വാക്കുല്‍സവത്തില്‍ ഇന്ന് വി മുസഫര്‍ അഹമ്മദിന്റെ കവിത. പൊതിക്കെട്ടുകള്‍
കവിതയുടെ ചിറകുള്ളൊരു പക്ഷി, നിത്യജീവിതത്തിന്റെ കാറ്റുവരവുകളില്‍, സ്വപ്‌നത്തിലെന്നോണം പറന്നുപറ്റുന്ന പല കരകളാണ് വി മുസഫര്‍ അഹമ്മദിന്റെ എഴുത്തുകള്‍. ചിറകാണ്, അതിനെ പല കരകളിലേക്ക് കൊണ്ടിടുന്നത്. സ്വപ്‌നമാണ് വഴി കാട്ടുന്നത്. ദേശാടനത്താല്‍ വീതംവെക്കപ്പെട്ട അനുഭവങ്ങളാണ് ആവിഷ്‌കരിക്കപ്പെടുന്നത്. കവിതയാണ് അതിന്റെ ആയം, ഭാഷയും.
സഞ്ചാരത്തിന്റെ, മാധ്യമപ്രവര്‍ത്തനത്തിന്റെ, എഴുത്തിന്റെ, വായനയുടെ, സംഗീതത്തിന്റെ, സിനിമയുടെ, രാഷ്ട്രീയത്തിന്റെ, ചിന്തയുടെ പല കരകളില്‍ നിരന്തര ദേശാടനത്തിന് കരുതിവെക്കപ്പെട്ട ഒരാള്‍ക്ക് സഹജീവികളോട് പങ്കുവെക്കാനുള്ള നിശ്വാസങ്ങളാണത്. യാത്രാവിവരണമായാലും ലേഖനമായാലും ഫിക്ഷനായാലും പ്രഭാഷണമായാലും ഫീച്ചറെഴുത്തോ റിപ്പോര്‍ട്ടോ പഠനമോ ആയാലും മുസഫറിന്റെ ഭാഷ കവിത തന്നെയാണ്. ചെന്നുപെടുന്ന കരകളുടെ കൈരേഖ വായിക്കാനും സഹജീവികളോട് അത് പങ്കുവെയ്ക്കാനും അടിസ്ഥാനപരമായി അയാള്‍ കൊണ്ടുനടക്കുന്ന ഉപാധി.
അതിര്‍ത്തികളും ദേശരാഷ്ട്രങ്ങളും മുറിച്ചുകടന്ന് അവിചാരിതമായി മറുകര തൊട്ട പൊതിക്കെട്ടുകളെക്കുറിച്ചാണ് ഈ കവിത. ഇന്ത്യയ്ക്കും പാക്കിസ്താനുമിടയില്‍ മതവും രാഷ്ട്രീയവും ചരിത്രവുമെല്ലാം ചേര്‍ന്ന് പാകിയിട്ട വെറിയുടെയും വൈരത്തിന്റെയും സന്ദേഹങ്ങളുടെയും അപരിചിതത്വത്തിന്റെയും കുഴിബോംബുകള്‍ മുറിച്ചുകടന്ന് യാത്ര ചെയ്യുന്ന ആ പൊതിക്കെട്ടുകള്‍ പൗരത്വത്തെയും കുടിയേറ്റത്തെയും നിയമങ്ങളെയും കുറിച്ചുള്ള നമ്മുടെ ധാരണകള്‍ കൂടിയാണ് കവച്ചുകടക്കുന്നത്. 2006ല്‍ എഴുതിയ ഈ കവിത പുതിയ സാഹചര്യങ്ങളില്‍ കൈവിട്ട പറക്കലായി മാറുന്നു.
പൊതിക്കെട്ടുകള്‍
കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍
എന്നോടൊപ്പം സഞ്ചരിക്കേണ്ടിയിരുന്ന
എന്റെ പൊതിക്കെട്ടുകള്‍
എങ്ങിനെയോ ദിശമാറി
കറാച്ചി വിമാനത്തിന്റെ
ലഗേജറയില്‍ ചെന്നു വീണു.
കുട്ടികള്‍ക്കുള്ള ഉടുപ്പുകള്‍
അച്ഛനും അമ്മക്കുമുള്ള കണ്ണട ഫ്രെയിമുകള്‍
ഭാര്യക്ക്് വാങ്ങിച്ച സ്വര്‍ണ്ണ നിറമുള്ള വാച്ച്
അനുജന് പ്രിയംകരമാം ഡിജിറ്റല്‍ ഡയറി
അനുജത്തിയുടെ പുതിയ വീടിനുള്ള വാതില്‍പ്പൂട്ടുകള്‍
എല്ലാം ആ പൊതിക്കെട്ടുകളിലായിരുന്നു.
ഞൊടിയിടയില്‍ എന്റെ പൊതിക്കെട്ടുകള്‍
പൗരത്വം പോലും നഷ്ടപ്പെട്ട അനധികൃത കുടിയേറ്റക്കാരായി.
വാഗ മുറിച്ചല്ല, ചെങ്കടലിനു മീതെ പറന്ന്
മരുഭൂമികളും പീഠഭൂമികളും കടന്ന്
കറാച്ചി വിമാനത്താവളത്തിന്റെ എക്സിറ്റ് ലോബിയില്‍
ഷെര്‍വാണിയും കുര്‍ത്തയും സല്‍വാറും കമ്മീസും ധരിച്ച്
ഉറുദുവില്‍ കലപില പറഞ്ഞ് നടക്കുന്ന സ്ത്രീപുരുഷന്‍മാരെ കണ്ട്
അതേത് നാട് എന്നവ അമ്പരന്നിരിക്കണം.
കടയില്‍ നിന്നും വാങ്ങിയ നാള്‍ മുതല്‍
അവ എന്റെ സംസാരം മാത്രമേ കേട്ടിരുന്നുള്ളൂ.
പൊതിക്കെട്ടുകളും സമ്മാനങ്ങളും അചേതനങ്ങളെങ്കിലും
കാത്തിരിക്കുന്നവരുടെ മിടിപ്പുകളില്‍
കോരിത്തരിച്ചാണ് അവ ജീവിക്കുന്നത്.
അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞു തരൂ
എങ്ങിനെയാണ് ഒരു വാച്ച് നടക്കുന്നത്?
കുഞ്ഞുടുപ്പുകള്‍ ഇളം ചിരിയോടെ മലര്‍ന്നു കിടക്കുന്നത്?
കാര്‍ഗിലില്‍ വലത്തേ തുടയിലും
സിയാച്ചിനില്‍ ഇടതു ചെവിയിലും
വെടിയേറ്റ് ജീവനോടെ തിരിച്ചു വന്ന ഒരച്ഛന്റെ മകനാണ് ഞാന്‍.
ഒരു പൊതിക്കെട്ടു നഷ്ടത്തില്‍ ഇത്രയും ഖിന്നത പാടില്ലെന്ന് ആ വിമുക്ത ഭടന്‍.
2
അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍
നിരാലയില്‍ ബഡാഖാന, കുറുക്കിയ പായ,
ദാലും റൊട്ടിയും, മഞ്ഞയും വെളുപ്പും കലര്‍ന്ന ബിരിയാണി
ആവി പറക്കുന്ന കബാബുകള്‍, മധുരവും പുളിയും സമാസമം ചേര്‍ത്ത ലെസ്സി.
അവിടെച്ചെല്ലുമ്പോള്‍ അന്നം വിളമ്പിത്തരുന്ന ആബിദ് ഹുസൈന്‍,
നാട്ടിലെല്ലാവര്‍ക്കും സുഖമല്ലേ എന്ന പതിവു ചോദ്യം ചോദിച്ച്
അടുത്ത മേശയിലേക്കു പോയി.
അയാള്‍ മടങ്ങി വന്നപ്പോള്‍ എന്റെ പൊതിക്കെട്ടു നഷ്ടത്തിന്റെ
ഭാണ്ഡം അഴിച്ചു വെച്ചു.
അതിനു മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം
അയാള്‍ വികാരഭരിതനായി.
നിന്റെ പൊതിക്കെട്ടുകള്‍ നഷ്ടപ്പെട്ടത് എന്റെ നാട്ടിലാണ്,
അവ തിരിച്ചെത്തും, ഇന്നേക്ക് ഏഴാംനാള്‍.
വാഗ തുറന്നതും പോക്കുവരവ് കൂടിയതും
ഹൃദയ മുറിവുകള്‍ തുന്നിച്ചേര്‍ക്കാനും
രക്തക്കുഴല്‍ തടസ്സങ്ങള്‍ നീക്കാനും
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ നിന്റെ നാട്ടില്‍ വന്ന്
സുഖമായി മടങ്ങിയതും
ഒന്നും നീ അറിഞ്ഞില്ലേ?
ആണവ ബോംബുകള്‍, ആയുധക്കടത്ത്,
കുഴിബോംബ് സ്ഫോടനം, വ്യാജ കറന്‍സി, ചാരപ്പെരുമഴ,
'എന്നെ തൂക്കിക്കൊന്നാല്‍' എന്ന പുസ്തകം
എല്ലാം നമുക്കു മറക്കാം.
നഷ്ടപ്പെട്ട കുഞ്ഞുടുപ്പുകള്‍ നിനക്കു ഞാന്‍ തുന്നിത്തരാം.
നിനക്കറിയുമോ യൗവ്വനത്തോളം നെയ്ത്തുകാരനായിരുന്നു ഞാന്‍.
റാട്ടില്‍ ഞാന്‍ നെയ്ത സാരികള്‍, ലുങ്കികള്‍, ഷെര്‍വാണികള്‍, പൈജാമകള്‍.
ഇന്നും പഴയ അയല്‍ക്കാര്‍ എന്നോടു പറയും
ആബിദ്, നീ ഹുസ്നാനയുടെ വിവാഹ സാരിയുടെ
ബോര്‍ഡറില്‍ കസവു തുന്നിച്ചേര്‍ക്കുമ്പോള്‍
രാജ്യം രണ്ടായി പിന്നിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന്.
പുസ്തകം മടിയില്‍വെച്ചു വായിച്ചും
കൈകളും കാലുകളും റാട്ടിന്റെ തോഴിമാരാക്കി മാറ്റിയും
അക്ഷരവും സ്നേഹവും പഠിച്ചവനാണു ഞാന്‍.
ഞാന്‍ പറയുന്നു തിരിച്ചു കിട്ടും നിന്റെ പൊതിക്കെട്ടുകള്‍.
പറഞ്ഞ പോലെ ഏഴാം നാള്‍ എന്റെ പൊതിക്കെട്ടുകള്‍
ഭദ്രമായി മടങ്ങിയെത്തി.
പൊതിക്കെട്ടിനു നടുവിലായി
രണ്ടു പതാകകള്‍ ആരോ ഒട്ടിച്ചുവെച്ചിരുന്നു.
ഇരട്ടപൗരത്വത്തിന്റെ ഗാംഭീര്യത്തോടെ
അവ, ഞങ്ങളെ സമ്മാനം നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചെത്തിക്കൂ
എന്ന മുഖഭാവവുമായി, പൂച്ചക്കുഞ്ഞുങ്ങളെപ്പോലെ
ഉരുമ്മിക്കിടന്നു.
കുറിപ്പ്:
ഗള്‍ഫില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ഒരു മലയാളിയുടെ ലഗേജ് വഴി തെറ്റി കറാച്ചിയിലേക്ക് പോയതായി പറഞ്ഞു കേട്ടിരുന്നു. സുഹുത്തും കാലിഗ്രാഫറും ചിത്രകാരനുമായ കറാച്ചി സ്വദേശി മുഹമ്മദ് അന്‍വര്‍ അന്‍സാരിയുമൊത്ത് ദീര്‍ഘമായി സംസാരിച്ചിരുന്നതിന്റെ ഓര്‍മ്മകള്‍ ഈ കവിതയില്‍ എല്ലായിടത്തും പുരണ്ടിരിക്കുന്നു. 1947നു മുമ്പ് നമ്മളൊന്നായിരുന്നുവെന്നും ഇപ്പോഴല്ലെന്നും പറയുന്നതിന്റെ യുക്തിയെന്തെന്ന് സംസാരവേളകളിലെല്ലാം അദ്ദേഹം നിഷ്‌കളങ്കമായി ചോദിക്കാറുണ്ടായിരുന്നു.
ഗള്‍ഫ് നാടുകളില്‍ പലയിടത്തും നിരാല എന്ന പേരില്‍ പാക്കിസ്ഥാന്‍ റസ്റ്റോറന്റുകളുള്ളതായി കാണുന്നു.
പായ- ആടിന്റെ എല്ലു കുറുക്കിയുണ്ടാക്കുന്ന കറി.
ദാല്‍- പരിപ്പ്.
2005-2006 കാലത്ത് പാകിസ്ഥാനില്‍ നിന്നും കുഞ്ഞുങ്ങളെ ചികില്‍സക്കായി ഇന്ത്യയിലെ ആശുപത്രികളിലേക്ക് കൊണ്ടുവരാറുണ്ടായിരുന്നു.
'എന്നെ തൂക്കിക്കൊന്നാല്‍'-സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ആത്മകഥ/ജീവചരിത്രം.
അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍
വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം