിയില്‍ നിന്ന്
എന്റെ കുട്ടിയുടെ അച്ഛനും ഞാനും
ചുമന്നുകൊണ്ടു വന്നിരുന്ന കുടിവെള്ളം-
മണ്ണില്‍ത്തുളുമ്പിയതിന്റെ-
ഉണങ്ങിയ അടയാളങ്ങള്‍.
വീടിനു പിന്നിലുള്ള
മയിലാടും കുന്നിലെ പക്ഷികള്‍
മഴപെയ്യും മുമ്പ് നമുക്കായിമാത്രം
വിശറിപോലെ നിരത്തുന്ന
മയില്‍ത്തൂവലുകളുടെ സംഘനൃത്തഭംഗികള്‍!
മയിലാടുന്നപോലെ മഴയാടുന്ന-
ചില ചില നേരങ്ങള്‍.
നെറ്റിയില്‍ ചുവന്ന കണ്ണുമിന്നിക്കുന്ന
വിമാനങ്ങളുടെ
മേഘങ്ങളെ ഒരു വശത്തേക്കുന്തിമാറ്റിയുള്ള
പറന്നുപോകല്‍.
കാറുവരുമ്പോള്‍ ചക്രം തുളഞ്ഞു കയറാനായി
ചേരിയിലെ കറുത്ത കുട്ടികള്‍
നടവഴിയില്‍ മണ്ണുകൂട്ടി
മുനമാത്രം പുറത്തേക്കുനിര്‍ത്തുന്ന
ഒരു ഇരുമ്പാണി...
പെയിന്റിംഗ്: ഡോ. എം പി പവിത്ര
ഇല്ലായ്മകള്‍
ഒരു വഴിവേണം
അര്‍ബുദം പോലെ പെട്ടെന്നു പടര്‍ന്ന്
മുറിച്ചുമാറ്റിയാലും
കോശങ്ങളിലാകെയിരട്ടിച്ച് നിറഞ്ഞ്
വേദനിപ്പിക്കുന്ന സ്‌നേഹത്തെ
വലിച്ചെറിയാനുള്ളവഴി.
കരച്ചില്‍പോലെ സ്‌നേഹം
ഉള്ളില്‍തലതല്ലുമ്പോള്‍
ചെമ്പട്ടും തെച്ചിമാലയുമിടുവിച്ച്
അറ്റംകൂര്‍ത്ത വാളുകൊണ്ട്
അതിന്റെ തലയറുക്കാനുള്ളവഴി.
കാരണം
പതുക്കെവന്നതുതൊടുംനേരം
മനസ്സ് കഠിനമായി വിറയ്ക്കുകയാണ്-
അലറി പൂക്കുന്നതറിയുന്ന കാറ്റുപോല്‍.
കാറ്റിന്റെ സാരംഗി മീട്ടി
ഉള്ളില്‍ തലകീഴായി തൂങ്ങിക്കിടന്ന്
അത് വേതാളത്തെയോര്‍മ്മിപ്പിക്കും.
രാവെന്നോ പകലെന്നോ ഭേദമില്ലാതെ
നിങ്ങളുടെ സ്വസ്ഥതകളെ
മുഴുവനായും അത് കീറിയെടുക്കും.
ഓരോ സ്‌നേഹവും യാത്രകൂടിയാണ്.
ഹൃദയത്തില്‍നിന്നു ഹൃദയത്തിലേക്ക്
ഒറ്റത്തടിപ്പാലത്തിലൂടെയുള്ള വീഴാത്ത യാത്ര
അടുക്കളപ്പുറത്ത്
കടുകും ഉള്ളിയും മൂപ്പിക്കുന്ന ഗന്ധത്തെ വകഞ്ഞ്
മഴച്ചില്ലിനെ എറിഞ്ഞു പൊട്ടിച്ച്
ഏതുനേരവും അതുള്ളില്‍ത്തുളുമ്പി
സൈ്വര്യം കെടുത്തും
ഓരോ അയനങ്ങളിലും
ഇഷ്ടസുഖമായും
പിന്നെ നിറച്ചും സങ്കടങ്ങളായും
മരിച്ച കുട്ടികളെപ്പോലെ
വിലങ്ങനെ കിടക്കുന്ന വേപ്പിലകളെ
ചവിട്ടിമെതിച്ച്
ഏതുനേരത്തും അതു വരാം.
അപ്പോള്‍,
മഷിത്തണ്ടിന്റെ സൗമ്യക്കണ്ണീരുപുരണ്ട്
പണ്ടത്തെ സ്ലേറ്റിലെ
ബാല്യം മാഞ്ഞതുപോലെ-
ഒരില്ലായ്മ.
പെയിന്റിംഗ്: ഡോ. എം പി പവിത്ര
കാടകപ്പച്ചകള്‍
തിരഞ്ഞിരുന്നു
അര്‍ദ്ധചന്ദ്രനാല്‍ മൂക്കുത്തിയിട്ട്
കറുത്തപെണ്ണിനെപ്പോലെ നില്ക്കുന്ന
ആകാശത്തില്‍
രഹസ്യമായെന്റെ ജടയിലൊളിപ്പിച്ചാലും
പുറത്തുവിട്ടാല്‍
താങ്ങാനാവാത്ത കരുത്തോടെ കുത്തിയൊഴുകാന്‍
കുതിക്കുന്ന ജാന്വവിയെപ്പോലെ
വേദനിപ്പിക്കുന്ന നെറുകയിലെ ഭാരത്തില്‍
മര്‍ദ്ദമേല്‍പിച്ചുകൊണ്ട്
തിളയ്ക്കുമ്പോള്‍ പാടചൂടുന്ന പാലിനെപ്പോലെ
സങ്കടമമര്‍ത്തുമ്പോഴും കുതറിക്കൊണ്ട്
കൊട്ടിയുണരുന്ന ഹൃദയമിടിപ്പില്‍
ഉന്മാദംപോലെ
ഞരമ്പുകളില്‍ പതിഞ്ഞുനീറുന്ന നീലരക്തത്തില്‍
ഉള്ളിലേക്കും പുറത്തേക്കുമെന്ന കണക്കിന്
എടുക്കുകയും പുറന്തള്ളുകയും ചെയ്യുന്ന ശ്വാസവേഗങ്ങളില്‍
പ്രാണന്റെ നീരില്‍... ഒരു കണ്ണിലെ ഭൂമിയില്‍
മറുകണ്ണിലെ ആകാശത്തില്‍
പച്ചകളിലേക്ക്
വേരാഴ്ത്തിയസ്തമിക്കുന്ന
മാദകപ്പകലുകളില്‍
പൊടിമണ്ണിലുരുണ്ട്
മരംകേറിയിളകുന്ന ഭ്രാന്തന്‍കാറ്റില്‍
കാറ്റനക്കങ്ങളില്‍ പിടയുമ്പോഴും
ഇലഞ്ഞരമ്പുകളുടെ
പച്ചപ്പച്ചഗാഢതയില്‍
കസവുപാവാടയിട്ട പെണ്‍കിടാങ്ങളെപ്പോലെ
മരച്ചുവട്ടില്‍ ചാരിയിരിക്കുന്ന അരളിപ്പൂക്കളില്‍
സുമശരഭംഗിയൂറ്റുന്ന നിലാവില്‍
ഒക്കെക്കലങ്ങിപ്പടര്‍ന്നത്
എന്റെ കാണാതെപോയ കവിതയായിരുന്നു.
പെയിന്റിംഗ്: ഡോ. എം പി പവിത്ര
ശ്രീരാഗങ്ങള്‍
ഒരിക്കല്‍
എന്നെങ്കിലുമൊരിക്കല്‍
എന്റെ വീട്ടിലേക്കുവരണം
മഴയുടെ കൃഷ്ണകിരീടങ്ങളിലേക്ക്
കാറ്റു ചാറുന്നത് കാണാന്‍ വേണ്ടിമാത്രം...
ചേമ്പിലകള് മഴയത്ത് തബലകൊട്ടും
തൂക്കണാംകുരുവികളെപ്പോലെ
തൂങ്ങിക്കിടക്കുന്ന
കുരുമുളകുവള്ളിയുടെ ഇലകളില്‍
മഴയുടെ പഞ്ചവാദ്യമുണ്ടാവും...
മഴയുടെ ദേവന്‍
തന്റെ വെള്ളിരഥത്തില്‍ പ്രയാണം തുടങ്ങുമ്പോള്‍
കടലാസുതൊട്ടമഴത്തോണികള്‍ വല്ലാതെ വിറയ്ക്കും...
ഒരിക്കല്‍ വരണം വീട്ടിലേയ്ക്ക്.
മഴയുടെ വെള്ളമന്ദാരങ്ങള്‍
മണ്ണിലും മേഘത്തിലും ഒരുമിച്ചുവിരിയും
അതുകണ്ട് കണ്‍നിറയ്ക്കണം.
മഴ മണ്ണിനേയോ, മണ്ണ് മഴയേയോ
ആദ്യം തൊടുന്നത്?
സംശയത്തിന്റെ മേലാപ്പുവിടര്‍ത്തി
ഞൊറിവച്ച മഴത്തിരശ്ശീലകള്‍
ഓടിട്ട വീടിനുമേല്‍ അഴിഞ്ഞഴിഞ്ഞുവീഴും...
കോപത്തിന്റെ ചെന്തീക്കണ്ണടച്ച്
സൂര്യന്‍ ഉറക്കത്തിലായിരിക്കും...
മഴപ്പെരുക്കങ്ങളില്‍ കാലിടറാതെ
കൊത്തുപണിവാതിലുള്ള മച്ചിന്റെ മുന്നിലെ
ഒറ്റ ജനാലതുറന്നാല്‍ കാണുന്ന നടുമുറ്റത്ത്
ബാധയേറ്റ പെണ്ണിനെപ്പോലെ
മഴതലതല്ലിയുരുളുന്നതും
കടിച്ചവിഷം തിരിച്ചിറക്കാന്‍ വന്ന പാമ്പിനെപ്പോലെ
നിസ്സഹായതയോടെ
ഉമ്മറക്കല്ലില്‍ തലയടിക്കുന്നതും കാണണം.
മുരിക്കിന്‍ പൂവുകള്‍ ക്ഷയച്ചുവപ്പാര്‍ന്ന്-
നെറുകന്തലപൊട്ടിമരിച്ചുകിടക്കുന്ന
മണ്‍നിലങ്ങളില്‍ നിന്ന്
ആയിരമിരട്ടി ശക്തിയോടെ
അവയെ ഉയര്‍ത്തിവട്ടം കറക്കുന്ന-
മഴയാവണം എനിക്ക്.
എന്നിട്ട്
ഒരേയൊരാളെ മാത്രം നനയ്ക്കണം
ഒരൊറ്റയാള്‍ക്കായുള്ള ജലധാര
ഒരൊറ്റയാള്‍ക്കായുള്ള സ്നേഹം പുരട്ടിയുള്ള ഉഴിച്ചിലുകള്‍
ഒരൊറ്റയാള്‍ക്കായുള്ള
സൗമ്യപ്രാര്‍ത്ഥനകള്‍.
പകരമായൊന്നും തരരുത്...
ഒന്നും തിരിച്ചുമോഹിക്കാതെ
മുഴുവനായും ഒരാള്‍ക്കുവേണ്ടിമാത്രം
പെയ്തുപെയ്തലിഞ്ഞലിഞ്ഞില്ലാതാവാനുള്ള
മേഘവിചാരം.
പെയിന്റിംഗ്: ഡോ. എം പി പവിത്ര
മാധവം
അങ്ങ് എന്തു ജാലമാണ്
എന്നുള്ളില്‍ ചെയ്യുന്നത്...
ഒറ്റത്തവണ വിചാരിക്കുമ്പോഴേക്കും
കണ്മുന്നില്‍ ചുവന്ന അരളികള്‍ വിരിയുന്നു
പാദമൂന്നുമ്പോള്‍ ഓരോ കാല്‍ വെയ്പ്പിലും
മണ്ണില്‍ നിന്ന് കുടകപ്പാലപ്പൂക്കളുടെ ഗന്ധം പൊങ്ങുന്നു...
ഞാന്‍് ഉന്മാദിനിയാകുന്നു...
കുഴലൂത്തില്‍ മുഴുവന് ലോകത്തേയുമെന്നപോലെ
എന്നേയും എന്റെ ലോകങ്ങളേയും മയക്കുന്നതെന്തിന്?
രാവിനെക്കാളും കറുത്ത അങ്ങയുടെ ചുരുള്‍മുടി
കെട്ടഴിഞ്ഞുവീണ് കരിങ്കടലായെന്നെ വലിച്ചാഴ്ത്തുന്നു...
വേണുവൂതും മുമ്പ് ഞാനെന്നെ മറക്കുന്നു
ഏഴു രാഗങ്ങള്‍ മഴവില്ലായെന്നിലലിയുന്നു....
നിലാവുദിയ്ക്കും പോലെ, അങ്ങയുടെ ചിരി
ഞെട്ടറ്റു വീഴുന്നത് എന്നിലേക്കാവുന്നതെന്തേ?
എത്രയോ ജന്മം വെറും മണ്‍കുടവുമായി ഞാന്‍
പൂക്കാത്ത കടമ്പിന്‍ ചുവട്ടില്‍ വെറുതെ നിന്നിരിക്കാം...
പിന്നെ, പീലി ഭംഗിയുള്ള ഒരു സായന്തനത്തെ
നെറുകയില്‍ ചൂടി, മാറിനിന്നിരിക്കാം...
പീതാംബരം പോലെ ആകാശം,
മഞ്ഞയാലെന്നെ മോഹിപ്പിക്കുന്നു...
വേലിയേറ്റമുള്ളപ്പോള്‍ ചന്ദ്രനിലേക്കെന്നപോലെ
എന്റെ കടല്‍ മുഴുവന് അങ്ങയെ തൊടാനായി
ഇളകിയാര്‍ക്കുന്നു...
ആകാശം നിറയുന്ന ചന്ദ്രനെ തൊടാന്‍.
പക്ഷേ, ഇളക്കങ്ങളോടെ ഞാനെന്ന കടല്‍
തിരയിളക്കിക്കൊണ്ടസ്വസ്ഥമായി
എന്നിലേക്കുതന്നെ പിന്‍ വലിയുന്നു
എന്നില്‍ത്തന്നെ ഒതുങ്ങുന്നു...
ഒരു കടലിന് ഒരിക്കലും ആകാശം തൊടാനാവില്ല
എന്ന തിരിച്ചറിവിനാല്‍.
പെയിന്റിംഗ്: ഡോ. എം പി പവിത്ര
വഴി
എന്റെ ആനക്കൊമ്പന്‍പ്രണയം
അതിന്റെ
വെളുത്തമൂര്‍ച്ചകുത്തിയിറക്കുമ്പോള്‍
അറ്റത്ത്
നിന്റെ രക്തനിറസ്നേഹം
തുള്ളികളായി പറ്റിപ്പിടിക്കണമെന്നാശിക്കുന്നു.
(ചുരുക്കിപ്പറഞ്ഞാല്‍-
സ്നേഹിച്ചുസ്നേഹിച്ചുകൊല്ലാന്...)
നിന്റെ ഇരുകണ്ണുകളിലേക്കും വിഷക്കാറ്റൂതി-
കാഴ്ചവെളിച്ചങ്ങള്‍ മുഴുവനില്ലാതാക്കാന്‍-
നാഗംപോലിഴയുന്ന എന്റെ പ്രണയം....
അത് സ്വാര്‍ത്ഥതയാണ്-
എന്റെ വിരല്‍ത്താങ്ങിലൂടെയല്ലാതെ
ലോകത്തെ നീ അറിയരുതെന്ന്.
പ്രിയമുള്ളൊരുവാക്കോ, ഉടലാകെ
പൂവിതളുകളെറിയുന്ന ഉമ്മകളോ
കാല്‍തൊടുമ്പോള്‍ ശിലപിളര്‍ന്ന്
പുറത്തുവന്നുകോരിത്തരിക്കുന്ന-
സ്ത്രീത്വമോ, എന്റെ പ്രണയത്തിലില്ല.
അതിലുമപ്പുറം; അത്
അഞ്ചിന്ദ്രിയങ്ങളിലും നിറഞ്ഞ്
നാനാര്‍ത്ഥങ്ങളാല്‍ പരന്ന്
ശംഖിനുള്ളില്‍ കടലിരമ്പമാകുന്ന
കാറ്റൊച്ച
ഒറ്റമണിക്കണ്ണീര്‍ച്ചൂട്.
പ്രണയം പച്ചനെല്ലിക്കയായി
ഉള്ളിലേക്കുരുണ്ടുവീണ്
ആദ്യത്തെകയ്പും, പിന്നത്തെ-
അസ്വാസ്ഥ്യമധുരവുമാകുന്നു.
ഇന്ദ്രജാലക്കാരനെപ്പോലെ
അത് മന്ത്രവടിയുഴിയുമ്പോള്‍
കുഴല്‍ വിളിച്ചുകൊണ്ട് വേഗം-
മനസ്സില് നീ വരുന്നുണ്ട്
ഒന്നിലധികം ചമ്പകള്‍
എടുക്കുമ്പോഴൊന്നും, തൊടുക്കുമ്പോള്‍ പത്തും
തറച്ചുകയറുമ്പോള്‍ ആയിരംവേദനകളുമായി
പ്രണയമിരട്ടിക്കുമ്പോള്‍
ഓരോവൃദ്ധിക്കും ഓരോ ക്ഷയമുണ്ടെന്ന്-
പൂര്‍ണ്ണചന്ദ്രന്‍ തേങ്ങാപ്പൂളായി-
പിന്നെയും നേര്‍ത്തുമറയുന്ന-
അമാവാസികള്‍ ഭയപ്പെടുത്തുന്നുണ്ടെങ്കിലും
കാറ്റടിച്ചാലും പുല്ലിന്തുമ്പത്ത്
പിടഞ്ഞുകൊണ്ട് കെട്ടിപ്പിടിക്കുന്ന
ജലത്തുള്ളിപോലെ
എന്റെ പ്രണയം
ഉലഞ്ഞാലും പെയ്തുതീരുന്നില്ല....
വിറച്ചാലും തുളുമ്പുന്നില്ല.
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍
ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍
എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ
അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍
ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ
കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍
ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍
യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത
കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം
യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍; സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍
പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍
ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ
സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍
ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം
വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ
പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍
വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി
കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍
ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍
യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം
സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍
അയ്മനം ജോണ്‍ എഴുതിയ കഥ, ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍
തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍
മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി
ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം
ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍
വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍
ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ
ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും
ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍
പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ്
എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?
കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍
നിശ്ചല യാത്രകള്‍: മാങ്ങാട് രത്‌നാകരന്റെ കോളം
വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല
പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ