വാക്കുല്‍സവത്തില്‍ ഇന്ന്, പുതിയ തലമുറയില്‍ ശ്രദ്ധേയനായ കഥാകൃത്ത് ജേക്കബ് ഏബ്രഹാമിന്റെ കഥ. നാളെ നാളെ നാളെ
ഒറ്റ നോട്ടത്തില്‍ ലളിതമാണ് ജേക്കബ് ഏബ്രഹാമിന്റെ കഥകള്‍. എന്നാല്‍, സൂക്ഷിച്ചുവായിക്കുമ്പോള്‍, ഏറ്റവും റീഡബിളായ ആ ലാളിത്യത്തിനുള്ളില്‍ പാകിയ കുഴിബോംബുകള്‍ കണ്ടെത്താം. പുറേമയ്ക്ക് ശാന്തമായി ഒഴുകുന്ന മനുഷ്യ ജീവിതങ്ങളിലെ ഇളകിമറിയുന്ന സങ്കീര്‍ണ്ണതകളാണ് ആ ലാളിത്യത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നത്. അതിവൈകാരികതയോ അതിഭാവുകത്വമോ കലര്‍ത്താതെ അത്യന്തം നിസ്സംഗനായ ഒരു കാഴ്ചക്കാരനെപ്പോലെയാണ് കഥാകൃത്ത് ആഖ്യാനത്തില്‍ ഇടപെടുന്നത്. ആ നിര്‍വികാരത പക്ഷേ, ഒളിച്ചോട്ടമല്ല. നിലപാട് തന്നെയാണ്. വായനക്കൊടുവില്‍ തിരിച്ചറങ്ങാന്‍ പറ്റാത്ത വിധം വികാരങ്ങളുടെ വിക്ഷുബ്ധതയില്‍ വായനക്കാരനെ തനിച്ചാക്കുന്നത് എഴുത്തിലെ ആ മനുഷ്യപ്പറ്റ് തന്നെയാണ്. അതിലെ കറുത്ത നര്‍മ്മവും അമ്പരപ്പിക്കുന്ന നിരീക്ഷണങ്ങളും അപ്രതീക്ഷിത വഴിത്തിരിവുകളും ചേര്‍ന്നാണ് കഥയുടെ ആ രാവണന്‍ കോട്ട സാദ്ധ്യമാക്കുന്നത്.
നാളെ നാളെ നാളെ
...........................................
പുറത്തെ തെരുവിലെ ബഹളങ്ങളുമായി തിങ്കളാഴ്ച്ച വന്നു വിളിച്ചു. നാണപ്പന്‍ കുന്തിച്ചെഴുന്നേറ്റു. പീള കെട്ടിയ കണ്ണ് ഞെരടി. കോട്ടുവായിട്ടു. തലേരാത്രി കുടിച്ച വില കുറഞ്ഞ ബ്രാന്‍ഡി ഓക്കാനിച്ചു വന്നു. ശരീരമാസകലം വേദനിച്ചു വന്നു. തലേന്ന് തിന്ന രസവട തേട്ടി വന്നു. തലേരാത്രിയിലെ സംഭവങ്ങള്‍ റീവെയിന്‍ഡ് ചെയ്തു വന്നു. കഴുത്തു ചേര്‍ത്ത് കോളറിനു കുത്തിപ്പിടിച്ച് എല്‍കെ പ്രസ്‌ക്‌ളബ്ബിന് പുറത്തേക്ക് എറിയുകയായിരുന്നു. പടികളിലേക്ക് വീണു പോയി. മുണ്ടഴിഞ്ഞു പോയി. കൂഴച്ചക്ക വീഴുംപോലെ ഇരുട്ടും മഞ്ഞവെട്ടവും സിഗരറ്റു കുറ്റികളും കെട്ട വാര്‍ത്തകളുടെ നാറ്റവുമുളള പ്രസ ക്‌ളബ്ബിന്റെ പടികളില്‍ വീണു പോയി. മുഷിഞ്ഞ വാര്‍ത്തകളും വര്‍ത്തമാനങ്ങളും ചുറ്റുംനിന്ന് ഇരമ്പിയ പോലെ തോന്നി. വീണിടത്തു നിന്നും എണീറ്റ്് ഓട്ടയിലേക്ക് കേറ്റിവിടുമ്പോള്‍ പന്തം രവിയോട് തട്ടിക്കേറിയത് ഓര്‍മ്മ വന്നു. കഥയില്ലാത്ത കാര്യങ്ങളാണെല്ലാം.
തിങ്കളാഴ്ച നല്ല ദിവസം. ഒന്നും പ്രതീക്ഷിക്കാനില്ലെങ്കിലും എല്ലാ തിങ്കളാഴ്ചകളെയും പ്രതീക്ഷയോടെയാണ് നാണപ്പന്‍ വരവേല്‍ക്കാറുളളത്. ഊര്‍ന്നുപോയ കൈലി വാരിച്ചുറ്റി. ഒരു സിഗരറ്റ് കത്തിച്ചു കൊണ്ട് തുറക്കാന്‍ ബുദ്ധിമുട്ടുളള, തെരുവിലേക്ക് തുറക്കുന്ന മാറാല പിടിച്ച ജനാല തളളിതുറന്ന് റോഡിലേക്ക് മഞ്ഞക്കണ്ണുകളോടെ നോക്കിനിന്നു. ശരീരമാസകലം വേദനിക്കുന്നുണ്ട്. ഇന്നലെ നടന്ന കാര്യങ്ങളെല്ലാം ഓര്‍ത്തെടുത്തപ്പോള്‍ നാണപ്പന് അവമതിപ്പ് തോന്നി. ഇന്നലെ കഴിഞ്ഞ് ഇന്ന് വന്നല്ലോ ഇനി നാളത്തെ കാര്യം നോക്കിയാപ്പോരെ. നാളെ പോയാല്‍ മറ്റൊരു നാളെ വരും. ഉഷാറോടെ ബീഡിയ്ക്ക് തീ പറ്റിച്ച് നാണപ്പന്‍ അലസം പുറത്തേക്ക് നോക്കി നിന്നു.
മുന്നില്‍ റോഡ്, റോഡ് കഴിഞ്ഞാല്‍ മൈതാനം, മൈതാനത്ത് കസര്‍ത്തു നടത്തി വിയര്‍ത്തു നടക്കുന്നവരെ കണ്ടപ്പോള്‍ നാണപ്പന് സ്വന്തം ശരീരത്തെപ്പറ്റിയൊരു അവമതിപ്പു തോന്നി. കറുത്ത കരുവാളിച്ച കവിളുകള്‍, കുഴിഞ്ഞ മഞ്ഞകണ്ണുകള്‍, എണ്ണമെഴുക്കുളള മുഖത്ത് ചെറിയ ചെറിയ കുഴികള്‍, ചതഞ്ഞ ബ്രഷിന്റെ നാരു പോലുളള മീശ, ബാക്കിയുളള ശരീരഭാഗങ്ങള്‍ക്കും അമ്പതുകളുടെ നടപ്പുപ്രായത്തിന്റെ അവശത ബാധിച്ചിട്ടുണ്ട്. ട്രാക്ക്‌സ്യൂട്ടും ടീഷര്‍ട്ടുമിട്ട് ഷൂസുകെട്ടി മൈതാനത്തൊരിക്കലെങ്കിലും മാന്യന്മാരെപ്പോലെ ഒന്നു നടക്കണമെന്ന് നാണപ്പന്‍ കൊതിക്കാറുണ്ട്. സിറ്റി ബസ് അസഹ്യമായ ഹോണടിച്ച് ഒരു പറ്റം കാറുകള്‍ക്കും ബൈക്കുകള്‍ക്കുമൊപ്പം താറാവ് കുഞ്ഞുങ്ങള്‍ക്കൊപ്പം ചെളിവെളളത്തിലൂടെ തള്ളതാറാവു പോകുന്ന പോലെ തുഴഞ്ഞുപോയി.
.................................................................................................................................................
നാളെയാവട്ടെ നാളെ. മിന്നലൊന്ന് ശരിപ്പെടുത്തണം. നാണപ്പന്‍ പലപ്പോഴും ആലോചിക്കും. പത്രാധിപരെപ്പോലെ ബീഡി പുകവിട്ട് ആലോചിക്കും. പക്ഷെ നാളെ മറ്റൊരു നാളെ മാത്രം
.................................................................................................................................................
തിരികെ വന്ന് കട്ടിലില്‍ ചാരിയിരുന്നു. മനസ്സില്‍ പ്‌ളാനിംഗ് തുടങ്ങി. പലപ്പോഴും ഒരു തത്ത്വചിന്തകനെപ്പോലെ മനനം ചെയ്ത് സ്വയം ചില തിരിച്ചറിവുകളിലെത്തുന്ന നേരമാണ് നാണപ്പന്റെ പ്രഭാതങ്ങള്‍. ഹനുമാന്‍കോവിലിലെ മണിനാദങ്ങള്‍ക്കും വാഹനബഹളങ്ങള്‍ക്കിടയിലും സ്വയം സൃഷ്ടിക്കുന്ന ഒരു ധ്യാനാവസ്ഥ. ഭരണ സിരാകേന്ദ്രത്തിനുതൊട്ടടുത്താണ് ജാംബവാന്റെ കാലത്തെ ഈ ലോഡ്ജ്. എന്തോ തര്‍ക്കത്തില്‍പെട്ടുകിടക്കുന്നതിനാലും കേസുളളതിനാലും പൊളിച്ച് ഷോപ്പിംഗ് കോംപ്‌ളക്‌സാകാതെ കിടക്കുന്ന കെട്ടിടം. തലസ്ഥാനത്തിന്റെ സൗന്ദര്യക്കണ്ണില്‍ ഒരു കരട് പോലെ കിടക്കുന്ന പ്രസ്തുത കെട്ടിടത്തിലാണ് 500 കോപ്പിയെന്ന് കണക്കിലും 100 കോപ്പിയെന്ന് പ്രസ്സിലും അച്ചടിക്കുന്ന രാഷ്ട്രീയവാരികയായ 'മിന്നലി'ന്റെ പ്രത്രാധിപരായ നാണപ്പന്റെ ആവാസം. കച്ചിപേപ്പറില്‍ മുപ്പത് പേജടിക്കുന്ന സാധനം. നാണപ്പന്‍ തോന്നുംപടി പങ്കെടുക്കുന്ന പത്രസമ്മേളനങ്ങളില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകളാണ് കൊടുക്കുന്നത്. നാണപ്പന്‍ വാര്‍ത്തെയാന്നും എഴുതില്ല. പത്രസമ്മേളനങ്ങളില്‍ വിതരണം ചെയ്യുന്ന നോട്ടീസുതന്നെ തലക്കെട്ടൊന്നു മാറ്റിയടിക്കും. പരസ്യമാണ് നോട്ടം. ചെറുകിട പത്രങ്ങള്‍ക്കും മാസികകള്‍ക്കും കിട്ടുന്ന പരസ്യം കൊണ്ടാണ് കഞ്ഞികുടി. നാളെയാവട്ടെ നാളെ. മിന്നലൊന്ന് ശരിപ്പെടുത്തണം. നാണപ്പന്‍ പലപ്പോഴും ആലോചിക്കും. പത്രാധിപരെപ്പോലെ ബീഡി പുകവിട്ട് ആലോചിക്കും. പക്ഷെ നാളെ മറ്റൊരു നാളെ മാത്രം.
ലോഡ്ജ് മുറിയുടെ ഭിത്തിയില്‍ ആകെയുളള അലങ്കാര വസ്തുവായ അജന്താ ക്‌ളോക്കിന്റെ മറവില്‍ നിന്നും ഒരു പല്ലിയിറങ്ങി വന്ന് നാണപ്പനെ നോക്കി. പല്ലിയെ നാണപ്പനും നോക്കി. പല്ലിയെ നോക്കുമ്പോള്‍ എപ്പോഴും നാണപ്പന്‍ അമ്മയെ ഓര്‍ക്കും. അമ്മയെ ഓര്‍ക്കുമ്പോള്‍ അയാളൊരു കുട്ടിയാകും. മലയിന്‍കീഴെ ഓലപ്പുരയും പത്ത് സെന്റ് സ്ഥലവും ഓര്‍മ്മ വരും. മരച്ചീനി വിളയിലൂടെ നിക്കറിട്ടോടിയ കുട്ടിക്കാലം.
- മക്കാ..നാണൂ..നുണ പറഞ്ഞാ അട്ടത്തുളള പല്ലി ചെലക്കും..?
എല്ലാ ദിവസവും രാവിലെ പതിവുളളതാണീ മുഖാമുഖം. പന്ത്രണ്ട് ഇരുപതാണ് ക്ലോക്കിലെ സമയം. രണ്ട് ബാറ്ററി വാങ്ങിയിട്ട് വോള്‍ ക്‌ളോക്ക് പ്രവര്‍ത്തിപ്പിക്കണം. നാളെയാവട്ടെ.. പല നാളെകള്‍ കഴിഞ്ഞുപോയിട്ടും ക്‌ളോക്കിന്റെ ഗതി ഇതുതന്നെ. പല്ലിയെ ഓടിച്ചുവിടണം. നാണപ്പന്‍ പ്‌ളാനിംഗ് തുടങ്ങി. തുറക്കാന്‍ പറ്റുന്ന ജനാലയുടെ മരപ്പാളി തുറന്നപ്പോള്‍ പ്രഭാതത്തിന്റെ നനുത്ത കാറ്റിനൊപ്പം തെരുവിന്റെ ശബ്ദങ്ങളും മുറിയിലേക്ക് കയറി വന്നു. ബീഡി വലിച്ച് തൊണ്ട വരണ്ടപ്പോഴാണ് ഒരു ചായ കുടിക്കാനുളള കൊതി നാണപ്പനെ തേടിയെത്തിയത്. പോക്കറ്റില്‍ തപ്പി നോക്കി. അഞ്ചു രൂപയുടെ സ്വര്‍ണ്ണം പൂശിയ നാണയത്തിനൊപ്പം ബസ് ടിക്കറ്റും കുറെ തുണ്ടു കടലാസുകളും വന്ന് കയ്യില്‍ തടഞ്ഞു. രാത്രിയിലെപ്പോഴോ ചൂടില്‍ പുകഞ്ഞപ്പോള്‍ കട്ടിലിന്റെ തലയ്ക്കലേക്ക് ചുരുട്ടിയെറിഞ്ഞ ടീഷര്‍ട്ട് വലിച്ചുകേറ്റി നാണപ്പന്‍ മുറി പൂട്ടി പുറത്തിറങ്ങി.
മുറിയ്ക്കു പുറത്തിറങ്ങിയപ്പോള്‍ ഇടവഴിയില്‍ പൊതുവായുളള വാഷിംഗ് ബേസിനടുത്തു നിന്ന് വലിയ ശബ്ദത്തോടെ പല്ലുതേയ്ക്കുന്ന പോസ്റ്റ് മാസ്റ്ററെ കണ്ടു. നാണപ്പനൊരു ഗുഡ്‌മോണിംഗടിച്ചു. പേസ്റ്റ്് പത വായില്‍ വെച്ചുകൊണ്ട് പോസ്റ്റ് മാസ്റ്റര്‍ നാണപ്പനെ നോക്കി നില്‍ക്കാന്‍ ആംഗ്യം കാട്ടി. ഇതും പതിവുളളതാണ്. നാണപ്പന്‍ ഒരു ബീഡി കൂടി കത്തിച്ചു പിടിച്ച് തെരുവിലേക്ക് നോക്കി പോസ്റ്റ്് മാസ്റ്ററുടെ വലിയ ശബ്ദത്തോടെയുളള ദന്തശുചീകരണ പ്രവൃത്തികളുടെ സമയത്തെ ചിന്തയില്‍ നിന്നും മാറ്റി.
റോഡില്‍ സജീവമാകുന്നു മറ്റൊരു ദിവസം. കുട്ടികള്‍ സ്‌ക്കൂളില്‍ പോകുന്നു. കാറും ബസ്സും സ്‌ക്കൂട്ടറും പായുന്നു. ലോഡ്ജിനെതിര്‍ വശത്തുളള വലിയ തുണിക്കടയുടെ മുമ്പില്‍ യുണിഫോമിട്ട സെയില്‍ പയ്യന്മാരും സാരിയണിഞ്ഞ സെയില്‍സ് പെണ്‍കുട്ടികളും ഷട്ടറ് തുറക്കുന്നതും നോക്കി അക്ഷമരായി നില്‍ക്കുന്നു. ചിലര്‍ പത്രം വായിച്ചും മൊബൈലു നോക്കിയും സമയം കളയുന്നു. തടിയന്‍ സെക്യൂരിറ്റി ഒരു മത്സരത്തിലെ റഫറിയെപ്പോലെ ഷട്ടറിനു മുമ്പില്‍ തന്നെ നില്‍ക്കുന്നുണ്ട്. വലിയ പൂച്ചെടികളും ബോണ്‍സായി മരങ്ങളും കൃത്രിമ അരുവിയും ഷോറൂമിന് മുന്നില്‍ സജ്ജീകരിച്ചിട്ടുണ്ട. നാണപ്പന്‍ സ്ഥിരമായി കാണുന്ന സുന്ദരിയായ പെണ്‍കുട്ടിയെ തന്നെ നോക്കിക്കൊണ്ടു നിന്നു. പെണ്‍കുട്ടിയാണെന്ന് പറയാന്‍ കഴിയില്ല, അവളൊരു സുന്ദരിയായ സ്ത്രീയാണ്. മുപ്പതിനോടടുത്തായിരിക്കും പ്രായം. കൂട്ടുകാരികളോട് സംസാരിച്ച് ആടിക്കുഴഞ്ഞ് നില്‍ക്കുകയാണ്. തുണിക്കടയിലെ പെണ്‍കുട്ടിയെക്കാണുമ്പോഴാണ് നാണപ്പന് പെണ്ണിനെപ്പറ്റി ചിന്തവരുന്നത്.
-വാടോ പത്രക്കാരാ ചായ കുടിച്ചിട്ടു വരാം..?
പോസ്റ്റ് മാസ്റ്റര്‍ അയാളെ പത്രക്കാരനെന്നും പോസ്റ്റ് മാസ്റ്ററെ നാണപ്പന്‍ പോസറ്റ് മാസ്റ്ററെന്നും വിളിക്കും. പത്ത് പതിനൊന്ന് വര്‍ഷമായി അതാണ് പതിവ്. ആദ്യമൊക്ക നാണപ്പന് അങ്ങനെ വിളിക്കപ്പെടുന്നതില്‍ ഒരു ചമ്മല് തോന്നിയിരുന്നു. വയറ്റിപ്പിഴപ്പിനു വേണ്ടി രണ്ട് പേജില്‍ ഇരൂനൂറ് കോപ്പിയടിക്കുന്ന 'മിന്നലി'ന്റെ എഡിറ്ററും റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറും പരസ്യമാനേജരും പ്യുണും ഒക്കെ നാണപ്പന്‍ തന്നെയാണ്.
.................................................................................................................................................
പെണ്‍കുട്ടിയാണെന്ന് പറയാന്‍ കഴിയില്ല, അവളൊരു സുന്ദരിയായ സ്ത്രീയാണ്. മുപ്പതിനോടടുത്തായിരിക്കും പ്രായം. കൂട്ടുകാരികളോട് സംസാരിച്ച് ആടിക്കുഴഞ്ഞ് നില്‍ക്കുകയാണ്
.................................................................................................................................................
ഗൗരീലക്ഷ്മിയിലേക്ക് കയറിയപ്പോള്‍ തന്നെ മണിയണ്ണന്റെ ക്രൂരമായ രണ്ട് കണ്ണുകള്‍ നാണപ്പനെ എതിരേറ്റു. മണിയണ്ണന്‍ ചോദിക്കുന്നതിനു മുമ്പു തന്നെ നാളെ നാളെ എന്നൊരാഗ്യം നാണപ്പന്‍ മാസ്റ്റര്‍ കാണാതെ കൈകൊണ്ട് കാട്ടി. ഇപ്പോ കിട്ടിയതു തന്നെ എന്ന മട്ടില്‍ മണിയണ്ണന്‍ ഓ ഓ എന്ന് പറയുന്നതുപോലെ മോണ വക്രിച്ചു. മണിയണ്ണന്റെ ക്യാഷ് കൗണ്ടറിനുമുകളില്‍ പത്ത് പതിനഞ്ച് വീടുകളിലെ പൂജാമുറികളിലേക്കു വേണ്ട് ഹിന്ദുദൈവങ്ങളുടെ പടങ്ങളുണ്ട്. പോരാത്തതിന് വിവിധ ജാതി മതസ്ഥരായ ഇടപാടുകാരെ പിണക്കാതിരിക്കാനായി ഓമും കുരിശും ചന്ദ്രക്കലയുമുള്ളൊരു ഫോട്ടോഫ്രയിമും വെച്ചിട്ടുണ്ട്. മണിയണ്ണന്‍ നാണപ്പനെ ഗൗനിക്കാതെ പോസ്റ്റ് മാസ്റ്ററോട് എന്തൊക്കെയോ ചളുവടിച്ചു. മാസ്റ്ററും മണിയണ്ണനും ചിരിച്ചു. ചിരിക്കുന്നതിനിടയില്‍ പയ്യന്‍ ചായ കൊണ്ടു വച്ചു. സുഖിയനും ബോണ്ടയും പഴം പൊരിയും തട്ടത്തില്‍ മെയിന്‍ സപെളയര്‍ സുര കൊണ്ടു വന്നു. നാണപ്പന്‍ ബോണ്ടയെടുത്തു. ബോണ്ടയ്ക്ക് നല്ല ചൂട്. മണിയണ്ണന്റെ നോട്ടം നാണപ്പനെ നാണിപ്പിച്ചു. ഓസിനു കുടിച്ചോ തിന്നോ എന്നാ നോട്ടം പറയുന്നതുപോലെ. പോസറ്റ് മാസ്റ്റര്‍ പരിപ്പുവട ആസ്വദിച്ച് തിന്നുകയാണ്. തലയ്ക്കു തൊട്ടുമുകളിലെ പാളങ്കോടന്‍ കുലയില്‍ നിന്നും രണ്ട് പഴങ്ങള്‍ കൂടി ഉരിഞ്ഞെടുത്താണ് തീറ്റ. ഓപ്പസിറ്റ് ബെഞ്ചിലിരിക്കുന്ന ബംഗാളികള്‍ പൊറോട്ടയും ബീഫും ആസ്വദിച്ച് കഴിക്കുന്നത് കണ്ടപ്പോള്‍ നാണപ്പന്് അസൂയ തോന്നി. ഇവന്മാരുടെ കൂടെ പണിക്കുപോയാല്‍ നല്ല കൂലി കിട്ടുമെല്ലോയെന്നായി ചിന്ത. പത്രപ്രവര്‍ത്തനെത്തെക്കാള്‍ നല്ലതാണ് കൂലിപ്പണി. സിറ്റിയിലെത്തിയിട്ട് വര്‍ഷം ഇരുപതു കഴിയുന്നു.. പിആര്‍ഡിയില്‍ കയറിയിറങ്ങി ചെറുകിട പത്രത്തിനുളള പരസ്യത്തിനായി ഇരക്കുന്നു. ചിലതു തന്നാലായി. ബില്ലുമാറാന്‍ വീണ്ടും സെക്രട്ടറിയേറ്റില്‍ കയറിയിറങ്ങി നടക്കുന്നു. നാണപ്പന് പുച്ഛം തോന്നിത്തുടങ്ങി. നാളെ വാ നാണപ്പാ നാളെ ശരിയാക്കി വെച്ചേക്കാം. ഇതാണ് സ്ഥിരം കേള്‍ക്കുന്നത്.
നാണപ്പന്‍ വീണ്ടും മുറിയിലെത്തി. ക്ഷൗരം ചെയ്ത് മുഖമൊന്ന് വൃത്തിയാക്കി. കുറച്ചുനേരം കണ്ണാടിയില്‍ മുഖമൊന്നു നോക്കി, സൂക്ഷ്മമായി. കറുത്ത് മീശക്കിടയില്‍ നരച്ച രോമങ്ങള്‍ കണ്ടെടുത്ത് കത്രിച്ചു. തീരെ സുന്ദരനല്ലെങ്കിലും തീരെ വിരൂപനല്ലെന്ന് സ്വയം ഒരു തീരുമാനത്തിലെത്തി. ചുരുണ്ട മുടിയിലേക്ക് കഷണ്ടി കയറി കയറിച്ചെല്ലുന്നുണ്ട്. ഷേവ് ചെയ്ത എണ്ണമയമുളള കവിളുകളില്‍ കുഴികളുണ്ട്. ഇരുനിറമാണെങ്കിലും വര്‍ഷങ്ങളുടെ ബീഡി വലി ചുണ്ടിന് കുറച്ചു കൂടി കറുപ്പുനിറം കൊടുത്തിട്ടുണ്ട്. മഞ്ഞപ്പിത്തം ബാധിച്ചതുപോലെയാണ് കണ്ണുകള്‍. ജനറല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ നോക്കിപ്പറഞ്ഞത് ഹീമോഗ്‌ളോബിന്റെ കുറവുണ്ടെന്നാണ്. നാണപ്പന്‍ വായ്ക്കകം പരിശോധിച്ചു. മോണയിലെ പല്ലുകളൊക്കെ പോയിട്ട് വര്‍ഷങ്ങളായി. ബാക്കിയുളള പല്ലുകള്‍ക്കൊക്കെ ഒരു മഞ്ഞനിറം ബാധിച്ചിട്ടുണ്ട്. ബീഡിക്കറയൂറ്റിക്കുടിച്ച ദന്തങ്ങളുമുണ്ട്. നാവുകൊണ്ട് വായകമാകെ ഓടിച്ചു. താടിയെല്ല് കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടുമിട്ട് ഇളക്കിക്കളിച്ചു. പീന്നീടെന്തോ പെട്ടെന്നാലോചിച്ച പോലെ ധടുതിയില്‍ കാക്കകുളി കുളിച്ച് കളം കളം കോട്ടന്‍ ഷര്‍ട്ടും മുണ്ടുമുടുത്ത് പുറത്തേക്കിറങ്ങി.
വസത്രാലയത്തിനുമുമ്പിലാണ് ബസ് സറ്റോപ്പ്. ആധുനിക രീതിയിലുളള ഒരു ബസ് ഷെല്‍ട്ടറാണ് ബസ് സ്‌റ്റോപ്പിലുളളത്. അധികം നേരം ആരും വായിനോക്കിയിരിക്കരുതെന്ന് ഉദ്ദേശമുളളതുപോലെയാണ് ഡിസൈന്‍. മെലിഞ്ഞവര്‍ക്ക് രണ്ട് ചന്തിയുമുറപ്പിച്ച് ഇരിക്കാം. നാണപ്പന്‍ ഇരുന്നു. തിരക്കുളള ബസിനായുളള കാത്തിരിപ്പാണത്. ഇതും പതിവുളളതാണ്. ആളെക്കുത്തിനിറച്ച് രണ്ട് സിറ്റി ബസുകള്‍ നിര്‍ത്താതെ പോയി. യാത്രക്കാര്‍ ബസിനെയും ഡ്രൈവറെയും കണ്ടക്ടറെയും ചീത്ത പറഞ്ഞുകൊണ്ട് വീണ്ടും ബസ് ഷെല്‍ട്ടറിലേക്ക് കയറി. മുമ്പ് തങ്ങളു നിന്നതും ഇരുന്നതുമായ ഇടങ്ങളില്‍ സ്ഥാനം പിടിച്ചു. അടുത്ത സിറ്റി ബസിനെങ്ങനെയെങ്കിലും ഇടിച്ചു കുത്തി സെക്രട്ടേറിയേറ്റ് പടിക്കലെത്തണമെന്ന് നാണപ്പനുറപ്പിച്ചു. എല്ലാവരും കയറിയ ശേഷം ഡോര്‍ ഹാന്‍ഡിലില്‍ പിടിച്ച് തൂങ്ങിക്കിടന്ന് ടിക്കറ്റെടുക്കാതെ ഇറങ്ങുന്നതാണ് നാണപ്പന്റെ ശീലം. തിരക്കില്ലാതെ വന്ന ഒരു ലോ ഫ്‌ളോര്‍ ബസിലേക്ക് ഓഫീസില്‍ താമസിച്ചെത്തുമെന്ന് പേടിയോടെ പലരും ചാടിക്കയറി. നാണപ്പന്‍ തുണിക്കടയ്ക്കുളളിലേക്ക് വെറുതെ നോക്കിക്കൊണ്ട് അടുത്ത ബസിനായി കാത്തിരുന്നു.
ഇന്ന് കസ്റ്റമേഴ്‌സിനെ സ്വീകരിക്കാനായി ഇരുകൈയ്യും കൂപ്പി നില്‍ക്കുന്നതവളാണ്. ഒറ്റയ്ക്കും സംഘമായും വരുന്ന കസ്റ്റമേഴ്‌സിനെ സ്വീകരിച്ച് അവരുടെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞ്് സാരി സെക്ഷനിലേക്കും റെഡിമെയ്ഡ് സെക്ഷനിലേക്കും കിഡ്‌സിലേക്കും ജെന്റ്‌സിലേക്കും ലേഡീസിലേക്കും ഒക്കെ അവരെ പറഞ്ഞുവിടണം. നാണപ്പനവളുടെ വശ്യമായ പുഞ്ചിരിയും ആകാരവും നോക്കിയിരുന്നു. സമയം പോയതറിഞ്ഞില്ല. രണ്ടുമൂന്നു ബസ് വന്ന് നിര്‍ത്തി പോയി. കൂട്ടമായി ഒരു സംഘമാളുകളോടൊപ്പം തുണിക്കടയിലെ യുവതി കാഴ്ചയില്‍ നിന്നും മറഞ്ഞതും നാണപ്പനാഗ്രഹിച്ച ബസു വന്നതും ഒരുമിച്ചായിരുന്നു. സ്റ്റോപ്പില്‍ നിന്നും കയറിയതും അയാള്‍ മാത്രമായിരുന്നു. വെളളയമ്പലവും മ്യൂസിയവും പാളയവും കടന്ന് ബസ്സ് സ്റ്റാച്യൂുവിലെത്തി. പല സ്റ്റോപ്പുകളിലും ആള്‍ക്കാര്‍ക്കിറങ്ങാനായി നാണപ്പന് ഇറങ്ങിക്കൊടുക്കേണ്ടി വന്നു.
അമ്മയൊടൊപ്പം സെക്രട്ടറിയേറ്റ് ആദ്യമായി കാണാന്‍ വന്ന ദിവസം വെറുതെ ഓര്‍മ്മയിലേക്കു വന്നു. ആറ്റുകാലമ്മച്ചിയുടെ ഉത്സവത്തിനു വന്നപ്പോഴായിരുന്നു അത്. പത്ത് മുപ്പത് വര്‍ഷം മുമ്പ്. അമ്മയോടൊപ്പം ആറ്റുകാലമ്മച്ചിയ്ക്ക് പൊങ്കാലയിടാന്‍ ചാലയില്‍ നിന്നും അരിയും ശര്‍ക്കരയും വാങ്ങി, കലവും ചട്ടിയുമായി ബസ്സിലിരിക്കുമ്പോഴാണ് ആദ്യമായി സെക്രട്ടറിയേറ്റ് കാണുന്നത്..
-മക്കാ...ഇതാ ഹജുര്‍ക്കച്ചേരി..സെക്കട്ടരിയേറ്റ്...മക്ക പഠിച്ച് പഠിച്ച് ഇവിടെ ഉദ്യോഹം വാങ്ങണം കേട്ടോ...തെവസവും ഇവിടെ വെരണം ചെല്ലാ...!
അമ്മ തന്നെയന്ന് ചേര്‍ത്ത് പിടിച്ച് ഉമ്മ തന്നത് നാണപ്പനോര്‍ത്തു. പത്ത് മുപ്പത് കൊല്ലം മുന്‍പത്തെ കാര്യം ഇന്നലെ നടന്നതു അയാളോര്‍ത്തെടുത്തു.
അമ്മ ആഗ്രഹിച്ചതുപോലെ സെക്രട്ടറിയേറ്റിലേക്ക് ദിവസവും അയാള്‍ വരാറുണ്ട്. ഈ വെളുത്ത കെട്ടിടത്തിന്റെ മുക്കും മൂലയും കാണാപ്പാഠമാണ്. ലിഫ്റ്റും വരാന്തയും ഗോവണികളും സെല്ലാറുകളും ജാലകങ്ങളുമൊക്കെ അയാള്‍ക്കറിയാം. ഓരോരോ വകുപ്പുകളുടെ ഓഫീസുകളിലേക്ക് കണ്ണടച്ച് കെട്ടിവിട്ടാലും നാണപ്പന്‍ നടന്നുപോകും. പല പല സെക്ഷനുകളിലെയും ഓഫീസര്‍മാരുടെ പേരുകളയാള്‍ക്ക് കാണാപ്പാഠമാണ്. പൊതുമരാമത്തില്‍ ഐസക്ക്, വിദ്യാഭ്യാസത്തില്‍ ഇക്ബാല്‍, സാംസ്‌കാരികത്തില്‍ ഷീല അങ്ങനെ ഓരോ വകുപ്പുകളിലെയും പ്രധാനപ്പെട്ട ഓഫീസര്‍മാരുടെ പേര് നാണപ്പന് കാണാപ്പാഠമാണ്. സെക്രട്ടറിയേറ്റ് കാന്റീനിലെ ഭക്ഷണങ്ങളുടെ വിലവിവരപ്പട്ടിക പോലും അയാള്‍ക്ക് കാണാതറിയാം. കഴിഞ്ഞ പത്തിരുപത് വര്‍ഷമായ സെക്രട്ടറിയേറ്റാണ് നാണപ്പനെ അന്നമൂട്ടുന്നത് കനിഞ്ഞുകിട്ടുന്ന ചെറു പരസ്യങ്ങളിലൂടെയാണ് അയാളുടെ ജീവിതം മുന്നോട്ടു പോകുന്നത്.
സ്റ്റാച്ച്യു ജംഗ്ഷനിലേക്ക് ചാടിയിറങ്ങിയതും നാണപ്പന്റെ മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വന്നു. നോക്കിയയുടെ ശവപ്പെട്ടി പോലുളള ആദ്യകാലത്തിറങ്ങിയ ഒരു ഫോണാണ്് നാണപ്പന്റെ കയ്യിലുളളത്. പിആര്‍ഡിയിലെ ജീവന്‍ സാറാണ് ഫോണില്‍. നാണപ്പന്‍ സാറെന്ന് വിളിച്ചുകൊണ്ട് ഫോണെടുത്തു..
- ഡോ നാണപ്പാ ചെക്ക് വന്നിട്ടുണ്ട്. വേഗം വന്നാല്‍ വാങ്ങിച്ചോണ്ട് പോകാം...?
ദേ സാറെ ഠപ്പേന്നെത്തി...ഞാനിവിടെ നടയിലുണ്ട്...!
ഇന്നൊരു നല്ലദിവസമാണല്ലോ...നാണപ്പന്‍ ഇങ്ങനെ ചിന്തിച്ചുകൊണ്ട് സെക്രട്ടറിയേറ്റിലേക്ക് കയറി.
പെട്ടെന്ന് തന്നെ വിഷാദത്തോടെ ചിന്തിച്ചു.
നാളെയോ...?
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും