വാക്കുല്‍സവത്തില്‍ ഇന്ന് ജി ആര്‍ ഇന്ദുഗോപന്റെ കഥ. ഉള്ളിക്കുപ്പം!
വായിക്കപ്പെടുമോ? ഒരു പത്രപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ഇത് ഒരൊന്നന്നര ചോദ്യം. ആരെയും വായിപ്പിക്കണം, ആര്‍ക്കും മനസ്സിലാവണം. അതിനുള്ള ശ്രമങ്ങളാണ് അയാളുടെ ഭാഷയെയും ക്രാഫ്റ്റിനെയും നിര്‍ണയിക്കുന്നത്. എന്തെഴുതുമ്പോഴും അയാള്‍ വായനക്കാരുടെ രസമുകളങ്ങളെക്കുറിച്ചു മാത്രം ആലോചിക്കുന്നു. വായനക്കാരുടെ മനസ്സറിയാന്‍ ചൂണ്ടയിടുന്നു. ജേണലിസത്തിന്റെ വഴിയില്‍നിന്ന് സാഹിത്യത്തിലേക്ക് നീങ്ങുന്ന എഴുത്തുകാര്‍ സാധാരണമായി പെടുന്ന ഒരു കെണി കൂടിയാണത്. ഇത്തരമൊരു കെണിയെ നിരന്തര ശ്രമങ്ങള്‍ കൊണ്ടും സമര്‍പ്പണം കൊണ്ടും മാറ്റിമറിച്ച ഒരെഴുത്തുകാരനാണ് ജി ആര്‍ ഇന്ദുഗോപന്‍. ചെറിയ കാലത്തിനുള്ളില്‍ ഇന്ദുഗോപന്‍ എഴുതിയ കഥകളിലും നോവലുകളിലുമെല്ലാം ഈ അതിജീവനശ്രമം കാണാം. ഫീച്ചറെഴുത്തിനും സാഹിത്യമെഴുത്തിനുമിടയിലുള്ള നേരിയ നൂല്‍പ്പാലത്തിലൂടെയുള്ള ഇന്ദുഗോപന്റെ ട്രപ്പീസ് ആദ്യകാല കൃതികളില്‍ പ്രകടം. എന്നാല്‍, പതിയെ അതില്‍നിന്നും എഴുത്തിന്റെ സ്വച്ഛതയിലേക്ക് അനായാസം നടക്കുന്നൊരാളായി ഇന്ദുഗോപന്‍ മാറുന്നു. എങ്കിലും, വായനയുടെ രസതന്ത്രം അയാളെ അലട്ടിക്കൊണ്ടേയിരിക്കുന്നുണ്ട്. അതിനാലാണ്, ഒരഭിമുഖത്തില്‍, 'വെടിയുണ്ടയില്‍ ഇരിക്കുന്ന ഒരു പ്രതീതി വായനക്കാരന് ഉണ്ടാകണം എന്ന് വിചാരിച്ചാണ് എഴുത്ത് നടത്തുന്നത്' എന്നയാള്‍ പറയുന്നത്.
മനുഷ്യരുമായും സംഭവങ്ങളുമായും നിരന്തരം ഇടപെടുമ്പോഴും വാര്‍ത്തയിലേക്കു മാത്രം ചെരിഞ്ഞുവീഴുന്നൊരു ജേണലിസ്റ്റിന്റെ കണ്ണ് ഇന്ദുഗോപന്റെ എഴുത്തുകളെ വ്യത്യസ്തമാക്കുന്നുണ്ട്. എന്നാല്‍, മുഖ്യധാരാ ജേണലിസം നിന്നുപോരുന്ന പതിവു ഫ്രെയിമിനുള്ളിലല്ല അതു സംഭവിക്കുന്നത്. കണ്ടിട്ടും നാം കാണാതെ പോവുന്ന അരികുമനുഷ്യരുടെ സാധാരണ ജീവിതങ്ങളിലേക്കും ഫിക്ഷനേക്കാള്‍ വിചിത്രവും അവിശ്വസനീയവുമായ സംഭവങ്ങളിലേക്കും ഇന്ദുഗോപന്‍ നടന്നുകേറുന്നു. അതിസാധാരണമായ ജീവിതപരിസരങ്ങളില്‍ സംഭവിക്കുന്ന ഒട്ടും സാധാരണമല്ലാത്ത കാര്യങ്ങളെ അയാള്‍ ചികഞ്ഞുകൊത്തുന്നു. വളഞ്ഞുപുളഞ്ഞ് കഥാപരിസരത്തു ചെന്നുകേറാതെ ഒറ്റയടിക്ക് അയാള്‍ വായനക്കാരനെ അഭിമുഖീകരിക്കുന്നു.
എന്നാല്‍, മുന്നില്‍നിന്ന് കാര്യങ്ങള്‍ വിളമ്പുന്ന എഴുത്തുകാരനെ അതില്‍ കാണില്ല. അതിസമര്‍ത്ഥമായി വായനക്കാരനെ കഥയിലേക്ക് കയറ്റി വാതിലടച്ച് അയാള്‍ സ്ഥലം വിടുന്നു. പറയേണ്ട കാര്യങ്ങള്‍ വ്യക്തമായും ശക്തമായും പറയാനുള്ള ത്രാണി കഥാപാത്രങ്ങള്‍ക്ക് നല്‍കുന്നു. വായിച്ചുതുടങ്ങിയാല്‍ നിര്‍ത്താനാവാത്തവിധം വായനക്കാരെ എഴുത്തിന്റെ ഒഴുക്കില്‍ കുരുക്കിയിടുന്നു. അതില്‍, ചരിത്രവും മിത്തുകളും ദാര്‍ശനികതയും ഫാന്റസിയുമെല്ലാം കൂടിക്കലരുന്നു. ഹിംസയും വന്യതയും കുറ്റവാസനയും പ്രാക്തനമായ വെറികളുമെല്ലാം കൂടു പൊട്ടിച്ചു പറക്കുന്നു. വിചിത്രമെന്ന് നമുക്ക് തോന്നാവുന്ന ജീവിതങ്ങളില്‍ തൂങ്ങിയാടുന്ന മനുഷ്യരെ കഥാകേന്ദ്രങ്ങളിലേക്ക് വിളിച്ചു വരുത്തുന്നു. ചെറുതും വലുതുമായ അധികാരപ്രയോഗങ്ങളുടെ പൊള്ളലേറ്റ വടുക്കള്‍ ഉയര്‍ത്തിക്കാട്ടുന്നു. ശരിതെറ്റുകളുടെ കള്ളികളെച്ചൊല്ലി പരിഭ്രമിക്കാതെ, രാഷ്ട്രീയത്തിന്റെ അതിരുകളെക്കുറിച്ച് സംശയിക്കാതെ അയാള്‍ കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു.
നാഗര്‍കോവില്‍ വഴി പഴയ തിരുവിതാംകൂര്‍ അതിര്‍ത്തിയായ അരുള്‍വായ്‌മൊഴി. അവിടുന്ന് മുന്നോട്ട്..
വളളിയൂര്‍ അടുത്തു. ഒരു ചായക്കടയ്ക്കു മുന്നില്‍ മിസ്റ്റര്‍ കുമാര്‍ കാത്തു നില്‍ക്കുമെന്ന് പറഞ്ഞിരുന്നു. ദൂരെ നിന്നേ കണ്ടു. കൊഞ്ചു പോലെ വളഞ്ഞ്, വെയിലേറ്റ് കരിഞ്ഞ കൊപ്രാ കഷണം പോലെ മിസ്റ്റര്‍ കുമാര്‍. അയാളുടെ കഷണ്ടി പൊരിവെയിലത്ത് എണ്ണപ്പശപ്പില്‍ തിളങ്ങി.
കുമാറിന് അത്ര ഭയങ്കരന്‍ ഇനം കാറു കണ്ടപ്പോ, തന്നെ അങ്കലാപ്പ് തോന്നിയിരിക്കണം. മുന്നിലെ ഡോര്‍ തുറന്നു വന്നപ്പോ അയാള്‍ ഒതുങ്ങി നിന്നു. പിന്നെ കടന്ന് മുന്‍സീറ്റിന്റെ വിശാലതയില്‍ പൂച്ച ചുരുളുന്നതു പോലെയങ്ങ് ഒതുങ്ങി. പിന്‍സീറ്റിലിലായിരുന്നു ഞാനും മുതലാളിയും. കഴക്കൂട്ടത്തെ ഐടി കമ്പനിയില്‍ കുറഞ്ഞ ശമ്പളത്തിന് ഞാന്‍ കുറച്ചു കാലം ജോലി ചെയ്തിട്ടുണ്ട്. എന്നിട്ടും ചെന്നൈ മലയാളിയെന്ന നിലയില്‍ എന്റെ സംഭാഷണത്തിലെ തമിഴ് ചുവ ഒട്ടും മാറിയിരുന്നില്ല.
ഞാന്‍ മുതലാളിക്ക് പരിചയപ്പെടുത്തി: ഇത് മിസ്റ്റര്‍ കുമാര്‍. നമ്മുടെ വഴികാട്ടിയാണ്. ചെന്നൈയില്‍ വച്ചുള്ള പരിചയമാണ്.
മുതലാളി പറഞ്ഞു: യേസ്. ഇനി കാര്യത്തിലേക്കു വരാം.
ഞാന്‍ പറഞ്ഞു: ഞാന്‍ പല ബിസിനസ് ഗ്രൂപ്പുകളെയും മുതലാളിമാരെയും സമീപിച്ചു. സാര്‍ മാത്രമാണ് ..
മുതലാളി പറഞ്ഞു: കേട്ടപ്പോ താല്‍പര്യം തോന്നി. നമുക്ക് നോക്കാം. പക്ഷേ ഞാന്‍ വന്നുവെന്ന് കരുതി..
എനിക്കറിയാം സര്‍...
ഒരു മയവുമില്ലാതെ മുതലാളി തുടര്‍ന്നു:
പലരും വന്ന് പുതിയ സ്റ്റാര്‍ട്ട് അപ് കമ്പനി തുടങ്ങണം . ഇന്‍വെസ്റ്റ് ചെയ്യണം എന്നൊക്കെ പറയാറുണ്ട്. പുതുമ വേണം. ടാക്‌സ് നിയമങ്ങളെ തുരങ്കം വയ്ക്കാനുള്ള പഴുതു വേണം. ചിന്തയിലൊരു ഭ്രാന്തു വേണം. പണം മഴ പോലെ പൊഴിയണം.
ഞാന്‍ പറഞ്ഞു: അതിന് പറ്റിയത് കൃഷി തന്നെയാണ് സര്‍. അതും തമിഴ്‌നാട്ടില്‍. വലിയ നികുതി ഇളവാണ്. വെള്ളം, കറന്റ് ഒക്കെ സര്‍ക്കാര്‍ തരും. കൃഷിയില്‍ നിന്നുള്ള വരുമാനത്തിന് കരം കൊടുക്കാതിരിക്കാന്‍ വകുപ്പുണ്ട്. അധികപ്പണം ഡംപ് ചെയ്യാന്‍ നല്ലൊരു ഇടം.
ഒന്ന് ചുമച്ച് മുതലാളി തുടര്‍ന്നു.
അങ്ങനെ അധികമൊന്നുമില്ല. നിങ്ങള്‍ നമ്മള്‍ പോകുന്ന സ്ഥലത്തെ കുറിച്ച് വിശദീകരിച്ചതു കേട്ടപ്പോ.. പണമുണ്ടാക്കുന്നത് എപ്പോഴും നല്ല പിക്വറസ്‌ക് ആയ ബായ്ക്ക് ഗ്രൗണ്ടിലായിരിക്കണം. പക്ഷേ ഈസിറ്റ് റിയല്‍...?
ഞാന്‍ പറഞ്ഞു: കള്ളത്തിന്റെ ഒരംശം ഇല്ല സര്‍. ഹിസ്റ്ററിയാണ് സര്‍. പക്കാ ഹിസ്റ്ററി...ആയിരം കൊല്ലം പഴക്കമുള്ള ഒരു ചരിത്രത്തിലേയ്ക്കാണ് ഞാന്‍ സാറിനെ കൊണ്ടു പോകുന്നത്. ഞാനും ആദ്യമായിട്ടാണ് .. ഇത് ഈ മിസ്റ്റര്‍ കുമാരന്റെ ആശയമാണ്. ഞാന്‍ അതില്‍ വര്‍ക്ക് ചെയ്‌തെന്നേയുള്ളൂ.
ആരാ ഇയാള്‍? മുതലാളി അന്വേഷിച്ചു.
ഓ ആരുമല്ല സാറേ.
മുന്നില്‍ നിന്ന് കുമാരന്‍ കാലു മടക്കി സീറ്റില്‍ വച്ച് പുറകോട്ട് തിരിഞ്ഞിരുന്നു : കൊല്ലത്തായിരുന്നു വീട്. കൊച്ചിലേ സത്യന്റെയൊക്കെ പടം കണ്ടപ്പോ സിനിമ ഉണ്ടാക്കുന്നിടം കാണണമെന്നു തോന്നി. മീറ്റര്‍ ഗേജ് വണ്ടിയിക്കേറി ചെങ്കോട്ട വഴി മധുര. അവിടുന്ന് കള്ളവണ്ടി. ചെന്നൈ. ഒന്നുമായില്ല. കുറേ എംജിആര്‍, ശിവാജിഗണേശന്‍, പ്രേംനസീര്‍ പടത്തില്‍ കുന്തംപിടിച്ചും ആള്‍ക്കൂട്ടത്തിലുമൊക്കെ നിന്നു. പിന്നാ നിവൃത്തികെട്ട് കൂലിപ്പണിക്കിറങ്ങിയത്. പല പണി ചെയ്തു. ഓട വരെ അരിച്ചു. ഇപ്പോ ഇവിടെ വള്ളിയൂരില്‍.. ഒരു തെലുങ്കന്റെ തോട്ടത്തില് മൂന്നാലു കൊല്ലം കാവലും കൃഷിയുമായിട്ട് നില്‍ക്കുന്നു... വള്ളിയൂരില്‍ നിന്ന് കൃഷിയിടമെത്താന്‍ തന്നെ ഏഴെട്ടു കിലോമീറ്റര്‍ നടക്കണം. ഇപ്പോ നാട്ടിലാണ്. സീസനല്ല. ചെന്നാല്‍ തടവറയാ. അഴുകിയ മുട്ടക്കോസിന്റെ ഇലയും കരനെല്ലുമൊക്കെ വച്ച് ചോറുണ്ടാക്കി തിന്നും. ചാരായം സ്വയം വാറ്റും. പിന്നെ പിന്നെ ടൗണീ പോകണമെന്നൊ കുളിക്കണമെന്നോ ഉടുപ്പു മാറണമെന്നോ മുടിവെട്ടണമെന്നോ ഒന്നും തോന്നത്തില്ല.
ഇതിപ്പോ കുമാരന്റെ ആത്മകഥയാകുമെന്ന് തോന്നിയപ്പോ ഞാന്‍ ഇടപെട്ടു: ഓക്കെ. മിസ്റ്റര്‍ കുമാരന്‍.
ദാരിദ്ര്യം ആര്‍ക്കും ഇഷ്ടപ്പെടില്ല. ഞാന്‍ മുതലാളിക്ക് ഇമ്പമുള്ള വിഷയത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു:
സാറേ അവിടുത്തെ ക്ഷേത്രത്തിന് ആയിരത്തില്‍ കൂടുതല്‍ വര്‍ഷത്തെ പഴക്കമുണ്ട്.
തൗസന്റ്?
യേസ് സര്‍. ആയിരം വര്‍ഷം മുമ്പുള്ള കൃത്യമായ പ്രമാണം വലിയ ശിലയില്‍ ക്ഷേത്രത്തിനു മുന്നില്‍ എഴുതിവച്ചിട്ടുണ്ട്.
ഓ. അതു ശരി.
ഭാഗ്യം! മുതലാളി ഒന്ന് വിസ്മയിച്ചു. ഞാന്‍ തുടര്‍ന്നു:
ചോളരാജാക്കന്മാര്‍ ശത്രുക്കളെ തുരത്താന്‍ ഇവിടെ വന്നപ്പോള്‍ ശത്രുക്കള്‍ എന്തോ പകര്‍ച്ചവ്യാധി വന്ന് സ്ഥലംവിട്ടു പോയിരുന്നു. . ഇവിടൊരു ചെറിയ അമ്പലമുണ്ടായിരുന്നു. അതിന്റെ ശക്തിയെന്ന് വിശ്വസിച്ചു. 75,000 ഏക്കര്‍ സ്വത്ത് ക്ഷേത്രത്തിന് രാജാക്കന്മാര്‍ എഴുതിക്കൊടുത്തു. പത്തറുപതു കൊല്ലം മുമ്പ് എല്ലാം അളന്നു തിട്ടപ്പെടുത്തിയപ്പോ അദ്ഭുതം. അത് കൃത്യം 75,000 ഏക്കറും ഉണ്ടായിരുന്നു. പക്ഷേ ഇത്രയും സ്വത്ത് വച്ച് ദേവസ്വം എന്തു ചെയ്യാനാണ്? അങ്ങനാണ് പാട്ടത്തിന് കൃഷിക്ക് കൊടുക്കാമെന്ന് തീരുമാനിച്ചത്. അതായത് നമ്മളിപ്പോള്‍ ഒരു ആയിരം ഏക്കര്‍ പാട്ടത്തിനെടുക്കുന്നു. 25 വര്‍ഷത്തേയ്ക്ക് ദേവസ്വം ബോര്‍ഡുമായിട്ടാണ് കരാര്‍. തുച്ഛമായ പാട്ടത്തുക. ആണ്ടില്‍ ഏക്കറിന് ഇരുനൂറോ മുന്നൂറോ രൂപ മാത്രം. ഇനിയിപ്പോ സാറിന് വേണ്ടെങ്കില്‍ ഭൂമി മറിച്ച് പാട്ടത്തിന് കൊടുക്കാം. ദേവസ്വം രേഖയില്‍ അത് അടയാളപ്പെടുത്തണമെന്നുയേള്ളൂ. ഈ ലോകത്തെ കുറിച്ച് പുറംലോകത്തിനോ വ്യവസായികള്‍ക്കോ വലിയ പിടിയില്ല സര്‍.
ഞാന്‍ തുടര്‍ന്നു: നമ്മുടെ ഐഡിയ ഇതാണ്.. തൊട്ടടുത്ത് കേരളം കിടക്കുകയാണ്. ഇത്രയും കുറച്ച് സ്ഥലത്ത് ഇത്രയധികം മനുഷ്യര്‍ കൂടിക്കിടക്കുന്ന ഒരു സ്ഥലം അധികമുണ്ടോ? ഒരു ഭയങ്കര നഗരമല്ലേ സര്‍ കേരളം.
സര്‍. ഞാനല്‍പം വാചാലനാകുന്നതില്‍ ക്ഷമിക്കണം. സാര്‍ ഇന്ത്യയില്‍ സമ്പന്നരാകാന്‍ ഇവിടുത്തെ ജനത്തെ തന്നെ ചൂഷണം ചെയ്താല്‍ മതി. പാമ്പുകളെ മാത്രം തിന്നാണ് പാമ്പുകുലത്തിലെ രാജവെമ്പാല എട്ടടിമൂര്‍ഖനായി വളരുന്നതെന്ന് സാറിനറിയാമല്ലോ. ഇവിടെ നമ്മള്‍ ടാപ്പ് ചെയ്യുന്നത് കേരളത്തിലെ ജനതയെയാണ്. അഞ്ചു ലക്ഷം കോടി രൂപ വിദേശത്തു നിന്ന് വരുന്നു. ബാക്കിയുള്ളതില്‍ സര്‍ക്കാര്‍ ശമ്പളം. കിമ്പളം. സര്‍ തിന്നും കൊഴുത്തും കിടക്കുന്ന മൂന്നു കോടി ജനം അവിടുണ്ട്.
മുതലാളി പുഞ്ചിരിച്ചു.
കേരളത്തില്‍ മാലിന്യം വലിയ പ്രശ്‌നമാണ് സര്‍. എന്നു കരുതി നമ്മള്‍ അവരുടെ മാലിന്യം എടുക്കാന്‍ ചെന്നാലോ? പ്‌ളാസ്റ്റിക്കില്‍ നിന്ന് തരംതിരിക്കാന്‍ പെടാപ്പാടു പെടും. അവര്‍ എന്തും പ്‌ളാസ്റ്റിക്കില്‍ വാങ്ങും. വലിച്ചെറിയും. പക്ഷേ കലര്‍പ്പില്ലാത്ത ശുദ്ധമായ ഒരു സാധനമുണ്ട്. നല്ലതു മാത്രം തിന്നു തിന്ന് കിടക്കുന്ന ആ മനുഷ്യര്‍ ദിവസേന ഒന്നോ രണ്ടോ തവണ വിസര്‍ജിക്കുന്ന സാധനം. അവിടെ സ്വിവേജ് ഫാക്ടറികള്‍ കുറവാണ്. മിക്കതും അറബിക്കടലിലേക്കാണ് ഒഴുക്കുന്നത്. നമ്മുടെ സ്റ്റാര്‍ട്ടപ്പ് കമ്പനി കേരളത്തിലെ ഫ്‌ളാറ്റുകളുമായി കരാറുണ്ടാക്കുന്നു. അവിടുന്നുള്ള മനുഷ്യമാലിന്യം ടാങ്കറുകളില്‍ ഇവിടെ കൊണ്ടു വന്ന് നമ്മുടെ കൃഷിക്ക് വളമായി പമ്പു ചെയ്യുന്നു. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തു പോകുന്ന ദൂരമില്ല, തിരുവനന്തപുരത്തു നിന്ന് നമ്മളിപ്പോള്‍ പൊയ്‌ക്കൊണ്ടിരിക്കുന്ന നമ്മുടെ കൃഷിയിടത്തേയ്‌ക്കെന്ന് ഓര്‍ക്കണം. ജൈവക്കൃഷി. ചെലവില്ലാതെ വളം.
മുതലാളി വിരല്‍ കൊണ്ട് ചില കണക്കുകൂട്ടലുകള്‍ നടത്തി. ഇയാള്‍ ഭയങ്കര സാധനമാണെന്ന് എനിക്ക് മനസ്സിലായി.
........................................................................
കുമാറിന് അത്ര ഭയങ്കരന്‍ ഇനം കാറു കണ്ടപ്പോ, തന്നെ അങ്കലാപ്പ് തോന്നിയിരിക്കണം. മുന്നിലെ ഡോര്‍ തുറന്നു വന്നപ്പോ അയാള്‍ ഒതുങ്ങി നിന്നു.
Image Courtesy: Pixabay
ഈ നേരം ഡ്രൈവര്‍ക്ക് പെട്ടെന്നൊരു കണ്‍ഫ്യൂഷനുണ്ടായി. ചില കട്ട് റോഡുകള്‍ കയറി ചെന്നപ്പോള്‍ പെട്ടെന്ന് മുന്നില്‍ തുറന്ന ആകാശം മാത്രം. വെയിലും പെട്ടെന്നാണ് വീണത്. താഴത്തെ ചെമ്മണ്‍ പൊടിയില്‍ നിന്നും പല സൂര്യന്മാര്‍ പ്രതിഫലിച്ചു. അയാള്‍ വണ്ടിയൊന്ന് പതുക്കെയാക്കി സണ്‍ ഷേഡ് ശരിയാക്കി മുതലാളിയോടായി പറഞ്ഞു.
സാറ് ഇനി മുന്നോട്ടു റോഡില്ലെന്നാണ് തോന്നുന്നത്. റോഡിലൊക്കെ മുള്ളുമുണ്ട്. പുതയുമോയെന്ന്.
മിസ്റ്റര്‍ കുമാരന്‍ ചാടിക്കേറി പറഞ്ഞു:
അത് മുള്ളൊന്നുമല്ല. ഒരു തരം ചുള്ളിയാണ്. ടയറു കേറിയാല്‍ ഭസ്മമായി പോകും. നിങ്ങള്‍ ധൈര്യമായി വിടണം. ഓട്ടോറിക്ഷ വരെ ഓടി പോകും. പിന്നാന്നോ ചെകുത്താന് പോലിരിക്കുന്ന ഈ സാധനം..
ഞാന്‍ ഡ്രൈവറോട് വിനയത്തോടെ പറഞ്ഞു: മിസ്റ്റര്‍ കുമാരന്‍ നമ്മളെ കുഴിയില്‍ ചാടിക്കില്ല. നിങ്ങള്‍ക്ക് വിശ്വസിക്കാം.
ഈ നേരം, മുതലാളി വലിയ കണ്ടെത്തല്‍ നടത്തിയത് പോലെ വിരല്‍ ഞൊടിച്ചു. പിന്നെ പറഞ്ഞു:
അല്ല. നിങ്ങള്‍ പറഞ്ഞതു പോലെ കേരളത്തിലെ മനുഷ്യരുടെ അവശിഷ്ടമെന്നു പറഞ്ഞത് അത്രയ്ക്ക് പ്യുവറായിരിക്കുമോ? അവിടെ മുക്കാല്‍പങ്കിനും പ്രമേഹമാണെടോ. തിന്നും അനങ്ങാപ്പണിയെടുത്തും ടെന്‍ഷനടിച്ചും ഒരു പ്രായം കഴിഞ്ഞാല്‍ മിക്കവരും ഇംഗ്‌ളിഷ് മെഡിസിന്റെ അഡിക്ടുകളാണ്. ഇവരുടെ വിസര്‍ജ്യമെന്നു പറയുന്നത് നിറയെ കെമിക്കലും ദഹിക്കാത്ത മൈദാമാവും കരിഞ്ഞ് കാര്‍ബണനായ മാംസവുമൊക്കെയല്ലേ. ചെടികളിലിട്ടാല്‍ എന്തു സംഭവിക്കും? നിങ്ങളതേ കുറിച്ച് പഠിച്ചിട്ടുണ്ടോ? ഞാനീ കാശുമിറക്കി അവസാനം സകലതും വാടിക്കരിഞ്ഞു പോയാല്‍, താന്‍ തന്റെ സ്റ്റാര്‍ട്ടപ്പ് കമ്പനിയും അടച്ചിട്ടങ്ങ് പോകും. പോകുന്ന കാശ് എന്റേതാണ്. മലയാളിയുടെ മാലിന്യം വച്ച് കളിച്ചാല്‍ റിസ്‌കാണ്.
സര്‍. ഒരു കുഴപ്പവുമില്ല. സര്‍.
എന്തു തെളിവ്? ഗിവ് മീ എ സയന്റിഫിക് ആന്‍സര്‍..
സര്‍. വിഷം അരിക്കുന്നത് ചെടിയുടെ പണിയാണ്. നമ്മളൊക്കെ മഹാനഗരത്തിലെ വിഷപ്പുകയല്ലേ വലിച്ചു കയറ്റുന്നത്. എന്നാലും വലിച്ചുപറിച്ച് പത്തെഴുപത് വയസ്സു വരെയൊക്കെ പോകുന്നില്ലേ? ബോഡിക്ക് ചില മെക്കാനിസമുള്ളതു പോലെ ചെടിക്കുമുണ്ട്.
ഓക്കെ. എന്നോട് സംഭാഷണം നിര്‍ത്താന്‍ ആംഗ്യം കാണിച്ചിട്ട് മുതലാളി വീണ്ടും എന്തോ ആലോചിച്ചു.
എന്റെ ഹൃദയമിടിപ്പിന് വേഗം കൂടിത്തുടങ്ങി. അത്രയും പ്രതീക്ഷയിലാണ് വന്നത്. ജീവിതം കട്ടപ്പൊകയായി മാറിക്കൊണ്ടിരിക്കുന്ന ഗതികേടാണ്.
ഡ്രൈവര്‍ പുലമ്പി:
സര്‍.. വണ്ടിയുടെ പെയിന്റിന് ഒരു ഗ്യാരന്റിയുമില്ല. ഇപ്പോ തന്നെ ചുള്ളിയില്‍ ഉരഞ്ഞുരഞ്ഞാണ്.. ഇതിപ്പോ എത്രാമത്തെ വളവാ തിരിഞ്ഞതെന്നും തിട്ടവുമില്ല.
കുമാരന്‍ പറഞ്ഞു: താന്‍ ധൈര്യമായിട്ട് വണ്ടി വിട്. പിന്നെ മെല്ലെ സ്വയം പറഞ്ഞു: ഇവിടെ ജീവന്‍ ഉരഞ്ഞു പറിഞ്ഞ് നാമാവശേഷമാകുന്നു. പിന്നാ വണ്ടി.
ഞാന്‍ വീണ്ടും ശ്രദ്ധ മാറ്റി, പഴയ വിഷയത്തിലേക്ക് മുതലാളിയെ വലിച്ചു.
ഇവന്മാരുടെ മാലിന്യത്തില്‍ നിന്നുണ്ടാക്കുന്ന പച്ചക്കറിയും മറ്റും ഈ മലയാളികളെ കൊണ്ടു തന്നെ തീറ്റിക്കാം. ഓര്‍ഗാനിക്കെന്നു പറഞ്ഞാ മൂന്നും നാലും ഇരട്ടി വില തന്ന് അവരു തന്നെ വാങ്ങും.
മുതലാളി പറഞ്ഞു:
പക്ഷേ മനുഷ്യവിസര്‍ജ്യം ഉപയോഗിച്ചാല്‍ ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ കിട്ടുമോ? അവര് പരിശോധിക്കാന്‍ വരും.
ചാണകം എന്താണ് സര്‍. പശുവിന്റെ വിസര്‍ജ്യമല്ലേ.. അതു പ്രശ്‌നമല്ല.
മുതലാളി പറഞ്ഞു: നാച്വറലായ ചെടിയും പുല്ലുമൊക്കെ തിന്ന്, വളമാക്കി മാറ്റുന്ന ഒരു ഫാക്ടറിയാണെടോ പശുവിന്റെ വയറ്. മനുഷ്യനങ്ങനാണോ? മൈദയും പഞ്ചസാരയും പോലുള്ള സകലവിഷവും തിന്നും. കോടാനുകോടി കൊല്ലം കൊണ്ട് ഉരുകിയ മാംസമടക്കമുള്ളവയിലെ എണ്ണയാ പെട്രോളിയം ഗ്യാസ്. ആ വിഷം വച്ച് വേവിക്കുന്നതാണ് നമ്മുടെ ഭക്ഷണം. ദേഹം പുറംതള്ളുന്നത് മുഴുവന്‍ ഇംപ്യൂരിറ്റീസാണ്. ഇത് ചെടി വളമായി വലിച്ചെടുക്കുമോ? എത്ര കാലം. മണ്ണില്‍ അതെന്ത് മാറ്റമുണ്ടാക്കും. അതാണ് ചോദ്യം. നിങ്ങള്‍ അതില്‍ നിന്ന് സ്‌കിപ്പു ചെയ്തു കളഞ്ഞു.
........................................................................
കയറ്റം കയറിയതോടെ ഇതു വരെ അനങ്ങാതെ നിന്ന പ്രപഞ്ചത്തില്‍ കാറ്റു തുടങ്ങി. പിന്നങ്ങോട്ട് കാറ്റും ഗ്‌ളാസിട്ടിട്ടു പോലും എസിയായിട്ടു പോലും പുറത്തെ ചൂളം വിളി സംഗീതം പോലെ കാറിനുള്ളിലേക്ക് കടന്നു.
Image Courtesy: Pixabay
മിസ്റ്റര്‍ കുമാരന്‍ മുന്നില്‍ നിന്നു പറഞ്ഞു: ദാ നമ്മുടെ സ്ഥലമാകുന്നു.
ഒരു കയറ്റം കയറിയതോടെ ഇതു വരെ അനങ്ങാതെ നിന്ന പ്രപഞ്ചത്തില്‍ കാറ്റു തുടങ്ങി. പിന്നങ്ങോട്ട് കാറ്റും ഗ്‌ളാസിട്ടിട്ടു പോലും എസിയായിട്ടു പോലും പുറത്തെ ചൂളം വിളി സംഗീതം പോലെ കാറിനുള്ളിലേക്ക് കടന്നു. ചില ചില്ലയൊക്കെ ചാഞ്ഞു ചരിഞ്ഞ് നില്ലടാ അവിടെയെന്ന് പറഞ്ഞ് കാറില് വന്നടിക്കുന്നുണ്ട്. പെട്ടെന്ന് ദൂരെ ആകാശപ്പൊക്കത്തിലൊരു ആളു നില്‍ക്കുന്നതു പോലെ, പൊടിയുടെ ഒരു ചുഴലി. അദ്ഭുതത്തോടെയും ഭയത്തോടെയും മുതലാളി അതിലേയ്ക്ക്. പിന്നെയാള്‍ക്ക് ഹരം കയറി. അയാള്‍ പൊട്ടിച്ചിരിച്ചിട്ട് പറഞ്ഞു.
ഹൊ. ബ്യൂട്ടിഫുള്‍. പല രാജ്യത്തു പോയിട്ടുണ്ടെങ്കിലും ഞാനിതു പോലൊരു ടെറൈനിലൂടെ കടന്നു പോയിട്ടില്ല.. ആ.. ഹാ... ഹാ..
കാറ്റ് പിന്നിക്കീറിയ വാഴക്കൃഷിയാണ് ചുറ്റും. പലയിടത്തും കുഴല്‍ക്കിണറുകള്‍. ഡ്രിപ്പ് ഇറിഗേഷന്‍. മഞ്ഞ കലര്‍ന്ന ഒരുതരം പൊടി പോലുള്ള തരിയുള്ള മണ്ണാണ്. ഡ്രൈവര്‍ മൂന്നാലുവട്ടമായി വെള്ളം ചീറ്റിച്ച് വൈപ്പറിട്ട് പൊടി മാറ്റി.
പിന്നെ ഡ്രൈവറും മിണ്ടിയില്ല. കുമാരന്‍ പറഞ്ഞു.
ഇവിടുന്ന് പടിഞ്ഞാറോട്ട് കൃഷി നടന്നിട്ടില്ലാത്ത നൂറു കണക്കിന് ഏക്കറുണ്ട്. നമുക്ക് അവിടെ നോക്കാം. ഞാന്‍ മുതലാളിയോടിത്തിരി സംസാരിച്ചോട്ടെ..
യേസ്.
സര്‍. ചോദിച്ചല്ലോ. തീട്ടത്തില്‍ നിന്ന് ചെടി വളരുമോ എന്ന്. ഞാനാ സാറേ തെളിവ്. ഞാന്‍ മദ്രാസിലെ ഏറ്റവും ചീഞ്ഞ ഒരു കോളനിയിലാ കഴിഞ്ഞത്. അഴുക്കുചാലിന് മുകളിലാ ആ കോളനി. അതീന്ന് ഒലിച്ചിറങ്ങുന്ന മാലിന്യക്കൂനയില്‍ ഞാന്‍ ചീര വളര്‍ത്തിയിരുന്നു. പട്ടിണിക്കാലത്ത് അത് വിറ്റാ ജീവിച്ചത്. ഹൈവേയുടെ വശത്ത് കൊണ്ടു വയ്ക്കും. പണക്കാര്‍ വാങ്ങിച്ചു കൊണ്ടു പോകും. ആരും അതിന് നാറ്റമുണ്ടെന്ന് പറഞ്ഞിട്ടില്ല. ചില കാശുകാര് വന്നു ചോദിക്കും. ഇതില് യൂറിയ ഇടുമോയെന്ന്. ഞാന്‍ ആണയിടും. ഇല്ലെന്ന്. പക്ഷേ സാറിനറിയുമോ.. ആ മാലിന്യത്തിലെ മനുഷ്യമൂത്രം ചീരയ്ക്ക് ബെസ്റ്റാ..
യേസ്. മൂത്രത്തില്‍ യൂറിയ ഉണ്ടല്ലോ: മുതലാളി പറഞ്ഞു.
മിസ്റ്റര്‍ കുമാരന്‍ തുടര്‍ന്നു: ഈ പയ്യന്‍ പറഞ്ഞത് നേരാ സാറേ. ചീഞ്ഞ രസമാണ് ചെടി ആഹാരമാക്കി മാറ്റിയെടുക്കുന്നത് . അത് പണമുള്ളവന്റെ അമേധ്യത്തിലെ മരുന്നും വിഷവുമൊക്കെ അരിച്ചു കളയും. ഞങ്ങളുടെ ചേരിയുടെ..കുപ്പമെന്ന് തമിഴില്‍ പറയും.. അവിടത്തെ ചതുപ്പില്‍ ഒതളങ്ങ നില്‍പ്പുണ്ട്. മനുഷ്യന് പിച്ചാവുന്ന പൊക്കമേ അതിനുള്ളൂ. ദാരിദ്ര്യം കൊണ്ട് അതിന്റെ അല്ലി തിന്ന് ചത്താലോയെന്ന് പലപ്പഴും തോന്നീട്ടൊണ്ട്. പക്ഷേ അതിന്റെ ഇലയെടുത്ത് വളമാക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. സര്‍. നല്ല വളം.
ഓക്കേ.. കുമാരാ യൂവാര്‍ ഇന്റലിജന്റ്..: മുതലാളി പറഞ്ഞു.
മിസ്റ്റര്‍ കുമാരന്‍ ഡ്രൈവറോട് വിളിച്ചു പറഞ്ഞു.
അങ്ങോട്ട്. ആ ഇടത്തേയ്ക്കുള്ള വളവ്. അവിടെ വണ്ടി ഒടിച്ച് നിര്‍ത്തൂ. പിന്നെ മുതലാളിയോട് പറഞ്ഞു.
നമുക്ക് ഇറങ്ങേണ്ട ഇടമായി.
ആദ്യം കുമാരന്‍ പുറത്തിറങ്ങി. പെട്ടെന്ന് എവിടെ നിന്നെന്നറിയില്ല. കുരച്ചു കൊണ്ട് ഒരു പട്ടി ഓടി വന്നു. എന്നിട്ടത് സ്‌നേഹത്തോടെ കുമാരന്റെ പുറത്തേയ്ക്ക് ചാടിക്കയറി.
ഒരു ചായ്പിലേയ്ക്ക് കുമാരന്‍ ഞങ്ങളെ നയിച്ചു. അതിനകത്ത് ഒരു കയറ്റുപായും ഏതോ ചെടിയുടെ തണ്ടു കൊണ്ടു വരിഞ്ഞ രണ്ടു സ്റ്റൂളുമുണ്ടായിരുന്നു. മുതലാളി അതിലൊരെണ്ണത്തിലിരുന്നു. കുമാരന് പറഞ്ഞു. നല്ല പറങ്കിമാവിന്റെ ഒരു തോട്ടം കുറച്ച് അപ്പുറമുണ്ട്. അതിലെ മാങ്ങയില്‍ നിന്ന് വാറ്റിയ കുറച്ചു സാധനം ഞാന്‍ കുഴിച്ചിട്ടിട്ടുണ്ട്. മുതലാളിക്ക് എടുക്കട്ടേ..
മറുപടിക്കു കാത്തു നില്ക്കാതെ കുമാരന്‍ വീട്ടിന് പുറകിലേക്ക് പോയി. അഞ്ചു മിനിട്ടിനകം ഒരു കുപ്പിയുമായി വന്നു.
മുതലാളി ഒന്ന് അറച്ചു നിന്നു: കണ്‍ട്രി ലിക്വറല്ലേ..
കുമാരന്‍ പറഞ്ഞു: എന്റെ മുതലാളീ.. ഏത് കണ്‍ട്രിയാണെങ്കിലും പറങ്കിമാങ്ങ ചതച്ച് വള്ളിയൂര്‍ ചന്തേലെ ശര്‍ക്കരയുമിട്ട് കുഴച്ച് കോടയാക്കിയതാ. ഈ ഞാന്‍. ഈ കൈ കൊണ്ട്. അത് വെന്തുരുകി തണുത്ത് വെള്ളമാകുന്നതാ. എന്തശുദ്ധം സര്‍.: ഞാന്‍ പറഞ്ഞു.
മുതലാളി ചിരിച്ചു: ഓര്‍ഗാനിക് ലിക്വര്‍.
എന്തായാലും മുതലാളി മൂന്നെണ്ണം കഴിച്ചു. ബാക്കി അര കുപ്പിയോളം സാധനത്തില്‍ കുറച്ചു വെള്ളമൊഴിച്ച് വെള്ളം കുടിക്കുന്നതു പോലെ കുമാരന്‍ കമിഴ്ത്തി.
കുടല്‍ എരിഞ്ഞു പോകും.. : മുതലാളി പറഞ്ഞു.
കുമാരന്‍ ചിരിച്ചു.
നല്ല ഒതുക്കമുള്ള കാറ്റ് വിശറിയായിട്ട് വന്നു. അഞ്ചാറു മിനിട്ടു കൊണ്ട് അത് മുതലാളിയെ ശാന്തനാക്കി. അയാള്‍ പറഞ്ഞു.
ബ്യൂട്ടിഫുള്‍ ഡേ.
അടുത്തൊരു കുപ്പി കൂടി മാന്തട്ടെ: മിസ്റ്റര്‍ കുമാരന്‍ പറഞ്ഞു.
ഏയ്: ഞാന്‍ ദേഷ്യത്തോടെ മിസ്റ്റര്‍ കുമാരനെ നോക്കി.
കുമാരന്‍ ടോണ്‍ മാറ്റി: മാന്തി വണ്ടിയോട്ട് ഇട്ടേക്കാം.
ദാറ്റ്‌സ് ഗുഡ്: മുതലാളി പറഞ്ഞു. ക്‌ളബില്‍ അത് വച്ച് നല്ലൊരു ഈവനിങ് ഉണ്ടാക്കിയെടുക്കാം.
മിസ്റ്റര്‍ കുമാരന്‍ പറഞ്ഞു: എന്റെ മുതലാളീ. ഈ പയ്യന് കൈ കൊടുക്കുമോ ഇല്ലേ.. അവന്‍ കണ്ടില്ലേ.. പാതി വെന്തതു പോലെ നില്‍ക്കുന്നത്.
മുതലാളി പറഞ്ഞു: നമുക്ക് ആലോചിക്കാം കുമാരന്‍!
അങ്ങനെ പറയരുത്. ഒരു മറുപടി കൊടുക്കണം. കാര്യത്തിനൊരു നീക്കുപോക്ക് വേണ്ടായോ.
ഞാന്‍ 'ശ്ശെ..മിസ്റ്റര്‍ കുമാരന്‍' എന്നു വിളിച്ച് അയാളെ തടയാന്‍ നോക്കി.
മുതലാളി മയത്തില്‍ പറഞ്ഞു: ഇത് ചീരക്കൃഷിയല്ലല്ലോ കുമാരാ. അഞ്ഞൂറോ ആയിരമോ ഏക്കറിലെ കൃഷിയാ. ഇതില്‍ മനുഷ്യന്റെ മാലിന്യം തളിച്ചാല്‍ അത് ചീഞ്ഞുപോകില്ലെന്ന് ഉറപ്പാക്കണ്ടേ.. അതിയാള്‍ ആദ്യം പഠിച്ച്, സയന്റിഫിക്കായി അവതരിപ്പിക്കട്ടെ..
........................................................................
ഉള്ളിക്കൃഷിയാണ്. എല്ലാവരും ഓരോരോ ഉള്ളിച്ചെടിയുടെ അടുത്തേയ്ക്ക് ഇരുന്നു. ആണെന്നില്ല, പെണ്ണെന്നില്ല... അരണ്ട വെളിച്ചത്തില്‍ ചെന്നിരുന്നു.
Image Courtesy: Pixabay
മുതലാളീ.. ഞാനൊരു ചെറിയ കഥ പറഞ്ഞോട്ടെ...എന്റെ അനുഭവമാ.. അതും കൂടി കേട്ടിട്ടിട്ട് തീരുമാനിച്ചോ..
ഒരു ദിവസം. മദിരാശിയുടെ സകല നാറ്റത്തിലും നരകത്തിലും ഒരു ചായ്പ് കെട്ടി അതിലാണ് എന്റെയും കുടുംബത്തിന്റെയും താമസമെന്നു അങ്ങനൊരു അവസ്ഥ ഉണ്ട്. ഭീകരമാണത്. പട്ടിണി.
വെളുപ്പാന്‍കാലത്ത് തന്നെ ഇറങ്ങി ജംക്ഷനിലേക്ക് ചെന്നു. വേറൊന്നും ചെയ്യാനില്ല. അടുത്തൊരു ചായക്കടയുണ്ട്. ചെറിയൊരു ആള്‍ക്കൂട്ടം ഒതുങ്ങിയിരിക്കുന്നു. ഒരു ചായകുടിക്കണമെന്നുണ്ട്. അവന്‍ പഞ്ചസാരക്കരണ്ടി കിണുകിണാ ഇട്ട് തട്ടുമ്പോഴൊക്കെ ഒരു ആന്തല്‍. നയാപൈസ ഇല്ല. കടം തരില്ല. അപ്പോ ഒരു ശബ്ദം കേട്ടു. അയ്യാ ടേയ് ഇന്ത സാറിനൊരു ചായ കൊടയ്യാ...
ഞാന്‍ നോക്കിയപ്പോ ഒരു തമിഴന്‍, കഴുത്തില്‍ തോര്‍ത്തും ഒരു കുറിയുമൊക്കെ ഇട്ട് ഒരുത്തന്‍. എന്നെ നോക്കി ചിരിക്കുന്നു. ചായ എനിക്കാണ് പറഞ്ഞിരിക്കുന്നത്. ഞാനും ചിരിച്ചെന്ന് വരുത്തി. പരിചയമില്ല. സിനിമയിലെങ്ങാനും എന്റെ മുഖം തിരിച്ചറിഞ്ഞ ആരെങ്കിലുമാണോ?
ഞാന്‍ ചോദിച്ചു: നീങ്കയാര്?
അയാള്‍ പറഞ്ഞു എന്നാ സാര്‍ ഇത്. ഞാന്‍ താനേ.. അത്ക്കപ്പുറം ഇത് ലൈഫ് താനേ..
എന്നിട്ട് വിളിച്ചു പറഞ്ഞു.
അയ്യാ... നല്ല തണ്ണി കൂട്ടിപ്പോടുങ്കോ..
ചായക്കടക്കാരന്‍ പഞ്ചാരക്കരണ്ടി ഇത്തവണ ഇളക്കുന്നത് എനിക്കു വേണ്ടിയാണ്. അയാള്‍ തകരത്തില്‍ ചായ അടിച്ചു വച്ചു. ഞാന്‍ സംശയിച്ചു നിന്നു. അപരിചിതന്‍ കൈ മലര്‍ത്തിയിട്ട് ചോദിച്ചു:
എത്ക്ക് സാര്‍ ഇത്. ചുമ്മാ എടുത്ത് ശാപ്പിട്‌ങ്കോ..
നല്ല ചൂടുണ്ടായിരുന്നു. ആര്‍ത്തിയോടെ മൂന്നാലു വലിക്കുള്ളില്‍ കുടിച്ചു വച്ചു. നാക്കു പൊള്ളി മരവിച്ചു.
അങ്ങേര്‍ വീണ്ടു ചോദിച്ചു:
ഒന്നു കൂടി പോകലാമാ...
ഞാനെന്തെങ്കിലും പറയുന്നതിന് മുമ്പ് അടുത്ത ചായ തകരത്തിന്റെ മേല്‍ ഇടിച്ചു വയ്ക്കുന്ന ശബ്ദം കേട്ടു. ഞാനതുമെത്ത് കുടിച്ചു. ഒരു ഏമ്പക്കം വന്നത് പകുതിയായപ്പോ തമിഴന്‍ പറഞ്ഞു.
ചെരി. അപ്പോ പോകലാമാ.. ?
എന്നിട്ടെന്റെ കൈയില്‍ പിടിച്ചു.
വാങ്കോ...
ഞാനൊന്ന് പിന്നോട്ടു പിടിച്ചു.
അപ്പോ അയാള് കൈവിട്ടിട്ട് എത്ര ബാലിശമാണെന്ന മട്ടില്‍.. എന്നാലിത്തിരി കടുപ്പിച്ച് പറഞ്ഞു:
എന്നാ സര്‍ ഇത്.. വാങ്കോ സര്‍...
ഇപ്പോ ഞാനറിയാതെ അയാളുടെ പിറകേ ചെന്നു.
റോഡിലേയ്ക്ക് ചെന്നപ്പോ ഒരു ലോറി. നിറയെ ആളുകള്‍.
വല്യ ഷൂട്ടിങ്ങാവും. ക്രൗഡായിരിക്കുമെന്നാണ് വിചാരിച്ചത്.
എന്നോട് തമിഴന്‍ പറഞ്ഞു: ഏറുങ്കോ..
പിന്നെ മുന്നോട്ടു തള്ളി കൊണ്ടു അല്പം കര്‍ശനമായി പറഞ്ഞു: ഏറുങ്കോ സര്‍...
ഞാന്‍ കയറി. എങ്ങോട്ടെന്നറിയില്ല. അര മുക്കാല്‍ മണിക്കൂര്‍ വണ്ടിയോടി. ഒരു കൃഷിയിടത്തിലേയ്ക്ക് വളച്ചു നിര്‍ത്തി. എല്ലാവരും ഇറങ്ങി.
ഒരു കോണ്‍ക്രീറ്റ് ടാങ്കില്‍ വെള്ളം കണ്ടു. അതില്‍ നിറയെ ചിരട്ടയും. രണ്ട് ചിരട്ടയില്‍ വീതം വെള്ളമെടുത്ത് ആള്‍ക്കാര്‍ നേരെ കൃഷിയിടത്തിലേയ്ക്ക് നടന്നു തുടങ്ങി. എല്ലാവരും വയിലിലേക്ക് ഇറങ്ങി. ഞാന്‍ ഏന്തിവലിഞ്ഞു നോക്കി. ഉള്ളിക്കൃഷിയാണ്. എല്ലാവരും ഓരോരോ ഉള്ളിച്ചെടിയുടെ അടുത്തേയ്ക്ക് ഇരുന്നു. ആണെന്നില്ല, പെണ്ണെന്നില്ല... അരണ്ട വെളിച്ചത്തില്‍ ചെന്നിരുന്നു. പെട്ടെന്ന് ആ തമിഴന്‍ എന്റെ തൊട്ടു പിന്നില്‍ ചെന്നു നിന്നിട്ട് പുച്ഛത്തോടെ പറഞ്ഞു: പോയാ..ങാ.ങാ.
ഞാന്‍ സത്യത്തില്‍ ഭയന്നു പോയി. വേഗം രണ്ട് ചിരട്ടയില്‍ വെള്ളമെടുത്ത് ഉള്ളിയുടെ ചുവട്ടിലേക്ക് ചെന്നു. കറുത്ത നിറത്തില്‍ ചവിട്ടിയതെല്ലാം വളമായിരുന്നു സര്‍. ഉള്ളിയൊക്കെ പെനത്ത ഉള്ളിയായതു എങ്ങനാന്ന് മനസ്സിലായില്ലേ.. ഉള്ളിക്കു തൂറിക്കാന്‍ കൊണ്ടു പോകുകയായിരുന്നു ഞങ്ങളെ. സാര്‍ കുഞ്ഞിലേ തിന്ന ഉള്ളിയൊക്കെ ഇതായിരുന്നു സര്‍. മനുഷ്യവിസര്‍ജ്യം കൊണ്ട് കൃഷിയിറക്കാം. ഞാനാ. എന്റെ ജീവിതമാ ഗ്യാരന്റി. മാലിന്യം വലിച്ചെടുക്കുന്നതെല്ലാം ചെടിയും മരവുമായി മാറും സര്‍. സാര്‍ ഓര്‍ക്കണം. നമ്മള് കാലെടുത്ത് വയ്ക്കുന്ന ഓരോ ഇടവും വിസര്‍ജ്യമാണ്. ആനപ്പിണ്ഡവും പട്ടിക്കാട്ടവും നമുക്ക് ഒഴിഞ്ഞു നടക്കാം. പക്ഷേ ഉറുമ്പിന്റെ തീട്ടത്തീ ചവിട്ടിയാ നമുക്ക് കഴുകാറുണ്ടോ..
മുതലാളിക്ക് ഓക്കാനം വന്നു. അയാള്‍ ഛര്‍ദിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു.
എന്തു പറ്റി. സര്‍?: ഡ്രൈവര്‍ ചോദിച്ചു.
ഒന്നുമില്ല. നമുക്ക് തിരിച്ചു പോകാം: അയാള്‍ പറഞ്ഞു.
ഞാന്‍ വേഗം കയറി. കുമാരന്‍ കയറാനായിട്ട് വന്നപ്പോ ഡ്രൈവര്‍ പറഞ്ഞു:
താനിനി വരണമെന്നില്ല. മുതലാളിക്ക് എന്തോ മനംമറിക്കുന്നു. ടയറിന്റെ പാട് എനിക്കറിയാം. അതു നോക്കി തിരിച്ചുപോകാം.
ഞാന്‍ പറഞ്ഞു: അതേ. ഞാന്‍ വള്ളിയൂരില്‍ നില്‍ക്കാം. ആ ചായക്കട നില്‍ക്കുന്നിടത്ത്. അവിടെ വന്നാ മതി.
അതു ശ്രദ്ധിക്കാതെ കുമാരന്‍ വിളിച്ചു പറഞ്ഞു:
സാര്‍ ആ ചെറുക്കന് കൈ കൊട് സാറേ.. ലോകത്തെങ്ങുമില്ലാത്ത ഉള്ളി നമ്മക്ക് വിളയിച്ചെടുക്കാം. ഞാന്‍ നോക്കിക്കൊള്ളാം സാറേ...
ഡോര്‍ അടഞ്ഞു.
മുതലാളി എന്നെ വള്ളിയൂരില്‍ ഇറക്കി. അങ്ങേര്‍ കോയമ്പത്തൂരിലേക്കാണെന്നു പറഞ്ഞു. വിളിച്ചോളാമെന്നും സൂചിപ്പിച്ചു. ആ വണ്ടി മറയുന്നതും നോക്കി നിരാശയോടെഞാന്‍ നിന്നു. തണലു നോക്കി ഒരിടത്തേയ്ക്ക് മാറി നിന്നു. കരച്ചില്‍ വന്നു. ഒരു മണിക്കൂറോളം കഴിഞ്ഞു കാണും. കൊടുംവെയിലില്‍ കറുത്തൊരു എണ്ണശില്‍പം പോലെ ദൂരെ നിന്ന് നടന്നു വരുന്നു. മിസ്റ്റര്‍ കുമാരന്‍. അല്ല എന്റെ അച്ഛന്‍ കുമാരന്‍.
മുന്നില്‍ നിന്ന് കിതച്ചു കൊണ്ട് അച്ഛന്‍ എന്നെ നോക്കി ചിരിച്ചു.
എന്തോ പറഞ്ഞെടാ അങ്ങേര്?
ഞാന്‍ ഒന്നും മിണ്ടിയില്ല.
കളയെടാ. അച്ഛന്‍ പറഞ്ഞു: ടാ. എല്ലാം ആയിരം ഏക്കറിലുണ്ടാക്കാന്‍ പോകുന്നതാ നിന്റെ കുഴപ്പം. നീയൊരു പത്തോ ഇരുപതോ ഏക്കറിന്റെ കാര്യം നോക്ക്. ടാ, നമുക്ക് വിശക്കരുത്. അത്യാവശ്യം കാര്യം നടക്കുകയും വേണം. അതു മതി. ഒരുപാടങ്ങ് കൊമ്പത്തേയ്ക്ക് പോകുന്നതാ നിന്റെ കുഴപ്പം. കാശിരുന്ന് പൂത്തു പോയാലുണ്ടാകുന്ന നാറ്റമൊണ്ടല്ലോ അത് നായ്ത്തീട്ടത്തിലും വലുതാടാ. എടാ ഈ മുതലാളിമാരുണ്ടല്ലോ. ഇവരൊക്കെ എന്നേലും ജീവിതം കണ്ട് തിരിച്ചുവരും. അങ്ങനെ വരുന്നവരുമായിട്ട് മാത്രമേ കച്ചോടം നടത്താവൂ. ഇല്ലേല് നീ ഒരുപാട് വേദനിക്കും. അങ്ങനുണ്ടാകുന്ന കാശിനും തീട്ടപ്പരുത്തീടെ നാറ്റമായിരിക്കുമെടാ..
ഞാന്‍ പറഞ്ഞു: ചിലപ്പോ അയാള് സമ്മതിക്കും. അച്ഛാ.. ആലോചിച്ചിട്ട് പറയാമെന്നാ പറഞ്ഞിട്ടു പോയത്. ഇനി അവനേം നോക്കിയിരുന്നോ... അങ്ങനെ കുറേ നാള്‍. ടാ ഈ പണമുള്ളവനൊക്കെ ദൈവമാന്ന് വിചാരിച്ചോണ്ടിരുന്നാ.. നീ കെട്ടു പോകും വാവേ..
വാ ഓരോ ചായ കുടിക്കാം: അച്ഛന്‍ പറഞ്ഞു.
ചായ കുടിച്ചോണ്ടിരുന്നപ്പോ അറിയാതെ വിതുമ്പിയിട്ട് പറഞ്ഞു.
ഇത്രേം വയസ്സായിട്ട് ഞാനിപ്പോഴും.. ആര്‍ക്കും ഒരു ഗുണവുമില്ലാതെ..
അച്ഛന്‍ ചായ ഊതിക്കൊണ്ടു പറഞ്ഞു.
ടാ. നീ കുഞ്ഞിലേ ഇഴഞ്ഞ കുപ്പം നീ കണ്ടിട്ടുണ്ടോ. അവിടൊന്ന് പോകണം. ആ ജീവിതം കണ്ടാ, അവിടത്തെ പിള്ളേരെ കണ്ടാ, അതുപോലായിരുന്നു നീയെന്ന് കരുതിയാ തന്നെ നീ മാറും. അവിടെ വലിയൊരു ഞാറമരം കാണും. കുഞ്ഞിലേ വാശി പിടിച്ചപ്പോ ഒരു പാട്ടിയുടെ കൈയീന്ന് നിനക്ക് വാങ്ങിച്ചു തന്നതാ കാല്‍ക്കിലോ ഞാറ. അറിയാതെ ഒരു കുരു നിന്റെ വയറ്റീ പോയി. പിറ്റേന്ന് പോയിരുന്ന് നീ തൂറിയ ഇടത്ത് കുറച്ചു ദിവസം കഴിഞ്ഞപ്പോ ഒരു കുരുപ്പ്. ഇപ്പഴാ മരത്തിന് പത്തിരുപത്തെട്ടു വയസ്സു കാണും. ഒരുപാട് കിളിയും മനുഷ്യരുമൊക്കെ അതിന്റെ തണലില്‍ നില്‍ക്കുന്നു. മൂന്നാലു ചെരിപ്പുകുത്തികള്‍ അതിന്റെ ചുവട്ടിലിരുന്ന് ഉപജീവനം ചെയ്യുന്നു. ഈ ലോകത്തിന് ഇതിലും വലിയ എന്തു കാര്യം ചെയ്യാനാണെടാ നീ.. ഇതിനപ്പുറമൊക്കെ എന്താടാ.. വിശപ്പു മാറണം.
സമാധാനമായിരിക്കണം..
അച്ഛനെന്റെ തോളില്‍ പിടിച്ചു.
ഇതൊക്കെ മതിയെടാ... അത്രേയുള്ളൂ. ഒരു ചായ കൂടി പറയട്ടേ..
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍
ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍
എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ
അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍
ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ
കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍
ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍
യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത
കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം
യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍; സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍
പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍
ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ
സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍
ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം
വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ
പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍
വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി
കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍
ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍
യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം
സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍
അയ്മനം ജോണ്‍ എഴുതിയ കഥ, ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍
തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍
മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി
ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം
ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍
വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍
ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ
ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍
കാടകപ്പച്ചകള്‍, ഡോ. എം പി പവിത്രയുടെ ആറ് കവിതകള്‍
എന്റെ മേരീ നിന്നെ ഞാനിന്ന്, നജീബ് റസ്സല്‍ എഴുതിയ അഞ്ച് കവിതകള്‍
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും
ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍
പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ്
എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?
കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍
നിശ്ചല യാത്രകള്‍: മാങ്ങാട് രത്‌നാകരന്റെ കോളം
വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല
പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ