വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ്, ഡോ. മനോജ് വെള്ളനാട് എഴുതിയ കഥ

By Vaakkulsavam Literary Fest  |  First Published Oct 29, 2019, 4:48 PM IST

വാക്കുല്‍സവത്തില്‍ ഡോ. മനോജ് വെള്ളനാട് എഴുതിയ കഥ


വൈദ്യശാസ്ത്രവും സാഹിത്യവുമാണ് ഡോ. മനോജ് വെള്ളനാടിന്റെ രണ്ട് ഇടങ്ങള്‍. ഒന്ന്, മെഡിക്കല്‍ പ്രൊഫഷണല്‍ എന്ന ഇടം. മറ്റേത്, കുട്ടിക്കാലം മുതല്‍ കൂടെയുള്ള ഭാഷയുടെ, എഴുത്തിന്റെ, ഭാവനയുടെ ഇടം. ഈ രണ്ടു ഇടങ്ങളും മനോജിന്റെ ചെറുകഥകളില്‍ ദൃശ്യ, അദൃശ്യ സാന്നിധ്യമാണ്. മനുഷ്യ ജീവിതങ്ങളുടെ ആഴങ്ങളും കലക്കങ്ങളും തിരഞ്ഞുപോവുന്നൊരാളെ ആ കഥകളില്‍ കാണാം. അയാള്‍ ചെന്നുപെടുന്ന പല കരകള്‍. കണ്ടെത്തുന്ന ജീവിതസത്യങ്ങള്‍.  ആഴ്ന്നു മുങ്ങുന്ന ജീവിതാവസ്ഥകള്‍. അസാധാരണമായ സൂക്ഷ്മതയോടെയാണ് മനോജ് അവ വാക്കുകളിലേക്ക് പകര്‍ത്തുന്നത്. അരികിലും അകലെയുമായി നിന്ന് ജീവിതങ്ങളെ ചെറുചിരിയോടെ കണ്ടുകൊണ്ടിരിക്കുന്ന ഒരാളുടെ നിര്‍മമത ഉണ്ട് ആ എഴുത്തില്‍. കൂട്ടത്തില്‍ പെടാതെ മാറിനില്‍ക്കുന്ന ഒരു കഥ പറച്ചിലുകാരന്റെ അവധാനത. ആഖ്യാനത്തിലും പ്രമേയസ്വീകരണത്തിലുമെല്ലാം മനോജ് ഈ സൂക്ഷ്മത കാത്തുസൂക്ഷിക്കുന്നുണ്ട്.

Latest Videos

undefined


വെള്ളിമല വടക്കേക്കണ്ടത്തില്‍ അസീസ് എഴാംവയസ്സില്‍ തന്റെ സുന്നത്തില്‍ നൊന്തുനിലവിളിക്കുമ്പോഴായിരുന്നു ജെയിനമ്മ അവരുടെ ആദ്യപേറെടുക്കുന്നത്. അന്ന് അസീസിന്റെ ആ നിലവിളിയെ വെള്ളിമലയിലെ രണ്ടുപെണ്ണുങ്ങള്‍ മത്സരിച്ചു കരഞ്ഞു തോല്‍പ്പിച്ചിരുന്നു. ഇടവിളയില്‍ ജാനുവും മകള്‍ മായയും. ശേഷം ഒന്നുകൂടിപ്പെറ്റ ജാനുവിന്റെയും കന്നിയങ്കമായിരുന്നു അത്.  അങ്കമെന്ന് പറഞ്ഞത് മനപ്പൂര്‍വമാണ്. പട്ടാളത്തീന്നു പെന്‍ഷനായി വന്നശേഷം പിന്നെയും രണ്ടുകൊല്ലമെടുത്ത് ഭാര്യയെ ഗര്‍ഭിണിയാക്കിയ രക്തസാക്ഷി രാഘവന്‍ ഭാര്യയുടെ തുടവഴി രക്തമൊഴുകുന്നത് കണ്ടു യുദ്ധരംഗത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ആദ്യമേ നിലംപതിച്ചു. രക്തംകണ്ട് ബോധംകെട്ട പട്ടാളക്കാരന് നല്ലവരായ വെള്ളിമലക്കാര്‍ സ്‌നേഹംകൊണ്ട് നല്‍കിയ പേരാണ് രക്തസാക്ഷി രാഘവന്‍. 

പശുവിന് പുല്ലരിയാന്‍ വല്ലവും പുല്ലറപ്പോത്തിയുമായി മലയിറങ്ങുകയായിരുന്ന ജെയിനമ്മ ആദ്യം കരുതിയത് രാഘവന്റെറ അപ്രതീക്ഷിതമരണത്തില്‍ ജാനു സൈറണ്‍ മുഴക്കിയതാണെന്നാണ്. വല്ലമവിടെ കളഞ്ഞിട്ട് ഒറ്റ ഓട്ടമായിരുന്നു. ചോരയില്‍ കുളിച്ചു ഇറയത്തുകിടന്ന ജാനുവിനെ ഒരുവിധം പൊക്കി അകത്തെ മുറിയിലെത്തിച്ചു. ചോരയുടെ ഉറവിടം കണ്ണുമിഴിച്ചു കണ്ടു. ചോരച്ചാലുകള്‍ക്കിടയിലൂടെ മായയുടെ തല കാണാം. ജാനു 'ഞാനിപ്പോ ചാകുമേ..' എന്ന് കാറിക്കൊണ്ടേയിരുന്നു. ഓടിക്കൂടിയ ഒന്നുരണ്ടു അയല്‍വാസിപ്പെണ്ണുങ്ങള്‍ ആകാംക്ഷയോടെ ചുറ്റുംനിന്നു. മൂന്നുപെറ്റ ദാക്ഷായണിവരെ കൗതുകം കടിച്ചമര്‍ത്തി കണ്ണുകൂര്‍പ്പിച്ചു.

സ്വാഭാവികമായ ഒരു പ്രസവം പ്രതീക്ഷിച്ച ജെയിനമ്മയ്ക്കും അയല്‍ക്കാര്‍ക്കും സമയം കഴിയുന്തോറും ആധിയേറി. എല്ലാവരും അന്തംവിട്ടുനില്‍ക്കുമ്പോള്‍, നിമിഷനേരത്തെ ആലോചനയ്ക്ക് ശേഷം ജെയിനമ്മ, പുല്ലറക്കാന്‍ കൊണ്ടുവന്ന അറപ്പോത്തിയുടെ ഈര്‍ച്ചഭാഗം മായയുടെ തലയ്ക്കും ജാനുവിന്റെ തൊലിക്കുമിടയിലുള്ള ചെറുവിടവില്‍ കടത്തി 'കീച്' എന്ന് ഒറ്റ കീറ്. ജാനുവിന്റെ നിലവിളി വെള്ളിമലയിറങ്ങി കടുവാക്കുണ്ട് വരെയും മലകയറി ഞണ്ടിറുക്കിപ്പാറ വരെയും പോയി തിരികെവന്നു. ചൂടുചോര പലവഴി ചിതറി. ഒരാഴ്ചമുമ്പ് പശുവിന്റെ പേറെടുത്ത ഓര്‍മ്മയില്‍, ഒഴുകിയിറങ്ങിയ ചോരയിലിരുന്നു ജെയിനമ്മ ജാനുവിന്റെ  ഉപസ്ഥത്തിനുള്ളിലേക്ക് കൈകടത്തി മായയുടെ തലപിടിച്ചു വലിച്ചു. മായ പക്ഷെ ചെറുതായൊന്നു മുന്നോട്ടാഞ്ഞെങ്കിലും അവിടെത്തന്നെ നിന്നു.

'ഒന്ന് തള്ളിത്താ തള്ളേ..' ജെയിനമ്മ ദാക്ഷായണിയോട് കല്‍പ്പിച്ചു.

ദാക്ഷായണി ജാനുവിന്റെ വയറിന്റെ പള്ളയിലിരുകൈകൊണ്ടുമമര്‍ത്തി താഴേക്ക് തള്ളി. ജാനു പുളഞ്ഞു. ജെയിനമ്മ ഇത് തന്റെ വളര്‍ത്തുപശുവിന്റെ പേറാണെന്നു തന്നെ കരുതി, ആഞ്ഞുവലിച്ചു. മായ ഭൂജാതയായി. ജാനുവിനെ പോലെ പിറന്നപാടെ തൊള്ളകീറിക്കരഞ്ഞു. ജെയിനമ്മ അതേ പുല്ലറപ്പോത്തികൊണ്ടുതന്നെ പൊക്കിള്‍ക്കൊടി കണ്ടിച്ചു തള്ളയും പിള്ളയും രണ്ടാക്കി. മായയില്‍ നിന്നും ജാനുവില്‍ നിന്നും പൊക്കിള്‍ക്കൊടിമുറിഞ്ഞ രക്തം ഇരുകൈവഴികളായി വന്നു ഒരുപുഴപോലെ ഒഴുകുന്നത് കണ്ടപ്പോള്‍ ജെയിനമ്മ ആകെപ്പകച്ചു. പശുപെറുമ്പോള്‍ ഇങ്ങനൊന്നും കണ്ടിട്ടില്ലായിരുന്നു. ജെയിനമ്മയും ജാനുവും മായയും വിളറിവെളുത്തു. പൊടുന്നനെയുണ്ടായ ഒരു തോന്നലില്‍ ജെയിനമ്മ തന്റെ മുടിമാടിക്കെട്ടിയിരുന്ന റബ്ബര്‍ബാന്‍ഡ് അഴിച്ചെടുത്ത് മായയുടെ പൊക്കിള്‍ക്കൊടിയില്‍ കുടുക്കിട്ടു. മുറിയില്‍ അഴിച്ചിട്ടിരുന്ന ഒരടിപ്പാവടയുടെ വള്ളി അഴിച്ചെടുത്ത് ജാനുവില്‍ നിന്നുള്ള കൈവഴിയിലും അണകെട്ടി. ആ അടിപ്പാവാട തന്നെ മായ ഇറങ്ങിവന്ന വഴിയെ അകത്തേക്ക് തിരുകിക്കയറ്റി.

'ഇനി വേഗം ആശൂത്രീ കൊണ്ടോയീന്‍.. കീറിയെടം തയ്ക്കണം..'

പറഞ്ഞുകൊണ്ട് ജെയിനമ്മ തിരിഞ്ഞുനടക്കുമ്പോള്‍ രക്തത്തിന്റെ കടുംചുമപ്പുപൂവുകള്‍ ഇറയത്തെ തറയില്‍ മൊട്ടുപൊട്ടി വിരിയുന്നത് രാഘവന്‍ അത്ഭുതത്തോടെ കണ്ടു. കാളവണ്ടിയില്‍ കടുവാക്കുണ്ട് വരെയും, അവിടുന്ന് ജീപ്പില്‍  മുപ്പതുമൈല്‍ അപ്പുറമുള്ള ആശുപത്രിയിലേക്കും ജാനുവിനെയും കൊണ്ട് രാഘവന്‍ പോയി. ജെയിനമ്മയുടെ ഖ്യാതി അസീസിന്റെ സുന്നത്തുബിരിയാണിയുടെ മണത്തേക്കാള്‍ വേഗത്തില്‍ വെള്ളിമലയിലും ഉപശല്യങ്ങളിലും പരന്നു. വെള്ളിമലയുടെ വയറ്റാട്ടിയായി അവര്‍ അവരോധിക്കപ്പെട്ടു. പിന്നീട് വെള്ളിമലയില്‍ നാലാളറിഞ്ഞുള്ള സകല പേറും ജെയിനമ്മ തന്നെ എടുത്തു. എവിടെപ്പോയാലും മൂര്‍ച്ചയുള്ളൊരു കത്തിയും കുറേ കീറത്തുണികളും റബ്ബര്‍ബാന്‍ഡും അവര്‍ കൊണ്ട് നടന്നു.

വെള്ളിമലയില്‍ പുതുതായി ആരംഭിച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആദ്യത്തെ ഡോക്ടറായി രണ്ടുമാസം മുമ്പ് ഞാന്‍ ചാര്‍ജെടുക്കുമ്പോള്‍ ജെയിനമ്മയുടെ വയറ്റാട്ടിയുഗം അവസാനിച്ചിരുന്നു. സ്വന്തം കുടിലില്‍ ഒറ്റയ്ക്കവര്‍ കൂനിക്കൂടിക്കിടന്നു. കൃത്യമായ എണ്ണമില്ലെങ്കിലും മായയ്ക്ക് ശേഷം പിറന്ന അഞ്ഞൂറോളം വെള്ളിമലക്കാര്‍ ജെയിനമ്മയുടെ കൈപ്പുണ്യത്തിന്റെ നേര്‍സാക്ഷ്യങ്ങളായിരുന്നു. ജെയിനമ്മ എടുത്ത പ്രസവങ്ങളില്‍ ഒരെണ്ണം പോലും ചാപിള്ളയായിട്ടില്ലെന്നു ആദ്യപേറെടുപ്പിന്റെ ദൃക്‌സാക്ഷി ഗോമതിയമ്മ എന്നോട് പറയുമ്പോള്‍ ഞാന്‍ അന്തംവിട്ടിരുന്നു. 

'മാസം തെകഞ്ഞുനിക്കണ പെണ്ണിനെ പോലേരുന്ന് അന്നൊക്ക മ്മടെ വെള്ളിമല. ഇന്നിപ്പ പെറ്റെഴുന്നേറ്റപോലായി.. മലേയില്ലാ.. കുന്നൂല്ല.. ജെയിനമ്മേം ചാവാറായി. ഇവടത്തെ പേറെടുക്കണ ഡോക്ടറ് അവരായിരുന്നല്ലാ.' 

ഗോമതിയമ്മ വെള്ളിമലയെക്കുറിച്ചും ജെയിനമ്മയെക്കുറിച്ചും എന്നോടാദ്യമായി പറഞ്ഞുതുടങ്ങിയത് ഇങ്ങനെയായിരുന്നു. നാട്ടുകാരുടെ മൊത്തം പേറെടുത്തുനടന്ന ജെയിനമ്മ മാത്രം പെറ്റില്ല. അവരെന്താ കെട്ടാത്തതെന്ന് ഗോമതിയമ്മയ്ക്കും വലിയ പിടിയില്ല. അവര്‍ക്ക് സ്വന്തക്കാരില്ല. എവിടുന്നോ വന്നിവിടെ കുടിയേറിയതാണെന്ന് മാത്രമറിയാം. അവരുടെ കുടിയില്‍ പശുവും ആടുകളും മാത്രം ഓരോ സീസണിലും മുറതെറ്റാതെ പെറ്റു. പക്ഷെ ജെയിനമ്മയ്ക്ക് പ്രസവമെടുക്കാനും ശേഷമുള്ള ശുശ്രൂഷയ്ക്കുമെല്ലാം വലിയ ഉത്സാഹമായിരുന്നു. ഓരോ പ്രസവമെടുക്കുമ്പോഴും അന്നോളമില്ലാത്ത ഒരു പ്രത്യേകസ്‌നേഹം അവര്‍ ഗര്‍ഭിണികളോട് കാണിച്ചു. അടിവയറ്റില്‍ വിരലുകള്‍ കൊണ്ടവര്‍ പ്രത്യേകരീതിയില്‍ ചലിപ്പിക്കുന്നത് പ്രസവം അയത്‌നലളിതമാക്കുമെന്ന കാര്യം അനുഭവസ്ഥര്‍ക്ക് മാത്രമറിയാവുന്ന അതീവരഹസ്യമായിരുന്നു. ഗോമതിയമ്മയുടെ രണ്ടുപ്രസവത്തിനും ജെയിനമ്മ അതാവര്‍ത്തിച്ചു. ആ സമയങ്ങളില്‍ ജെയിനമ്മ മറ്റൊരാളായി മാറുന്നുണ്ടെന്ന് ഗോമതിയമ്മ അതിശയത്തോടെ ഓര്‍ത്തു. 

പ്രസവിക്കുന്നതില്‍ പ്രകൃതിക്ക് ചില കണക്കുകൂട്ടലുകളും നിയമങ്ങളും ഉള്ളതായി ജെയിനമ്മ വിശ്വസിച്ചു. ആടും പശുവും പോലെതന്നെയുള്ളൂ മനുഷ്യനും എന്നവര്‍ ഓരോ പ്രസവമെടുത്ത് കഴിയുമ്പോഴും പറഞ്ഞു. ഏതുഗണത്തില്‍പ്പെട്ട ജീവിയായാലും അങ്ങനെ എല്ലാ പെണ്ണുങ്ങളെയും ഗര്‍ഭിണിയാക്കാന്‍ എല്ലാ ആണുങ്ങള്‍ക്കും പറ്റില്ലത്രേ. ഗര്‍ഭാശയപ്പൊരുത്തം എന്നൊരു പൊരുത്തം തന്നെ ജെയിനമ്മ ഗണിച്ചുണ്ടാക്കി. ചുമ്മാ അങ്ങ് ഗണിച്ചതല്ല. ആടുകളെയും പശുക്കളെയും മനുഷ്യരെയും നിരന്തരം നിരീക്ഷിച്ചു കണ്ടുപിടിച്ചതാണ്. ഒരു പശുവോ ആടോ മച്ചിയായിപ്പോകുന്നത് അവറ്റകളുടെ മാത്രം കുഴപ്പമല്ല. 

'ഒരിക്ക ചവിട്ടീട്ടു ഗര്‍ഭോണ്ടായില്ലെങ്കി പാത്രപ്പൊരുത്തോള്ള വേറെ കാളയെയോ മുട്ടനെയോ കൊണ്ടുവേണം പിന്നെച്ചവിട്ടിക്കാന്‍ കേട്ടാ..' 

വെള്ളിമലയിലെ ക്ഷീരകര്‍ഷകരെ ജെയിനമ്മ സൗജന്യമായി ഉപദേശിച്ചു. വെള്ളിമലയില്‍ പെറാതെ നിന്ന സുമംഗലിമാരെ പാത്രപ്പൊരുത്തത്തിന്റെയും (അങ്ങനെയാണ് ജെയിനമ്മ പറയാറ്) സദാചാരത്തിന്റെയും നിര്‍ഭാഗ്യ ഇരകളായി ജെയിനമ്മ കണ്ടു. മൃഗങ്ങളെക്കണക്ക് ഇണകളെ മാറ്റിപ്പരീക്ഷിക്കാന്‍ യോഗമില്ലാത്ത നിര്‍ഭാഗ്യവതികള്‍.

'മോള് പെറ്റതാണോ?' 

രണ്ടാം തവണ ആശുപത്രിയില്‍ വന്നപ്പോള്‍ ജെയിനമ്മ എന്നോട് ചോദിച്ചു. 

ചോദ്യത്തിലെ നിഷ്‌കളങ്കതയും കൗതുകവും എന്നെ സന്തോഷിപ്പിച്ചെങ്കിലും ഇല്ലായെന്ന് പറയുമ്പോള്‍ തൊണ്ടവിങ്ങി.

'കെട്ടിയതാണോ?' 

അടുത്ത ചോദ്യം. ജെയിനമ്മയെ ഒഴിവാക്കേണ്ടത് അപ്പോഴേക്കും എനിക്കത്യാവശ്യമായി തോന്നി. ഞാനടുത്ത രോഗിയുടെ ചീട്ടുവാങ്ങി അവരോടു സംസാരിച്ചുതുടങ്ങി. ജെയിനമ്മ വേച്ചുവേച്ചു പുറത്തേക്കുപോയി. അവരുപോയപ്പോഴാണ് എന്താണീ ഗര്‍ഭാശയപ്പൊരുത്തമെന്ന് ചോദിച്ചറിയാന്‍ എനിക്കുല്‍ക്കടമായ ആഗ്രഹമുണ്ടായത്.

കടുവാക്കുണ്ടിനപ്പുറം മൊബൈല്‍ ഫോണിന് റേഞ്ചില്ലാത്തതിനാല്‍ ആശുപത്രി ഇല്ലാത്തപ്പോള്‍ ഞാന്‍ ഗോമതിയമ്മയോട് സംസാരിച്ചു സമയം കളഞ്ഞു. മായയെയും അസീസിനെയും ചേര്‍ത്ത് നൂറുകഥകള്‍ അവര്‍ പറഞ്ഞു. അസീസ് വെള്ളിമല സ്‌കൂളില്‍ പലവട്ടം തോറ്റ് മായയുടെ ക്ലാസിലെത്തിയപ്പോള്‍ അവര്‍ ചങ്ങാത്തത്തിലായി. പിന്നെ അങ്ങുപ്രേമിച്ചു. ഏഴില്‍ തോറ്റപ്പോള്‍ അസീസ് പഠിപ്പ് നിര്‍ത്തി പരീതിനൊപ്പം അളിഞ്ഞമീനും കരുവാടും വിയ്ക്കാന്‍ കൂടി. മായ കൂടുതല്‍ പഠിക്കാന്‍ നാലുമൈലപ്പുറത്തെ ഹൈസ്‌കൂളില്‍ ചേര്‍ന്നു. വൈകുന്നേരങ്ങളില്‍ സ്‌കൂളുവിട്ടുവരുന്ന മായയേയും കൂട്ടി അസീസ് ഞണ്ടിറുക്കിപ്പാറയില്‍ പോയിരുന്നു ശൃംഗരിച്ചു. അവളുടെ തലയിലെ വാടിയ കനകാംബരത്തിന്റെ വാസന മണത്തു. 

 

...............................................................................

ഒരിക്കല്‍ ഞണ്ടിറുക്കിപ്പാറയില്‍ വച്ച് തന്റെ ബയോളജി പാഠപുസ്തകത്തിലെ കൗതുകകരമായ ചില രഹസ്യങ്ങള്‍ മായ അസീസിന് കാണിച്ചുകൊടുത്തു. അസീസിന്റെ കൂടയിലന്നാദ്യമായി ഒരു പച്ചമീന്‍ പെടച്ചു.

 

ഒരിക്കല്‍ ഞണ്ടിറുക്കിപ്പാറയില്‍ വച്ച് തന്റെ ബയോളജി പാഠപുസ്തകത്തിലെ കൗതുകകരമായ ചില രഹസ്യങ്ങള്‍ മായ അസീസിന് കാണിച്ചുകൊടുത്തു. അസീസിന്റെ കൂടയിലന്നാദ്യമായി ഒരു പച്ചമീന്‍ പെടച്ചു. രക്തസാക്ഷി രാഘവന്‍ പറങ്കിമാങ്ങാച്ചാറും പഞ്ചസാരയും കുപ്പിയിലാക്കി ചാണകക്കുഴിയില്‍ കുഴിച്ചിട്ടു സ്വന്തമായി വാറ്റിയെടുത്ത ചാരായം ഉമ്മറത്തിരുന്ന മോന്തിയ ഒരു വൈകുന്നേരം ജെയിനമ്മ വെള്ളിമലയില്‍ ആദ്യമായി ഒരു ഗര്‍ഭച്ഛിദ്രം നടത്തി. ആദ്യം ഗര്‍ഭപാത്രം  കുറുന്തോട്ടിത്തണ്ട് ചൂടാക്കിയും കശുവണ്ടിക്കറയൊഴിച്ചും പൊള്ളിച്ചു. തുരിശും കര്‍പ്പൂരവും ചേര്‍ത്ത മിശ്രിതത്തില്‍ ഗര്‍ഭാശയം കഴുകി. മായ പനിപിടിച്ചു ചാകുമെന്നായപ്പോള്‍ ജെയിനമ്മ പതിമൂന്നുവര്‍ഷത്തിനുശേഷം രാഘവനെ വീണ്ടും മുപ്പതുമൈലകലെ ആശുപത്രിയിലയച്ചു. മായയ്ക്ക് വേണ്ടി അന്നാദ്യമായി ഒരു ജീപ്പ് കടുവാക്കുണ്ട് കടന്ന് വെള്ളിമലകേറി. 

രാഘവന്‍ വെള്ളിമലയിലെ മാറിവന്ന ചാരായനയത്തിന്റെ ശരിക്കുമുള്ള രക്തസാക്ഷിയായ വര്‍ഷം മായ അസീസിനൊപ്പം പിന്നെയും ഞണ്ടിറുക്കിപ്പാറകേറി. മായയ്ക്ക് പിന്നെപ്പോഴും കനകാംബരത്തിന് പകരം കരുവാടിന്റെ മണമായിരുന്നെന്ന് ഗോമതിയമ്മ കുലുങ്ങിച്ചിരിച്ചുകൊണ്ട് പറഞ്ഞു. പക്ഷെ പിന്നവള്‍ ഗര്‍ഭിണിയായില്ല, വേണമെന്ന് വിചാരിച്ചിട്ടും. അതുകേട്ടപ്പോള്‍ ജെയിനമ്മയുടെ പാത്രപ്പൊരുത്തത്തെ പറ്റി ഞാന്‍ വീണ്ടുമോര്‍ത്തു. മൊബൈല്‍ റേഞ്ച് പിടിക്കാന്‍ കടുവാക്കുണ്ടില്‍ പോയിവരുമ്പോള്‍ ഒരിക്കല്‍ മായയെ അസീസിനൊപ്പം കുന്നിറങ്ങി വരുന്നത് കണ്ടു. വെള്ളിമലയില്‍ ആദ്യമായി വന്നെത്തിയ സര്‍ക്കാര്‍ ഡോക്ടറെ അവര്‍ ആദരപൂര്‍വ്വം വണങ്ങി. അവര്‍ കടന്നുപോയപ്പോള്‍ കരുവാടിന്റെ മണം കിട്ടുമോയെന്ന് ഞാന്‍ വെറുതെ ശ്രമിച്ചുനോക്കി. മെലിഞ്ഞുകോലുപോലുള്ള മായയേയും ഉരുണ്ടുതടിച്ച അസീസിനെയും ചേര്‍ത്ത് ദൂരക്കാഴ്ചയില്‍ ഞാന്‍ പത്തെന്ന് വായിച്ചു. ഒന്നിനും പൂജ്യത്തിനുമിടയില്‍ കൃത്യമായൊരു ശൂന്യത അവര്‍ സൂക്ഷിക്കുന്നുണ്ടെന്നെനിക്ക് തോന്നി. 

ട്രാന്‍സ്ഫറിനുള്ള അപേക്ഷയും ആവശ്യം വേണ്ട ചരടുവലികളും വെള്ളിമല കയറുന്നതിന് മുമ്പേ നടത്തിയിട്ടായിരുന്നു ഞാന്‍ ജോലിയില്‍ പ്രവേശിച്ചത്. എത്രയും വേഗം വെള്ളിമല വിടേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു. കിടത്തിച്ചികിത്സ തുടങ്ങിയിട്ടില്ലാത്ത വെള്ളിമല സര്‍ക്കാര്‍ ആശുപത്രിയില്‍ അന്ന് രണ്ടുപേരെ എനിക്ക് ഏറെനേരം കിടത്തേണ്ടിവന്നു. ഒന്നൊരു പൂര്‍ണ്ണഗര്‍ഭിണി. രണ്ട് ജെയിനമ്മ. ഇപ്പൊ വെള്ളിമലയിലെ പെണ്ണുങ്ങളെല്ലാം പ്രസവിക്കാന്‍ ആശുപത്രിയില്‍ തന്നെ വരും. ഗര്‍ഭവും പ്രസവവും ഒരു രോഗവും അതിന്റെ ചികിത്സയും പോലെയായി വെള്ളിമലയിലും.  പഠിക്കുമ്പോള്‍ ചെയ്തിരുന്നെങ്കിലും ഒറ്റയ്ക്ക് ഒരു പ്രസവമെടുക്കാന്‍ എനിക്കപ്പോഴും ധൈര്യമായിട്ടില്ല. ഒന്നുരണ്ടുപേരെ പലതുമൊക്കെ പറഞ്ഞു വേറെ ആശുപത്രിയിലേക്ക് വിട്ടിട്ടുമുണ്ട്. പക്ഷെ അന്നത് ഒഴിവാക്കാന്‍ പറ്റില്ലായിരുന്നു. ഒരു പെണ്ണ് അവളുടെ അമ്മയോടൊപ്പം തുടവഴിയൊഴുകുന്ന കൊഴുത്തദ്രാവകവുമായി കയറിവന്നതായിരുന്നു. എപ്പോ വേണമെങ്കിലും പ്രസവിക്കാമെന്ന സ്ഥിതിയില്‍.

 

 

...............................................................................

ഒരിക്കലും പൂക്കാത്ത അവരുടെ ഗര്‍ഭാശയം ഒറ്റക്കണ്ണുള്ള ഒരു തേങ്ങപോലെ പുറത്തേയ്ക്കുന്തി നില്‍ക്കുന്നു. തുടയിലുരഞ്ഞു അതിന്റെ പുറം വ്രണപ്പെട്ടിരിക്കുന്നു.

 

ജെയിനമ്മ തീരെ അവശയായിരുന്നു. ശരീരം ചുട്ടുപൊള്ളി. മൂത്രത്തില്‍ കുതിര്‍ന്ന അവരുടെ ഉടുമുണ്ടുമാറ്റി നോക്കിയ ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഒരിക്കലും പൂക്കാത്ത അവരുടെ ഗര്‍ഭാശയം ഒറ്റക്കണ്ണുള്ള ഒരു തേങ്ങപോലെ പുറത്തേയ്ക്കുന്തി നില്‍ക്കുന്നു. തുടയിലുരഞ്ഞു അതിന്റെ പുറം വ്രണപ്പെട്ടിരിക്കുന്നു. അതിനുമുകളിലൂടെ മൂത്രമിറ്റിറ്റു വീഴുന്നു. ഭൂമിയിലേറ്റവും അറപ്പുളവാക്കുന്ന ഏതോ ഒരുജീവിയായി ആ നിമിഷം അവര്‍ മാറി.

ഒറ്റമുറി ആശുപത്രിയിലെ ആകെയുള്ള രണ്ടുകട്ടിലില്‍ അവരിരുവരും കിടന്നു. ജെയിനമ്മയെ ഞങ്ങള്‍ കഴുകിത്തുടച്ചു വൃത്തിയാക്കി. പുറത്തേക്കുന്തി നിന്ന ഗര്‍ഭാശയത്തെ ആകുംവിധം അകത്തേക്ക് തള്ളി വച്ചു. കുത്തിവയ്പ്പുകള്‍ നല്‍കി. പിന്നെ ഗര്‍ഭിണിയുടെ പ്രസവത്തിനായി കാത്തിരുന്നു. എന്റെ നെഞ്ചിടിപ്പ് ഇടയ്ക്കിടെ ഉയരുകയും കൈകളില്‍ വിറയല്‍ ബാധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്ക് വേദനിച്ചപ്പോള്‍ വെള്ളിമല കിടുങ്ങുമാറ് അവള്‍ നിലവിളിച്ചു.പക്ഷെ പ്രസവിച്ചില്ല. പ്രസവം വൈകുംതോറും എനിക്കാധിയേറി. ഞാന്‍ കരയാറായി. നേഴ്‌സ് എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു

അടുത്ത കട്ടിലില്‍ നിന്നും ജെയിനമ്മ പതിയെ എണീറ്റുവന്നു. നേഴ്‌സ് അവരെ തടയാനൊരു വിഫലശ്രമം നടത്തി. ഞാനന്തം വിട്ടിരുന്നതേയുള്ളു. ജെയിനമ്മ പതിയെ ഗര്‍ഭിണിയുടെ വയറില്‍ കൈവച്ചു. അവരാ കൈ വട്ടത്തില്‍ ചലിപ്പിച്ച് നിറവയറിനെ തലോടിക്കൊണ്ടിരുന്നു. അവള്‍ക്ക് വേദനകൂടി നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ ജെയിനമ്മ വിരലുള്ളിലേക്ക് കടത്തി മെല്ലെ വട്ടംകറക്കി. കുഞ്ഞിന്റെറ തലകണ്ടപ്പോള്‍ ജെയിനമ്മ തല ചരിച്ച് എന്നെയും നേഴ്‌സിനെയും നോക്കി. നേഴ്‌സ് ഉരുണ്ട വയറിന്റെറ മുഴുപ്പില്‍ കൈവച്ചു താഴേക്കുന്തി. ഞാന്‍ പൊക്കിള്‍ക്കൊടി മുറിക്കാനുള്ള കത്രികയും ക്ലാമ്പുമെടുത്ത് തയ്യാറായി നിന്നു. അവളുടെ നിലവിളിയുടെ ഉച്ചസ്ഥായിയിലേക്ക് ജീവന്റെ പുതിയൊരു നിലവിളികൂടി വെള്ളിമലകയറി.

'അമ്മ പോയി കിടന്നോളൂ..' 

ഞാന്‍ ജെയിനമ്മയെ സ്‌നേഹത്തോടെ പിടിച്ചെഴുന്നേല്‍പ്പിച്ചു. നടക്കുമ്പോള്‍ അവരെന്റെ കൈകളില്‍ അമര്‍ത്തിപ്പിടിച്ചിരുന്നു. അന്നുമുഴുവന്‍ അവരോടൊപ്പം ആശുപത്രിയില്‍ തന്നെയിരിക്കണമെന്നെനിക്ക് തോന്നി. മറ്റുള്ളവരെയല്ലാം പറഞ്ഞുവിട്ട് വൈകുന്നേരം ഞാനും ജെയിനമ്മയും ജനലിലൂടെ അസീസും മായയും ഞണ്ടിറുക്കിപ്പാറയിലേക്ക് കൈപിടിച്ച് കയറിപ്പോകുന്നതും നോക്കിയിരുന്നു.

'എനിക്കൊരാളെ ഇഷ്ടമാണ്. പക്ഷെ അതാരെങ്കിലും അംഗീകരിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ടിങ്ങനെ അങ്ങുപോകുന്നു..' 

ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു. ജെയിനമ്മ എന്നെത്തന്നെ നോക്കി ഏറെനേരം മിണ്ടാതിരുന്നു. 

'സത്യത്തില്‍ ഈ ഗര്‍ഭാശയപ്പൊരുത്തം ഉള്ളതാണോ?' 

ഞാന്‍ അറച്ചറച്ചു ചോദിച്ചു. ജെയിനമ്മയുടെ ചുണ്ടുകള്‍ ഇടയ്‌ക്കെന്തോ പറയാനായും പോലെ വിറകൊണ്ടു. അസീസും മായയും പാറയുടെ മുകളിലെത്തിയിരുന്നു അപ്പോഴേക്കും. ഇപ്പോഴവര്‍ രണ്ടു കുഞ്ഞുകുട്ടികളെപ്പോലെ തോന്നിച്ചു.

'ഉണ്ടെന്നേന്ന ഞാനും വിശ്വസിച്ച. ഇപ്പൊ ഒറപ്പില്ല.' 

ജെയിനമ്മയുടെ ശബ്ദത്തിലെ ദൈന്യതയില്‍ നിരാശ കൂടി. അസീസിനെയും മായയേയും കാണാനായി ഞാന്‍ വീണ്ടും ഞണ്ടിറുക്കിപ്പാറയിലേക്ക് നോക്കി. അവരെ അവിടെ കാണുന്നില്ല. ജെയിനമ്മയും അവരെത്തന്നെ നോക്കുകയായിരുന്നോയെന്ന് ഞാന്‍ സംശയിച്ചു.

'രണ്ടു ഗര്‍ഭപാത്രങ്ങള്‍ തമ്മിലോ? പൊരുത്തമുണ്ടാവ്വോ?' ഞാന്‍ പിന്നെയും ചോദിച്ചു.

ജെയിനമ്മയുടെ കണ്ണുകളെ അവര്‍ വിദൂരതയില്‍ നിന്ന് എന്നിലേക്ക് പറിച്ചുനട്ടു. അവരുടെ ജീവനില്ലാത്ത കണ്ണുകളില്‍ കൗതുകം നിറയുന്നത് ഞാന്‍ കണ്ടു. കുറച്ചുനേരം അങ്ങനെ നോക്കിയിരുന്ന ശേഷം അവര്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു,

'പേടിച്ചോടിപ്പോരുവായിരുന്നു ഞാന്‍. ആരേലുമറിഞ്ഞാ കൊന്നുകളയോന്നു പേടിച്ച്. അത്രയ്ക്കാര്‍ത്തിയായിരുന്ന് എനിക്കവളോട്..'

അവര്‍ കരയുമെന്ന് ഞാന്‍ കരുതി. പക്ഷെ കരഞ്ഞില്ല. അവര്‍ ദീര്‍ഘമായി നെടുവീര്‍പ്പെട്ടു ദൂരേക്ക് നോക്കിയിരുന്നു. പാറ മുകളിലേക്ക് പോയവരെ കാണാത്തതില്‍ എന്റെ മനസും ആശങ്കപ്പെട്ടു. അടിവയറ്റില്‍ ഭാരമേറിയതെന്തോ ഉരുണ്ടുകളിക്കുന്നപോലെ എനിക്കിടയ്ക്ക് തോന്നി. ഞാന്‍ പറഞ്ഞു,

'പക്ഷെ ഞാന്‍ തിരികെപ്പോകും..'

ഞാനും ജെയിനമ്മയും പരസ്പരം നോക്കി മിണ്ടാതിരുന്നു. ഞങ്ങള്‍ ഒരുപാട് സംസാരിച്ചെന്നു ഞങ്ങള്‍ക്കിരുവര്‍ക്കും തോന്നി. രാത്രിയുടെ ഇരുണ്ടപാട ഞണ്ടിറുക്കിപ്പാറയെ ഞങ്ങളില്‍ നിന്നും മറച്ചുപിടിച്ചു. ജെയിനമ്മയുടെ മുണ്ട് വീണ്ടും മൂത്രം വീണ് നനയുന്നത് ഞാന്‍ കണ്ടു. ഉള്ളിലേക്ക് തള്ളിവച്ച ഗര്‍ഭപാത്രം പുറത്തേക്കുന്തിവരുന്നു. ഡ്രസ്സ് ചെയ്തുവച്ച വ്രണം മൂത്രംവീണു നനയുമ്പോള്‍ അവര്‍ക്ക് നീറുന്നുണ്ടെന്നു എനിക്കുതോന്നി. അറപ്പുളവാക്കാവുന്ന ആ കാഴ്ച ഞാന്‍ വീണ്ടും കണ്ടു. പക്ഷെ ഇപ്പോഴെനിക്ക് അറപ്പ് തോന്നിയില്ല. മെഡിക്കല്‍ കോളേജില്‍ വെസ്റ്റീജിയല്‍ ഓര്‍ഗന്‍സിനെപറ്റി പഠിച്ചപ്പോള്‍ എന്റെയുള്ളിലും ഇങ്ങനെയൊരെണ്ണം ഉള്ളതിനെപ്പറ്റി ഞാനോര്‍ത്തിട്ടില്ല. ഒരിക്കലും പൂര്‍ണ്ണവളര്‍ച്ചയെത്താതെ, ഉപയോഗശൂന്യമായി എന്നെങ്കിലുമിതുപോലെ  വ്രണപ്പെട്ടു തൂങ്ങിക്കിടക്കാന്‍ മാത്രം യോഗമുള്ള ഒന്ന്.

'മുറിച്ചുകളയണം.. അതേയുള്ളൂ വഴി..' 

ഞാന്‍ വീണ്ടുമത് തുടച്ചു വൃത്തിയാക്കി ഡ്രസ് ചെയ്യുന്നതിനിടയില്‍ പറഞ്ഞു. അയഡിന്‍ മിശ്രിതത്തിന്റെ നീറ്റലില്‍ ജെയിനമ്മ പ്രസവവേദനയിലെന്നപോലെ പുളഞ്ഞു. 

വെള്ളിമലയിലേക്കിനി തിരിച്ചുവരില്ലെന്ന് തീരുമാനിച്ചുതന്നെയാണ് പിറ്റേന്ന് പുറപ്പെട്ടത്. പോരുമ്പോള്‍ ജെയിനമ്മയെയും കൂടെക്കൂട്ടി. 

ഇനിയുള്ള കാലം അവരെന്നോടൊപ്പം കഴിയണമെന്നും, നല്ലൊരാശുപത്രിയില്‍ വച്ചവരുടെ ഗര്‍ഭാശയം നീക്കം ചെയ്യണമെന്നും ഞാന്‍ കണക്കുകൂട്ടി. ഞങ്ങള്‍ കടുവാക്കുണ്ടിലേക്ക് മലയിറങ്ങുമ്പോള്‍ ഞണ്ടിറുക്കിപ്പാറയിലേക്ക് ആളുകള്‍ ഓടുന്നുണ്ടായിരുന്നു. ഞാനും ജെയിനമ്മയും ഒന്നും മിണ്ടാതെ നടന്നു. ജീപ്പ് കടുവാക്കുണ്ട് കടന്നതും ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം പരസ്പരം കാണുന്നവരെപ്പോലെ എന്റെ മൊബൈലിലേക്ക് സന്ദേശങ്ങളുടെ ശബ്ദതരംഗങ്ങള്‍ ഇരച്ചുകയറി. പ്രതീക്ഷിച്ചതുപോലെതന്നെ അതെല്ലാം ഒരാളുടേതായിരുന്നു.

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍

യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം

 സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍

അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍

തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍

മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി

ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം 

ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍

വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍

ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ

ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍

കാടകപ്പച്ചകള്‍, ഡോ. എം പി പവിത്രയുടെ ആറ് കവിതകള്‍ 

 എന്റെ മേരീ നിന്നെ ഞാനിന്ന്, നജീബ് റസ്സല്‍ എഴുതിയ അഞ്ച് കവിതകള്‍

ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം!

മടുപ്പേറിയന്‍ ഭൂപടത്തില്‍ നിന്നൊരു സഞ്ചാരിയുടെ കുറിപ്പുകള്‍, അയ്യപ്പന്‍ മൂലേശ്ശെരില്‍ എഴുതിയ കവിതകള്‍​​​​​​​

കടലെറങ്കണ പെണ്ണുങ്കോ, ഡി അനില്‍കുമാര്‍ എഴുതിയ കവിതകള്‍

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

മീരയുടെ വിലാപങ്ങള്‍ 

click me!