കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

By Vaakkulsavam Literary Fest  |  First Published Oct 2, 2019, 7:26 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് കെ. വി പ്രവീണിന്റെ കഥ. കയേന്‍


ആര്‍ക്കും എവിടെനിന്നും കാണാവുന്ന കണ്ണാടിവീടുകളില്‍ താമസിക്കുന്ന മനുഷ്യര്‍, അതിനുള്ളിലും സ്വകാര്യമെന്നുകരുതി കൊണ്ടുനടക്കാന്‍ ശ്രമിക്കുന്ന ജീവിതത്തിലേക്ക് തുറന്നുവെച്ച സര്‍വെയിലന്‍സ് ക്യാമറാ ദൃശ്യങ്ങളാണ് കെ. വി പ്രവീണിന്റെ കഥകള്‍. സദാ നിരീക്ഷണത്തില്‍ കഴിയുമ്പോഴും അതൊന്നും ഗൗനിക്കാതെ, സ്വകാര്യതയുടെ ആഘോഷങ്ങളില്‍ തിമിര്‍ക്കുന്ന മനുഷ്യരുടെ പല മാതിരി വേവലാതികളാണ് അതില്‍. നവസാങ്കേതികതയും ഉദാരവല്‍കരണ നയങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തിയ ആഗോളവല്‍ക്കരണാനന്തര ജീവിതത്തിന്റെ സങ്കീര്‍ണ്ണമായ സ്വത്വപ്രതിസന്ധികള്‍ നമുക്കതില്‍ വായിച്ചെടുക്കാം. ഒരു സംഭാഷണത്തില്‍ പ്രവീണ്‍ പറയുന്നത് പോലെ, 'അധികാരം, ഓര്‍മ്മ, ടെക്‌നോളജി എന്നീ മൂന്ന് ബിന്ദുക്കളെ യോജിപ്പിക്കുന്ന ഒരു ത്രികോണം' തന്നെയാണ് ആ ജീവിതം. അതിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയും വായിക്കുകയും ചെയ്യുന്നൊരാള്‍ സഹജീവികളോട് പറയുന്ന അ്ടക്കംപറച്ചിലായി പ്രവീണിന്റെ രചനാലോകത്തെ വായിച്ചെടുക്കാം. 

ജീവിതമെന്ന് നാം വിളിക്കുന്ന ഇടത്തിനുവെളിയില്‍ മറ്റൊരു അപരജീവിതം രഹസ്യമായും പരസ്യമായും സൂക്ഷിക്കാന്‍ തത്രപ്പെടുന്നവരുടെ കാലവും ദേശവുമാണ് പ്രവീണിന്റെ കഥകളില്‍. അതില്‍ കുടുംബങ്ങളുണ്ട്. അതിനകത്ത് മനുഷ്യര്‍ കഴിയുന്ന രഹസ്യവും പരസ്യവുമായ ജീവിതങ്ങളും അതുണ്ടാക്കുന്ന സംഘര്‍ഷങ്ങളുമുണ്ട്. ഭൂമിയുടെ ഭാഷ മനസ്സിലാവാതെ അന്യഗ്രഹജീവികള്‍ക്കൊപ്പം പലായനം ചെയ്യാന്‍ വിധിക്കപ്പെടുന്ന കുട്ടികളുണ്ട്. ഏകാന്തത കൊണ്ട് വിഭജിക്കപ്പെട്ട അവരുടെ മനസ്സുകളെ ചലിപ്പിക്കുന്ന ബിന്ദുവാണ് ഇവിടെ സാങ്കേതികത. ഇതെല്ലാം ചേരുന്നൊരു വ്യവസ്ഥ പുതിയ കാലവും. അവിടെ ഓര്‍മ്മകള്‍, നമുക്ക് പരിചയമുള്ള വൈകാരികതയുടെ ആവാസവ്യവസ്ഥയല്ല.  അധികാരം ഏറ്റവും സൂക്ഷ്മാര്‍ത്ഥത്തില്‍ മാത്രം വിനിമയം ചെയ്യപ്പെടുന്ന ഒരിടവും. ഈ ലോകത്തെ പകര്‍ത്താന്‍ പ്രവീണ്‍ പോവുന്നത് ഭ്രമാത്മകതയുടെ ആഖ്യാന വഴികളിലേക്കല്ല. മറിച്ച്, റിയലിസ്റ്റിക്കായ, ലളിതമെന്ന പ്രതീതി ജനിപ്പിക്കുമ്പോഴും വഴുക്കുന്ന, സങ്കീര്‍ണ്ണമായ അടരുകളെ അകമേ കൊണ്ടുനടക്കുന്ന ആഖ്യാന സാധ്യതകളിലേക്കാണ്. എന്നാല്‍, അത് നമുക്ക് സുപരിചിതമായ, അനായാസത കൊണ്ട് വലനെയ്ത ആഖ്യാനമല്ല. ഒരു നിമിഷം, നമ്മള്‍ ചവിട്ടി നില്‍ക്കുന്നത് ഏത് പ്രതീതി ലോകത്തിലേക്കാണെന്ന അമ്പരപ്പ് ബാക്കിയാക്കുന്ന ഒരു മിന്നലലയാണ്. 

Latest Videos

undefined

 

കിംഗ് ജെയിംസ് സ്‌കൂളിലെ നാലാം ക്ലാസ്സിലിരുന്ന് കണക്ക് ചെയ്യുന്ന ഇരുപത്തിയഞ്ച് കുട്ടികളില്‍ തോല്‍ക്കാന്‍ പോകുന്നത് താന്‍ മാത്രമാണെന്ന് ആബേലിന് തീര്‍ച്ചയായി. ഡസ്‌കില്‍ നിവര്‍ത്തി വെച്ചിരുന്ന ചോദ്യക്കടലാസിലേക്ക് നോക്കി അവന്‍ ആ പ്രോബ്ലം ഒന്നു കൂടി വായിച്ചു. മിസ്സ് ആന്‍ എപ്പോഴും പറയും--എല്ലാ ചോദ്യങ്ങളും ശരിക്ക് മനസ്സിലാവുന്നതു വരെ വീണ്ടുംവീണ്ടും വായിക്കണം, എന്നിട്ടേ ആന്‍സര്‍ ചെയ്യാന്‍ തുടങ്ങാവൂ. കഴിഞ്ഞ ദിവസം ക്ലാസില്‍ പഠിപ്പിച്ച, ഡിവിഷന്‍ വച്ചുള്ള കണക്കാണിതെന്ന് ആബേലിനറിയാം. പക്ഷെ, കിട്ടിയ ചോക്ലേറ്റ് തുല്യമായി വീതിക്കുന്ന കണക്കിലെ ചേട്ടനെ അവനത്ര വിശ്വാസം വന്നില്ല. ആബേലിന് സ്വന്തം അനിയനോ ചേട്ടനേ ാഇല്ലെങ്കിലും ആളുകള്‍ പൊതുവേ ഒന്നും പങ്കു വെക്കുന്നവരല്ല എന്നാണ് അവന്റെ അനുഭവം. 

ക്ലാസ് മുറിയിലെ ചുമരില്‍ പതിച്ച എബ്രഹാം ലിങ്കന്റെ പടങ്ങളിലേക്ക് ആബേലിന്റെ ശ്രദ്ധ തെന്നി. ക്ലാസ് പ്രോജക്റ്റിന്റെ ഭാഗമായി ഓരോരുത്തരും വീട്ടില്‍ നിന്ന് പേപ്പര്‍ വെട്ടിയുണ്ടാക്കി കൊണ്ടുവന്നവ. അതാത് പോസ്റ്ററിനു താഴെ കുട്ടികളുടെ പേര് എഴുതിയിട്ടുണ്ട്. ആബേല്‍ അവന്റെ ലിങ്കണെ നോക്കി. കൈക്ക് ചെറിയ ഒടിവുണ്ട്. ഒട്ടിച്ചപ്പോള്‍ ഇത്തിരിമാറിപ്പോയി. ത്രികോണാകൃതിയിലുള്ള തൊപ്പിയും നന്നായില്ല.അവന് വട്ടത്തില്‍, കറുപ്പും വെളുപ്പും നിറത്തില്‍ ഉണ്ടാക്കണമെന്നായിരുന്നു മോഹം. പക്ഷെ, ഗ്ലൂ തീര്‍ന്നു പോയി. പപ്പയുടെ മേശപ്പുറത്തുള്ളത് എടുക്കാന്‍ നോക്കിയതിന് വഴക്കുംകേട്ടു. അടുത്ത തവണയാകട്ടെ, മദര്‍ തെരേസയെ കലക്കനാക്കണം.        

അപ്പോഴേക്ക് മിസ്സ് വന്ന് സമയം കഴിഞ്ഞെന്ന് പറഞ്ഞ് ആന്‍സര്‍ പേപ്പര്‍ എടുത്തു കൊണ്ടു പോയി. തിരിഞ്ഞു നോക്കിയപ്പോള്‍ അപ്പുറത്തെ ഡെസ്‌കിലിരുന്ന് ജോയല്‍ അവനെ നോക്കി കൊഞ്ഞനം കാണിക്കുന്നു. അതോടെ ശരിക്കും ദേഷ്യം വന്നു. ഒരു തുണ്ടു കടലാസില്‍ ഇഡിയറ്റ് എന്നെഴുതി ജോയലിന് എറിഞ്ഞു കൊടുത്തു. ഉടന്‍ തന്നെ ജോയല്‍ മിസ്സിനടുത്ത്‌ചെന്ന് എന്തോ വലിയ പ്രശ്‌നമുണ്ടായതു പോലെ കരയുകയും പരാതിപ്പെടുകയും ചെയ്തു.

ഓഫീസിലേക്ക് പറഞ്ഞു വിടുമെന്നായിരുന്നു ആബേല്‍ വിചാരിച്ചത്. എന്തു കൊണ്ടോ അതുണ്ടായില്ല. നിനക്കുള്ളത് വെച്ചിട്ടുണ്ട് എന്ന മട്ടില്‍ മിസ്സ് അവനെ രൂക്ഷമായി ഒന്നു നോക്കി. പിന്നെ, ടെക്സ്റ്റ് ബുക് തുറന്ന് ജ്യോമട്രി പഠിപ്പിക്കാന്‍ തുടങ്ങി. 

ആബേലിനെ പ്രിന്‍സിപ്പളിന്റെ അടുത്തേക്ക് പറഞ്ഞുവിടാത്തതില്‍ ജോയലിന് കലി കേറിക്കാണണം. ലഞ്ച് സമയത്ത് അവന്‍ അര്‍പ്പിതിനേയും വെറെ രണ്ടു കുട്ടികളേയും കൂട്ടിക്കൊണ്ട് വന്നു. വര്‍ത്തമാനം പറച്ചിലൊന്നുമുണ്ടായില്ല. ബോട്ടില്‍ തുറന്ന് വെള്ളം ആബേലിന്റെ നൂഡില്‍സിലൊഴിച്ചു. ആബേല്‍ ചാടിയെഴുന്നേറ്റ് ബോട്ടിലില്‍ പിടിച്ചു. ജോയലിന്റെ കൂടെ അര്‍പ്പിതും കൂടി, വലിക്കാന്‍. കുറച്ചു നേരം പിടിച്ചുനിന്നെങ്കിലും പിടിവലിയില്‍ എപ്പൊഴോ  ആബേലിന്റെ കൈതട്ടി ലഞ്ച്‌ബോക്‌സ് താഴെ വീണ് നൂഡില്‍സ് നാലു പാടുംചിതറി. ഭാഗ്യത്തിന് ആരുടേയും ദേഹത്ത് കൊണ്ടില്ല. അടുത്തൊന്നും ടീച്ചര്‍മാരും ഇല്ലായിരുന്നു. കാര്യങ്ങള്‍ അതുകൊണ്ട് തീരേണ്ടതായിരുന്നു. പക്ഷെ, 'ഈ കാണിച്ചുവച്ചിരിക്കുന്നത് വൃത്തിയാക്കാന്‍ നിന്റെയൊക്കെ വീട്ടീന്ന് ആളുവരുമോ' എന്ന അലര്‍ച്ച കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ലഞ്ച്ഹാളിന്റെ ചുമതലയുള്ള സ്ത്രീ നില്‍ക്കുന്നു. ഇവരിതിനിടക്ക് എവിടെ നിന്നു വന്നു ചാടി? അവര്‍ തന്നെ ഇപ്പോള്‍ അടിക്കുമെന്ന് ആബേലിന് തോന്നി. ജോയലും അര്‍പ്പിതും മറ്റു കുട്ടികളും ഇതിനകം സുരക്ഷിതമായ അകലത്തിലെത്തിയിരുന്നു. നൂഡില്‍സ് നാരുകള്‍ നാവില്‍ ഉണങ്ങിപ്പിടിക്കുന്നത് രുചിച്ചു കൊണ്ട് ആബേല്‍ തല കുനിച്ചുനിന്നു.

''ആബേല്‍ എന്തിനാ ജോയലിനെ ഇഡിയറ്റ് എന്നു വിളിച്ചത്? ജോയലിന് വിഷമമായിക്കാണില്ലേ?'' 

കുട്ടികളെ ഉപദേശിച്ചു നേരെയാക്കാന്‍ സ്‌കൂള്‍ നിയമിച്ച കൗണ്‍സലര്‍ ഫാദര്‍ ഗോണ്‍സാലസ് ചോദിക്കുന്നു. ഫാദറിന്റെ മുറിയില്‍ ഒരു ടെലിവിഷന്‍ സെറ്റും അതിനെതിര്‍വശത്ത് ഒരു സോഫയുമുണ്ട്. ആബേല്‍ സോഫയില്‍ ഇരിക്കുകയാണ്. അവന്റെ കാലുകള്‍ കഷ്ടിച്ച് തറ വരെ എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ.

ഫാദര്‍ ഗോണ്‍സാലസ് പതുക്കയേ സംസാരിക്കൂ. ഒച്ച കൂടിപ്പോയാല്‍ ആബേലിന് വേദനിക്കുമോ എന്ന മട്ടില്‍. അല്ലെങ്കില്‍ ആബേല്‍ എന്തോ പൊട്ടിപ്പോകുന്ന സാധനമാണെന്ന മട്ടില്‍ വളരെ ശ്രദ്ധിച്ച്. 

''പറയൂ ആബേല്‍, എന്തിനാ അങ്ങനെ വിളിച്ചത്? പെട്ടെന്ന് ദേഷ്യം വന്നപ്പോള്‍ വിളിച്ചു പോയതാണോ? പിന്നെആബേലിനു തന്നെ അതിനെക്കുറിച്ചാലോചിച്ചപ്പോള്‍ വിഷമംതോന്നിയില്ലേ?''

''ഉം, വിഷമം തോന്നി.'' 

''ആബേല്‍ നല്ല കുട്ടിയായി സ്‌കൂളില്‍ ഗുഡ് ഗ്രേഡൊക്കെ വാങ്ങിച്ചാല്‍ പപ്പയും മമ്മയുമൊക്കെ എത്ര ഹാപ്പിയാകുംഎന്നറിയാമോ?''

''ഹാപ്പിയാകില്ല.''

''അതെന്താ?''

''ഞാന്‍ എല്ലാത്തിനും എ ഗ്രേഡ് വാങ്ങിച്ചാല്‍ എ പ്ലസ് കിട്ടാത്തതിന് വഴക്കു പറയും. എ പ്ലസ് കിട്ടിയാല്‍ പറയും ആര്‍ട്ട് ഫെസ്റ്റിഫലില്‍ ഫസ്റ്റായില്ലാന്ന്...''

ആബേല്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന മട്ടില്‍ ഫാദര്‍ അല്‍പനേരം കണ്ണുകളടച്ചിരുന്നു. പിന്നെ ഒരു സിഡി എടുത്ത് പ്ലെയറില്‍ തിരുകിക്കൊണ്ട് പറഞ്ഞു: 

''ശരി, ഞാന്‍ ആബേലിനെ ഒരു വിഡിയോ ക്ലിപ് കാണിക്കാം, ശ്രദ്ധിച്ച് കാണണം. എന്നിട്ട് ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക ്ഉത്തരം പറയണം. എന്താ?''

ആബേല്‍ തലയാട്ടി. 

വിഡിയോയില്‍ ആബേലിന്റെ പ്രായമുള്ള ഒരു ആണ്‍കുട്ടി മണലില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ക്യാമറ കുറച്ചുകൂടി അടുത്തേക്കു ചെന്നപ്പോള്‍ ആ കുട്ടി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് ഒരു വീടാണെന്ന് വ്യക്തമായി. ആബേലിനും ഇഷ്ടമാണ് മണ്ണില്‍ കളിക്കാന്‍. വെള്ളം ചേര്‍ത്ത് കുഴക്കണം, എന്നാലേ ബില്‍ഡിംഗ് നന്നായി ഉറക്കൂ. പക്ഷെ,ചളി വെള്ളത്തില്‍ കളിച്ചാല്‍ വഴക്കു കിട്ടും. വിഡിയോയിലെ കുട്ടി വെള്ളം കൊണ്ട് കളിക്കുന്നൊന്നുമില്ല. നല്ല ഭംഗിയുള്ള വീടാണ് അവന്‍ ഉണ്ടാക്കന്നത്. 

ആബേല്‍ ഫാദറിന്റെ മുഖത്തേക്കു നോക്കി. ഫാദര്‍ ചിരിച്ചുകൊണ്ട് ടി വിയില്‍ തന്നെ ശ്രദ്ധിക്കാന്‍ ആംഗ്യം കാണിച്ചു.

വീടുണ്ടാക്കിക്കൊണ്ടിരിക്കുന്ന കുട്ടിയേക്കാള്‍ അല്‍പം കൂടിവലിപ്പം തോന്നിക്കുന്ന മറ്റൊരു കുട്ടി മണല്‍ത്തിട്ടിലേക്കു വന്നു. ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ. വലിയ കുട്ടിയുടെ കാല്‍ തട്ടിമണല്‍ വീട് പൊടിഞ്ഞ് താഴെ വീണു. വീടുണ്ടാക്കിക്കൊണ്ടിരുന്ന കുട്ടിയുടെ മുഖം കാണാന്‍, അല്ലെങ്കില്‍ അവന്‍ എന്താണ് ചെയ്തതെന്ന് കാണാന്‍ ആബേലിന് കഴിഞ്ഞില്ല. അപ്പോഴേക്ക് ഫാദര്‍ വീഡിയോ നിര്‍ത്തിക്കളഞ്ഞു.

''ആബേല്‍, നമ്മളിപ്പോള്‍ ടി വിയില്‍ കണ്ടതെന്താ?'' 

''ഫാദറും കണ്ടതല്ലേ. പിന്നെന്തിനാ എന്നോട് ചോദിക്കുന്നത്?''

''എന്നാലും ആബേലെന്താ കണ്ടതെന്ന് പറ.''

''അധികമൊന്നും പറയാനില്ല. ഒരു കുട്ടി മറ്റൊരു കുട്ടിയുടെ ബില്‍ഡിംഗ് ചവിട്ടിപ്പൊട്ടിച്ചു.''

''ബില്‍ഡിംഗ് പൊട്ടിച്ച കുട്ടി ചീത്തക്കുട്ടിയാണെന്ന് ആബേലിനു തോന്നുന്നുണ്ടോ?''

ആബേല്‍ കുറച്ചു നേരം ആലോചിച്ചു.

''ഇല്ല.''

''അതെന്താ, ചീത്തക്കുട്ടികളല്ലേ മറ്റുള്ളവരുടെ സാധനങ്ങള്‍ പൊട്ടിക്കുക?

''ഒരു പക്ഷേ, ആ വലിയ കുട്ടിയുടെ കാല് അറിയാതെ തട്ടിപ്പോയതാണെങ്കിലോ?''

''ഗുഡ് ബോയ്,'' ഫാദറിന്റെ മുഖം തുടുത്തു. ''അതാണ് കാര്യം. ഒരാള്‍ അറിയാതെ പറ്റിപ്പോകുന്ന അബദ്ധവും മന:പൂര്‍വ്വം ചെയ്യുന്ന തെറ്റും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. രണ്ടാമത്തേതാണ് ശരിക്കുള്ള പാപം. ആദ്യത്തേത് ദൈവം ക്ഷമിക്കും. നമ്മളും ക്ഷമിക്കണം. അറിഞ്ഞു കൊണ്ടു ചെയ്യുന്ന തെറ്റിനുള്ള ശിക്ഷ ദൈവം കൊടുക്കും. പക്ഷെ നമ്മള്‍ മനുഷ്യര്‍ക്ക് ആരേയും ശിക്ഷിക്കാനുള്ള അവകാശമില്ല. മനസ്സില്ലായോ?''

ഫാദര്‍ പറഞ്ഞത് മുഴുവന്‍ മനസ്സിലായില്ലെങ്കിലും ഫാദറിന്റെ മുഖഭാവത്തില്‍ നിന്ന് ഇന്നത്തെ പരീക്ഷണത്തില്‍ വിജയിച്ചെന്ന് ആബേലിനു തോന്നി. ''മനസ്സിലായി ഫാദര്‍.'' അവന്‍ പറഞ്ഞു.     

........................................................................

ഫാദര്‍ ഗോണ്‍സാലസ് പതുക്കയേ സംസാരിക്കൂ. ഒച്ച കൂടിപ്പോയാല്‍ ആബേലിന് വേദനിക്കുമോ എന്ന മട്ടില്‍. അല്ലെങ്കില്‍ ആബേല്‍ എന്തോ പൊട്ടിപ്പോകുന്ന സാധനമാണെന്ന മട്ടില്‍ വളരെ ശ്രദ്ധിച്ച്. 

Image Courtesy: Châu Nguyễn/ Pixabay

 

ഗേറ്റിനു മുന്നില്‍ നിര്‍ത്തിയ മഞ്ഞ നിറമുള്ള സ്‌കൂള്‍ ബസ്സില്‍നിന്നിറങ്ങി, മുഷിഞ്ഞ യൂണിഫോമും പൊടി പിടിച്ച ഷൂസുമായി, ഉള്ളില്‍ നിന്ന് കുറ്റിയിട്ടില്ലാത്ത വാതില്‍ തള്ളിത്തുറന്ന് ആബേല്‍ വീട്ടിലേക്ക് കയറി. അകത്തെ മുറിയില്‍ നിന്ന് മമ്മയുടെ ശബ്ദം കേള്‍ക്കാം. 

''ഞാന്‍ മുഴുവന്‍ സമയം ദൈവത്തിന്റെ കാര്യങ്ങളും നോക്കിനടക്കുന്നുവെങ്കില്‍ അതിനു തക്കതായ കാരണങ്ങളുമുണ്ട്. അറിയാലോ, എന്നെക്കൊണ്ട് വെറുതെ പറയിപ്പിക്കണ്ട.'' 

''അതു ശരിയായിരിക്കും,'' പപ്പ പറയുന്നു. ''പക്ഷെ നീ പറയുന്ന കാര്യമാണോ അതോ അതിന്റെ കാരണമാണോ ആദ്യംസംഭവിച്ചത് എന്നും കൂടി ആലോചിച്ചു നോക്ക്. ഞാന്‍ ചോരയും നീരുമുള്ള ഒരാണാണെന്ന് മറക്കരുത്...''

ആബേലിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാകണം, സംഭാഷണം പെട്ടെന്ന് മുറിഞ്ഞു.

ബാഗ് ഒരു വശത്തേക്കിട്ട് അവന്‍ ഡൈനിംഗ് ടേബിളിലെ പാല്‍ ഗ്ലാസിലേക്കും ബിസ്‌കറ്റിലേക്കും കൈ നീട്ടി. അപ്പോഴേക്കും പപ്പ പ്രത്യക്ഷപ്പെട്ടു. കൈയിലെ കടലാസ് കണ്ടാലറിയാം സ്‌കൂള്‍ വാര്‍ത്തകള്‍ ചുകപ്പു മഷിയില്‍, ലാസ്റ്റ് ആന്‍ഡ് ഫൈനല്‍ വാര്‍ണിംഗായി, വീട്ടിലെത്തിക്കഴിഞ്ഞെന്ന്.

''എടാ, നിന്റെ പ്രിന്‍സിപ്പല്‍ എന്നെ ഫോണില്‍ വിളിച്ച് പറഞ്ഞത് എന്താന്നറിയോ? വീട്ടില്‍ കാണിക്കുന്ന സ്വഭാവം വീട്ടില്‍ തന്നെ വപ്പിച്ചിട്ട് വേണം മോനെ സ്‌കൂളിലേക്ക് വിടാനെന്ന്. പതിനഞ്ചുമിനിട്ടാ അയാള്‍ എന്റെ തന്തക്ക് വിളിച്ചത്. അറിയോ നിനക്ക്...'' പപ്പ അലറുന്നു. 

ഈ തന്തക്കു വിളിക്കല്‍ എന്താണെന്ന് ആബേലിന് മനസ്സിലായില്ല. ഒരു നിമിഷം സന്തോഷവും തോന്നി. ഇതിപ്പോള്‍ തന്റെ മാത്രം പ്രശ്‌നമല്ലല്ലോ. പപ്പയും കൂടെയുണ്ട്. പപ്പയുടെ കൈയിലെ നീണ്ട ചൂരല്‍ വടി കണ്ടപ്പോള്‍ പക്ഷെ സന്തോഷംആവിയായി. 

എന്തു വന്നാലും കരയില്ല--ആദ്യത്തെ അടി കാലില്‍വീണപ്പോള്‍ ആബേല്‍ ഉറപ്പിച്ചു.

അടിയൊക്കെ കഴിഞ്ഞ് പപ്പ കാറുമെടുത്ത് തിടുക്കത്തില്‍ പുറത്തേക്ക് പോയപ്പോള്‍ അതാ മമ്മ വരുന്നു. ദേവാലയത്തിലെ തിരശ്ശീല പോലെ വെളുത്ത സാരിയാണ് ഉടുത്തിരിക്കുന്നത്. കൈയില്‍ കുരിശു ചേര്‍ത്തു പിടിച്ച പുസ്തകമുണ്ട്. കണ്ണുകളില്‍ പപ്പയുടേതു പോലെ ദേഷ്യമൊന്നുമല്ല. പകരം ഒരുതരം തളര്‍ച്ച.   

''ഇന്ന് നീ എന്താ കാട്ടിയത്? എന്തിനാ ജോയലിനെ ചീത്തവിളിച്ചത്? ഇനി ഒരു തവണ കൂടി കുഴപ്പമുണ്ടാക്കിയാല്‍ സ്‌കൂളില്‍ നിന്നു തന്നെ പുറത്താക്കുമെന്നാ എഴുതിയിരിക്കുന്നത്. ദൈവമേ, എനിക്കു മതിയായി ഇവനെക്കൊണ്ട്. എന്താ ആബീ നീ ഇങ്ങനെ? എന്താ നിന്റെ കുഴപ്പം?'' കുനിഞ്ഞ് ആബേലിന്റെ രണ്ടു കൈയിലും പിടിച്ചുലച്ചുകൊണ്ട് മമ്മ ചോദിക്കുന്നു.

ആബേലിന് ദേഷ്യം വന്നു. അവന്‍ ബിസ്‌കറ്റ് കഴിച്ചുകഴിഞ്ഞതിനു ശേഷം ചോദിച്ചാല്‍ മതിയായിരുന്നില്ലേ മമ്മക്ക്.

മമ്മയുടെ കൈ വിടുവിച്ച് അവന്‍ രണ്ടു ചുവട് പുറകോട്ട് വച്ചു.

''കുഴപ്പം എനിക്കല്ല.''

''പിന്നെ? പിന്നെ ആര്‍ക്കാടാ കുഴപ്പം?'' മമ്മയുടെ ശബ്ദം കരച്ചിലാകുന്നു. ''ആര്‍ക്കാ?'' 

ആബേല്‍ ഓടി കോണിപ്പടിയില്‍ എത്തിയപ്പോള്‍ മമ്മ ഒരു മാഗസിന്‍ ശക്തിയില്‍ വലിച്ചറിയുന്ന ശബ്ദം പിന്നില്‍ കേട്ടു. ഒറ്റ നിമിഷം കൊണ്ട് മുകളിലത്തെ നിലയിലെത്തി. മുറിയില്‍കയറി അകത്തു നിന്നും വാതില്‍ കുറ്റിയിട്ടു. കിതക്കുന്നുണ്ട്. ടപ്, ടപ്, ടപ്, ടപ്...

''ഇന്നു മുഴുവന്‍ നീ അവിടെ തന്നെ നിന്നോ. പച്ചവെള്ളം കിട്ടുംന്ന് വിചാരിക്കണ്ട.'' താഴത്തെ ശബ്ദം പറയുന്നു.   

പിന്നെ വീട് നിശ്ശബ്ദമായി. ആബേല്‍ ചുമരില്‍ ചെവി ചേര്‍ത്തു. പ്രാര്‍ത്ഥനാമുറിയില്‍ മമ്മയുടെ വിരലുകള്‍ ജപമാലയുടെ മണികളില്‍ അരിശം തീര്‍ക്കുന്ന പതിഞ്ഞ ശബ്ദം കേള്‍ക്കുന്നുണ്ടോ?

 

........................................................................

അപ്പോഴാണ് അവര്‍ വന്നത്. ഏലിയന്‍സ്! അവനെ കൊണ്ടു പോകാന്‍. ഒരു നീണ്ടയാത്രയില്‍ കൂടെക്കൂട്ടാനാത്രേ. ഈ പ്രളയത്തില്‍ നിന്ന് നമുക്ക് രക്ഷപ്പെടണം. അവര്‍ പറയുന്നു. ആബേല്‍, ഈ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഒപ്പം ഞങ്ങളുടെ പെട്ടകത്തില്‍ കയറൂ..

Image: Jonny Lindner/ Pixabay

 

അവന്‍ കട്ടിലില്‍ കയറി പുതപ്പു കൊണ്ടു തല മൂടി ഇരുട്ടാക്കികിടന്നു. ആദ്യം കുറച്ചു ശ്വാസം മുട്ടി. പതുക്കെപ്പതുക്കെ കണ്ണടഞ്ഞടഞ്ഞ് പോകുന്നതു പോലെ. അപ്പോഴാണ് അവര്‍ വന്നത്. ഏലിയന്‍സ്! അവനെ കൊണ്ടു പോകാന്‍. ഒരു നീണ്ടയാത്രയില്‍ കൂടെക്കൂട്ടാനാത്രേ. ഈ പ്രളയത്തില്‍ നിന്ന് നമുക്ക് രക്ഷപ്പെടണം. അവര്‍ പറയുന്നു. ആബേല്‍, ഈ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഒപ്പം ഞങ്ങളുടെ പെട്ടകത്തില്‍ കയറൂ.. കൈകള്‍മുറുക്കിപ്പിടിക്കൂ. അതാ, വെള്ളം പൊങ്ങിത്തുടങ്ങി. ഇനി നീണ്ട യാത്രയാണ് ആബേല്‍. വളരെ നീണ്ട യാത്ര. ഒടുക്കം, ഒലീവിലയുള്ള, പഞ്ചാര മണലുള്ള ആ ദ്വീപില്‍ കപ്പലടുക്കുന്നതുവരെ...

ആദ്യമാദ്യം നല്ല രസമായിരുന്നു. തിരകളില്‍ ആടിയാടി അങ്ങനെ കിടക്കാന്‍. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ അവന് ബോറടിക്കാന്‍ തുടങ്ങി. പോരാത്തതിന് വിശപ്പും.

''ഇല്ല. എനിക്കു നിങ്ങളുടെ കൂടെ കൂട്ടുവരാന്‍ കഴിയില്ല. എനിക്ക് വീട്ടില്‍ പോണം.''  അവന്‍ ഏലിയന്‍സിന്റെ തലവനോട് പറഞ്ഞു. 

''ശരി, നിന്റെ ഇഷ്ടം പോലെ.'' തലവന്‍ തന്റെ പച്ചക്കണ്ണുകളില്‍ സങ്കടം നിറച്ചു കൊണ്ട് പറഞ്ഞു. ''പക്ഷെ, ഇടക്കു വരണം ഞങ്ങളുടെ ദ്വീപിലേക്ക്.'' 

ആബേല്‍ തലയാട്ടി.

തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ അത്താഴത്തിന്റെ നേരമായിരുന്നു. സന്തോഷത്തോടെ ചൂളം വിളിക്കുന്ന പ്രഷര്‍കുക്കര്‍. ആവിപറക്കുന്ന പാലപ്പത്തിന്റെ മണം.

''മമ്മ..മമ്മ..'' പുതപ്പു തട്ടി മാറ്റി ആബേല്‍  ചാടി എഴുന്നേറ്റു. പടികള്‍ ഓടിയിറങ്ങി താഴെയെത്തി.

മമ്മ പ്രാര്‍ത്ഥനാമുറിയില്‍ ഇരുന്ന് ബൈബിള്‍ വായിക്കുന്നുണ്ടായിരുന്നു. അവന് പ്രിയപ്പെട്ട ആബേലിന്റേയും കയേന്റെയും കഥ. ദൈവത്തിന് ഇഷ്ടം ആബേലിനെയായിരുന്നു (അങ്ങനെയാണ് മമ്മയുടെആബേലിന് ആബേലെന്ന് പേരു വിളിച്ചത്). ദൈവത്തിന് ആബേലിനെ ഇഷ്ടമായത് പക്ഷെ കയേനെ ചൊടിപ്പിച്ചു. അവന്‍ ആബേലിനെ വയലിലേക്ക് കൂട്ടിക്കൊണ്ടു പോയി; അവിടെ വച്ച് കൊന്നു കളഞ്ഞു. പാവം ആബേല്‍.

കഥയില്‍, ദൈവം കയേനെ ശാസിക്കുകയായിരുന്നു:

''നീ നന്മ ചെയ്യുന്നു എങ്കില്‍ പ്രസാദമുണ്ടാകയില്ലയോ? നീ നന്മചെയ്യുന്നില്ലെങ്കിലോ പാപം വാതില്‍ക്കല്‍ കിടക്കുന്നു, അതിന്റെ ആഗ്രഹം നിങ്കലേക്ക് ആകുന്നു. നീയോ അതിനെ കീഴടക്കണം എന്നു കല്പിച്ചു.'' 

പീറ്ററിന്റെ വേഷം കണ്ടാലറിയാം, ഓഫീസില്‍ നിന്നു നേരിട്ടുള്ളവരവാണെന്ന്. അയാളുടെ വെളുത്ത ഷര്‍ട്ടില്‍ ഇപ്പോഴും ഒരു ചുളിവ് വീണിട്ടില്ല. ചെന്നിയില്‍ നര കയറിയ, നന്നായി ചീകിയൊതുക്കിയ, തല ഉയര്‍ത്തി പിടിച്ച് തിടുക്കത്തില്‍ അയാള്‍ ഫാദര്‍ ഗോണ്‍സാലസിന്റെ മുറിക്കകത്തേക്ക് കയറി. കൈയിലെ ലെതര്‍ ബാഗ് കാല്‍ക്കീഴില്‍ വച്ച് എതിര്‍ വശത്തെ കസേരയില്‍ ഇരുന്നു. 

ഫസ്റ്റ് ചോയ്‌സ് ബാങ്കിലെ കലക്ഷന്‍ വിഭാഗത്തിലാണ് പീറ്ററിന് ജോലി. പല കാരണങ്ങളാല്‍ കുടിശ്ശിക തെറ്റിക്കുന്ന കസ്റ്റമേര്‍സിനെ തല്ലിയോ തലോടിയോ പണം തിരികെ പിടിക്കേണ്ട ചുങ്കക്കാരന്‍. ബാങ്കിലെ തിരക്കുകള്‍ക്കിടയില്‍ മകന്റെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തിയതിന്റെ അമര്‍ഷമാണ് അയാളുടെ മുഖത്തെന്ന് തോന്നും. പക്ഷെ, പീറ്ററിനെ അലട്ടുന്നത് നീനയാണ്. അയാളുടെ കാമുകി. നാട്ടിലില്ലാതിരുന്ന അവളുടെ ഭര്‍ത്താവ് രംഗത്തെത്തിയിട്ടുണ്ട്. അയാള്‍ക്ക് എന്തോ സംശയമുണ്ടത്രേ. പീറ്ററിന്റെ ഇടക്കിടക്കുള്ള വരവും പോക്കും മണത്തറിഞ്ഞ് അസൂയക്കാരായ അയല്‍ക്കാര്‍ ഏഷണിയുണ്ടാക്കുന്നുവെന്ന്. ഒന്നും പോരാഞ്ഞിട്ട് രണ്ടു ജോടി ഡ്രസ്സ് നീനയുടെ ഫ്‌ലാറ്റില്‍ മറന്നു വച്ചത് ഇപ്പോള്‍ തെളിവായിരിക്കുന്നു.

''ക്ഷമിക്കണം പീറ്റര്‍. താങ്കള്‍ തിരക്കുള്ള മനുഷ്യനാണെന്ന് അറിയാം. പക്ഷെ എത്ര തിരക്കായാലും മകന്റെ കാര്യത്തിന് സമയം കാണാതിരിക്കില്ലല്ലോ, അല്ലേ?'' 

ഫാദറിന്റെ കുറ്റപ്പെടുത്തല്‍ തിരിച്ചറിഞ്ഞ് പീറ്റര്‍ കസേരയിലൊന്ന് ഇളകി ഇരുന്നു. തുരുതുരാ വന്നു പതിക്കുന്ന നീനയുടെ മെസേജുകളുടെ വിറയല്‍ ഒഴിവാക്കാന്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത് മേശപ്പുറത്ത് വച്ചു. ഫാദറിന്റെ കസേരക്കുപിന്നിലെ ചുമരില്‍, യിസഹാക്കിനെ ബലി നല്‍കാന്‍ തീയുംവിറകുമായി എബ്രഹാം തയ്യാറെടുക്കുന്ന ചിത്രം തൂക്കിയിട്ടുണ്ടായിരുന്നു.

''നിങ്ങള്‍ അച്ഛനും മകനും തമ്മിലെങ്ങനെയാണ്? ആബേലുമൊത്ത് സമയം ചെലവഴിക്കാനൊക്കെ സാധിക്കാറുണ്ടോ?''

''എന്റെ നോട്ടത്തില്‍ കുഴപ്പമൊന്നുമില്ല. ഞങ്ങളാലാവുന്നതൊക്കെ ചെയ്തു കൊടുക്കുന്നുണ്ട്. ഇനി സൗകര്യം കൂടിപ്പോയതിന്റെ കുഴപ്പമാണെങ്കിലേ ഉള്ളൂ.'' 

''ഞാന്‍ സമയത്തിന്റെ കാര്യമാണ് ചോദിച്ചത്. എപ്പോഴാണ് അവസാനമായി നിങ്ങളും മകനും മാത്രമായി ഒരു മണിക്കൂറെങ്കിലും ചെലവഴിച്ചത്?''

''ഫാദറെന്താ കുറ്റപ്പെടുത്തുന്നതു പോലെ സംസാരിക്കുന്നത്? ഞാനൊക്കെ വളര്‍ന്നത് നോക്കുമ്പോള്‍ അവനൊക്കെ എന്തിന്റെ കുറവാ?'' വാദങ്ങളില്‍ യുക്തിയുടെ തോത് കുറയുമ്പോള്‍ സംഭവിക്കാറുള്ളതു പോലെ പീറ്ററിന്റെ ശബ്ദം ഉയര്‍ന്നു.

''ശാന്തനാകൂ പീറ്റര്‍, ഞാന്‍ താങ്കളെ കുറ്റപ്പെടുത്തിയതൊന്നുമല്ല.'' ഫാദര്‍ പറഞ്ഞു. ''താങ്കളെ പോലെ, തന്റെ സമയം മിനക്കെടുത്താനുള്ള ഓരോ കാര്യങ്ങള്‍ എന്ന മുഖഭാവവുമായി ഇരിക്കുന്ന അച്ഛന്മാര്‍ ചിലപ്പോഴെങ്കിലും ഞങ്ങളെ പോലുള്ളവരുടെ മുന്നില്‍ എല്ലാ പ്രതിരോധങ്ങളുമഴിഞ്ഞ്, കുട്ടികളെപ്പോലെ കരഞ്ഞുപോകുന്നത് കണ്ടിട്ടുണ്ട്. അത് എന്തിനെക്കുറിച്ചോര്‍ത്തിട്ടാണെന്ന് പീറ്ററിന് ഊഹിക്കാമോ?''

''അവരവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചോര്‍ത്തിട്ടായിരിക്കും...''

''എന്നാലും എന്ത് തരം വേദനകളായിരിക്കും ആ അച്ഛന്മാരെ അങ്ങനെ പരസ്യമായി കരയിക്കുന്നത്?''

''എനിക്കറിയില്ല. തല തിരിഞ്ഞു പോയ മക്കളെക്കുറിച്ചോ, ജോലിസ്ഥലത്തെ കുഴപ്പങ്ങളെക്കുറിച്ചോ, ഭാര്യമായിട്ടുള്ള പ്രശ്‌നങ്ങളോ. അങ്ങനെയെന്തെങ്കിലും. ദുര്‍ബലരായ ആളുകള്‍ക്ക് കരയാന്‍ അതൊക്കെ തന്നെ ധാരാളമാണല്ലോ.''

''അല്ല പീറ്റര്‍. അല്ല. നാല്‍പ്പതും അമ്പതും വയസ്സുള്ള, ഈ ആണുങ്ങള്‍ കരഞ്ഞു പോകുന്നത്, അവരവരുടെ അച്ഛന്മാരെക്കുറിച്ച്, മരണം കൊണ്ടോ ദൂരം കൊണ്ടോ മനപ്പൂര്‍വമോ തങ്ങളില്‍ നിന്ന് അകന്നു പോയ സ്വന്തം അച്ഛന്മാരെക്കുറിച്ച് സംസാരിക്കുമ്പോഴാണ്.'' ഫാദര്‍ഗോണ്‍സാലസ് ഒരു നിമിഷം നിര്‍ത്തി. പീറ്ററിന്റെ  കണ്ണുകളിലേക്ക് കാരുണ്യത്തോടെ നോക്കി. ''ഒരു അച്ഛന്‍ തന്റെ മകനെക്കുറിച്ചോര്‍ത്ത് വ്യാകുലനാകുന്നത്രയും തന്നെ തന്റെ അച്ഛനെയോര്‍ത്ത് ഒരു മകനും വേദനിക്കുന്നുണ്ടെന്ന് പീറ്റര്‍ മനസ്സിലാക്കണം.''

ഫാദര്‍ സംസാരിക്കുകയായിരുന്നില്ല, തന്റെ മുഖത്തടിക്കുകയായിരുന്നെന്ന് പീറ്ററിനു തോന്നി. പിന്നീട് ഫാദര്‍ പറഞ്ഞതൊന്നും അയാള്‍ കേട്ടില്ല. ശബ്ദം റദ്ദ് ചെയ്ത ഒരു ടെലിവിഷന്‍ സ്‌ക്രീന്‍ പോലെ അയാളുടെ മനസ്സില്‍ ഓര്‍മകള്‍ ആഞ്ഞു പെയ്യുകയായിരുന്നു. ഇടക്കെപ്പോഴോ ഒരു കുറ്റവാളിയെപോലെ തലകുനിച്ചു കൊണ്ട് അയാള്‍ ഫാദറിന്റെ മുറിയില്‍നിന്ന് ഇറങ്ങിപ്പോന്നു. 


ടെലിവിഷനില്‍ പതിഞ്ഞ ശബ്ദത്തില്‍ ഓടിക്കൊണ്ടിരുന്ന കോമഡി പ്രോഗ്രാമിന് ശ്രദ്ധ കൊടുക്കാതെ പീറ്റര്‍ സ്വീകരണമുറിയിലെ സോഫയിലിരുന്നു. തെരേസ മുകളിലെ മുറിയില്‍ ഫോണില്‍ അവളുടെ ധ്യാനഗ്രൂപ്പിന്റെ ലീഡറുമായി നീണ്ട ചര്‍ച്ചയിലാണ്. 

അയാള്‍ ആബേലിന്റെ മുറിയില്‍ ചെന്ന് അവന്റെ കിടപ്പുനോക്കി. പുതപ്പ് വലിച്ച് അവന്റെ നെഞ്ചു വരെ മൂടി. മനസ്സിലെ ചുഴലികളൊന്നും പുറത്തു കാണിക്കാതെ  ഉറങ്ങുന്ന അവന്റെ മുഖം കണ്ടപ്പോള്‍ പീറ്ററിന്റെ കണ്ണുകളില്‍ നനവ് പൊടിഞ്ഞു. അത് പക്ഷെ, ഫാദര്‍ പറഞ്ഞതു പോലെ അപ്പനെ ഓര്‍ത്താണോ അതോ കുറ്റബോധം കൊണ്ടാണോ എന്ന് അയാള്‍ക്ക് തീര്‍ച്ചപ്പെടുത്താനായില്ല.

തിരിച്ചു സോഫയില്‍ വന്നിരുന്ന് പീറ്റര്‍ ചാനല്‍ മാറ്റി. ഒരു സിനിമയിലേക്ക് ബലം പ്രയോഗിച്ച് മനസ്സിനെ കെട്ടിയിട്ടു. ഇടക്കെപ്പോഴോ കമേര്‍ഷ്യല്‍ ബ്രെയ്ക്കിലേക്ക് മാറിയപ്പോഴാണ്ശ്രദ്ധിച്ചത്--ബെഡ്റൂമിന്റെ വാതില്‍ക്കല്‍ കണ്ണു തിരുമ്മിനില്‍ക്കുന്ന ആബേലിനെ.

അയാള്‍ ടി വി ഓഫ് ചെയ്ത് അവനെ നിശ്ശബ്ദം, കൈ നീട്ടി തന്റെ അടുത്തേക്ക് വിളിച്ചു. ഒരു പക്ഷെ താന്‍ സ്വപ്നംകാണുകയാണെന്ന തോന്നലിലാവണം അവന്‍ അവിടെ തന്നെ നിന്നു. വീണ്ടും വിളിച്ചപ്പോള്‍ മടിച്ചു മടിച്ച് അടുത്തേക്ക് വന്നു. സോഫയില്‍ അരികിലിരുന്നു.

''പപ്പ, ഇനി ഞാന്‍ ആരുമായും വഴക്കുണ്ടാക്കില്ല...'' മഞ്ഞുരുകിയപ്പോള്‍ ആബേല്‍ പറഞ്ഞു.

''ഉം.'' പീറ്റര്‍ അവനെ ചേര്‍ത്തു പിടിച്ചു. തന്റെ കണ്ണുകള്‍ വീണ്ടും നിറയുന്നത് അയാള്‍ അറിഞ്ഞു.

ആബേല്‍ ഉറങ്ങിക്കഴിഞ്ഞപ്പോള്‍ പീറ്റര്‍ നീനയുടെ അവസാനത്തെ മെസേജിന് മറുപടി ടൈപ്പ് ചെയ്തു തുടങ്ങി. അയാളൊന്നും മറച്ചു വച്ചില്ല. ആബേലിന്റെ സ്‌കൂളിലെ സംഭവങ്ങളും തന്റെ കുറ്റബോധവും തെരേസയും അപ്പനും എല്ലാം വിസ്തരിച്ചെഴുതി. നീനക്ക് അയാള്‍ ഇതു വരെ അയച്ച ഏറ്റവും ദൈര്‍ഘ്യമേറിയ സന്ദേശം. ഇനി കുറേ നാളത്തേക്ക് ആബേലിന്റെ കാര്യങ്ങള്‍ നോക്കലാണ് തന്റെ ഏറ്റവും പ്രധാനജോലിയെന്ന് അവസാനിപ്പിച്ചപ്പോള്‍, സത്യത്തിനു മാത്രംനല്‍കാന്‍ കഴിയുന്ന സ്വാതന്ത്ര്യം അയാള്‍ അനുഭവിച്ചു.  

അതി രാവിലെ, തലയിണക്കു കീഴിലെ സെല്‍ഫോണിന്റെ വൈബ്രേഷന്‍ പീറ്ററിനെ ഉണര്‍ത്തി. കിടക്കയുടെ മറ്റേ പാതിയില്‍ തിരിഞ്ഞു കിടന്നുറങ്ങുന്ന തെരേസയെ ഉണര്‍ത്താതെ അയാള്‍ സെല്‍ഫോണുമായി മുറിക്ക് പുറത്തുകിടന്നു. തലേന്നു രാത്രിയുടെ ഓര്‍മയില്‍ ആബേലിന്റെ ബെഡ്റൂമില്‍ എത്തിച്ചു നോക്കി. അവന്‍ പുതപ്പും കെട്ടിപ്പിടിച്ച് നല്ല ഉറക്കത്തിലാണ്.

ഭയപ്പെട്ടതു പോലെ തന്നെ കോള്‍ നീനയുടേതായിരുന്നു. അയാള്‍ ഓഫീസ് മുറിയില്‍ ചെന്ന്, വാതില്‍ അകത്തു നിന്ന്ചാരിയ ശേഷം, അവളോട് സംസാരിച്ചു. 

''നീ ഞാന്‍ പറയുന്നത് മനസ്സിലാക്ക്. ഇനിയും ഇത് തുടര്‍ന്നാല്‍ എല്ലാവര്‍ക്കും വേദനിക്കും. ആബേല്‍ ചെറിയ കുട്ടിയല്ലേ?''

''പീറ്റര്‍ വെറുത പറയുകയാണ്. ഒരു കൊല്ലം മുന്‍പും ആബേല്‍ ഉണ്ടായിരുന്നല്ലോ. അന്ന് അവന്‍ ഇതിലും ചെറുതായിരുന്നല്ലോ. അപ്പൊ, അതൊന്നുമല്ല കാര്യം.''

തലേന്ന് രാത്രിയിലെ മനസ്സു തുറക്കലിന് വിചാരിച്ച ഫലമല്ല ഉണ്ടായതെന്ന തിരിച്ചറിവില്‍ പീറ്ററിന് തല വേദനിക്കാന്‍തുടങ്ങി.

''കുറഞ്ഞ പക്ഷം പ്രാക്റ്റിക്കലായെങ്കിലും ചിന്തിക്ക് നീന. എങ്ങനെ നോക്കിയാലും നമുക്കിതു പോലെ മുന്നോട്ട് പോകാന്‍പറ്റില്ല.''

''നമുക്ക് വിവാഹം കഴിക്കാം.''

''നീന, വിഡ്ഢിത്തം പറയാതെ.''

വാഷ്‌ബേസിനില്‍ വെള്ളം തുറന്നു വിടുന്ന ശബ്ദം ഫോണിലൂടെ കേട്ടു.  

''പീറ്റര്‍, ഞാന്‍ ബാത്ത് റൂമില്‍ കയറി വാതിലടക്കാന്‍ പോവുകയാണ്...''

''നീന, സ്റ്റോപ്പ്...നീ എന്താ കാട്ടാന്‍ പോകുന്നത്?'' പീറ്ററിന്റെ ശബ്ദം വിറച്ചു.

''മുന്‍പ് ഞാന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചപ്പോഴൊക്കെ എന്നെ തടഞ്ഞത് പീറ്ററാണെന്ന് മറക്കണ്ട. എനിക്ക് എന്ത്‌സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം...''

പീറ്ററിന് എന്തെങ്കിലും പറയാന്‍ അവസരം കിട്ടും മുന്‍പ് ഫോണ്‍ കട്ടായി. അതോടെ സകല നിയന്ത്രണവും നഷ്ടപ്പെട്ട് അയാള്‍ ഫോണ്‍ തറയിലേക്കെറിഞ്ഞതും, ഉറക്കമെഴുന്നേറ്റ് മുറിയിലേക്ക് കടന്നു വന്ന ആബേല്‍ അയാളുടെ പിന്‍കഴുത്തില്‍ കൈചുറ്റിപ്പിടിച്ചു കൊണ്ട് ദേഹത്തേക്ക് ചാടിക്കയറിയതും ഒരുമിച്ചായിരുന്നു. പെട്ടെന്നുണ്ടായ പ്രതികരണത്തില്‍ പീറ്റര്‍ ശക്തിയായി ചുമലും കൈകളും വെട്ടിക്കുകയും ആബേല്‍ തെറിച്ച് മുറിയുടെ മൂലയിലേക്ക് വീഴുകയും ചെയ്തു.

താന്‍ ചെയ്യുന്നത് ക്രൂരമാണെന്നറിഞ്ഞിട്ടും സ്വയം നിയന്ത്രിക്കാനാവാതെ എല്ലാ പിഴകള്‍ക്കും കാരണം ആബേല്‍ ആണെന്ന മട്ടില്‍ തീ പാറുന്ന കണ്ണുകളോടെ പീറ്റര്‍ അവനെ നോക്കി. പകച്ചു പോയ ആബേല്‍ തട്ടിക്കുടഞ്ഞ് എഴുന്നേറ്റുനിന്നു. അവന്‍ ക്ഷമ ചോദിക്കുകയോ കരയുകയോ ചെയ്തില്ല. മുതിര്‍ന്ന ഒരാളായതു പോലെ കുറച്ചു നിമിഷങ്ങള്‍ പീറ്ററിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് നിന്നു. പിന്നെ തിരിഞ്ഞ് മുറിയില്‍ നിന്ന് പുറത്തേക്ക് ഓടി. വീഴ്ചയില്‍ അവന്റെ കൈയില്‍ നിന്ന് തെറിച്ചു പോയ കടലാസില്‍ രാവിലെ ഉറക്കമെഴുന്നേറ്റയുടന്‍ അവന്‍ വരച്ചുണ്ടാക്കിയ ഏലിയന്‍സിന്റെ പടം പീറ്റര്‍ കണ്ടു.      

 

........................................................................

അവന്‍ പോലുമറിയാതെ കാല്‍ക്കീഴിലെ മുട്ടന്‍കല്ലിലേക്ക് ആബേലിന്റെ കൈകള്‍ നീണ്ടു. സര്‍വ്വശക്തിയുമെടുത്ത് കാലുകള്‍ ചെളിയില്‍ പൂഴ്ത്തി, കയേനാകാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട്, അവന്‍ മഴവില്ല് തെളിയാത്ത ആകാശത്തേക്കു നോക്കി നിന്നു.   

Image: Pawel86/ Pixabay


മഴ മൂടിയ പ്രഭാതം. നനഞ്ഞ റോഡുകളും വെള്ളമിറ്റൂ വീഴുന്ന ട്രാഫിക് ലൈറ്റുകളും. കാറിന്റെ പിന്‍സീറ്റില്‍ നീരാവി മൂടിയ ചില്ലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് ആബേല്‍ മുഷിഞ്ഞിരുന്നു. മഴ കാരണം എല്ലായിടത്തും ട്രാഫിക് മുടന്തിയാണ് നീങ്ങുന്നത്. അല്ലെങ്കിലും അല്‍പം വൈകി സ്‌കൂളില്‍ എത്തിയതു കൊണ്ട് കുഴപ്പമൊന്നുമില്ല. ഒരിക്കലും എത്തിയില്ലെങ്കിലും. അതു കൊണ്ടാണല്ലോ മനപ്പൂര്‍വ്വം സ്‌കൂള്‍ ബസ് മിസ്സാക്കിയത്. 

''ആര്‍ യു ആള്‍ റൈറ്റ്?'' മമ്മ ചോദിക്കുന്നു. ''മോന്‍ വിഷമിക്കാതിരി. എല്ലാം തമ്പുരാന്‍ അറിഞ്ഞു ചെയ്യും. മമ്മ പ്രാര്‍ത്ഥിക്കുന്നുണ്ട്.''

ധ്യാനം കൂടാന്‍ പോകുന്നതിന്റെ തലേ ദിവസങ്ങളില്‍ മമ്മ അങ്ങനെയാണ്. വളരെ റിലാക്‌സ്ഡ്. കരുതല്‍. സ്‌നേഹം. പക്ഷെ അധിക നാള്‍ ഉണ്ടാവില്ല. ധ്യാനം കഴിഞ്ഞു വന്നാല്‍ ഒന്നു രണ്ടു ദിവസത്തിനകം വീണ്ടും പഴയ പടിയാകും. മഴക്കാര്‍ ഉരുണ്ടു കൂടും

''ദൈവത്തിന് ആബേലിനെ വലിയ ഇഷ്ടമായിരുന്നു അല്ലേ മമ്മ?'' ആബേല്‍ ചോദിച്ചു.

''അതെ മോനെ, വലിയ ഇഷ്ടമായിരുന്നു.'' അവനെ ആശ്ചര്യത്തോടെ തിരിഞ്ഞു നോക്കി മമ്മ ചിരിക്കുന്നു.''എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മഴ മാറുമ്പോ ആകാശത്തേക്ക് നോക്കിയാ മതി. മഴവില്ല് കാണും. അതാണ് ദൈവത്തിന്റെ ഉടമ്പടി.''

ആദ്യത്തെ പിരിയഡില്‍ മിസ്സ് ആന്‍ ആന്‍സര്‍ പേപ്പറുകള്‍ വിതരണം ചെയ്തു തുടങ്ങി. ക്ലാസ്സിലെ അന്തരീക്ഷം ഒരു സൂത്രവാക്യം പോലെ വലിഞ്ഞു മുറുകി. പാസായവര്‍ ആശ്വാസത്തോടെ കടലാസുകള്‍ പങ്കു വച്ചു. ആബ്‌സന്റായ മൂന്നു കുട്ടികളുടേയും ആബേലിന്റേയും ഉത്തരക്കടലാസുകള്‍മാത്രം രഹസ്യങ്ങള്‍ ഉള്ളിലൊളിപ്പിച്ച് മേശപ്പുറത്ത് കമ്‌ഴ്ന്നുകിടന്നു. നൂറു മാര്‍ക്കും സ്‌മൈലിയുമുള്ള പേപ്പര്‍ അര്‍പ്പിത് ആരതിയെ അഭിമാനത്തോടെ ഉയര്‍ത്തിക്കാണിക്കുന്നത് കണ്ടപ്പോള്‍, ആബേലിനു മാത്രം നൂറു മാര്‍ക്കും കിട്ടിയതുകൊണ്ടാണ് മിസ്സ് ഉത്തരക്കടലാസ് വിട്ടു തരാത്തതെന്ന അത്ഭുതത്തെ പൊട്ടിച്ചു കളഞ്ഞു കൊണ്ട് അവന്‍ തന്റെ ദുരന്തത്തിനു തയ്യാറെടുത്തു.

''നിങ്ങളിലാരെങ്കിലും, രണ്ടു കണ്ണും പൊട്ടിയ ഒരാള്‍ ഒരു കണ്ണുമാത്രം കാണാത്ത മറ്റൊരാളെ അന്ധനെന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ടോ?'' മിസ്സ് ചോദിക്കുന്നു. പരീക്ഷാ വിജയത്തില്‍ ക്ലാസില്‍ ചിരി പൊട്ടി. ''പോട്ടെ, രണ്ടു കാലിലും മുടന്തുള്ളവന്‍ മറ്റൊരുത്തന്റെ നടത്തത്തെ കളിയാക്കിയാലോ?'' ''കളിയാക്കിയാലോ?'' ക്ലാസ് കോറസു പാടുന്നു. ആബേലിന്റെ നെറ്റിയും കൈത്തലവും വിയര്‍ത്തു.

''ആനമുട്ടയിലും വലിയ എന്തെങ്കിലും ഉണ്ടെങ്കില്‍ കൊടുക്കേണ്ടരീതിയില്‍ കണക്ക് പരീക്ഷ എഴുതിയവന്‍,'' ഇപ്പോള്‍ ആബേലിന്റെ ഉത്തരക്കടലാസ് എടുത്തുയര്‍ത്തി ക്ലാസ്സിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് മിസ്സ് പറയുന്നു. ''മറ്റൊരു കുട്ടിയെ ഇഡിയറ്റ് എന്നു വിളിച്ചാലോ?'' കുട്ടികള്‍ എല്ലാം ചിരിച്ചാര്‍ത്തുകൊണ്ട് ആബേലിനു നേരെ തിരിഞ്ഞു. മിസ്സ് പറയാതെ തന്നെ അവന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റു. ആബേല്‍ ഇഡിയറ്റ് എന്നു വിളിച്ചത് തന്നെയാണ് എന്ന് വ്യക്തമാക്കാനെന്ന മട്ടില്‍ ജോയല്‍ മുന്നോട്ടാഞ്ഞിരുന്നു.    

വിയര്‍ക്കുന്ന കൈത്തലങ്ങള്‍ ട്രൗസറില്‍ തുടച്ച് ആബേല്‍ ചെന്ന് പേപ്പര്‍ വാങ്ങി. ചിരിക്കുന്നവരെ ചിലതൊക്കെ ചെയ്യാനുള്ള ആവേശം കടിച്ചമര്‍ത്തി. ക്ലാസിലല്ലെന്നും, ഏലിയന്‍സിന്റെ കൂടെ ദ്വീപിലാണെന്നും, ഈ ശബ്ദമെല്ലാം അവിടുത്തെ മൃഗങ്ങളുടേതാണെന്നും വിശ്വസിക്കാന്‍ ശ്രമിച്ച് ക്ലാസിന്റെ ഏറ്റവും പിന്നില്‍ പോയി നിന്നു.  


ഇന്റര്‍വെല്‍ സമയത്ത് അവന്‍ കളിക്കാനൊന്നും പോയില്ല. മഴ പെയ്തതു കാരണം ഗ്രൗണ്ടിലും കുട്ടികള്‍ കുറവായിരുന്നു. ചളി വെള്ളം തെറിപ്പിച്ചു കൊണ്ട് അലക്ഷ്യമായി നടന്നു. പെട്ടെന്ന് വെള്ളത്തുള്ളികളെ പ്രകാശിപ്പിച്ചു കൊണ്ട് വെയില്‍ പരന്നപ്പോള്‍ മമ്മ പറഞ്ഞതു പോലെ മഴവില്ലു കാണാന്‍ കഴിയുമോ എന്ന പ്രതീക്ഷയില്‍ അവന്‍ മുകളിലേക്ക് നോക്കി. 

അവന്റെ ക്ലാസ്സിലെ വിജേഷ് ഓടിക്കൊണ്ടു വരുന്നത് ദൂരെനിന്നേ കണ്ടു.

''സാനിയയുടെ പുതിയ ലഞ്ച് ബോക്‌സ് കാണാനില്ല. അവള്‍ അവിടെ നിന്ന് വലിയ കരച്ചിലാ. എല്ലാരും കൂടി നില്‍പ്പുണ്ട്. മിസ്സും ഉണ്ട്.'' അടുത്തെത്തിയപ്പോള്‍ വിജേഷ് കിതച്ചു കൊണ്ട്പറഞ്ഞു. ''ക്ലാസ്സില്‍ തന്നെയുള്ള ആരെങ്കിലും ആയിരിക്കും എടുത്തതെന്ന്. അങ്ങനെയാണെങ്കില്‍, നീ തന്നെയായിരിക്കും ചെയ്തിട്ടുണ്ടാവുകാന്ന്... ഇതിനും മുന്‍പും നീ മറ്റുള്ളവരുടെസാധനങ്ങള്‍ എടുത്തിട്ടുണ്ടെന്ന്...'' വിജേഷ് ഒന്നു നിര്‍ത്തിപിന്നോട്ട് മാറി. ''ഞാനല്ല. ജോയലാ പറഞ്ഞത്.'' അവന്‍ വന്നപോലെ തിരിച്ചോടി. 

ഇടക്കൊന്ന് എത്തി നോക്കിയ വെയില്‍ ഇപ്പോള്‍ മറഞ്ഞിരിക്കുന്നു. ദൂരെ ഇടിയും മിന്നലുമായി മഴ വീണ്ടും തയ്യാറെടുത്തു. അവന്‍ പോലുമറിയാതെ കാല്‍ക്കീഴിലെ മുട്ടന്‍കല്ലിലേക്ക് ആബേലിന്റെ കൈകള്‍ നീണ്ടു. സര്‍വ്വശക്തിയുമെടുത്ത് കാലുകള്‍ ചെളിയില്‍ പൂഴ്ത്തി, കയേനാകാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട്, അവന്‍ മഴവില്ല് തെളിയാത്ത ആകാശത്തേക്കു നോക്കി നിന്നു.   

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

click me!