മേയറെ പേടിപ്പിച്ചാല്‍ മതി, കരുണാകരന്‍ എഴുതിയ കഥ

By Vaakkulsavam Literary Fest  |  First Published Mar 9, 2020, 5:02 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് കരുണാകരന്‍ എഴുതിയ കഥ, മേയറെ പേടിപ്പിച്ചാല്‍ മതി. 

 


അധികാരവും മനുഷ്യരും തമ്മിലുള്ള വിചിത്രമായ കൊടുക്കല്‍ വാങ്ങലുകളുകളുടെ സിംഫണിയാണ് കരുണാകരന്റെ കഥകള്‍. ഭരണകൂട യുക്തികളുടെ അസംബന്ധതകള്‍ക്കകത്ത് സ്വന്തം ഇടം തിരയുന്ന മനുഷ്യരുടെ നിസ്സഹായതകള്‍. അധികാരത്തിന്റെ കുപ്പായമിടുമ്പോള്‍ മറ്റൊന്നാവുന്ന മനുഷ്യരുടെ നിസ്സംഗലോകങ്ങള്‍.  സ്വയം ആയുധമാവുന്ന മാനുഷികാവസ്ഥകള്‍, ആരുടെയോ നിരീക്ഷണ ക്യാമറയുടെ കണ്ണായി മാറുന്ന ജീവിതങ്ങള്‍. സാമൂഹികമായ ചട്ടങ്ങള്‍, അദൃശ്യമായ ആയുധങ്ങള്‍ കൊണ്ട് മനുഷ്യരെ പീഡിപ്പിക്കുന്നതിന്റെ വിറങ്ങലിച്ച അവസ്ഥകള്‍ കരുണാകരന്റെ കഥകളില്‍ കാണാനാവും. രാഷ്ട്രീയം ഓരോ കഥയുടെയും ജീവശ്വാസവും വാസ്തുഘടനയുമായി അവിടെ നിലനില്‍ക്കുന്നു. 

യുക്തിയുടെ നേര്‍വരകളിലൂടെ ചരിക്കുന്നവരല്ല കരുണാകരന്റെ കഥാപാത്രങ്ങള്‍. ഒട്ടും പ്രതീക്ഷിക്കാത്തത് അവിടെ സംഭാവ്യമാവുന്നു. കഥ പറച്ചില്‍ കാലങ്ങളായി ഒപ്പം കൊണ്ടുനടക്കുന്ന ആകസ്മികതകള്‍, അപ്രതീക്ഷിതത്വങ്ങളുടെ ടോര്‍പ്പിഡോകളാല്‍ അട്ടിമറിക്കപ്പെടുന്നു. കരുണാകരന്റെ കഥകകളില്‍ കവിതകളും ഓര്‍മകളും സ്വപ്നങ്ങളും സദാ ജീവിക്കുന്നു. സ്വപ്നങ്ങള്‍ അവിടെ ഓര്‍മകളാണ്; കണ്ണുതുറന്നുകൊണ്ട് ചുറ്റുപാടും വീക്ഷിക്കുമ്പോഴും സ്വപ്നങ്ങള്‍  കാണാനുള്ള സര്ഗാത്മകമനസ്സിന്റെ ആഖ്യാനങ്ങളാണ് അദ്ദേഹത്തിന്റെ കഥകള്‍.  സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ പ്രായോഗിക ജീവിതത്തിന് എത്രമേല്‍ പ്രസക്തിയുണ്ട് എന്നറിയില്ല, എങ്കിലും സ്വപ്നങ്ങളുടെ സത്തയില്‍ ആറ്റിക്കുറുക്കിയെടുത്ത വാക്കുകളുടെ അസ്തിത്വമാണ് കരുണകരന്റെ കഥകള്‍. ആ സ്വപ്നങ്ങള്‍ കേവലം ഉപരിപ്ലവങ്ങളോ കാല്പനികമോ ആയി അവശേഷിക്കാതെ രാഷ്ട്രീയനിലപാടുകളിലേക്ക് അലിഞ്ഞുചേര്‍ന്നു നില്‍ക്കുകയാണ്. അങ്ങനെ അവിടെ ഒരു കഥ പിറക്കുന്നു. 

Latest Videos

 

 
''എനിക്കൊരു സ്വപനം ഉണ്ട് എന്ന് ഇനി അയാള്‍ പറയരുത്.'' അതായിരുന്നു മേയറെ കൊലപ്പെടുത്താന്‍ ഞങ്ങള്‍ കണ്ടു പിടിച്ച അവസാനത്തെ കാരണം. അതിനായി ആയിടെ മാത്രം നഗരത്തില്‍ എത്തിയ ഒരു കൊലയാളിയെ ഞങ്ങള്‍ കണ്ടു മുട്ടി.
 
പട്ടണത്തിലെ രണ്ടു പോക്കറ്റടിക്കാര്‍ മാത്രമായിരുന്നു  ഞങ്ങള്‍. കൊല നടത്തേണ്ടത്, അതും ആരും അറിയാതെ, എങ്ങനെ എന്ന് അറിയാത്തത് കൊണ്ടുമായിരുന്നു അയാളെ ഞങ്ങള്‍ സമീപിച്ചത്. മാത്രമല്ല പട്ടണത്തിലെ അവസാനത്തെ ബസപകടത്തില്‍ പെട്ട് ദാസന്റെ വലതു ചുമല്‍ സ്ഥാനം തെറ്റി കിടപ്പിലാവുകയും ചെയ്തിരുന്നു. ദൈവമേ, ഇനി എന്റെ കീശയിലേക്ക് പോലും ഈ കൈ നീട്ടാന്‍ പറ്റില്ലല്ലോ എന്ന് ദാസന്‍ നിലവിളിച്ചപ്പോള്‍, ദൈവം കാത്തതു കൊണ്ടു മാത്രം ഒന്നും പറ്റാതെ രക്ഷപ്പെട്ട ഞാന്‍ ഓടി ചെന്ന് അവന്റെ വായ പൊത്തി. നീ ഇങ്ങനെ ഉറക്കെ കരയല്ലേ എന്ന് പറഞ്ഞു. അവന്റെ കീശയിലും എന്റെ കീശയിലും ആ സമയം ചില യാത്രക്കാരുടെ പൈസയോ പണ്ടമോ ഉണ്ടായിരുന്നു. ഞാന്‍ പറഞ്ഞു, ദാസാ, നമ്മള്‍ പോക്കറ്റടിക്കാരാണ്, ആളുകള്‍ നമ്മളെ കണ്ടു പിടിക്കും.
 
അവന്റെ നല്ല കാലം, ദാസന്റെ കൈക്ക് അധികം ഒന്നും പറ്റിയില്ല. പക്ഷെ ദാസന്‍ ആശുപത്രിയില്‍ നിന്നും പകയുള്ള ഒരു ചെകുത്താനെ പോലെ വന്നു.  ഈ ചീഞ്ഞ നഗരം, പൊളിഞ്ഞ റോഡുകള്‍, എന്നും എന്ന പോലെ ഈ ബസപകടങ്ങള്‍, ഈ മേയറെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല എന്ന് പറഞ്ഞു. വിജയാ, നീ എന്റെ കൂടെ നില്‍ക്കുമോ, അവന്‍ എന്നോട് ചോദിച്ചു. അവന്റെ സങ്കടങ്ങള്‍ എന്റെയും സങ്കടങ്ങള്‍ ആയിരുന്നു. അവന്റെ പക എന്റെയും പകയായിരുന്നു. ഞാന്‍ അവന്റെ കൈ പിടിച്ചു. ഞാന്‍ പറഞ്ഞു, തീര്‍ച്ചയായും.
 
എന്നാല്‍ മേയറെ കൊലപ്പെടുത്തിയതിനു പിറകില്‍ ഞങ്ങള്‍, നഗരത്തിലെ രണ്ടു പോക്കറ്റടിക്കാര്‍ ആണെന്ന്,  മണം പിടിച്ചെത്തിയ ഒരു പോലീസുകാരന്‍ അങ്ങനെ കണ്ടു പിടിച്ചാല്‍,  ഞങ്ങളുടെ കാര്യം പോക്കാവുകയും ചെയ്യും. സാരമില്ല, ദാസന്‍ പറഞ്ഞു.  സ്വാര്‍ത്ഥത മാത്രം  കൈയിലുള്ള ഒരു മേയറെ കൊന്നിട്ടാണല്ലോ എന്ന് സമാധാനിച്ചാല്‍  മതി.
 
ഇങ്ങനെ ഒന്നുമല്ല ഉണ്ടാവുക. ഞങ്ങളുടെ വാടക കൊലയാളി പറഞ്ഞു. ആദ്യം മണം പിടിച്ചു പോലീസ് എന്നെ പിടി കൂടും. എന്നിട്ട് ഭേദ്യം ചെയ്യും. ആപ്പോള്‍ ആര്, എങ്ങനെ എന്ന് പറയാതെ ഞാന്‍ പതിമൂന്നു ദിവസം  പിടിച്ചു നില്‍ക്കും. പതിനാലാം ദിവസം പോലീസ് എന്നെ തല കീഴായി കെട്ടി തൂക്കും. എന്റെ കുണ്ടിയില്‍ ഉലക്ക കയറ്റും. ഉലക്ക എന്റെ തലച്ചോറില്‍ അങ്ങനെ ഇടിച്ചു കൊണ്ടിരിക്കും. ഒരു വാതില്‍ ചവുട്ടി പൊളിക്കുന്ന പോലെ. അപ്പോള്‍ മാത്രം ഞാന്‍ നിങ്ങളുടെ പേരുകള്‍ പറയും. താമസിക്കുന്ന ഇടം പറയും. അവര്‍ എന്നെ നിലത്തിറക്കി കിടത്തും. ചിലപ്പോള്‍ ഞാന്‍ മരിച്ചിട്ടുണ്ടാകും.
 
വാടക കൊലയാളി ഞങ്ങളെ മാറി മാറി നോക്കി. 

അത്രയും സമയം ഞാന്‍ തരാം. അയാള്‍ പറഞ്ഞു. അതിനുള്ളില്‍ നിങ്ങള്‍ രക്ഷപെടണം. ദുബായിലെക്കോ പാക്കിസ്ഥാനിലെക്കോ.
  
എന്റെ കാറ്റ് പോയി. പേടി എന്നെ മണത്തു,  എങ്കില്‍ കാര്യങ്ങള്‍ വേറെ വഴിക്ക് എന്ന് ഞാന്‍ തിരുത്തി.  മേയറെ കൊല്ലണ്ട. ഞാന്‍ പറഞ്ഞു. മേയറെ പേടിപ്പിച്ചാല്‍ മതി.
 
ദാസന്‍ എന്നെ നോക്കി.
 
അയാള്‍, ആ മേയര്‍, പേടിക്കുമോ എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. നഗരത്തിനു മുകളിലെ ആകാശം പോലെ ആയിരുന്നു അയാള്‍. ആദ്യവും അന്ത്യവും ഇല്ലാതെ. കാറ്റും കോളും ഉണ്ടാക്കുന്നതും അയാള്‍ തന്നെ. 
 
ഞങ്ങളോട് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ വാടക കൊലയാളി പറഞ്ഞു.  കൊല്ലാന്‍ ഇത്ര,  പേടിപ്പിക്കാന്‍ ഇത്ര എന്ന് അയാള്‍ കൈവിരലുകള്‍ ഉയര്‍ത്തി കാണിച്ചു. രണ്ടായാലും അത് വിജയകരമാക്കും എന്ന് വാക്ക് പറഞ്ഞു. എങ്കില്‍ ശരി, പേടിപ്പിച്ചാല്‍ മതി എന്ന് ദാസനും പറഞ്ഞു. നമ്മുക്ക് അത് ഉറപ്പിക്കാം.
 
പക്ഷെ ഇത്രയും പൈസയോ എന്ന് ഞാന്‍ വാടക കൊലയാളിയോടു ചോദിച്ചു. ഞാന്‍ പറഞ്ഞു, ഞങ്ങള്‍ ഇതെല്ലം ചെയ്യുന്നത് ഈ നഗരത്തിനും വേണ്ടി കൂടിയാണ്. അത് എനിക്ക് മനസിലായി, വാടക കൊലയാളി പറഞ്ഞു.  എന്റെ സംഖ്യ ശരിക്ക് കണക്ക് കൂട്ടിയാല്‍ കുറവാണ്. ഇവിടെ പുതിയ ആളായതിനാല്‍,   ഇവിടത്തെ എന്റെ ആദ്യത്തെ ആക്ഷന്‍ ആയതിനാല്‍,  ഞാന്‍ കുറച്ചാണ് പറഞ്ഞത്.

 

....................................

Read more: ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം
....................................


 
നഗരത്തിന്റെ പടിഞ്ഞാറെ അറ്റത്തെ കടല്‍ക്കരയിലൂടെ ഞങ്ങള്‍ നടക്കുകയായിരുന്നു. രാത്രിയാണ്. തിരമാലകള്‍ ഇരുട്ടിലേക്ക് ഒച്ചയോടെ വീഴുന്നുണ്ടായിരുന്നു. കൊലയാളിയുടെ പേര് ഒന്ന് കൂടി ചോദിയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ചോദിച്ചാല്‍ തന്നെ ശരിക്കുള്ള പേര് പറയില്ല.
 
പക്ഷെ അയാളെ ഞങ്ങള്‍ കണ്ടുപിടിച്ചത് ഗണപതി എന്ന പേരില്‍ ആയിരുന്നു. അത് കേട്ടപ്പോള്‍ നല്ല പേര് തടസങ്ങള്‍ നീക്കുന്ന ഭാഗവാന്റെ പേര് തന്നെ എന്ന് ദാസന്‍ പറയുകയും ചെയ്തു. നീളുമോ എന്ന് പേടിച്ചു നിന്ന പോലെ ആയിരുന്നു അയാളുടെ മൂക്ക്. നെറ്റിക്കും ചുണ്ടിനും ഇടയില്‍ ഒരു ഇഴജന്തുവിന്റെ ഓര്‍മയില്‍ അത് പതിഞ്ഞു കിടന്നു. അതിനാല്‍ ഗണപതി എന്ന  പേര് യഥാര്‍ത്ഥം അല്ല എന്ന് തന്നെ എനിക്ക് തോന്നി. അതിനാല്‍ അയാളെ പേര് വിളിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. പേര് വിളിക്കേണ്ടി വന്നപ്പോള്‍, നമ്മള്‍, എന്ന് പറഞ്ഞു.
 
പേടിപ്പിക്കാന്‍ ഇത്ര പൈസ വേണോ, ഞാന്‍ ചോദിച്ചു, നമ്മള്‍ ഒന്ന് കൂടി കുറക്കണം.
 
അയാള്‍ എന്നെ നോക്കി ചിരിച്ചു. മിണ്ടാതെ കുറച്ചു ദൂരം നടന്നു. ഒരു സമയം ഞങ്ങളുടെ മുമ്പിലേക്ക് അയാള്‍ കയറി നടന്നു.  കുനിഞ്ഞു നിന്ന്, ഒരു മൃഗത്തെ പോലെ, മുഖം തിരിച്ച്  ഞങ്ങളെ  നോക്കി പല്ലുകള്‍ ഇളിച്ചു കാട്ടി, ്ര്രഭ്ര് എന്ന് ഒച്ചയുണ്ടാക്കി. ആ ഇരുട്ടില്‍, ആകാശം തന്ന വെളിച്ചത്തില്‍ അയാളുടെ പല്ലുകള്‍ കണ്ട് ആദ്യം ദാസനും പിന്നെ ഞാനും ചിരിച്ചു. അയാള്‍, അങ്ങനെ നിന്ന് കൊണ്ട് തന്നെ ചോദിച്ചു: ഇങ്ങനെ പേടിപ്പിച്ചാല്‍ മതിയോ? 

ഞാന്‍ ചിരിയടക്കാന്‍ വായ പൊത്തി.
 
ശരി, അയാള്‍ പറഞ്ഞു. നമ്മള്‍ മേയറെ പേടിപ്പിക്കുന്നു. ഞാന്‍ നിങ്ങളെ മൊബെലില്‍ വിളിക്കാം. അപ്പോള്‍ പൈസയും പറയാം.
 
മേയര്‍ പക്ഷെ പേടിക്കുക തന്നെ ചെയ്തു.
 
അങ്ങനെ ആയിരുന്നു പിനീടുള്ള ദിവസങ്ങള്‍ തന്നെ. മേയര്‍ അയാളുടെ ഭാര്യക്കൊപ്പം അവസാനത്തെ ബസ് അപകടത്തില്‍ മരണമടഞ്ഞവരുടെ വീടുകള്‍ സന്ദര്‍ശിച്ചുകൊണ്ടായിരുന്നു അങ്ങനെ ഒരു തോന്നല്‍ ഉണ്ടാക്കിയത്. അന്ന് അപകടത്തില്‍ മരിച്ച കുട്ടികളുടെ വീട്ടു മുറ്റത്ത് അയാള്‍ കണ്ണുകള്‍ നനഞ്ഞ് നിന്നത് ടെലിവിഷനും കാണിച്ചു.

അയാള്‍ പേടി അഭിനയിക്കുകയാണ്, വിജയാ. ദാസന്‍ പറഞ്ഞു. ദുഖം അയാള്‍ അഭിനയിക്കുകയാണ്.
 
അല്ല ദാസാ, ഞാന്‍ പറഞ്ഞു. മേയര്‍ ശരിക്കും പേടിച്ചിട്ടുണ്ട്.
 
മേയര്‍ അയാളുടെ അനുചരന്മാരുമായി പ്രസ് ക്ലബ്ബില്‍ വന്ന ദിവസം ആയിരുന്നു അത്. നമ്മുടെ നഗരം മാറാന്‍ നിശ്ചയിച്ചു എന്ന് അയാള്‍ പറഞ്ഞു. റോഡുകള്‍ നന്നാക്കും. റോഡുകള്‍ വീതി കൂട്ടും. ഇനി മുതല്‍ സ്‌കൂള്‍ കുട്ടികള്‍ നഗരത്തില്‍ എത്തുമ്പോള്‍ അവരെ ശ്രദ്ധിക്കാന്‍ നഗരത്തില്‍ വളണ്ടിയര്‍മാര്‍ ഉണ്ടാകും. ഞങ്ങള്‍ക്ക് നിങ്ങളുടെ സഹകരണം വേണം.
 
അപ്പോള്‍ ടിപ്പര്‍ ലോറി? ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ ചോദിച്ചു. ആ ലോറി പോലിസിന്റെ കസ്റ്റഡിയില്‍ ഇല്ല, ഡ്രൈവര്‍ക്ക് ജാമ്യം കിട്ടി.  ആ ലോറി താങ്കളുടെ മരുമകന്റെയും ആണ്.
 
ടിപ്പര്‍ ലോറികള്‍ ഇനി വൈകുന്നേരം അഞ്ചു മണിക്ക് ശേഷം മാത്രമേ നമ്മുടെ റോഡുകളിലൂടെ ഓടൂ. മേയര്‍ പറഞ്ഞു. അവസാനം ഉണ്ടായ അപകടം നിര്‍ഭാഗ്യകരം തന്നെ. ഞാന്‍ വേണ്ടതെല്ലാം ചെയ്തിരിക്കും.
 
മേയര്‍ കൈകൂപ്പി എഴുനേറ്റു. അയാള്‍ക്ക് ഇത്രയും വയസ്സുണ്ടെന്നും, നടക്കാനേ വയ്യ എന്നും ഞാന്‍ ഇപ്പോഴാണ് കണ്ടത് എന്ന് ദാസന്‍ ഇതൊക്കെ ടെലിവിഷനില്‍ കണ്ടപ്പോള്‍ പറഞ്ഞു.  അംഗരക്ഷകരെ പോലെ നിന്ന രണ്ടു ചെറുപ്പക്കാര്‍ മേയറുടെ ഇരുവശവും നിന്ന് കൈകള്‍ പിടിച്ചു, പതുക്കെ അയാളെ നടത്തി. കാറില്‍ കയറുന്നതിനു മുമ്പ് അയാള്‍ ഒരു തവണ കൂടി കൈ കൂപ്പി. ഈ പ്രാവശ്യം അത് പക്ഷെ തന്റെ തലക്ക് മുകളില്‍ പിടിച്ചായിരുന്നു. 

തലയിലെ കഷണ്ടി പോലും കറുപ്പിച്ച്, ഭരിക്കാന്‍ കസേരയില്‍ ഇരിക്കും ഇത് പോലെ ചില തന്ത ഇല്ലാത്തവര്‍ എന്ന് ദാസന്‍ മേയറുടെ ആ നില്‍പ്പിനെ പരിഹസിച്ചു.

 

....................................

Read more: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍
....................................


 
പിന്നീട് നാലോ അഞ്ചോ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, ഞങ്ങള്‍ ഈ കാര്യങ്ങള്‍ ഒക്കെ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ എന്റെ മൊബൈലില്‍ അയാള്‍, ഞങ്ങളുടെ വാടക കൊലയാളി, വിളിച്ചു. ഒരു പക്ഷെ ഞങ്ങള്‍ സംസാരിച്ചതൊക്കെ മാനത്ത് തല കീഴായി തൂങ്ങി കിടന്നു കേള്‍ക്കുകയായിരുന്നിരിക്കും അയാള്‍. ഞാന്‍ ദാസനോടു പറഞ്ഞു, ഇതാ അയാള്‍ വിളിക്കുന്നു. ചാവില്ല അടുത്തൊന്നും.
 
മൊബൈലിന്റെ മണിമുഴക്കം കുറച്ചു നേരം അയാള്‍ കേള്‍ക്കട്ടെ എന്ന് ഞാന്‍ കരുതി. അതില്‍ ഞാന്‍ റിംഗ് ടോണ്‍ ആയി ഇട്ടിരുന്നതു പഴയ ഒരു ഹിന്ദി ചലച്ചിത്ര ഗാനം ആയിരുന്നു. ഒരു ആണ് ഒരു പെണ്ണിനെ ഓര്‍ത്തു പാടുന്നത്. ഒരു പക്ഷെ അത് കേള്‍ക്കുമ്പോള്‍ അയാളുടെ മനസ്സില്‍ ഈര്‍പ്പം നിറയും. മനസ് തണുക്കും. ചിലപ്പോള്‍, ഞാന്‍ ഇപ്പോള്‍ വിളിച്ചത് എനിക്ക് പൈസ വേണ്ട എന്ന് പറയാനാണ് എന്ന് പറയും.
 
ഒരു നിമിഷം ഞാന്‍ ആ സ്വപ്നത്തില്‍ തന്നെ നിന്നു. പിന്നെ ഓടി വന്നു എടുത്ത പോലെ, ഹലോ എന്ന് കിതച്ചു കൊണ്ട് പറഞ്ഞു. ഹലോ, വാടക കൊലയാളി പറഞ്ഞു, ഇപ്പോള്‍ താങ്കള്‍ കേള്‍പ്പിച്ച പാട്ട് എനിക്കും ഇഷ്ടമുള്ള പാട്ടാണ്.
 
ഞാന്‍ അയാളുടെ ഒച്ച അലിയുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു. സന്തോഷം, ഞാന്‍ പറഞു, താങ്കള്‍ക്ക് ഈ റിംഗ് ടോണ്‍ ഞാന്‍ ഫോര്‍വേഡ് ചെയ്യാം.
 
ഞാന്‍ ദാസനെ നോക്കി കണ്ണിറുക്കി കാണിച്ചു. 
  
അത് വേണ്ട, അയാള്‍ പറഞ്ഞു. അമിതാബ് ബച്ചന്‍ രേഖയെ പ്രേമിച്ചിരുന്നു എന്ന് തനിക്ക്  അറിയുമോ?
 
അയാള്‍ ഒരു വാടക കൊലയാളിയോ എന്ന് എനിക്ക് ആദ്യം സംശയം തോന്നുന്നത് അങ്ങനെ ആണ്. ഒരു പക്ഷെ അയാളുടെ മനസ് അലിയുകയാണ്. ഒരു പ്രണയ കഥ പറയുമ്പോള്‍ മനസ് അലിയാന്‍ സാധ്യത കൂടുതല്‍ തന്നെ എന്ന് ഞാന്‍ ഓര്‍ത്തു.
 
കേട്ടിട്ടില്ല, ഞാന്‍ പറഞ്ഞു.
 
ഒരു പക്ഷെ ഞാന്‍ കേട്ടിരിക്കാം എങ്കിലും ഞാന്‍ അതേ പറയു.
 
ആദ്യം ആയി കേള്‍ക്കുകയാണ്, ഞാന്‍ പറഞ്ഞു: അങ്ങനെയും ഉണ്ടായിരുന്നോ?
 
തനിക്ക് ഇപ്പോള്‍ എത്ര വയസാണ്? വാടക കൊലയാളി ചോദിച്ചു.
 
ഇരുപത്തിമൂന്ന്, ഞാന്‍ പറഞ്ഞു.
 
ഓക്കെ, അയാള്‍ പറഞ്ഞു. ഇപ്പോള്‍ ആ സിനിമാക്കഥ പറയാനല്ല ഞാന്‍ വിളിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ഗോള്‍ഡ് പാര്‍ക്കില്‍ വരണം. അവിടെ ചെമ്മണ്ണൂര്‍ക്കാരന്റെ സ്വര്‍ണക്കടക്ക് മുമ്പില്‍ ലക്ഷ്മി നില്‍പ്പുണ്ടാകും. അന്ന് പറഞ്ഞ പണം അവളെ ഏല്‍പ്പിക്കണം.
 
ഞാന്‍ ദാസനെ നോക്കി. ദാസന്‍ പക്ഷെ എന്നെ അല്ല നോക്കുന്നത്. ഞാന്‍ ഒച്ച താഴ്ത്തി അവനോടു പറഞ്ഞു, പൈസക്ക് ആണ്.
 
മേയര്‍ പേടിച്ചിരിക്കുന്നു, വാടക കൊലയാളി പറഞ്ഞു. നഗരം മാറാന്‍ തുടങ്ങിയത് കണ്ടില്ലേ.
  
നഗരം മാറാന്‍ തുടങ്ങിയിരുന്നു. മേയര്‍ പറഞ്ഞ പോലെ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ നോക്കാന്‍ വളണ്ടിയര്‍മാര്‍ ഇറങ്ങിയിരുന്നു. നിരത്തുകള്‍ പലതും ശുചിയായി തുടങ്ങിയിരുന്നു. നിരത്തുകളിലെ വാഹനങ്ങളുടെ വേഗത നിയന്ത്രിച്ചിരുന്നു.  ഒരു പക്ഷെ മേയര്‍ ശരിക്കും പേടിച്ചിട്ടുണ്ട്.
 
ഞാന്‍ പറഞ്ഞു, ഉവ്വ്, അങ്ങനെ തോന്നുന്നണ്ട്. ഞങ്ങള്‍ ഇപ്പോള്‍ അത് പറയുകയായിരുന്നു. പക്ഷെ, ലക്ഷി, ലക്ഷ്മി ആരാണ്, ഞങ്ങള്‍ എങ്ങനെ തിരിച്ചറിയും?
 
ആ സമയം തന്നെ ഇതൊന്നും വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നി. പോക്കറ്റടിക്കാരായി ഒരു നഗരത്തില്‍ കഴിയുന്നത് തന്നെ സുഖം ഉള്ള കാര്യം അല്ല. അതും ഒരു തൊഴിലാക്കി. അതിന്റെ കൂടെയാണ്  ഇതെല്ലാം. ഒരു പക്ഷെ ഇപ്പോള്‍ തന്നെ ഈ ഫോണ്‍ സംഭാഷണങ്ങള്‍ വായുവില്‍ ഒഴുകാന്‍ തുടങ്ങിയിരിക്കും. സംഭാഷണങ്ങള്‍ പ്രിന്റു ചെയ്ത നാടകള്‍ പോലെ നഗരത്തിലെ ബസ് സ്‌റ്റോപ്പുകളിലും പോലീസ് സ്റ്റേഷനുകളിലും തൂങ്ങി കിടക്കും. ചിലപ്പോള്‍ ഇതിനകം തന്നെ. ഞാന്‍ ആ ഫോണ്‍ സംഭാഷണം നീട്ടേണ്ട എന്ന് നിശ്ച്ച്ചയിച്ചു. സാക്ഷാല്‍ മഹാലക്ഷ്മിയെ അല്ല ഏത് യക്ഷിയെയും കണ്ടുപിടിക്കാം എന്ന് നിശ്ചയിച്ചു. ഒരു ഗൂഡാലോചനയിലും ചെന്ന് വീഴാത്ത പദം പോലെ ഞാന്‍ പറഞ്ഞു: വരാം.
 
അവള്‍ക്കു നിങ്ങളെ മനസിലാകും. അയാള്‍ പറഞ്ഞു. നിങ്ങളെ കാണുമ്പോള്‍ ഒരു സ്വര്‍ണ്ണനാണയം അവളുടെ വലത്തെ ഉള്ളംകയ്യില്‍ നിന്നും നിലത്തേക്ക് വീഴും. ലക്ഷ്മി ആണല്ലോ അവള്‍. നാണയം ഉരുണ്ടു ഉരുണ്ടു വരും. നിങ്ങളുടെ അടുത്ത് എത്തും. അവള്‍ നിങ്ങളെ കണ്ടു പിടിക്കും.
 
അയാള്‍ ചിരിച്ചു. ചിരിച്ചു കൊണ്ട് തന്നെ അയാള്‍ പറഞ്ഞു. ഈ കാള്‍ കട്ട് ചെയ്തു ഞാന്‍ ഒന്ന് കൂടി വിളിക്കും. അപ്പോള്‍ ഫോണ്‍ എടുക്കരുത്. ആ പാട്ട് ഒന്ന് കൂടി കേള്‍ക്കാന്‍ ആണ്.
 
രണ്ടാമത് അയാള്‍ വിളിക്കുമ്പോള്‍ ഞാനും ദാസനും നിശ്ശബ്ദരായി ഇരുന്നു. ഞങ്ങള്‍ വീട്ടിലായിരുന്നു. അവിടെ മേശപ്പുറത്ത് ആ ചെറിയ സ്ഥലത്ത് മൊബൈല്‍ ഫോണ്‍ ഒരു ഉദ്യാനത്തില്‍ ആരോ മറന്നു വെച്ച പാട്ട് പെട്ടി പോലെ കിടന്നു.

 

....................................

Read more:
....................................

 

 
ആ പകല്‍ ഞങ്ങള്‍ നഗരത്തില്‍ പല ഇടങ്ങളിലായി അലഞ്ഞു.  കടല്‍ക്കരയില്‍ വേറെ വേറെ സ്ഥലത്ത് ഇരുന്നു. ഞങ്ങള്‍ക്ക് ചുറ്റും അപകടങ്ങള്‍ ഇല്ലാത്ത,  ദുര്‍മരണങ്ങള്‍ ഇല്ലാത്ത നഗരം വലം വെച്ചു. റോഡു മുറിച്ചു കടക്കാന്‍ നിന്ന ഒരു പെണ്‍കുട്ടിക്ക് വേണ്ടി ബസുകള്‍ കാത്തു നില്‍ക്കുന്നത് കാണാതെ കണ്ടു. വൈകുന്നേരം നഗരത്തിലെ ഗോള്‍ഡ് പാര്‍ക്കിലേക്ക് നടക്കുമ്പോള്‍ ഞാന്‍ ദാസനോടു നീ ഒറ്റയ്ക്ക് പോയാല്‍ പോരെ എന്ന് ചോദിച്ചു. അതിനു, ഞാന്‍ പോകാം കൂടെ അന്നത്തെ ബസപകടത്തില്‍ മരിച്ച രണ്ടോ മൂന്നോ ആളുകളെയും കൂട്ടാം എന്ന് മറുപടി പറഞ്ഞു. അവന്‍ നടക്കുന്ന വഴിയിലേക്ക് നീട്ടി തുപ്പി.
 
അയാള്‍ ആവശ്യപ്പെട്ട സംഖ്യ ഞങ്ങള്‍ കൊടുക്കുക തന്നെ ചെയ്തു. അത്രയും കാലത്തെ ഞങ്ങളുടെ സമ്പാദ്യം കൈ വിടുമ്പോള്‍ എനിക്ക് കരച്ചില്‍ വന്നു. അയാള്‍ പറഞ്ഞ പ്രകാരം വലത്തെ ഉള്ളം കൈയില്‍ നിന്നും സ്വര്‍ണ നാണയം വീഴ്ത്തിയ പെണ്ണിന് തന്നെ.
 
പക്ഷെ പലതും ഞങ്ങള്‍, ദാസനും ഞാനും, അവിശ്വസിക്കുക തന്നെ ചെയ്തു. ഒരു വാടക കൊലയാളി തന്നെയോ അയാള്‍ എന്ന് തന്നെ ആയിരുന്നു ഒന്ന്. അങ്ങനെ സംശയം തരാന്‍ അയാളുടെ കൂട്ടുകാരി, വലത്തേ ഉള്ളം കയില്‍ നിന്നും സ്വര്‍ണ നാണയം വീഴ്ത്തിയവള്‍, മേയര്‍ എങ്ങനെയാണ് പേടിച്ചതു എന്ന് പറഞ്ഞതും കാരണം ആയി.
 
പുള്ളിക്കാരന്‍ ഒരു കൊലയാളിയേ അല്ല. അവള്‍ പറഞ്ഞു. നിങ്ങള്‍ കരുതുംപോലെ.
 
ഇപ്പോള്‍ തന്നെ നോക്ക്. നിങ്ങള്‍ തരാം എന്ന് ഏറ്റ പൈസ വാങ്ങി കൊണ്ട് വാ എന്നല്ല എന്നോടു വിളിച്ചു പറഞ്ഞത്. അവരില്‍ ആരാണ് കൂടുതല്‍ സുന്ദരന്‍ എന്ന് കണ്ടു വാ എന്നാണ്. 
 
അവള്‍ ചിരിച്ചു. പക്ഷെ ഞങ്ങള്‍ക്ക് പണം എന്തായാലും വേണം.
 
ലക്ഷ്മി, അതാണല്ലേ പേര്. ഞാന്‍ ചോദിച്ചു. അപ്പോഴും അവള്‍ ആ സ്വര്‍ണനാണയം ഒരു അടയാളം പോലെ കൈകളില്‍ മാറി മാറി പിടിച്ചു. അതെ, അവള്‍ പറഞ്ഞു. നിങ്ങളുടെ ആരുടെ മൊബൈലില്‍ ആണ് ആ റിംഗ് ടോണ്‍?
 
എന്റെ, ഞാന്‍ പറഞ്ഞു.
 
എനിക്ക് വളരെ അധികം ഇഷ്ടമുള്ള ഒരു പാട്ടാണ് അത്. അന്ന് നിങ്ങളെ രണ്ടാമത് വിളിക്കുമ്പോള്‍ ഞാന്‍ അത് എന്റെ കാതില്‍ ചേര്‍ത്തു വെച്ചു.
   
അങ്ങനെ പറയുമ്പോള്‍ അവള്‍ അത് അഭിനയിച്ചു കാണിച്ചു. ആ പാട്ട് മൂളി; കഭി കഭി മേരെ ദില്‍ മേം ഖയാല്‍ ആതാഹേ- ഇവളും ഒരു പക്ഷെ നടിയായിരിക്കും. മറ്റവനും. ഞാന്‍ വിചാരിച്ചു. മേയറെ പേടിപ്പിച്ചത് എങ്ങനെ എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞതും അങ്ങനെ വിചാരിക്കാനെ തോന്നിക്കു.
 
ആണായാലും പെണ്ണായാലും എല്ലാ മനുഷ്യരും പേടിയുള്ളവരാണ്. അവള്‍ പറഞ്ഞു. എന്നാല്‍ പുള്ളിക്കാരന്‍ വേറെ ഒരു ഫിലോസഫി കൂടി ചേര്‍ക്കും. പേടിയില്ല എന്ന് കാണിക്കുന്ന അക്രമികളെ നേരിടേണ്ടത് കിടിലന്‍ അഹിംസയിലൂടെ ആണ് എന്ന്.
 
എനിക്ക് ചിരി വന്നു. അത് അവള്‍ കണ്ടു. അവള്‍ എന്നെ സൂക്ഷിച്ചു നോക്കി. ഒരു പക്ഷെ എന്റെ കണ്ണുകളില്‍ തന്നെ, ചുണ്ടില്‍ തന്നെ. ഞാന്‍ ആണ് ദാസനെക്കാള്‍ സുന്ദരന്‍. അത് അവള്‍ പറയും എന്ന് കരുതി.
 
അവള്‍ പറഞ്ഞു. നിങ്ങള്‍ ഈ ഗോള്‍ഡ് സൂക്കില്‍ വന്നിട്ടുണ്ടോ. ഇവിടത്തെ എല്ലാ കടകളും മേയറുടെയോ അയാളുടെ ഭാര്യയുടെയോ അല്ലെങ്കില്‍ അവളുടെ ആങ്ങളയുടെയോ അല്ലെങ്കില്‍ അവന്റെ ഭാര്യയുടെയോ പേരില്‍ ആണ്. അതായത് ഈ സൂക്കില്‍ ഇപ്പോള്‍ ഉള്ള എല്ലാ കസ്റ്റമേര്‍സിനെയും മേയര്‍ കണ്ടുകൊണ്ടിരിക്കുന്നു എന്ന്  അര്‍ഥം.
 
അവള്‍ സൂക്കിലെ സി സി റ്റി വി ക്യാമറകള്‍ കണ്ണ് കൊണ്ട് കാണിച്ചു തന്നു.
 
നമ്മള്‍ മൂന്ന് പേരയും അയാള്‍ കാണുകയാണ്. എന്നെ അയാള്‍ ഇതിനകം തിരിച്ചറിഞ്ഞു. കാരണം ഞാനും പുള്ളിക്കാരനോപ്പം മേയറെ പേടിപ്പിക്കാന്‍ പോയിരുന്നു. നിങ്ങള്‍ രണ്ടു പേര്‍ ആരാണെന്ന് എന്തിനാണ് ഇവിടെ വന്നതെന്ന് ഇപ്പോള്‍ അയാള്‍ കണ്ടു പിടിക്കും. വൈകിയാല്‍ ഈ രാത്രിയോടെ.
 
ദാസന് ദേഷ്യം വന്നു. അവന്‍ പറഞ്ഞു. വിരട്ടല്ലേ, ഞങ്ങളും ഈ നഗരത്തില്‍ കഴിയുന്നവര്‍ ആണ്.
 
അവള്‍ ഞങ്ങളെ മാറി മാറി നോക്കി. പിന്നെ ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ തുടങ്ങി. ഇടക്ക് ഞങ്ങള്‍ വരുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ തിരിഞ്ഞു നോക്കി. അവളുടെ ഹാന്‍ഡ് ബാഗില്‍ എന്തോ തപ്പുന്നത് കാണിച്ചു.
 
അവള്‍ തോക്ക് തപ്പുകയാണ്. ഞാന്‍ പറഞ്ഞു. അതേ, ദാസന്‍ പറഞ്ഞു. അവളുടെ മറ്റവന്റെ തോക്ക്.
 
ആ നിമിഷം തന്നെ, അത് കേട്ട പോലെ, അത്രയും അകലം നിന്നു അവള്‍ ഞങ്ങളെ നോക്കി ചീറി: വേണമെങ്കില്‍ വേഗം വരിനെടാ പു...
 
ആ ഗോള്‍ഡ് സൂകില്‍ അത്ര പരിചയം ഇല്ലാത്ത ശബ്ദം തന്നെ ആയിരുന്നു അത്. ഒരു പക്ഷെ അവള്‍ പറഞ്ഞതും.
 
അല്ലെങ്കില്‍ നീണ്ട ഒരു ചങ്ങല പോലെ തന്നെ ആയിരുന്നു ആ വാചകം. അതിന്റെ ഒരു അറ്റത്ത് രണ്ടു ആണ്‍ കഴുത്തുകളും  മറ്റേ അറ്റത്ത് ഒരു പെണ്ണിന്റെ കൈയും ആയി ആ ചങ്ങല ഇഴയാന്‍ തുടങ്ങിയിരുന്നു.
 
ഞാന്‍, നാണക്കേട് ആയല്ലോ എന്ന് അവള്‍ക്കു ഒപ്പം എത്താന്‍ വേഗം നടന്നു. ദാസന്‍ എന്റെ കൂടെ ഉണ്ടോ  എന്ന് നോക്കി. ചിലപ്പോള്‍ അവന്‍ തിരിഞ്ഞു നടക്കുകയാവും എന്ന് കരുതി. അല്ലെങ്കില്‍ അവിടെ തന്നെ നില്‍ക്കും എന്നും. ഞങ്ങള്‍ കൂടെ എത്തിയിട്ടും നടത്തം നിര്‍ത്താതെ അവള്‍ തിരക്കോടെ നടന്നു. അവള്‍ക്കൊപ്പം ഞങ്ങളും. പേടിച്ചു അല്ലെ, എന്ന് അവള്‍ ദാസനെ നോക്കി. പിന്നെ എന്നെയും. അവള്‍ സുന്ദരിയും ആണെന്ന് എനിക്ക് തോന്നി. ഒരു പക്ഷെ എന്നേക്കാള്‍ അഞ്ചു വയസ്സു കൂടുമായിരുക്കും. ഞാന്‍ അവളെ തൊട്ടു തൊട്ടില്ല എന്ന് നടന്നു.
 
ഇനി പൈസ താ, അവള്‍ പറഞ്ഞു. എനിക്ക് പോകാറായി.  
 
ഞങ്ങള്‍ മിണ്ടിയില്ല. അത് ദാസന്റെ അപ്പോഴത്തെ ആശയമാകണം. ഗോള്‍ഡ് സൂക് കഴിയട്ടെ എന്നാകണം. പൈസ അവന്റെ പാന്റിന്റെ കീശയില്‍  ആണ്.
 
എന്താ പൈസ കൊണ്ട് വന്നിട്ടില്ലേ, അവള്‍ ചോദിച്ചു. അതോ ഇനിയും എന്നെ മണത്തു നടക്കണം എന്നാണോ?
 
അവള്‍ ദാസന്‍ പറഞ്ഞ പോലെ ഞങ്ങളെ വിരട്ടുക തന്നെ ആണ്. ഞാന്‍ ദാസനെ നോക്കി. ഒരു പക്ഷെ അവന്‍ ഇപ്പോള്‍ അവളെ പിറകില്‍ നിന്നും അടിച്ചു വീഴ്ത്തും എന്ന് തോന്നി. ഞാന്‍ അവനോടു പൈസ കൊടുക്കാന്‍ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാട്ടി.
 
ഇതാ പറഞ്ഞ പൈസ. ദാസന്‍ അവള്‍ക്കു പാന്റിന്റെ കീശയില്‍ നിന്നും പൈസ എടുത്തു കൊടുത്തു. ഇതോടെ കഴിഞ്ഞു. നമ്മള്‍ തമ്മിലുള്ള എല്ലാ ഇടപാടുകളും.
 
ഞാന്‍ ദാസനെ ഇനിയും പറയുന്നതില്‍ നിന്നും തടഞ്ഞു.
 
ഞങ്ങളുടെ ഫോട്ടോകള്‍ക്ക് ഒപ്പം ഒച്ചയും ഈ ഗോള്‍ഡ്സൂക്ക് മേയര്‍ക്ക് നല്‍കിയിരിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. ആളുകള്‍ ശ്രദ്ധിക്കുന്നും  ഉണ്ടായിരുന്നു. ഒരു പെണ്ണും രണ്ടു ആണും എന്ന് പരിഹസിക്കുകയും ആയിരിക്കും. അല്ലെങ്കില്‍ ഇതാ നഗരത്തിലെ പുതിയ രണ്ടു വാടക കൊലയാളികള്‍ എന്ന് ഉറപ്പിക്കുകയാകും.
 
പ്ലീസ്, ഞാന്‍ പറഞ്ഞു. വേറെ ഒന്നും കൊണ്ടല്ല. ഞങ്ങള്‍ കുറച്ചു ടെന്‍ഷന്‍ ആണ്. ഇത്രയും പൈസ ഉണ്ടാക്കാന്‍ തന്നെ പാടു പെട്ടു. ശരിക്ക് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് മേയറെ കൊല്ലണം എന്നായിരുന്നു.
 
ആ സമയം അവള്‍ എന്റെ കൈ പിടിച്ചു. ഇവന്‍ തന്നെ സുന്ദരന്‍ എന്ന് പറഞ്ഞു. ഇവനും ഞാനും സിനിമക്ക് പോകുന്നു. അവള്‍ ദാസനെ നോക്കി പറഞ്ഞു. തന്നെയാണ് ഞാന്‍ മോഹിച്ചത് എങ്കിലും.
 
ഇതെല്ലാം ഒരു ഒത്തു കളി പോലെ തോന്നുന്നു, ഒന്നും വിശ്വസിക്കാന്‍ വയ്യ എന്ന് ദാസന്‍ അന്ന് ഗോള്‍ഡ് പാര്‍ക്കില്‍ നിന്നും മടങ്ങുമ്പോള്‍ പറഞ്ഞു.
 
അങ്ങനെ ആകുമോ, ഞാന്‍ ചോദിച്ചു.
 
അല്ലെങ്കില്‍ ഈ കഥ കേള്‍ക്കുമ്പോള്‍ ആരും ചോദിക്കും, രണ്ടു പോക്കറ്റടിക്കാര്‍ ആണോ ഒരു നഗരം നന്നാക്കാന്‍ തീരുമാനിക്കുന്നത്  എന്ന്. ദാസന്‍ അവന്റെ ചുമലിന്റെ വേദന ഓര്‍ത്തു പറഞ്ഞു.  ചില പാപികളെ ചില പാപികള്‍ നേരിടുന്നു എന്നാകാം. ഞാന്‍ ഒന്നും മിണ്ടിയില്ല. ഞങ്ങള്‍ നഗരത്തിലെ തിരക്കില്‍ എത്തിയിരുന്നു. ദാസന്‍ ചോദിച്ചു. വിജയാ, നീ വോട്ട് ചെയ്തിട്ടുണ്ടോ? ഇല്ല. ഞാന്‍ പറഞ്ഞു. വോട്ടിനു ക്യു നിന്ന ഒരാളുടെ പോക്കറ്റ് അടിച്ചിട്ടുണ്ട്,  ദാസന്‍ ചിരിച്ചു. ചിരിക്കുമ്പോള്‍ അവന്റെ ചുമല്‍ വേദനിക്കുന്നു എന്ന് പറഞ്ഞു.
 
ഇനി നമ്മള്‍ വോട്ടു ചെയ്യണം, ദാസന്‍ പറഞ്ഞു. പക്ഷെ വോട്ടു പെട്ടിയില്‍ ഇടുന്ന കടലാസില്‍ പക്ഷെ എഴുതണം, ഒരു പുലയാടിമോന് വേറെ ഒരു പുലയാടി മോന്‍ തരുന്ന വോട്ട് എന്ന്.
 
ഞാന്‍ ചിരിച്ചു. വോട്ടിംഗ് യന്ത്രം ആണെങ്കിലോ? 

അവന്‍ പറഞ്ഞു, എങ്കില്‍ ഈ പറഞ്ഞത് വിളിച്ചു പറയണം. 

 

....................................

Read more: അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍
....................................

 

 
അന്ന് രാത്രി കിടക്കുമ്പോള്‍ അവള്‍ പിടിച്ച എന്റെ കൈത്തണ്ട ഞാന്‍ വേറെ ഒരു ഇഷ്ടത്തോടെ പല തവണ എന്റെ കണ്ണിനു നേരെ പിടിച്ചു. അവളെ ഉമ്മ വെക്കുന്ന പോലെ , ഒരു പൂ പോലെ ചുണ്ടുകള്‍ കൂര്‍പ്പിച്ചു അത്രയും സ്ഥലം  പ്രേമത്തിന്റെയോ പരിഹാസത്തിന്റെയോ വിരലുകള്‍ മുറുകിയ ഇടം, ഒരു പക്ഷെ മറ്റൊരു സ്വര്‍ച്ചന്ത പോലെ തിളങ്ങി.
 
അവളും കൂട്ടുകാരനും മേയറുടെ വീട്ടില്‍ ചെന്നത് ഒരു രാത്രിയില്‍ ആണ്. അങ്ങനെ ആണ് അവള്‍ ഞങ്ങളോടു പറഞ്ഞത്. മേയറും ഭാര്യയും അയാളുടെ ഒരേ ഒരു മകനും അത്താഴം കഴിക്കുമ്പോള്‍.
 
നമ്മുക്ക് സിറ്റിംഗ്‌റൂമില്‍ ഇരുന്നു സംസാരിക്കാം എന്ന് മേയര്‍ അവരോടു പറഞ്ഞു. അതിനു മുമ്പ് അവരോടൊപ്പം അത്താഴം കഴിക്കാന്‍ ക്ഷണിച്ചു. പകരം വാടക കൊലയാളി അവര്‍ കഴിക്കുന്ന അത്താഴത്തിന്റെ വിഭവങ്ങള്‍ എന്തെല്ലാം എന്ന് തിരക്കി.
 
നിങ്ങള്‍ക്ക് അറിയുമോ, അവള്‍ ഞങ്ങളോട് പറഞ്ഞു. പുള്ളിക്കാരന്‍ ഒരു അമേരിക്കന്‍ സിനിമാ പ്രാന്തന്‍ ആണ്. പുള്ളിക്കാരന്‍ താമസിക്കുനത് തന്നെ ഒരു തിയേറ്ററില്‍ ആണെന്ന് തോന്നും. എപ്പോഴും സിനിമ കണ്ടു കൊണ്ട്. അതുകൊണ്ട് പുള്ളിക്കാരന്റെ ഡയലോഗുകള്‍ ആ സ്‌റ്റൈലില്‍ ആണ്.
 
അവള്‍ ഞങ്ങള്‍ ഇത് വിശ്വസിക്കുന്നുണ്ടോ എന്ന പോലെ നോക്കി.
 
ഞാന്‍ വിശ്വസിച്ചില്ല.
 
നിങ്ങള്‍ അവസാനം കണ്ട സിനിമ ഏതാണ്?, അവള്‍ ചോദിച്ചു.
 
ഇനി കാണുമ്പോള്‍ ഓര്‍ത്തു പറയാം, ദാസന്‍ പറഞ്ഞു. മേയര്‍ പേടിച്ചുവോ ഇല്ലേ എന്ന് പറയ്. പൈസ തരുന്നത് ഞങ്ങള്‍ ആണല്ലോ.
 
ഓ, അവള്‍ പറഞ്ഞു. അത് ഞാന്‍ എണ്ണി നോക്കില്ല. കൃത്യം ഉണ്ടാവുമല്ലോ. അതോ ചില സിനിമകളില്‍ എന്ന പോലെ മേലെയും താഴെയും കറന്‍സിനോട്ടുകള്‍ വെച്ചു ഇടയില്‍ പേപ്പര്‍ കട്ടിംഗ് വെച്ചതാണോ?
 
ചിലപ്പോള്‍, ദാസന്‍ പറഞ്ഞു.
 
ഞാന്‍ അവന്റെ കൈക്ക് പിടിച്ചു.
 
അവള്‍ ദാസന്റെ അരികിലേക്ക് നീങ്ങി നിന്നു. അവളുടെ ഹാന്‍ഡ് ബാഗ് അവന്റെ വാരിയില്‍ തൊടുവിച്ചു. അവള്‍ പറഞ്ഞു. മോനെ, ഇതില്‍ ചാന്തുപൊട്ടല്ല. തോക്കാണ്. പൊട്ടുന്ന തോക്ക്. ഞാന്‍ പൊട്ടിക്കുകയും ചെയ്യും. നിന്നെയോ നിന്റെ കൂട്ടുകാരനെയോ കൊല്ലാന്‍ എനിക്ക് ലൈസന്‍സും വേണ്ട.
 
പല്‍ച്ചക്ക്രങ്ങള്‍  പതുക്കെ വന്നു നിന്ന ഒരു തീവണ്ടി പോലെ ആയിരുന്നു ആ വാചകം. തീ പാറി.
 
അങ്ങനെ പറഞ്ഞത് ഒരു പക്ഷെ മേയറുടെ അത്താഴ മേശക്കരികില്‍ നിന്ന വടകകൊലയാളിതന്നെയാകും. അത് അയാള്‍ ആണ്. ഇവളുടെ ഒച്ചയില്‍.

 

....................................

Read more:
....................................


 
വാടക കൊലയാളി മേയറുടെ ഭാര്യയോട് ചോദിച്ചു:
 
ചേച്ചീ,  എന്താണ് അത്താഴത്തിനു ഇന്ന് സ്‌പെഷ്യല്‍?
 
കഞ്ഞി, ചെറുപയറിന്റെ ഉപ്പേരി. ചുട്ട പപ്പടം.
 
മേയറുടെ ഭാര്യ അത്രയും പറഞ്ഞത് തന്റെ ശബ്ദം അയാള്‍ കേള്‍ക്കുമോ എന്ന് സംശയിച്ചായിരുന്നു. അത്ര ഒച്ചയേ മേയറുടെ ഭാര്യക്ക് ഉണ്ടായിരുന്നുള്ളൂ.
 
ഒരു തിരുമ്മല്‍ കേന്ദ്രം പോലെ അല്ലെ? വാടക കൊലയാളി അയാളുടെ കൂട്ടുകാരിയോട് പറഞ്ഞു. രാത്രി എപ്പോഴും ലൈറ്റ് ആയത് കഴിക്കണം, അത് ലേറ്റ് ആവാനും പാടില്ല എന്ന് വൈദ്യന്മാര്‍ പറയും.
 
ആ പാത്രത്തിലോ? മേയറുടെ മുമ്പില്‍ ഇരിക്കുന്ന അടച്ചു വെച്ച പാത്രം തുറന്നു കാണിക്കാന്‍ അയാള്‍  ആവശ്യപ്പെട്ടു:  കാണട്ടെ.
 
ബീഫ് ഫ്രൈ.
 
മേയറുടെ ഭാര്യ പത്രം തുറന്നു കാണിച്ചു. ഇപ്പോഴും അയാള്‍ തന്നെ കേട്ടുവോ എന്ന് സംശയിച്ചു.
 
വാടകകൊലയാളി അയാളുടെ കൂട്ടുകാരിയോട് ചോദിച്ചു: നിന്റെ വായില്‍ വെള്ളം വരുന്നുണ്ടോ ?
 
തന്റെ വായില്‍ ഒരു കുടം വെള്ളം വന്നു നിറഞ്ഞതും ഇറക്കിയതും അയാള്‍ കാണിച്ചു. അയാളുടെ കൂട്ടുകാരിയും അത് അനുകരിച്ചു. എക്‌സലന്ററ്, എന്ന് അയാള്‍ അവളെ അഭിനന്ദിച്ചു.
 
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് താങ്കളുടെ ഡൈനിങ്ങ് ടേബിള്‍ എത്ര രുചികരം ആയി എന്ന് ആലോചിച്ചിട്ടുണ്ടോ എന്നത്രേ അയാള്‍ മേയറോട് പിന്നെ ചോദിച്ചത്. അങ്ങനെയാണ്  അയാള്‍ മേയറെ പേടിപ്പിക്കാന്‍ തുടങ്ങിയതും.
 
മേയറുടെ സന്തോഷങ്ങള്‍ വാടക കൊലയാളി പേടിയുടെ പലകകള്‍ കൊണ്ട് പതുക്കെ അടക്കാന്‍ തുടങ്ങി. അയാള്‍ കട്ട് മുടിച്ച  നഗരത്തിലെ കരാര്‍ പണികളെ  കുറിച്ച് പറഞ്ഞു. അയാളുടെ മകന്‍ പഠിക്കുന്ന സ്‌കൂള്‍ ഏതാണ് എന്ന് ചോദിച്ചു. അവനോടു പരീക്ഷയില്‍ അവന്റെ ഗ്രേഡ് എന്താണെന്ന് ചോദിച്ചു. മേയറുടെ ഭാര്യയോട് മോഹന്‍ ലാലിന്റെ ഭാര്യയുടെ സുഹൃത്ത് ആണോ എന്ന് ചോദിച്ചു. താന്‍ ഒരു കൊലയാളി ആണെന്നും മേയറെ കൊല്ലാന്‍ പൈസ വാങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞു. നിങ്ങള്‍ താമസിക്കുന്ന ഈ വീടിനു എത്ര ചെലവ് വന്നു എന്ന് ചോദിച്ചു. 
 
അതുകൊണ്ട് താങ്കള്‍ക്കു അത്ര രുചികരം അല്ലാത്ത ഒരു കാര്യം പറയാന്‍ ഞാന്‍ പോകുന്നു, വാടക കൊലയാളി മേയറോടു പറഞ്ഞു.
 
അതിനു മുമ്പ് അയാളുടെ കൂട്ടുകാരിയോടു അവിടത്തെ ടെലിഫോണ്‍ കണക്ഷനുകള്‍ വേര്‍പ്പെടുത്താന്‍  ആവശ്യപ്പെട്ടു. മൊബെല്‍ ഫോണുകള്‍ ഓഫ് ചെയ്ത്  ബീഫ് ഫ്രൈ വെച്ച പാത്രത്തില്‍ ഇടാന്‍ പറഞ്ഞു.  എല്ലാം കഴിഞ്ഞപ്പോള്‍ മേയറോടു സിറ്റിംഗ്‌റൂമില്‍ വന്നിരിക്കാന്‍ പറഞ്ഞു. അയാളുടെ ഭാര്യയോടും മകനോടും വാതില്‍ക്കല്‍ വന്നു നിന്നോളാന്‍ പറഞ്ഞു.
 
സിറ്റിംഗ്‌റൂമില്‍ ഇരിക്കുന്ന മേയറുടെ മുമ്പില്‍ വാടക കൊലയാളി തന്റെ പാന്റിന്റെ കീശയില്‍ കൈകള്‍ ഇട്ടു നിന്നു. മേയറുടെ കണ്ണുകളിലേക്ക് ഇമ വെട്ടാതെ നോക്കി.
 
ചേച്ചീ,  വാടക കൊലയാളിയുടെ കൂട്ടുകാരി മേയറുടെ ഭാര്യയോട് ചോദിച്ചു. ഓണക്കാലത്ത് നിങ്ങള്‍ തൃക്കാക്കര അപ്പനെ വെക്കാറുണ്ടോ?
 
ഉണ്ട്, മേയറുടെ ഭാര്യ പറഞ്ഞു. ഇപ്പോഴും തന്റെ ശബ്ദം അവര്‍ കേട്ടിരിക്കുമോ എന്ന് സംശയിച്ചു.
 
ഈ മുറ്റത്ത് അല്ലെ?
 
അതെ.
 
മേയറോടു മുറ്റത്ത് തൃക്കാക്കര അപ്പനെ വെക്കുന്ന സ്ഥലത്ത് പോയി നില്ക്കാന്‍ അവള്‍ ആവശ്യപ്പെട്ടു.   
 
അതേ സ്ഥലത്ത്.
 
മേയറുടെ വീട്ടു മുറ്റത്തെ പൂന്തോട്ടത്തിലെ വെളിച്ചം നിലാവ് പോലെ മുറ്റം നിറഞ്ഞു. രാത്രി ശലഭങ്ങള്‍ പറന്നു.  കാറ്റ് ചൂളം ഊതി.  
 
വാടക കൊലയാളി മേയറുടെ മുമ്പില്‍ വന്നു നിന്നു.
  
ഇനി ഇവിടെ ഈ നഗരത്തിലെ നിരത്തുകള്‍ തകര്‍ന്ന കാരണം ബസ് അപകടം ഉണ്ടായാല്‍, അതില്‍ സഞ്ചരിക്കുന്ന പാവങ്ങള്‍ മരിച്ചാല്‍, കുട്ടികള്‍ മരിച്ചാല്‍, ആളുകള്‍ക്ക് അംഗവൈകല്യം വന്നാല്‍,  ഇവിടുത്തെ കരാറുകള്‍ ശരിയായി അല്ല നടക്കുന്നത് എന്ന് കേട്ടാല്‍, ഈ നഗരത്തിലെ ആളുകള്‍ക്ക് മിതമായ വിലക്ക് പലവ്യഞ്ജനങ്ങള്‍ കിട്ടാന്‍,  പഴയ ആഴ്ച്ചചന്തകള്‍ വീണ്ടും തുറക്കാതിരുന്നാല്‍, ഒരു സദ്ഭരണം ആണ് ഇവിടെ വേണ്ടത് എന്ന് മനസിലാക്കാന്‍ കൂട്ടാക്കാതിരുന്നാല്‍, ഞങ്ങള്‍ ഈ ആണും പെണ്ണും ഇനിയും ഇവിടെ താങ്കളുടെ ഈ മനോഹരമായ ബംഗ്ലാവില്‍ വരും.
 
അയാള്‍ ചുറ്റും നോക്കി. ആ സ്ഥലം. ആകാശം ഒക്കെ അളക്കുന്ന പോലെ. പിന്നെ ഉം ഉം എന്ന് ശ്വാസം അകത്തേക്കും പുറത്തേക്കും വിട്ടു.
 
വാടക കൊലയാളി പറഞ്ഞു.
 
അന്ന് വരുമ്പോള്‍ താങ്കളോട് ഞങ്ങള്‍ മൂന്നടി മണ്ണ് ചോദിച്ചു വാങ്ങും. ആ മൂന്ന് അടി മണ്ണ് എന്നാല്‍ എന്തെന്ന് മേയര്‍ക്ക് അറിയാമല്ലോ. അതില്‍ താങ്കളും താങ്കളുടെ ബന്ധുക്കളും ഈ ലോകത്തിലും പരലോകത്തിലും ഉള്ള തന്റെ സകല സ്വത്തുക്കളും പെടും.
 
വാടക കൊലയാളി തന്റെ കൂട്ടുകാരിയെ നോക്കി. നിനക്ക് ഓണക്കാലം ഇഷ്ടമാണോ എന്ന് ചോദിച്ചു.
 
ഇഷ്ടമാണ്, അവള്‍ പറഞ്ഞു. ആ സമയത്തെ നിലാവും എനിക്ക് ഇഷ്ട മാണ് 
 
അയാള്‍ ചുറ്റും നോക്കി. പൂ വിളിക്കാന്‍ തോന്നുന്നു എന്ന് പറഞ്ഞു.
 
വടകകൊലയാളി പേന്റിന്റെ കീശയില്‍ നിന്നും കൈകള്‍ എടുത്തു. കൈ വിരലുകള്‍ ഓരോന്നു ഓരോന്ന് ആയി പൊട്ടിച്ചു.
 
അയാള്‍ മേയറോട് പറഞ്ഞു: എന്നിട്ട് ഈ നഗരത്തിന്റെ മേയറെ ഇവിടെ തന്നെ ചവുട്ടി താഴ്ത്തും.
 
അതോടെ എല്ലാം നിശ്ശബ്ദമായ പോലെ ആയി. 

അവള്‍ പറഞ്ഞത്, അത് പുള്ളിക്കാരന്റെ അസാധ്യമായ  അഭിനയം തന്നെ ആയിരുന്നു എന്നാണ്. എല്ലാ വാക്കുകള്‍ക്കും അതിന്റെ പഞ്ച് ഉണ്ടായിരുന്നു എന്നാണ്. മേയര്‍ പേടിച്ചു കഴിഞ്ഞിരുന്നു. അയാള്‍ക്ക് മൂത്രവും തീട്ടവും പോയിട്ടുണ്ടാകും എന്നുതന്നെ അവള്‍ കരുതിയത്രേ.
 
അവള്‍ മേയറുടെ ഭാര്യയോട് , ചേച്ചി ഇവിടെ പഴയ ഓട്ടുകിണ്ടി ഉണ്ടോ എന്ന് ചോദിച്ചു. ഉണ്ട് എന്ന് മേയറുടെ ഭാര്യ പറഞ്ഞു. അവളുടെ ശബ്ദം ഇത്തവണ ശരിക്കും കേട്ടു.
 
എങ്കില്‍ കൊണ്ട് വരൂ, നിറച്ചും വെള്ളത്തോടെ. 
 
മേയറുടെ ഭാര്യ കൊണ്ടുവന്ന  വെള്ളം കിണ്ടിയിലെ വാലിലൂടെ, ഒരു ധാര പോലെ, വാടക കൊലയാളി മേയറുടെ ശിരസിലൂടെ ഒഴിക്കാന്‍ തുടങ്ങി... 

അടുത്ത നിമിഷം മേയര്‍ കൈകാലുകള്‍ കുഴഞ്ഞു അവിടെ തന്നെ ഇരുന്നു.
 
വാടക കൊലയാളി പൊട്ടിച്ചിരിച്ചു. ഇനി വരുമ്പോള്‍ മതി എന്ന് അയാളെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി...   
 
ഞങ്ങള്‍ നടന്നു നടന്നു ഒരു ഹോട്ടലില്‍ എത്തിയിരുന്നു. പതിവായി അവിടെ വരുമ്പോള്‍ കഴിക്കാറുള്ള നെയ് റോസ്റ്റ് തന്നെ ഞങ്ങള്‍  പറഞ്ഞു. പക്ഷെ അത് അപ്പോള്‍ തന്നെ, രണ്ടു മസാല ദോശ എന്ന് തിരുത്തി. ചീയുന്ന നഗരം തന്നെ ആയിരുന്നു ഞങ്ങളും. പേടിയുടെ മൂര്‍ച്ചത്തലപ്പില്‍ നിന്നും നടന്നു വന്നവരും.
 
ഹോട്ടലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ദാസന്‍, എന്നോട് , നിനക്ക് അവളോടൊപ്പം സിനിമയ്ക്കു പോകാമായിരുന്നു എന്ന് പറഞ്ഞു. ഞാന്‍ ചിരിച്ചു. ഒരു വേള, എന്റെ മൂക്കില്‍ പൂമ്പൊടി പോലെ ഒരു വാസന പടര്‍ന്നു.
 
റോഡില്‍ എന്റെ മുമ്പില്‍ ദാസന്‍ നടന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ അതൊരു നടത്തം തന്നെയല്ലാതായി.  അവന്‍ നൃത്തം വെക്കുകയാണെന്ന് ഉറപ്പായി. കൈകള്‍ പിറകിലേക്ക് വീശി, ഉടല്‍ ഇടത്തോട്ടും വലത്തോട്ടും ആട്ടി അവന്‍ നടന്നു.  ഞാനും അത് അനുകരിച്ചു.
 
തെരുവ് വിളക്കുകളുടെ വെളിച്ചം, വാഹനങ്ങളുടെ വെളിച്ചം ഞങ്ങളെ വേറെ ആളുകളെ കാണിക്കുന്ന പോലെ തോന്നി. പുതിയ രണ്ടു കൊലയാളികള്‍ പോലെ, പുതിയ രണ്ടു നടന്മാരെ പോലെ.  
 
ഇതില്‍  ഏതാണ് ശരി എന്നറിയാനാകും, ദാസന്‍ എന്നെ തിരിഞ്ഞു നോക്കി. കണ്ണിറുക്കി കാണിച്ചു.

 

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

click me!