വാക്കുല്‍സവത്തില്‍ ഇന്ന് പ്രദീപ് ഭാസ്‌കര്‍ എഴുതിയ കഥ. വേട്ട
'കാമാഖ്യ' എന്ന നോവലിലൂടെയാണ് പ്രദീപ് ഭാസ്‌കര്‍ എന്ന എഴുത്തുകാരന്‍ ചര്‍ച്ചകളില്‍ സജീവമാകുന്നത്. കാമത്തിന്റെ ആഖ്യായികയാണ് 'കാമാഖ്യ'. 'കാമസൂത്ര' എഴുതുന്നതിനു മുമ്പുള്ള വാത്‌സ്യായനനെ തേടിയുള്ള ഭാവനാസഞ്ചാരം. കെട്ടുകഥ. എന്നാല്‍, കാല്‍പ്പനികതയുടെ കഥാപരിസരം ഒരുക്കിയശേഷം, പരസ്പരബന്ധമില്ലെന്നു തോന്നാവുന്ന 40 കഥകള്‍ ചേര്‍ത്തുവെച്ച്, ജീവിതത്തിന്റെ ആഴങ്ങളില്‍ ഖനനം ചെയ്യുകയാണ് കാമാഖ്യ. ആനന്ദത്തിലേക്കും സത്യത്തിലേക്കുമുള്ള വഴിദൂരങ്ങളാണ് അതളക്കുന്നത്. ആഗ്രഹങ്ങളുടെയും ആഗ്രഹപൂര്‍ത്തീകരണങ്ങളുടെയും സമാഹാരമെന്ന് വേണമെങ്കില്‍ ലളിതമായി അതിനെ വായിക്കാം. പൗരാണികമായ മറ്റൊരു കാലത്തിന്റെ, ദേശത്തിന്റെ കഥ എന്ന മട്ടില്‍ കാണാം. എന്നാല്‍, പുരാണകഥയുടെ ഒറ്റയടിപ്പാതയില്‍ ഫിക്ഷന്‍ ഓട്ടം നിര്‍ത്തുന്നില്ല. സമകാലീനതയെ സൂക്ഷ്മമായി ചെന്നുതൊടുന്നുണ്ട് ഈ നോവല്‍. നമ്മുടെ കാലത്തെയും എക്കാലത്തെയും മനുഷ്യരുടെ ആനന്ദന്വേഷണങ്ങളുടെ, സന്ദേഹങ്ങളുടെ അടിക്കുറിപ്പായി അത് മാറുന്നു.
പുരാണമല്ല, ചരിത്രമാണ്, ചുരുക്കം കഥകള്‍ മാത്രമെഴുതിയ പ്രദീപ് ഭാസ്‌കര്‍ ഈയടുത്ത് എഴുതിയ 'വേട്ട'യുടെ ആഖ്യാനപരിസരം. ബ്രിട്ടീഷ് കാലത്തെ നിലമ്പൂര്‍ കാടുകള്‍. കുഞ്ഞനന്തന്‍ നമ്പ്യാര്‍ എന്ന 'നാട്ടുസായ്പിന്റെ' ആഗ്രഹപൂര്‍ത്തീകരണ യത്‌നങ്ങള്‍. അധികാരത്തിന്റെ ആസക്തികളാണ് അയാളെ ഉള്‍ക്കാട്ടിലെ 'ചാലിയാര്‍ മുക്ക്' എന്ന പ്രലോഭനത്തിലേക്ക് നടത്തുന്നത്. പെണ്ണല്ല, മണ്ണാണ് ക്രൗര്യത്തിന്റെ അടിക്കാടുകള്‍ വകഞ്ഞ് അയാള്‍ക്ക് എത്തിപ്പിടിക്കാനുള്ള ആനന്ദപാത. ആ അര്‍ത്ഥത്തില്‍, ആഗ്രഹങ്ങളുടെയും ആഗ്രഹപൂര്‍ത്തീകരണങ്ങളുടെയും കഥയായി ഈ കഥയെയും വായിക്കാം. എന്നാല്‍, ചരിത്രത്തെ തൊട്ടുകൂട്ടി നിര്‍വൃതിയടയുകയല്ല ഈ കഥ. വെടിയൊച്ചകളാല്‍ കാട് മുഖരിതമാവുന്ന സമകാലം തന്നെയാണ് കഥയുടെ ആഴങ്ങളില്‍ ത്രസിക്കുന്നത്. അധികാരത്തിന്റെ ചോരച്ചുവപ്പുള്ള അതേ ആസക്തി. ആടിനെ പുലിയാക്കാനും അതിനെ വെടിവെച്ചു കൊന്ന് 'പുലി ചത്തേ' എന്നു ആരവം മുഴക്കാനും മടിയില്ലാത്ത കുഞ്ഞനന്തന്‍ നമ്പ്യാരുടെ കാലം കഴിയുന്നേയില്ല എന്നത് ഓര്‍മ്മിപ്പിക്കുന്നു. കെട്ടുകഥകള്‍ കൊണ്ട്, അധികാരം പണിതുണ്ടാക്കുന്ന ആഖ്യാനങ്ങളുടെ ലളിത യുക്തികളെ കഥ കടപുഴക്കുന്നു.
അറിവ്
'ഇരട്ടമുഖമുള്ള മനുഷ്യരാണ് ചുറ്റും. ചിന്തിക്കുന്നതൊന്ന്, പറയുന്നത് മറ്റൊന്ന്. പറയുന്നതൊന്ന്, ചെയ്യുന്നത് മറ്റൊന്ന്. തെക്കോട്ടേക്ക് പോകുന്നെന്ന് പറഞ്ഞ് വടക്കോട്ടേക്ക് പോകും. ചിരിച്ച മുഖത്തിന് പുറകില്‍ പകയുടെയും ചതിയുടെയും കനലുകള്‍ സമര്‍ത്ഥമായി ഒളിപ്പിക്കുന്ന ചെകുത്താന്റെ സന്തതികള്‍.'
റിട്ടയര്‍ ചെയ്ത് വീട്ടിലെത്തിയതിന്റെ മൂന്നാം ദിവസം രാവിലെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ അലസനായി ഉമ്മറത്തെ ചാരുകസേരയില്‍ മലര്‍ന്നു കിടന്ന് ചുവരില്‍ തൂക്കിയ കാര്‍ന്നവന്മാരുടെ ചിത്രങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനിടയില്‍ സുബേദാര്‍ മേജര്‍ കുട്ടികൃഷ്ണമേനോന്റെ കണ്ണുകള്‍ അയാളുടെ അച്ഛന്‍ ചാത്തുമേനോന്റെ അച്ഛന്‍ അപ്പുമേനോന്റെ ഛായാചിത്രത്തില്‍ ഉടക്കി നിന്നു. കാക്കി നിക്കറും കാക്കി ഷര്‍ട്ടും കൂര്‍മ്പന്‍ തൊപ്പിയും ധരിച്ച് വലത്തേ കയ്യില്‍ നീളന്‍ തോക്ക് കുത്തിപ്പിടിച്ച് നില്‍ക്കുന്ന അപ്പുമേനോന്റെ നൂറിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ആ ചിത്രത്തില്‍ കാലത്തിന്റെ കൊത്തുപണികള്‍ സാരമായ കേടുപാടുകള്‍ വരുത്തിയിരുന്നു.
ലോകത്ത് മനുഷ്യനല്ലാതെ മറ്റൊരു മൃഗത്തിനും ഇങ്ങനെയുള്ള സ്വഭാവം ഇല്ലല്ലോ എന്ന് സുബേദാര്‍ മേജര്‍ കുട്ടികൃഷ്ണമേനോന്‍ നെടുവീര്‍പ്പോടെ ആശ്ചര്യപ്പെട്ടു.
മുറിവ്
ചില കാമുകന്മാരുണ്ട്, നൂറ്റാണ്ടുകളോളം പ്രണയിക്കാനുള്ള സംശുദ്ധ പ്രണയം ഉള്ളില്‍ തിളച്ചു മറിയുമ്പോഴും അത് തുറന്ന് പ്രകടിപ്പിക്കാന്‍ അറിയാത്തവര്‍. അവരുടെ പരുക്കന്‍ ശബ്ദമോ, ഉറച്ച നോട്ടങ്ങളോ, ഉറപ്പിച്ചു പറയുന്ന അഭിപ്രായങ്ങളോ ഒക്കെ അവരിലേക്കുള്ള കാമുകിമാരുടെ സംവേദനത്തെ നിരന്തരം ഭയപ്പെടുത്തി തടഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ അവരോട് അടുത്താലോ, അതിനോളം തണുപ്പുള്ളൊരു തണലുണ്ടാകില്ല.
നിലമ്പൂര്‍ കാട് അങ്ങനെയൊരു കാമുകനാണ്. ഉദ്ധരിച്ച ലിംഗങ്ങള്‍ പോലെ മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന തേക്കും മഹാഗണിയും, പേടിപ്പെടുത്തുന്ന മുരള്‍ച്ചകള്‍ ഒളിപ്പിച്ച ഉള്‍ക്കാടുമെല്ലാം ഉള്‍ക്കനമില്ലാത്തവരെയും വന്യസൗന്ദര്യം ആസ്വദിക്കാന്‍ ശേഷിയില്ലാത്തവരെയും ഭയപ്പെടുത്തി അകറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍, ഭയലേശമില്ലാതെ അകത്തു കടക്കുന്നവരെ അത്ഭുതപ്പെടുത്താനും ആനന്ദിപ്പിക്കാനും നിലമ്പൂര്‍ സൂക്ഷിച്ച നിധിയായിരുന്നു ചാലിയാര്‍മുക്ക്. ഉഗ്രപ്രതാപിയായ ചാലിയാറിനോട് അയാളുടെ കാമുകിയായ കരിമ്പുഴ ഇഴഞ്ഞിണചേരുന്ന സ്വര്‍ഗത്തേക്കാള്‍ സുന്ദരമായ ഈ കാട്ടുമുക്ക് നിലമ്പൂര്‍ കാടിന്റെ വറ്റാത്ത സ്‌നേഹത്തിന്റെ അടയാളമാണ്.
അങ്ങനെയിരിക്കെയാണ് കടുത്ത വേനലില്‍ പോലും നനുത്ത തണലേകുന്ന ചാലിയാര്‍മുക്ക് സ്വന്തമാക്കണമെന്നും അവിടെയൊരു വേനല്‍ക്കാല വസതി പണിയണമെന്നും കുഞ്ഞനന്തന്‍ നമ്പ്യാര്‍ക്ക് മോഹമുണ്ടാകുന്നത്. കണ്ണുവച്ചത് എന്തായാലും അത് എന്ത് വിലകൊടുത്തും സ്വന്തമാക്കും എന്നാണ് കുഞ്ഞനന്തന്‍ നമ്പ്യാരെ കുറിച്ചുള്ള നാട്ടുവര്‍ത്തമാനം. ചെറുപ്പം മുതലേ വലിയ വാശിക്കാരനും വികൃതിയുമായിരുന്ന കുഞ്ഞനന്തന്‍ നമ്പ്യാരുടെ ഏതാഗ്രഹവും നടത്തിക്കൊടുക്കുന്നതില്‍ അയാളുടെ അചഛന്‍ ശങ്കുണ്ണി നമ്പ്യാര്‍ ഏറെ ശ്രദ്ധാലുവായിരുന്നു. അങ്ങനെയാണ് തനിക്ക് ഇഷ്ടം തോന്നുന്ന എന്തും എങ്ങനെയും സ്വന്തമാക്കുന്ന സ്വഭാവം കുഞ്ഞനന്തന്‍ നമ്പ്യാരില്‍ ആഴത്തില്‍ വേരുറപ്പിക്കുന്നത്.
നിലമ്പൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ൈറ സ്‌റ്റേഷന്‍ മാസ്റ്ററായിരുന്ന സായിപ്പിന്റെ കുശിനിക്കാരനായിരുന്നു ശങ്കുണ്ണി നമ്പ്യാര്‍. അങ്ങനെയാണ് കണ്ണൂരുകാരനായ അയാള്‍ നിലമ്പൂരില്‍ എത്തുന്നത്. കോഴിക്കോടിന്റെയും കണ്ണൂരിന്റെയും പ്രാദേശികമായ മത്സ്യമാംസ വിഭവങ്ങള്‍ ഉണ്ടാക്കുന്നതില്‍ പ്രഗത്ഭനായിരുന്ന ശങ്കുണ്ണി നമ്പ്യാര്‍ വളരെ പെട്ടെന്ന് തന്നെ സായിപ്പിന്റെ പ്രത്യേക പരിഗണക്ക് അര്‍ഹനായിത്തീര്‍ന്നു. അങ്ങനെ ശങ്കുണ്ണിയില്ലാതെ ഒരു ദിവസം പോലും പറ്റില്ലെന്ന അവസ്ഥയായപ്പോള്‍, ശങ്കുണ്ണിയുടെ ഇടക്കിടെയുള്ള കണ്ണൂരിലേക്കുള്ള ഭാര്യയേയും മകനെയും കാണാന്‍ പോക്ക് നിര്‍ത്തുന്നതിനായി സായിപ്പ് അയാള്‍ക്കൊരു ചെറിയ പുരയിടം നിലമ്പൂരില്‍ പണി കഴിപ്പിച്ചു കൊടുത്തു, അങ്ങനെയാണ് കണ്ണൂരുകാരനായ ശങ്കുണ്ണി നമ്പ്യാര്‍ നിലമ്പൂരുകാരനാകുന്നത്.
അങ്ങനെയിരിക്കെ, സായിപ്പ് തന്റെ നാട്ടിലേക്ക് തിരികെ പോകാന്‍ തീരുമാനിച്ചു. താന്‍ തിരികെ പോയാലും തന്റെ വിധേയനായ ശങ്കുണ്ണിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്ന് കരുതി ആശ്രിതവത്സലനായ സായിപ്പ് തന്റെ വലിയ ബംഗ്‌ളാവും ഏക്കറു കണക്കിനുള്ള സ്ഥലവും സ്ഥാവര ജംഗമ വസ്തുക്കളും എന്തിനേറെ തനിക്കേറെ പ്രിയപ്പെട്ട മൂന്നു കുതിരകളെ പൂട്ടിയ വെള്ളി കെട്ടിയ തേക്കിന്റെ കുതിര വണ്ടിയുമടക്കം സകലതും ശങ്കുണ്ണിക്ക് ദാനം ചെയ്തു. അതോടെ കുശിനിക്കാരനായ ശങ്കുണ്ണി നമ്പ്യാര്‍ നിലമ്പൂരിലെ ഏറ്റവും വലിയ ജന്മിയായി മാറി.
അങ്ങനെ പിന്നെയും കുറച്ച് വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍ പ്രായമായ ശങ്കുണ്ണി നമ്പ്യാര്‍ മരിച്ചു പോയി. ശങ്കുണ്ണി നമ്പ്യാരുടെ സ്വത്തെല്ലാം ഇംംഗ്ളണ്ടില് പോയി വിദ്യാഭ്യാസം കഴിഞ്ഞെത്തിയ മകന്‍ കുഞ്ഞനന്തന്‍ നമ്പ്യാരുടേതായി മാറി. അച്ഛന്റെ മരണശേഷം കുതിരവണ്ടി ഉപേക്ഷിച്ച് ഒരു ജീപ്പ് വാങ്ങുകയാണ് അയാള്‍ ആദ്യം ചെയ്ത പ്രവൃത്തി. സായിപ്പിന്റെ വേഷമണിഞ്ഞ് ജീപ്പില്‍ വരുന്ന കുഞ്ഞനന്തന്‍ നമ്പ്യാര്‍ക്ക് രാജാവിനേക്കാള്‍ പ്രൗഢിയായിരുന്നു.
കുഞ്ഞനന്തന്‍ നമ്പ്യാരുടെ കാര്യസ്ഥനും, സഹായിയും, അംഗരക്ഷകനുമൊക്കെയായിരുന്നു രാമന്‍പിള്ള. നമ്പ്യാര്‍ പോകുന്ന ഇടങ്ങളിലെല്ലാം രാമന്‍ പിള്ളയെ കൂടെ കൂട്ടാന്‍ അയാള്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. രാമന്‍ പിള്ളയെ ജീപ്പിന്റെ പുറകിലിരുത്തി തന്റെ തോക്കിനെ മുന്‍സീറ്റില്‍ ചാരി വച്ചായിരുന്നു അയാളുടെ ഓരോ യാത്രയും. യഥാര്‍ത്ഥത്തില്‍, മനുഷ്യരേക്കാള്‍ തോക്കിനെ വിശ്വസിക്കുന്നത് കൊണ്ടാണ് അയാള്‍ തോക്കിന് മുന്‍സീറ്റില്‍ ഇരിപ്പിടം നല്‍കിയിരുന്നത്.
നല്ലൊരു വേട്ടക്കാരന്‍ കൂടിയായിരുന്നു കുഞ്ഞനന്തന്‍ നമ്പ്യാര്‍. ഇന്നു വരെ ഒരൊറ്റ തിര പോലും പാഴായിപ്പോയിട്ടില്ലെന്ന് അയാള്‍ പലപ്പോഴും അഹങ്കാരത്തോടെ പറയാറുമുണ്ടായിരുന്നു. അങ്ങനെയാണ്, തന്നെ ഇന്ന് വരെ ചതിക്കാത്ത തോക്കിനെ അയാള്‍ ഏറ്റവും അടുത്ത കൂടപ്പിറപ്പായി കണ്ടു തുടങ്ങിയത്.
കുഞ്ഞനന്തന്‍ നമ്പ്യാരുടെ നേരമ്പോക്കുകള്‍ക്കും ആ തോക്ക് തന്നെയായിരുന്നു കൂട്ട്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ദിവസങ്ങളില്‍ കോഴിയെ ഓടിച്ചിട്ട് വെടി വച്ച് കൊല്ലുന്നത് അയാള്‍ക്കൊരു ഹരമായിരുന്നു. ചിലപ്പോള്‍ തലക്ക് മുകളിലൂടെ പറന്നു പോകുകയോ, അടുത്തുള്ള വാഴക്കയ്യില്‍ ഇരുന്ന് ഉറക്കെ കരയുകയോ ചെയ്യുന്ന കാക്കകളായിരിക്കും അയാളുടെ ഇര. ഇനി അതുമല്ലെങ്കില്‍, ഇതിലൊന്നും രസം തോന്നാത്ത ചില ദിവസങ്ങളില്‍ അയാള്‍ മുറ്റത്ത് കുറെ പൊടിയരിയും ഗോതമ്പ് തരിയും വിതറിയിടും. അത് തിന്നാന്‍ വരുന്ന ചെറിയ കിളികളെ, പ്രത്യേകിച്ച് കുഞ്ഞു കുരുവികളെ ശ്രദ്ധയോടെ, തരിമ്പും ഉന്നം തെറ്റാതെ വെടിവച്ച് കൊല്ലും. മാസത്തില്‍ ഒരിക്കലെങ്കിലും അയാള്‍ കുരുവികളെ കൊല്ലുന്ന ഈ കളി ഒരു ആചാരം പോലെ തുടര്‍ന്നിരുന്നു.
അങ്ങനെയിരിക്കെയാണ്, ചാലിയാര്‍മുക്ക് സ്വന്തമാക്കണമെന്ന മോഹം കുഞ്ഞനന്തന്‍ നമ്പ്യാരുടെ ഉറക്കം കെടുത്തിത്തുടങ്ങിയത്. തരം കിട്ടുമ്പോഴെല്ലാം അയാള്‍ രാമന്‍പിള്ളയോടൊത്ത് ചാലിയാര്‍മുക്കിലെത്തി ഏറെ നേരം അവിടെ ചിലവഴിക്കും. ഓരോ യാത്രയും അയാളുടെ മോഹത്തെ കാട്ടുമരങ്ങളെപ്പോലെ ആകാശം മുട്ടെ വളര്‍ത്തിക്കൊണ്ടിരുന്നു. അപ്പോഴെല്ലാം അയാള്‍ ആ സ്ഥലം സ്വന്തമാക്കാനായി ഓരോ തന്ത്രങ്ങള്‍ രാമന്‍ പിള്ളയുമായി ആലോചിച്ചുകൊണ്ടിരുന്നു. പക്ഷേ ഒരു തന്ത്രവും ലക്ഷ്യപ്രാപ്തിക്കുള്ള ശേഷിയുള്ളതായിരുന്നില്ല.
'അങ്ങുന്നേ, വിവരക്കേടാണെങ്കില്‍ പൊറുക്കണം. എനിക്കൊരു വഴി തോന്നുന്നുണ്ട്'.
അങ്ങനെയൊരു യാത്രയില്‍ രാമന്‍ പിള്ളയുടെ വാക്കുകള്‍ കേട്ട് കുഞ്ഞനന്തന്‍ നമ്പ്യാര്‍ക്ക് വല്ലാതെ ദേഷ്യം വന്നു.
'ഡാ പെരട്ട പിള്ളേ, ഞാന്‍ നിന്നോട് പല വട്ടം പറഞ്ഞിട്ടുള്ളതാണ് എന്നെ അങ്ങുന്നേന്ന് വിളിക്കരുതെന്ന്.'
കുഞ്ഞനന്തന്‍ നമ്പ്യാര്‍ കാലുമടക്കി തൊഴിച്ചതിന്റെ ഊക്കില്‍ രാമന്‍ പിള്ള കമിഴ്ന്നടിച്ചു വീണു.
'സാറേ, ഇത്തവണത്തേക്ക് കൂടി മാപ്പാക്കണം സാറേ.'
കമിഴ്ന്നു കിടക്കുന്ന അയാളെ തിളങ്ങുന്ന ഷൂ കൊണ്ട് ചവുട്ടാനായി ആഞ്ഞ നമ്പ്യാരുടെ കാലില്‍ രാമന്‍പിള്ള മുറുകെ പിടിച്ച് ദയനീയമായി നോക്കി.
ശീമയില്‍ പോയി പഠിച്ചു വന്ന തന്നെ സായിപ്പിനെപ്പോലെ തന്നെ ആളുകള്‍ ബഹുമാനിക്കണമെന്നും, സാര്‍ എന്ന് സംബോധന ചെയ്യണമെന്നും കുഞ്ഞനന്തന്‍ നമ്പ്യാര്‍ക്ക് നിര്‍ബന്ധമായിരുന്നു.
ഒന്ന് ഇരുത്തി മൂളി നമ്പ്യാര്‍ തന്റെ കാല്‍ പിന്‍വലിച്ചു.
'പറയ്, നിന്റെ ഉപായം കേള്‍ക്കട്ടെ.'
അപ്പോഴും ദേഷ്യമടങ്ങാതെ രാമന്‍പിള്ളയെ രൂക്ഷമായി നോക്കിക്കൊണ്ട് കുഞ്ഞനന്തന്‍ നമ്പ്യാര്‍ മുരണ്ടു.
'അതു പിന്നെ സാറേ, ഇവിടെ പുലിയുണ്ടെന്ന് പറഞ്ഞ് കളക്ടര്‍ സാറിനെ നമ്മള്‍ വിശ്വസിപ്പിക്കണം.'
'തനിക്ക് വട്ടാണോ? പുലിയുണ്ടെന്ന് വിശ്വസിപ്പിക്കലും ഈ സ്ഥലവും തമ്മില്‍ എന്ത് ബന്ധം?'
ചാലിയാര്‍മുക്കില്‍ പുലികളുടെ താവളമുണ്ടെന്നും, അതിലൊരു പുലി ഇടക്ക് നാട്ടിലേക്ക് ഇറങ്ങാറുണ്ടെന്നും, അങ്ങനെ ഇറങ്ങുമ്പോള്‍ ആടുമാടുകളെ കൊല്ലാറുണ്ടെന്നും പറഞ്ഞ് മലബാര്‍ കളക്ടറെ വിശ്വസിപ്പിച്ച് പുലിയുടെ ശല്യം ഒഴിവാക്കാനായി ചാലിയാര്‍മുക്ക് വരെയുള്ള കാട് വെട്ടിത്തെളിക്കാനുള്ള അനുവാദം വാങ്ങാമെന്നും, കാട് വെട്ടിത്തെളിച്ചാല്‍ പിന്നെ ആ സ്ഥലം വലിയ സ്വാധീനങ്ങളുള്ള നമ്പ്യാരുടെ പേരില്‍ എഴുതി വാങ്ങിക്കുന്നത് എളുപ്പമാകുമെന്നും രാമന്‍ പിള്ള അയാളോട് വിശദീകരിച്ചു.
'അതിനിവിടെ ഒരു പൂച്ചയെങ്കിലും ചത്ത കഥ ഉണ്ടായിട്ടു വേണ്ടേ? അപ്പഴാണ് അവന്റെയൊരു പൊട്ടക്കഥ.'
നമ്പ്യാര്‍ ദേഷ്യം കൊണ്ട് പല്ല് ഞെരിച്ചു.
'കൊറച്ച് ആടുകളെ കൊല്ലാന്‍ നമുക്കെന്താണ് പാട് സാറേ? സാറിന്റെ ആ വേട്ടപ്പട്ടികളെക്കൊണ്ട് കടിച്ച് കൊല്ലിച്ചാല്‍ പോരേ?'
'എടാ, സായിപ്പ് അത്ര മണ്ടനൊന്നുമല്ല. ഞാനവരുടെ നാട്ടില്‍ കൊറേ കാലം ജീവിച്ചതല്ലേ? പരാതി കിട്ടിയാല്‍ ആദ്യമയാള്‍ ഇവിടെയുള്ള ആളുകളോട് ചോദിക്കും. എന്നിട്ടേ നടപടിയെക്കുറിച്ച് ചിന്തിക്കുകയുള്ളൂ. അതാണവരുടെയൊരു രീതി.'
'സാറെന്ത് വര്‍ത്താനമാണീ പറയുന്നേ? സാറ് പറഞ്ഞാ പിന്നെ കുടിയാന്മാരാരെങ്കിലും തിരിച്ച് പറയുമോ?'
രാമന്‍പിള്ള യുക്തിയോടെ വാദിച്ചു.
'ഇനി അതും നടന്നില്ലെങ്കില്‍, വേണെങ്കില്‍ അവറ്റകളില്‍ ഒന്നു രണ്ടെണ്ണത്തിനെക്കൂടി പട്ടികളെക്കൊണ്ട് കൊല്ലിച്ചേക്കാം. അപ്പോപ്പിന്നെ പരാതിക്കൊരു ബലോം കിട്ടും.'
തോള്‍മുണ്ടു കൊണ്ട് മുഖത്തെയും കക്ഷത്തിലെയും വിയര്‍പ്പ് തുടക്കുന്നതിനിടയില്‍ ക്രൂരമായി പുഞ്ചിരിച്ചു കൊണ്ട് രാമന്‍പിള്ള തന്റെ കൂറും വിധേയത്വവും ഒരിക്കല്‍ക്കൂടി വ്യക്തമാക്കി.
കുഞ്ഞനന്തന്‍ നമ്പ്യാര്‍ കുറച്ചിട ഗഹനമായ ചിന്തയിലാണ്ടു.
'സാറ് വെഷമിക്കണ്ട സാറേ. ഒക്കെ ഞാന്‍ തന്നെ ചെയ്‌തോളാം. സാറൊന്ന് സമ്മതം തന്നാ മതി.'
അങ്ങനെ പിറ്റേന്ന് തന്നെ രാമന്‍പിള്ള പുലിക്കഥക്ക് വേണ്ട ചേരുവകള്‍ തയ്യാറാക്കി. രാത്രിയായതോടെ വിശ്വസ്തരായ ചില കുടിയാന്മാരുടെ സഹായത്തോടെ അയാള്‍ നമ്പ്യാരുടെ ഒരു പശുവിനെയും, കുടിയാന്മാരുടെ മൂന്ന് ആടുകളെയും കുഞ്ഞനന്തന്‍ നമ്പ്യാരുടെ പട്ടികളെക്കൊണ്ട് കൊല്ലിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ അങ്ങനെ ചില ചെറിയ ചെറിയ പുലിയാക്രമണങ്ങള്‍ കൂടി നടന്നു. രണ്ടു മൂന്ന് പുലിയാക്രമണങ്ങള്‍ കഴിഞ്ഞതോടെ കുഞ്ഞനന്തന്‍ നമ്പ്യാരുടെ മൂന്ന് പശുക്കളും കുടിയാന്മാരുടെ പതിനഞ്ചോളം ആടുകളും കൊല്ലപ്പെട്ടു.
അങ്ങനെയൊരു ദിവസം കുഞ്ഞനന്തന്‍ നമ്പ്യാര്‍ മലബാര്‍ കളക്ടറെ കാണാനായി തന്റെ ജീപ്പില്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. പുലിയുടെ ശല്യത്തെക്കുറിച്ച് വിശദമായ ഒരു പരാതി തന്നെ അയാള്‍ കളക്ടറെ നേരില്‍ക്കണ്ട് ബോധിപ്പിച്ചു. വേണ്ട നടപടിയെടുക്കാം എന്ന് കളക്ടര്‍ ഉറപ്പ് കൊടുത്തെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും യാതൊരു നടപടികളും ഉണ്ടാകാതതിനാല്‍ കുഞ്ഞനന്തന്‍ നമ്പ്യാര്‍ കൂടുതല്‍ നിരാശനായി. എങ്കിലും അയാള്‍ ചാലിയാര്‍മുക്കിലേക്കുള്ള തന്റെ യാത്രകള്‍ അപ്പോഴും മുടക്കിയിരുന്നില്ല.
'സാറ് വെഷമിക്കണ്ട സാറേ. ഇന്ന് രാത്രി തന്നെ ഞാന്‍ അന്ന് പറഞ്ഞ പോലെ ചെയ്‌തേക്കാം.'
അങ്ങനെയൊരു യാത്രക്കിടെ രാമന്‍പിള്ള കുഞ്ഞനന്തന്‍ നമ്പ്യാരെ സമാധാനിപ്പിച്ചു.
ഇത്തവണ പക്ഷേ, വളരെ രഹസ്യമായി ഒറ്റക്കായിരുന്നു രാമന്‍ പിള്ളയുടെ പോക്ക്. അതിന് മുമ്പയാള്‍ പ്രധാനപ്പെട്ട ഒരു തയ്യാറെടുപ്പെന്നോണം കാട്ടുകിഴങ്ങുകളും വേരുകളും പൂക്കളുമൊക്കെയിട്ട് വാറ്റിയ ഒരു കുടം നല്ല സൊയമ്പന്‍ മദ്യം ഒറ്റ വലിക്ക് കുടിച്ചു തീര്‍ത്തു.
രാത്രി കനത്തതോടെ അരിക്കിലാമ്പിന്റെ വെളിച്ചത്തില്‍ അയാള്‍ രണ്ട് വേട്ടപ്പട്ടികളുമായി കപ്പത്തോട്ടത്തിന് കാവല്‍ നില്‍ക്കാന്‍ പോയ കണാരന്റെ കുടിലിലേക്ക് പതുങ്ങിപ്പതുങ്ങി നടന്നു. പട്ടികള്‍ അനുസരണയോടെയും ശബ്ദമുണ്ടാക്കാതെയും അയാളോടൊപ്പം നടന്നു.
നാട്ടുവെളിച്ചത്തില്‍ പടര്‍ന്നു പന്തലിച്ച് മാനം മുട്ടെ നില്‍ക്കുന്ന വന്മരങ്ങള്‍ പേടിപ്പെടുത്തുന്ന ഭീകരജീവികളെപ്പോലെ തോന്നിച്ചു. ചീവീടുകളുടെ മുരള്‍ച്ചയും രാക്കിളികളുടെ തൊണ്ട പൊട്ടിയുള്ള പാട്ടുകളും രാത്രിയെ കൂടുതല്‍ അസ്വസ്ഥമാക്കി. ആകാശം നിറയെ ചിതറിക്കിടക്കുന്ന നക്ഷത്രക്കൂട്ടങ്ങള്‍ അരുതാത്തതെന്തോ നടക്കാന്‍ പോകുന്നതിന്റെ ഭയത്തിലെന്ന പോലെ നിര്‍ത്താതെ വിറക്കുന്നുണ്ടായിരുന്നു.
പട്ടികളുടെ തുടലുകള്‍ മരത്തില്‍ ബന്ധിച്ച് ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കടന്ന അയാള്‍ അരിക്കിലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍ കണാരന്റെ ഭാര്യയും കുഞ്ഞും ഉറങ്ങിക്കിടക്കുന്നത് അല്‍പ്പനേരം നോക്കി നിന്നു. ചാണകം മെഴുകിയ നിലത്ത് എല്ലും തോലുമായ ആ ജീവികള്‍ യാതൊന്നുമറിയാതെ ഗാഢനിദ്രയില്‍ പൂണ്ടു കിടന്നു.
കാഴ്ചയെ വ്യക്തമാക്കും വിധം അരിക്കിലാമ്പ് അധികം അകലെയല്ലാതെ വച്ച് തലയില്‍ കെട്ടിയ രണ്ടാംമുണ്ട് അഴിച്ചെടുത്ത് കയര്‍ പോലെ പിരിച്ച് രാമന്‍പിള്ള കണാരന്റ ഭാര്യയുടെ അടുത്ത് മുട്ടുകുത്തി ഇരുന്നു. അവളില്‍ നിന്നുമുയരുന്ന വിയര്‍പ്പും ചെളിയും കലര്‍ന്ന മനം മടുപ്പിക്കുന്ന മണം രാമന്‍ പിള്ളയെ വല്ലാതെ അസ്വസ്ഥനാക്കി.
ഒട്ടും വൈകാതെ അയാള്‍ തന്റെ പണിയിലേക്ക് കടന്നു.
കഴുത്തില്‍ മുണ്ട് മുറുകിയപ്പോള്‍ അവള്‍ ഞെട്ടിയുണര്‍ന്നു. എങ്കിലും രാമന്‍ പിള്ളയുടെ കരുത്തിനു മുന്നില്‍ അധികമൊന്നും എതിര്‍ക്കാനാകാതെ, ശബ്ദമുയര്‍ത്താനാകാതെ, ഒരു ചെറിയ പിടച്ചിലോടെ ആ പട്ടിണിക്കോലം നിശ്ചലയായി.
ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനടുത്തേക്ക് കൈകള്‍ നീങ്ങുമ്പോള്‍ കുഞ്ഞുങ്ങളില്ലാത്ത രാമന്‍ പിള്ളയുടെ ശരീരത്തില്‍ അയാള്‍ പോലുമറിയാതെ ഒരു വിറയല്‍ പടര്‍ന്നു. പക്ഷേ, കുഞ്ഞനന്തന്‍ നമ്പ്യാരോടുള്ള അയാളുടെ കൂറ് ആ വിറയലിനെ അടുത്ത നിമിഷം തന്നെ നിഷ്‌കരുണം പരാജയപ്പെടുത്തിക്കളഞ്ഞു.
അടുത്തത് പട്ടികളുടെ ഊഴമായിരുന്നു. രാമന്‍ പിള്ളയുടെ നിര്‍ദ്ദേശം കിട്ടിയതോടെ അവ ഭയാനകമായി കിതച്ചുകൊണ്ട് കുടിലിനകത്തേക്ക് കുതിച്ചു കയറി. അവയുടെ ആര്‍ത്തിയോടെയുള്ള ചുരമാന്തലിന്റെ ഊക്കില്‍ ദ്രവിച്ചു പഴകിയ ആ കുടില്‍ പ്രകമ്പനം കൊണ്ടു.
അല്‍പ്പസമയത്തിന് ശേഷം തിരികെ പോകുമ്പോള്‍ ലഹരി രാമന്‍ പിള്ളയുടെ സിരകളില്‍ നിന്നും ഒഴിഞ്ഞു പോയിരുന്നു. അന്നുവരെ അനുഭവിക്കാത്ത വല്ലാത്തൊരു തളര്‍ച്ചയോടെ അയാള്‍ പട്ടികളോടൊപ്പം കുഞ്ഞനന്തന്‍ നമ്പ്യാരുടെ ബംഗ്‌ളാവിലേക്ക് അതിവേഗം നടന്നു.
'പുലിയുണ്ട് തമ്പ്രാ, പുലിയുണ്ട്.'
മഴക്കാറ് മൂടിയ ആ പുലരിയില്‍ ഉമ്മറത്ത് ചാരുകസേരയില്‍ മലര്‍ന്നു കിടക്കുകയായിരുന്ന കുഞ്ഞനന്തന്‍ നമ്പ്യാരുടെ മുന്നില്‍ നിന്ന് കണാരന്‍ അലറിക്കരഞ്ഞു.
'ന്റെ കെട്ട്യോളേം കൊച്ചിനേം അത് കടിച്ചു കൊന്നു തമ്പ്രാ.'
അയാളുടെ കരച്ചിലിന്റെ ശബ്ദത്തെ അധികരിച്ചു കൊണ്ട് മഴ ആര്‍ത്ത് പെയ്തിറങ്ങി. എല്ലാം നഷ്ടപ്പെട്ട അയാള്‍ ചെളി പുതഞ്ഞ നിലത്ത് കുന്തിച്ചിരുന്ന് തലയില്‍ കൈവച്ച് ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടിരുന്നു. അയാളുടെ പുറകില്‍ കുടിയാന്മാരെല്ലാം എന്തു ചെയ്യണമെന്നറിയാതെ കാത്തു നിന്നു.
കുഞ്ഞനന്തന്‍ നമ്പ്യാര്‍ പിന്നെ ഒട്ടും വൈകിച്ചില്ല. വേഷം മാറി കളക്ടറെ കാണാനായി കോഴിക്കോട്ടേക്ക് പോകാന്‍ അയാള്‍ തയ്യാറായി. വഴി പകുത്ത് ജീപ്പിന് പോകാനായി ഇടം കൊടുത്ത കുടിയാന്മാരുടെ മേലേക്ക് ചെളിവെള്ളം ആഞ്ഞു തെറിപ്പിച്ച് അയാളുടെ ജീപ്പ് മുരണ്ട് കുതിച്ചു.
രാമന്‍ പിള്ള പറഞ്ഞതു പോലെത്തന്നെ ഇത്തവണ പരാതിക്ക് ബലം കൂടുതലായിരുന്നു. കുഞ്ഞനന്തന്‍ നമ്പ്യാരുടെ പരാതിയും, അന്വേഷണം നടത്താനുള്ള തന്റെ ശുപാര്‍ശയും അന്നത്തെ ട്രെയിനില്‍ തന്നെ മദ്രാസ് പ്രെസിഡന്‍സിയുടെ ഓഫീസിലേക്ക് പ്രത്യേക ദൂതന്‍ വഴി കളക്ടര്‍ കൊടുത്തയച്ചു.
പരാതിയിന്മേല്‍ പ്രാഥമിക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, അന്വേഷണത്തിനായി മലബാര്‍ സബ് കളക്ടറെ ചുമതലപ്പെടുത്തി മദ്രാസില്‍ നിന്നും ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്നും, പത്തു ദിവസത്തിനകം സബ് കളക്ടര്‍ റിപ്പോര്‍ട്ട് എഴുതാനായി സ്ഥലം സന്ദര്‍ശിക്കുമെന്നും ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ കുഞ്ഞനന്തന്‍ നമ്പ്യാര്‍ക്ക് അറിയിപ്പ് കിട്ടി.
അറിയിപ്പ് കിട്ടിയതോടെ ഇല്ലാത്ത പുലിയെ എങ്ങനെ കാട്ടിക്കൊടുക്കും എന്നോര്‍ത്ത് അസ്വസ്ഥനായ നമ്പ്യാര്‍ രാമന്‍ പിള്ളയുമായി അതിനുള്ള വഴികള്‍ രാവും പകലുമില്ലാതെ ആലോചിച്ചു. പക്ഷേ, പുതിയ പ്രശ്‌നത്തിന് ഒരു പോംവഴിയും കണ്ടെത്താന്‍ അവര്‍ക്കായില്ല. അങ്ങനെ അവരുടെ ആലോചനകളെല്ലാം പ്രതിവിധി കണ്ടെത്താനാകാതെ വഴിമുട്ടി നിന്നതിന്റെ മൂന്നാം നാള്‍ രാവിലെ രാമന്‍ പിള്ള ഒരാളുമായി കുഞ്ഞനന്തന്‍ നമ്പ്യാരെ കാണാനെത്തി.
'സാറേ, അപ്പു മേനോന്‍ ന്നാ, ഇയാടെ പേര്. ഫോറസ്റ്റുകാരനാ.'
കുഞ്ഞനന്തന്‍ നമ്പ്യാരെ താണു തൊഴുത അപ്പു മേനോനെ രാമന്‍ പിള്ള നമ്പ്യാര്‍ക്ക് പരിചയപ്പെടുത്തി.
'ഇയാടെ കയ്യില്‍ നമ്മടെ പ്രശ്‌നത്തിന് ഒരു പരിഹാരമുണ്ട്. പക്ഷേ, പ്രതിഫലം കൊടുത്താലേ അയാളത് പറഞ്ഞു തരുള്ളൂ.'
'എത്ര വേണ്ടിവരും?'
കുഞ്ഞനന്തന്‍ നമ്പ്യാര്‍ ആകാംക്ഷയോടെയാണ് ചോദിച്ചത്.
'പൈസയല്ല അയാക്ക് വേണ്ടത്.'
'പിന്നെ?'
'അത് പിന്നെ,'
രാമന്‍ പിള്ള മടിച്ചു മടിച്ചാണത് പറഞ്ഞത്.
'തെറ്റാണെങ്കില്‍ പൊറുക്കണം സാറേ'
'ഒന്ന് പെട്ടെന്ന് പറയെടാ'
നമ്പ്യാര്‍ക്ക് ദേഷ്യം വന്നു.
'അത് പിന്നെ, സാറിന്റെ ആ തോക്ക് ഇയാക്ക് ഒരു ദിവസത്തേക്ക് ഒന്ന് കൊടുക്കണം.'
'തോക്കോ? അതെന്തിനാടാ?'
'തോക്ക് പിടിച്ച് നിക്കണ ഒരു പടം വരപ്പിക്കാന്‍ വേണ്ടിയാ. വരച്ച് തീര്‍ന്നില്ലെങ്കില്‍, ചെലപ്പോ ഒന്ന് എന്നുള്ളത് രണ്ടു ദിവസായേക്കും. അതെന്റെ വല്യ ആഗ്രഹമാ സാറേ.'
അപ്പു മേനോന്‍ തന്റെ ആവശ്യം വ്യക്തമാക്കി.
'അതൊക്കെ ശരിയാക്കാം. ആദ്യം നിന്റെ ഉപായം കേള്‍ക്കട്ടെ. എന്നിട്ടല്ലേ ബാക്കി കാര്യം.'
കുഞ്ഞനന്തന്‍ നമ്പ്യാര്‍ ചാരുകസേരയില്‍ നിന്നും എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി.
'നല്ല മുഴുത്ത ഒരാടിനേം അതിന്റെ കുട്ട്യേം വേണം. ബാക്കിയൊക്കെ ഞാനേറ്റു.'
അപ്പു മേനോന്‍ തന്റെ ബുദ്ധിയിലുദിച്ച വഴി വിശദമായി നമ്പ്യാരെ കേള്‍പ്പിച്ചു. സന്തുഷ്ടനായ നമ്പ്യാര്‍ 'നിറയെ തിരയുള്ളതാ, സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ആവശ്യം കഴിഞ്ഞാല്‍ അപ്പത്തന്നെ തിരികെ കൊണ്ടുവന്നേക്കണം' എന്നുപദേശിച്ച് തന്റെ തോക്ക് അപ്പു മേനോന് കൊടുത്തു വിട്ടു.
പിറ്റേന്ന് തന്നെ രാമന്‍ പിള്ള ആടിനെ തപ്പി കുടിയാന്മാരുടെ കുടിലുകളില്‍ കയറിയിറങ്ങി. പക്ഷേ, അപ്പു മേനോന്‍ പറഞ്ഞ പോലുള്ള ആടിനെ കണ്ടെത്താന്‍ അയാള്‍ക്കായില്ല. ഇനിയെന്തു ചെയ്യും എന്ന് ഓര്‍ത്ത് തിരികെ നടക്കുമ്പോഴാണ് അയാള്‍ കണാരന്റെ കുടിലിനകത്തു നിന്നും ഒരാടിന്റെ കരച്ചില്‍ കേട്ടത്. അങ്ങനെയാണയാള്‍ കൗതുകത്തോടെ തുരുമ്പിച്ച ഓലകള്‍ മേഞ്ഞ ആ കുടിലിനകത്തേക്ക് കയറി നോക്കിയത്.
'ഇതെന്താടാ, നീ കുടിക്കകത്താണോ ആടിനെ വളര്‍ത്തണത്?'
കുടിലിനകത്ത് കെട്ടിയിട്ട ആടിനും അതിന്റെ കുഞ്ഞിനും തീറ്റ കൊടുക്കുകയായിരുന്നു കണാരന്‍ തല ചൊറിഞ്ഞു കൊണ്ട് ചിരിക്കുമ്പോള്‍, ഒരു വഷളന്‍ ചിരിയുടെ അകമ്പടിയോടെ രാമന്‍ പിള്ളയുടെ കണ്ണുകള്‍ തടിച്ചു കൊഴുത്ത ആ ആടിനെ ഉഴിയുകയായിരുന്നു.
കണാരന്റെ ഭാര്യയും അവളുടെ അരുമയായിരുന്ന ആ ആടും ഒരേ ദിവസമായിരുന്നു പ്രസവിച്ചത്. കണാരന്റെ ഭാര്യയാകട്ടെ, തന്റെ കുഞ്ഞിനെക്കാളും കരുതലോടെയാണ് ആടിനെയും കുഞ്ഞിനേയും നോക്കിയിരുന്നത്. അവളും കുഞ്ഞും പുലി കടിച്ച് ചത്തതിനു ശേഷമാണ്, തന്റെ ഭാര്യക്ക് ഏറെ ഇഷ്ടമായിരുന്ന ആടിനെയും കുഞ്ഞിനേയും കണാരന്‍ കുടിലിനകത്തേക്ക് കയറ്റി പാര്‍പ്പിച്ചു തുടങ്ങിയത്.
അങ്ങനെ ആ ആടിനെയും കുഞ്ഞിനേയും പിടിച്ചു കൊണ്ട് പോകുമ്പോള്‍ കണാരന്റെ തൊണ്ടയില്‍ നിന്നുയര്‍ന്ന ദയനീയമായ നിലവിളി അയാള്‍ ഏറെ പാടുപെട്ട് അമര്‍ത്തിയപ്പോള്‍ കൈ കൊണ്ട് പൊത്തിപ്പിടിച്ച വായിലൂടെ സ്ഥലമില്ലാതെ മൂക്കിലൂടെ അറിയാതെ ഊര്‍ന്നു വീണ തേങ്ങല്‍ രാമന്‍ പിള്ള കേട്ടില്ലെന്ന് നടിച്ചു. അയാള്‍ തന്റെ ദൗത്യം കൃത്യമായി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ കുഞ്ഞനന്തന്‍ നമ്പ്യാരുടെ ബംഗ്‌ളാവിലേക്ക് നടന്നു.
'കൊള്ളാം, നല്ല ഉഗ്രന്‍ ആടാണല്ലോ.'
പടം വരപ്പിച്ച ശേഷം തോക്ക് തിരികെ കൊടുക്കാനെത്തിയ അപ്പു മേനോന്‍ ആടിനെ കണ്ട് ആത്മവിശ്വാസത്തോടെ പറഞ്ഞു.
'ആ, രാമന്‍ പിള്ളേ, ഒരു കാര്യം കൂടി. രണ്ടു വലിയ കൊട്ട നെറയെ ചകിരിച്ചോറും കൂടി കരുതണം. ബാക്കിയൊക്കെ ഞാന്‍ കൊണ്ടുവന്നോളാം.'
കുഞ്ഞനന്തന്‍ നമ്പ്യാര്‍ കേള്‍ക്കാന്‍ പാകത്തിന് ഉച്ചത്തില്‍ അപ്പു മേനോന്‍ പിള്ളയോട് പറഞ്ഞു.
'സായിപ്പ് വന്നു പോകട്ടെ. ഞാന്‍ നിനക്കൊരു പുതിയ തോക്ക് വാങ്ങിത്തരുന്നുണ്ട്.'
താണ് തൊഴുത് പോകാനൊരുങ്ങിയ അപ്പു മേനോനെ കുഞ്ഞനന്തന്‍ നമ്പ്യാര്‍ അറിയിച്ചു.
'അതൊക്കെ വല്യ ചെലവാകില്ലേ സാറേ?'
അപ്പു മേനോന്‍ ഉള്ളില്‍ പതഞ്ഞുയര്‍ന്ന സന്തോഷം മറച്ചു പിടിക്കാന്‍ ശ്രമിച്ചു കൊണ്ട് ചോദിച്ചു.
'നീയിപ്പോള്‍ എനിക്ക് വളരെ വേണ്ടപ്പെട്ട ആളല്ലേ, അപ്പൊ പിന്നെ ആരാടാ ചെലവിന്റെ കണക്കൊക്കെ നോക്കണത്?'
നമ്പ്യാര്‍ ഉറക്കെ ചിരിച്ചു.
അഭിമാനവും ആനന്ദവും തിര തല്ലുന്ന മനസ്സുമായി അപ്പു മേനോന്‍ തിരിച്ചു പോയി.
സബ് കളക്ടര്‍ വരുന്നതിന്റെ തലേ രാത്രി, ഏകദേശം പാതിരയോടെ രാമന്‍ പിള്ളയോടൊപ്പം തലയില്‍ ഒരു കെട്ട് പുല്ലുമായി അപ്പു മേനോന്‍ വീണ്ടും കുഞ്ഞനന്തന്‍ നമ്പ്യാരുടെ ബംഗ്‌ളാവിലെത്തി.
അരിക്കിലാമ്പിന്റെ വെളിച്ചം പോരെന്ന് തോന്നിയപ്പോള്‍ രാമന്‍ പിള്ള നാല് പന്തങ്ങള്‍ ഉണ്ടാക്കി എണ്ണയില്‍ മുക്കി കത്തിച്ച് ആടിനെയും കുഞ്ഞിനേയും കെട്ടിയ മരച്ചുവട് പ്രകാശമാനമാക്കി. അപ്പു മേനോന്‍ പുല്ലിന്റെ കെട്ടഴിച്ച് അതിനിടയില്‍ നിന്നും ഒരു പൊതിക്കെട്ട് എടുത്തു മാറ്റി പുല്ല് ആടിനും കുഞ്ഞിനും തിന്നാനായി ഇട്ടുകൊടുത്ത് പൊതിക്കെട്ട് തുറന്ന് പുലിത്തോല്‍ മണ്ണില്‍ വിടര്‍ത്തിയിട്ടു.
'ഇത്തിരി കഷ്ടപ്പെട്ടു ഇത് കിട്ടാന്‍. അവസാനം മൈസൂരില്‍ നിന്നാണ് ഇത് ഞാന്‍ സംഘടിപ്പിച്ചത്.'
ഗൗരവത്തില്‍ ഓരോന്നും നിരീക്ഷിച്ചു കൊണ്ട് നില്‍ക്കുന്ന കുഞ്ഞനന്തന്‍ നമ്പ്യാരോട് അഭിമാനത്തോടെ അപ്പു മേനോന്‍ പറഞ്ഞു.
'ഇങ്ങ് മാറൊന്ന്'
പുല്ല് തിന്നു കൊണ്ടിരിക്കുന്ന തള്ളയുടെ അകിടില്‍ നിന്നും മുട്ടിമുട്ടി പാല്‍ കുടിക്കുന്ന കുഞ്ഞിനെ അപ്പു മേനോന്‍ ബലം പ്രയോഗിച്ച് പിടിച്ചു മാറ്റി കെട്ടിയിട്ടു. അതിന്റെ ദയനീയമായ കരച്ചില്‍ രാത്രിയുടെ നിശബ്ദതയെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.
'ബാ ഇവടെ'
പുല്ല് തിന്നുന്ന ആടിനെ പിടിച്ചു വലിച്ച് അനങ്ങാന്‍ പറ്റാത്ത വിധം അയാള്‍ മരത്തിനടുത്തേക്ക് കുറുക്കി കെട്ടി.
'പിള്ളേ, ആ ചകിരിച്ചോറ് ഇങ്ങെടുത്തോ.'
രാമന്‍ പിള്ള കൊണ്ടുവച്ച രണ്ടു കൊട്ട ചകിരിച്ചോറ് അപ്പു മേനോന്‍ ശ്രദ്ധയോടെ ആടിന്റെ മേല്‍ വാഴവള്ളികള്‍ കൊണ്ട് കെട്ടിയുറപ്പിക്കാന്‍ തുടങ്ങി. അല്‍പ്പനേരത്തിനകം ആട് ചകിരി കൊണ്ടുണ്ടാക്കിയ വലിയൊരു ജന്തുരൂപമായി മാറി. മര്യാദക്ക് കണ്ണ് പോലും കാണാന്‍ പറ്റാത്ത വിധം ചകിരി വച്ച് കെട്ടിയപ്പോള്‍ പേടിയോടെ ഉറക്കെ കരയുന്നുണ്ടായിരുന്നു അതപ്പോള്‍.
'പിള്ളേ, തന്റെയാ മേല്‍മുണ്ടീന്ന് ഒരു വലിയ ചീന്തിങ്ങ് കീറിയെടുത്തോ. മിണ്ടാന്‍ പറ്റാത്ത വിധത്തില്‍ ഇതിന്റെ മോന്ത നന്നായി കെട്ടി മുറുക്കണം. അല്ലെങ്കി പുലീടെ വേഷം കെട്ടീട്ടൊന്നും കാര്യമില്ല, ആടിന്റെ കരച്ചില് കേട്ടാ സായിപ്പിന് കാര്യം പിടികിട്ടും.'
അയാള്‍ ചിരിച്ചു കൊണ്ട് ആടിന്റെ വായ അമര്‍ത്തിപ്പിടിച്ചു. അയാള്‍ പറഞ്ഞത് പോലെ രാമന്‍ പിള്ള ആടിന്റെ വായ തുണിച്ചീന്ത് കൊണ്ട് മുറുക്കിക്കെട്ടി അതിന്റെ ശബ്ദം ഒറ്റയടിക്ക് ഇല്ലാതാക്കി.
'ഇനിയാ തോലിങ്ങ് എടുത്തോ.'
അവര്‍ രണ്ടു പേരും ചേര്‍ന്ന് ആടിനെ പുലിത്തോലു കൊണ്ട് പുതപ്പിച്ചു. അപ്പു മേനോന്‍ അരയില്‍ നിന്നും സൂചിയും നൂലുമെടുത്ത് അതീവ ശ്രദ്ധയോടെ പുലിത്തോലിന്റെ തുറന്ന വശങ്ങള്‍ തുന്നി യോജിപ്പിക്കാന്‍ തുടങ്ങി.
'ദേ നോക്ക്യേ സാറേ, ഇപ്പൊ ഇതിനെ കണ്ടാ പുലിയല്ലാന്ന് ആരെങ്കിലും പറയ്വോ?'
അപ്പു മേനോന്‍ വീണ്ടും അഭിമാനപൂരിതനായി കുഞ്ഞനന്തന്‍ നമ്പ്യാരെ നോക്കി.
സമയം അഞ്ചു മണിയോട് അടുത്തിരുന്നു. പുലിവേഷം കെട്ടിച്ച ആടിനെയും കൊണ്ട് കുഞ്ഞനന്തന്‍ നമ്പ്യാരുടെ ജീപ്പ് ചാലിയാര്‍ മുക്കിനടുത്തേക്ക് യാത്രയായി.
കാടിനടുത്ത് നിര്‍ത്തിയ ജീപ്പില്‍ നിന്നും ഇറക്കിയ ആടുപുലിയുടെ കയര്‍ പിടിച്ച് അപ്പു മേനോന്‍ പുറകിലും, അരിക്കിലാമ്പ് പിടിച്ച രാമന്‍ പിള്ള മുന്നിലും നടന്നു. ചാലിയാര്‍ മുക്കിലെത്തിയ അവര്‍ ഒരു വലിയ കാട്ടുപൊന്തക്ക് ഉള്ളില്‍ ആടുപുലിയെ കെട്ടിയിട്ടു.
'രാവിലെ ആടിന്റെ കുഞ്ഞിനെ കൊണ്ടു വരാന്‍ മറക്കണ്ട. പിന്നെ, സമയമാവുമ്പോ ഉറക്കെ രണ്ടു മൂന്ന് വട്ടം കൂവിയേക്കണം. ബാക്കി ഞാന്‍ നോക്കിക്കോളാം.'
അപ്പു മേനോന്‍ അവസാന വട്ട ഒരുക്കങ്ങളെന്നോണം രാമന്‍ പിള്ളയെ ഓര്‍മ്മിപ്പിച്ചു.
'ഇനി താന്‍ പൊക്കോ. രാവിലെ എല്ലാം കൃത്യമായി നടന്നോളും.'
രാമന്‍പിള്ള തിരികെ ജീപ്പിനടുത്തേക്ക് നടന്നു.
രാവിലെ പതിനൊന്ന് മണിയോടെ നിലമ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പുറപ്പെട്ട സബ് കളക്ടറുടെ ജീപ്പിനെ കുഞ്ഞനന്തന്‍ നമ്പ്യാര്‍ അനുഗമിച്ചു. വൈകാതെ കാടിനടുത്തെത്തിയ അവര്‍ കാടിന്റെ അകത്തേക്ക് നടന്നു തുടങ്ങി.
കുഞ്ഞനന്തന്‍ നമ്പ്യാരും, ആട്ടിന്‍ കുട്ടിയെ പിടിച്ച രാമന്‍ പിള്ളയുമായിരുന്നു മുന്‍പില്‍ നടന്നിരുന്നത്. പുറകില്‍ ഫോറസ്റ്റ് ഓഫീസറുടെയും, രണ്ട് പോലീസുകാരുടെയും അകമ്പടിയോടെ സബ് കളക്ടര്‍ നടന്നു.
'മിസ്റ്റര്‍ നമ്പ്യാര്‍, ഇവിടെയൊക്കെ പുലിയുണ്ടാകാന്‍ സാധ്യതയുണ്ടോ?'
കുറച്ചു ദൂരം മുന്നോട്ട് പോയിക്കഴിഞ്ഞപ്പോഴേക്കും വന്മരങ്ങളും വലിയ പൊന്തക്കാടുകളുമുള്ള കാടിന്റെ കനത്ത ആവരണം കണ്ട് പേടി തോന്നി സായിപ്പ് നമ്പ്യാരോട് ചോദിച്ചു.
'അതു പിന്നെ സാര്‍, പുലിയുടെ കാര്യമല്ലേ, അങ്ങനെ ഉറപ്പൊന്നുമില്ല. എന്നാലും പകല്‍ സമയത്ത് നാടിനോട് അടുത്ത് കിടക്കുന്ന ഇടത്ത് പുലി അങ്ങനെ വരാറില്ല.'
സായിപ്പിന്റെ പേടിച്ചരണ്ട മുഖം കണ്ടപ്പോള്‍ അയാളെ ഒന്നു കൂടി പേടിപ്പിക്കുന്നതില്‍ കുഞ്ഞനന്തന്‍ നമ്പ്യാര്‍ക്ക് രസം തോന്നി.
'ഇവിടെ പുലി വരില്ലെന്ന് കരുതാം. പക്ഷേ, ചാലിയാര്‍ മുക്കിലോ?'
തോക്ക് പിടിച്ച ഫോറസ്റ്റ് ഓഫീസറും, രണ്ട് പോലീസുകാരും കൂടെയുണ്ടായിട്ടും സായിപ്പ് തന്റെ പേടി മറച്ചു വച്ചില്ല.
'സാര്‍ പേടിക്കണ്ട സാര്‍, പുലി വന്നാലും അതിന്റെ കാര്യം ഞാന്‍ നോക്കിക്കോളാം. ഇന്നാട്ടിലെ ഏറ്റവും നല്ല വേട്ടക്കാരനാണ് ഞാന്‍.'
നമ്പ്യാര്‍ തന്റെ തോക്ക് ഉയര്‍ത്തിപ്പിടിച്ച് ഉറപ്പ് കൊടുത്തു.
അധികം വൈകാതെ അവര്‍ ചാലിയാര്‍ മുക്കിലെത്തി.
'സാര്‍, സാറിന് ഇരുന്ന് കാണാനായി ആ മരത്തിന്റെ മുകളില്‍ ഞാന്‍ ഒരു ഏറുമാടം ഉണ്ടാക്കിയിട്ടുണ്ട്. അപ്പോപ്പിന്നെ പുലി വന്നാലും പേടിക്കണ്ടല്ലോ.'
നമ്പ്യാര്‍ സായിപ്പിനോട് വിനീതനായി.
'ഞങ്ങള്‍ ആട്ടിന്‍ കുട്ടിയെ അവിടെ കെട്ടിയിട്ട്, ശബ്ദമുണ്ടാക്കി പുലിയെ വരുത്താന്‍ നോക്കാം. ഇനി അഥവാ അത് ആട്ടിന്‍ കുട്ടിയെ വിട്ട് ഞങ്ങളെ ആക്രമിക്കാന്‍ വന്നാലും എന്റെ കയ്യില്‍ തോക്കുണ്ടല്ലോ.'
നമ്പ്യാര്‍ വിശദീകരിച്ചു.
സായിപ്പും സംഘവും ഏറുമാടത്തില്‍ കയറി കാത്തിരുന്നു. രാമന്‍ പിള്ളയും നമ്പ്യാരും അപ്പു മേനോന്‍ ഒളിച്ചിരിക്കുന്ന കാട്ടുപൊന്തയില്‍ നിന്നും അധികം അകലെയല്ലാതെ ആട്ടിന്‍ കുട്ടിയെ കെട്ടിയിട്ടു. തള്ളയുടെ മണം അടിച്ചതോടെ അത് വലിയ വായില്‍ കരഞ്ഞു കൊണ്ടിരുന്നു.
തോക്ക് പിടിച്ച നമ്പ്യാരും കുറുവടി പിടിച്ച രാമന്‍ പിള്ളയും പുലി വരുന്നതിനായി കാത്ത് രണ്ടു മരങ്ങളുടെ പുറകിലായി ഒളിച്ചിരുന്നു. പുലിയെ ആകര്‍ഷിക്കാനെന്ന വണ്ണം രാമന്‍ പിള്ള ഉച്ചത്തില്‍ പലവട്ടം കൂവി വിളിച്ചു കൊണ്ടിരുന്നു. അയാളുടെ കൂക്കിവിളികള്‍ കാടിന്റെ നാലതിരുകളിലും തട്ടി ഭയാനകമായി മുഴങ്ങി. സായിപ്പ് ധ്യാനത്തിലെന്ന പോലെ ആട്ടിന്‍കുട്ടിയെ കെട്ടിയ ഇടത്തിലേക്ക് തന്റെ കണ്ണുകള്‍ ഇളകാതെ ഉറപ്പിച്ചിരുന്നു.
അവര്‍ക്ക് അധികം കാത്തു നില്‍ക്കേണ്ടി വന്നില്ല, അപ്പു മേനോന്‍ കെട്ടഴിച്ചു വിട്ട ആടുപുലി അതിന്റെ കുഞ്ഞിനടുത്തേക്ക് ഓടിയടുത്തു. ഏറെ നേരമായി കാണാതിരുന്ന കുഞ്ഞിനെ അത് നക്കിത്തോര്‍ത്താന്‍ കിണഞ്ഞ് ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ, കൂട്ടിക്കെട്ടിയ വായും മുഖവും അതിന്റെ എല്ലാ ശ്രമങ്ങളും പാഴാക്കി. വിശന്നു വലഞ്ഞ കുഞ്ഞാകട്ടെ, തപ്പി നോക്കിയെങ്കിലും പുലിത്തോലില്‍ പൊതിഞ്ഞു കെട്ടിയ തള്ളയുടെ അകിട് കണ്ടെത്താനാകാതെ ഉറക്കെ കരയാന്‍ തുടങ്ങി.
കുഞ്ഞനന്തന്‍ നമ്പ്യാര്‍ ഏറുമാടത്തിലേക്ക് ഏറുകണ്ണിട്ട് നോക്കി. ആടിനെ തിന്നാനായി പാഞ്ഞെത്തിയ പുലിയെ കണ്ട് വാ പൊളിച്ചിരിക്കുന്ന സായിപ്പിനെ കണ്ടപ്പോള്‍ അയാള്‍ക്ക് ചിരി വന്നു. അയാള്‍ ഉറക്കെ അലറിക്കൊണ്ട് തന്റെ നീളന്‍ തോക്കെടുത്ത് നീട്ടിപ്പിടിച്ചു.
കുഞ്ഞനന്തന്‍ നമ്പ്യാരുടെ ഉന്നം തെറ്റിയില്ല.
ഒന്ന്, രണ്ട്, മൂന്ന്...
മൂന്ന് തിരകളും ആടുപുലിയുടെ മേല്‍ കൃത്യമായി തുളച്ചു കയറി. ഒന്ന് ഉറക്കെ കരയാന്‍ പോലുമാകാതെ അതവിടെ ദയനീയമായി ചത്തു വീണു.
ചത്ത പുലിയെ ഒന്ന് തൊട്ടു നോക്കണം എന്ന സായിപ്പിന്റെ ആവശ്യം നമ്പ്യാരെ ഒന്ന് അമ്പരപ്പിച്ചുവെങ്കിലും അയാള്‍ ഉടന്‍ തന്നെ തന്റെ ബുദ്ധി വീണ്ടെടുത്തു.
'സാര്‍, പുലികളുടെ താവളം അധികം അകലെയാവാന്‍ വഴിയില്ല. ചോരയുടെ മണമടിച്ചാല്‍ അവറ്റകള്‍ കൂട്ടത്തോടെ ഇങ്ങോട്ട് കുതിച്ചെത്താനും മതി.'
കുഞ്ഞനന്തന്‍ നമ്പ്യാര്‍ കാടിനുള്ളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് പറഞ്ഞു.
'മാത്രവുമല്ല, ഞങ്ങളെപ്പോലെയാണോ സാര്‍, അങ്ങയുടെ ജീവന്‍? നാടിന് അത് ഏറെ വിലപ്പെട്ടതാണ് സാര്‍.'
കുഞ്ഞനന്തന്‍ നമ്പ്യാരുടെ സൂത്രം കൃത്യമായി ഫലം കണ്ടു. പേടിച്ചു പോയ സായിപ്പും സംഘവും വളരെ വേഗം കാട്ടില്‍ നിന്നും പുറത്തേക്ക് നടന്നു.
'എങ്ങനെണ്ടായിരുന്നു എന്റെ നാടകം?'
സായിപ്പ് പോയതോടെ പൊന്തക്കാട്ടില്‍ നിന്നും പുറത്ത് കടന്ന അപ്പു മേനോന്‍ അഭിമാനപുളകിതനായി കുഞ്ഞനന്തന്‍ നമ്പ്യാരോട് ചോദിച്ചു.
'അതിഗംഭീരം.'
നമ്പ്യാര്‍ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.
'പക്ഷേ, ഒരു പ്രശ്‌നമുണ്ട്.'
നമ്പ്യാര്‍ എന്തോ തമാശയാണ് പറയാന്‍ പോകുന്നതെന്ന് കരുതിയ അപ്പു മേനോന്‍ ചത്തു കിടക്കുന്ന ആടുപുലിയുടെ മേല്‍ വലതുകാല്‍ കയറ്റി വച്ച് ഇരുകൈകളും എളിയില്‍ കുത്തി അയാളുടെ ചിരിയെ തന്റെ ചിലമ്പിച്ച ചിരികൊണ്ട് പിന്തുണച്ചു.
'നീ ഇത് ആരോടെങ്കിലും പറഞ്ഞാല്‍ എന്റെ മോഹങ്ങളെല്ലാം വെറുതെയാകും. അതു കൊണ്ട്,'
അയാള്‍ക്ക് തിരികെ ഒന്നും പറയാനോ, എന്തിനേറെ പുറപ്പെട്ട ചിരിയെ നിര്‍ത്താനോ പോലും ആകുന്നതിനു മുന്‍പ് കുഞ്ഞനന്തന്‍ നമ്പ്യാരുടെ തോക്ക് വീണ്ടും തീ തുപ്പി.
രണ്ടു ശവങ്ങളും ഒരേ കുഴിയില്‍ മൂടി അവര്‍ തിരികെ നടക്കുമ്പോള്‍ അനാഥയായ ആട്ടിന്‍ കുട്ടിയുടെ കരച്ചില്‍ കാടിനെ അതിക്രൂരമായി കാര്‍ന്നു തിന്നുന്നുണ്ടായിരുന്നു.
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍
ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍
എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ
അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍
ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ
കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍
ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍
യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത
കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം
യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍; സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍
പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍
ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ
സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍
ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം
വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ
പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍
വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി
കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍
ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍
യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം
സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍
അയ്മനം ജോണ്‍ എഴുതിയ കഥ, ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍
തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍
മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി
ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം
ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍
വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍
ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ
ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍
കാടകപ്പച്ചകള്‍, ഡോ. എം പി പവിത്രയുടെ ആറ് കവിതകള്‍
എന്റെ മേരീ നിന്നെ ഞാനിന്ന്, നജീബ് റസ്സല്‍ എഴുതിയ അഞ്ച് കവിതകള്‍
ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം!
മടുപ്പേറിയന്‍ ഭൂപടത്തില്‍ നിന്നൊരു സഞ്ചാരിയുടെ കുറിപ്പുകള്‍, അയ്യപ്പന്‍ മൂലേശ്ശെരില്‍ എഴുതിയ കവിതകള്‍
കടലെറങ്കണ പെണ്ണുങ്കോ, ഡി അനില്‍കുമാര്‍ എഴുതിയ കവിതകള്‍
വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ്, ഡോ. മനോജ് വെള്ളനാട് എഴുതിയ കഥ
ഒരു അപസര്‍പ്പക ഫലിതം, പ്രദീപ് എം. നായര്‍ എഴുതിയ കഥ
അരിനെല്ലിമരം, മീരാ രമേഷ് എഴുതിയ കവിതകള്‍
സുഖിയന്‍, ലാസര്‍ ഷൈന്‍ എഴുതിയ കഥ
ഹര്‍ഷാ മണി, വി ടി ജയദേവന്‍ എഴുതിയ ആറ് കവിതകള്‍
പൂജാ ഷോട്ട്, ശ്രീബാല കെ മേനോന്‍ എഴുതിയ കഥ
എട്ടെണ്ണം, ചാള്‍സ് ബുക്കോവ്സ്‌കി എഴുതിയ കവിതകള്‍
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും
ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍
പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ്
എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?
കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍
നിശ്ചല യാത്രകള്‍: മാങ്ങാട് രത്‌നാകരന്റെ കോളം
വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല
പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ