അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

By Vaakkulsavam Literary Fest  |  First Published Aug 26, 2019, 3:51 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍


ആണ്‍കോയ്മയിലധിഷ്ഠിതമായ സാമാന്യവല്‍ക്കരണങ്ങളുടെയും പൊതുധാരണകളുടെയും ആഖ്യാനങ്ങളെ പെണ്‍മയുടെ മൂര്‍ച്ചയേറിയ നേരുകളാല്‍ മായ്ക്കാനുള്ള ശ്രമങ്ങളാണ് സീന ശ്രീവല്‍സന്റെ കവിതകള്‍. തികച്ചും വൈയക്തികമെന്ന പ്രതീതിയാണ് ഒറ്റവായനയില്‍ അതു സൃഷ്ടിക്കുക. ആഴങ്ങളിലിറങ്ങുമ്പോള്‍, എന്നാല്‍ നമുക്ക് കാണാം, സാമൂഹ്യ ഉല്‍ക്കണ്ഠകള്‍, ലിംഗരാഷ്ട്രീയത്തിന്റെ പൊടിപ്പുകള്‍, പൊതുആഖ്യാനങ്ങളോടുള്ള രോഷങ്ങള്‍. എന്നാല്‍, മുദ്രാവാക്യത്തിന്റെ ഭാഷയല്ല അതിന്. കവിതയ്ക്ക് മാത്രം കഴിയുന്ന സൂക്ഷ്മമായ പ്രകാശനങ്ങള്‍. 



1

Latest Videos

പ്രിയപ്പെട്ട ഷഹന്‍ഷാ

ദിവാനെ ആമിലേക്ക്
മുഖമുയര്‍ത്തി അവള്‍ വന്നു.
മുഖപടമഴിഞ്ഞുവീണു.
ഷാജഹാന്റെ നരച്ച മുടികള്‍ ഉലഞ്ഞു.
തടവറയിലൊരു വേനല്‍
തളം കെട്ടി നിന്നു.

'എന്നെ അറിയുമോ '?
വാര്‍ദ്ധക്യത്തിന്റെ ശീലക്കേടുകളിലേക്ക്
ഒരു സ്വരം ചിതറിവീണു.
ഷഹന്‍ഷാ ഓര്‍മ്മയുടെ ജാലകം തുറന്നു.

സ്വര്‍ണ്ണമഞ്ചത്തിലവള്‍....

'ഇല്ല നിങ്ങള്‍ക്കറിയില്ല',
അവളൊന്നു കിതച്ചു.
വാക്കുകള്‍ പൊട്ടി വീണു.

'നിങ്ങള്‍ക്കറിയാവുന്നത്
അത്തറാലലങ്കൃതമായ
പട്ടുകുപ്പായത്തിലൊളിപ്പിച്ച
വെണ്ണക്കല്ലിന്റെ മിനുപ്പാണ്.
ഋതുക്കളറിയാതെ നിങ്ങള്‍ 
തേടിയലഞ്ഞ ശരീരകാന്തിയാണ്.
ഉന്മാദങ്ങളിലേക്കൂളിയിടാന്‍
നിങ്ങള്‍ കണ്ടെത്തിയ തടാകമാണ്.

അവിടെ ഞാനുണ്ടായിരുന്നില്ലല്ലോ

അസ്ഥിയില്‍ പോലും വെയില്‍ തട്ടാതെ
നിഴല്‍തട്ടാതെ ഒളിപ്പിച്ചിടാനല്ലേ
പ്രളയത്തിന്റെ വിശുദ്ധനാമത്തില്‍
മരണത്തില്‍ പോലും
അങ്ങെനിക്കൊരു കൂടൊരുക്കിയത്?

ഇനിയെങ്കിലും എനിക്കൊന്ന്
പറക്കണം പ്രഭോ.
ഈ വെണ്ണക്കല്ലില്‍ നിന്ന് 
വിടുതല്‍ തരിക.'


2

അകമണ്ണ് 

മണ്ണിന്റെ അതിലോലമായ
അടരുകളിലേക്ക് 
അച്ഛനൊരു കിളി വാതില്‍
പണിതിട്ടു.
വേരു പൊട്ടുന്നിടത്ത്
എന്നെ വിളക്കിച്ചേര്‍ത്തു.

വെള്ളം തണുപ്പിച്ച 
മേല്‍ത്തട്ടിലൂടെ
ഞാനൂര്‍ന്നിറങ്ങി. 
വിരിയാനിരിക്കുന്ന ഇലകള്‍
പുറപ്പെടേണ്ട മൊട്ടുകള്‍
ഇനി ഉണരേണ്ട ഫലങ്ങള്‍
അവയ്ക്കുള്ളിലെ ജീവന്‍
അതിനുമുള്ളിലെ കടല്‍
അതിന്നാഴങ്ങളിലെ പച്ച
മണ്ണൊളിപ്പിച്ച പൊരുളുകള്‍ 
അച്ഛന്റെ വേദങ്ങള്‍
ഉള്‍ക്കനങ്ങള്‍.

ഞാന്‍ നീന്തി, മുട്ടുകുത്തി
ഉരുണ്ടുവീണും പിടഞ്ഞെണീറ്റും
പിച്ച വെച്ചും
മണ്ണാഴങ്ങളില്‍ മുത്തിയും 
അലഞ്ഞു നടന്നു. 

ഞാനുണര്‍ന്നപ്പോള്‍ 
പെറ്റെണീറ്റ് അച്ഛന്‍. 
ഒരു ഞൊടിയിടയില്‍ കാറായ്
ഉച്ചിയില്‍ തൊടും വെയിലായ്
നിറഞ്ഞ് പരന്ന്
പൊക്കിള്‍ കൊടി പൊഴിക്കാതെ കാലം 
എന്റെ ഉള്ളംകൈയില്‍
അകമണ്ണിന്റെ ഗന്ധം.

 

3

ഇന്‍സ്റ്റലേഷന്‍

അറുപതിലെത്തിയ ഒരു വെയില്‍
വിറകുപുരക്കരികില്‍
മഴുവുമായി തിളക്കുന്നുണ്ട്.
പച്ച വിറകിന്റെ നനഞ്ഞമണം
ഉഛ്വാസങ്ങളിലേക്ക്
പടര്‍ന്നു കയറുന്നുണ്ട്.

പ്രിയ വായനക്കാരാ
വരികളെ പച്ചക്കീറിന്റെ ഗന്ധത്തില്‍ 
ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ

നാസിക വിടര്‍ത്തി
അക്ഷരങ്ങളുടെ വടുക്കളിലൂടെ
വളഞ്ഞ് പുളഞ്ഞ്
തിളച്ചുമറിയുന്ന വെയിലിന്റെ
താപവേഗങ്ങളില്‍ നിന്ന്
അതിജീവനത്തിന്റെ തിളനിലയിലേക്ക്
സന്നിവേശിക്കപ്പെട്ട
ചില പുരാതന സ്വപ്നങ്ങളുടെ
അടയാളങ്ങളെത്തിരഞ്ഞ്
നരച്ചു പോയ ഗവേഷകനെപ്പോലെ
കിതച്ചുവെങ്കില്‍
നിങ്ങളൊന്ന് വിശ്രമിക്കൂ.

നമുക്കപരിചിതമായ
വഴികളില്‍ ചിലത്
നമ്മെ തേടി വന്നേക്കാവുന്ന
വിദൂര സാധ്യതകളിലാണ്
മഴു എത്തിച്ചേരുക.

ഇനിയാവിയര്‍പ്പുകളിലേക്ക്
ഒന്നിറങ്ങിവരിക
ഗതിമാറിയൊഴുകുന്ന പുഴകളിലെ
ഉപ്പുനീരിന്റെ ഗാഢതയെ
അളക്കാനാകാതെ
പ്രക്ഷുബ്ദ സമുദ്രത്തിലെ
നാവികനെപ്പോലെ ചിന്താധീനനായേക്കാം.

കാലക്കേടിന്റെ കയ്പില്‍
ഹൃദയത്തിലലഞ്ഞുതിരിയുന്ന
കൊടുങ്കാറ്റുകള്‍
സ്വബോധത്തിന്റെ വടക്കുനോക്കിയന്ത്രങ്ങളെ
തറപറ്റിച്ചേക്കാം.

ശിരസ്സില്‍ വിടര്‍ത്തിക്കെട്ടിയ
കപ്പല്‍ പായകളെ
ഗതിമാറ്റിയേക്കാവുന്ന ചുഴലികള്‍
ഒരു പക്ഷെ,ഹസ്തദാനം ചെയ്ത്
കടന്നു പോയേക്കാം.

നിഴലുകളുടെ ഗതിവിഗതികളില്‍
കാലം വരച്ചിട്ട ആവിഷ്‌കാരങ്ങളെ
പുതിയ ഭാഷയിലേക്ക്
മൊഴിമാറ്റപ്പെട്ടേക്കാം

പ്രിയ വായനക്കാരാ
ആകസ്മികതകളുടെ
അപ്പൂപ്പന്‍ താടികള്‍ പൂട്ടിയ രഥത്തില്‍ 
നമുക്ക് യാത്ര തുടരാം.

 

4

കണ്ണാടികളുടക്കുമ്പോള്‍

എന്റെ സുഖാനന്ദത്തിന്‍
കൊടുമുടിയെക്കുറിച്ച്
നിനക്കെന്തറിയാം?

വിണ്ണിനു തീ പകരുന്ന
പന്തത്തെ നോക്കി
സൂര്യകാന്തി കണ്‍ മിഴിക്കുമ്പോള്‍
എന്റെ കണ്ണില്‍ തെളിയുന്ന
തിരയിളക്കം നീ കണ്ടിട്ടുണ്ടോ?

ചങ്കിലെ പാട്ട് മധുരമായ് കൈമാറുന്ന
കുരുവികളുടെ പ്രണയം
എന്റെയുള്ളില്‍ തീര്‍ക്കും തുടികൊട്ട്
നീ കേട്ടിട്ടുണ്ടോ?

അഴിച്ചിട്ട മുടിയിഴകളില്‍ തലോടി
പവിഴമല്ലിച്ചുവട്ടില്‍
മാലകോര്‍ത്തിരിക്കുമ്പോള്‍
വിരലുകളുടെ തുടിപ്പ്
നീ ശ്രദ്ധിച്ചിട്ടുണ്ടോ?

വിസ്മയം തീരാത്ത കുഞ്ഞിക്കണ്ണുകളെ
പാടിയുറക്കുമ്പോള്‍
ത്രസിക്കുന്ന മാറിടം
നീയറിഞ്ഞിട്ടുണ്ടോ?

പെണ്‍കുളി
കഴിഞ്ഞേഴാംനാള്‍
പടം പൊഴിച്ചുയരുന്ന
മന്ദഹാസങ്ങളെ
അവിശ്വസനീയതയോടെയല്ലാതെ
നീ നോക്കിനിന്നിട്ടുണ്ടോ?

എന്റെ കൊടുമുടിയുടെ
വൈവിധ്യങ്ങളറിയാത്തവനേ
നിന്റെ മദപ്പാടിന്റെ 
ഒറ്റക്കുടയിലേക്ക്
എന്നെ വലിച്ചു നിര്‍ത്താതിരിക്കുക.


5

മഴച്ചീന്തുകള്‍

ഒന്ന്


നിന്റെ സൂര്യനും നിന്റെ കടലും
നിന്റെ കാറ്റും നിന്റെ മാത്രം മലയും
പടച്ചുവിടുന്ന കനിവല്ല
എന്റെ മഴ

ഞാനെന്റെ ഉള്ളടരുകളിലൊരുക്കിയ
സൂര്യനും കടലും കാറ്റും മലയും
തീര്‍ക്കുന്ന ആനന്ദധാരയാണ്.

നിന്റെ മഴയെന്ന പേരെനിക്ക് വേണ്ട
ഞാനതിനെ എന്റെ പേരിട്ടുതന്നെ വിളിച്ചോളാം

 

രണ്ട്

പെണ്ണെന്ന് വിളിക്കില്ല
ആണാക്കാനുമില്ല
മൂന്നാമിടം തരുന്നു ഞാന്‍
അവനും അവളും അല്ലാത്ത
ചെമ്പരത്തികള്‍ പൂക്കുന്നിടം

 

മൂന്ന്

എന്റെ മഴകള്‍ 
മറ്റാര്‍ക്ക് വേണ്ടിയും പെയ്യാറില്ല
ഒരു കാറ്റിനും എന്റെ മേഘങ്ങളെ
നുള്ളിയെടുക്കാനുമാവില്ല
എന്റെ മഴയെക്കുറിച്ചുള്ള 
നിന്റെ പ്രബന്ധങ്ങളിലെ
ഇനിയും തീരാത്ത നുണകളോട്
മറ്റൊന്നുമെനിക്ക് പറയാനില്ല

click me!