വാക്കുല്‍സവത്തില്‍ ഇന്ന് സ്മിത ഗിരീഷ് എഴുതിയ നാല് കവിതകള്‍
വൈവിധ്യങ്ങള്‍ തുളുമ്പുന്ന ആവാസ വ്യവസ്ഥയാണ് സ്മിത ഗിരീഷിന്റെ കവിതകള്‍. അത് ഒരേ ഇനം കവിതകളുടെ ഏകവിളത്തോട്ടമല്ല. പുഴുവിനും ആനയ്ക്കും ഇടമുള്ള ജൈവവൈവിധ്യങ്ങളുടെ ഇടം. ചരിത്രവും സംസ്‌കാരവും രാഷ്ട്രീയവും വൈയക്തികതയുമെല്ലാം ഇഴ കലര്‍ന്ന കവിതയുടെ വഴി. പല കാലങ്ങള്‍, പല ദേശങ്ങള്‍, പല ഭാവങ്ങള്‍, പല ആഖ്യാനങ്ങള്‍, പല പ്രമേയങ്ങള്‍. ചരിത്രത്തില്‍നിന്നും ആളുമാരവവും ഇറങ്ങി വരുന്നത് ആ കവിതകളില്‍ കാണാം. മറുദേശങ്ങളില്‍നിന്നുള്ള ദേശാടനപ്പക്ഷികളുടെ ചിറകടികള്‍ അവയില്‍ കേള്‍ക്കാം. നിത്യജീവിതത്തിലും ഓര്‍മ്മയിലും വേരുറപ്പുള്ള സങ്കടങ്ങളുടെയും ആനന്ദങ്ങളുടെയും കുസൃതികളുടെയും ഭയങ്ങളുടെയും നിസ്സംഗതയുടെയും കാറ്റുവരവുകള്‍ തൊട്ടറിയാം. പ്രമേയതലത്തില്‍ മാത്രമല്ല, ആഖ്യാനതലത്തിലും രചനാകൗശലത്തിലും ഇൗ കവിതകള്‍ മാറിനില്‍ക്കുന്നത്, അപാരമായ ഭാവവൈവിധ്യങ്ങളാലാണ്.
നിങ്ങള്‍
ഏടത്തീ,
ബെരം പുരിലെ ഒരു
തീവണ്ടി സ്‌റ്റേഷനില്‍ വെച്ച്
നിങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്...!
വഴി നേര്‍ത്തു തീരുന്ന ഒരു
നഗരത്തിന്റെ
വിജനാതിര്‍ത്തിയില്‍,
ഒറ്റയ്ക്കു പൂത്തൊരു
ചോളക്കതിര്‍ പോലെ
നിങ്ങള്‍,
കാറ്റില്‍, ഒഴുകിയൊഴുകി
വെറുതെ നിന്നിരുന്നു.
അന്ന് ഞാനൊരു കുട്ടിയായിരുന്നു
എന്റെ അമ്മയുടെ പുഞ്ചിരിക്കുന്ന
കണ്ണുകളായിരുന്നു
നിങ്ങള്‍ക്ക്.
പിന്നീട്
ചില്‍ക്കയുടെ തീരത്ത്,
തടാകത്തില്‍ ചിതറിയ
വെയില്‍ച്ചീളുകളില്‍
മരക്കൊമ്പുകളിലെ
പനങ്കാക്കകളുടെ, നിഴലുകള്‍
നോക്കിക്കുനിഞ്ഞ്,
ഇരുണ്ട കാലത്തെ കവിത പോലെ
നിങ്ങള്‍ നിശ്ചലയായി
നിന്നിരുന്നു.
അന്ന് ഞാനൊരു
യുവാവായിത്തീര്‍ന്നിരുന്നു.
അപ്പോള്‍ നിങ്ങള്‍ക്ക്,
ഏടത്തീ,
ഓര്‍മ്മയുടെ
ഓരോ വിരല്‍ത്തുമ്പുകളും
വിടുവിച്ച്,
എന്നെക്കടന്നു പോയ
ഒരുവളുടെ നീല
മുടിയിഴകള്‍ ഉണ്ടായിരുന്നു!
വ്യാകുലമാതാവും പുത്രനും
എപ്പഴും മഴ ചാറുകേം
കോടയെറങ്ങുവേം ചെയ്യുന്ന
ഞങ്ങടെ നാടു പോലെയല്ലാട്ടോ
നാലു പൊറോം കായല് വെള്ളോം
അതിനാത്ത് കണ്ടല് തോട്ടോം
ഒക്കെയൊള്ള ഈ നാട്
തീരത്തപ്പിടി തെങ്ങിന്‍ തോട്ടവാണേ
കായലിലാണേ,പെടക്കുന്ന തെരകളും
മീനുകളുവാണേ!
കാറ്റു പിടിച്ച തെങ്ങോലകള്
തോളേല്‍ കൈയ്യിട്ടാ പെങ്ങടെ
വീട്ടിലേക്ക് കൂട്ടിക്കോണ്ട് വിട്ടത്
അവിടുത്ത ഓരോ വീടിനും
ഓരോ മീനിന്റെ പേരാരുന്നു കേട്ടോ
നാരന്‍, കോലാന്‍
വറ്റ, കോര
കൊഴുവ, പല്ലന്‍
വരാല്, പൂമീന്‍....!
എന്നാ രസവാല്ലേ പേരൊക്കെ കേക്കാന്‍!
ചേട്ടായീ...ന്ന് വിളിച്ചോണ്ട്
പെങ്ങളോടി വന്നപ്പം കരച്ചില് മുട്ടീട്ട്
തൊണ്ണേല് ഒരു വിമ്മിട്ടവങ്ങെടുത്തു
പണ്ട്,
എന്തോരം നക്ഷത്രങ്ങളാരുന്നു
അവക്കടെ കണ്ണില്.
വരത്തന്റെ കൂടെ ഇവളോടിപ്പോയപ്പം
കപ്പത്തണ്ടൊടിച്ചാ ഇവക്കടെ
മൊഖച്ഛായയൊള്ള മാതാവിന്റെ
കവലേലെ രൂപക്കൂട് തല്ലിയങ്ങോട്ട്
പൊളിച്ചെ!
ഹെന്റെ മാതാവേ,.ആ കുന്നായ്മ
കൊണ്ടാണോ, നീ അവളെ ഇങ്ങനെ
പേക്കോലവാക്കി മാറ്റീത്?
പെങ്ങടെ കൊച്ചിനെക്കണ്ടാ
ഉണ്ണീശോടെ മാതിരിയൊണ്ട്.....
അത്രേം നീലക്കണ്ണും
പട്ടു പോലത്തെ മുടീം
''അമ്മച്ചാ''ന്ന് വിളിച്ചാണ്ട് അതോടി
വരുമ്പം കൊടുക്കാനാ
കട്ടപ്പനേന്ന് കപ്പലണ്ടീം
കടലമൊട്ടായീം മേടിച്ചോണ്ട് വന്നത്
എന്നിട്ടിപ്പോ അതിന് സൊഖവില്ലാന്ന്!
അത് കാര്യായിട്ട് മിണ്ടത്തില്ലാന്ന്
ചങ്കുപറിഞ്ഞങ്ങ് പോയല്ലോ മാതാവേ..!
അളിയനെ അവിടെങ്ങും കണ്ടല്ല
ആണ്‍ പൊറുതിയൊള്ള വീടായിട്ട്
തോന്നീമില്ല
ഞാനൊന്നും ചോദിച്ചൂല്ല
അവളായിട്ടൊന്നും പറഞ്ഞുമില്ല!
നാലുപൊറോം വെള്ളവൊള്ള
വീടാണേ!
കണ്ണ് തെറ്റിയാ കൊച്ച് കായലിലേക്ക്
ഓടുവേ
മിറ്റത്തുന്ന് അരിയെറിഞ്ഞാ
മീന്‍ കൈയ്യേ വന്നിട്ട് കൊത്തുവേ
വെറുതെ ഒന്ന് നോക്കിയാ
ഞാനങ്ങോട്ട് വരുവാന്ന് പറഞ്ഞ്
കായല് വീട്ടിവന്ന് കേറുവേ...!
പെങ്ങളേ, പെങ്ങളേ...ന്ന് വിളിക്കുന്ന
ഒരു തെര നെഞ്ചത്തേക്ക് എരച്ചുകെട്ടി വന്നേ...
പെങ്ങള് ഒരുകൈയോണ്ട് കൊച്ചിനെ
പിടിക്കുന്നു
പെങ്ങള് ഒരു കൈയ്യോണ്ട്
അടുപ്പേലേ തീയൂതുന്നു.
പെങ്ങള് ഒരു കാലുകൊണ്ട് വെള്ളം കോരാനോടുന്നു
പെങ്ങള് ഒരു കാല് കൊണ്ട് കായലി
വീണ കളിപ്പാട്ടം തോണ്ടി
കൊച്ചിനിട്ട് കൊടുക്കുന്നു!
ഞങ്ങള് സൊര്‍ലോക റാണിയായിട്ട്
വളത്തിക്കോണ്ട് വന്ന
പെങ്കൊച്ചല്ലാരുന്നോ ഇത്?
എന്റെ ഈശോ മറിയം ഔസേപ്പേ
നിങ്ങക്കിേത്രേംകണ്ണി ച്ചോരയില്ലാണ്ട്
പോയല്ലോ...!
രാത്രി, കായലിന് മോളിലൊക്കെ
മിന്നാമിന്നികള്
കെട്ടുമാഞ്ഞ് പോയിരുന്നു...
ആകാശത്താണേല് വെളക്ക് തിരി
പോലൊരു ചന്ദ്രനൊണ്ടാരുന്നു
പെങ്ങളേ, പെങ്ങളേ...ന്ന് കരയുന്ന
തെരയാണേല് നെഞ്ചിലങ്ങനെ
പതഞ്ഞ് കെട്ടിനിക്കുവാരുന്നു.!
കണ്ണ് തൊറന്നപ്പോ
വെള്ളത്തിലേക്ക് താന്ന് താന്ന് ഒഴുകി
പോകുവാ....!
കൊളവാഴകളോ
കണ്ടല് തണ്ടുകളോ
ഒക്കെ കൈ തന്ന് കേറ്റാന്‍
നോക്കുന്നൊണ്ട്....
പക്ഷേങ്കില് എങ്ങോട്ടെങ്ങാണ്ട്
ഒഴുക്ക് വലിച്ചോണ്ട് പോകുവാ.....
പെങ്ങളേ, പെങ്ങളേ..ന്നൊള്ള
നെഞ്ചിലെ തെര
കുത്തിയെടുത്ത് മേലോട്ടിട്ടപ്പോഴല്ലേ
ഒറ്റനോട്ടത്തി കണ്ടത്!
കായലിന്റെ നടുവിലങ്ങ്
തെളങ്ങുന്ന വെള്ളത്തിലൂടെ
ഒഴുകി നടന്നങ്ങ് പോവല്ലേ
പെങ്ങടെ മൊകച്ഛായയൊള്ള
വ്യാകുലമാതാവ്!
എളീലാണേല് അവക്കടെ
കൊച്ചിന്റെ പോലത്തെ
ഉണ്ണീശോ പുത്രനും....!
മടലേറല്‍
പനമടലു ചീന്തുകള്‍
കൂട്ടിച്ചമച്ചൊരു-
കുതിരയൊന്നിന്റെ
മുതുകു മേലേറിയും,
ചതുര്‍ നിറങ്ങള്‍ തന്‍
ചായക്കുഴമ്പിനാല്‍
പ്രണയ നായക ചിത്രം പതിപ്പിച്ച
കൊടിമരമൊന്നു നാട്ടി-
പ്പറത്തിയും,
ചിടമുടിക്കാടങ്ങഴിച്ചുലച്ചിട്ടും,
കരിമഷി പൊത്തി കണ്ണിണയെഴുതിയും,
അടിമുടിയാകെ ചാരവും പൂശി,
തോള്‍പ്പലക മൂടുന്ന അസ്ഥി-
തന്‍മാലയില്‍,
എരുകിന്‍പൂ കോര്‍ത്തു-
കൈകാല്‍ത്തളയിട്ടും,
ഇടയിളക്കങ്ങളൊന്നുമേ കൂടാതെ
പേമഴയും മാരിയും കെടുതിയും
കൂസാതെ,
'അവനെ വേണ'മെന്നൊന്നേ കലമ്പിയും,
'അവനു വേണ്ടി'യെന്നൊന്നേ വിതുമ്പിയും,
ഒരുവളാ വഴി നില്ക്കുന്നത് കണ്ടോ?
അവളുരിഞ്ഞിട്ട ചേല തന്‍ കോന്തല
കുപിത തന്നുടെ കാല്‍ചിലമ്പേറുകള്‍
തുടിയടിക്കുന്ന ചെണ്ട തന്‍ ദണ്ഡുകള്‍
വെറി തെറിക്കുന്ന കാലുഷ്യക്കാറ്റുപോല്‍,
അവനെ തേടി പരവശം പായുമോ?
അവനതാകുമോ വഴി തിരിഞ്ഞോടുവാന്‍?
അവളുറഞ്ഞങ്ങ് നില്‍ക്കും പഥങ്ങളില്‍
അവനെത്തേടുന്ന അഗ്രഹാരങ്ങളില്‍
ഉലകമൊന്നായുരുണ്ടങ്ങു കൂടുന്നു
പ്രണയപാനതന്‍ താളോ മറിയുന്നു!
മടലിലേറി നില്‍ക്കുമൊരുവളോ,
വ്രണിത പ്രേമത്താല്‍ വൈരാഗ്യ ദേവത
അവളു പോര്‍വിളിച്ചലറുന്ന ഹുങ്കാര -
ധ്വനിയിലീ ഭൂമിശിലകള്‍ ചലിക്കുമോ...
ഇരുളു മൂടും കനല്‍ക്കണ്ണു കുത്തിയാ-
വിഹ്വല ദേവകള്‍ വാനം പുകയ്ക്കുമോ....!
ഉരുളിയിളക്കുന്നവര്‍
അച്ഛന്‍ പെങ്ങന്മാര്‍
അടുപ്പു കല്ലുപോല്‍ മൂന്നാള്‍
കയ്പ്പഞ്ചുര പോലെ
കമ്പിളി മരം പോലെ
കറ്റമ്പുലി പോലെ
മൂന്നു പെണ്ണുങ്ങള്‍
തണ്ടുകാരികള്‍
തറുതലക്കാരികള്‍
തൊലി കറുത്തവര്‍
താടിയിലൊരൊറ്റ മുടി
കിളുര്‍ത്തവര്‍
മിറുമിറുക്കുന്നവര്‍
മുതുകിലൊരു കൂനുള്ളോര്‍
പെറ്റു കാഞ്ഞുടലുള്ളോര്‍
ചൊറി വാക്കുളുക്കാത്തോര്‍
ചൊരിമഴപ്പെയ്ത്തിലും
തെരയുടെ താഴം തിരക്കാതെ
പുഴയിലാഴത്തില്‍
മുങ്ങി നിവര്‍ന്നവര്‍
ചെമ്പാണി തലയിലുള്ളവര്‍
ചക്കരപ്പക്കികള്‍
മോന്തിയായാലെവിടെനിന്നോ
മൂന്നാളുമൊത്തു കൂടുമാ
ചെത്തു പനച്ചോട്ടിലായ്
വട്ടമെത്തി കൈകോര്‍ത്തിരിക്കുമവര്‍
പിന്നെയോ
ചക്ക വെട്ടിയൊരുക്കുന്നു
ചകിണി ചീന്തുന്നു
കുരുവിറുത്തുപ്പ് ചേര്‍ത്ത്
വെള്ളം തിളപ്പിച്ചുരുളി
യിലിളകിയൂറ്റുന്നു
വീണ്ടുമിളക്കുന്നു...
നടുവിലാളുടെ വിരല്‍ പെരുക്കുന്നു*
ഇരുവരാ വഴി വരുമെന്ന് തോന്നുന്നു
ഒരുവനെ രാജനെന്ന് വിളിക്കുന്നു
അപരനെ രാജപിതാമഹനെന്നും
തല പെരുത്തങ്ങ് നില്‍ക്കുമവന്മാരെ
ചുടല നൃത്തത്തിന്‍ ചാരത്തില്‍
മൂടുന്നു
ഉരുളി വീണ്ടുമിളക്കുന്നു മൂവരും
വെട്ടിത്തിള തിളച്ചങ്ങു വേവുന്നു
ചെറിയ വാവലിന്‍ തോലതില്‍
ച്ചോരത്തല, കടിയന്‍ നായുടെ നാവ്
ചെന്നായ്പ്പല്ല്....
ഉരുളി വാങ്ങിയിറക്കി
വെയ്ക്കുന്നവര്‍
കനല് വാരിപ്പൊതിഞ്ഞു
പൊത്തുന്നതില്‍
വിരല് കോര്‍ത്തു പിടിക്കുന്നു
തങ്ങളില്‍, ഇടി മഴക്കാറ്റ് കോടയുമൊന്നിച്ചാ
പനയിലേക്ക് പറന്നു മറയുന്നു...
അച്ഛന്‍ പെങ്ങന്മാര്‍ മൂവരും
ചക്കപ്പുഴുക്കും കപ്പ മുളക്
ചമ്മന്തിയുമായി
വാതിലില്‍ വന്ന് മുട്ടി നില്‍ക്കുന്നു
തലതെറിച്ചവളേ
തീണ്ടാരിപ്പെണ്ണേ
നേരാങ്ങള മകളേ
നാരകക്കൂമ്പേ
വാതില് തൊറക്കെടീ
വാതില് തൊറക്കെടീ
വന്നു തിന്നെടിയീ
ചൊടിയന്‍ പുഴുക്ക്
തിന്നു വളരെടീ
തടി വരട്ടെടീ, മൊല വരട്ടെടീ
ചൊടി വരട്ടെടീ, ചൊണ വരട്ടെ ടീ
വന്നു തിന്നെടീ,
വാടീ വാടീ വാടീ
എന്നു താളത്തിലെന്നെ വിളിച്ചു കൊണ്ടേയിരിക്കുന്നു
*( മാക്‌ബെത്ത് three witches സീനുകളോട് കടപ്പാട്)
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍
ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍
എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ
അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍
ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ
കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍
ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍
യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത
കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം
യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍; സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍
പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍
ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ
സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍
ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം
വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ
പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍
വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി
കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍
ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍
യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം
സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍
അയ്മനം ജോണ്‍ എഴുതിയ കഥ, ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍
തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍
മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി
ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം
ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും
ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍
പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ്
എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?
കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍
നിശ്ചല യാത്രകള്‍: മാങ്ങാട് രത്‌നാകരന്റെ കോളം
വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല
പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ