വാക്കുല്‍സവത്തില്‍ ഇന്ന് നിരഞ്ജന്‍ എഴുതിയ കവിത
ജനുവരി 26 നോട് ജനുവരി 30 ഉച്ചത്തില്‍ പറയുന്നത്. വാക്കുല്‍സവത്തില്‍ ഇന്ന് നിരഞ്ജന്‍ എഴുതിയ കവിത.
നോക്കൂ ചങ്ങാതീ..
നീ
ഒരു രാഷ്ട്രത്തിന്റെ
ഉയിര്‍പ്പുദിവസമാണല്ലോ
ഞാന്‍
അതേ രാഷ്ട്രത്തിന്റെ
പിതാവിന്റെ ഓര്‍മ്മദിവസവും
പറഞ്ഞുവരുമ്പോള്‍ നമ്മള്‍
അടുത്ത ബന്ധുക്കളാണ്
നാലു ദിവസം ദൂരത്തില്‍
അടുത്ത അയല്‍ക്കാരും
എങ്കിലും ചങ്ങാതീ
നമുക്ക് പൊതുവായി
ഒന്നുമില്ലെന്ന് പറയാന്‍
സത്യത്തില്‍ സങ്കടമുണ്ട്
ഞാന്‍ ഒരു മിനിറ്റ് നേരത്തിന്റെ
നിശ്ശബ്ദ പ്രാര്‍ത്ഥന
നീ ഒരു രാജവീഥി നിറയുന്ന
വാദ്യാരവഘോഷം
ഞാന്‍ നമ്രശിരസ്‌കമായ
ഒരു കൂപ്പുകൈ
നീ ആകാശത്തേക്കുയര്‍ത്തിയ ഒരു പീരങ്കിവിരല്‍
ഞാന്‍ കുനിഞ്ഞുകുനിഞ്ഞ്
ഒരു തോട്ടിപ്പണിക്കാരന്റെ ചൂല്‍ തിരയുമ്പോള്‍
നീ നിവര്‍ന്നുവളഞ്ഞ്
ഒരു വിമാനവ്യൂഹത്തിന്റെ വിന്യാസമാസ്വദിക്കുന്നു
അതു മാത്രമല്ല ചങ്ങാതീ
ഈയിടെയായി നമുക്കിടയില്‍
അകല്‍ച്ചയിത്തിരി കൂടുന്നുവെന്നതും
കാണാതിരിക്കാന്‍ വയ്യ
അതിനു കാരണം എന്തോ ആവട്ടെ
ഓര്‍ക്കാന്‍ വേണ്ടി പറയുകയാണ്
അമ്പേറ്റുവീണ ഒരു പക്ഷിയുടെ
കരച്ചിലില്‍ പിറന്ന കഥയിലെ
കരുണയുടെ നായകനെയാണ്
അദ്ദേഹം 'ഹേ റാം' എന്ന് വിളിച്ചത്
യുദ്ധത്തിന്റെ ദൈവത്തെയല്ല
അരുതെന്നു തുടങ്ങിയ
ഇതിഹാസത്തിന്റെ കാവ്യനീതി
അതേ രാമനെ വിളിച്ച്
അരുതെന്ന് ഒടുങ്ങിയ
ഒരു ജീവനില്‍ കാണുന്നതില്‍
ഒരുപാടര്‍ത്ഥങ്ങളുണ്ട്
വൈകുന്നേരം 5 12 ന്
എന്റെ ദിവസം ചുവപ്പിച്ച
ആ മൂന്ന് വെടിയുണ്ടകള്‍
തീര്‍ച്ചയായും
ഒരു വേട്ടക്കാരന്റേതായിരുന്നുതാനും
ഇനിയും
നിന്റെ ദിവസം
ആയുധങ്ങളാലങ്കരിക്കുമ്പോള്‍
അവയെ അഭിവാദനം ചെയ്ത്
ആകാശത്തേക്ക് നെഞ്ചുവിരിച്ചുനില്‍ക്കുമ്പോള്‍
അതെല്ലാം ഒന്ന് ഓര്‍ക്കുന്നതു നന്ന്..!
വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം