വാക്കുല്‍സവത്തില്‍ ഇന്ന് വി ജയദേവ് എഴുതിയ കഥ
ഫിക്ഷന്‍ തോറ്റുപോവുന്ന ഇന്ത്യന്‍ ജീവിതങ്ങളിലേക്ക് മാധ്യമപ്രവര്‍ത്തകനെന്ന ഭാരവുമായി എടുത്തെറിയപ്പെട്ട ഒരെഴുത്തുകാരന്‍ പങ്കുവെയ്ക്കുന്ന അന്തംവിട്ട അനുഭവങ്ങളാണ് വി ജയദേവിന്റെ എഴുത്തുകള്‍. നാമറിയുന്ന അനുഭവങ്ങള്‍. അതിന്റെ ഉള്ളകങ്ങളില്‍ നമുക്ക് സങ്കല്‍പ്പിക്കാനാവാതെ പുകയുന്ന തീ. റിപ്പോര്‍ട്ടുകള്‍ കൊണ്ട് മൂടിവെയ്ക്കാനാവാത്ത അകമുറിവുകളുടെ സിംഫണി. മനുഷ്യര്‍ക്കിടയില്‍ നിരന്തരം ചെന്നുപെടേണ്ട ഒരാള്‍ അതിന്റെ ആളനക്കങ്ങള്‍ക്കൊപ്പം ഉള്ളാലേ അനുഭവിക്കുന്ന അതികഠിനമായ ഏകാന്തതയുടെ കാവല്‍പ്പുരകള്‍. യുക്തിയുടെ ഒരിഴ കൊണ്ടും വിശദീകരിക്കാനാവാത്ത ഇന്ത്യന്‍ അനുഭവങ്ങളുടെ ഉടല്‍, കവിതയും കഥയും നോവലും കൊണ്ട് തുന്നി വെയ്ക്കുമ്പോഴും, നിരന്തരം ചോരവാര്‍ക്കുന്നത് ജയദേവിനെ വായിക്കുമ്പോള്‍ തൊട്ടറിയാനാവും.
എളുപ്പപ്പണിയല്ല അത്. സ്വയം തോലുരിയുന്നത് പോലെ വേദനാഭരിതം. ഭാഷയുടെ വാര്‍പ്പുകളില്‍ കുടുക്കിയിട്ടാലും വഴുതുന്ന അനുഭവങ്ങളുടെ കുതറല്‍. ആഖ്യാനത്തിന്റെ തീവണ്ടികളില്‍ ഇരിപ്പുറക്കാത്ത ഉന്‍മാദങ്ങളും ആനന്ദങ്ങളും സങ്കടങ്ങളും വിസ്മയങ്ങളും. വാക്കുമതിയാവില്ല, പച്ചജീവിതങ്ങള്‍ അകമേ വഹിക്കുന്ന ഇരുതലമുനകളെ മെരുക്കിയെടുക്കാന്‍. ഈ പ്രതിസന്ധിയെ മറികടക്കാനുള്ള നിരന്തര ശ്രമങ്ങളാണ്, അനുഭവങ്ങളുടെ പകര്‍പ്പെഴുത്തുകളോ കൗതുകങ്ങളുടെ സമാഹാരമോ ആയൊതുങ്ങുന്നതില്‍നിന്നും ജയദേവിന്റെ കഥകളെ അടര്‍ത്തിമാറ്റുന്നത്.
മുഴുവനൊന്നും വായിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. നീ അതിലെ കാര്യമെന്താണെന്ന് പറയ്. ഏതോ കാലത്തില്‍ നിന്നു കുടിയൊഴിക്കപ്പെട്ട യുവതി നീട്ടിയ കടലാസില്‍ എഴുതപ്പെട്ടിരുന്നതും കുടിയൊഴിക്കപ്പെട്ട ഏതോ ഭാഷയിലായിരുന്നു.
ഏതാണ് ഈ ഭാഷ ? ഗബ്രിയേല്‍ ചോദിച്ചു.
ലോകത്ത് ഒറ്റപ്പെടുന്നവരുടെ ഭാഷയാണിത്. ഇന്ദിര പറഞ്ഞു. അപ്പോഴേക്കും അവളുടെ പേര് ഇന്ദിര എന്നാണെന്നു പരിചയപ്പെടുത്തിക്കഴിഞ്ഞിരുന്നു.
എന്നിട്ടാണ്, നീ ഈ ഭാഷയില്‍ തന്നെ നിവേദനം എഴുതിയിരിക്കുന്നത് . എങ്ങനെ വായിക്കാനാണ്. ഇനി വായിച്ചാല്‍ത്തന്നെ എങ്ങനെ മനസിലാവാനാണ്.
ഇതു വായിച്ചുമനസിലായാല്‍ത്തന്നെയും മനസിലാവില്ല, ഒരു വെള്ളപ്പൊക്കം എന്നു പറഞ്ഞാലെന്താണ് എന്ന്. ഇന്ദിര പറയുന്ന ഭാഷയും മറ്റേതോ കാലത്തേതായിരുന്നെന്നു തോന്നി.
നീ അതിലെഴുതിയിരിക്കുന്ന കാര്യമെന്താണെന്നു പറയ്. ഗബ്രിയേല്‍ വീണ്ടും പറഞ്ഞു.
വെള്ളപ്പൊക്കത്തെത്തുടര്‍ന്നു എല്ലാം ഇട്ടേച്ചു പോരേണ്ടിവന്നവരാണ്. എന്തെങ്കിലും സഹായം ചെയ്യണം.
എന്തു സഹായം ചെയ്താലാണ് അത് ആശ്വാസമാകുക ? കുടിയൊഴിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യര്‍ക്കു ശരിക്കും എന്താണ് അത്യാവശ്യമായിട്ടുണ്ടാകുക.
പണം തന്നാലും മതി. ഇന്ദിര പറഞ്ഞു. കുടിയൊഴിക്കപ്പെട്ട ഞങ്ങളുടെ ഭൂമി തിരിച്ചുതരാന്‍ ഏതായാലും നിങ്ങളെക്കൊണ്ട് ആവുമെന്നു തോന്നുന്നില്ല.
നിനക്കു വീടുവച്ചു സ്ഥിരമായി താമസിക്കാന്‍ ഒരു തുണ്ടു ഭൂമിയൊക്കെ തരാന്‍ എനിക്കു പറ്റും. ഗബ്രിയേല്‍ പറഞ്ഞു. എന്നാല്‍ എനിക്കു സ്വന്തമായി ഭൂമിയുണ്ടായാല്‍ മാത്രം.
എന്നാല്‍ എന്തെങ്കിലും സംഭാവനയായി ?
അതെ, അതെന്തു വേണമെന്നാണു ചോദിച്ചത് ?
എല്ലാം നഷ്ടപ്പെട്ടവര്‍ എന്തും സ്വീകരിക്കും. പണമോ തുണിയോ ഭക്ഷണമോ എന്തായാലും.
ആദ്യം നിനക്കു നഷ്ടപ്പെട്ട ഭാഷയാണു തിരിച്ചു തരാന്‍ പോകുന്നതു ഞാന്‍. എന്താ വിരോധമുണ്ടോ ?
ഇല്ലെന്ന് ഇന്ദിര തലയാട്ടി. കൃത്യമായി ഞങ്ങളുടെ ഭാഷ തിരിച്ചുതരാന്‍ നിങ്ങള്‍ക്കു സാധിക്കുമെന്നു തോന്നുന്നില്ല. അതിനോട് ഏതാണ്ട് അടുത്തുള്ള ഒന്നായാലും മതി. കടം കിട്ടിയ ഒരു കുപ്പായം ധരിക്കുന്നതു പോലെ.
നോക്കട്ടെ, ഗബ്രിയേല്‍ പറഞ്ഞു. നീ മുറ്റത്തു തന്നെ നില്‍ക്കാതെ. അകത്തേക്ക് വാ. ഗബ്രിയേല്‍ ഇന്ദിരയെ തന്റെ പുസ്തകമുറിയിലേക്കു വിളിച്ചു.
നോക്ക്, ഈ അലമാരകളിലെവിടെയെങ്കിലും നിന്റെ ഭാഷയുണ്ടോന്ന്. ഗബ്രിയേല്‍ പറഞ്ഞു. ഇന്ദിര വിസ്മയത്തോടെ പുസ്തകങ്ങളിലേക്കു നോക്കി. ഇതൊക്കെയെന്താണ്?
ഇതിലൊക്കെ ഭാഷ എഴുതിവച്ചിരിക്കുകയാണ്.
ഭാഷ എന്തിനാണ് എവിടെയെങ്കിലും എഴുതിവയ്‌ക്കേണ്ടത് ? ഇന്ദിരയ്ക്കു സംശയമായിരുന്നു.
നീ ഇതുവരെ ഭാഷ എവിടെയെങ്കിലും എഴുതിവച്ചതായി കണ്ടിട്ടില്ല ?
ഇല്ല.
അതെന്ത് ?
ഞങ്ങളുടെ ഭാഷ എവിടെയെങ്കിലും എഴുതിവയ്‌ക്കേണ്ടതായിട്ടുണ്ട് എന്നു തോന്നിയിട്ടില്ല. അവിടെ ഞങ്ങളുടെ നാട്ടിലും ആര്‍ക്കെങ്കിലും അതിന്റെ ആവശ്യമുണ്ടെന്നു തോന്നിയിരുന്നോ എന്ന കാര്യം അറിഞ്ഞില്ല.
അപ്പോള്‍ നീ ഈപ്പറയുന്ന ഭാഷയേതാണ് ? ഗബ്രിയേല്‍ ചോദിച്ചു.
അതു വെള്ളപ്പൊക്കത്തിനു ശേഷം കുടിയൊഴിയേണ്ടിവന്നതിനു പിന്നാലെ എവിടെ നിന്നൊക്കെയോ കേട്ടു പഠിച്ചതാണ്.
ഇന്ദിര അലമാരകളിലെ പുസ്തകങ്ങള്‍ക്കിടയിലൂടെ നടന്നു. പുസ്തകം തന്നെ അവള്‍ ആദ്യമായി കാണുകയാണെന്നു തോന്നിപ്പിച്ചു അവളുടെ ഓരോ ചലനങ്ങളും വിസ്മയങ്ങളും.
ഈ സമയത്തിനിടയില്‍ ഗബ്രിയേല്‍ ഇന്ദിരയെ വിശദമായി നിരീക്ഷിക്കുകയായിരുന്നു. ഒരു പുഴ മെലിഞ്ഞുണങ്ങിയതു പോലെയായിരുന്നു അവളുടെ ഉടല്‍. അവളുടെ എണ്ണമയമറ്റ കോലന്‍ മുടിയില്‍ കൊടുങ്കാറ്റുകള്‍ കൂടുവച്ചിരുന്നു. ജെസിബിക്കൈകള്‍ മാന്തിയ ഭൂമി പോലെയായിരുന്നു അവളുടെ കണ്ണുകള്‍. അതിന്റെ പ്രകാശം പറ്റെ കെട്ടിരുന്നു.
അലമാരകളിലെ പുസ്തകങ്ങള്‍ അവളിനി ശിഷ്ടജീവിതം മുഴുവനെടുത്താലും നോക്കിത്തീരില്ലെന്നു തോന്നിപ്പിച്ചു. നോട്ടങ്ങള്‍ക്കിടയില്‍ പിടയ്ക്കുന്നുണ്ടായിരുന്ന അവളുടെ ചെവിക്കാതിലയുടെ ഇടയിലൂടെ തീരെ പ്രതീക്ഷിക്കാതെ രണ്ടു മുറിവുകള്‍ ഗബ്രിയേല്‍ കണ്ടു.
നീയിപ്പറഞ്ഞതെല്ലാം കള്ളമാണ്. നീ വെള്ളപ്പൊക്കത്തിന്റേതല്ല മറ്റേതോ കാലത്തില്‍ നിന്നു വന്നവളാണ്. ഗബ്രിയേല്‍ പറഞ്ഞു.
പുസ്തകങ്ങളുടെ ഇടയില്‍ നിന്ന് ഇന്ദിരയുടെ കണ്ണുകള്‍ പുറത്തേക്കു തുറിച്ചു. വേട്ടയാടപ്പെട്ട ഇരയോടൊപ്പം ഓടിയ കാടെന്ന പോലെ അവള്‍ കിതച്ചു.
എന്നാല്‍ തരാമെന്നു പറഞ്ഞ ഭാഷ എനിക്കുവേണ്ട. ഇന്ദിര പറഞ്ഞു. കള്ളം എന്നൊന്നില്ലാത്ത ഭാഷയായിരുന്നു ഞങ്ങളുടേത്. വഴിയില്‍ നിന്നു കടം കൊണ്ടതിലാണെങ്കില്‍ നിറച്ചും കള്ളത്തരങ്ങളും.
നീ ഒരു വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെട്ടുവന്നവളല്ല. ഗബ്രിയേല്‍ പറഞ്ഞു.
അതെന്ത് ? ഞാന്‍ അങ്ങനെത്തന്നെയാണല്ലോ പറഞ്ഞിരുന്നത്.
എന്നാല്‍ നിന്റെ ചെവിക്കാതിലയുടെ ഇടയിലൂടെ കാണുന്ന മുറിവുകള്‍ അതല്ല പറയുന്നത് ?
അതു നിങ്ങള്‍ കണ്ടുപിടിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അത് ആരും കാണരുത് എന്നുവച്ചാണ് വലിയ കാതിലലോലാക്കുകള്‍ ഞാനുടുത്തത്. എന്നിട്ടും നിങ്ങള്‍ അതെങ്ങനെയാണു കണ്ടത്. അതു നിങ്ങള്‍ കാണരുതേ എന്നായിരുന്നു എന്റെ പ്രാര്‍ഥനയത്രയും.
ആ പ്രാര്‍ഥന ഞങ്ങളുടെ ഭാഷയില്‍ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഗബ്രിയേല്‍ പറഞ്ഞു. എന്നാല്‍ ഞങ്ങളുടെ ഭാഷയില്‍ അതിന് നീ ഉദ്ദേശിച്ച അര്‍ഥമല്ല. നിന്റെ ചെവിക്കാതിലയുടെ അടുത്തുള്ള മുറിവുകള്‍ നിന്നെ ഒറ്റിക്കൊടുക്കുകയായിരുന്നു. നീ പറഞ്ഞതു മുഴുവന്‍ കള്ളമായിരുന്നു എന്ന്.
ഞാന്‍ പറഞ്ഞത് കള്ളമായിരുന്നില്ല. എന്താണ് സംഭവിച്ചത് എന്നു നിങ്ങളുടെ ഭാഷയില്‍ പറയാന്‍ എനിക്ക് അറിയാമായിരുന്നില്ല. അതില്‍ ആകെ അറിയാവുന്നത് വെള്ളപ്പൊക്കം, കുടിയൊഴിപ്പിക്കല്‍, സംഭാവന എന്നീ മൂന്നു വാക്കുകള്‍ മാത്രമായിരുന്നു.
എന്നാല്‍ നീ നിന്റെ ഭാഷയില്‍ ആ നിവേദനത്തില്‍ എഴുതിയതു വായിക്ക്. പക്ഷെ, എനിക്ക് അത് മനസിലാവില്ലല്ലോ, ഇന്ദിരേ ?
നിങ്ങളുടെ ഭാഷയില്‍ അതു വായിക്കാന്‍ എനിക്കുമറിയില്ല. ഇന്ദിര പറഞ്ഞു.
ഈ വിഷമാവസ്ഥയെ എങ്ങനെ തരണം ചെയ്യും എന്ന് അവരുടേതായ രീതിയില്‍ ആലോചിക്കുകയായിരുന്നു ഗബ്രിയേലും ഇന്ദിരയും. ഏറെ നേരമിരുന്നിട്ടും അതില്‍ ഒരു തീരുമാനത്തിലെത്താന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല.
...............................................................................
അതു പലാനയൊന്നുമല്ല. അത് ആനയുടെ കുടുംബത്തില്‍ പെട്ട ഒരു ജീവിയല്ല. അത് ഇവിടത്തെ തവളയാണ്.
Image courtesy: Pixabay
അപ്പോള്‍ തൊടിയിലെ ഒരു ചെറിയ നീര്‍ച്ചാലിനടുത്ത് ഒരു തവള ഇരിപ്പുണ്ടായിരുന്നു. തവള നോക്കുമ്പോള്‍ രണ്ടു പ്രതിമകളെപ്പോലെ ഗബ്രിയേലും ഇന്ദിരയും ഇരിക്കുന്നതു കണ്ടു. നീര്‍ച്ചാലിനടുത്തു പുതുതായി നിര്‍മിച്ച ശില്‍പ്പങ്ങളായിരിക്കും എന്നു വിചാരിക്കുകയായിരുന്നു. എന്നാല്‍ ആ വിചാരം മുറിച്ചുകൊണ്ടു പച്ചപ്പുല്‍ത്തുമ്പില്‍ നിന്ന് ഒരു പുല്‍ച്ചാടി ആ ശില്‍പ്പങ്ങളിലേക്കു ചാടി. തവള അതു നോക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു.
ആലോചനയില്‍ മുഴുകിയിരുന്ന തവളയെ ഇന്ദിരയാണ് ആദ്യം കണ്ടത്. അതാ, ഒരു പലാന, ഇന്ദിര അത്ഭുതത്തോടെ പറഞ്ഞു. എന്റെ നാടു വിട്ടതിനു ശേഷം ആദ്യമായാണ് ഒരു പലാനയെ കാണുന്നത്.
അതു പലാനയൊന്നുമല്ല. അത് ആനയുടെ കുടുംബത്തില്‍ പെട്ട ഒരു ജീവിയല്ല. അത് ഇവിടത്തെ തവളയാണ്.
അല്ല, പലാന. ഇന്ദിര കാറി.
അല്ല തവള. ഗബ്രിയേലിനു ചെറിയ തോതില്‍ ചിരി വരുന്നുണ്ടായിരുന്നു. ഒരേ ഒരു ജീവിയെത്തന്നെ രണ്ടു പേരിട്ടു വിളിക്കുന്ന രണ്ടു ഭാഷകളെച്ചൊല്ലി.
ഇന്ദിര കൈനീട്ടി പലാനയെ തൊടാനോങ്ങി. നിങ്ങളീ പലാനയെ ഇവിടെ വളര്‍ത്തുന്നതാണോ ?
പലാനയല്ല തവള. വളര്‍ത്തുന്നതൊന്നുമല്ല. കുറച്ചു ദിവസമായി അതിനെ ഇവിടെ കാണുന്നുണ്ട്. ജീവിച്ചുപോയ്‌ക്കോട്ടെ എന്നു വിചാരിച്ചതാണ്.
ഇന്ദിരയുടെ പലാന, ഗബ്രിയേലിന്റെ തവള അവരിരുവരും തന്നെക്കുറിച്ചാണു പറയുന്നതെന്നറിയാതെ അവരെ നോക്കി. തന്നെത്തിന്നുന്ന ഏതോ രണ്ടു ജന്തുക്കളാണെന്ന് അതിനു തോന്നിയാലും അത്ഭുതമില്ല. ഗബ്രിയേല്‍ അടങ്ങുന്ന മനുഷ്യര്‍ തവളകളെ കൊന്നുതിന്നുമായിരുന്നു.
...............................................................................
ഇതു പുല്‍ച്ചാടിയല്ല. ഇതാണ് ഇഗ്‌ണോയി. ഇന്ദിര ചാടിപ്പറഞ്ഞു.
Image Courtesy: Pixabay
അപ്പോഴേക്കും തവളയുടെ ശ്രദ്ധ തിരിച്ച പുല്‍ച്ചാടി പുല്‍ത്തുമ്പുകള്‍ മടുത്ത് അവസാനം ഗബ്രിയേലിന്റെ കൈയിലേക്കു ചാടി. അപ്പോള്‍ ഗബ്രിയേല്‍ ഒരു മഞ്ഞ ഷര്‍ട്ടായിരുന്നു ധരിച്ചതെങ്കിലും. പുല്‍ക്കൊടിയാണെന്നു വിചാരിച്ചാവും അതു കൈയിലേക്കു ചാടിയിരിക്കുക എന്ന നിഗമനത്തിലെത്താന്‍ സഹായിക്കാത്ത വിധം.
ഇതാണു ഞങ്ങളുടെ പുല്‍ച്ചാടി. ഗബ്രിയേല്‍ അതിനെ അരുമയോടെ നോക്കിക്കൊണ്ടു പറഞ്ഞു.
ഇതു പുല്‍ച്ചാടിയല്ല. ഇതാണ് ഇഗ്‌ണോയി. ഇന്ദിര ചാടിപ്പറഞ്ഞു.
ഇഗ്‌ണോയിയും മറ്റുമല്ല, ഇതു വെറും പുല്‍ച്ചാടിയാണ്. പുല്‍ച്ചാടി കൈയിലേക്കു ചാടിയാല്‍ വയറു നിറയെ തിന്നാന്‍ കിട്ടുമെന്നാണ്.
ഇഗ്‌ണോയി...ഇഗ്‌ണോയി തന്നെ. ഇതു മനുഷ്യന്റെ ദേഹത്തിരുന്നാല്‍ സന്തോഷം വരുമെന്നാണ്.
ഇവരിരുവരും തന്നെക്കുറിച്ചാണു പറയുന്നതെന്നറിയാതെ പുല്‍ച്ചാടി ഗബ്രിയേലിനെ നോക്കി. ഇഗ്‌ണോയി ഇന്ദിരയെയും.
ലോകത്തെ ഓരോ വസ്തുവിനെയും ജീവിയെയും തികച്ചും വ്യത്യസ്തമായ രീതിയില്‍ കാണേണ്ടിവരുന്ന തങ്ങളുടെ നിസ്സഹായവസ്ഥയെക്കുറിച്ചാണു ഗബ്രിയേല്‍ ആലോചിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇഗ്‌ണോയി എന്റെ കൈയിലേക്ക് ചാട് ...ചാട് എന്ന് ഇന്ദിര പ്രാര്‍ഥിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇഗ്‌ണോയി അവളുടെ മേത്തേക്കു ചാടാതെ അവളെ നോക്കിയിരിക്കുകയായിരുന്നു. ചാട്..ചാട് എന്നവള്‍ കണ്ണടച്ചിരുന്നു പറഞ്ഞുകൊണ്ടിരുന്നു.
രണ്ടു ശില്‍പ്പങ്ങളും കൂടി പുല്‍ച്ചാടിയെ തിന്നാനുള്ള പുറപ്പാടാണോ എന്നു വിചാരിക്കുകയായിരുന്നു ഗബ്രിയേലിന്റെ തവള. ഇന്ദിരയുടെ പലാന. അതിനെ താനാണ് ആദ്യം പുല്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ കണ്ടുവച്ചത് അതെനിക്ക് അവകാശപ്പെട്ടതാണ് എന്നു പറയണമെന്നുണ്ടായിരുന്നു തവളയ്ക്ക്. അത് അതിന്റെ ഭാഷയില്‍ തവള ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ അവരുടെ ഭാഷയില്‍ പറയാന്‍ അതിന് അറിയാമായിരുന്നില്ല.
അതാ, പലാന എന്തോ ഉറക്കെ പറയുന്നു. കണ്ണുകളടച്ചിരുന്ന ധ്യാനത്തിനിടെ ഉണര്‍ന്ന് ഇന്ദിര പറഞ്ഞു.
അതു പറയുന്നതൊന്നുമല്ല. മഴയെ വിളിക്കുകയാണ്.
മഴയെ വിളിക്കേണ്ടതുണ്ടോ. അതു താനെ വരികയല്ലേ.
താനേ വരുന്ന പലതിനെയും തങ്ങള്‍ വിളിച്ചുകൊണ്ടാണു വന്നതെന്നു വിചാരിക്കുന്ന ഒരു സ്വഭാവം ഇവിടത്തെ ഭാഷയിലെ മനുഷ്യര്‍ക്കുണ്ട്. ചിലപ്പോള്‍ അവരില്‍ നിന്നു പഠിച്ചതാവും ജീവികളും.
തവളകള്‍ അങ്ങനെ മഴയെ പ്രാര്‍ഥിക്കാറുണ്ട്. ഗബ്രിയേല്‍ പറഞ്ഞു.
പലാനകള്‍ അങ്ങനെ ഒന്നും പ്രാര്‍ഥിച്ചുവരുത്താറില്ല. അത് അതിന്റെ കാര്യങ്ങള്‍ വിളിച്ചുപറയുക മാത്രമാണ്.
എന്നാല്‍ ഈ തവള എന്താണു പറയുന്നത് ?
ഈ പലാന എന്തോ പറയുന്നുണ്ട്. എന്നാല്‍ അതിന്റെ ഭാഷ ഞങ്ങളുടേതിനും വളരെപ്പഴയതാണ്. അതുകൊണ്ട് അറിയില്ല. ഇന്ദിര പറഞ്ഞു.
ഇവിടത്തെ തവളകള്‍ അവരുടെ തന്നെ മുന്‍തലമുറക്കാര്‍ പറയുന്ന ഭാഷയല്ല ഇപ്പോള്‍ പറയുന്നത്. ഒരു നൂറ്റാണ്ടു മുമ്പ് അവര്‍ പഴയ ഭാഷ ഉപേക്ഷിച്ചു പുതിയൊന്നാണു പറയുന്നത്. ഗബ്രിയേല്‍ പാതി തമാശയായി പറഞ്ഞു. അതുകൊണ്ട് എനിക്കുമറിയില്ല എന്താണ് അവ പറയുന്നതെന്ന്.
പുല്‍ച്ചാടി അപ്പോഴും ഗബ്രിയേലിന്റെ ദേഹത്തു തന്നെയായിരുന്നു. തന്റെ ദേഹത്തേക്കു ചാടണമേയെന്ന ഇന്ദിരയുടെ പ്രാര്‍ഥന അതിനു മനസിലാവുന്നുണ്ടായിരുന്നില്ല. അതു ഗബ്രിയേലിനെത്തന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. ഇന്ദിര കണ്ണുകളടച്ചു പ്രാര്‍ഥന തുടരുകയായിരുന്നു.
കണ്ണുകളടച്ചു നിശ്ചലയായിരിക്കുന്ന ഇന്ദിരയുടെ ചെവിക്കാതിലയുടെ അടുത്തുള്ള മുറിവുകള്‍ അപ്പോള്‍ ഗബ്രിയേല്‍ വ്യക്തമായിക്കണ്ടു. അത് ഏതോ കാലത്തില്‍ നിന്നുള്ള ഏതോ ജീവിയെപ്പോലെ ഗബ്രിയേലിനെ തോന്നിച്ചു.
എന്തോ ഉള്‍പ്രേരണയാലെന്നവണ്ണം ഗബ്രിയേല്‍ അതിനെ വിരല്‍നീട്ടിത്തൊട്ടു. പെട്ടെന്നു വെടികൊണ്ടതുപോലെ ഇന്ദിര ഒന്നു പിടഞ്ഞു. ഇതാണ് ആ മുറിവുകള്‍. നീ നിന്നെപ്പറ്റി പറഞ്ഞതെല്ലാം കള്ളമാണെന്നു തെളിയിക്കുന്നത്.
അതു മുറിവുകളല്ല, ഇന്ദിര പതുക്കെ പറഞ്ഞു. അത് ഒരു ഓര്‍മയുടെ സെമിത്തേരികളാണ്.
...............................................................................
ഞങ്ങള്‍ ഇവിടെ ജീവിക്കാന്‍ വേണ്ടി നിര്‍മിക്കപ്പെട്ടവരാണ്. ഇവിടെയാണു ഞങ്ങളുടെ ഓര്‍മകള്‍.
Image Courtesy: Getty Images
ഗബ്രിയേല്‍ അതില്‍ തൊട്ടപ്പോള്‍ തന്നെ ഇന്ദിരയുടെ ദേഹത്ത് ഒരു വൈദ്യുതി തരംഗം വന്നുതൊട്ടതു പോലെ അവളുടെ എല്ലാ കോശങ്ങളും അയാള്‍ക്കറിയില്ലാത്ത ഭാഷയില്‍ നിലവിളിച്ചതായി തോന്നിച്ചു. നീര്‍ച്ചാലിനടുത്തുള്ള ഈര്‍പ്പത്തിലേക്കു പറ്റിക്കിടന്ന ശേഷം ഗബ്രിയേലിന്റെ തവള ഏതോ അജ്ഞാത ശബ്ദമുണ്ടാക്കി. മഴ വരാന്‍ കരയുന്ന മാതിരിയായിരുന്നില്ല അത്. ഇന്ദിരയുടെ പലാന ഏതാണ്ട് അതേ ശബ്ദത്തില്‍ തന്നെയായിരുന്നു കരഞ്ഞിരുന്നത്. മനുഷ്യരുപയോഗിക്കുന്ന ഭാഷ
മാത്രമേ വ്യത്യാസപ്പെട്ടിരിക്കുന്നുള്ളൂ എന്ന് അയാളെ മനസിലാക്കിക്കാനെന്ന പോലെ. ഇന്ദിര തലയുയര്‍ത്തി പലാനയെ നോക്കി.
ഗബ്രിയേല്‍ അയാളുടെ തവളയെയും. അത് അപ്പോഴും വല്ലാത്ത ഒരു ശബ്ദത്തില്‍ കരഞ്ഞുകൊണ്ടിരുന്നു.
തവളയ്ക്കിപ്പോള്‍ മഴ വിളിച്ചുവരുത്താനുള്ള കരച്ചിലല്ല. ഗബ്രിയേല്‍ പറഞ്ഞു.
പലാന ഏതോ വരള്‍ച്ചയെക്കുറിച്ചുള്ള അതിന്റെ തേങ്ങലുകള്‍ പങ്കുവയ്ക്കുകയാണ്. ഇന്ദിര പറഞ്ഞു.
അത് അങ്ങനെയാണെന്ന് എങ്ങനെ നിനക്കറിയാം ?
ഞാനും ഇതേ കരച്ചിലുകള്‍ കേട്ടിട്ടുണ്ടായിരുന്നു മുമ്പും. നാട്ടിലെ പലാനകളുടേത്. ജീവികളുടെ ഭാഷയില്‍ അങ്ങനെ നിയമങ്ങളൊന്നുമില്ല. ഓരോ കരച്ചിലിനും ഓരോ അര്‍ഥമുണ്ടാകണമെന്നുമില്ല. ഇന്ദിര പറഞ്ഞു. നേരത്തേ സംഭാവന പിരിക്കാനായി വന്ന ഇന്ദിരയില്‍ നിന്ന് ഇപ്പോഴത്തെ ഇന്ദിര മാറിയിരിക്കുന്നോ എന്നു ഗബ്രിയേല്‍ സംശയിച്ചു.
പലാനയുടെ കരച്ചില്‍ നിന്ന മാത്രയില്‍ ഇഗ്‌ണോയിയും കാതടപ്പിക്കുന്ന ഒരു ശബ്ദമുണ്ടാക്കി.
ഈ പുല്‍ച്ചാടിക്ക് എന്താണ് പ്രശ്‌നം ?
പുല്‍ച്ചാടിയെന്നോ ഇഗ്‌ണോയിയെന്നോ എന്തായാലും അതു തവളയ്ക്ക് മറുപടി പറഞ്ഞതാണ്. പ്രകൃതിയില്‍ എല്ലാ ജീവികള്‍ക്കും ഏതാണ്ട് ഒരേ തരത്തിലുള്ള സങ്കടങ്ങളാണ്. ഇന്ദിര പറഞ്ഞു.
കുറച്ചു നേരം ഇരുവരും പലാനയുടെയും ഇഗ്‌ണോയിയുടെയും സംഭാഷണം കേട്ടുനിന്നു. ഒരക്ഷരം മനസിലാവുന്നുണ്ടായിരുന്നില്ല ഇരുവര്‍ക്കും. എന്നാല്‍ ഇന്ദിര ഏതാണ്ടു മനസിലായി എന്ന തരത്തില്‍ രണ്ടിനെയും അരുമയോടെ നോക്കി. ചെവിക്കാതിലയ്ക്കടുത്തുള്ള രണ്ടു മുറിവുകള്‍ ഇപ്പോള്‍ വീണ്ടും ചോര പൊടിയിക്കുമോ എന്നു തോന്നിച്ചു. പിന്നെ വീണ്ടും പലാനയും ഇഗ്‌ണോയിയും ഒന്നും മിണ്ടാതെയായി.
എന്താ, എല്ലാം പറഞ്ഞുതീര്‍ന്നോ ? ഗബ്രിയേല്‍ ചോദിച്ചു. ഇരുവരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. ആ ചോദ്യത്തോട്.
ഗബ്രിയേല്‍ വീണ്ടും ഇന്ദിരയുടെ മുറിവുകളില്‍ തൊട്ട് അതെങ്ങനെയാണ് അവള്‍ ഇത്രയും കഷ്ടപ്പെട്ട് അവിടെ മുറിപ്പെടുത്തിയതെന്നു ചോദിക്കാന്‍ ആയുകയായിരുന്നു. അയാള്‍ മുറിവുകളില്‍ തൊട്ട അതേ നിമിഷം ഇഗ്‌ണോയി വീണ്ടും കരയുന്നതു പോലെയുള്ള ശബ്ദമുണ്ടാക്കി. പലാന അതിനു മറുപടി എന്തു പറയും എന്ന വിഷമത്തിലായിരുന്നു.
നിന്റെ മുറിവുകളില്‍ തൊടുന്നതു ഇഗ്‌ണോയി അറിയുന്നുണ്ട്. ഗബ്രിയേല്‍ പറഞ്ഞു. എന്നാല്‍ പലാനയ്ക്കു നിന്റെ മുറിവിന് ഒരു ഉത്തരം പറയാനില്ല എന്ന ആലോചനയിലാണ്.
അല്ല, മുറിവില്‍ മറ്റൊരാള്‍ തൊടുമ്പോള്‍ അവ രണ്ടും ശബ്ദിക്കുന്നുണ്ട്. അത് ഒന്നായതു കൊണ്ട് ഒന്നിച്ചു കേള്‍ക്കുന്നെന്നേയുള്ളൂ.
അപ്പോള്‍ ഇഗ്‌ണോയി ഇന്ദിരയുടെ കൈയിലേക്കു ചാടി. വിരലിലൂടെ കൈത്തലത്തിലൂടെ കൈയിലൂടെ തോളിലൂടെ സാവധാനം ചാടിച്ചാടി അവളുടെ മുറിവിനരികിലെത്തുന്നതു ഗബ്രിയേല്‍ ഒട്ടും ധൃതിയില്ലാതെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. തന്റെ വിരലുകളാണ് അതെന്ന് അയാള്‍ക്കു തോന്നി. ഇഗ്‌ണോയി വാത്സല്യപൂര്‍വം ആ മുറിവില്‍ ഉരുമ്മി അതുവരെയുണ്ടാക്കത്ത അത്രയും ശബ്ദത്തില്‍ എന്തോ പറഞ്ഞു. പലാന പലവട്ടം നീര്‍ച്ചാലിനടുത്തു നിന്നു തലയുയര്‍ത്തി നോക്കി.
നോക്കിയിട്ടും നോക്കിയിട്ടും സംശയം മാറാത്തതു പോലെയായിരുന്നു അതിന്റെ നോട്ടം. എന്താണിത്ര നോക്കാനുളളത് ? ഗബ്രിയേല്‍ പതുക്കെ ചോദിച്ചു.
അതു ചിലപ്പോള്‍ മുറിവുകള്‍ ആദ്യമായി കാണുകയായിരിക്കണം, ഗബ്രിയേല്‍ തന്നെ അതിന് ഉത്തരമെന്നോണം പറഞ്ഞു.
ഒരു പലാന ഓരോ ഋതുവിലും ഓരോ മുറിവുകള്‍ ശരീരത്തില്‍ കൊണ്ടുനടക്കുന്നുണ്ട്. വരള്‍ച്ചയുടെ, വെള്ളപ്പൊക്കത്തിന്റെ, ഹേമന്ദത്തിന്റെ...അങ്ങനെയങ്ങനെ.
അതു നിനക്കെങ്ങനെ അറിയാം ? ഗബ്രിയേലിന് അത്ഭുതമായിരുന്നു അവളുടെ ഉത്തരം. വെള്ളപ്പൊക്കത്തില്‍ കുടിയിറക്കപ്പെട്ടു സംഭാവന പിരിക്കാന്‍ വന്ന യുവതിക്ക് ചേര്‍ന്നതല്ല ആ ഉത്തരമെന്ന് അയാള്‍ക്കു തോന്നി.
എന്തുകൊണ്ട് അറിയാന്‍ പാടില്ല ? ഇന്ദിര പറഞ്ഞു. എല്ലാം പുസ്തകങ്ങളില്‍ നിന്നു മാത്രം കിട്ടുന്നതല്ല. പുസ്തകങ്ങളില്‍ വരാത്ത എത്രയോ കാര്യങ്ങള്‍ ഇനിയെത്രയോ ഉണ്ട്.
പലാന നീര്‍ച്ചാലു വിട്ടു തൊടിയിലേക്കു കയറി ഇന്ദിരയുടെ അടുത്തേക്കു വരികയായിരുന്നു. അതാ നിന്റെ പലാന. എന്റെ തവള. ഇനി മുതല്‍ ഞാന്‍ തവള എന്ന് ഉപയോഗിക്കുന്നില്ല. പലാന എന്നേ വിളിക്കൂ. മലയാളി ഉണ്ടായതു മുതല്‍ അതിനെ തവള എന്നു വിളിച്ചുവരികയാണ്.
പലാന ഇന്ദിരയുടെ ദേഹത്തേക്കു ചാടിക്കയറി. ഇഗ്‌ണോയി സഞ്ചരിച്ച വഴികളിലൂടെ അത് ഇന്ദിരയുടെ ചുമലിലിരുന്നു ഇഗ്‌ണോയി കണ്ടെത്തിയ മുറിവുകളിലേക്കു തുറിച്ചുനോക്കി.
അപ്പോള്‍ ഇതുവരെ അവ ഇതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നിരിക്കണം. ഗബ്രിയേല്‍ പറഞ്ഞു. നമ്മള്‍ മാത്രമാണ് അതേക്കുറിച്ചു പറയാതിരിക്കുന്നത്.
ഇന്ദിര ഒന്നും മിണ്ടിയില്ല. അവള്‍ക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്. അതേക്കാളും കൂടുതല്‍ താല്‍പ്പര്യം അതേക്കുറിച്ചു പറയാതിരിക്കാനുമാണ്.
അത് ഒരു ഓര്‍മയുടെ സെമിത്തേരികളാണ് എന്ന് ഇന്ദിര പറഞ്ഞപ്പോഴാണു പലാനയും ഇഗ്‌ണോയിയും അവരുടെ സംഭാഷണങ്ങള്‍ അതേക്കുറിച്ചു തുടങ്ങിയത്. അവര്‍ എന്തായിരുന്നു പറഞ്ഞുകൊണ്ടിരുന്നത് എന്ന് അറിയാന്‍ അയാള്‍ക്കു വലിയ താല്‍പ്പര്യമുണ്ടായിരുന്നു.
ആദ്യമായി അത്തരം ഒരു മുറിവ്, അല്ല രണ്ടു മുറിവുകള്‍ കാണുന്ന അത്ഭുതമായിരുന്നു ഇഗ്‌ണോയിയുടെ മുഖത്ത്. സ്ഥിരം കാണാറുള്ള ഒരു നിര്‍മമ ഭാവമായിരുന്നില്ല. ഈ ലോകം തന്റേതല്ല എന്നൊരു ഭാവമായിരുന്നില്ല. പലാന രണ്ടു മുറിവുകളിലേക്കു നോക്കി സംശയം മാറാത്ത പോലെ വീണ്ടും വീണ്ടും നോക്കി.
ഇങ്ങനെയൊന്ന് ഇതുവരെ കണ്ടിട്ടില്ല എന്ന അത്ഭുതമാണ് ഇഗ്‌ണോയിയുടെ മുഖത്ത്, ഗബ്രിയേല്‍ പറഞ്ഞു.
നിങ്ങള്‍ ഇങ്ങനെയൊന്നു നേരത്തേ കണ്ടിട്ടുണ്ടോ ? ഇന്ദിര പെട്ടെന്നു ചോദിച്ചു.
അതിന് ഉടന്‍ ഒരുത്തരം പറയാന്‍ അയാള്‍ക്ക് ആയില്ല.
ഇതുപോലെയൊന്നു ഞാനും മുമ്പു കണ്ടിട്ടില്ല. ഗബ്രിയേല്‍ അവസാനം പറഞ്ഞു. സ്വാഭാവിക മുറിവുകളെപ്പറ്റി മാത്രമേ എനിക്കും അറിയൂ. ഗബ്രിയേല്‍ ഉത്തരം വിക്കി.
അതേ അത്ഭുതം തന്നെയായിരിക്കും ഇഗ്‌ണോയിക്കും. അതു രണ്ടു വെടിയുണ്ടകളുടെ സ്മാരകങ്ങളാണ്.
അതു ഗബ്രിയേലിനെ ഞെട്ടിക്കാന്‍ പോന്നതായിരുന്നു. വെള്ളപ്പൊക്കത്തില്‍ വന്ന ഏതെങ്കിലും പരുക്ക് മാത്രമായിരിക്കും അതെന്നായിരുന്നു അയാള്‍ അതുവരെ ഊഹിച്ചിരുന്നത്.
നീ കളവു പറയുകയാണ്. വെള്ളപ്പൊക്കത്തില്‍ വെടിയുണ്ടകള്‍ എവിടെ നിന്നാണ് ഒഴുകിവരുന്നത് ?
അപ്പോള്‍ ഇഗ്‌ണോയി ഉറക്കെ എന്തോ പറഞ്ഞു. അതിനു മറുപടിയായി പലാനയും.
ഞാന്‍ പറഞ്ഞതൊന്നും കളവല്ല എന്നാണ് അവ പറയുന്നത്. ഇന്ദിര പെട്ടെന്നു പറഞ്ഞു. അവയ്ക്കു പ്രകൃതിയിലെ ദുരന്തങ്ങള്‍ മാത്രമേ അറിയൂ എങ്കിലും.
അതുങ്ങളുടെ ഭാഷ നിനക്ക് അറിയില്ല. എന്നിട്ടും അവ പറയുന്നതു മനസിലാവുന്നു എന്നു നീ അഭിനയക്കുകയാണ്. നിന്നെ രക്ഷിക്കാന്‍ വേണ്ടി മാത്രം.
എന്നെ രക്ഷിക്കാന്‍ അന്നു നോക്കിയിരുന്നെങ്കില്‍ ആ വെടി കൊള്ളേണ്ടതില്ലായിരുന്നു. ഇന്ദിര പറഞ്ഞു. അതിനു സമ്മതമെന്നോണം ഇഗ്‌ണോയിയും പലാനയും അവരുടെ ഭാഷകളില്‍ ഒച്ചവച്ചു. ഇരുവരും പറയുന്നത് ഒന്നുതന്നെ എന്നു തോന്നിപ്പിച്ചുകൊണ്ടായിരുന്നു അത്.
വെടിയുണ്ട ശരിക്കും ചെവിക്കടുത്തെ തൊലിപ്പുറത്തു കൂടി പോയതേ ഉണ്ടായിരുന്നിട്ടുണ്ടാവൂ. ചെവിക്കു താഴെ വെടികൊണ്ട് ആര്‍ക്കാണു ജീവിച്ചിരിക്കാന്‍ കഴിയുന്നത് ? ഗബ്രിയേലിന്റെ സംശയം സ്വാഭാവികമായിരുന്നു. അയാള്‍ വെടിയുണ്ടകളെക്കുറിച്ചു കേട്ട കഥകളിലെല്ലാം അങ്ങനെയായിരുന്നു.
ചെവിയുടെ താഴെയാണു വെടിവയ്ക്കാന്‍ ഏറ്റവും പറ്റിയതെന്ന് ആരോ എഴുതിയിരുന്നതു വായിച്ചത് അയാള്‍ ഓര്‍ത്തു. തലയ്ക്കകത്തേക്ക് എത്തുന്ന വെടിയുണ്ട തലച്ചോറിനെ ചിന്നിച്ചിതറിച്ചു കളയും. പിന്നെങ്ങനെയാണ്.
...............................................................................
അതു വലിയ സമരങ്ങളിലേക്കാണ് ആളിക്കത്തിയതു പിന്നെ. ജലപീരങ്കികളായി. കണ്ണീര്‍വാതകമായി, ഗ്രനേഡ് ഷെല്ലുകളായി ഓരോ ആയുധവും അനുനിമിഷം വളര്‍ന്നുകൊണ്ടിരുന്നു.
Image Courtesy: Getty Images
ഇഗ്‌ണോയി എന്തോ അര്‍ഥത്തില്‍ ശബ്ദമുണ്ടാക്കി. എന്താണു നീ പറയുന്നത് ? നിന്റെ ഭാഷ മനസിലാവുന്നുമില്ലല്ലോ, ഗബ്രിയേല്‍ തലയില്‍ കൈവച്ചു.
ഇഗ്‌ണോയി എന്താണു പറഞ്ഞതെന്നു വ്യക്തമാക്കാന്‍ പലാന ഒരു ശ്രമം നടത്തി. എന്നാല്‍ അതിന്റെ ഭാഷയും മനസിലാവുന്നുണ്ടായിരുന്നില്ല.
എന്നായിരുന്നു അതു കൊണ്ട സമയത്തു ഞാനും വിചാരിച്ചിരുന്നത്. ഇന്ദിര പറഞ്ഞു. വേറെ ഏതോ കാലത്തു നിന്നു പറയുന്നതു പോലെയായിരുന്നു.
നീയേതു കാലത്തില്‍ നിന്നാണു പറയുന്നത് എന്നു ഗബ്രിയേല്‍ ചോദിച്ചുപോയിരുന്നു.
ഒരു വെടിയുണ്ട തലയ്ക്കടുത്തു കൂടി പോയ ഓര്‍മയെ ഉണ്ടായിരുന്നുള്ളൂ. ചെവിയില്‍ അതിന്റെ മൂളക്കം തന്നെ ബോധം കെടുത്തുന്നതായിരുന്നു. തൊലിപ്പുറത്തു വന്നു തട്ടിയെന്നു തോന്നിയ നിമിഷം പിന്നെയൊന്നും ഓര്‍മയില്ലായിരുന്നു. എന്നാല്‍ ബോധം കെട്ട ശേഷം തോന്നിയതു തൊലിപ്പുറത്തു തൊട്ടു മാറിപ്പോയി എന്നും. എന്നാല്‍ അങ്ങനെയല്ലായിരുന്നു എന്ന് ആഴ്ചകള്‍ക്കു ശേഷം ഡോക്ടറാണു പറഞ്ഞത് അങ്ങനെയല്ലായിരുന്നു എന്ന്.
പലാനയും ഇഗ്‌ണോയിയും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല .
ഡോക്ടര്‍ ഒന്നു കൂടിപ്പറഞ്ഞു: ഇപ്പോഴും അതവിടെ ഇരിപ്പുണ്ടെന്ന്. പുറത്തെടുത്താല്‍ മരിച്ചുപോകുമെന്ന്.
ഗബ്രിയേല്‍ മുറിവിനു മുകളിലൂടെ കൈയോടിച്ചു. അയാള്‍ക്കു തൊലിപ്പുറമേ എന്തോ തടഞ്ഞു.
അപ്പോള്‍ അറിയാത്ത ഏതെല്ലാമോ ഭാഷകള്‍ വന്ന് അയാളുടെ ഉടലില്‍ തറച്ചു.
ആദ്യമായി കാഴ്ച കിട്ടുന്ന ഒരാളെപ്പോലെ കണ്ണുകള്‍ക്കു മുന്നിലെ കാഴ്ച ആദ്യത്തെ പതര്‍ച്ചയില്‍ നിന്നു സൂക്ഷ്മമായി വരികയായിരുന്നു.
ഇയാള്‍ മനുഷ്യന്റെ നെഞ്ചില്‍ വീണ ആദ്യ അമ്പിന്റെ വേദന അറിയുകയാണ് എന്ന് ആദ്യം അവ്യക്തമായി കേട്ടു. പിന്നെ അതു സൂക്ഷ്മമായി ഒരു ഭാഷയായി അതിന്റെ അര്‍ഥത്തെ സ്ഖലിച്ചു. ഒരു മനുഷ്യന്‍ ആദ്യമായി മനുഷ്യകുലത്തിന്റെ നെഞ്ചിലേറ്റ അമ്പിന്‍കണയുടെ വേദനയറിയുകയാണെന്ന് അതിനെ ഗബ്രിയേല്‍ കൃത്യമായി വായിച്ചെടുത്തു. ഇപ്പോള്‍ അയാള്‍ക്ക് അതുവരെ അറിയാതിരുന്ന ഒരു ഭാഷയെ മനസിലാക്കാനാവുന്നുണ്ട്.
ഇന്ദിര അവളുടെ ഭാഷയില്‍ എന്തോ പറയുകയാണ് എന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ ഇന്ദിരയുടെ ചുണ്ടുകളിളകുന്നുണ്ടായിരുന്നില്ല. അവളുടെ ഉടലിലൂടെ ചെവിക്കാതിലയ്ക്കടുത്തെ മുറിവില്‍ നിന്നു പുറപ്പെട്ട ഒരു ഭൗമതരംഗം ഉടലിനെ വിറപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.
പിന്നെയാരാണ് അതു പറഞ്ഞതെന്ന് ഗബ്രിയേലിന് അപ്പോള്‍ ന്യായമായും സംശയം തോന്നി. അശരീരിയാണോ എന്നയാള്‍ സംശയിച്ചു. ആകാശത്തു നിന്ന് അശരീരി വരുന്നതൊക്കെ അയാള്‍ സിനിമയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ആകാശത്തു നിന്നല്ല അതുണ്ടായിരിക്കുന്നത്. മരിച്ച ഏതോ ആളുടെ മൂക്കില്‍ നിന്നു തെറിച്ചുപോയതു പോലെയുള്ള മേഘത്തുണ്ടുകളാല്‍ വിളര്‍ത്തിരിക്കുകയായിരുന്നു ആകാശം. രക്തക്കുറവുള്ള ഗര്‍ഭിണിയുടെ വീര്‍ത്ത അടിവയര്‍ പോലെ.
മനുഷ്യന്‍ എല്ലാം വൈകിയാണു മനസിലാക്കുക എന്ന, ആരോ തമ്മില്‍ നടത്തുന്ന സംഭാഷണത്തിന്റെ ഒരു കഷ്ണം കൂടി അയാളുടെ പുതിയ ഭാഷ വായിച്ചെടത്തു. ഗബ്രിയേല്‍ ചുറ്റും നോക്കി. പലാന വീണ്ടും നീര്‍ച്ചാലിനടുത്തേക്കു ചാടുകയായിരുന്നു. അതിന്റെ തൊലിയുടെ നിറം അപ്പോള്‍ കുരുത്ത ഒരു പുല്‍നാമ്പിന്റേതു പോലെ ഇളം പച്ചയായിരുന്നു. അതൊരു പുല്‍ക്കൊടിയാണെന്നു വിചാരിച്ച് ഇഗ്‌ണോയി അതിലേക്കു ചാടാന്‍ ശ്രമിക്കുകയായിരുന്നു.
ഇഗ്‌ണോയി ഒറ്റച്ചാട്ടത്തില്‍ തനിക്കൊപ്പമെത്തുന്നില്ലെന്നു കണ്ടു പലാനം തിരിഞ്ഞുനോക്കി. മനുഷ്യന്‍ വളരുന്നതു പോലെ തന്നെ പഠിക്കുന്നതും വളരെ പതുക്കെയാണ്. ആ പറഞ്ഞതു പലാനയാണെന്നു ഗബ്രിയേല്‍ ഒരു ഞെട്ടലോടെ കേട്ടു.
പതുക്കെ വളരുന്നതുകൊണ്ടുള്ള തെറ്റാണത്. ഇത്തവണ അതു പറഞ്ഞത് ഇഗ്‌ണോയി ആയിരുന്നു.
വീണ്ടും ഒരു ഞെട്ടലോടെ ഗബ്രിയേല്‍ തിരിച്ചറിയുകയായിരുന്നു. പ്രകൃതിയിലെ ഭാഷ തനിക്കു മനസിലായിത്തുടങ്ങുന്നതായി. മനുഷ്യനാണു ഭാഷ കണ്ടുപിടിച്ചതെന്നും അതിന്റെ മാനേജര്‍മാരുമെന്നാണ് ഇതുവരെ അയാള്‍ വിശ്വസിച്ചുപോന്നിരുന്നത്. അയാള്‍ ഇന്ദിരയെ നോക്കി. അവളും ഇഗ്‌ണോയി പറഞ്ഞതു കേള്‍ക്കുന്നുണ്ടായിരുന്നു.
നിന്റെ മുറിവു മനുഷ്യന്റെ ആദിമ മുറിവാണെന്നാണ് അതു പറഞ്ഞത്. ഗബ്രിയേല്‍ ഇന്ദിരയോടു പറഞ്ഞു.
ആയിരിക്കും.
എന്നിട്ടും നീ നിനക്കെന്താണ് സംഭവിച്ചത് എന്നു പറഞ്ഞില്ല.
അത് ഓര്‍ക്കാന്‍ തന്നെ എനിക്കു പേടിയാവുന്നു. ഇന്ദിര പറഞ്ഞു. വിചാരിക്കാത്ത സമയത്ത് ഉമ്മകിട്ടിയാല്‍ പോലും ഞാന്‍ പേടിച്ചുപോവുമായിരുന്നു.
അയാള്‍ അവളുടെ കഥ കേള്‍ക്കാന്‍ കാത്തുനില്‍ക്കുകയാണ്. ഇഗ്‌ണോയി പലാനയോടു പറഞ്ഞു.
അതുണ്ടോ അവള്‍ക്കു പറയാന്‍ കഴിയുന്നു. എന്തുമാത്രം ഭീകരമാണത്. അതിനെ വീണ്ടുമോര്‍ക്കുന്നതു കൂടി.
ഇന്ദിര ഏതായാലും തന്റെ കഥ പറയാന്‍ പോകുന്നില്ലെന്നു ഗബ്രിയേല്‍ ഉറപ്പിച്ചു. ഇന്നും പേടിപ്പിക്കുന്ന ഒന്നിനെ വീണ്ടും പറയിപ്പിച്ച് അവളെ പേടിയിലേക്ക് ഒരിക്കല്‍ കൂടി തള്ളിയിടേണ്ടെന്നു കരുതുകയും ചെയ്തു. അവളോട് അപ്പോള്‍ അയാള്‍ക്ക് ആഴമളക്കാനില്ലാത്ത ഒരു കനിവു തോന്നുകയും ചെയ്തു. അയാള്‍ അവളുടെ മുറിവില്‍ ഉമ്മ വച്ചു. എന്നാല്‍ അതു പറഞ്ഞറിയിക്കാന്‍ പറ്റാത്ത വാത്സല്യം നിറഞ്ഞിറ്റുന്നതായിരുന്നു. അതുവരെ അങ്ങനെ അയാള്‍ ആരെയും ഉമ്മവച്ചിട്ടില്ലാത്തതു പോലെ.
ഗബ്രിയേലിന്റെ ചുണ്ടുകളിലേക്ക് അപ്പോള്‍ ഒരു തീച്ചൂടു പടര്‍ന്നു. പൊള്ളിയടര്‍ന്നു പോവുന്ന ഒരു ചുംബനം പോലെയായിരുന്നില്ല അത്. എന്നാല്‍ ഒരുമ്മയില്‍ തന്നെ അണുബാധയേല്‍ക്കുന്നതു പോലെയായിരുന്നു അത്.
അല്ലെങ്കിലും അത് അവള്‍ക്കു പറയാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഇഗ്‌ണോയി പറഞ്ഞു.
ശരിയാണ്, പലാന നീര്‍ച്ചാലിലെ ഒരു വലിയ കുമിളയെ നാവിലൊട്ടിച്ചു.
തനിക്ക് ആലോചിക്കാന്‍ കൂടി പറ്റാത്തത്രയും വലിപ്പത്തിലുള്ള ഒരു ഓര്‍മ ഓര്‍ക്കാന്‍ കൂടി ഇഗ്‌ണോയി വിഷമിച്ചു.
ഒരു പുല്‍ച്ചാടിക്കു വിചാരിക്കാന്‍ കഴിയുന്നതിനേക്കാളും കൂടുതലാണ് അത്. പലാന പറഞ്ഞു. എന്നാല്‍ ഒരു തവളയ്ക്ക് പറ്റും. വെള്ളത്തില്‍ കിടക്കുന്നതു കൊണ്ടുള്ള കഴിവാണ്. വെള്ളം പരക്കുന്നത്രയും വലിപ്പത്തില്‍ ആലോചിക്കാന്‍.
എന്നാല്‍ നീ ആലോചിക്ക്. ഒരു പുല്‍ച്ചാടിക്ക് ഏതായാലും പരിമിതികളൊക്കെയുണ്ട്. അത് ഒരു പുല്‍നാമ്പില്‍ ഒരു കാടിനെ കാണുന്നുവെങ്കിലും.
അത് അങ്ങനെയല്ല, പലാന പറഞ്ഞു. ശരിക്കും അവളുടെ പേര് ഇണ്ടീര എന്നാണ്. അതവളുടെ ഗോത്രപ്പേരാണ്. ഗോത്രങ്ങള്‍ തമ്മിലുള്ള നെടുനാള്‍ നീണ്ട പോരുകളെ അതിജീവിച്ച ഗോത്രത്തിലെ പെണ്ണ്.
നീ പറ. ഇഗ്‌ണോയി പറഞ്ഞു. നിര്‍ത്തിനിര്‍ത്തിപ്പറ. എന്നാലേ എനിക്കു കഷ്ണങ്ങളായി അവയെ ആലോചിക്കാന്‍ കഴിയൂ.
...............................................................................
ഒറ്റ രാത്രി കൊണ്ടു നിങ്ങളെ തുടച്ചുമാറ്റാനാവും എന്ന ഭീഷണി ഗോത്രത്തലവന്മാര്‍ക്ക് അത്ര പിടിച്ചിരുന്നില്ല. പലരുടെയും കൈകള്‍ കുന്തക്കാലിലേക്കും അമ്പിന്‍കണകളിലേക്കും നീണ്ടു. ഇരുണ്ട പേശികളില്‍ കൊടുങ്കാറ്റു പിടിച്ചു.
Image Courtesy: Getty Images
ഇണ്ടീരയുടെ ഖോസ്തി ഗോത്രമടക്കം ഇരുപതോളം ഗോത്രക്കാര്‍ ഒരുമിച്ചു താമസിച്ചിരുന്ന സ്ഥലമായിരുന്നു. അതില്‍ത്തന്നെ പല ഗോത്രങ്ങളും നാടോടികളും നായാടികളുമായിരുന്നു. വിരിച്ചിടത്തു കിടക്കാത്തവരും കിടക്കുന്നിടത്തു വിരിക്കാത്തവരും.
നീ മുറിച്ചുമുറിച്ചു തുടര്‍ന്നങ്ങു പറഞ്ഞോ. ആലോചിക്കുന്ന തിരക്കില്‍ എനിക്കു മൂളാനൊന്നും വയ്യ. ഇഗ്‌ണോയി പറഞ്ഞു. ഇടയ്ക്കു നിന്റെ ആ സ്ലാങ് അധികം ഉപയോഗിക്കാതിരുന്നാല്‍ ഉപകാരമായി.
എന്നാ ആയ്‌ക്കോട്ടെ.
നഗരങ്ങളിലേക്കു വെള്ളമെത്തിക്കാന്‍ ഒരേയൊരു വഴിയാണു കണ്ടെത്തപ്പെട്ടത്. നെഞ്ചുരുളി ഡാമിന്റെ ഉയരം കൂട്ടുക. സംഗതിയെല്ലാം വൃത്തിക്കായിരുന്നു. എന്നാല്‍ കൂട്ടുന്ന ഉയരത്തിലേക്കു നിറയുന്ന വെള്ളം നൂറോളം ഗ്രാമങ്ങളെ വെള്ളത്തിലാക്കുമായിരുന്നു. ഈ ഗ്രാമങ്ങളില്‍ കുടിവെള്ളത്തിന് കിലോമീറ്ററുകള്‍ പോകണമായിരുന്നു.
നിങ്ങളെന്തിനാണു കുടിവെള്ളത്തിനു കിലോമീറ്ററുകള്‍ ദൂരെ പോകുന്നത്. നിറയെ വെള്ളമുള്ളിടത്തേക്ക് നിങ്ങളെ മാറ്റിത്താമസിപ്പിക്കും. എന്നൊരു പ്രലോഭനമാണ് ആദ്യം അവര്‍ക്കു മുന്നില്‍ ഉപയോഗിക്കുന്നത്.
വെള്ളം ഞങ്ങള്‍ക്ക് ഒരു ഉപയോഗവസ്തുവല്ല. ഗോത്രത്തലവന്മാര്‍ പറഞ്ഞു.
പിന്നെ ?
അതു ഞങ്ങളുടെ ജീവിതമാണ്.
അതുതന്നെയാണു പറയുന്നത്. നിങ്ങള്‍ക്കു നിങ്ങളുടെ ജീവിതം തിരിച്ചുതരാമെന്ന്.
എവിടെ ?
അത് എവിടെയായാലെന്ത് ?
ഞങ്ങളുടെ ജീവിതം ഇവിടെയാണ്.
ഇതടക്കം നൂറോളം ഗ്രാമങ്ങള്‍ മുങ്ങിപ്പോകാനുള്ളതാണ്.
അതെന്തിന് ?
ചരിത്രത്തില്‍ അങ്ങനെ പലതും മുങ്ങിപ്പോയിട്ടുണ്ട് ?
എന്താണു ചരിത്രം ?
അത് എഴുതിവയ്ക്കപ്പെട്ട കാലമാണ്.
ഞങ്ങള്‍ ജീവിതം എഴുതിവയ്ക്കാറില്ല. അതു ജീവിച്ചുതീര്‍ക്കുകയാണ്.
ആയിക്കോളൂ. വേറൊരിടത്ത്. വേറൊരു കാലത്തില്‍.
ഞങ്ങള്‍ക്ക് ഇവിടെ മതി.
നിങ്ങള്‍ക്ക് ഇവിടെ എന്താണുള്ളത് ?
ഞങ്ങള്‍ ഇവിടെ ജീവിക്കാന്‍ വേണ്ടി നിര്‍മിക്കപ്പെട്ടവരാണ്. ഇവിടെയാണു ഞങ്ങളുടെ ഓര്‍മകള്‍.
ഓര്‍മകളോ. അതെന്താണ് ?
അത് എഴുതിവയ്ക്കാത്ത കാലമാണ്. അതിലാണു ഞങ്ങള്‍ തുടര്‍ന്നും ജീവിക്കുന്നത്.
എന്നാല്‍ ഇതൊന്നും ആര്‍ക്കും മനസിലാവുന്നുണ്ടായിരുന്നില്ല. പലാന പറഞ്ഞു.
ഇതെല്ലാം ആര്‍ക്കും മനസിലാവുന്ന കാര്യമല്ലേയുള്ളൂ. ഇഗ്‌ണോയിയുടെ ശബ്ദത്തില്‍ അത്ഭുതം നിറഞ്ഞു.
മനുഷ്യര്‍ എന്തും വൈകിയേ പഠിക്കൂ. അരിഞ്ഞും തുരന്നും തുരത്തിയുമേ പഠിക്കൂ. പലാന, ഒരു തവള ദീര്‍ഘനിശ്വാസം വിടുന്നുവെന്ന് ആരും വിശ്വസിക്കുകയില്ലെങ്കില്‍ കൂടി, ദീര്‍ഘനിശ്വാസം വിട്ടു. അപ്പോള്‍ അതിന്റെ തൊണ്ടയിലെ ഒച്ചക്കൊളുത്തുകള്‍ കുലുങ്ങി.
എന്നിട്ട് ? ഇഗ്‌ണോയിക്ക് കാത്തുനില്‍ക്കാന്‍ സാവകാശമുണ്ടായിരുന്നില്ല.
...............................................................................
ഞങ്ങള്‍ ജലസമാധിയിരിക്കും. ജലത്തില്‍ സമാധിയടയുക. വെള്ളത്തിനു വേണ്ടി കിലോമീറ്ററുകള്‍ താണ്ടുന്ന ഞങ്ങള്‍ക്ക് അതൊരു നല്ല പ്രവൃത്തിയായിരിക്കും. ചിലപ്പോള്‍ ജീവിതത്തില്‍ അത്രയും നല്ലൊരു കാര്യം ചെയ്തു കാണില്ല.
Image Courtesy: Getty Images
അതു വലിയ സമരങ്ങളിലേക്കാണ് ആളിക്കത്തിയതു പിന്നെ. ജലപീരങ്കികളായി. കണ്ണീര്‍വാതകമായി, ഗ്രനേഡ് ഷെല്ലുകളായി ഓരോ ആയുധവും അനുനിമിഷം വളര്‍ന്നുകൊണ്ടിരുന്നു. ഖോസ്തി ഗോത്രക്കാര്‍ ആദ്യമായാണു ജലപീരങ്കി കൊള്ളുന്നതു തന്നെ. തങ്ങള്‍ക്കടുത്തേക്കു വരികയാണെങ്കില്‍, എല്ലാ ദിവസവും അതു കൊള്ളാന്‍ തയാറാണെന്ന് ഇണ്ടീരയെപ്പോലുള്ള സ്ത്രീകള്‍ വിചാരിച്ചിരുന്നു. വെള്ളത്തിനായി ഒഴിവാക്കാമായിരുന്ന കിലോമീറ്ററുകളെപ്പറ്റി ആലോചിച്ചായിരുന്നു അത്.
വെള്ളം എന്നു പറയുമ്പോള്‍ നിനക്ക് എന്തു സന്തോഷമാണ്. നീയതിനെത്ര വാക്കുകളാണു മാറ്റിമാറ്റി ഉപയോഗിക്കുന്നത്. ഇഗ്‌ണോയി ഇടയ്ക്കു പറഞ്ഞു.
ഒരു തവളയെ സംബന്ധിച്ചിടത്തോളം വെള്ളത്തെക്കുറിച്ച് ഒടുങ്ങാത്ത വാക്‌ശേഖരമാണുള്ളത്. പലാന, അതും വര്‍ധിച്ച സന്തോഷത്തോടെയാണു പറഞ്ഞത്. ഒരു തവളയ്ക്കു വെള്ളത്തെക്കുറിച്ച് എത്രറ്റവും ഭാവന ചെയ്യാനാവും.
ഒറ്റ രാത്രി കൊണ്ടു നിങ്ങളെ തുടച്ചുമാറ്റാനാവും എന്ന ഭീഷണി ഗോത്രത്തലവന്മാര്‍ക്ക് അത്ര പിടിച്ചിരുന്നില്ല. പലരുടെയും കൈകള്‍ കുന്തക്കാലിലേക്കും അമ്പിന്‍കണകളിലേക്കും നീണ്ടു. ഇരുണ്ട പേശികളില്‍ കൊടുങ്കാറ്റു പിടിച്ചു.
അങ്ങനെയൊന്നും സാധിക്കില്ല. നിങ്ങള്‍ എത്ര വെള്ളം അല്ലാതെ പാഴാക്കിക്കളയുന്നു. നെഞ്ചുരുളിയിലെ വെള്ളം നിങ്ങള്‍ കുടിക്കുകയാണെങ്കില്‍ അതു ഞങ്ങളുടെ ശവങ്ങള്‍ അഴുകിയതു മാത്രമായിരിക്കും.
നിങ്ങള്‍ എന്തു ചെയ്യാനാണ് ?
ഞങ്ങള്‍ ജലസമാധിയിരിക്കും. ജലത്തില്‍ സമാധിയടയുക. വെള്ളത്തിനു വേണ്ടി കിലോമീറ്ററുകള്‍ താണ്ടുന്ന ഞങ്ങള്‍ക്ക് അതൊരു നല്ല പ്രവൃത്തിയായിരിക്കും. ചിലപ്പോള്‍ ജീവിതത്തില്‍ അത്രയും നല്ലൊരു കാര്യം ചെയ്തു കാണില്ല.
നിങ്ങളുടെ ഗ്രാമങ്ങള്‍ അതേപടി ഞങ്ങള്‍ പുനര്‍നിര്‍മിച്ചുതരും.
എന്നിട്ടോ ?
അവിടെ നിങ്ങള്‍ പുതിയ ഒരു ജീവിതം തുടങ്ങും.
എവിടെയാണത് ?
പുതിയ ജീവിതം, അത് എവിടെയായാലെന്ത് ?
ശരിയാണ്. ഞങ്ങള്‍ പുതിയ ജീവിതം തുടങ്ങും. മരിച്ചുകൊണ്ട്. ലോകത്തിലന്നോളമുണ്ടായിട്ടുള്ള എല്ലാ ജീവജാലങ്ങളുടെയും ശബ്ദമായിരുന്നു അയാള്‍ക്കെന്ന് അപ്പോള്‍ തോന്നിച്ചു.
ജലപീരങ്കികള്‍ക്കു പകരം വെടിയുണ്ടകള്‍ വന്നത് അതിനു പിന്നാലെയായിരുന്നു. പലാന പറഞ്ഞു. അതില്‍ രണ്ടെണ്ണമാണു ഇണ്ടീരയുടെ ചെവിക്കാതിലയ്ക്ക് അടുത്ത് ഇപ്പോഴും.
ഗബ്രിയേല്‍ ഇന്ദിരയെ നോക്കി. അവള്‍ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. ഇപ്പോഴും ചോര കിനിയുന്നുണ്ടെന്നു തോന്നിച്ച ആ മുറിവില്‍ ഗബ്രിയേല്‍ വീണ്ടും വിരലോടിച്ചു. അയാള്‍ക്കു വീണ്ടും വിരലുകളിലെന്തോ തടഞ്ഞു.
വെടിയുണ്ടകളുണ്ടോ ഇപ്പോഴും. ഗബ്രിയേലിനു സംശയമായി. അതുമായി ആര്‍ക്കു ജീവിക്കാന്‍ കഴിയും പിന്നെ ? അതും തലച്ചോറില്‍.
അതു തോന്നുന്നതാണ്. അയാള്‍ പതുക്കെ പറഞ്ഞു.
എന്ത് ? ഇന്ദിര അപ്പോഴാണു ഉടല്‍ക്കമ്പനങ്ങളില്‍ നിന്നു തിരിച്ചുവന്നത്.
വെടിയുണ്ട ഇപ്പോഴുമവിടെ ഉണ്ടെന്ന്.
അതവിടെയുണ്ട് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഇന്ദിര എന്തു വികാരമാണെന്നു പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഭാവത്തോടെ പറഞ്ഞു.
കാരണം ?
ഞാന്‍ ജീവിച്ചിരിക്കുന്നു എന്നതുതന്നെ. നാളെ നിങ്ങളെയും മറ്റേതെങ്കിലും കാരണത്തിന് ഒന്നു തേടിവരും എന്ന് ഓര്‍മിപ്പിച്ചുകൊണ്ട്.
വെള്ളത്തിന്റെ അപ്പോഴുണ്ടായ ഒരു ചെറിയ ചുഴിയിലേക്കു പലാന ചാടി. പുല്‍ക്കൂട്ടത്തില്‍ അപ്പോള്‍ പുതിയൊരു പുല്‍നാമ്പുണ്ടായോ എന്ന് ഇഗ്‌ണോയി സംശയിച്ചു. ഒരു കുഴിയാനക്കുഴിയുടെ വലിപ്പമേയുണ്ടായിരുന്നുള്ളൂ ആ ചുഴിക്ക്.
അതിനു മുമ്പേ പലാന ഇത്രയും പറഞ്ഞു: അങ്ങനെയാണു ബുള്ളറ്റുകള്‍ കൊണ്ട് ഇറക്കിവിടുന്നവരെ വെള്ളപ്പൊക്കത്തിന്റെ കുടിയിറക്കപ്പെട്ടവരാക്കുന്നത്.
ഇന്ദിര നേരത്തേ നീട്ടിയിരുന്ന നിവേദനക്കടലാസ് ഗബ്രിയേല്‍ കൈനീട്ടിയെടുത്തു. ഇപ്പോള്‍ അതിലെ ഭാഷ വേറെ ഏതോ ഭാഷയിലേക്കു രൂപപ്പെട്ടുതുടങ്ങിയതായി അയാള്‍ അറിഞ്ഞു.
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍
ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍
എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ
അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍
ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ
കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍
ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍
യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത
കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം
യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍; സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍
പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍
ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ
സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍
ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം
വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ
പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍
വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി
കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍
ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍
യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം
സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍
അയ്മനം ജോണ്‍ എഴുതിയ കഥ, ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍
തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍
മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി
ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം
ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍
വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍
ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ
ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍
കാടകപ്പച്ചകള്‍, ഡോ. എം പി പവിത്രയുടെ ആറ് കവിതകള്‍
എന്റെ മേരീ നിന്നെ ഞാനിന്ന്, നജീബ് റസ്സല്‍ എഴുതിയ അഞ്ച് കവിതകള്‍
ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം!
മടുപ്പേറിയന്‍ ഭൂപടത്തില്‍ നിന്നൊരു സഞ്ചാരിയുടെ കുറിപ്പുകള്‍, അയ്യപ്പന്‍ മൂലേശ്ശെരില്‍ എഴുതിയ കവിതകള്‍
കടലെറങ്കണ പെണ്ണുങ്കോ, ഡി അനില്‍കുമാര്‍ എഴുതിയ കവിതകള്‍
വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ്, ഡോ. മനോജ് വെള്ളനാട് എഴുതിയ കഥ
ഒരു അപസര്‍പ്പക ഫലിതം, പ്രദീപ് എം. നായര്‍ എഴുതിയ കഥ
അരിനെല്ലിമരം, മീരാ രമേഷ് എഴുതിയ കവിതകള്‍
സുഖിയന്‍, ലാസര്‍ ഷൈന്‍ എഴുതിയ കഥ
ഹര്‍ഷാ മണി, വി ടി ജയദേവന്‍ എഴുതിയ ആറ് കവിതകള്‍
പൂജാ ഷോട്ട്, ശ്രീബാല കെ മേനോന്‍ എഴുതിയ കഥ
എട്ടെണ്ണം, ചാള്‍സ് ബുക്കോവ്സ്‌കി എഴുതിയ കവിതകള്‍
വെയില്‍, സുജീഷ് എഴുതിയ കവിതകള്‍
സൈക്കിളിന്റെ ഉപമയില്‍ ഒരേകാന്തത, ബൈജു മണിയങ്കാലയുടെ കവിതകള്‍
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും
ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍
പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ്
എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?
കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍
നിശ്ചല യാത്രകള്‍: മാങ്ങാട് രത്‌നാകരന്റെ കോളം
വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല
പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ
സെക്കന്‍ഡ് ഹാന്‍ഡ് ഷോപ്പില്‍ പുസ്തകങ്ങള്‍ നമ്മെ തേടിവരുന്നു