വാക്കുല്‍സവത്തില്‍ ഇന്ന് സുബിന്‍ അമ്പിത്തറയില്‍ എഴുതിയ അഞ്ചു കവിതകള്‍.
അവസാനവരികളില്‍ ഒളിച്ചുവെച്ച ചിലതുണ്ട് സുബിന്‍ അമ്പിത്തറയിലിന്റെ കവിതകളില്‍. ചിലപ്പോള്‍ അത് വേദനിക്കുന്നൊരു നിലാക്കഷണമാവാം. മുറിച്ചുമാറ്റപ്പെട്ട ഒരു കഷണം ഇറച്ചി. അല്ലെങ്കില്‍, ഭയവും ആധിയും കൊണ്ട് പൊതിഞ്ഞ ഒരു വെറും ചിരി. ചിലപ്പോഴത്, ജീവിതത്തെയും ലോകത്തെയും കുറിച്ചുള്ള രാഷ്ട്രീയമായ ഉല്‍ക്കണ്ഠ. ഒരു കഥപറച്ചിലുകാരനെപ്പോലെ സുബിന്‍, കവിതയിലേക്ക് ക്ഷണിച്ചുവരുത്തുന്ന വായനക്കാര്‍, സന്തോഷം തരുന്ന വരികളിലൂടെ നടന്ന് അവസാനം ഒളിപ്പിച്ചുവെച്ച ഈ കുഴിബോംബുകളില്‍ ചെന്നുതൊടുകതന്നെ ചെയ്യും. കവിതയ്ക്ക് മാത്രം കഴിയുംവിധം മനസ്സില്‍ തറയുന്ന വാക്കിന്റെ സൗമ്യവും മുനകൂര്‍ത്തതുമായ ചില്ലുകളില്‍ തറഞ്ഞുമുറിയാതെ ഈ കവിതകളില്‍നിന്ന് ഒരാള്‍ക്കും ഇറങ്ങിപ്പോരാനാവില്ല. മലയാള കവിതയിലെ പുതിയ വഴികളില്‍ സുബിന്റെ കവിതകള്‍ മാറിനില്‍ക്കുന്നത് അകമേ ഒരുക്കിവെച്ച ഭാവനയുടെയും ഭാഷയുടെയും ഈ വിധ്വംസകതയാലാണ്.
സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല
വഴിയില്‍ നിന്ന്
ഒരു പൂച്ചക്കുഞ്ഞിനെ കിട്ടി.
വീട്ടില്‍ കൊണ്ടോയാല്‍
ആകെ ശല്യമാകുമെന്ന്
അതിനെയും കടന്ന്
നാലുകാല്‍ മൂന്നോട്ട്.
പിന്നെയൊരുള്‍വിളിയില്‍
തിരിഞ്ഞ് ചെന്ന് എടുത്തോണ്ട് പോന്നു .
വഴിയരികിലിരിക്കും യാചകരെ
കടന്നുപോകാറുണ്ടിതുപോലെ.
എന്തെങ്കിലും കൊടുക്കണം
കഷ്ടമല്ലേന്ന് ഉറപ്പിക്കുമ്പഴേക്ക്
അവരെ പിന്നിട്ടുകഴിയും.
പിന്നെ തിരിച്ചുചെന്ന്
കൊടുത്തിട്ട് വരാറുണ്ട് .
ചിലപ്പോള്‍ ഒരരമനസ്
കൊടുക്കാന്‍ സമ്മതിക്കില്ല
അന്ന് കുറ്റബോധം പോലത്തെ
ഒരു ബോധം വന്ന് മുട്ടിയുരുമി നടക്കും .
താഴത്തെ വീട്ടിലെ കൊച്ച്
പൂച്ചയെ വേണമെന്ന് കരയുന്നു.
പൂച്ചയെ മൊത്തമായ് തരില്ല
പൂച്ചയില്‍ ഇഷ്ടമുളളത്
ചോദിക്ക് തരാമെന്ന്
സ്വന്തമായ് പൂച്ചയുളള എന്റെ ഹുങ്ക്.
അവള്‍ പൂച്ചയുടെ കരച്ചില്‍ ചോദിച്ചു
പറഞ്ഞ് പോയതിനാല്‍ വേറേ
നിര്‍വാഹമില്ലാതെ ഞാനത് കൊടുത്തു .
അവള്‍ എന്റെ പൂച്ചകുഞ്ഞിന്റെ
കരച്ചില്‍ മടിയില്‍വച്ച് പേരിട്ടുലാളിക്കുന്നു .
കരച്ചിലില്ലാത്ത
പൂച്ചക്കുഞ്ഞുമായ് വീട്ടില്‍ വന്നു .
പാല് കൊടുത്തിട്ട് കുടിക്കുന്നില്ല
അല്ലെങ്കിലും ശബ്ദമില്ലാത്തവരുടെ
ഏറ്റവും വലിയ വിശപ്പ് അവരുടെ
ശബ്ദമല്ലാതെ വേറെന്താണ്.
എവിടെയെങ്കിലും
കൊണ്ടുകളഞ്ഞേക്കൂ
കളളിപ്പൂച്ച എന്റെ വീട്ടില്‍ വേണ്ടന്ന്
അമ്മ ആജ്ഞാപിച്ചു.
അമ്മമാര്‍ക്ക് എന്താണ്
പൂച്ചകളോടിത്ര പിണക്കമെന്നാര്‍ക്കറിയാം.
ഞാന്‍ താഴെ വീട്ടിലേക്ക് നടന്നു
അവിടുത്തെ കുഞ്ഞിന്റെ
മടിയിലുറങ്ങുന്ന പൂച്ചക്കരച്ചിലിന്
അതിന്റെ ശരീരം തിരികെ കൊടുത്തു.
ഊമയായ് ജനിച്ചവരുടെ ഒച്ച
ഇതുപോലെ മറ്റെവിടെയോ
ജീവിക്കുന്നുണ്ടാവുന്ന് അപ്പോള്‍തോന്നി.
പൂച്ചയെ പൂര്‍ണ്ണമായ് നഷ്ടപ്പട്ടെങ്കിലും
അതിന്റെ മ്യാവു തിരിച്ചുകൊടുക്കാനായതില്‍
സന്തോഷം തോന്നി.
എന്നാലും ഓര്‍ക്കുമ്പോ
പിന്നേം സങ്കടംതന്നെയാണ്,
കുറേക്കാലം വളര്‍ത്താന്‍ കൊണ്ടുവന്നിട്ട്
ഒരു ദിവസംപോലും
വളര്‍ത്താന്‍ പറ്റാത്തതിന്റെ സങ്കടം
പൂച്ചക്കുഞ്ഞിനെപ്പോലെ
അത്ര കുഞ്ഞൊന്നുമല്ല.
എന്റെ കവിതയും
എല്ലാവരാലും കൊഞ്ചിക്കപ്പെടാന്‍
കൊതിക്കുന്ന ഒരു പാവം പൂച്ചകുഞ്ഞാണ്
അതിന് അതിന്റെ
'ജീവനില്‍ നല്ല കൊതിയുണ്ട് '
സ്വന്തം ഇഷ്ടപ്രകാരം
പൂച്ചയേപ്പോലും സ്‌നേഹിക്കാന്‍ പറ്റാത്ത
സ്വന്തം വീടുണ്ടെന്നിരിക്കെ
ജനതയെ പൂച്ചക്കുഞ്ഞുങ്ങളാക്കി വളര്‍ത്തുന്ന
രാജ്യത്തിന്റെ കാര്യം പിന്നെ
പറയണോ എന്നെഴുതി
അവസാനിപ്പിക്കാത്തത് അതുകൊണ്ടാണ്.
വല്യപ്പനും റേഡിയോയും
വല്യപ്പനും റേഡിയോയും
വല്യ കൂട്ടുകാരായിരുന്നു.
രണ്ട് പേരും അതിരാവിലെ ഉണര്‍ന്ന്
എന്തെങ്കിലും പറയാനോ പാടാനോ
ചിലയ്ക്കാനോ തുടങ്ങും.
ഉച്ചക്ക് ഉഷ്ണം മൂക്കുമ്പം
പാളവിശറി വീശി വല്യപ്പന്‍
മുറീലങ്ങനിരിക്കും.
റേഡിയോയ്ക്കപ്പോ പാട്ടൊന്നും വരത്തില്ല
ഒരു മഴേടെ പോലത്തെ ഇരമ്പല് കേള്‍പ്പിച്ച്
വല്യപ്പന്റെ മനസൊന്ന് കുളിര്‍പ്പിക്കും
വല്യപ്പന്‍ മയങ്ങിപ്പോകും.
ആരുടേം വാക്കിന് ചെവികൊടുക്കാത്ത
ധീരനായ വല്യപ്പന്‍
റേഡിയോ പറയുന്നതും കേട്ട്
ക മാ എന്ന് 'രണ്ട്' അക്ഷരം
പറയാതിരിക്കുന്ന കാണുമ്പോ
വല്യപ്പനേക്കാള്‍ വല്യ എന്തോ
അപ്പനാണീ റേഡിയോ എന്നുതോന്നും.
പെരുമഴയത്തുപോലും
പളളിക്കൂടത്തിണ്ണേല്‍ കേറീട്ടില്ലാത്ത വല്യപ്പന്
ഇത്രേം ലോകവിവരം കൊടുത്ത
റേഡിയോയോട് ഒരു ബഹുമാനമൊക്കെ ഉണ്ട്.
എന്നാലും,
വാര്‍ത്ത കേള്‍ക്കുന്നതിനിടയില്‍
ഓടിച്ചെന്ന് ഒച്ചവെച്ചതിന്
വഴക്കും കിഴുക്കും കിട്ടീട്ട്
ഇരുട്ടുമുറിയില്‍ പോയി കരഞ്ഞത്,
ഓര്‍മ്മയുടെ ഏതോ സ്‌റ്റേഷന്‍മാറ്റുമ്പോ
ഇപ്പോഴും കേള്‍ക്കാം .
എല്ലാരും കിണഞ്ഞുനോക്കീട്ടും
എന്തൊക്കെ ചെയ്തിട്ടും
റേഡിയോ മിണ്ടാതായേന്റന്ന്
വല്യപ്പന്‍ ആകെ വെപ്രാളത്തിലാരുന്നു,
കുഴഞ്ഞ് വീഴുകാരുന്നു .
ഉച്ചയോടെയാ വല്യപ്പനെ അടക്കിയത്.
മഴ പോലത്തെ ഇരമ്പലിന് പകരംഅന്ന്
മഴതന്നെ വന്ന് പെയ്തിട്ട് പോയി.
അകലെ ആകാശ നിലയത്തില്‍
വല്യപ്പനും റേഡിയോയും
വല്യ കൂട്ടുകാരായി ഇപ്പോഴും
പാടിയും പറഞ്ഞും
ഇരിക്കുന്നുണ്ടാവണേ ...
വീട്
ജോലിക്ക് പോകാന്‍
തിരക്കിട്ട് നിരത്തിലിറങ്ങുമ്പോള്‍
പിന്നില്‍ എന്നേം നോക്കി
ഇളിച്ചുകൊണ്ടിരിക്കുന്നുണ്ടാവും വീട് .
ഒരു തൊഴിലിനും പോകാതെ
സദാസമയം മുറ്റത്തിങ്ങനെ
കുത്തിയിരിക്കുന്ന വീടിനെ
നാലെണ്ണം പറയാനോങ്ങും .
വൈകുന്നേരം ഇങ്ങോട്ടുതന്നെ
വരണമെന്നോര്‍ക്കുമ്പോള്‍
ഒന്നും പറയാതെ
തിരിച്ചൊരിളി കൊടുത്തിട്ട്
ഞാനെന്റെ വഴിക്ക് പോകും .
പളളിപ്പറമ്പില്‍ പൊറുതിക്ക്
പോയതില്‍ പിന്നെ
അപ്പനും അമ്മേം തിരിച്ച് വന്നിട്ടില്ല .
അവിടെയാകുമ്പോ
പണിക്കൊന്നും പോകാതെ
സുഖമായ് കിടന്നുറങ്ങിയാമതിയല്ലോ .
വീടിനെ പൂട്ടിയിട്ടേച്ചാ ഞാനിപ്പോ
എവിടെങ്കിലുമൊക്കെ പോകുന്നത് .
തീനുംകുടിയും ഹോട്ടലീന്നാക്കിയേ പിന്നെ
വീടിനും ആകെയൊരു ക്ഷീണം വന്നിട്ടുണ്ട് .
വല്ലപ്പോഴും അടുക്കളവഴി വരാറുളള
കളളിപൂച്ചയും ഇപ്പോ വരാറില്ല
ഒന്ന് പ്രണയിക്കാനോ,
മിണ്ടാനോ പറയാനോ
തൊട്ടടുത്തെങ്ങും മറ്റൊരു
വീടുപോലുമില്ലാത്ത
വീടിന്റെ പകലുകളെ ചിന്തിക്കുമ്പോള്‍
എന്റെ അവസ്ഥ എത്ര ഭേദമെന്നോര്‍ക്കും.
രാത്രി വന്ന് ഏകാന്തതയുടെ
വലിയ കറുത്ത പുതപ്പിട്ട്
എന്നേം വീടിനേം പുതപ്പിക്കും .
എനിക്കപ്പോ വീടിനെ
കെട്ടിപ്പിടിച്ച് കരയാന്‍ തോന്നും .
നേരം വെളുക്കുമ്പോള്‍ കാണാം
മുറ്റമാകെ നനഞ്ഞ് കിടക്കുന്നത്.
എനിക്കറിയാം
മഴയൊന്നും പെയ്തിട്ടല്ലെന്ന്...
രാത്രിയില്‍ വീടെന്നെ
കെട്ടിപ്പിടിച്ച് കരഞ്ഞിട്ടാണെന്ന്...
ആദ്യമായ് ആനയെ കാണുന്ന കുട്ടി
അങ്ങനെ വെറുതേയിരിക്കുമ്പോള്‍,
ജീവിതത്തില്‍ ആദ്യമായി
ആനയെ കാണുന്നൊരു കുട്ടിയെ
ഞാന്‍ സങ്കല്‍പ്പിച്ചുണ്ടാക്കുന്നു .
അവന്‍ അവന്റെ വീട്ടിലൊറ്റയ്ക്കിരിക്കുമ്പോള്‍
ഇടവഴിയില്‍ നിന്ന് ആന നടത്തത്തിന്റെ
ചങ്ങലക്കിലുക്കങ്ങള്‍ കേള്‍ക്കുന്നു .
ഞാനാസമയത്തെ ഒരു
നട്ടുച്ചയോട് ഉപമിക്കുന്നു .
അവന്റെ ആവേശത്തിന്റെ
ആക്കം ബോധ്യപ്പെടുത്താനായ് ,
ഞാനവനെ ചെരുപ്പില്ലാതെ
ചരല്‍വഴിയിലൂടെ ഏറ്റവും ആയത്തില്‍
ആനയെ കാണാനോടിക്കുന്നു .
ഇപ്പോള്‍ അവന്‍ പിന്നില്‍ നിന്ന്
ആനയെ കണ്ടുതുടങ്ങുന്നു .
അത്ഭുതത്താല്‍ അവന്റെ കണ്ണുകള്‍ വിടരുന്നു
ഒരു മനുഷ്യന്‍ ഒരു കോലുപിടിച്ച്
ഒരു പേടിയുമില്ലാതെ ആനയുടെ
കൂടെ നടക്കുന്നതുകണ്ട ധൈര്യത്തില്‍
അവന്‍ ആനയ്‌ക്കൊപ്പം ഓടിയെത്തുന്നു.
വശങ്ങളില്‍നിന്ന് ആനയെ കണ്ടമ്പരക്കുന്നു .
വീണ്ടുമവന്‍ ആനയ്ക്ക്
മുന്നിലേക്ക് ഓടിക്കയറുന്നു .
തുമ്പികൈ ആട്ടി , കൊമ്പുകുലുക്കി
വരുന്ന ഗജവീരനെകണ്ട് വാ പിളര്‍ക്കുന്നു .
ചിത്രങ്ങളില്‍ കണ്ടിട്ടുളള നെറ്റിപ്പട്ടം
ആ ആനയ്ക്ക് നന്നായി ഇണങ്ങുമോ
എന്ന് ഭാവനയില്‍ കണ്ട് രസിക്കുന്നു .
അവന്റെ മേലുളള എന്റെ
സങ്കല്‍പ്പത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നു.
സന്തോഷാധിക്യത്താല്‍ അവന്‍
ആടി പാടി ആര്‍പ്പുവിളിച്ച് ,
ഒടുവില്‍ അവന്റെ ആനന്ദം
സഹിക്കവയ്യാതാകുന്ന ഒരു ഘട്ടത്തില്‍,
അപകടം തിരിച്ചറിഞ്ഞ് ഞാനവനെ
പാപ്പാനേ കൊണ്ട് വഴക്കുപറയിച്ച് തിരിച്ചയക്കുന്നു .
ഇപ്പോള്‍ അവന്‍ വീണ്ടും
വീട്ടില്‍ തനിച്ചിരിക്കുകയാണ് ,
തികച്ചും എന്റെ നിയന്ത്രണത്തില്‍...
അമ്മയോട് ഈ വലിയ സന്തോഷം
പറയുംവരെ അവന്റെ നെഞ്ചിടിപ്പ് ശാന്തമാകുന്നേയില്ല .
ഞാനും ഇപ്പോഴും തനിച്ചിരിക്കുകയാണ് .
അവനേപ്പറ്റി ആരോടെങ്കിലും
പറയുംവരെ എന്റെ
നെഞ്ചിലും മുറുകുന്ന ചെണ്ടമേളം
ശാന്തമാകുന്നേയില്ല .
അവള്‍
നട്ടുച്ചനേരത്ത്
ഒരു നേര്‍പ്പിച്ച കാറ്റിനെ
ജനലിലൂടകത്തേക്കൂതിവിട്ടിട്ട്
ചെവിയാട്ടി രസിക്കുന്ന
വീടിനോട് ചേര്‍ന്നുനില്‍ക്കും
വയസന്‍ മാവിനെ
ഒരു കൊമ്പനാനയോട് ഉപമിച്ച്
ഞാനുറങ്ങിപ്പോകുന്നു.
ഉറക്കത്തില്‍
ഞാനൊരമ്പല മുറ്റമായ്
നീണ്ടുനിവര്‍ന്ന് കിടക്കുകയാണ്.
അവള്‍ പട്ടുപാവാടയണിഞ്ഞ്
കുറി തൊട്ട് സുന്ദരിയായി നിന്ന്
ഉത്സവം കാണുന്നു .
എനിക്കവളുടെ കണ്ണില്‍ നോക്കി
എതിരെ നിക്കണമെന്നുണ്ട് .
പക്ഷേ ഞാനമ്പലമുറ്റമായ്
കിടക്കുകയാണല്ലോ.
ചെറുക്കന്‍മാര്‍ അവളെ
പ്രണയപൂര്‍വ്വം നോക്കുന്നു.
അവളുടെ മുഖത്ത്
ശ്രദ്ധിക്കപ്പെടുന്നതിലെ ആനന്ദം.
ചിലരെയൊക്കെ അവള്‍
തിരിച്ചും നോക്കുന്നത്
കിടന്നകിടപ്പില്‍ ഞാന്‍ കണ്ടുപിടിച്ചു.
പോകെപ്പോകെ
എന്റെ മനസ്സില്‍ നെറ്റിപ്പട്ടംകെട്ടി
അടങ്ങി നിന്നിരുന്ന
സംശയമെന്ന ആനക്ക്
ചങ്ങലയും മദവും പൊട്ടി.
എനിക്കവളോട്
വഴിക്കടിക്കാതെ വയ്യന്നായി.
ഒറ്റത്തെറിപ്പിക്കലിന്
ഉത്സവത്തെയാകെ കുടഞ്ഞ് കളഞ്ഞ്
ഞാന്‍ ചാടിയെണീറ്റു.
നോക്കുമ്പോള്‍ പക്ഷേ
ഞാന്‍ മുറിയിലായിരുന്നു.
ചുറ്റിലും
പതിവിലേറെ ശാന്തമായ്
മയങ്ങിക്കിടക്കുന്ന ഉച്ച.
സ്വപ്നത്തിലാണെങ്കിലുമവളെ
സംശയിച്ചല്ലോന്ന് സങ്കടം വന്നു
അവളോട് മിണ്ടാന്‍ തോന്നി.
പുറത്ത് ആരോ തളച്ചവിധത്തില്‍
നില്‍ക്കുന്ന മാവ്.
വീണുകിടക്കും പിണ്ടങ്ങള്‍ പോലെ
ചുവട്ടില്‍ മാമ്പഴങ്ങള്‍.
കുട്ടികളത് പെറുക്കിത്തിന്നുന്നു .എത്ര തിരഞ്ഞലഞ്ഞിട്ടും
അവളെമാത്രം എങ്ങും കണ്ടില്ല .
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍
ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍
എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ
അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍
ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ
കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍
ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍
യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത
കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം
യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍; സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍
പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍
ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ' (The Book of Disquiet) വായനാനുഭവം.
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും
നിശ്ചല യാത്രകള്‍: മാങ്ങാട് രത്‌നാകരന്റെ കോളം
വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല