വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

By Vaakkulsavam Literary Fest  |  First Published Oct 1, 2019, 7:34 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് സമകാലിക മലയാളം ചെറുകഥയിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരന്‍ വിവേക് ചന്ദ്രന്റെ കഥ. സമരന്‍ ഗണപതി


നാം ജീവിക്കുന്ന ലോകത്ത്, നമ്മളുരുകുന്ന അതേ കാലത്ത് ജീവിക്കുന്നൊരാള്‍, നാമറിയാതെ ചെന്നുപറ്റുന്ന അതീന്ദ്രിയ ദേശങ്ങളാണ് വിവേക് ചന്ദ്രന്റെ ആഖ്യാനഇടങ്ങള്‍. നാം കാണാത്ത കാഴ്ചകള്‍ അയാളുടെ കണ്ണിലെ മോണിറ്ററില്‍ മാത്രം തെളിയുന്നു. നമുക്ക് കേള്‍ക്കാനാവാത്ത ആവൃത്തികളിലുള്ള ശബ്ദങ്ങള്‍ അയാളുടെ കാതകത്ത് കൂട്ടിരിക്കുന്നു. നമ്മുടെ മൂക്കുകള്‍ക്ക് പിടി തരാത്ത ഗന്ധങ്ങള്‍ അയാളെ വലയം ചെയ്യുന്നു. അങ്ങനെയൊരാളെക്കുറിച്ച് പറയാന്‍ പുതിയ കാലം നമുക്കൊരു വിശേഷണ പദം തന്നിട്ടുണ്ട്, 'കിളി പോയൊരാള്‍'. എന്നാല്‍, നാം കളിചിരിയോടെ പറയുന്ന മുറയ്ക്ക് പറന്നുപോവുന്ന ഒന്നല്ല 'വിവേകിന്റെ കിളി'. അതിന് യുക്തിയുടെയും ചിന്തയുടെയും സവിശേഷമായ കരുത്തുണ്ട്. മണ്ണുറപ്പുണ്ട്. അതുകൊണ്ടാണ്, 'കിളിപോയ' മനുഷ്യര്‍ക്കു മാത്രം കാണാനാവുന്ന ഭ്രമാത്കതയുടെയും മാന്ത്രികതയുടെയും അപരലോകങ്ങളെക്കുറിച്ച് നമ്മോട് സൂക്ഷ്മമായും കണിശമായും പറയാന്‍ അയാള്‍ക്ക് കഴിയുന്നത്. അയാളുടെ കഥകള്‍ വായിക്കുമ്പോള്‍ നമ്മുടെ കിളികളും അല്‍പ്പനേരത്തേക്ക് ആകാശംതൊട്ടു മടങ്ങിവരുന്നത്. 

പല കാലങ്ങളുടെ കഥത്തീവണ്ടികള്‍ പാഞ്ഞുപോയിട്ടും മലയാളി അനുഭവിക്കാത്ത ഭാവനയുടെ, വിഭ്രമാത്മകതയുടെ മാന്ത്രിക പരിസരങ്ങളാണ് വളരെച്ചുരുക്കം കഥകളിലൂടെ വിവേക് പങ്കുവെയ്ക്കുന്നത്. പ്രമേയസ്വീകരണത്തിലെ അസാധാരണത്വം, ആഖ്യാനത്തിലെ അതിസൂക്ഷ്മത, ഭാഷയുടെയും ശില്‍പ്പത്തിന്റെയും തികവ്, യാഥാര്‍ത്ഥ്യത്തെയും അയഥാര്‍ത്ഥ്യത്തെയും കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ അടിമറച്ചുകളയുന്ന സമയ,കാല ബോധം എന്നിങ്ങനെ പല ചേരുവകള്‍ ചേര്‍ന്നാണ് ആ കഥയെ നമ്മുടെ കാലത്തെക്കുറിച്ചെടുത്ത അന്തംവിട്ട സിനിമയോടുന്ന തിരശ്ശീലയാക്കുന്നത്. ഫിക്ഷനു മാത്രം അനുഭവിപ്പിക്കാന്‍ കഴിയുന്ന അപരലോകങ്ങളുടെ നിര്‍മ്മിതിയായി ആ കഥാലോകത്തെ മാറ്റുന്നത്. കാമനകളുടെയും ചോദനകളുടെയും നമുക്കൊട്ടും പരിചയമില്ലാത്ത സങ്കീര്‍ണ്ണ, ആന്തരിക ഇടങ്ങളിലേക്ക് വായനക്കാരെ വലിച്ചെറിയുന്നത്. അയാളുടെ കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന അന്തമറ്റ ഏകാന്തതയുടെ ഗുഹാവാടങ്ങളിലേക്ക് ഏകാന്തതടവുകള്‍ക്കയക്കുന്നത്. കഥപറച്ചിലുകള്‍ കൊണ്ട് വിവേക് ചന്ദ്രന്‍ പറത്തുന്നത് റിയലിസത്തിന്റെ കേവലയുക്തികള്‍ കൊണ്ട് നമ്മുടെ ഫിക്ഷന്‍ തീര്‍ത്ത 'കിളികളെ' അപ്പാടെയാണ്. 

Latest Videos

undefined

 

My love, what you see over there aren't stars. It's your nervous system.
Biutiful(Alejandro González Iñárritu)

ഞാന്‍ അവസരങ്ങള്‍ കൊടുത്തുകൊണ്ടേയിരുന്നു. എതിരാളിയുടെ, ഹോമര്‍ ഗാന്ധിയുടെ, അവസാനത്തെപ്രഹരത്തില്‍ എന്റെ കാലുകള്‍ പതറിത്തുടങ്ങിയിരുന്നു. കാഴ്ച കൃത്യമായി ഉറയ്ക്കാതെ പാളിപ്പോകുന്നുണ്ട്. ഹോമര്‍ ദൂരെ ഒരു മെഴുകുപാട പോലെ ഇളകിക്കൊണ്ടിരുന്നു. പെട്ടെന്ന് അകലെ നിന്നും എറിഞ്ഞയച്ചത് പോലെവന്ന ചുവന്ന ഗോളം, അവന്റെ ബോക്‌സിംഗ് ഗ്ലൗസ്, മുഖത്തെ തൊലി ചീന്തി അസ്ഥിയുടെ തണുപ്പില്‍ തൊട്ട് അകന്നു പോയി. കണ്ണില്‍ ഇരുട്ട് തുളഞ്ഞു കയറുന്നു. എനിക്ക് കാഴ്ച കിട്ടുന്നില്ലെന്ന് ഹോമര്‍ അറിയുന്ന നിമിഷം കളിയവസാനിച്ചു! 

പിടി കൊടുക്കാതിരിക്കാന്‍ ഒന്ന് പിന്നോട്ടാഞ്ഞ് മെല്ലെ കുതിച്ചു തുടങ്ങി. ശരീരം ഒറ്റ ഘടകമായി ചലിക്കുന്നു. താളം മുറിക്കാതെ തുള്ളുമ്പോള്‍ തറയില്‍ നിന്നും കാല്‍വണ്ണയിലൂടെ തുടയിലേക്ക്, അവിടെ നിന്നും അരക്കെട്ടിലൂടെ നെഞ്ചിലേക്ക്, പിന്നെ തോളിലൂടെ കൈത്തണ്ടയില്‍ നിന്നും ചുരുട്ടിയ മുഷ്ടിയിലേക്ക്, ഊര്‍ജ്ജം പ്രസരിച്ചു തുടങ്ങി. മുഴുവന്‍ ശരീരവും തമ്മില്‍ ബന്ധിപ്പിച്ചെടുത്ത് ചാല് കീറി ഒഴുക്കിയ കരുത്ത് ചുരുട്ടിയ ഉള്ളംകൈയ്യില്‍ കുരുങ്ങിക്കിടന്നു. കാഴ്ച ഉറയ്ക്കാത്തതുകൊണ്ട്, അവസരമെന്ന് തോന്നിപ്പിക്കുന്ന നീക്കത്തിലൂടെ ഹോമറിന്റെ അടുത്തുപറ്റി, വേണ്ടുവോളം പീഡനങ്ങള്‍ മേടിച്ചെടുത്തു.

 

...................................................................................

ആരവങ്ങള്‍ക്കിടയിലൂടെ കൃത്യതയുള്ള ഒരു പഞ്ച് ഞാന്‍ ഒളിച്ചു കടത്തി. ഹോമറിന്റെ അലര്‍ച്ച ഒരു മുഷ്ടി ദൂരത്തില്‍ കേട്ടു!

Image Courtesy: Altmann/ Pixabay 

 

തുടരെയുള്ളപ്രഹരങ്ങള്‍ വരുന്ന ദിശ നോക്കി ആരവങ്ങള്‍ക്കിടയിലൂടെ കൃത്യതയുള്ള ഒരു പഞ്ച് ഞാന്‍ ഒളിച്ചു കടത്തി. ഹോമറിന്റെ അലര്‍ച്ച ഒരു മുഷ്ടി ദൂരത്തില്‍ കേട്ടു! ആരവങ്ങള്‍ പൊടുന്നനെ അടങ്ങിയതില്‍ നിന്നും ലക്ഷ്യം തെറ്റിയില്ലെന്ന് ഉറപ്പിച്ചു കിട്ടിയ നിമിഷം ഏറ്റവും വേഗതയോടെ ഞാന്‍ പലകുറി പഞ്ചുകള്‍ നിക്ഷേപിച്ചു. ബോക്‌സിംഗ് റിങ്ങിന്റെ കയറില്‍ കുരുങ്ങിക്കിടന്ന ഹോമറിന്റെ ശരീരം ഒന്നിളകാന്‍ ശ്രമിച്ച് അതിനു സാധിക്കാതെ തോല്‍വി സമ്മതിക്കുമ്പോഴേക്കും ഞാന്‍ കരഞ്ഞു തുടങ്ങിയിരുന്നു. തെറിവാക്കുകള്‍ക്കൊപ്പം ഗാലറിയില്‍ നിന്നും തെറിച്ചു വന്ന കടുത്ത മണമുള്ള കൂര്‍ത്ത കാപ്പിക്കുരുക്കള്‍ എന്റെ ശരീരത്തില്‍ പലയിടത്തായി പോറലുകള്‍ ഏല്‍പിച്ചു കടന്നു പോയി. പൊടുന്നനെഎവിടെ നിന്നെന്നില്ലാതെ ഊതനിറത്തില്‍ ഉച്ചിപൂവുള്ള വേട്ടപ്പക്ഷികള്‍ എനിക്ക് ചുറ്റും ചിറകടിച്ചു വട്ടമിട്ടു പറന്നു!

ഗ്രീന്‍ റൂമില്‍ ബോധമില്ലാതെ എത്രയോ നേരം കിടന്നിരിക്കണം. വെള്ളം മുഖത്ത് വീണപ്പോള്‍ കാഴ്ച തിരിച്ചു കിട്ടി.വിജയമുദ്രയായി ലഭിച്ച വെള്ളിപൂശിയ തണുത്ത ലോഹക്കൈയുറ പലതവണ കവിളില്‍ വെച്ച് സ്വയം തരിപ്പിച്ചു.അടുത്തമത്സരം തുടങ്ങുന്നതിനു മുന്‍പുള്ള ഇടവേളയില്‍ അന്നൌന്‍സ്‌മെന്റ് ക്യാബിനില്‍ നിന്നും ഇളയച്ഛന്‍ തിടുക്കത്തില്‍ ഇറങ്ങി വന്നു.

''ഇന്ന് നിനക്കിത്രേം ഇടി മേടിച്ചു തന്നത് നിന്റെ പേരാണ്. സമരന്‍ ഗണപതി ഒരു അടഞ്ഞ പേരാ, ആര്‍ക്കും ഒന്നുറക്കെ വിളിച്ചു പ്രോത്സാഹിപ്പിക്കാന്‍ പോലും തോന്നാത്ത പേര്. നീട്ടി വിളിക്കാന്‍ പാകത്തില്‍ ഒരു വിളിപ്പേര് വേണം, ഗാലറി കൂടെ നില്‍ക്കും! റിങ്ങില്‍ നിനക്ക് കുതിച്ചു തുള്ളാനുള്ള താളം കിട്ടുന്നത് ഗാലറിയിലെ ആരവത്തില്‍ നിന്നാണ്. നിന്റെ ശരീരത്തിന്റെ തൂക്കം ഒറ്റ തുള്ളിയാക്കി ഗ്ലൗസിന്റെ തുമ്പീ കൊണ്ടേ നിര്‍ത്തിക്കാന്‍ ആ താളം വേണം.''

വാസ്തവമാണ്, ഇന്ന് സ്‌റ്റേഡിയം മുഴുവന്‍ ഹോമറിന് അനുകൂലമായിരുന്നു. അത് സമരന്‍ എന്ന പേരിന്റെ വൈചിത്ര്യം കൊണ്ടുമാത്രമാവില്ല, ഹോമര്‍ ഒരു പക്ഷെ ഈ നഗരത്തില്‍ തന്നെ കുരുത്ത് പൊന്തിയവനാവണം. ഞാന്‍ കൃത്യമായി ഒരു പ്രദേശത്തിന് അവകാശപ്പെടാന്‍ മാത്രം എങ്ങും വേരുകള്‍ ഇല്ലാത്തവനും.

''ഫൈനലിന് ഇന്നേക്ക് ഒരാഴ്ച സൂക്ഷം. നീ ലോ-പ്രൊഫൈലില്‍ നിന്നാ മതി. അടുത്ത സെമിയില്‍ അട്ടിമറിയൊന്നും നടന്നില്ലെങ്കി നിനക്കെതിരെ ഫൈനലില്‍ വരുന്നത് ഈ സിറ്റിയില്‍ നിന്നു തന്നെയുള്ള ഒരുത്തനാവും. ഇവരുടെ രക്ഷണ വേദികയിലെ പയലുകള്‍ ഇപ്പൊഴേ ഗാലറിയിലും മറ്റും അരിച്ചു നടക്കുന്നൊണ്ട്.''

''ഒരു ഐസ്ബാഗ് നിറച്ചെടുത്തിട്ട് ഞാന്‍ ഇറങ്ങുകയായി.''

''ആ ആട്ടെ, ബാക്ക്‌ഡോര്‍ വഴി പോയാണ്. ഫൈനലിന് മുന്നേ ഞാന്‍ വന്നു കണ്ടോളാം.''

സ്റ്റേഡിയത്തിനു പിന്നില്‍ വരിയായി നിര്‍ത്തിയിട്ടതില്‍ നിന്നൊരു ഓട്ടോയില്‍ കയറി. 

''വിറ്റല സ്ട്രീറ്റ്''

അവ്യക്തമായാണ് പറഞ്ഞത്. കൃത്യമായി പോകേണ്ടയിടം പറഞ്ഞാല്‍ പരിസരം അറിയുന്നവര്‍ ചിലപ്പോള്‍ വരില്ല. എനിക്ക് പോകേണ്ടത് വിറ്റലത്തെരുവിലെ അവസാനത്തെ ക്രോസ് റോഡും കഴിഞ്ഞുള്ള റെയില്‍വേഗേറ്റ് കടന്നാല്‍ കാണുന്ന ഒറ്റപ്പെട്ട കെട്ടിടത്തിലേക്കാണ്. അങ്ങനെയൊരു കെട്ടിടം അവിടെ നിലവിലില്ലെന്നും, അത് ആ ഇടം നമ്മളില്‍ സൃഷ്ടിക്കുന്ന മതിഭ്രമം മാത്രമാണെന്നും കരുതുന്നവരാണ് പരിസരവാസികളില്‍ പലരും. എന്നാല്‍ ആ കെട്ടിടത്തില്‍ മുകളിലത്തെ നിലയില്‍ ഒരുപാര്‍സല്‍ വെയര്‍ഹൌസും, താഴെ മൂന്നു മാസമായി ഞാനും യാതൊരു അലോസരവും കൂടാതെ കഴിഞ്ഞു കൂടുന്നു. അനുദിനംവര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന നഗരത്തിലെ വാടക നിരക്കില്‍ നിന്നും സ്വയം രക്ഷിച്ചെടുക്കുന്നത് ഇങ്ങനെയൊക്കെയാണ്, സൗകര്യങ്ങളില്‍ നീക്കുപോക്ക് നടത്തുന്നതിലും എളുപ്പമാണിത്. 

 

...................................................................................

ഗരത്തില്‍ പല തെരുവുകളിലായി അസാധാരണമായ സാന്നിധ്യങ്ങള്‍ സ്ഥിതീകരിക്കപ്പെട്ടിട്ടുള്ള ചായ്പ്പുകള്‍ ശാന്തമായി അടഞ്ഞു കിടക്കുന്നുണ്ട്.

Image Courtesy: Pixabay 

 

നഗരത്തില്‍ പല തെരുവുകളിലായി അസാധാരണമായ സാന്നിധ്യങ്ങള്‍ സ്ഥിതീകരിക്കപ്പെട്ടിട്ടുള്ള ചായ്പ്പുകള്‍ ശാന്തമായി അടഞ്ഞു കിടക്കുന്നുണ്ട്. ദുര്‍നിമിത്തം ഭയന്ന് ഉടമസ്ഥര്‍ ഉപേക്ഷിച്ചു പോകുന്ന ഇത്തരം മുറികളില്‍ ക്ഷുദ്ര ഉച്ചാടകന്മാര്‍ താവളമടിക്കുന്നു. കെട്ടിടത്തിന്റെ നിര്‍മാണഘടനയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് അവിടെ നടക്കുന്ന അസാധാരണത്ത്വങ്ങള്‍ എന്ന് സമരസപ്പെടുന്ന ആര്‍ക്കും നിസ്സാര തുകയ്ക്ക് അവ പണയത്തിന് എടുക്കാം. സ്വകാര്യത കണക്കറ്റ് ആസ്വദിക്കുന്ന, സന്ദര്‍ശകരെ സ്വീകരിക്കാത്ത എനിക്ക്,നഗരത്തിലെ ഇത്തരംമുറികള്‍ കഴിഞ്ഞ ഏഴുവര്‍ഷങ്ങളായി ഗര്‍ഭപാത്രങ്ങളാണ്.

ചുരുണ്ട മുടിയുള്ള ഗര്‍ഭിണിയുടെരൂപം പൂണ്ട് മുറ്റത്ത് നിഴലുകള്‍ പരന്നുകിടന്നു. മുഖത്തമര്‍ത്തിയ ഐസ്ബാഗിലെ മഞ്ഞുകട്ടികള്‍ അലിഞ്ഞു വെള്ളമായി തീര്‍ന്നിരുന്നു. ഓട്ടോക്കാരനെ അനുനയിപ്പിച്ചു പറഞ്ഞുവിട്ടിട്ട് വാതില്‍ തുറന്നപ്പോള്‍ അകത്ത് ഇരുട്ടാണ്. ഈ ഭാഗങ്ങളില്‍ ചിലപ്പോള്‍ പുലരുവോളം കറണ്ട് കാണില്ല. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഈ വീടിനേക്കുറിച്ച് ആലോചിച്ചു കിടന്നു.

ഈ കെട്ടിടം നിര്‍മ്മിച്ചു തീരുന്ന കാലത്ത് വന്ന വാടകക്കാര്‍ പരിസരത്തെ ടൈല്‍ ഫാക്ടറിയില്‍ ജോലി കിട്ടി വന്ന യുവാവും അയാളുടെ ഗര്‍ഭിണിയായ ഭാര്യ ദാമിനിയുമായിരുന്നു. ഉറക്കം നഷ്ടപ്പെട്ട് എന്നും ഭര്‍ത്താവുമായി കലഹിച്ചു അലറിത്തളര്‍ന്ന ദാമിനിപ്രഭാതങ്ങളില്‍ ഉന്മാദം കുറുകിയ കണ്ണുകളുമായി പിറക്കാനിരിക്കുന്ന കുഞ്ഞിനേയും ശപിച്ചു കൊണ്ട് ഗോവണിപ്പടിയില്‍ മുടി വേര്‍പ്പെടുത്തിയിരുന്നു.

ഒരു സായംകാലത്ത് മൂര്‍ച്ചയുള്ള ആയുധം നിര്‍മ്മിക്കാന്‍ തീവണ്ടിപ്പാതയില്‍ നിന്നും ഉരുക്ക് മോഷ്ടിച്ച യുവാവിനു പുലരുവോളം കരുതല്‍ത്തടങ്കലില്‍ കഴിയേണ്ടി വന്നു. അന്ന് വിഷം കലര്‍ത്തിയ അത്താഴവുമായി അയാളെ കാത്തിരുന്ന ദാമിനി പാതിരാ കഴിഞ്ഞപ്പോള്‍ കൈയ്യിലുള്ള ഏതോ നാടന്‍ ഉപകരണം കൊണ്ട് സ്വയം ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടു. അവളുടെ തുടയിലെ നനുത്ത രോമവേരുകളില്‍ തഴുകി ചോര അനുനിമിഷം പുതിയ കൈവഴികള്‍ കീറി നിലത്തേക്കൊഴുകി. ചോരത്തുള്ളികള്‍ വരയിട്ടുകൊണ്ട് എല്ലാ മുറികളിലും അവള്‍ അലഞ്ഞു നടന്നു. പിറ്റേന്ന് താന്‍ അലറിക്കരഞ്ഞുദിപ്പിച്ചപ്രഭാതസൂര്യന് മുന്നില്‍ പാതിയില്‍ വളര്‍ച്ചയവസാനിച്ച മാംസക്കഷണം അവള്‍ പ്രസവിച്ചിട്ടു. യുവാവ് തന്റെ നാട്ടുവഴക്കം പിന്‍പറ്റി, ഭ്രൂണത്തെ സംസ്‌കരിക്കാന്‍, തങ്ങള്‍ നിരന്തരം പെരുമാറുന്ന കിടപ്പുമുറിയുടെ തറ പൊട്ടിച്ചു. ബഹളം കേട്ട് അവിടെ ഒരാള്‍ക്കൂട്ടം രൂപപ്പെടുമ്പോഴേക്കും മറവുചെയ്ത് നിലം നികത്തിയതിനു മുകളില്‍ അവസാനം തേച്ച സിമന്റുചാന്തില്‍ ചോര കിനിഞ്ഞിരുന്നു. രക്തം വാര്‍ന്ന് മൂന്നാം ദിവസം മരിച്ച ദാമിനിയുടെ ശരീരം വീട്ടില്‍ ഉപേക്ഷിച്ച് യുവാവ് നഗരം വിട്ടു. 

വിശദമായി വന്ന പത്രവാര്‍ത്ത വായിച്ചെത്തുന്ന സന്ദര്‍ശകരെ മടുത്ത് അടച്ചിട്ട ഈ വീട് പിന്നെ തുറക്കുന്നത് മാലിയില്‍ നിന്നും വന്ന ഒരു വൃദ്ധന് വാടകയ്ക്ക് നല്‍കാനാണ്. അയാള്‍ പൊതുവേ ആള്‍പ്പെരുമാറ്റം തീരെയില്ലാത്ത ഈ പരിസരത്തിന്റെ സവിശേഷത മുതലാക്കി വീട്ടിനകത്ത് വിഷപ്പാമ്പുകളെ വളര്‍ത്തിത്തുടങ്ങി. വെള്ളിക്കെട്ടുള്ള മിനുത്ത വിഷസര്‍പ്പങ്ങള്‍ കിടപ്പുമുറിയുടെ തണുപ്പില്‍ അലസതയോടെ അടുക്കടുക്കുകളായി മയങ്ങിക്കിടന്നു. ഉന്മാദം മൂക്കുമ്പോള്‍ അവ ചുവരുകളില്‍ വിഷം ചീറ്റി. നീലഛവി പടര്‍ന്നചുവരുകളില്‍ പതിയെ വിള്ളലുകള്‍പ്രത്യക്ഷപ്പെട്ടു. തറയില്‍ തല ചേര്‍ത്ത് കിടക്കുന്ന വൃദ്ധന്‍ ചില രാത്രികളില്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ അവ്യക്തമായി കേട്ടു. ചിലപ്പോഴൊക്കെ കുളിമുറിയില്‍ നിന്നും ഇറങ്ങുമ്പോള്‍ അയാള്‍ ചോരത്തുള്ളികള്‍ വരയിട്ടു കിടക്കുന്നത് കണ്ടു. ഭയന്നുപോയ വൃദ്ധന്‍ ഒരു നട്ടുച്ചക്ക് തനിക്ക് പ്രിയപ്പെട്ട ചില പാമ്പുകളെ മാത്രം തിരഞ്ഞെടുത്ത് ചാക്കില്‍ നിറച്ച് അവിടെ നിന്നും ഇറങ്ങി നടന്നു .അതിനു ശേഷവും മുകളിലത്തെ സൂക്ഷിപ്പ് അറകളില്‍ നിന്നും ഒളിച്ചുകടക്കുന്ന കൂറ്റന്‍ എലികളെ അവിടെ ബാക്കിയായ പാമ്പുകള്‍ തറയില്‍ ചോരത്തുള്ളികള്‍ വരയിട്ടുപടര്‍ത്തി ഇറുക്കിയമര്‍ത്തിക്കരയിച്ചു. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കണം. ഞാനിവിടെ വന്നിത്രയും ദിവസങ്ങളായിട്ടും അസാധാരണമായ ദൃഷ്ടാന്തങ്ങള്‍ ഒന്നും അനുഭവിക്കാന്‍ കഴിയാത്തതില്‍ എനിക്കപ്പോള്‍ കഠിനമായ നിരാശ തോന്നി.

മയക്കത്തിലേക്ക് വീണു തുടങ്ങിയെന്നു തോന്നുമ്പോള്‍ വലിയ ഇരമ്പലോടെ ഫാന്‍ കറങ്ങിത്തുടങ്ങി, കറണ്ട് വന്നിരിക്കുന്നു. അരികില്‍ കിടന്ന മൊബൈല്‍ എടുത്ത് ചാര്‍ജ്ജറില്‍ കുത്തി പ്ലഗ്ഗിലേക്ക് അമര്‍ത്താന്‍ തുടങ്ങുമ്പോള്‍ പ്ലഗ് ഹോളിലൂടെ വളരെ നേര്‍ത്ത ശബ്ദങ്ങള്‍ കേട്ട് തുടങ്ങി. ശ്രദ്ധിക്കാന്‍ ചെവി സ്വിച്ച ്‌ബോര്‍ഡിനോട് ചേര്‍ത്തുവെച്ചപ്പോള്‍ പരുപരുത്തൊരു സ്ത്രീശബ്ദം, 

''നമുക്കീ മുറി വിടണ്ട. ഈ നഗരം വിട്ടാലും നമുക്കിടയ്ക്കിവിടെ വരണം. പുലര്‍കാലങ്ങളില്‍ മൂന്നാം നിലയിലെ ഈ ജനാലക്കരികില്‍ പൂണ്ടു കിടന്നു രമിച്ച് ഒടുക്കം താഴെയുള്ള നഗരം മുഴുവന്‍ കണ്ണുകൊണ്ടളക്കണം.''

''വേഴ്ച്ചക്കൊടുവില്‍ ചിലപ്പോഴെങ്കിലും നിന്റെ ഞരമ്പൊതുങ്ങിയ കഴുത്തില്‍ കൈത്തണ്ടയമര്‍ത്തി നിന്നെ മോചിപ്പിക്കാന്‍ കൊതി തോന്നാറുണ്ട്. മത്സരത്തില്‍ തോറ്റുവരുന്ന എന്നെങ്കിലും ഞാനത് ചെയ്യും.''മയമുള്ള പുരുഷ ശബ്ദം ചിരിച്ചുകൊണ്ട് പറഞ്ഞു.

കേള്‍ക്കുന്നത് വിശ്വാസം വരാതെ ഒരു നിമിഷം ചെവിയടര്‍ത്തി ശങ്കിച്ച് നിന്നു. പിന്നീട് തല സ്വിച്ച് ബോര്‍ഡിനോട് ചേര്‍ത്ത് പിടിക്കാന്‍ ഭയം തോന്നി. ഉറങ്ങിയത് എപ്പോഴാണെന്ന് ഓര്‍മയില്ല. ഉണരുമ്പോള്‍ സ്വിച്ച്‌ബോര്‍ഡിനു എതിര്‍വശത്ത് തലയിണയില്‍ വൃത്തിയായി തലവെച്ചാണ് കിടക്കുന്നത്. പാതിയുറക്കത്തില്‍ തോന്നിയ സ്വപ്നമാവില്ലെന്നു ഉറപ്പുള്ളത് കൊണ്ട് തന്നെ ജിമ്മില്‍ നിന്നും തിരിച്ചെത്തിയത് മുതല്‍ ബാക്കിയുള്ള പകല്‍നേരത്ത് പലവട്ടം പ്ലഗ്‌ഹോളില്‍ ചെവി ചേര്‍ത്തുപിടിച്ച് ശ്രദ്ധിച്ചു നോക്കി. 

സന്ധ്യക്ക് പൊടുന്നനെ അടുക്കളയിലെ അടച്ചിട്ട ചുമരലമാരയില്‍ നിന്നും നിലത്തുവീണുരയുന്ന പിഞ്ഞാണത്തിന്റെ അലര്‍ച്ച! അതൊടുങ്ങിയപ്പോള്‍ പതുക്കെയെങ്കിലും സ്പഷ്ടമായി ആ സ്ത്രീയും പുരുഷനും തമ്മില്‍ സംസാരിച്ചു തുടങ്ങി,

''ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നത് രണ്ടു മാസം !''

''എന്ന് പറയുമ്പോള്‍ സൂക്ഷം ഞാന്‍ ഫെഡറേഷനുമായി തെറ്റി താഴെ ഗ്രൗണ്ടില്‍  പ്രാക്ടീസ് തുടങ്ങിയ കാലത്തെ ഒരു പകലില്‍.''

''വിയര്‍പ്പാറാതെ, ഗ്ലൗസുപോലും അഴിക്കാതെ, നിന്റെ ഉണങ്ങിയ ചോരയുടെ മണം ശ്വസിച്ച് നിന്റെ കൂടെ... ഓര്‍ക്കുമ്പോള്‍ അറയ്ക്കുന്നു. കട്ടില്‍ ചേര്‍ത്തിട്ട ചുവരില്‍ മുഴുവന്‍ അന്നൊക്കെ വേഴ്ച്ചക്കിടയില്‍ നീയിടിച്ച പാടുകളാണ്.''

''പഞ്ചിംഗ് ഫോഴ്‌സ് നാനൂറു പൗണ്ടിനപ്പുറം കടന്നിരുന്ന ദിവസങ്ങളായിരുന്നു അത്, ഞാന്‍ ഏറ്റവും കരുത്തനായി ജീവിച്ച കാലം.''

''ഈയിടെയായി രാത്രികളില്‍ ഉറക്കം ഞെട്ടുന്നു. നിരന്തരം സ്വപ്നത്തില്‍ ചുരുണ്ട മുടിയുള്ള ഏതോ സ്ത്രീ എന്റെ പേര് വിളിച്ചലറിക്കരയുന്നു. ചോരയില്‍ കുളിച്ചു കിടക്കുന്ന അവരുടെ അരക്കെട്ടില്‍ നിന്നും ചുവന്ന  ചിത്രശലഭങ്ങള്‍ പറന്നു പോകുന്നു.ഈ പൊടിപ്പ് അലസി പോകുമായിരിക്കും, അതിന്റെ സൂചനയാണ്.''

അടക്കാന്‍ പറ്റാത്ത പ്രേരണ കൊണ്ട് അലമാരയുടെ ചുവരില്‍ ഞാന്‍ ശക്തമായി ഇടിച്ചു.ശബ്ദങ്ങള്‍ പൊടുന്നനെ നിലച്ചു. വെറുതെ കുറച്ചു നേരം കൂടി കാത്തിരുന്ന്  ഇനിയൊരിക്കലും ആ അടക്കംപറച്ചിലുകള്‍ കേള്‍ക്കാന്‍ ഇടയില്ലെന്ന തോന്നലുണ്ടായപ്പോള്‍ പോയി കിടന്നു.  

ഇന്നലെ അകാരണമായി ഓര്‍ത്ത ദാമിനി ചിന്തകളില്‍ കയറി പ്രവര്‍ത്തിക്കുന്നതു കൊണ്ടാവണം തനിക്ക് ഇത്തരം ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുന്നതെന്ന് മയക്കത്തിലേക്ക് വീഴുന്നതുവരെ ആലോചിച്ചു. കാലത്ത് ഇളയച്ഛന്റെ വിളി കേട്ടാണ് ഉണര്‍ന്നത്,

''നാളെ കഴിഞ്ഞ് നിന്റെ അച്ഛന്റെ ഓര്‍മ്മനാളാണ്. ആണ്ട് ഞാന്‍ നോല്‍ക്കാറില്ല, ഗണപതിയണ്ണന്‍ ഒണ്ടായിരുന്നപ്പോഴും പൊറനാള് ഞങ്ങള്‍ നോറ്റിട്ടില്ല. നിന്നെ കാണാറില്ലെന്നും പറഞ്ഞു നിന്റെ മാമിയിവിടെ പോരെടുക്കാന്‍ തുടങ്ങിയിട്ടൊണ്ട്. ഏതായാലും നീ നാളെ വാ, നമുക്ക് ഒതുക്കത്തീ ഒന്നു കൂടാം.''

എന്റെ ഏറ്റവും ആഴമുള്ള ഓര്‍മ്മ വലിയ വരാന്തയുള്ള തക്കലയിലെ വീടും മാമിയെന്ന് തെറ്റി വിളിച്ചിരുന്ന ഇളയമ്മയുടെ മുഖവും ആയിരിക്കണം. ഇളയച്ഛന്‍ അക്കാലത്ത് ചെറു മത്സരങ്ങള്‍ക്ക് റഫറിയായും അനൗണ്‍സറായും ഈ നഗരത്തില്‍ ഒറ്റയ്ക്ക് കഴിഞ്ഞു പോന്നു. അദ്ദേഹം ഓരോ വരവിലും എനിക്ക് പ്രായത്തിനനുസരിച്ച് പല നിറത്തിലുള്ള ബോക്‌സിംഗ് ഗ്ലൗസുകള്‍ സമ്മാനിച്ചു. എന്റെ അടിസ്ഥാനപഠനം അവസാനിക്കുന്ന കാലത്ത് ഞങ്ങള്‍ തക്കലയിലെ വീട് പണയം വെച്ച് ഈ നഗരത്തിലേക്ക് മാറി. ഇവിടെ വെച്ച് ഞാന്‍ 'ദത്താ'ണെന്ന സംശയമുണ്ടാകുന്ന സന്ദര്‍ഭങ്ങളിളൊക്കെ വീട്ടില്‍ നിന്നും ഒളിച്ചോടിപ്പോയി. പത്തൊന്‍പതാം വയസ്സില്‍ ഒരുപ്രാദേശിക ക്ലബ് മത്സരത്തില്‍ പതിവിലേറെ അക്രമാസക്തനായ എന്റെ പെരുമാറ്റം കണ്ടു ഭയന്ന ഇളയച്ഛന്‍ പിറ്റേന്നുതന്നെ വീട്ടില്‍ നിന്നും മാറി താമസിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ എനിക്കുണ്ടായ അസാധാരണമായ അനുഭവങ്ങളെക്കുറിച്ചൊക്കെ ഇളയച്ഛനോട് പറയാന്‍ ആദ്യം ഉറപ്പിച്ചെങ്കിലും ഇനിയതൊരിക്കലും ആവര്‍ത്തിക്കാന്‍ ഇടയില്ലെന്ന തോന്നല്‍ അത് സ്വകാര്യമായി വെക്കാന്‍ പ്രേരിപ്പിച്ചു. രഹസ്യത്തിന്റെ മാസ്മരികതയേക്കാള്‍ ഒളിഞ്ഞുനോട്ടം നല്‍കുന്ന നീചമായ ഹരമാണ് ആ അനുഭവത്തിലേക്ക് തന്നെ കൂടുതല്‍ ആകര്‍ഷിച്ചത് എന്ന ചിന്ത എന്നില്‍ കുറ്റബോധം നിറച്ചുവെങ്കിലും പിന്നെയും പുതിയ ദൃഷ്ടാന്തങ്ങള്‍ക്ക് ഞാന്‍ കാതോര്‍ത്തിരുന്നു. വരാനിരിക്കുന്ന മത്സരത്തിന്റെ ഉത്ക്കണ്ഠയും കഴിഞ്ഞ മത്സരം ഏല്‍പിച്ച ക്ഷതങ്ങളും തുടര്‍ച്ചയായ ഏകാന്തവാസവും തന്റെ മനോനിലയില്‍ സാരമായ പരിക്കുകള്‍ സൃഷ്ടിച്ചു തുടങ്ങിയിരിക്കാം എന്നാലോചിച്ച് അന്നത്തെ പകല്‍ കഴിച്ചുകൂട്ടി. 

 

...................................................................................

'കുഞ്ഞേ, വേഗം വളര്. ഇവളിലെ നീര് വലിച്ചുകുടിച്ച്, അറുത്ത് നീക്കാന്‍ പറ്റാത്ത വിധം ഇവളുടെ അടിവയറ്റില്‍ വ്യാപിക്ക്. നിനക്ക് ജീവിക്കേണ്ടേ ?''

Image Courtesy: David Wagner/ Pixabay 

 

രാത്രിയായിട്ടും നിര്‍ത്താതെ പെയ്യുന്ന മഴ കണ്ടപ്പോള്‍ മഴമേഘങ്ങള്‍ ഈ വര്‍ഷത്തില്‍ ഏറ്റവും മോശമായി കൈകാര്യം ചെയ്ത ദിവസമാണ് ഇന്ന് കടന്നു പോയതെന്ന് തോന്നി. പുലര്‍ച്ചെ ദാഹിച്ച് ഉണരുമ്പോള്‍ കട്ടിലിന്‍ ചുവട്ടില്‍നിന്നും ആ സ്ത്രീയുടെ അവ്യക്തമായ ശബ്ദം കേട്ടു.ശബ്ദം കൂടുതല്‍ തെളിഞ്ഞു വന്നപ്പോള്‍ അവള്‍ പുരുഷനോട് സംസാരിക്കുകയായിരുന്നു,

''സൌഹൃദ മത്സരത്തില്‍ ഇത്ര വാശി കാണിക്കുന്നതെന്തിന്? രണ്ടു റൗണ്ട് കഴിഞ്ഞാല്‍ തോറ്റുകൊടുത്തൂടെ? നോക്ക്, നിന്റെ മൂക്കില്‍ നിന്നും ചോരയൊഴുകുന്നത് നില്‍ക്കുന്നില്ല. ഈ ആഴ്ചയില്‍ ഇത് രണ്ടാമത്തെ തവണയാണ്. ഈയിടെയായി ഈ മുറിക്ക് എപ്പോഴും ചോരയുടെ മണമാണ്.''

''ഫെഡറേഷന്റെ വിലക്ക് തീരാന്‍ ഇനിയും സമയം എടുക്കും. ഈ അതിക്രമം ഒക്കെ കാണിക്കുന്നത് കൊണ്ടാണ് സൗഹൃദമത്സരങ്ങളിലെങ്കിലും അവസരം കിട്ടുന്നത്. അതു പോട്ടെ, ഗൈനക്കോളജിസ്റ്റിനെ കണ്ടിട്ട്?''.

''ഫീറ്റസിന്റെ ഗ്രോത്ത് വെച്ചിട്ട് ഇപ്പൊഴേ വൈകി. ഇനിയും താമസിച്ചാല്‍ വെട്ടിപ്പൊളിച്ചെടുക്കണം. ചിലപ്പോള്‍ അതോടെ ഞാനുമങ്ങ് മച്ചിയായി ഒതുങ്ങാനും മതി. ഹെല്‍ത്തി സൊല്യുഷന്‍ പ്രസവിക്കുക തന്നെയാണത്രേ.''

''അങ്ങനെയല്ലേ നമ്മളും തീരുമാനിച്ചത്?''

''അതെ. പക്ഷെ, അതിനു മുന്‍പൊക്കെ തന്നെ റിങ്ങില്‍ വെച്ചു നീ കൊല്ലപ്പെടും. ഈ സമയത്ത് കാണുന്ന സ്വപ്നങ്ങളൊക്കെ സൂചനകളാണ്. അങ്ങനെ വരുമ്പോള്‍ സ്‌നേഹമില്ലാത്ത രതിയില്‍ നിന്നും പിറവിയെടുക്കാനിരിക്കുന്ന ഈ കുഞ്ഞ് നിന്നെ ഒരിക്കലും അറിയില്ല, അത്രയും നല്ലത്. നീ കൂടെയില്ലെന്ന് ഉറപ്പായാല്‍ ചിലപ്പോള്‍ ഞാനിതിനെ ഉടച്ചു കളയുമായിരിക്കും.''

അയാള്‍ തിടുക്കത്തില്‍ ഗ്ലൗസ് എടുത്തണിയുന്നതിന്റെ ശബ്ദം, അവള്‍ അലറിക്കരയാന്‍ ശ്രമിച്ച് ശബ്ദം പുറത്തുവരാതെ തേങ്ങി ചുമരിലേക്ക് ചേര്‍ന്നുപറ്റി നിന്നു. അയാള്‍ തന്റെ അങ്ങേയറ്റത്തെ  കരുത്തോടെ അവളുടെ മുഖത്തിനരികിലെ ചുവരില്‍ ഇടിച്ചിരിക്കണം. വലിയ പാളി സിമന്റു നിലത്തു വീണു ചിന്നി. ബോധം നശിച്ചു ചുമരിലൂടെ പതിയെ ഊര്‍ന്നുവീണ അവളുടെ ശരീരം അയാള്‍ എടുത്തുയര്‍ത്തി. കിടക്കയമരുന്ന ശബ്ദം, ഗ്ലൗസ് ഇട്ട മുഷ്ടിയുടെ പിന്‍ഭാഗം മുഴച്ച അടിവയറ്റില്‍ തലോടിക്കൊണ്ടിരുന്നു. കാതോര്‍ത്തിരുന്നു, നിശബ്ദമായ നിമിഷങ്ങള്‍ക്കൊടുവില്‍ യുവാവിന്റെ, പിതാവിന്റെ, മയമുള്ള ശബ്ദം:

''കുഞ്ഞേ, വേഗം വളര്. ഇവളിലെ നീര് വലിച്ചുകുടിച്ച്, അറുത്ത് നീക്കാന്‍ പറ്റാത്ത വിധം ഇവളുടെ അടിവയറ്റില്‍ വ്യാപിക്ക്. നിനക്ക് ജീവിക്കേണ്ടേ ?''

പിതാവ് തന്റെ കുഞ്ഞിനു നല്‍കുന്ന നിര്‍ദേശത്തെക്കാളേറെ ഒരേ ചരിത്രം പങ്കുവെക്കുന്ന കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയമായിരുന്നു അത്. അതുകൊണ്ടുതന്നെ ആ വാക്കുകളിലെ ആശയത്തേക്കാള്‍ അത് ഉച്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന താളത്തിനായിരുന്നു പ്രസക്തി. അയാള്‍ അതെത്രതവണ ആവര്‍ത്തിച്ചിരിക്കുമെന്നു ഓര്‍മ്മയില്ല. രാത്രിയില്‍ പാതി മയക്കത്തിലും ഇടയ്ക്കുള്ള ഉണര്‍ച്ചകളിലും ഒരു പ്രാര്‍ത്ഥന പോലെ ഞാന്‍ ആ വരി കേട്ടുകൊണ്ടേയിരുന്നു. അന്ന് സ്വപ്‌നത്തില്‍ ഉറ പൊഴിച്ച് ഇഴഞ്ഞു പോകുന്ന കറുത്തു തിളങ്ങുന്ന സര്‍പ്പത്തെ കണ്ടു. ആ സ്വപ്നത്തിനു ശേഷം എന്റെ ശരീരം ഏതോ രാസമാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുന്നതു പോലെ അനുഭവപ്പെട്ടു.   

പിറ്റേന്ന് ഉണര്‍ന്നത് എത്രയോ കാലത്തിനു ശേഷമുള്ള ഒരു ദിവസത്തിലേക്കാണെന്ന് തോന്നി. പ്രഭാതം മഴയില്‍ കുതിര്‍ന്നിരുന്നു . ആയാസമായി എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം ശരീരം കടയുന്നുണ്ടായിരുന്നു. എന്റെ പ്രായത്തിനു പതിവില്ലാത്തവിധം ഞാന്‍ കിതച്ചുകൊണ്ടിരുന്നു. അശാന്തമായ ഒരു ദിവസം കൂടി തുടങ്ങാന്‍ പോകുന്നതിന്റെ നിരാശയില്‍ ഫൈനലില്‍ പങ്കെടുക്കാതെ നഗരം വിടുന്നതിനെക്കുറിച്ച് ആലോചിച്ചു ഞാന്‍ വെറുതെയിരുന്നു.അകലെ ചുവരില്‍, അച്ഛന്‍ ഫ്രെയിം ചെയ്യിപ്പിച്ച, കണ്ണുകളടച്ചിരിക്കുന്ന ബില്ലി കോളിന്‍സ് ജൂനിയറിന്റെ,വേദനയൂറുന്ന ചിത്രം ആണിയില്‍ കിടന്നാടി. നിയമം അനുശാസിക്കുന്നതിലും നേര്‍ത്ത ഗ്ലൗസ് ധരിച്ചു മത്സരിച്ച എതിരാളിയുടെ ഇടിയിലാണ് ബില്ലിയുടെ കാഴ്ച നഷ്ടപ്പെടുന്നത്. ബോക്‌സിംഗില്‍ നിന്നും വിരമിച്ച്, ഒരു ജോലിയിലും ഉറച്ചു നില്‍ക്കാതെ, കടുത്തഅപകര്‍ഷതാബോധത്തില്‍ ജീവിച്ച്, പരാജയപ്പെട്ട ദാമ്പത്യത്തില്‍ കുരുങ്ങി, അളവില്ലാതെ മദ്യപിച്ച്, ഒടുക്കംആത്മഹത്യ ചെയ്ത ബില്ലിയെ ഇളയച്ഛന് പക്ഷെ വെറുപ്പായിരുന്നു. ഇളകിയാടുന്ന ചിത്രത്തില്‍ നിന്നും പൊടുന്നനെ രാക്ഷസീയമായ ചിരി കേട്ട് നടുങ്ങി.

''നീയുറങ്ങുമ്പോള്‍ ഞാനെന്നും ഇവന് സ്വന്തം അമ്മയെ വധിച്ച പരശുരാമന്റെ കഥ പറഞ്ഞു കൊടുക്കാറുണ്ട്!''

ഇനിയും ഉരുവം കൊള്ളാത്ത തലച്ചോറിലേക്ക് വളരാനുള്ള ആഹ്വാനം വിനിമയം ചെയ്ത് അതിനെ ജീവിപ്പിച്ചു നിര്‍ത്താന്‍ ശ്രമിക്കുമ്പോഴും ആ പിതാവില്‍ ക്രൂരത തലവെട്ടി അലറുന്നുണ്ടായിരുന്നു.

''കഷ്ടം! ഞാന്‍ അറിയാറുണ്ട്. അവനെന്റെ ശരീരത്തില്‍ വളരുന്നിടത്തോളം ഞങ്ങള്‍ ചിന്തിക്കുന്നത് ഒരേ തലച്ചോറുകൊണ്ടാണ്.''

ഞാനിത്രനാളും കേട്ട ചുവര്‍ സീല്‍കാരങ്ങളില്‍ എനിക്ക് ഏറ്റവുംപ്രിയപ്പെട്ട വരി അതായിരുന്നു. ഞാന്‍ ജനിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ മരിച്ച എന്റെ അമ്മയെ, വിമലാ അക്കച്ചിയെ, കേള്‍ക്കുന്നത് പോലെ തോന്നിയ ആ നിമിഷം വേഗം കടന്നു പോയി. ആണിയിളകി ബില്ലിയുടെ ചിത്രം പൊടുന്നനെ നിലത്തു വീണു ചിന്നി. 
അന്ന് മഴ തോര്‍ന്നകന്ന രാത്രിയില്‍ റെയില്‍വേ ട്രാക്കിന് സമാന്തരമായി പോകുന്ന നിരത്തിലൂടെ ജോഗിങ്ങിന് ഇറങ്ങി. അധികം എത്തുന്നതിനു മുന്‍പ് പടികളില്‍ കൊഴിചോരയുടെ കറവീണ ത്രിശൂലങ്ങള്‍ കുത്തി നിര്‍ത്തിയ കോവിലിനു മുന്നില്‍നിന്നു ഞാന്‍ കിതച്ചു. പതിയെ ശരീരം തളരുന്നത് പോലെ തോന്നി, നാവുവരളുന്നു. പതിവില്ലാത്ത വിധം ശരീരം തണുത്തു വിളറി, ഉള്ളം കൈയ്യില്‍ വല്ലാത്ത പരുപരുപ്പ്. വഴിവിളക്കിന്റെ സ്വര്‍ണ്ണവെളിച്ചത്തില്‍ കണ്ടു, കൈത്തണ്ടയിലെ തൊലിയില്‍ ചുളിവുകള്‍! സംഭ്രമം അടക്കാന്‍ കഴിയാതെ തിരിച്ചുള്ള വഴിയിലൂടെ കിതച്ചുകൊണ്ട് ഓടി. പൊടുന്നനെ തലയ്ക്കു പിന്നിലെ ഇരുട്ടില്‍ നിന്നും കൂട് തുറന്നു പുറത്തെടുക്കുന്ന പുതിയ ബോക്‌സിംഗ് ഗ്ലൗസിന്റെ കൊതിപ്പിക്കുന്ന ഗന്ധം അനുഭവപ്പെട്ടു. ചെവിയോര്‍ത്തപ്പോള്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള സംസാരം വ്യക്തമായി. 

''തല വേദനയുണ്ട്, കാലത്തു മുതല്‍. ബോധം മറയുന്നത് പോലെ.''

''മത്സരം നാളത്തേക്ക് മാറ്റാന്‍ ചോദിച്ചു നോക്ക്.''

''ഫെഡറേഷന്‍ സമ്മതിച്ചാലും മാര്‍ക്കോവിന്റെ ബെറ്റിംഗ് കമ്പനി സമ്മതിക്കില്ല. അത്‌പോട്ടെ, നീയിന്നലെ കണ്ട സ്വപ്നത്തെ കുറിച്ച് മുഴുവന്‍ പറഞ്ഞില്ല.''

''ഗര്‍ഭകാലത്ത് അങ്ങനെ കഥയില്ലാത്ത സ്വപ്നങ്ങള്‍ കാണുന്നത് പതിവല്ലേ?''

''കഥയില്ലാത്ത സ്വപ്നങ്ങളല്ലല്ലോ, ഭാവി പ്രവചിക്കുകയല്ലേ? തലയിലേക്കുള്ള ഞരമ്പ് നുറുങ്ങി ഞാന്‍ റിങ്ങില്‍ വെച്ച് കുഴഞ്ഞുവീണിട്ട്...''

അയാള്‍ അകാരണമായ ക്ഷോഭത്താല്‍ കിതച്ചു. പിന്നെ തളര്‍ന്നു അവള്‍ക്കരികില്‍ നിലത്തിരുന്നു.

''ഈ കലി അടക്കാന്‍ ഞാന്‍ എത്ര വട്ടം പറഞ്ഞിട്ടുണ്ട്? റിങ്ങില്‍ വെച്ച് കാണിക്കുന്നത് പോട്ടെ, ഇതിപ്പോ നമ്മുടെ കുഞ്ഞിനു കേള്‍ക്കാം നിന്നെ.''

അയാളുടെ ശബ്ദം ഇടറിയിരുന്നു, ''നമ്മുടെ കുഞ്ഞ്! പൊടി പരുവത്തില്‍ നിന്നും വളര്‍ന്നിത്രയും എത്തുന്നതു വരെ ഇവന്‍ മരണത്തെ അതിജീവിച്ചു കടന്നു കൂടിയത് സ്വയം വളര്‍ന്നിട്ടാണ്. ജീവനോടെ പിറക്കുകയാണേല്‍ മരണത്തിനെ സമരം ചെയ്തു തോല്‍പ്പിച്ച് വന്ന ഇവനെ നീ സമരന്‍ എന്ന് വിളിക്കണം.''

എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് തക്കലയിലെ വീടിന്റെ ചുവരില്‍ തൂകിയിട്ടിരുന്നആ പഴയ നിശ്ചലചിത്രത്തിലെ ഇളയച്ഛന്റെ കൂടെ നില്‍ക്കുന്ന പരുക്കന്‍ യുവാവിന്റെ, റിങസ്റ്റര്‍ ഗണപതിയുടെ, അച്ഛന്റെ, രൂപവുമായി ആ പുരുഷ ശബ്ദം ഞാന്‍ഒത്തു നോക്കിത്തുടങ്ങി. എനിക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കേട്ടുകൊണ്ടിരിക്കുന്ന സംഭാഷണങ്ങള്‍ ഞാന്‍ ഭ്രൂണാവസ്ഥയില്‍ അമ്മയുടെ ഉദരച്ചുവരുകളില്‍ നിന്നും അവ്യക്തമായി കേട്ട ശബ്ദങ്ങള്‍ തന്നെയാവണം. അവ അബോധ മനസ്സില്‍ നിന്നും ഓര്‍ത്തെടുത്ത് അര്‍ത്ഥം മനസ്സിലാക്കി തിരിച്ചറിവുകളില്‍ എത്തുന്ന പ്രക്രിയയാണ് എന്നില്‍ ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നതെന്ന് എനിക്ക് തോന്നി.

അണച്ചു കൊണ്ട് കെട്ടിടത്തിന്റെ മുറ്റത്തേക്ക് കയറി. പൂമുഖത്ത് തൂക്കിയിട്ട സീയെഫെല്‍ വിളക്ക് അടുത്തേക്ക് പിടിച്ച് ഷര്‍ട്ടഴിച്ചു നോക്കി. ശരീരം മുഴുവന്‍ വരണ്ട് ചുളിവുകള്‍ വീണിട്ടുണ്ട്, നെഞ്ചിലെ രോമങ്ങളില്‍ ഇടയ്ക്ക് വെള്ളിനാരുകള്‍! ജാലകത്തില്‍ പ്രതിഫലിച്ച എന്റെ രൂപം സൂക്ഷിച്ചു നോക്കി. 

എന്റെ ഛായയുള്ള, മുടിനരച്ചു തുടങ്ങിയ, ഒരു മധ്യവയസ്‌കന്റെ മുഖം! 

കാണുന്നത് എന്നെത്തന്നെയാണെന്ന് ഉറപ്പിക്കാന്‍ പലപ്പോഴായി റിങ്ങില്‍ വെച്ച് കിട്ടിയ ഉണങ്ങിയ പരിക്കുകളില്‍ അധീരതയോടെ വിരലോടിച്ചു. മണിക്കൂറുകളായി തലച്ചോറില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന താളം ശ്രദ്ധിക്കുമ്പോള്‍ വാക്കുകള്‍ വ്യക്തമാവുന്നു,

''കുഞ്ഞേ, വേഗംവളര്. ഇവളിലെ നീര് വലിച്ചുകുടിച്ച്, അറുത്ത് നീക്കാന്‍ പറ്റാത്ത വിധം ഇവളുടെ അടിവയറ്റില്‍ വ്യാപിക്ക്. നിനക്ക് ജീവിക്കേണ്ടേ ?''

 

...................................................................................

'ഫൈറ്റില്‍ നിന്നുള്ള ഹെമോറെജ് ആണത്രേ മരണകാരണം. മത്സരം തുടങ്ങുമ്പോഴേ അയാള്‍ തലവേദനയുണ്ടെന്നു പരാതി പറഞ്ഞിരുന്നു.''

Image Courtesy: Pixabay 

 

തലച്ചോറില്‍ നിന്നും പ്രസരിക്കുന്ന വളരാനുള്ള ആഹ്വാനം സ്വീകരിച്ച് അച്ചടക്കമില്ലാതെ എന്റെ ശരീരം കിഴവിലേക്ക് വളരുകയാണെന്ന തിരിച്ചറിവ് എന്നെ കരയിച്ചു. പൊടുന്നനെ മൊബൈല്‍ വിറച്ചു, ഇളയച്ഛനാണ്. 

''നീ വീട്ടിലുണ്ടോ ?''

''ഉവ്വ്''

''നീ തീര്‍ന്നെടാ സമരാ. ടി വി വെച്ച് നോക്ക്. സെമിയില്‍ നീയിടിച്ചിട്ട ഹോമര്‍ ഗാന്ധി പോയി. ഇന്നലെ വൈകുന്നേരം ഹോട്ടലില്‍ വെച്ച് കൊളാപ്‌സ് ആയി, ആശുപത്രിയില്‍ എത്തുമ്പൊഴേക്കും കഴിഞ്ഞു.''

''പെട്ടന്നിങ്ങനെ വരാനിപ്പോ...'' എന്റെ ശബ്ദം ഘനം നഷ്ടപ്പെട്ട് കരകരത്തു പോയിരുന്നു.

''ഫൈറ്റില്‍ നിന്നുള്ള ഹെമോറെജ് ആണത്രേ മരണകാരണം. മത്സരം തുടങ്ങുമ്പോഴേ അയാള്‍ തലവേദനയുണ്ടെന്നു പരാതി പറഞ്ഞിരുന്നു.''

''അവനു വീട്ടിലാരുണ്ട് ?''

''ഭാര്യ മാത്രം, അതും എട്ടുമാസം ഗര്‍ഭിണി! അന്ന് ഗാലറിയിലൊണ്ടാരുന്നു. ഹോമര്‍ വീണപ്പോള്‍ നിന്നെ കാപ്പിക്കുരുവിനെറിഞ്ഞ സ്ത്രീയെ ഓര്‍ക്കുന്നോ? അവരൊരുപറ്റം വളര്‍ത്തുപക്ഷികളുമായിട്ടാണ് അന്നുമത്സരത്തിനു വന്നത്.''

''ഓര്‍മ്മയുണ്ട്.ഞാനിപ്പോള്‍ എന്താണ് വേണ്ടത്?''

''പെട്ടെന്നൊന്നും തോന്നുന്നില്ല, അഡ്വക്കേറ്റുമായി ആലോചിച്ചിട്ട് ഞാന്‍ വിളിക്കാം. മത്സരശേഷം എടുത്ത ഹോമറിന്റെ ഹെല്‍ത്ത് റിപ്പോര്‍ട്ട് ചാനലില്‍ കാണിക്കുന്നുണ്ട്. അതുവെച്ച് നിനക്കെതിരെ മാന്‍സ്ലോട്ടറിനു കേസെടുക്കാന്‍ വരെ വകുപ്പ് ...''

പറഞ്ഞു തീരുന്നതിനു മുന്‍പ് ഞാന്‍ കോള്‍ ഡിസ്‌കണക്റ്റ് ചെയ്തു, എനിക്കല്‍പ്പനേരം ഒറ്റക്കിരിരുന്നു കരയണമായിരുന്നു.

ഉറക്കെ ശ്വസിക്കുമ്പോള്‍ കാപ്പിയുടെ കടുത്ത ഗന്ധം അനുഭവപ്പെട്ടു. ചുവരിലൂടെ അരിച്ചു പോകുന്ന ഉറുമ്പുവരികള്‍ ഉജ്ജ്വലമായ ശരീരാകൃതികളായി രൂപപ്പെട്ടുവന്നു. നിറങ്ങള്‍ പടര്‍ന്ന് പതിയെ അവ മിഴിവുള്ള ചിത്രങ്ങളായി. കഴിഞ്ഞ ദിവസങ്ങളിലായി എന്റെ തലച്ചോറില്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ വ്യക്തതയുള്ള മുഖങ്ങളായി എനിക്ക് മുമ്പിലെ ചുവരില്‍ തെളിഞ്ഞു. അതില്‍ ഹോമര്‍ തന്റെ ഭാര്യയുടെ മടിയില്‍, അവളുടെ ഉദരത്തിലെ അനക്കങ്ങള്‍ ശ്രദ്ധിച്ചു, കിടക്കുകയായിരുന്നു. ക്ഷോഭമടങ്ങിയ അയാളുടെ മുഖത്ത് ചെറിയ ചിരി വിടര്‍ന്നിരുന്നു. 

''മത്സരത്തിനു മുമ്പേ ആരും അറിയാതെ നമുക്കീ മൂന്നാം നിലയിലെ മുറി വിടാം, ഈ നഗരം വിടാം ?'' അവള്‍ അയാളുടെ മുടിയില്‍ തലോടി.

''മാര്‍ക്കൊവിന്റെ ബെറ്റിംഗ് കമ്പനിയെ ചതിച്ചിട്ടോ? തെരുവിനെക്കാള്‍ മരിക്കാന്‍ നല്ലയിടം കളിക്കളമാണ്! ബോക്‌സിംഗ് റിങ്ങില്‍ വെച്ച് എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ തന്നെ നിനക്ക് ആര്‍ഭാടപൂര്‍വ്വം പ്രസവിക്കാനുള്ള തുക നഷ്ടപരിഹാരമായി കിട്ടും.'' അയാള്‍ മടിയില്‍ നിന്നും തലയുയര്‍ത്തി കൃത്രിമമായി ചിരിച്ചു.

''ഹോമര്‍, നീയെന്തിനീ മരണത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. ബോക്‌സിംഗ് മത്സരം അവസാനിക്കുന്നത് തോല്‍വിയിലാണ്, മരണത്തിലല്ല.''

''ലഹരി ഉപയോഗിച്ചതിനു പലവട്ടം പുറത്തിരിക്കേണ്ടി വന്ന ഒരുത്തനാണ് ഇന്നത്തെ എന്റെ എതിരാളി, പ്രതിയോഗി തോറ്റുവെന്നറിഞ്ഞാലും നിര്‍ത്താതെ പീഡനങ്ങള്‍ അഴിച്ചു വിടുന്ന മനോരോഗി, സമരന്‍ ഗണപതി! പക്ഷെ ആ പേര് കേള്‍ക്കുന്നതിനു മുന്‍പേതന്നെ നമ്മുടെ കുഞ്ഞിനിടാന്‍ ഞാനാ പേര് കരുതി വെച്ചിരുന്നു.''

പുറകില്‍ നിന്നും പൊടുന്നനെ പാറി വന്ന ഊതവര്‍ണ്ണത്തില്‍ ഉച്ചിപൂവുള്ള പക്ഷികള്‍ സമൃദ്ധമായ അയാളുടെ തോളിലും രോമാവൃതമായ നെഞ്ചിലും തത്തിക്കളിച്ചു. കാപ്പിക്കുരുവും ധാന്യമണികളും ഉള്ളംകൈയില്‍ നിറച്ചെടുത്ത് അയാള്‍ അവയെ തീറ്റിച്ചു കൊണ്ടിരുന്നു.

''നിനക്ക് പ്രിയപ്പെട്ട എല്ലാം, ഞാനും എന്റെ ഉള്ളില്‍ വളര്‍ന്നു മുറ്റിയ നമ്മുടെ കുഞ്ഞും നിന്റെ വളര്‍ത്തുപക്ഷികളും, എല്ലാം നിനക്ക് ചുറ്റും ഇന്ന് ഗാലറിയില്‍ ഉണ്ടാകും. അതൊക്കെ അങ്ങനെ കാഴ്ചയില്‍ തങ്ങി നില്‍ക്കുമ്പോള്‍ നിനക്ക് തോല്‍ക്കാന്‍ കഴിയില്ല.'' അവളുടെ മുഖം കരഞ്ഞു ചുവന്നിരുന്നു.

ഹോമര്‍ അവളുടെ നെറ്റിയില്‍ ചുണ്ടമര്‍ത്തി, പൊടുന്നനെ എന്റെ കാഴ്ചയ്ക്ക് മങ്ങല്‍ അനുഭവപ്പെട്ടു. ഒരു പാടയ്ക്കപ്പുറം എന്റെ ദൃഷ്ടി ഉറയ്ക്കുന്നുണ്ടായിരുന്നില്ല. കണ്ണുകളടച്ചു കിടന്നു. മത്സരാന്ത്യത്തില്‍ മുഷ്ടി ദൂരത്തില്‍ ഞാനറിഞ്ഞ ഹോമറിന്റെ അലര്‍ച്ച അപ്പോഴെനിക്ക് വ്യക്തമായി കേള്‍ക്കാം. അതില്‍ പോറലെല്‍പ്പിച്ചുകൊണ്ട് തന്റെ കുരുന്നിനോട് വളരാനുള്ള വരി ഹോമര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പതിയെ ശബ്ദങ്ങള്‍ അവ്യക്തമാവുന്നു, താളം മാത്രം നിലനില്‍ക്കുന്നു. വര്‍ഷങ്ങളെടുത്ത്, ജീവിത സന്ദര്‍ഭങ്ങള്‍ മുഴുവന്‍ കണക്കറ്റ് ആസ്വദിച്ച്, ഞാനറിയാതെ എന്നില്‍ പ്രവര്‍ത്തിക്കേണ്ടിയിരുന്ന വാര്‍ദ്ധക്യം എന്റെ ജൈവകോശങ്ങളില്‍ അനുനിമിഷം തിരുത്തലുകള്‍ നടത്തിക്കൊണ്ടിരുന്നു.

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

click me!